Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 07

3079

1440 റബീഉല്‍ അവ്വല്‍ 28

കലണ്ടറിലെ അവകാശദിനങ്ങള്‍ ധ്വംസനത്തിന്റെ ലോകക്രമം

പി.കെ നിയാസ്

ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കാന്‍ 1948-ലാണ് യു.എന്‍ പൊതുസഭ തീരുമാനിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാമൂഹിക, സാംസ്‌കാരിക, നിയമ മേഖലകളിലെ വ്യത്യസ്ത പശ്ചാത്തലത്തിലുള്ള വ്യക്തികള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ യൂനിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് അഥവാ സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന് 1948 ഡിസംബര്‍ 10-ന് പാരീസില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി 217-എ നമ്പര്‍ പ്രമേയത്തിലൂടെ അംഗീകാരം നല്‍കുകയായിരുന്നു. ഇതാദ്യമായാണ് മൗലികാവകാശങ്ങള്‍ ലോകാടിസ്ഥാനത്തില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് യു.എന്‍ പ്രഖ്യാപിച്ചത്. അഞ്ഞൂറിലേറെ ഭാഷകളിലേക്ക് ഈ പ്രഖ്യാപനം പരിഭാഷപ്പെടുത്തുകയും ചെയ്തു.

മനുഷ്യാവകാശ ദിനത്തിന്റെ എഴുപതാം വാര്‍ഷികമാണ് ഇത്തവണ ആചരിക്കുന്നത്. മനുഷ്യാവകാശങ്ങളെ വിവിധ മേഖലകളാക്കി തിരിക്കാമെങ്കിലും അടിസ്ഥാന വിഷയം ജീവിക്കാനുള്ള അവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ചിന്തിക്കാനും എഴുതാനുമുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമൊക്കെ നമുക്ക് ചര്‍ച്ച ചെയ്യാം. എന്നാല്‍, അധിനിവേശത്തിലും തോക്കുകള്‍ക്ക് മുമ്പിലും ജീവിക്കുന്നവന് ഇതൊന്നുമല്ല വേണ്ടത്; ജീവിക്കാനുള്ള അവകാശമാണ്, അധിനിവേശ ഭീകരര്‍ക്കും യുദ്ധഭ്രാന്തന്മാര്‍ക്കുമെതിരെ പ്രതിരോധിക്കാനുള്ള അവകാശമാണ്. അങ്ങനെ പ്രതിരോധിക്കുന്നവരെ ഭീകരരായി മുദ്രകുത്തുന്നവരാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നത് എന്നതാണ് വലിയ വിരോധാഭാസം.

ഫലസ്ത്വീനില്‍ സയണിസ്റ്റ് അധിനിവേശത്തിനെതിരെ പോരാടുന്നവരുടെ മുന്നിലാണ് കഴിഞ്ഞ എഴുപതു വര്‍ഷമായി യു.എന്‍ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ജന്മഭൂമിയില്‍നിന്ന് കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ഫലസ്ത്വീനികള്‍ സ്വന്തം മണ്ണില്‍ തിരികെവരാന്‍ നടത്തുന്ന അവകാശപോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന ഇസ്രയേലീ നടപടികള്‍ക്കെതിരെ ശബ്ദിക്കാനോ അക്രമിയെ നിലയ്ക്കു നിര്‍ത്താനോ ലോക സംഘടനക്കും അതിന്റെ ഭാഗമായ രാഷ്ട്രങ്ങള്‍ക്കും കഴിയുന്നില്ല. 

അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതില്‍ വിവിധ ഭരണകൂടങ്ങളുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ അത്യന്തം മോശമാകുന്നതാണ് അനുഭവം. ഹോളോകാസ്റ്റ് നിഷേധം ജയില്‍ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെ ചുരുങ്ങിയത് 15 യൂറോപ്യന്‍ രാജ്യങ്ങളിലെങ്കിലും. ആന്റി ബ്ലാസ്‌ഫെമി നിയമം ചിലര്‍ കരുതുന്നതുപോലെ പാകിസ്താന്‍ പോലുള്ള മുസ്‌ലിം രാജ്യങ്ങളില്‍ മാത്രം നിലനില്‍ക്കുന്നതല്ല. ലോക രാജ്യങ്ങളില്‍ നാലിലൊന്നില്‍ ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. പാകിസ്താനില്‍ ആസിയ ബീവിയുടെ കേസില്‍ ഇത് കണ്ടതാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തനം പോലും വലിയ കുറ്റമാണ് പല രാജ്യങ്ങളിലും. 

അവകാശപ്പെരുമഴ

അവകാശദിനങ്ങള്‍ യു.എന്നിന്റെ കലണ്ടറില്‍ ഉടനീളം കാണാം. ഇക്കഴിഞ്ഞ നവംബര്‍ 20 അന്താരാഷ്ട്ര ശിശുദിനമായിരുന്നു. ഇന്ത്യയില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14-നാണ് ശിശുദിനമായി ആചരിക്കുന്നത്. ഇന്ത്യ മാത്രമല്ല, മിക്ക രാജ്യങ്ങളും ശിശുദിനം ആഘോഷിക്കുന്നത് വ്യത്യസ്ത ദിനങ്ങളിലാണ്.  കാനഡ, ഫ്രാന്‍സ്, മലേഷ്യ, നെതര്‍ലാന്റ്സ്, ദക്ഷിണാഫ്രിക്ക, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ് തുടങ്ങി 24 രാജ്യങ്ങളാണ് നവംബര്‍ 20 ശിശുദിനമായി ആചരിക്കുന്നത്. 1954-ലാണ് ഐക്യരാഷ്ട്ര സഭ നവംബര്‍ 20 ലോക ശിശുദിനമായി പ്രഖ്യാപിച്ചത്. 1959 നവംബര്‍ 20-ന് യു.എന്‍ പൊതുസഭ ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയമാണ് കുട്ടികളുടെ അവകാശ പ്രഖ്യാപനം അഥവാ ഉലരഹമൃമശേീി ീള വേല ഞശഴവെേ ീള വേല ഇവശഹറ. 1989-ല്‍ യു.എന്‍ പൊതുസഭ ഇീി്‌ലിശേീി ീി വേല ഞശഴവെേ ീള വേല ഇവശഹറ എന്ന പ്രമേയവും പാസ്സാക്കി. ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവിക്കാനുള്ള അവകാശവും അവരുടെ സുരക്ഷിതത്വവും ഊന്നുന്നതാണ് ഇരു യു.എന്‍ പ്രഖ്യാപനങ്ങളും.

ജനിക്കാനുള്ള കുഞ്ഞുങ്ങളുടെ അവകാശം പോലും തടയുന്നവരും അതിനായി നിയമം നിര്‍മിക്കുന്നവരും ഈ ആഘോഷങ്ങളില്‍ മുന്‍പന്തിയിലുണ്ടാകും. സിറിയയിലെയും യമനിലെയും ഫലസ്ത്വീനിലെയും കുഞ്ഞുങ്ങളെ മിസൈല്‍ പറത്തിയും വെടിവെച്ചും കൊല്ലുന്നവരും ശിശുദിനം ആഘോഷിക്കാന്‍ മുന്‍പന്തിയിലുണ്ട്. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഇഞ്ചിഞ്ചായി മരണത്തെ പുല്‍കുന്ന കുഞ്ഞുങ്ങളെക്കുറിച്ചും വിദ്യാഭ്യാസമെന്ന അവകാശം നിഷേധിക്കപ്പെട്ട് അഭയാര്‍ഥികളായി കഴിയുന്ന കുട്ടികളെക്കുറിച്ചും ഒട്ടും വേവലാതി ഇല്ലാത്തവരാണ് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഫലസ്ത്വീനിലെ വെസ്റ്റ് ബാങ്കിലും ഗസ്സയിലും മാത്രം ഈ വര്‍ഷം ഇതുവരെ 52 കുഞ്ഞുങ്ങളെയാണ് ഇസ്രയേല്‍ സൈന്യം കൊന്നൊടുക്കിയതെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷ്‌നല്‍ ഫലസ്ത്വീന്‍ എന്ന സംഘടന കഴിഞ്ഞയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഉപരോധത്തിലുള്ള ഗസ്സയിലാണ് ഇതില്‍ 48 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. പതിനെട്ട് കുട്ടികള്‍ക്ക് തലയിലും 21 പേര്‍ക്ക് നെഞ്ച്, കഴുത്ത്, വയര്‍ എന്നിവിടങ്ങളിലുമാണ് വെടിയേറ്റത്.

 

മ്യാന്മറും ഇന്ത്യയും

സമാധാനത്തിന്റെ വക്താക്കളായി വിശേഷിപ്പിക്കാറുള്ള ബുദ്ധമത വിശ്വാസികളും അവരുടെ ഗുരുക്കന്മാരുമാണ് മ്യാന്മറില്‍ റോഹിങ്ക്യ ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ കാത്തിരിക്കുന്നത്. ഇസ്രയേലിലേതുപോലെ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ടെററിസം പത്തിവിടര്‍ത്തി നില്‍ക്കുന്ന നാടാണ് മ്യാന്മര്‍. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള റോഹിങ്ക്യകളുടെ അവകാശത്തെ ചോദ്യം ചെയ്യുകയും അവരെ നിഷ്ഠുരമായി കൊന്നൊടുക്കുകയും ചെയ്യുന്ന ഭീകരതക്കൊപ്പം നില്‍ക്കുകയാണ് പട്ടാള ജണ്ടയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാടുകയും പതിറ്റാണ്ടുകള്‍ വീട്ടുതടങ്കലില്‍ കഴിയുകയും ചെയ്ത ഓംഗ് സാന്‍ സൂചിയെന്ന പഴയ പോരാളി. മനുഷ്യാവകാശങ്ങള്‍ സങ്കുചിത മതതാല്‍പര്യങ്ങളുടെ കോണിലൂടെ കണ്ടാല്‍ മനുഷ്യന്‍ എത്ര അധഃപതിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് സ്വീഡിഷ് അക്കാദമി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കി ആദരിച്ച സൂചി. എന്നാല്‍ സൂചിയുടെ കപട മനുഷ്യസ്‌നേഹം ലോകത്തിന് ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മനുഷ്യാവകാശ പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നിന്നതിന്റെ ആദരസൂചകമായി സൂചിക്ക് നല്‍കിയ ഓണററി പൗരത്വം കാനഡ ഈയിടെ റദ്ദാക്കിയത് ഇതിനു തെളിവാണ്. 

മതത്തിന്റെ പേരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാണ്. ഇസ്‌ലാമിന്റെ പേരില്‍ ഐ.എസ് ഭീകരസംഘം അഴിച്ചുവിട്ട കൊലകളും മനുഷ്യാവകാശ ധ്വംസനങ്ങളും 2016-ലും 2017-ലും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. മുസ്‌ലിം രാജ്യങ്ങളും ലോകത്തെങ്ങുമുള്ള മുഖ്യധാരാ ഇസ്‌ലാമിക സംഘടനകളും ഐ.എസിനെതിരെ ശക്തമായി രംഗത്തുവരികയും അതിന്റെ സ്വാധീനം ഒരു പരിധിവരെ ഇല്ലാതാക്കുകയും ചെയ്തു. അതേസമയം, മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യുന്ന തലത്തിലേക്ക് ഹിന്ദുത്വ ഭീകരത വളര്‍ന്നിരിക്കുന്നു. പശുവിന്റെയും അമ്പലത്തിന്റെയും പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന ക്രിമിനലുകള്‍ക്ക് പട്ടും വളയും നല്‍കി ആദരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ജനാധിപത്യ ഇന്ത്യയില്‍ പിടിമുറുക്കിയിരിക്കുന്നു. മതേതര ഭരണഘടന പിച്ചിച്ചീന്തപ്പെടുമെന്ന ആശങ്കയിലാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം. 

 

കമ്യൂണിസ്റ്റ് പീഡനങ്ങള്‍

കമ്യൂണിസത്തിന്റെ സ്വാധീനം അവശേഷിക്കുന്ന തുരുത്തുകളില്‍ ഒന്നാണ് ചൈന. വിപണി സമ്പദ്‌വ്യവസ്ഥയും മുതലാളിത്ത രീതികളും മുറുകെപ്പിടിച്ചാണ് ചൈനയുടെ പ്രയാണമെങ്കിലും ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇപ്പോഴും ഇരുമ്പുമറക്കുള്ളിലാണ്. ജനാധിപത്യവാദികളെ അവര്‍ ടിയാനന്‍മെന്‍ കാണിച്ച് നിശ്ശബ്ദരാക്കും. ഹോങ്കോംഗിലെ സ്വാതന്ത്ര്യവാദികളെ ജയിലിലടച്ചാണ് പീഡിപ്പിച്ചത്. സിന്‍ജിയാംങിലെ ഇസ്‌ലാം മത വിശ്വാസികള്‍ക്കെതിരെ കമ്യൂണിസ്റ്റ് ഭരണകൂടം നടപടി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ രണ്ടു കൊല്ലമായി അത് കൂടുതല്‍ ഭീകരമാണ്. പള്ളികളില്‍ പ്രാര്‍ഥനക്കെത്തുന്നവരെ അറസ്റ്റ് ചെയ്യുക, റമദാനില്‍ നോമ്പെടുക്കുന്നവരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുക, നോമ്പുകാലത്ത് അടച്ചിടുന്ന ഹോട്ടലുകള്‍ തുറപ്പിക്കുക തുടങ്ങിയ നടപടികള്‍ ഈ വര്‍ഷവും അരങ്ങേറി.

ഉയിഗുര്‍ സമൂഹത്തിനെതിരായ ചൈനയുടെ പീഡന നടപടികള്‍ ആഗസ്റ്റ് 13-ന് ജനീവയില്‍ യു.എന്‍ മനുഷ്യാവകാശ പാനല്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. അതിനു മൂന്നു ദിവസം മുമ്പാണ് വംശീയ വിവേചനങ്ങള്‍ക്ക് എതിരായ യു.എന്‍ കമ്മിറ്റി (സി.ഇ.ആര്‍.ഡി) ചൈനീസ് ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ പ്രസ്താവന നടത്തിയത്. ചൈനയിലെ 20 ലക്ഷം വരുന്ന ഉയിഗൂര്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ രഹസ്യ ക്യാമ്പുകളില്‍ പീഡിപ്പിക്കപ്പെടുന്നതായാണ് സി.ഇ ആര്‍.ഡി വ്യക്തമാക്കിയത്. 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതെ പുതിയ ചൈനയില്ല...' എന്നു തുടങ്ങുന്ന ഗാനം എല്ലാ രാത്രികളിലും ക്യാമ്പിലുള്ളവര്‍ കോറസായി പാടണം. തങ്ങള്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇരുട്ടറകളില്‍ അടക്കുക തുടങ്ങിയ ശിക്ഷാനടപടികള്‍ ഉണ്ടാകും. ആരോപണം നിഷേധിക്കുക മാത്രമല്ല, ഉയിഗൂര്‍ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നാണ് ചൈനീസ് സംഘം പ്രതികരിച്ചത്. മത തീവ്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ചിലരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വൊക്കേഷനല്‍ വിദ്യാഭ്യാസ, തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും അവരെ 'തെറ്റായ വിശ്വാസങ്ങളില്‍' നിന്ന് നേര്‍വഴിയിലേക്ക് കൊണ്ടുവരുന്നതില്‍ വിജയിച്ചതായും ചൈനീസ് ഗവണ്‍മെന്റ് സംഘം പാനലിനു മുമ്പാകെ വാദിക്കുകയും ചെയ്തു.

എന്നാല്‍ ചൈനീസ് അധികൃതരുടെ വാദങ്ങള്‍ പെരും നുണയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ യു.എന്‍ പാനലിന് ലഭിച്ചിരുന്നു. ഉയിഗൂര്‍ മുസ്ലിംകളെ പീഡന ക്യാമ്പുകളില്‍ പാര്‍പ്പിക്കുകയും അവരെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടങ്ങളില്‍ വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയുണ്ടായി.

ഉയിഗൂര്‍ വംശജരായ മുസ്‌ലിംകളെ സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിവു നിരത്തി പറയും ബെര്‍ലിന്‍ ആസ്ഥാനമായുള്ള വേള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസ്. പ്രവാസികളായ ഉയിഗൂറുകളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണിത്. ഉയിഗൂറുകളുടെ ഭാഷ പോലും ഇല്ലായ്മ ചെയ്യാനാണ് ചൈനീസ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. മത ന്യൂനപക്ഷങ്ങളുടെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കുമെന്ന് ചൈനീസ് ഭരണകൂടം പ്രചരിപ്പിക്കാറുണ്ടെങ്കിലും യാഥാര്‍ഥ്യം നേരെ വിപരീതമാണ്. ഏതു വിഭാഗം ജനങ്ങള്‍ക്കും അവരുടെ സംസാര, എഴുത്തു ഭാഷകള്‍ ഉപയോഗിക്കാനും പ്രസ്തുത ഭാഷകള്‍ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കാനും അവകാശമുണ്ടായിരിക്കുമെന്ന് ചൈനീസ് ഭരണഘടനയുടെ  നാലാം ഖണ്ഡിക പറയുന്നു. രാജ്യത്തിന്റെ സ്വയംഭരണ പ്രവിശ്യകളില്‍ അവിടെ പ്രചാരത്തിലുള്ള ഭാഷകളിലാകണം ഭരണപരമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതെന്ന് ഖണ്ഡിക 121-ലെ ആറാം ചാര്‍ട്ടര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഉയിഗൂറുകളുടെ കാര്യത്തില്‍ ഇതിനു വിപരീതമായാണ് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

2017-ല്‍ രാജ്യത്ത് മൊത്തം നടന്ന അറസ്റ്റുകളില്‍ അഞ്ചിലൊന്നും സിന്‍ജിയാങ് പ്രവിശ്യയില്‍ ആയിരുന്നുവെന്ന് ചൈനീസ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയിലെ 130 കോടി ജനങ്ങളില്‍ രണ്ടു കോടി മാത്രമാണ് പ്രവിശ്യയിലെ ജനസംഖ്യ എന്നോര്‍ക്കണം. പ്രമുഖ ഉയിഗൂര്‍ ബുദ്ധിജീവി ഇല്‍ഹാം തോഹ്തി 2014 മുതല്‍ ചൈനീസ് തടവറയിലാണ്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഇദ്ദേഹത്തെ ശിപാര്‍ശ ചെയ്യുമെന്ന് മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തില്‍ ഒരു സംഘം യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയിഗൂര്‍ മുസ്ലിംകള്‍ മാത്രമല്ല കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്ന സൂചന. രാജ്യത്തെ ഹാന്‍ വംശത്തിന്റെ ഭാഗമായ ഹുയി മുസ്ലിംകളും കമ്യൂണിസ്റ്റ് തീവ്രതയുടെ ചൂടറിഞ്ഞിട്ടുണ്ട്. ചൈനയുമായി സാംസ്‌കാരികമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഹുയി മുസ്ലിംകള്‍. ഹുയികള്‍ക്ക്  സ്വാധീനമുള്ള നിങ്സിയ സ്വയംഭരണ പ്രവിശ്യയില്‍ ഈയിടെ പള്ളി പൊളിക്കാനെത്തിയവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം തന്നെ പൊട്ടിപ്പുറപ്പെട്ടു. ഒടുവില്‍ ലക്ഷ്യം കാണാതെ അധികൃതര്‍ക്ക് മടങ്ങേണ്ടി വന്നു. സിറിയയിലും ലിബിയയിലും സംഭവിച്ചത് ചൈനയിലും ആവര്‍ത്തിക്കാതിരിക്കാനാണ് സിന്‍ജിയാങില്‍ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

 

സീസിയും അറബ് ലോകവും

മനുഷ്യാവകാശ കമ്മിറ്റികള്‍ രൂപീകരിക്കാത്ത രാജ്യങ്ങളില്ല. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരാണ് ലോകത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഇത്തരം തട്ടിക്കൂട്ടലുകള്‍ നടത്താറുള്ളത് എന്നതാണ് അതിലെ പരിഹാസ്യത. അന്താരാഷ്ട്ര മനുഷ്യാവകാശ സമ്മേളനങ്ങള്‍ നടത്തിയും യു.എന്‍ പോലുള്ള സംഘടനകളുടെ ഭാഗമായുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളുടെ സെമിനാറുകള്‍ സ്‌പോണ്‍സര്‍ ചെയ്തും തങ്ങളുടെ ട്രാക്ക് റെക്കോര്‍ഡ് നന്നാക്കിയെന്ന് വരുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്ന രാജ്യങ്ങളാണ് ഏറെയും.

ഇക്കഴിഞ്ഞ ദിവസം കൈറോയില്‍നിന്ന് പുറത്തുവന്ന ഒരു വാര്‍ത്ത ഇത്തരത്തിലുള്ള പരിഹാസ്യതകളില്‍ ഒടുവിലത്തേതാണ്. ജനാധിപത്യത്തെ ഗളഹസ്തം ചെയ്ത് ഈജിപ്തിനെ വീണ്ടും സൈനിക ഏകാധിപത്യത്തിലേക്ക് തള്ളിയ മുന്‍ പട്ടാള ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസി പുതിയ മനുഷ്യാവകാശ സംഘടനക്ക് രൂപം നല്‍കുകയുണ്ടായി. മനുഷ്യാവകാശ ലംഘനങ്ങളില്‍നിന്ന് ഈജിപ്ഷ്യന്‍ ജനതയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് കരുതിയെങ്കില്‍ തെറ്റി. ഗവണ്‍മെന്റിനും സൈന്യത്തിനും എതിരെ ഉയരുന്ന മനുഷ്യാവകാശ ലംഘന പരാതികളില്‍ സീസി ഭരണകൂടത്തെ അന്താരാഷ്ട്ര വേദികളില്‍ സംരക്ഷിക്കുകയെന്ന ദൗത്യമാണ് ഈ ഗ്രൂപ്പിനുള്ളത്. ഇതിന്റെ ഭാഗമായി പത്രമാധ്യമങ്ങളില്‍ വരുന്ന ഗവണ്‍മെന്റ് വിരുദ്ധ വാര്‍ത്തകള്‍ക്കെതിരെ ഈ മനുഷ്യാവകാശ ഗ്രൂപ്പ് കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, സൈന്യം, രഹസ്യാന്വേഷണ ഏജന്‍സികള്‍, പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയം എന്നിവയിലെയും ഉന്നത ഉദ്യോഗസ്ഥരാണ് പുതിയ കമ്മിറ്റിയുടെ തലപ്പത്ത്. കൊടിയ പീഡനങ്ങള്‍, നിരപരാധികള്‍ അപ്രത്യക്ഷരാവല്‍ തുടങ്ങിയ കേസുകളില്‍ ഏറ്റവുമധികം ആരോപണവിധേയരായ വിഭാഗമാണ് ഈജിപ്ഷ്യന്‍ പോലീസ്. 

ഇസ്രയേല്‍ കഴിഞ്ഞാല്‍ അമേരിക്കയുടെ ഏറ്റവും വലിയ വാര്‍ഷിക സൈനിക സഹായം ലഭിക്കുന്ന രാജ്യമാണ് ഈജിപ്ത്. എന്നാല്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സാമ്പത്തിക സഹായം നിര്‍ത്തലാക്കാന്‍ അമേരിക്ക തയാറായിരുന്നില്ല. 2017 ആഗസ്റ്റില്‍ 195 മില്യന്‍ ഡോളറിന്റെ സൈനിക സഹായം വാഷിംഗ്ടണ്‍ നിര്‍ത്തിവെച്ചത് കൈറോക്കുള്ള താക്കീതാണെന്നാണ് പലരും കരുതിയത്. എന്നാല്‍, ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള അമേരിക്കന്‍ അടവു മാത്രമായിരുന്നു അത്. നിര്‍ത്തിവെച്ച സഹായം ഇക്കഴിഞ്ഞ ജൂലൈയില്‍ നല്‍കിയതോടെ അമേരിക്കന്‍-ഈജിപത് ബാന്ധവം ഒന്നുകൂടി വ്യക്തമാവുകയായിരുന്നു.

പരസ്യമായ മനുഷ്യാവകാശ ലംഘന പ്രസ്താവനകളുമായി തെരഞ്ഞെടുപ്പ് ഗോദയില്‍ വിരാജിച്ചയാളാണ് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വെറുപ്പിന്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ച് അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തിയ ആദ്യത്തെയാളാണ് ട്രംപ്.  മെക്‌സിക്കോയില്‍നിന്നുള്ള കുടിയേറ്റക്കാര്‍, മുസ്‌ലിം അഭയാര്‍ഥികള്‍, മറ്റു വംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിരോധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് ട്രംപ് വോട്ടുപിടിച്ചതും പ്രസിഡന്റായതും. തന്റെ പ്രഖ്യാപനം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പില്‍ വരുത്തുക പോലുമുണ്ടായി ട്രംപ്. ഒടുവില്‍ കോടതി ഇടപെട്ടാണ് പ്രസിഡന്റിന് മൂക്കുകയറിട്ടത്. അമേരിക്കന്‍ ഭരണഘടന ഉദ്‌ഘോഷിക്കുന്ന മനുഷ്യാവകാശങ്ങള്‍ പ്രായോഗിക രംഗത്ത് വട്ടപ്പൂജ്യമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം സൈനികമായി ഇടപെടുന്ന രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അതിഭീകരമാണ്. റെന്‍ഡിഷന്‍, വാട്ടര്‍ബോര്‍ഡിംഗ് തുടങ്ങിയ പീഡനമുറകള്‍ ലോകത്തിനു പരിചയപ്പെടുത്തിയത് അമേരിക്കന്‍ ഭരണകൂടമാണ്.

മനുഷ്യാവകാശം നിരന്തരം പറയുന്ന പാശ്ചാത്യ ഭരണകൂടങ്ങള്‍ കാര്യത്തോടടുക്കുമ്പോള്‍ തനിനിറം പുറത്തെടുക്കാറുണ്ടെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് അഭയാര്‍ഥികളോടുള്ള സമീപനം. യുദ്ധഭൂമികളില്‍നിന്ന് പലായനം ചെയ്‌തെത്തുന്നവരോട് പല യൂറോപ്യന്‍ രാഷ്ട്രങ്ങളും അതിനീചമായ നിലപാടാണ് കൈക്കൊണ്ടത്. ജര്‍മനിയെപ്പോലെ ഇക്കാര്യത്തില്‍ മാനുഷിക സമീപനം സ്വീകരിച്ച രാജ്യങ്ങളുമുണ്ട്. ജനാധിപത്യവും സ്വാതന്ത്ര്യവും ഉദ്‌ഘോഷിക്കുന്ന ഫ്രാന്‍സില്‍ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവ് മേരിയോണ്‍ ലി പെന്നിനെ പരാജയപ്പെടുത്തി യുവനേതാവ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റ് പദവിയില്‍ എത്തിയത് വംശീയതക്കും സമാനമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ പോരാടുന്നവര്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്‍കിയ സംഭവമാണ്. വംശീയ ഭ്രാന്തിനെതിരെ ജനകീയ ചെറുത്തുനില്‍പിന് ഫ്രാന്‍സ് നേതൃത്വം നല്‍കിയതിനു സമാനമായി ജര്‍മനിയും തീവ്ര വലതുപക്ഷത്തിനെതിരെ രാഷ്ട്രീയ വിജയം കൊയ്യുകയുണ്ടായി. എന്നാല്‍, 2017 സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്ഡി) 12.6 ശതമാനം വോട്ടുകള്‍ കൈവശപ്പെടുത്തിയത് നിസ്സാരമായി കണ്ടുകൂടാ.

2001 സെപ്റ്റംബര്‍ 11-ന് ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിനുശേഷം 'ഭീകരതക്ക് എതിരായ യുദ്ധം' എന്ന പേരില്‍ അമേരിക്ക ആരംഭിച്ച സൈനിക നടപടിയില്‍ അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ഇതു സംബന്ധിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷ്‌നല്‍ ആന്റ് പബ്ലിക് എഫയേഴ്സ് പുറത്തുവിട്ട കണക്കനുസരിച്ച് 480,000-ത്തിനും 507,000-ത്തിനുമിടയില്‍ മനുഷ്യരെ അമേരിക്ക കൊന്നുതള്ളിയിട്ടുണ്ട്. യഥാര്‍ഥ എണ്ണം ഇതിലുമേറെ വരുമത്രെ. രണ്ടു വര്‍ഷം മുമ്പ്, അതായത് 2016 ആഗസ്റ്റില്‍ പുറത്തുവിട്ടതിനേക്കാള്‍ 110,000 അധികമാണ് പുതിയ കണക്കനുസരിച്ച് മരണസംഖ്യ.

ഭീകരതക്ക് എതിരായ യുദ്ധമെന്ന പേരില്‍ പ്രധാനമായും ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലാണ് അമേരിക്ക ബോംബുകള്‍ വര്‍ഷിച്ചത്. ഭീകരവാദികളെന്നും തീവ്രവാദികളെന്നും അമേരിക്ക മുദ്രകുത്തിയവരില്‍ ഒട്ടുമുക്കാലും നിരപരാധികളായ സിവിലിയന്മാരായിരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇറാഖില്‍ രണ്ടു ലക്ഷത്തിലേറെയും അഫ്ഗാനിസ്താനില്‍ 40,000-വും പാകിസ്താനില്‍ 24,000-വും പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇറാഖിലും അഫ്ഗാനിസ്താനിലുമായി ഏഴായിരത്തോളം അമേരിക്കന്‍ ഭടന്മാരും കൊല്ലപ്പെട്ടു. ഇറാഖിലെ അബൂഗുറൈബും അഫ്ഗാനിസ്താനിലെ ബഗ്‌റാമും ഗ്വാണ്ടനാമോയെപ്പോലെ അമേരിക്കയുടെ നിഷ്ഠുര പീഡനകഥകള്‍ പറയുന്ന കേന്ദ്രങ്ങളായിരുന്നല്ലോ. യുദ്ധത്തില്‍ നേരിട്ടു കൊല്ലപ്പെട്ടവരുടെ കണക്കാണ് മുകളില്‍ പറഞ്ഞത്. പരോക്ഷമായി നിരവധി പേര്‍ക്ക് വെറെയും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പോഷകാഹാരവും അവശ്യമരുന്നുകളും കിട്ടാതെ കൊല്ലപ്പെട്ട കുട്ടികള്‍ ലക്ഷങ്ങള്‍ വരും. അതുകൂടി ചേര്‍ത്താല്‍ സംഖ്യ ഇതിലുമിരട്ടിയാകും. 

അധികാര മത്സരങ്ങളും സങ്കുചിത നിലപാടുകളുമാണ് വന്‍ശക്തികള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ നയിക്കുന്നത്. അധികാരമുറപ്പിക്കാന്‍ യുദ്ധങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് ആയുധക്കച്ചവടത്തിനു മുന്നില്‍ നിഷ്ഠുരമായ കൊലപാതകങ്ങള്‍ നിസ്സാരമാണ്. യമനിലും സിറിയയിലും ലിബിയയിലുമൊക്കെ നിരപരാധരായ മനുഷ്യരെ ബോംബിട്ട് കൊല്ലുന്നത് തുടരുമ്പോഴാണ് ഒരു വഴിപാടെന്ന പോലെ മനുഷ്യാവകാശ ദിനം കൊണ്ടാടുന്നത്. അതിനാല്‍തന്നെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ പൊയ്‌വാക്കുകള്‍ മാത്രമായി മാറിയിരിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (05-08)
എ.വൈ.ആര്‍

ഹദീസ്‌

ഉപകാരമില്ലാത്ത അറിവ്
സി.കെ മൊയ്തു മസ്‌കത്ത്