Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 07

3079

1440 റബീഉല്‍ അവ്വല്‍ 28

വിമര്‍ശകരോട് മുഖാമുഖം

ഒ. അബ്ദുര്‍റഹ്മാന്‍

ജീവിതാക്ഷരങ്ങള്‍-4 

ഒരു സംഘടനയുടെ ഔദ്യോഗിക ജിഹ്വയായിരിക്കെ അതിനെ കഠിനമായി വിമര്‍ശിക്കുന്ന സുദീര്‍ഘ ലേഖനം, ഒപ്പം അതിന്റെ മറുപടിയും പ്രസിദ്ധീകരിക്കുകവഴി പത്രലോകത്ത് ചരിത്രം സൃഷ്ടിച്ച ആനുകാലികം എന്ന അന്യാദൃശ സവിശേഷത കൂടിയുണ്ട് പ്രബോധനത്തിന്. വാരികയില്‍ ഞാന്‍ എഴുതിയ ലേഖനത്തിലോ ചോദ്യത്തിന് നല്‍കിയ മറുപടിയിലോ എന്ന് കൃത്യമായി ഓര്‍മയില്ല, ഗാന്ധിജിയുടെ രാമരാജ്യവും മൗദൂദിയുടെ ദൈവരാജ്യവും (ഹുകൂമത്തെ ഇലാഹിയ്യ) തത്ത്വത്തില്‍ ഒന്നുതന്നെ എന്ന പരാമര്‍ശം മതേതരത്വത്തിന്റെ തീവ്രവക്താവായ എം.എന്‍ കാരശ്ശേരിക്ക് രസിച്ചില്ല. അദ്ദേഹം അതിന്മേല്‍ കയറിപ്പിടിച്ച് നടത്തിയ ആക്രമണം ഒരക്ഷരം വെട്ടാതെ പ്രബോധനം 1991 ജനുവരി 12 മുതല്‍ മൂന്ന് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു. ഒപ്പം എന്റെ മറുപടിയും (വാള്യം 49 ലക്കങ്ങള്‍ 32, 33, 34). കാരശ്ശേരി വീണ്ടും മറുപടി എഴുതി. അതും എന്റെ പ്രതികരണത്തോടൊപ്പം പ്രസിദ്ധീകരിച്ചു. എന്റെ നാട്ടില്‍നിന്ന് ഇരുവഴിഞ്ഞിപ്പുഴ കടന്നാല്‍ കാരശ്ശേരി ഗ്രാമമാണ്. അവിടെ വലിയ ഭൂവുടമയായിരുന്ന എന്‍.സി കോയക്കുട്ടി ഹാജി-എന്റെ ഏറ്റവും മുതിര്‍ന്ന ജ്യേഷ്ഠന്‍ വലിയോന്‍ എന്ന മുഹമ്മദ് അദ്ദേഹത്തിന്റെ ടിമ്പര്‍ കമ്പനി മാനേജറായിരുന്നു-യുടെ സഹോദരപുത്രനാണ് മുഹ്‌യിദ്ദീന്‍ എന്ന എം.എന്‍. കടുത്ത മത യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന് വളര്‍ന്നതിനാലാവാം, മുതിര്‍ന്ന മുഹ്‌യിദ്ദീനു മതത്തിന് നേരെ അവജ്ഞയും നിരാസബുദ്ധിയും തോന്നിത്തുടങ്ങിയത്. ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ അസോസിയേഷന്റെ മാനേജ്‌മെന്റില്‍ നടക്കുന്ന ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളിലാണ് എം.എന്‍ സെക്കന്ററി വിദ്യാഭ്യാസം നേടിയത്. അതേപ്പറ്റി അദ്ദേഹം എഴുതിയ ഓര്‍മ കുറിപ്പില്‍ മുക്തകണ്ഠമായിത്തന്നെ ഹൈസ്‌കൂളിനെയും ജമാഅത്തുകാരനായിരുന്ന അതിന്റെ ആദ്യകാല ഹെഡ് മാസ്റ്ററെയും സ്‌കൂള്‍ അന്തരീക്ഷത്തെയും പ്രകീര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളുടെ കുന്തമുന ജമാഅത്തെ ഇസ്‌ലാമിയുടെ നേരെയായി. 

തൊണ്ണൂറുകളുടെ അന്ത്യത്തില്‍ ചേകനൂര്‍ പി.കെ മുഹമ്മദ് അബുല്‍ഹസന്‍ മൗലവിയെ ഒരു തീവ്ര സുന്നിസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം കോളിളക്കം സൃഷ്ടിച്ചതാണ്. എം.എന്‍ കാരശ്ശേരി ആ സംഭവങ്ങളില്‍ കയറിപ്പിടിച്ചാണ് പില്‍ക്കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ ഒരേയൊരു മൂലപ്രമാണം വിശുദ്ധ ഖുര്‍ആനാണെന്നും സുന്നത്ത് അഥവാ ഹദീസുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നതൊന്നും സ്വീകാര്യമല്ലെന്നും മൗലവി അബുല്‍ ഹസന്‍ ചേകനൂര്‍ വാദിച്ചു. അബൂഹുറയ്‌റ ഉള്‍പ്പെടെയുള്ള പ്രമുഖ നബിശിഷ്യരെയും വിശ്വാസ്യമായ നിവേദക പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ മാത്രം സമാഹരിച്ച ആദ്യത്തെ പണ്ഡിതനായ ഇമാം മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ അല്‍ ബുഖാരി, നാല് സുന്നി കര്‍മശാസ്ത്രധാരകളിലൊന്നിന്റെ പ്രണേതാവായ ഇമാം ശാഫിഈ തുടങ്ങിയവരെയും വിമര്‍ശിക്കുക മാത്രമല്ല ശകാരിക്കുക കൂടി ചെയ്ത ചേകനൂര്‍ മൗലവി പൊതുവെ മുസ്‌ലിം പണ്ഡിതന്മാരുടെയും സംഘടനകളുടെയും വെറുപ്പിനിരയായിരുന്നു. അദ്ദേഹത്തെ ഉപയോഗിച്ച് ചില മുസ്‌ലിം എഴുത്തുകാരും ബുദ്ധിജീവികളും ചേര്‍ന്ന് എഴുപതുകളുടെ തുടക്കത്തില്‍ 'ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി' രൂപീകരിച്ചപ്പോള്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പ് കുറേകൂടി തീവ്രമായി. തുടക്കത്തില്‍ എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍, ടി. അബ്ദുല്‍ അസീസ് മൗലവി (മങ്കട) മുതലായവരും മോഡേണ്‍ ഏജ് സൊസൈറ്റിയോടൊപ്പം ചേര്‍ന്നിരുന്നെങ്കിലും സമുദായം മൊത്തം അതിനെതിരെ ആഞ്ഞടിച്ചപ്പോള്‍ രാജിവെച്ചൊഴിഞ്ഞു. പരിഷ്‌കരണ വാഞ്ഛയും പുരോഗമന ചിന്തയുമായിരുന്നു അവരെപ്പോലുള്ളവരെ മോഡേണ്‍ ഏജിലേക്കാകര്‍ഷിച്ചത്. പക്ഷേ, മുംബൈയിലെ ഹമീദ് ദല്‍വായിയെപ്പോലുള്ളവരെ ക്ഷണിച്ചുവരുത്തിയ നടപടി ഇസ്‌ലാമിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന ധാരണ സൃഷ്ടിച്ചതാണവര്‍ക്ക് വിനയായത്. ഏതായാലും അതോടെ ബഹളം കെട്ടടങ്ങി. ചേകനൂര്‍ മൗലവി സജീവ മതരംഗം വിടുകയും ചെയ്തു. അല്‍പകാലത്തിനുശേഷം അല്‍ബുര്‍ഹാന്‍ മാസികയുമായി അദ്ദേഹം പുനഃപ്രവേശം ചെയ്തപ്പോള്‍ പഴയതുപോലുള്ള കോളിളക്കമൊന്നും അത് സൃഷ്ടിക്കുകയുണ്ടായില്ല. എന്നിട്ടും അദ്ദേഹത്തെ ഒരു കൂട്ടര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് പൊതുവെ നിലനില്‍ക്കുന്ന വിശ്വാസം. തീര്‍ത്തും അപലപനീയമായ ഈ ക്രൂരകൃത്യത്തിന്റെ പിന്നിലാരാണെന്ന് തുടക്കത്തില്‍ പോലീസിന് പിടികിട്ടിയിരുന്നില്ല. അന്നേരം സി.പി.എമ്മും ബി.ജെ.പിയും അടക്കമുള്ളവര്‍ ചേകനൂര്‍ തിരോധാനത്തെക്കുറിച്ചന്വേഷിച്ച് കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭങ്ങള്‍ നടത്തി. മുസ്‌ലിം മതമൗലികവാദികളായിരിക്കും കുറ്റവാളികള്‍ എന്ന ധാരണയിലായിരിക്കാം ഇത്. ചില അറസ്റ്റുകളും മറ്റും നടന്നതോടെ, സുന്നി എ.പി വിഭാഗത്തിന്റെ 'സുരക്ഷാസേന'യായിരുന്ന സുന്നി ടൈഗര്‍ ഫോഴ്‌സാണ് കൊലപാതകത്തിന്റെ പിന്നില്‍ എന്ന് കണ്ടെത്തി. അതോടെ സി.പി.എമ്മും ബി.ജെ.പിയും പിന്മാറി. എ.പി അബൂബക്കര്‍ മുസ്‌ലിയാരിലേക്ക് അന്വേഷണം നീളുകയും സി.ബി.ഐ അദ്ദേഹത്തെ ചോദ്യം ചെയ്യുകയുമുണ്ടായി. അന്നത്തെ എന്‍.ഡി.എ സര്‍ക്കാറിനെ സ്വാധീനിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും ആരോപണമുയര്‍ന്നു. മുസ്‌ലിം ലീഗിനെ പിന്തുണക്കുന്ന സുന്നി ഇ.കെ വിഭാഗത്തിനെതിരെ എ.പി വിഭാഗത്തിന്റെ പിന്തുണ നേടുന്നതില്‍ വിജയിച്ച സി.പി.എമ്മും ചേകനൂര്‍ വധാന്വേഷണത്തില്‍ താല്‍പര്യമെടുത്തില്ല. ഇക്കാര്യങ്ങളിലൊന്നും റോളൊന്നും ഇല്ലാതിരുന്ന എം.എന്‍ കാരശ്ശേരി, ക്രൂരമായ ഈ കൊലപാതക അന്വേഷണത്തില്‍ മുസ്‌ലിം സംഘടനകള്‍ കാണിച്ച നിസ്സംഗതക്കെതിരെ നിരന്തരം എഴുതിയും പ്രസംഗിച്ചും രംഗത്തെത്തി. മതമൗലികവാദികളെയും 'മതരാഷ്ട്രവാദി'കളെയും കടന്നാക്രമിക്കാന്‍ സംഭവത്തെ ആയുധമാക്കുകയായിരുന്നു അദ്ദേഹം. എ.പി സുന്നികളായ പ്രതികളെ സി.ബി.ഐ കണ്ടെത്തുകയും കേസെടുക്കുകയും വിചാരണ കോടതി അവരെ ശിക്ഷിക്കുകയും ചെയ്തിട്ടും അവരെ തുറന്നെതിര്‍ക്കാന്‍ ധൈര്യപ്പെടാതെ തന്റെ സ്ഥിരം പ്രതിയോഗികളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. വി.വി ഹംസ സഖാഫിയെ മാത്രമാണ് കോടതി പ്രതിയായി കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ചത്. അയാളെയും ചേകുന്നൂര്‍ മൗലവിയുടെ വധം പോലും സ്ഥിരീകരിക്കപ്പെടാത്തതിനാല്‍ മേല്‍കോടതി കുറ്റവിമുക്തനാക്കി. അവരുടെ കണ്ണില്‍ മതപരിത്യാഗിയായ ചേകനൂര്‍ മൗലവിയെ ഇല്ലാതാക്കിയാല്‍ സമുദായത്തിന്റെ അനുഭാവം പിടിച്ചുപറ്റാമെന്ന കണക്കു കൂട്ടലിലാവാം ഈ അത്യാചാരത്തിന് അവര്‍ക്കുള്ള പ്രേരണ. എന്തായാലും സുന്നി ടൈഗേഴ്‌സ് അതോടെ പിരിച്ചുവിട്ടു.

ഞാന്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജ് വിട്ടതില്‍ പിന്നെയാണ് മൗലവി ചേകനൂര്‍ അവിടെ അധ്യാപകനായി വന്നത്. കര്‍മശാസ്ത്രത്തില്‍ സാമാന്യം നല്ല പണ്ഡിതനായിരുന്ന അദ്ദേഹത്തിന് ശാഫിഈ മദ്ഹബിലെ പല അഭിപ്രായങ്ങളോടും വിയോജിപ്പായിരുന്നു. പ്രവാചകന്റെ കാലത്തുണ്ടായിരുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ക്കേ സകാത്ത് ബാധകമാവൂ എന്ന അഭിപ്രായം അതിലൊന്നാണ്. അക്കാര്യത്തെച്ചൊല്ലി അദ്ദേഹം പലപ്പോഴും സമകാലിക സുന്നി മുസ്‌ലിയാക്കളുമായി ഏറ്റുമുട്ടി. വാദപ്രതിവാദങ്ങളില്‍ ചേകനൂരിനായിരുന്നു മേല്‍ക്കൈ. മതപരമായ കാര്യങ്ങളില്‍ പണ്ഡിതന്മാരുമായി ഏറ്റുമുട്ടുക ജമാഅത്തെ ഇസ്‌ലാമിയുടെ നയമായിരുന്നില്ല. ഇക്കാര്യം ചേകനൂരിനും അറിയാമായിരുന്നു. ആയിടക്കാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എടവണ്ണ ജാമിഅ നദ്‌വിയ്യയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും. അധികം വൈകിയില്ല, ഹദീസ് നിഷേധത്തിലേക്ക് ചേകനൂര്‍ വഴുതിവീണതോടെ ജാമിഅ നദ്‌വിയ്യയില്‍നിന്ന് അദ്ദേഹത്തിന് പുറത്തുപോകേണ്ടിവന്നു. പിന്നീടാണ് അബൂഹുറയ്‌റ, ഇമാം ശാഫിഈ, ഇമാം ബുഖാരി തുടങ്ങിയ മഹാരഥന്മാരെ പരസ്യമായി അധിക്ഷേപിക്കാനും അപഹസിക്കാനും തുടങ്ങിയത്. സ്വാഭാവികമായും സുന്നി, മുജാഹിദ് പണ്ഡിതന്മാര്‍ രൂക്ഷമായെതിര്‍ത്തു, അദ്ദേഹത്തെ വാദപ്രതിവാദങ്ങളിലൂടെ നേരിട്ടു. വാചാലനും ബുദ്ധിമാനുമായിരുന്ന ചേകനൂര്‍ മൗലവിക്കായിരുന്നു ചിലപ്പോഴെങ്കിലും മേല്‍ക്കൈ. ഞങ്ങള്‍ തമ്മിലെ വ്യക്തിപരമായ സൗഹൃദത്തിന് മൂപ്പരുടെ തെറ്റായ വാദഗതികളൊന്നും തടസ്സമായിരുന്നില്ല. പ്രബോധനം ഓഫീസില്‍ അദ്ദേഹം പലപ്പോഴും വന്ന് ഞങ്ങളുമായി ആശയസമരത്തിലേര്‍പ്പെട്ടു. ബോധ്യപ്പെട്ട ഒരു കാര്യം, അദ്ദേഹത്തിന് നാം മനസ്സിലാക്കിയതുപോലുള്ള ഇസ്‌ലാമില്‍ തെല്ലും വിശ്വാസമുണ്ടായിരുന്നില്ല എന്നാണ്. പറവണ്ണയില്‍നിന്ന് ഒരു ചെറുപ്പക്കാരിയെ രണ്ടാം ഭാര്യയാക്കിയതോടെ മോഡേണിസ്റ്റ്-സെക്യുലറിസ്റ്റ് ലോബിക്കും അദ്ദേഹം അനഭിമതനായി. വാദഗതികള്‍ എത്ര അസ്വീകാര്യമായിരുന്നാലും ചേകനൂരിനെ ഉന്മൂലനം ചെയ്ത നടപടിയോട് മനസ്സാ പൊരുത്തപ്പെടാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തോടുള്ള വ്യക്തിപരമായ സൗഹൃദം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ചേകനൂരിന്റെ തിരോധാനത്തിനും നിഷ്ഠുര കൊലക്കുമെതിരെ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയില്ലെന്ന പരാതിയാണ് ക്ഷീരബലപോലെ കാരശ്ശേരി ഇന്നും ആവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ട കാലത്താണ് സംഭവം നടന്നതെങ്കിലും (1993) അന്വേഷണം യഥാസമയം ജമാഅത്ത് ആവശ്യപ്പെട്ടിരുന്നതാണ്. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും വൈകിയാണെങ്കിലും പ്രതികളെ പിടികൂടുകയും മുഖ്യപ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തതോടെ അതൊരൊഴിഞ്ഞ അധ്യായമായിത്തീര്‍ന്നല്ലോ. സി.ബി.ഐ കോടതി ശിക്ഷിച്ച ഒരേയൊരു പ്രതിയെയും 2018 സെപ്റ്റംബറില്‍ കേരള ഹൈക്കോടതി കൊലപാതകം സ്ഥിരീകരിക്കപ്പെടുകയോ കുറ്റം തെളിയിക്കപ്പെടുകയോ ചെയ്യാത്തതിനാല്‍ വെറുതെ വിട്ടു. വശ്യവും ലളിതവുമായ മലയാള ശൈലിയുടെ ഉടമയായ എഴുത്തുകാരന്‍ എന്ന നിലയില്‍ എം.എന്‍ കാരശ്ശേരിയോടുള്ള മതിപ്പും സൗഹൃദവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ആസ്ട്രിയന്‍ പത്രപ്രവര്‍ത്തകനും നവമുസ്‌ലിമുമായിരുന്ന മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക (മക്കയിലേക്കുള്ള പാത) എന്ന ബൃഹദ്ഗ്രന്ഥം അതിമനോഹരമായ മലയാളത്തിലേക്ക് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിനു വേണ്ടി മൊഴിമാറ്റം നടത്തിയത് കാരശ്ശേരിയാണ്. ശരീഅത്ത് വിവാദത്തില്‍ സ്ഥിരമായി കക്ഷിചേരാറുള്ള കാരശ്ശേരി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന അഭിപ്രായവും ഇല്ല. ഇസ്‌ലാം സ്ത്രീയോട് അനീതി ചെയ്തു എന്നല്ല, മുസ്‌ലിം പണ്ഡിതന്മാരും സമുദായവും സാമാന്യമായി സ്ത്രീവിരുദ്ധമാണ് എന്ന വീക്ഷണഗതിയാണ് കാരശ്ശേരി പ്രകടിപ്പിക്കാറ്. അതില്‍ ശരിയില്ലെന്ന് പറയാനാവില്ല.

എന്നാല്‍, പ്രബോധനത്തിലായിരുന്നപ്പോഴും തുടര്‍ന്നും നിരന്തരം ആശയസമരത്തിലേര്‍പ്പെടേണ്ടി വന്നത് നാട്ടുകാരനും സ്‌നേഹിതനുമായ ഹമീദ് ചേന്ദമംഗല്ലൂരുമായിട്ടാണ്. സണ്‍ഡേ വാരികയിലെ ഒരു ലേഖനത്തെ അവലംബമാക്കി മൂന്നര പതിറ്റാണ്ട് മുമ്പ് അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ആരംഭിച്ച യുദ്ധം ഇന്നും രൂക്ഷമായിത്തന്നെ തുടരുന്നു. പൊളിറ്റിക്കല്‍ ഇസ്‌ലാം, മതരാഷ്ട്രവാദം, മൗദൂദിസം എന്നൊക്കെ പേരിട്ട് അദ്ദേഹം വിളിക്കുന്ന ആശയപരിസരം ഇസ്‌ലാമിന് അന്യമായ ഒന്നാണെന്ന് തെളിയിക്കാന്‍ ഹമീദിന് ഇന്നുവരെ സാധിച്ചിട്ടില്ലെങ്കിലും സെക്യുലരിസ്റ്റുകളില്‍ ഒരു ന്യൂനപക്ഷത്തെയും കേരള സലഫികളില്‍ ചിലരെയും സര്‍വോപരി ഹിന്ദുത്വവാദികളെയും സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സമ്മതിക്കണം. സിയാഉദ്ദീന്‍ സര്‍ദാറിനെപ്പോലുള്ള ചില ഗ്രന്ഥകാരന്മാരുടെ വിമര്‍ശനങ്ങളെ അവലംബിച്ചോ എടുത്തുപയോഗിച്ചോ ആണ് ഹമീദ് തന്റെ വാദഗതികളെ സ്ഥാപിക്കാന്‍ ശ്രമിക്കാറ്. എന്നാല്‍, വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഖിലാഫത്തുര്‍റാശിദയുടെ പ്രായോഗിക മാതൃകയും അടിസ്ഥാനമാക്കി സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി അവതരിപ്പിച്ച ഇസ്‌ലാമിന്റെ സമഗ്രവും സമ്പൂര്‍ണവുമായ വിഭാവന പ്രാമാണികമായും യുക്തിപരമായും തെറ്റാണെന്ന് സ്ഥാപിക്കുന്നതിന് ഹമീദ് എന്നല്ല പ്രമുഖ പണ്ഡിതന്മാരും ചിന്തകരുമെല്ലാം പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നത് അന്ധമായ മൗദൂദി ഭക്തിയുടെയോ സംഘടനാപക്ഷപാതിത്വത്തിന്റെയോ ഫലമായല്ല. മൗദൂദിയുടെ കര്‍മശാസ്ത്രപരമായ ചില വീക്ഷണഗതികളോട് പ്രഗത്ഭരായ പലരും മുമ്പേ വിയോജിച്ചിട്ടുണ്ട്. അദ്ദേഹം ഇസ്‌ലാമിന്റെ രാഷ്ട്രീയത്തിന് നല്‍കിയ പ്രാധാന്യം പരിധിക്കപ്പുറമാണെന്ന് പലരും കരുതുന്നു. അദ്ദേഹം നേതൃത്വം നല്‍കിയ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് രാഷ്ട്രീയ വിജയം നേടാനാവാത്തതിന്റെ പിന്നില്‍ വിട്ടുവീഴ്ചയില്ലാത്ത ചില സമീപനങ്ങളാണെന്ന വായനയും പ്രസക്തമാണ്. 1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ പോരാട്ടത്തോട് മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും സ്വീകരിച്ച സമീപനത്തിന്റെ ധാര്‍മിക ന്യായീകരണം എന്തായിരുന്നാലും അത് ആത്മഹത്യാപരമായിരുന്നു എന്ന വിലയിരുത്തലും ഉണ്ട്. എന്നാലൊക്കെയും മൗദൂദിയുടെ ഇസ്‌ലാമിക ദര്‍ശനത്തിന്റെ യുക്തിഭദ്രമായ അവതരണവും പാശ്ചാത്യ ചിന്താധാരകളെ വിമര്‍ശിക്കുന്നതില്‍ അദ്ദേഹം കാഴ്ചവെച്ച ചിന്താപരമായ അജയ്യതയും തദ്വിഷയകമായി നടത്തിയ പ്രവചനങ്ങളും അനിഷേധ്യമായി അവശേഷിക്കുന്നു. മുതലാളിത്തത്തിനും മാര്‍ക്‌സിസത്തിനും ബദലായി ഇസ്‌ലാമിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സിദ്ധാന്തങ്ങളെ അവതരിപ്പിച്ചുകൊണ്ട് മൗദൂദി പ്രവചിച്ചത് മുതലാളിത്തം വാഷിംഗ്ടണില്‍പോലും നിരാകരിക്കപ്പെടുന്ന, മാര്‍ക്‌സിസം മോസ്‌കോയില്‍പോലും പുറംതള്ളപ്പെടുന്ന ഒരു കാലം വരാനിരിക്കുന്നു എന്നാണ്. മാര്‍ക്‌സിസത്തെക്കുറിച്ച പ്രവചനം പ്രത്യക്ഷരം പുലര്‍ന്നു. മുതലാളിത്തം അതിന്റെ ഈറ്റില്ലങ്ങളില്‍ വന്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ അപചയത്തിനാണ് ഈ ലോകം സാക്ഷ്യം വഹിക്കുന്നത്. പക്ഷേ, ആശയപരമായ ആഴത്തിലുള്ള ചര്‍ച്ചകളിലേക്ക് ഹമീദ് പോവാറില്ല. പകരം തീര്‍ത്തും ഉപരിപ്ലവമായി മൗദൂദിസം ഇസ്‌ലാമല്ല, തീവ്രവാദപരവും ഭീകരതയെ ഉല്‍പാദിപ്പിക്കുന്നതുമായ മതരാഷ്ട്രവാദമാണ്, മൗദൂദി ബീജാവാപം ചെയ്ത പ്രസ്ഥാനം ആര്‍.എസ്.എസിന് സമാന്തരമാണ്, മധ്യപൗരസ്ത്യദേശത്ത് അശാന്തി വിതക്കുന്ന ഐ.എസ്.ഐ.എസി(ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആന്റ് ഇറാഖ്)ന്റെ ഉദയം മൗദൂദിസത്തില്‍നിന്നാണ് എന്നിത്യാദി നിരര്‍ഥകമായ ആരോപണങ്ങള്‍ ഇടതടവില്ലാതെ തൊടുത്തുവിടുകയാണദ്ദേഹം. സ്വാതന്ത്ര്യസമരവും ദ്വിരാഷ്ട്രവാദവും കൊടുമ്പിരികൊള്ളുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഹൈന്ദവ ദേശീയതയും മുസ്‌ലിം ദേശീയതയും ഒരുപോലെ രാജ്യത്തിനാപത്താണെന്നും വിശ്വമാനവികതയിലധിഷ്ഠിതമായ ഒരു സാര്‍വലൗകിക പ്രത്യയശാസ്ത്രത്തിലൂടെ മാത്രമേ രാജ്യത്തിന് രക്ഷാമാര്‍ഗമുള്ളൂ എന്നും 1937-ല്‍ 'മുസല്‍മാന്‍ ഔര്‍ മൗജുദഃ സിയാസി കശ്മകശ്' എന്ന മൂന്നു വാള്യങ്ങളുള്ള ഗ്രന്ഥത്തിലൂടെ സമര്‍ഥിച്ച മൗദൂദിയുടെ വാദഗതികളെ 100 ശതമാനവും നിരാകരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ ചിന്ത തീവ്രഹിന്ദു ദേശീയതയില്‍ വേരുറപ്പിച്ച രാഷ്ട്രീയ സ്വയം സേവക് സംഘത്തിന് സമാനമാണ് എന്ന പ്രസ്താവം എന്തുമാത്രം അബദ്ധജടിലമല്ല! ഇതിനൊക്കെ ഞാന്‍ നിരവധി തവണ മറുപടി നല്‍കിക്കഴിഞ്ഞതാണെങ്കിലും അത് കണ്ട ഭാവം നടിക്കാതെ സ്വന്തം വാദഗതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഹമീദ് അന്നും ഇന്നും. ആര്‍.എസ്.എസിന്റെ ദര്‍ശനം തികഞ്ഞ സങ്കുചിത തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതവും വംശീയപരവും കര്‍മമാര്‍ഗം ഹിംസാപരവും ആണെന്നിരിക്കെ മാനവിക സാഹോദര്യത്തിലൂന്നിയ ഇസ്‌ലാമാണ് മൗദൂദി മുന്നോട്ടുവെക്കുന്ന ദര്‍ശനം. വംശീയതയോ വര്‍ഗീയതയോ ജാതീയതയോ അതംഗീകരിക്കുന്നില്ല. ലക്ഷ്യം മാര്‍ഗത്തെ നീതീകരിക്കുന്നുവെന്ന അപകടകരമായ ന്യായീകരണവും ഇസ്‌ലാമിന് അന്യമാണ്. ലക്ഷ്യംപോലെ പവിത്രമായിരിക്കണം മാര്‍ഗവും എന്നാണ് അതിന്റെ അധ്യാപനം. അതിനാല്‍തന്നെ ബലപ്രയോഗത്തിലൂടെയും ഹിംസയിലൂടെയും ലക്ഷ്യം നേടാനോ നേടിയത് നിലനിര്‍ത്താനോ ഇസ്‌ലാമിന് അനുവാദമില്ല. ഇതൊക്കെ പ്രമാണങ്ങളുടെയും ചരിത്രത്തിന്റെയും പിന്‍ബലത്തോടെ അവതരിപ്പിച്ച മൗദൂദിയുടെ പേരില്‍ ഹമീദും സമാനമനസ്‌കരും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിരന്തരം ചൊരിയുന്നത് എന്നെ വേദനിപ്പിച്ചിട്ടുണ്ട്. രോഷം സഹിക്കവയ്യാതാവുമ്പോള്‍ മറുപടി എഴുതും. നീണ്ട നാല്‍പതു വര്‍ഷങ്ങളായി പ്രബോധനത്തിലൂടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളില്‍ ഗണ്യമായ ഭാഗം തദ്വിഷയകമാണ്. മൂന്നു വാള്യങ്ങളുള്ള ചോദ്യോത്തര സമാഹാരം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.

ഹമീദിന്റെ മൗദൂദി വിമര്‍ശനങ്ങളിലധികവും വെളിച്ചം കണ്ടത് മാതൃഭൂമി പത്രത്തിലൂടെയും ആഴ്ചപ്പതിപ്പിലൂടെയുമാണ്. മതേതര, പുരോഗമനവാദികളെ പ്രോത്സാഹിപ്പിക്കാനാണതെന്ന് പ്രത്യക്ഷത്തില്‍ തോന്നും. പക്ഷേ, ഹൈന്ദവ സമൂഹത്തിലെ ആള്‍ ദൈവങ്ങളെയും കടുത്ത യാഥാസ്ഥിതികത്വത്തെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുമ്പോള്‍ മാതൃഭൂമിക്ക് ഈ മതേതരത്വമോ പുരോഗമനേഛയോ കാണാനില്ല. എന്തിന്, സംഘ് പരിവാറിനോട് പോലും ദേശീയതയുടെ പേരില്‍ മൃദുസമീപനമാണീ പത്രത്തിന്. ഒരിക്കല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വി.എം കൊറാത്തിന്റെ ആമുഖ ലേഖനത്തോടെ ആര്‍.എസ്.എസിനെ കുറിച്ചൊരു ചര്‍ച്ച സംഘടിപ്പിച്ചു. ആവശ്യപ്പെട്ടതനുസരിച്ച് ഞാനും അതില്‍ പങ്കെടുത്തു. ഹമീദും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നെങ്കിലും ആര്‍.എസ്.എസിനെ പേരിനു മാത്രം പരാമര്‍ശിച്ച് വിമര്‍ശനത്തിന്റെ സിംഹഭാഗവും ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ തിരിച്ചുവിടുകയായിരുന്നു (ചര്‍ച്ച ഒരു ലേഖന സമാഹാരമായി പിന്നീട് പുറത്തിറക്കിയിട്ടുണ്ട്). അദ്ദേഹത്തിന്റെ മൗദൂദി വിമര്‍ശനങ്ങള്‍ തീവ്ര സെക്യുലരിസ്റ്റുകള്‍ക്കും ഹിന്ദുത്വവാദികള്‍ക്കും ഒരുപോലെ സ്വീകാര്യമാവുന്നത് അതിലടങ്ങിയ ഇസ്‌ലാം വിരോധത്തിന്റെ മൂര്‍ച്ച മൂലമാണ്. ഇസ്‌ലാമിന്റെ നേരെയുള്ള പ്രത്യക്ഷാക്രമണം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന തിരിച്ചറിവുമൂലം ഇസ്

ലാമിക പ്രസ്ഥാനങ്ങളെ ശരവ്യമാക്കുന്ന അടവുനയമാണ് ഹമീദിന്റേത്. മദ്‌റസാ വിദ്യാഭ്യാസം, പലിശ നിരോധനം, പര്‍ദ, മുസ്‌ലിം വ്യക്തിനിയമങ്ങള്‍, ഇസ്‌ലാമിക സംസ്‌കാരം തുടങ്ങി എല്ലാറ്റിനെയും രൂക്ഷമായി എതിര്‍ത്ത ഹമീദ് ഇസ്‌ലാമിലെ ഒരു നല്ല കാര്യത്തെയും വാഴ്ത്തിയ അനുഭവം ഇല്ല. മതം അവതരിപ്പിക്കുന്ന ദൈവത്തിലോ മരണാനന്തര ജീവിതത്തിലോ താന്‍ വിശ്വസിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞ ഇദ്ദേഹം സമ്പൂര്‍ണ ഭൗതികവാദിയാണ്. മുന്‍ കേരള സംസ്ഥാന ഡി.ജി.പി സെന്‍കുമാറിന് സ്വീകാര്യനായ ഒരേയൊരു 'മുസ്‌ലിം' എന്ന് അദ്ദേഹം സമകാലിക മലയാളം വാരികയുടെ ഓണ്‍ലൈന്‍ എഡിഷനോട് വ്യക്തമാക്കിയതാണ്. അതേസമയം, ആര്‍.എസ്.എസിന്റെ കേസരി വാരികക്കും ഹമീദ് കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കപ്പെടേണ്ടയാളാണ്! ഹമീദിനെ പിന്തുടര്‍ന്ന് എ.പി അഹമ്മദ്, കെ.എം ഷാജി തുടങ്ങിയവരും മതേതരത്വത്തിന്റെ ഭൂമികയില്‍നിന്നു കൊണ്ട് ജമാഅത്തെ ഇസ്‌ലാമിയെ രൂക്ഷമായി എതിര്‍ത്തിട്ടുണ്ട്. ഒരേ വാദഗതികളുടെ ആവര്‍ത്തനമായതുകൊണ്ട് ഇവരിലധിക പേരുടെയും വിമര്‍ശനങ്ങളെ അവഗണിക്കുകയായിരുന്നു പതിവ്. എന്റെ നാട്ടുകാരനും കൂട്ടുകാരനും പ്രബോധനത്തിന്റെ മുന്‍ സ്റ്റാഫംഗവുമായ സി.ടി അബ്ദുര്‍റഹീമാണ് മറ്റൊരു മതേതര വിമര്‍ശകന്‍. ചന്ദ്രികയിലൂടെ മൗദൂദിക്കെതിരെ നടത്തിയ കടുത്ത വിമര്‍ശനങ്ങളോട് ഒരിക്കല്‍ മാത്രം ഞാന്‍ പ്രബോധനത്തിലൂടെ പ്രതികരിച്ചു. ഹമീദ് പ്രഭൃതികളെ സ്ഥിരമായി അലോസരപ്പെടുത്തുന്ന കാര്യം അവര്‍ ആര്‍.എസ്.എസിനു സമാന്തരമായി ചത്രീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പത്രപ്രസിദ്ധീകരണങ്ങളില്‍ പ്രഗത്ഭരായ സാഹിത്യകാരന്മാരും സാംസ്‌കാരിക നായകരും എഴുതുന്നു, ജമാഅത്ത് സംഘടിപ്പിക്കുന്ന പരിപാടികളില്‍ അവര്‍ പെങ്കടുക്കുന്നു, വേദികള്‍ പങ്കിടുന്നു, ചില കാര്യങ്ങളിലെങ്കിലും ജമാഅത്തിന്റെ സമീപനത്തെയും സേവനങ്ങളെയും പ്രകീര്‍ത്തിക്കുന്നു എന്നുള്ളതാണ്. സി.പി.എമ്മിനെ പോലുള്ള ഇടതുപക്ഷ മതേതര പാര്‍ട്ടികള്‍ പോലും ജമാഅത്തിനെ എത്രതന്നെ കടുത്ത ശൈലിയില്‍ വിമര്‍ശിച്ചാലും ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ക്ക് തുല്യമായി അതിനെ അകറ്റിനിര്‍ത്താന്‍ തയാറല്ല. കഴിഞ്ഞേടത്തോളം എല്ലാ തെരഞ്ഞെടുപ്പുകളിലും ഏതാണ്ടെല്ലാ മതേതര പാര്‍ട്ടികളും ജമാഅത്തിന്റെ പിന്തുണ തേടിയിട്ടുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജമാഅത്തുകാരായ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പലേടങ്ങളിലും ധാരണപ്രകാരം എല്‍.ഡി.എഫും യു.ഡി.എഫും പിന്തുണക്കുകയും അവര്‍ ജയിച്ചുകയറുകയുമുണ്ടായി. ഇതിലൊക്കെയുള്ള അസ്വാസ്ഥ്യമാണ് ഹമീദ് പ്രഭൃതികള്‍ സ്ഥിരമായി പ്രകടിപ്പിക്കുന്നതെങ്കിലും എല്ലാ മതേതര പാര്‍ട്ടികളും അതവഗണിക്കുകയേ ചെയ്തിട്ടുള്ളൂ. ഇന്ത്യാ മഹാരാജ്യം സംഘ് പരിവാര്‍ ഭരണത്തിലമര്‍ന്നു കഴിഞ്ഞ വര്‍ത്തമാനകാലത്ത്, ഒരു പഞ്ചായത്ത് പോലും പിടിയിലൊതുക്കാത്ത ജമാഅത്തെ ഇസ്‌ലാമിയെ ഹിന്ദുത്വശക്തികളോട് സമീകരിക്കുന്നതിലെ ബുദ്ധിശൂന്യതയെക്കുറിച്ച് എത്ര കുറച്ചുപറയുന്നുവോ അത്രയും നല്ലത്.

ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നു എന്നതാണ് സ്ഥിരമായി അവതരിപ്പിക്കപ്പെടുന്ന സമവാക്യം. വര്‍ഗീയത ആരില്‍നിന്നായാലും എവിടെയായാലും നിരാകരിക്കപ്പെടേണ്ടതും ചെറുക്കപ്പെടേണ്ടതുമാണെന്ന കാര്യത്തില്‍ സംശയമേ ഇല്ല. പക്ഷേ, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയതാവാദം മുസ്‌ലിം ന്യൂനപക്ഷത്തിലുണ്ടെന്ന് വാദിക്കപ്പെടുന്ന വര്‍ഗീയതയുടെ പ്രതികരണമോ പ്രത്യാഘാതമോ അല്ല. ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യ എന്ന ഭാരതം സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ആര്‍ഷ സംസ്‌കാരത്തിന്റെ പ്രഭവ കേന്ദ്രമാണ്; അതങ്ങനെത്തന്നെ സംരക്ഷിക്കപ്പെടുകയും വേണം; അതിനോട് വിേയാജിക്കുന്ന മതങ്ങള്‍ക്കായാലും ഇസങ്ങള്‍ക്കായാലും ഭാരതത്തില്‍ സ്ഥാനമില്ല എന്ന വിചാരധാരയാണ് 1926-ല്‍ സ്ഥാപിതമായ ആര്‍.എസ്.എസിന്റേത്. അവരേറ്റവും ശക്തമായി കലഹിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്തോടല്ല, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതേതരത്വത്തോടാണ്. കോണ്‍ഗ്രസ് നേതൃനിരയിലെ ലോകമാന്യ തിലകന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, പുരുഷോത്തം ദാസ് ഠണ്ഡന്‍, ഗോപാലകൃഷ്ണ ഗോഖലെ പോലുള്ളവര്‍ ഹിന്ദുത്വത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരായിരുന്നുതാനും. ഈ അടിസ്ഥാന വസ്തുത അവഗണിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പേരില്‍ ആരോപിക്കപ്പെടുന്ന മതരാഷ്ട്രവാദമാണ് ആര്‍.എസ്.എസിന്റെ വളര്‍ച്ചക്ക് സഹായിച്ചതെന്ന ആരോപണം കേവലം ഉപരിപ്ലവമാണ്. നന്നെക്കവിഞ്ഞാല്‍ ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗിന്റെ പാകിസ്താന്‍ വാദം അതിന് ശക്തിപകര്‍ന്നു എന്ന് ചൂണ്ടിക്കാട്ടാമെന്നു മാത്രം. ജമാഅത്തെ ഇസ്‌ലാമിയാകെട്ട പാകിസ്താന്‍ വാദത്തെ പിന്താങ്ങിയിട്ടുമില്ല.(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (05-08)
എ.വൈ.ആര്‍

ഹദീസ്‌

ഉപകാരമില്ലാത്ത അറിവ്
സി.കെ മൊയ്തു മസ്‌കത്ത്