Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 07

3079

1440 റബീഉല്‍ അവ്വല്‍ 28

മനുഷ്യാവകാശ തത്ത്വങ്ങള്‍ക്ക് ഒരാമുഖം

ഡോ. ആര്‍. യൂസുഫ്

മനുഷ്യാവകാശത്തെക്കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് മനുഷ്യന്‍ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി(ഖലീഫ)യാണെന്ന അടിസ്ഥാന തത്ത്വവുമായാണ് ചേര്‍ന്നുനില്‍ക്കുന്നത്. ഈ പ്രാതിനിധ്യം (ഖിലാഫത്ത്) കൊണ്ട് അര്‍ഥമാക്കുന്നത് ദൈവം മനുഷ്യനെ ഭൂമിയുടെ കേന്ദ്ര സ്ഥാനത്ത് അവരോധിച്ചിട്ടുണ്ടെന്നും അവനെത്തന്നെ ഭൂമിയുടെ മേല്‍നോട്ടവും പരിപാലനവും ഏല്‍പിച്ചിരിക്കുകയാണെന്നും അത് നിര്‍വഹിക്കാനുതകുംവിധം ദൈവം മനുഷ്യന് സ്വാതന്ത്ര്യവും കൈകാര്യാധികാരവും ഉടമസ്ഥാവകാശവും അനുവദിച്ചിട്ടുണ്ടെന്നുമാണ്. ഈ വിഭാവനയനുസരിച്ച് മനുഷ്യന്‍ ഭൂമിയുടെ ഉത്തരവാദിത്തമേല്‍പിക്കപ്പെട്ട സവിശേഷ സൃഷ്ടിയാണ്. തന്റെ സ്രഷ്ടാവിനോടുള്ള ബാധ്യതകള്‍ നിര്‍വഹിച്ച്, അവന്റെ മുന്നില്‍ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്ന ഉറച്ച ധാരണയോടെ ഈ ഭൂമിയില്‍ ജീവിക്കുകയെന്നതാണ് മനുഷ്യന്റെ ധര്‍മം. ഈ ധര്‍മം നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തിയ മനുഷ്യനെ ജന്മനാ തന്നെ ദൈവം ശ്രേഷ്ഠനാക്കിയിട്ടുണ്ട്. ഈ ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങളില്‍നിന്നും മനുഷ്യരെ വ്യതിരിക്തമാക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് ദൈവത്തിങ്കല്‍നിന്ന് അവന് ലഭിച്ചിരിക്കുന്ന മഹത്വവും ആദരവും. വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''ആദം സന്തതികള്‍ക്ക് നാം മഹത്വമേകിയിരിക്കുന്നു. അവര്‍ക്ക് നാം കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി. ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ പ്രകടമായ ഔന്നത്യമരുളുകയും ചെയ്തു'' (17:70).

ദൃശ്യപ്രപഞ്ചത്തിലെ മറ്റെല്ലാ സൃഷ്ടികളേക്കാളും മഹത്വം നല്‍കി ദൈവം മനുഷ്യനെ ആദരിച്ചിരിക്കുന്നു എന്ന ഈ പ്രസ്താവന ജന്മനാ മനുഷ്യരില്‍ ഒരാളും നിന്ദ്യനോ നിസ്സാരനോ ഹീനത്വമുള്ളവനോ അല്ലെന്നും പ്രതിനിധികളെന്ന നിലയില്‍ എല്ലാ മനുഷ്യരും ഒരേപോലെ അന്തസ്സുള്ളവരാണെന്നും കൃത്യമായി അടയാളപ്പെടുത്തുന്നു. മനുഷ്യന്റെ ഈ മഹത്വത്തെ വിളംബരം  ചെയ്തുകൊണ്ടാണ് ആദ്യ പിതാവായ ആദമിന് പ്രണാമം ചെയ്യാന്‍ ദൈവം മലക്കുകളോട് കല്‍പിച്ചത്: ''നിങ്ങളുടെ നാഥന്‍ മലക്കുകളോട് ഇപ്രകാരം പറഞ്ഞത് ഓര്‍ക്കുവിന്‍: മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത മണ്ണില്‍നിന്ന് ഒരു മനുഷ്യനെ ഞാന്‍ സൃഷ്ടിക്കുന്നുണ്ട്. ഞാന്‍ അത് പൂര്‍ത്തീകരിക്കുകയും നമ്മുടെ ആത്മാവില്‍നിന്ന് ഊതുകയും ചെയ്താല്‍ നിങ്ങളെല്ലാം അതിന്റെ മുന്നില്‍ പ്രണാമത്തില്‍ വീഴണം'' (ഖുര്‍ആന്‍ 15:28,29).

മനുഷ്യവംശത്തിന് ദൈവം സവിശേഷമായി നല്‍കിയ അന്തസ്സിനെ മുന്‍നിര്‍ത്തിയുള്ള ജന്മാവകാശങ്ങളെയാണ് മനുഷ്യാവകാശങ്ങളായി ഇസ്‌ലാം നിര്‍വചിക്കുന്നത്. ജന്മനാ തുല്യാവകാശികളും അതിനാല്‍തന്നെ സമന്മാരുമായ മനുഷ്യര്‍ക്ക്, അവരോടെല്ലാം ഒരേപോലെ കാരുണ്യവും അനുകമ്പയും വെച്ചുപുലര്‍ത്തുന്ന ദൈവം തന്റെ നിയമങ്ങളില്‍ രേഖപ്പെടുത്തിയതാണ് ഈ അവകാശം. ''ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത് ആ ദൈവത്തെ ഭയപ്പെടുവിന്‍'' (ഖുര്‍ആന്‍ 4:1).

മനുഷ്യന് ദൈവം അനുവദിച്ച മഹത്വവും ശ്രേഷ്ഠതയും മുന്‍നിര്‍ത്തിയാണ് ഇസ്‌ലാം മനുഷ്യാവകാശങ്ങളെ നിര്‍ണയിക്കുന്നത്. ദൈവം മനുഷ്യനെ ആദരിച്ചിരിക്കെ മനുഷ്യന്‍ ഇതര മനുഷ്യരെയും ആദരിക്കണം. മനുഷ്യന്റെ ജീവന്‍, രക്തം, ആത്മാഭിമാനം എന്നിവ സുരക്ഷിതമാവുകയും എല്ലാ മനുഷ്യരും ഒരേ സ്വാതന്ത്ര്യമനുഭവിക്കുകയും ചെയ്യുമ്പോഴാണ് ഈ ആദരവ് യാഥാര്‍ഥ്യമാവുക. മനുഷ്യരെ ദൈവം ആദരിച്ചിരിക്കുന്നു എന്നതിന്റെ വിശദീകരണമാണ് മനുഷ്യന്‍ സ്വതന്ത്രനാണ് എന്നതും അവന്റെ രക്തവും ധനവും അഭിമാനവും പവിത്രമാണ് എന്നതും. ഇവക്കെതിരെ യാതൊരു കൈയേറ്റവും നടക്കരുതെന്ന് ദൈവത്തിന് നിര്‍ബന്ധമുണ്ട്. ഈ മൂന്ന് അടിസ്ഥാന അവകാശങ്ങള്‍ക്ക് നേരെ നടക്കുന്ന കൈയേറ്റങ്ങള്‍ ഗുരുതരമായ കുറ്റമാണ്. ഒരാളുടെ പ്രാര്‍ഥന വരെ ഇത്തരം അവകാശലംഘനങ്ങള്‍ക്ക് ന്യായമായ പരിഹാരം കാണാത്ത പശ്ചാത്തലത്തില്‍ സ്വീകാര്യമല്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. മതപരമായ കര്‍മങ്ങളില്‍ വീഴ്ചവരുത്താതെ ജീവിതം നയിച്ച് ദൈവസന്നിധിയില്‍ വിജയശ്രീലാളിതനായി സ്വര്‍ഗാവകാശിയെ പോലെ എത്തുന്ന ചിലരെ പാപ്പരായവന്‍ എന്നാണ് പ്രവാചകന്‍ വിശേഷിപ്പിച്ചത്. സ്വര്‍ഗം പ്രതീക്ഷിച്ചാണ് എത്തുന്നതെങ്കിലും ലഭിക്കുന്നത് നരകമാണ് എന്ന വസ്തുത മുന്‍നിര്‍ത്തിയാണ് ഈ വിശേഷണം. മനുഷ്യാവകാശങ്ങള്‍ക്ക് നേരെ അവര്‍ നടത്തിയ കൈയേറ്റമാണ് ഈ ദുരന്തപര്യവസാനത്തിന്റെ കാരണം. 

പശ്ചാത്താപത്തെക്കുറിച്ച ഇസ്‌ലാമിന്റെ വിധിപ്രമാണം ഈ കുറ്റത്തിന്റെ ഗൗരവം വ്യക്തമാക്കാനുപകരിക്കും. തെറ്റുകളെ ഇസ്‌ലാം രണ്ടായി തരംതിരിക്കുന്നു. ഒന്ന് മനുഷ്യന്‍ ദൈവത്തോട് ചെയ്യുന്നതും മറ്റൊരു സൃഷ്ടിയുടെയും അവകാശത്തില്‍ കടന്നുകയറ്റം നടത്താത്തതുമായ പാപങ്ങളാണ്. ദൈവത്തിന് അര്‍പ്പിക്കേണ്ട അനുഷ്ഠാനങ്ങളും മറ്റും ചെയ്യാതിരിക്കുന്നത് ഈ ഗണത്തിലുള്ള പാപത്തിന്റെ ഉദാഹരണമാണ്. മറ്റൊരു വിഭാഗം പാപങ്ങള്‍ ദൈവത്തിന്റെയും മനുഷ്യന്റെയും അവകാശങ്ങളില്‍ മനുഷ്യന്‍ നടത്തുന്ന കൈയേറ്റമാണ്. ഈ അര്‍ഥത്തില്‍ നിരീക്ഷിക്കുമ്പോള്‍ കവര്‍ച്ച മറ്റൊരുവന്റെ സ്വത്തില്‍ നടത്തുന്ന കൈയേറ്റവും, കൊല ഒരാളുടെ ജീവിക്കാനുള്ള അവകാശത്തില്‍ നടത്തുന്ന കടന്നുകയറ്റവുമാണ്. ഇതേ പോലെ അന്തസ്സും അഭിമാനവും പുലര്‍ത്താനുള്ള ഒരാളുടെ അവകാശത്തില്‍ നടത്തുന്ന കൈയേറ്റമാണ് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കലും അപമാനിക്കലും. മനുഷ്യന്‍ ദൈവത്തോട് ചെയ്യുന്ന തെറ്റുകളില്‍ ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ ദൈവം അത് പൊറുക്കും. എന്നാല്‍ അയാള്‍ ചെയ്ത പാപം മറ്റൊരാളുടെ അവകാശ ലംഘനത്തിന് കാരണമായിട്ടുണ്ടെങ്കിലോ? താന്‍ അപഹരിച്ച അവകാശം തിരിച്ചുകൊടുത്തെങ്കില്‍ മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ പശ്ചാത്താപം സ്വീകാര്യമാവുകയുള്ളൂ. അതനുസരിച്ച് കൊലയാളി പ്രതിക്രിയക്ക് ഇരയാവുകയോ കൊല്ലപ്പെട്ടവന്റെ ബന്ധുവിന് പ്രായശ്ചിത്തം നല്‍കുകയോ വേണം. ധനാപഹരണം നടത്തിയവന്‍ അപഹൃത വസ്തു ഉടമക്ക് തിരിച്ചേല്‍പ്പിക്കണം. ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചവന്‍ അയാളെ കണ്ട് മാപ്പപേക്ഷിക്കുകയും അയാള്‍ക്കുണ്ടായ മാനഹാനി പരിഹരിക്കാന്‍ തന്നാലാവുന്നത് ചെയ്ത് തൃപ്തിപ്പെടുത്തുകയും വേണം. ഇസ്‌ലാമിക നിയമപ്രമാണത്തിലെ  ഈ  വ്യവസ്ഥ ജീവന്‍, സ്വത്ത്, അഭിമാനം എന്നീ മൂന്ന് കാര്യങ്ങളിലുമുള്ള അവകാശങ്ങളെ ഇസ്‌ലാം വേറിട്ടു സമീപിക്കുന്നില്ലെന്നും എല്ലാറ്റിന്റെയും  പവിത്രത ഒരേ പോലെയാണെന്നും വ്യക്തമാക്കുന്നു.

ഇതെല്ലാം മുന്‍നിര്‍ത്തിയാണ് പ്രവാചകന്‍ മുഹമ്മദ് (സ) തന്റെ വിടവാങ്ങല്‍ പ്രസംഗമായ അറഫാ പ്രഭാഷണത്തില്‍ മനുഷ്യവംശത്തോട് ഇപ്രകാരം പ്രസ്താവിച്ചത്: ''ഹേ മനുഷ്യരേ, നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പവിത്രവും ആദരണീയവുമാകുന്നു. രക്തം ചിന്തലും ധനാപഹരണവും അഭിമാനക്ഷതമുണ്ടാക്കലും മരണം വരെ നിങ്ങള്‍ക്ക് നിഷിദ്ധമാവുന്നു.''1

രക്തം, ധനം, അഭിമാനം എന്നീ മൂന്നു കാര്യങ്ങളും സുരക്ഷിതമായിരിക്കല്‍ മനുഷ്യന്റെ അടിസ്ഥാനാവകാശമാണെന്ന ഇസ്‌ലാമിന്റെ നിലപാടിനെയാണ് ഈ വചനങ്ങള്‍ പ്രഖ്യാപിക്കുന്നത്. മനുഷ്യാവകാശങ്ങളായി ഇന്നത്തെ കാലത്ത് ഒരുപാട് കാര്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ നിയമത്തിലും രാഷ്ട്രങ്ങളുടെ ഭരണഘടനകളിലും എണ്ണിപ്പറയുന്ന ഈ അവകാശങ്ങളെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഈ മൂന്ന് ഘടകങ്ങള്‍ സുരക്ഷിതമായിരിക്കണമെന്ന നിയമത്തിന്റെ വകഭേദങ്ങളും വിശദീകരണങ്ങളും മാത്രമാണ്.

വ്യക്തിയും ഭരണകൂടവും തമ്മിലുള്ള കരാറിലൂടെ മനുഷ്യന് ലഭിക്കുന്ന അവകാശമാണ് മനുഷ്യാവകാശം എന്ന് വിശ്വസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശമായിട്ടാണ് (ഘലഴമഹ /ഇീിേെശൗേശേീിമഹ ഞശഴവെേ) ഈ മൂന്ന് അടിസ്ഥാനാവകാശങ്ങളും പ്രത്യക്ഷപ്പെടുക. എന്നാല്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ ഭൂമിയുടെ പ്രാതിനിധ്യം ഏല്‍പിക്കപ്പെട്ട മനുഷ്യന്‍ ഉത്കൃഷ്ടനും മഹോന്നതനുമായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചതിനാല്‍ ഓരോ മനുഷ്യനിലും വന്നുചേര്‍ന്ന ജന്മാവകാശമാണിത്. 

മനുഷ്യരില്‍ ഒരു വിഭാഗം കാടന്മാരും അടിമകളും കുടിയാന്മാരുമായി വിലയിരുത്തപ്പെട്ട ചരിത്ര പശ്ചാത്തലത്തില്‍നിന്നും മനുഷ്യന്‍ ഈ അവകാശം നേടിയെടുത്തത് നിരന്തര പോരാട്ടത്തിലൂടെയാണ് എന്നത് ചില തത്ത്വചിന്തകന്മാരുടെ അനുമാനം മാത്രമാണ്. പാശ്ചാത്യസമൂഹത്തിന്റെ ചരിത്രം പരതുമ്പോള്‍ ഒരാള്‍ക്ക് അങ്ങനെയേ തോന്നൂ. കാരണം, പടിഞ്ഞാറന്‍ ലോകം പിന്നിട്ട നാടുവാഴിത്ത കാലഘട്ടത്തിലും രാജവാഴ്ചാ ഘട്ടത്തിലും കോളനിയുഗത്തിലും പതിനായിരക്കണക്കിന് മനുഷ്യര്‍ ചവറുകൂനയിലേക്ക് വലിച്ചെറിയപ്പെട്ടപ്പോള്‍ മനുഷ്യജന്മത്തെ മാനിച്ച് അവര്‍ക്ക് ചില അവകാശങ്ങളുണ്ടെന്ന് വാദിക്കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ല. അതേയവസരം  മനുഷ്യന് പ്രകൃത്യാ ചില അവകാശങ്ങളുണ്ടെന്ന സമീപനത്തെ നിന്ദാപൂര്‍വം വീക്ഷിച്ച ഭൗതിക ചിന്തകരുണ്ട്. യൂട്ടിലിറ്റേറിയനിസത്തിന്റെ വക്താ

വ് ജെറമി ബെന്‍തം ഒരുദാഹരണം. അദ്ദേഹം എഴുതി: ''മനുഷ്യാവകാശങ്ങള്‍ അസംബന്ധമാണ്. സഹജമായ മനുഷ്യാവകാശങ്ങള്‍ എന്നു പറയുന്നതോ അസംബന്ധത്തിന്റെ തന്‍പെരുക്കമാണ്.''2 ഇത് മുന്‍നിര്‍ത്തിയായിരിക്കാം ഏണസ്റ്റ് ബ്ലോക്ക് ഇപ്രകാരം പ്രസ്താവിച്ചത്: ''ജന്മനാ മനുഷ്യന്‍ സ്വതന്ത്രനും തുല്യനുമാണെന്നത് അസ്വീകാര്യമാണ്. സഹജമായ മനുഷ്യാവകാശങ്ങളില്ല. അവയൊക്കെ ലഭിക്കുന്നതാണ്. അഥവാ സമരം കൊണ്ട് നേടേണ്ടതാണ്.''3

പൗരാവകാശങ്ങളെ ഭരണകൂടത്തിന്റെ ഔദാര്യത്തിന് വിട്ടുകൊടുക്കുന്ന ഈ നിലപാടുകളൊന്നും ഇസ്‌ലാമിന് പരിചിതമല്ല. അവകാശങ്ങള്‍ മനുഷ്യസൃഷ്ടിയോടൊപ്പം സ്ഥാപിതമായിരിക്കുന്നു എന്നാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. മനുഷ്യാന്തസ്സിന്റെ സ്വാഭാവിക വശമാണ് ഈ അവകാശങ്ങള്‍. മനുഷ്യാന്തസ്സിന്റെ സ്പന്ദിക്കുന്ന ഹൃദയമാണത്. മനുഷ്യന് ദൈവം ആദരവ് നല്‍കിയിരിക്കുന്നത് ഈ അവകാശങ്ങളെ പ്രതിയാണെന്ന് ഖുര്‍ആന്‍. ഈ മഹത്വം ഒരു പ്രത്യേക വര്‍ണമുള്ളവര്‍ക്കോ ഭാഷ സംസാരിക്കുന്നവര്‍ക്കോ മതം സ്വീകരിച്ചവര്‍ക്കോ ദേശത്തില്‍ അധിവസിക്കുന്നവര്‍ക്കോ സവിശേഷമായി പതിച്ചുനല്‍കിയതല്ലെന്നും ഖലീഫമാരെന്ന നിലയില്‍ എല്ലാ മനുഷ്യരും ഈ മഹത്വത്തില്‍ തുല്യാവകാശികളാണെന്നുമാണ് ഇസ്‌ലാമിന്റെ നിലപാട്.

പ്രാതിനിധ്യത്തെക്കുറിച്ചും മനുഷ്യമഹത്വത്തെക്കുറിച്ചുമുള്ള ഈ കാഴ്ചപ്പാടനുസരിച്ച്  പ്രപഞ്ചത്തിലെ ഒരേയൊരു പരമാധികാരിയാണ് ദൈവം. ഭൂമിയിലെ മനുഷ്യസഞ്ചയം ഒന്നടങ്കം അവന്റെ അടിമകളുമാണ്. ദൈവാധിപത്യത്തിനു കീഴിലുള്ള ഈ മാനവിക രാജ്യത്തിലെ പ്രജകളാണവര്‍. മനുഷ്യവംശത്തെ ഒരൊറ്റ ശരീരമായി കണക്കാക്കുന്ന ദൈവത്താല്‍ നിര്‍ണയിക്കപ്പെട്ട ഈ അവകാശങ്ങളില്‍ യാതൊരു വിവേചനത്തിനും പഴുതില്ല. ഭരണീയരും ഭരണാധികാരികളും എന്ന അര്‍ഥത്തില്‍ ഒരു കൂട്ടര്‍ അവകാശം കൈയടക്കിവെച്ചിരിക്കുന്നവരും മറ്റൊരു വിഭാഗം ഔദാര്യമെന്ന നിലയില്‍ അതനുഭവിക്കുന്നവരുമാണെന്ന വിഭജനം പോലും ഒരുതരം വിവേചനമാണ്.

ഇസ്‌ലാമിലെ അവകാശങ്ങള്‍ സാര്‍വലൗകികമാണ് എന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത. ഭൂമിശാസ്ത്ര അതിരുകള്‍ മാറുന്നതിനനുസരിച്ച് അവ മാറുകയില്ല. ഒരു നാട്ടില്‍ മനുഷ്യാവകാശ ലംഘനമായി കണക്കാക്കുന്ന ഒരു നിയമം പ്രസ്തുത നാട്ടില്‍ മാത്രം പരിമിതവുമല്ല. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യര്‍ എന്ന സമീപനം ഒരു പ്രത്യേക ദേശക്കാരില്‍ മാത്രമല്ല ബാധകം. കാരണം, ഇസ്‌ലാമിന്റെ വീക്ഷണമനുസരിച്ച് മനുഷ്യവംശമൊന്നടങ്കം ഒരൊറ്റ ജനതയാണ്. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ''ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിനെ (റബ്ബിനെ) ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്ത് സ്ത്രീപുരുഷന്മാരെ ലോകത്ത് പരത്തുകയും ചെയ്തവനത്രെ അവന്‍'' (4:1). ''മനുഷ്യസമൂഹമേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളത്. പിന്നീട് നിങ്ങളെ വ്യത്യസ്ത ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠന്‍ ഏറ്റവും ഭക്തിയുള്ളവനത്രെ'' (49:13).

മനുഷ്യവംശത്തെ ഒന്നായി കാണുന്ന ഈ മാനവിക രാജ്യസങ്കല്‍പമാണ് 'മനുഷ്യന്‍ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാ'4ണെന്ന പ്രവാചക വചനം പ്രകാശിപ്പിക്കുന്നത്. വംശീയമോ വര്‍ഗപരമോ ആയ ചില ശ്രേഷ്ഠതകള്‍ മനുഷ്യരില്‍ ചിലര്‍ക്കുണ്ടെന്ന എല്ലാ മനുഷ്യവിരുദ്ധ കാഴ്ചപ്പാടുകളുടെയും നിരാകരണമാണീ പ്രഖ്യാപനം. ദൈവത്തിന്റെ പ്രതിനിധി എന്ന അര്‍ഥത്തില്‍ ഒരേ മഹത്വവും പദവിയും കൊണ്ട് അലങ്കരിക്കപ്പെട്ടവനാണ് മൗലിക പ്രകൃതിയില്‍ ഓരോ വ്യക്തിയുമെന്ന ഈ നിലപാടിനെ സാധൂകരിക്കുകയും പ്രോജ്ജ്വലമാക്കുകയും ചെയ്യുംവിധമാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യ സൃഷ്ടിയെക്കുറിച്ച വികലദര്‍ശനങ്ങളുടെ പിന്‍ബലത്തോടെയാണ് പൗരാണിക - മധ്യകാല യുഗങ്ങളില്‍ ജാതിപീഡനവും അടിമത്തവും കൊളോണിയല്‍ കാലഘട്ടത്തില്‍ അധിനിവേശവും സാമ്രാജ്യത്വവും ന്യായീകരിക്കപ്പെട്ടത്. ഒരു ദുരന്തമെന്നോണം ഇക്കാലത്തും തുടരുന്ന വംശീയവും ജാതീയവുമായ പീഡനങ്ങളുടെ കാരണവും മറ്റൊന്നല്ല. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ഇമ്പമുള്ള മുദ്രാവാക്യങ്ങള്‍ ഭരണഘടനയിലെ അക്ഷരങ്ങളായും നിയമനിര്‍മാണസഭയുടെ അടിസ്ഥാന പ്രമാണമായും ഇന്നംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും  പ്രായോഗികമായി മനുഷ്യവംശത്തെ ഒരേ ചരടില്‍ കോര്‍ത്തിണക്കുന്നതില്‍ അവയെല്ലാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കാരണം, സമത്വവും സാഹോദര്യവും താത്ത്വികമായും ചരിത്രപരമായും ഒരു യാഥാര്‍ഥ്യമാണെന്ന കാര്യം മനുഷ്യവംശത്തെ ബോധ്യപ്പെടുത്താന്‍ പര്യാപ്തമായ യാതൊരു സിദ്ധാന്തവും പാശ്ചാത്യ-പൗരസ്ത്യ സമൂഹങ്ങളുടെ പക്കലില്ല. മാത്രവുമല്ല, പൂര്‍വ സമുദായങ്ങള്‍ പിന്തുടര്‍ന്ന ഒരുപാട് നിലപാടുകള്‍ തിരുത്തിക്കൊണ്ടല്ലാതെ അത് സാധ്യവുമല്ല. മനുഷ്യവംശത്തെ വംശീയമായി വേര്‍തിരിക്കുന്ന അരിസ്റ്റോട്ടിലിയന്‍ ദര്‍ശനത്തെയും പ്ലാറ്റോവിന്റെ തത്ത്വങ്ങളെയും സോഷ്യല്‍ ഡാര്‍വിനിസ്റ്റുകളുടെ നിലപാടുകളെയും സവര്‍ണ പുരാണങ്ങളെയും മാറോടണച്ചു പിടിച്ചുകൊണ്ട് എങ്ങനെയാണ് സാഹോദര്യത്തിന് ന്യായീകരണം കണ്ടെത്താനാവുക?

അരിസ്റ്റോട്ടില്‍ പറയുന്നതിപ്രകാരമാണ്: ''പ്രകൃത്യാ തന്നെ ചിലര്‍ സ്വതന്ത്രരും മറ്റു ചിലര്‍ അടിമകളുമാണെന്നതില്‍ സംശയമൊന്നുമില്ല. അടിമകള്‍ക്ക് അവരുടെ അടിമത്തം തികച്ചും ഗുണകരവും നീതിയുക്തവുമാണ്.''5 അരിസ്റ്റോട്ടിലിന്റെ ഗുരുവായ പ്ലാറ്റോ മനുഷ്യരെ വര്‍ഗപരമായി തരംതിരിക്കുന്ന നിലപാടുകളെ ന്യായീകരിക്കുന്നതിന് പുതിയ ഉല്‍പത്തി സിദ്ധാന്തം തന്നെ വികസിപ്പിക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം സ്വര്‍ണം കൊണ്ട് സൃഷ്ടിക്കപ്പെട്ടവര്‍ക്ക് ലോകത്തെ പതിച്ചുനല്‍കുകയും ചെയ്തു.6 ജര്‍മന്‍ ദാര്‍ശനികനായ ഫ്രെഡറിക് നീഷെയുടെ അഭിപ്രായത്തില്‍, പുരുഷനും സ്ത്രീയും പ്രഥമഘട്ടത്തില്‍ രണ്ട് ഭിന്ന സൃഷ്ടികളായിരുന്നു. പിന്നീടവര്‍ ഒരുപോലെയായി. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അവര്‍ ഒന്നാവുകയും ചെയ്തു.7 സ്ത്രീ എന്നും അടിമയായിരിക്കണമെന്ന നിശ്ചയമായിരുന്നു ഈ വാദങ്ങളുടെ അടിയാധാരം.

മനുഷ്യസമുദായത്തെ പലതായി തരംതിരിക്കുന്ന ഈ തത്ത്വങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവര്‍ പാശ്ചാത്യ-പൗരസ്ത്യ സമൂഹങ്ങളില്‍ ഇന്ന് ഒരുപക്ഷേ കുറവായിരിക്കാം. പല ചിന്തകരും വംശീയമായ ഇത്തരം വിഭജനങ്ങളെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടികളാണെന്ന സിദ്ധാന്തത്തെ നിരാകരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധവുമുണ്ട്. സ്വാഭാവികമായും സമകാലിക നരവംശ ശാസ്ത്രം മനുഷ്യരെ ഒരേ സ്രോതസ്സില്‍ കേന്ദ്രീകരിക്കുന്ന സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കാനാവാതെ പ്രതിസന്ധിയില്‍ അകപ്പെട്ടു. മനുഷ്യസമുദായം പല പ്രദേശങ്ങളിലായി, പല കാലങ്ങളിലായി രൂപപ്പെട്ടു എന്നതാണ് മനുഷ്യോല്‍പത്തിയെക്കുറിച്ച മതേതര ആശയങ്ങളുടെ രത്‌നച്ചുരുക്കം. ഈ മതേതര നരവംശശാസ്ത്രത്തിന് കറുത്ത ആഫ്രിക്കക്കാരെയും വെളുത്ത യൂറോപ്യരെയും മൊത്തം ജനപദങ്ങളെയും വേര്‍തിരിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്ന് തോന്നുന്നു. മറിച്ചൊരു നിലപാട് സ്വീകരിച്ചാല്‍ പോലും ഈ ശാസ്ത്രീയാടിത്തറയില്‍നിന്നുകൊണ്ട് മനുഷ്യവംശത്തെ ഏകോപിപ്പിക്കാന്‍ അവര്‍ക്ക് സാധ്യവുമല്ല. ഈയൊരു തത്ത്വമനുസരിച്ച് സ്ത്രീയെയും പുരുഷനെയും ഒരേ ചരടില്‍ കോര്‍ത്തിണക്കാനാവുമോ? ഇന്ത്യക്കാരനെയും ലാറ്റിനമേരിക്കക്കാരനെയും പരസ്പരം ബന്ധിപ്പിക്കാനാവുമോ? ബ്രാഹ്മണനെയും ശൂദ്രനെയും സഹോദരന്മാരാക്കാനാവുമോ? സമകാലീന മനുഷ്യാവകാശവാദികളുടെ സമത്വസങ്കല്‍പം താത്ത്വികമായി പരാജയപ്പെടുന്ന സുപ്രധാനമായ ഒരു പ്രശ്‌നമാണിത്. 'മനുഷ്യന്‍ ജനിക്കുന്നത് സ്വതന്ത്രനായാണ്. പക്ഷേ എല്ലായിടത്തും അവന്‍ ചങ്ങലയില്‍ ബന്ധിതനാണ്'8 എന്ന് റൂസ്സോവിന് വിലപിക്കേണ്ടിവന്നു എന്നത് ശരിയാണ്. പക്ഷേ, മനുഷ്യന്‍ ഒരേ ആണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന മതകീയ ദര്‍ശനത്തിന്റെ അഭാവത്തില്‍ വംശീയമായ ചേരിതിരിവുകള്‍ സൃഷ്ടിച്ച് മനുഷ്യനെ അടിമകളാക്കുന്ന സംവിധാനങ്ങള്‍ മറികടക്കാനാവുമോ?

ഈ വിചാരങ്ങള്‍ക്കു നടുവിലാണ് മുഴുവന്‍ മനുഷ്യരും ഒരേയൊരു മനുഷ്യനില്‍നിന്നാണ് ഉത്ഭവിച്ചതെന്നും അവന്റെ ഇണ പോലും അവനില്‍നിന്ന് രൂപം കൊണ്ടതാണെന്നുമുള്ള ഇസ്‌ലാമിന്റെ സൃഷ്ടിവാദം പ്രസക്തമാവുന്നത്. ആധുനിക നിര്‍മിതികളായ വംശമഹത്വം, ശ്രേഷ്ഠതാവാദം, ദേശീയ സങ്കുചിതത്വം, ലിംഗവിവേചനം, ഭാഷാ പക്ഷപാതിത്വം തുടങ്ങിയവ സൃഷ്ടിക്കുന്ന നഗ്നമായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ നേരിയ സാധ്യത പോലും പിഴുതെറിയുന്നുണ്ട് ഈ തത്ത്വം. മനുഷ്യരെ പലതില്‍നിന്നും സൃഷ്ടിക്കാന്‍ ദൈവത്തിനാകുമായിരുന്നു. പക്ഷേ, അവന്‍ ഒരേക സ്രോതസ്സില്‍നിന്ന് രൂപംകൊള്ളണമെന്നും അവന്റെ ഇണയെപ്പോലും അവനില്‍നിന്നുതന്നെ സൃഷ്ടിച്ച് മനുഷ്യവംശത്തെ എല്ലാ സങ്കുചിത ചിന്തകളില്‍നിന്നും വിവേചനങ്ങളില്‍നിന്നും രക്ഷിക്കണമെന്നും തീരുമാനിച്ച ദൈവം എത്ര ഉദാരന്‍! ''ജനങ്ങളേ, നിങ്ങള്‍ ദൈവത്തെ പേടിക്കുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്നും അവന്‍ നിങ്ങളെ സൃഷ്ടിച്ചു. അതില്‍നിന്ന് അതിന്റെ ഇണയെയും സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി എമ്പാടും ആണിനെയും പെണ്ണിനെയും ലോകത്ത് പരത്തുകയും ചെയ്തു അവന്‍'' (ഖുര്‍ആന്‍ 4:1). പ്രവാചകന്‍ പ്രഖ്യാപിച്ചു: ''മനുഷ്യരേ, നിങ്ങളുടെ സ്രഷ്ടാവ് ഏകന്‍. നിങ്ങളെല്ലാം ആദിപിതാവ് ആദമിന്റെ സന്തതികള്‍. ആദമോ മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ടവനും.അതിനാല്‍ ഉന്നതരെന്നും നീചരെന്നുമുള്ള വ്യത്യാസം നിങ്ങള്‍ക്കിടയില്‍ ഉണ്ടാകാവതല്ല. അറബിക്ക് അനറബിയേക്കാള്‍ ശ്രേഷ്ഠതയില്ല. അനറബിക്ക് അറബിയേക്കാളുമില്ല ശ്രേഷ്ഠത. വെളുത്തവര്‍ക്ക് കറുത്തവരേക്കാള്‍ ഔന്നത്യമില്ല. കറുത്തവര്‍ക്കുമില്ല വെളുത്തവരേക്കാള്‍ ഔന്നത്യം. ഔന്നത്യത്തിന്റെ ഏക അടയാളം ദൈവഭയവും ജീവിതഗുണങ്ങളും ഭക്തിയും മാത്രമാണ്.''9

സമത്വത്തെ മനുഷ്യമഹത്വത്തിന്റെ അനിവാര്യ ഉപാധിയാക്കി ഇസ്‌ലാം നിര്‍ണയിക്കുന്നുണ്ട്. ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സര്‍വ മനുഷ്യരും രൂപംകൊണ്ടിരിക്കുന്നതെന്ന പരാമര്‍ശത്തിലൂടെ മനുഷ്യര്‍ക്കെല്ലാവര്‍ക്കും ഒരേ മഹത്വവും അന്തസ്സുമാണുള്ളതെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ഇത്തരമൊരു സമത്വത്തിന്റെ അഭാവത്തില്‍ മനുഷ്യന്റെ അന്തസ്സിനെ നമുക്ക് താത്ത്വികമായോ പ്രായോഗികമായോ നിലപാടുകളില്‍ പ്രതിഫലിപ്പിക്കാനാവില്ല. അസമത്വം മനുഷ്യാന്തസ്സിന് ക്ഷതമേല്‍പിക്കും. കാരണം, അത് മനുഷ്യവംശത്തെ പലതായി തരംതിരിക്കും. ഒരു കൂട്ടര്‍ നീചരും മറ്റൊരു കൂട്ടര്‍ ഉത്കൃഷ്ടരുമാണെന്ന ഘടനകള്‍ അതിന്റെ സ്വാഭാവികതയെന്നോണം പ്രത്യക്ഷപ്പെടും. പിന്നെ സംഭവിക്കുന്നത് അവകാശ ലംഘനത്തിന്റെ അറ്റമില്ലാത്ത ആവര്‍ത്തനങ്ങള്‍ മാത്രമായിരിക്കും.

(ഡയലോഗ് സെന്റര്‍ കേരള പ്രസിദ്ധീകരിച്ച 'മനുഷ്യാവകാശം അംഗീകാരവും തിരസ്‌കാരവും' എന്ന പുസ്തകത്തില്‍നിന്ന്)

 

കുറിപ്പുകള്‍

1. തന്റെ അവസാനത്തെ ഹജ്ജ് വേളയില്‍ നിര്‍വഹിച്ച പ്രഭാഷണത്തില്‍ അറഫാ മലയുടെ ചാരത്ത് ഒരുമിച്ചുചേര്‍ന്ന മുഴുവന്‍ വിശ്വാസികളെയും അഭിമുഖീകരിച്ചുകൊാണ് പ്രവാചകന്‍  മനുഷ്യ മഹത്വത്തെ വിളംബരം ചെയ്തുകൊ് ഓരോ മനുഷ്യന്റെയും രക്തവും സമ്പത്തും അഭിമാനവും പവിത്രമാണെന്ന് പ്രഖ്യാപിച്ചത് (സ്വഹീഹു ബുഖാരി (1739-1742), കിതാബുല്‍ ഹജ്ജ്, സ്വഹീഹ് മുസ്‌ലിം (1679), കിതാബുല്‍ ഖസാമ).

2. Jeremy Bentham, “Anarchical Fallacies; being an examination of the Declaration of Rights issues during the French Revolution”, in Jeremy Waldron (ed.), Nonsense Upon Stilts: Bentham, Burke and Marx on the Rights of Man, New York: Methuen, 1987, p.53.

3. Robert J. Richards (2005), Ernst Haeckel and the Struggles over Evolution and Religion ,Annals of the History and Philosophy of Biology, Vol. 10 pp. 89-115


4. ദൈലമി 'മജ്മൂആത്തി'ല്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസ്.

5. Javier Martinez (2003), Slavery and Citizenship in Aristotle’s  Politics, Philozophia, Vol 68, Issue 2

6. Deri Roberts (2012), An Introduction to Political Thought, Edinburg University Press, p. 33

7. Friedrich Nietzsche, Joyful Wisdom (Trans: T. Common) in the Complete Works, The Macmillan: New York, pp. 319-20 & 361 

8. See Jean Jacques Rousseau, The Social Contract ( Trans: G. D. H. Cole 1913)

9. മുസ്‌നദ് അഹ്മദുബ്‌നു ഹമ്പല്‍, വാള്യം 5, പേജ് 411.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (05-08)
എ.വൈ.ആര്‍

ഹദീസ്‌

ഉപകാരമില്ലാത്ത അറിവ്
സി.കെ മൊയ്തു മസ്‌കത്ത്