Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 07

3079

1440 റബീഉല്‍ അവ്വല്‍ 28

മൗദൂദിയില്‍നിന്ന് പ്രചോദനം നുകര്‍ന്നവര്‍

മുജീബ്

''... മൗദൂദിയുടെ രചനകളില്‍നിന്ന് നല്ല പ്രചോദനങ്ങള്‍ നുകര്‍ന്നവരാണ് മുമ്പുണ്ടായിരുന്ന സിമിയും ഇപ്പോള്‍ രംഗത്തുള്ള പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ഇന്ത്യക്ക് പുറത്തുള്ള ഇസ്‌ലാമിക കൂട്ടായ്മകളുമൊക്കെ. 20-ാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവായ മൗദൂദി ജമാഅത്തെ ഇസ്‌ലാമിയുടെ സ്വകാര്യ സ്വത്തൊന്നുമല്ല. ജമാഅത്ത് രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയും പി.എഫ്.ഐ രൂപീകരിച്ച എസ്.ഡി.പി.ഐയും തമ്മില്‍ രഹസ്യമായും പരസ്യമായും സന്ദര്‍ഭാനുസരണം സഹകരിക്കുന്നുണ്ട്. നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ സഹകരണം കുറേകൂടി വിപുലപ്പെടുത്തണമെന്ന് ഇരുപക്ഷത്തുള്ളവരും ഉല്‍ക്കടമായി അഭിലഷിക്കുന്നുമുണ്ട്. 'സിമി' രൂപീകരിച്ചത് നേര്‍ക്കുനേരെ ജമാഅത്തെ ഇസ്‌ലാമി അല്ലെന്നു പറയാം. എന്നാല്‍ അതിന് ജമാഅത്തെ ഇസ്‌ലാമിയുടെ പൂര്‍ണ പിന്തുണ ധാരാളമുണ്ടായിരുന്നു. ഇന്നത്തെ ജമാഅത്തെ ഇസ്‌ലാമി നേതാക്കളില്‍ പലരും അന്നത്തെ 'സിമി' നേതാക്കളാണ് (ഉദാ: ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്). 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന സിമി മുദ്രാവാക്യം ജമാഅത്തെ ഇസ്‌ലാമിയുടെയും മൗദൂദിയുടെയും വിപ്ലവ ചിന്തകളാല്‍ സ്വാധീനിച്ചുകൊണ്ടുണ്ടായതാണ്..... 'പോപ്പുലര്‍ ഫ്രണ്ടിനെ സംബന്ധിച്ചേടത്തോളം ഒരു മുദ്ര വീണു കഴിഞ്ഞിരിക്കുന്നു. അവര്‍ക്ക് അതില്‍നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. അവര്‍ ചെയ്യുന്നതിന്റെ പാപഭാരം സമുദായത്തിന് മൊത്തത്തില്‍ പേറേണ്ടിവരുന്നു. അതുകൊണ്ടാണ് എല്ലാവരും അതിനെ തള്ളിപ്പറയുന്നത്. സമുദായത്തില്‍ ആരും യഥാര്‍ഥത്തില്‍ അതിനോട് സഹകരിക്കുന്നില്ല.'  ബഹുമാന്യനായ സിദ്ദീഖ് ഹസന്റെ ഈ പ്രസ്താവന തീര്‍ത്തും ബാലിശമാണ്. മുസ്‌ലിം സമുദായത്തില്‍ 'തിരുകേശം'(?) പൂജാവിഗ്രഹമാക്കി ചൂഷണവും മോഷണവും നടത്തുന്നവരുള്‍പ്പെടെ പലരുടെയും വകയായുള്ള പാപഭാരങ്ങള്‍ സമുദായം ഒന്നിനു പിറകെ ഒന്നായി പേറുന്നതിലപ്പുറമൊന്നുമല്ല എസ്.ഡി.പി.ഐയുടെ ഭാരം. മാത്രമല്ല, എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനങ്ങളുടെ 'പാപഭാര'ത്തില്‍ ഒരംശം ജമാഅത്തെ ഇസ്‌ലാമിക്ക് അവകാശപ്പെട്ടതാണ്. മുസ്‌ലിം സമുദായത്തില്‍ പല ആത്യന്തിക വാദങ്ങളുടെയും വിത്ത് ജമാഅത്തിന്റെ വകയാണ്. നാട്ടില്‍ നിലനില്‍ക്കുന്ന വ്യവസ്ഥയോട് പരമാവധി വിയോജിക്കാനും ജനാധിപത്യ പ്രക്രിയയില്‍നിന്ന് വിട്ടുനില്‍ക്കാനും പല മാര്‍ഗേണ നിരന്തരം ഉദ്‌ബോധിപ്പിച്ച് സമുദായത്തെ പിറകോട്ടു വലിച്ചതിന്റെ 'പാപഭാര'ത്തെ പറ്റി എന്തു പറയുന്നു....?''
(2018 നവംബര്‍ 5-ന്റെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച കത്തില്‍നിന്ന്).
കെ. സജീദ് തൈക്കാട്, തിരുവനന്തപുരം


ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന, ഏത് ജീവിതതുറയിലും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും മൗലികമായ പരിഹാരം നിര്‍ദേശിക്കുന്ന, മനുഷ്യര്‍ക്കാകെ ശാന്തിയും സംതൃപ്തിയും നല്‍കുന്ന സമഗ്ര ആദര്‍ശമായി ഇസ്‌ലാമിനെ ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത് തീര്‍ച്ചയായും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയാണ്. അതുപക്ഷേ അദ്ദേഹത്തിന്റെ സ്വന്തം ഭാവനയുടെ സൃഷ്ടിയല്ല. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും മഹാന്മാരായ ഖലീഫമാരുടെയും പൂര്‍വിക പണ്ഡിതന്മാരുടെയും അധ്യാപനങ്ങളില്‍നിന്നും മാതൃകയില്‍നിന്നും മൗദൂദി പഠിച്ചെടുത്തതാണ്. അദ്ദേഹത്തിന്റെ സമകാലികരായ പണ്ഡിതന്മാരും ഗവേഷകന്മാരും വിമര്‍ശനബുദ്ധ്യാ മൗദൂദിചിന്തകളെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. പ്രസക്തമായ പ്രതികരണങ്ങള്‍ക്ക് അദ്ദേഹം മറുപടി എഴുതിയിട്ടുണ്ട്. ചിലതൊക്കെ സമ്മതിക്കുകയും തിരുത്തുകയും ചെയ്തിട്ടു്. പ്രവാചകന്‍, മഹ്ദി, മുജദ്ദിദ് പോലുള്ള മതപരമായ ഒരു സ്ഥാനവും അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. പുതിയ ഒരു മദ്ഹബിന്റെയും സ്ഥാപകനുമല്ല അദ്ദേഹം. നിരവധി ഭിന്നാഭിപ്രായങ്ങളുടെ കലവറയായ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ മൗദൂദി സ്വന്തമായ വല്ല അഭിപ്രായവും പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തന്റേതു മാത്രമായി കണ്ടാല്‍ മതിയെന്നും താന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച പ്രസ്ഥാനത്തിനോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ അത് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കാതിരുന്നിട്ടുമില്ല. മൗദൂദി ചിന്തകള്‍ വിവിധ ലോക ഭാഷകളിലായി ഇന്നും ലഭ്യമാണ്. ബുദ്ധിയും ചിന്താശക്തിയുമുള്ള പണ്ഡിതന്മാരും വിദ്യാസമ്പന്നരും ഗവേഷകരുമെല്ലാമടങ്ങിയ സമൂഹത്തില്‍ പലരും മൗദൂദി കൃതികള്‍ വായിച്ചിട്ടു്. ഇപ്പോഴും അത് തുടരുന്നു. വായിച്ചു മനസ്സിലാക്കിയവരില്‍ ചിലര്‍ അത് പൂര്‍ണമായി ഉള്‍ക്കൊണ്ടു. ചിലര്‍ ഭാഗികമായി സ്വീകരിച്ചു. ചിലര്‍ പൂര്‍ണമായോ ഭാഗികമായോ നിരാകരിക്കുകയും ചെയ്തു. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മാത്രമല്ല മുസ്‌ലിം നാടുകളിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഇത്തരക്കാരുണ്ട്. ബുദ്ധിയും വിവരവുമുള്ളയാളുകള്‍ വല്ലവരുടെയും ചിന്തകളിലോ വീക്ഷണങ്ങളിലോ ആകൃഷ്ടരായി എന്നതുകൊണ്ട് പിന്നീടവരുടെ വാക്കുകള്‍ക്കും ചെയ്തികള്‍ക്കുമെല്ലാം ഉത്തരവാദി ആദ്യത്തെ ചിന്തകനോ പണ്ഡിതനോ ആണെന്നാരോപിക്കുന്നതില്‍ ഒരര്‍ഥവുമില്ല.
സിമി 1970-കളുടെ അവസാനത്തില്‍ രൂപം കൊണ്ട ഇസ്‌ലാമിക വിദ്യാര്‍ഥി സംഘടനയായിരുന്നു; ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പിന്നീട് അതിനോട് സഹകരിക്കുകയുായി. 80-കളുടെ തുടക്കത്തില്‍ ജമാഅത്ത് സ്വന്തം നിയന്ത്രണത്തില്‍ എസ്.ഐ.ഒ രൂപവത്കരിച്ചതോടെ സിമിയുമായുള്ള ബന്ധം ജമാഅത്ത് അവസാനിപ്പിച്ചു. എസ്.ഐ.ഒ സ്ഥാപിതമാവുന്നതിനു മുമ്പാണ് ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങിയവര്‍ സിമിയില്‍ പ്രവര്‍ത്തിച്ചത്. നേരായ ദിശയില്‍ നീങ്ങിയ ഒരു സംഘടനയില്‍ പ്രവര്‍ത്തിച്ചത് കുറ്റകരമല്ല. പിന്നീട് പശ്ചാത്തപിക്കേണ്ടതുമല്ല. സിമിയില്‍ പില്‍ക്കാലത്ത് തെറ്റായ ദിശയില്‍ ചലിച്ച ഒരു ഗ്രൂപ്പുണ്ടായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നക്‌സലൈറ്റുകളും മാവോയിസ്റ്റ് പ്രസ്ഥാനങ്ങളും ഉടലെടുത്ത പോലെ എന്നു വേണമെങ്കില്‍ പറയാം. പക്ഷേ സായുധ വിപ്ലവത്തിന്റെ വഴിയില്‍ സിമി എന്നിട്ടും നീങ്ങിയതിന് തെളിവുകളില്ല. ഒന്നാം എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്താണ് സിമിയെ നിരോധിച്ചത്. നിരോധിക്കാന്‍ പറഞ്ഞ ന്യായങ്ങളൊക്കെ സത്യസന്ധമാണെന്ന് സമ്മതിക്കാന്‍ തെളിവുകളില്ല. ഒരു ഘട്ടത്തില്‍ ദല്‍ഹി ഹൈക്കോടതി നിരോധം നീട്ടുന്നതിനെതിരെ വിധി പറഞ്ഞതുമാണ്. മൗദൂദിചിന്തകളില്‍നിന്ന് ഉയിരെടുത്ത വിദ്യാര്‍ഥി സംഘടന പാകിസ്താനിലെ ഇസ്‌ലാമീ ജംഇയ്യത്തു ത്വലബയാണ്. അത് പതിറ്റാണ്ടുകളായി ആ രാജ്യത്ത് നിയമവിധേയമായി പ്രവര്‍ത്തിക്കുന്നു.
എന്‍.ഡി.എഫിന് ബീജാവാപം ചെയ്തവരില്‍ മുന്‍ സിമിക്കാരുണ്ട്, അല്ലാത്തവരുമുണ്ട് -സുന്നികളും സലഫികളും ഉള്‍പ്പെടെ. എന്‍.ഡി.എഫാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ടായി മാറിയത്. അതിന്റെ രാഷ്ട്രീയ മുഖമാണ് എസ്.ഡി.പി.ഐ. ഇസ്‌ലാമിക രാഷ്ട്ര സംസ്ഥാപനമാണ് ലക്ഷ്യമെന്ന് ഈ സംഘടനകളൊന്നും എവിടെയും രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. ഇസ്‌ലാമിനൊരു വ്യതിരിക്ത രാഷ്ട്രീയ വ്യവസ്ഥയുണ്ടെന്ന് അംഗീകരിക്കുന്നവര്‍ ജമാഅത്തെ ഇസ്‌ലാമിയിലോ എസ്.ഡി.പി.ഐയിലോ പരിമിതവുമല്ല. ഇസ്‌ലാമിനെ വേണ്ടവിധം പഠിച്ചവരൊക്കെ അങ്ങനെയേ പറയൂ. എന്നു വെച്ച് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകള്‍ പലര്‍ക്കും പലതാവാം. അതിലേതെങ്കിലും ഒന്നു മാത്രമേ ശരിയുള്ളൂ എന്ന് ഓരോരുത്തര്‍ക്കും ചിന്തിക്കാമെന്നല്ലാതെ അത് സര്‍വസമ്മതാഭിപ്രായമാവണമെന്നില്ല. ഭൂരിപക്ഷ സമുദായത്തിലെ തീവ്ര വര്‍ഗീയ ശക്തികളുടെ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്ന ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ പ്രതിരോധമാണ് പി.എഫ്.ഐയുടെ പ്രഖ്യാപിത അജണ്ട. അത് മൗദൂദിചിന്തയല്ല. സായുധ വിപ്ലവത്തെയോ പ്രതിരോധത്തെയോ മൗദൂദി അംഗീകരിച്ചിരുന്നുമില്ല. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയാകട്ടെ ജനാധിപത്യപരമായും സമാധാനപരമായും പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ്. അധഃസ്ഥിത, പീഡിത ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണം അതിന്റെ നയപരിപാടികളില്‍ പ്രാധാന്യപൂര്‍വം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതിലല്ല മുഖ്യ ഊന്നല്‍. ഇസ്‌ലാമിന്റെ പ്രബോധനത്തിലും സമുദായ സംസ്‌കരണത്തിലും ജനസേവനത്തിലുമാണ്. അങ്ങനെ പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലാന്‍ ന്യായീകരണം കണ്ടെത്തുന്നവരാണ് നമ്മുടെ മതേതര ബുദ്ധിജീവികളിലും രാഷ്ട്രീയക്കാരിലും ചിലര്‍.നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമുണ്ടോ?


'മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ല. അത് ഭൂമിയില്‍ എവിടെ വെച്ചും ആകാം.' ഈ കോടതി പരാമര്‍ശത്തെ പറ്റി എന്തു പറയുന്നു?
എ.ആര്‍ ചെറിയമുണ്ടം


1994-ല്‍ ഇസ്മാഈല്‍ ഫാറൂഖി കേസില്‍ വിധിപറയവെ സുപ്രീം കോടതി നടത്തിയതാണ് മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ പള്ളിതന്നെ വേണമെന്നില്ല എന്ന പരാമര്‍ശം. തെറ്റിദ്ധാരണാജനകമായ ഈ പരാമര്‍ശം നീക്കിക്കിട്ടാന്‍ പിന്നീട് സമര്‍പ്പിക്കപ്പെട്ട റിട്ട് ഹരജികള്‍ കോടതി തള്ളിക്കളയുകയാണ് ചെയ്തത്. ഈ വിധി പക്ഷേ ബാബരി മസ്ജിദ് ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ടതും ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ കേസില്‍ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടു്. എന്നാലും ദുര്‍വ്യാഖ്യാനിക്കാന്‍ ധാരാളം പഴുതുള്ളതാണ് പ്രസ്തുത പരാമര്‍ശം.
അഞ്ച് കാര്യങ്ങള്‍ തന്റെ സമുദായത്തിന് ഇളവ് ലഭിച്ചിട്ടുണ്ടെന്ന് മുഹമ്മദ് നബി(സ) പ്രസ്താവിച്ചതില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ട് 'ഭൂമി എനിക്ക് നമസ്‌കാര സ്ഥലമായും ശുചീകരണക്ഷമതയുള്ളതായും നിശ്ചയിക്കപ്പെട്ടിരിക്കുന്നു.' എന്നു വെച്ചാല്‍ എവിടെപ്പോവുമ്പോഴും അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധമായിരിക്കെ അതിന് പള്ളി തന്നെ അന്വേഷിച്ചു പോവേണ്ടതില്ല; വൃത്തിയുള്ള നിലത്ത് നമസ്‌കാരമാവാം എന്നാണ് വിവക്ഷ. ഇത് പള്ളി ആവശ്യമില്ലെന്നതിനോ നിര്‍ബന്ധമില്ലെന്നതിനോ തെളിവല്ല. നിലവിലെ മസ്ജിദുകള്‍ പൊളിച്ചു ക്ഷേത്രമോ മറ്റു വല്ലതുമോ നിര്‍മിക്കാന്‍ ന്യായവുമല്ല. നബി(സ) തിരുമേനി ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ ഉടനെ ചെയ്ത നടപടികളിലൊന്ന് പള്ളി നിര്‍മിക്കുകയാണ്. അദ്ദേഹം നിര്‍മിച്ച മസ്ജിദുന്നബവി ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു; പലതവണ പുതുക്കി വിശാലമാക്കിയ ശേഷമാണെങ്കിലും. ഭൂമിയില്‍ പള്ളികളും ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും സുരക്ഷിതമായി അവശേഷിക്കാന്‍ വേണ്ടിയാണ് ഇസ്‌ലാം യുദ്ധം അനുവദിച്ചത് എന്ന് വിശുദ്ധ ഖുര്‍ആനിലുണ്ട് (22:40). പള്ളികള്‍ അല്ലാഹുവിന്റെ ചിഹ്നങ്ങളാണ്; അവ ഒരു കാരണവശാലും മലിനമാക്കാനോ ദുരുപയോഗം ചെയ്യാനോ പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ സുദൃഢ നിലപാട്. അന്യന്റെ  സ്ഥലം കൈയേറി മസ്ജിദ് നിര്‍മിച്ചു കൂടാ, വിഹിതമായ സ്ഥലത്ത് നിര്‍മിതമായ പള്ളി, പുനര്‍നിര്‍മാണത്തിനോ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്ത് മാറ്റിപ്പണിയാനോ തത്തുല്യമായ ആവശ്യങ്ങള്‍ക്കോ വേണ്ടിയല്ലാതെ പൊളിച്ചുമാറ്റാന്‍ പാടില്ല എന്നതാണ് പണ്ഡിതാഭിപ്രായം.
ബാബരി മസ്ജിദ് ഭൂമി സറണ്ടര്‍ ചെയ്യണം?


''രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മിച്ച് മുസ്‌ലിംകള്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമീഷന്‍ അധ്യക്ഷന്‍ ഖൈറുല്‍ ഹസന്‍ റിസ്‌വി. അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാനോ നമസ്‌കാരം നിര്‍വഹിക്കാനോ സാധ്യമല്ല. നൂറ് കോടി ഹിന്ദുക്കള്‍ക്ക് വൈകാരിക അടുപ്പമുള്ള ഇടമാണിത്. തര്‍ക്ക സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണത്തിന് മുസ്‌ലിംകള്‍ സഹായിക്കണമെന്നും ഭാവിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണമെന്നും റിസ്‌വി ആവശ്യപ്പെട്ടു'' (മാധ്യമം 12-11-2018). പ്രതികരണം?
പി.വി.സി മുഹമ്മദ് പൊന്നാനി

ബാബരി മസ്ജിദ് സ്ഥിതി ചെയ്ത ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. 2019 ആദ്യത്തില്‍ സുപ്രീം കോടതി രൂപീകരിക്കുന്ന പുതിയ ബെഞ്ച് കേസില്‍ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ട ശേഷം വിധി പറയും. അത് ഇലക്ഷനു മുമ്പ് തന്നെ വേണം എന്നത് സംഘ് പരിവാറിന്റെ ആവശ്യമാണ്. എത്ര കാലമാണ് രാമക്ഷേത്ര നിര്‍മാണം പറഞ്ഞ് ഹൈന്ദവരെ കബളിപ്പിക്കുക! മാത്രമല്ല അടുത്ത ഊഴവും നരേന്ദ്ര മോദിയുടേതാണെന്ന് ഉറപ്പില്ല. ഉടനെ സുപ്രീം കോടതി കക്ഷികളുടെ വാദം കേട്ട് (അനുകൂലമായി) വിധി പറയണമെന്ന് സംഘ് പരിവാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് പരിഗണിച്ചില്ല. അസ്വസ്ഥരായ ഹിന്ദുത്വവാദികള്‍ പയറ്റുന്ന ചതുരോപായങ്ങളിലൊന്നാണ് മുസ്‌ലിംകളിലെ ശീഈ വിഭാഗത്തെയും മറ്റും രംഗത്തിറക്കി ഭൂമി വിട്ടുകൊടുക്കാന്‍ ഒത്തുതീര്‍പ്പുണ്ടാക്കുക എന്നത്. സര്‍ക്കാറിന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെ മാത്രം ഉള്‍പ്പെടുത്തിയതാണ് നിലവിലെ ന്യൂനപക്ഷ കമീഷന്‍. അതിന്റെ അധ്യക്ഷന്‍് റിസ്‌വിക്ക് മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയില്ല. മാധ്യസ്ഥത്തിന് ഇപ്പോള്‍ ഒരു പ്രസക്തിയുമില്ലെന്നും കോടതിവിധി എന്തായാലും അംഗീകരിക്കുമെന്നുമാണ് അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ തീരുമാനം. ആറ് പതിറ്റാണ്ടിലധികം കാത്തിരുന്നല്ലോ. ഇനിയിപ്പോള്‍ എന്തിന് വിധിയുടെ കാര്യത്തില്‍ അക്ഷമ? മുഖ്യ ദേശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയ പരാജയമായ മോദി സര്‍ക്കാറില്‍ ഇനിയൊരു ഊഴം തരപ്പെടണമെങ്കില്‍ അതീവ ജ്വലന ശക്തിയുള്ള ഏതെങ്കിലും വൈകാരിക പ്രശ്‌നങ്ങളെ പിടികൂടണം. അതിനാലാണ് അയോധ്യയെത്തന്നെ വീണ്ടും ശരണം പ്രാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ ഈ കുത്സിത ശ്രമം തിരിച്ചറിഞ്ഞേ തീരൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (05-08)
എ.വൈ.ആര്‍

ഹദീസ്‌

ഉപകാരമില്ലാത്ത അറിവ്
സി.കെ മൊയ്തു മസ്‌കത്ത്