Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 07

3079

1440 റബീഉല്‍ അവ്വല്‍ 28

നിക്ഷേപ സാക്ഷരത മതസംഘടനകളുടെ അജണ്ടയാകണം

അബൂ മിശാരി, തിരുവേഗപ്പുറ

കാല്‍ നൂറ്റാണ്ട് മുമ്പുള്ള മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ വിശദീകരിക്കേണ്ടതില്ല. ഭൗതിക വിദ്യാഭ്യാസത്തോട് മുഖം തിരിച്ചും സ്ത്രീ വിദ്യാഭ്യാസത്തെ പാടേ നിരുത്സാഹപ്പെടുത്തിയും മതപഠനത്തില്‍ ഒതുങ്ങിനിന്ന കാലം കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍തന്നെ അക്കാലത്ത് നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാം പ്രത്യേകം ശ്രദ്ധയൂന്നിയ വിഷയമായിരുന്നു വിദ്യാഭ്യാസം. അതിന്റെ ഭാഗമായി വിവിധ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയുണ്ടായി. യാഥാസ്ഥിതിക ചിന്ത വെച്ചു പുലര്‍ത്തുന്നവരില്‍ പോലും ഇത് വലിയ മാറ്റത്തിന് വഴിയൊരുക്കി. ഇതിന്റെ ഗുണഫലങ്ങള്‍ എല്ലാവരും അനുഭവിക്കുന്നു.

വിദ്യാഭ്യാസ പുരോഗതിയും ഗള്‍ഫ് കുടിയേറ്റവും മൂലം സമുദായത്തിന് മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ കൈവന്നിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, പണമായും സ്വര്‍ണമായും ഭൂമിയായും കൈവശമുള്ള ഈ സമ്പത്തിനെ ക്രിയാത്മകമായി വിനിയോഗിക്കുന്നതിനുള്ള പരിജ്ഞാനം ഇനിയും നാം കൈവരിക്കേണ്ടിയിരിക്കുന്നുവെന്നാണ് അനുഭവങ്ങള്‍ പറയുന്നത്. വലിയൊരു വിഭാഗവുമാളുകള്‍ സമ്പത്തിന്റെ നല്ലൊരു ശതമാനം ചെലവഴിക്കുന്നത് ആഡംബര വീടുകള്‍ നിര്‍മിക്കാനും ആര്‍ഭാട കല്യാണങ്ങള്‍ നടത്താനുമൊക്കെയാണ്. പ്രത്യുല്‍പാദനപരമല്ലാത്ത മേഖലകളില്‍ വ്യയം  ചെയ്യുന്ന ധനം ക്രിയാത്മകമായ രീതിയിലേക്ക് വഴി തിരിച്ചുവിടേണ്ടതുണ്ട്.

പത്രങ്ങളിലെ പതിവു വാര്‍ത്തയായ നിക്ഷേപത്തട്ടിപ്പുകളില്‍ വഞ്ചിക്കപ്പെടുന്നവരില്‍ മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവര്‍ ധാരാളമു്. നിക്ഷേപിക്കാന്‍ താല്‍പര്യമുണ്ട്; നിക്ഷേപമേഖലയെക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാ. ഇതാണവരെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.

കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ നെടുംതൂണായ ഗള്‍ഫില്‍നിന്ന് ആശങ്കയുടെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ധാരാളമാളുകള്‍ തൊഴില്‍രഹിതരായി എത്തിക്കഴിഞ്ഞു. ഇനിയുമേറെ വരാനിരിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് പുതിയ കാലത്തെ  വിലയിരുത്താനും പുതുവഴികള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ഗള്‍ഫിലെ തൊഴില്‍ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതകളും മറ്റുമൊക്കെ നിലനില്‍ക്കുണ്ടെന്ന കാര്യം നാം വിസ്മരിച്ചുകൂടാ. ഇത്തരം സാധ്യതകള്‍ മനസ്സിലാക്കാനും ചെറുകൂട്ടായ്മകളിലൂടെ അതിനെ പ്രയോഗവല്‍ക്കരിക്കാനും നിക്ഷേപ താല്‍പര്യവും കഴിവുമുള്ള പുതുതലമുറക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

നിക്ഷേപ സാക്ഷരത നല്‍കുക എന്ന അജണ്ട കൂടി ഇക്കാലത്ത് മതസംഘടനകള്‍ ഏറ്റെടുക്കേണ്ടത് അനിവാര്യമാണ്. വരുംകാലത്ത് അത് സമുദായത്തിനും പൊതുസമൂഹത്തിനും ഗുണപരമായി മാറുമെന്നതില്‍ സംശയമില്ല. വിദ്യാഭ്യാസ രംഗത്തെ മുന്‍കാല ഇടപെടലുകളും അതുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങളും നമുക്ക് മുന്നിലുണ്ടല്ലോ.

 

 

 

നിലപാട് എന്താണ്?

'ആസന്നമായ തെരഞ്ഞെടുപ്പ് മുസ്‌ലിം സമുദായത്തോട് പറയാനുള്ളത്' (ലക്കം 24) വായിച്ചു. ആസന്നമായ തെരഞ്ഞെടുപ്പില്‍ ആരുടെ കൂടെ നില്‍ക്കണം ആര്‍ക്ക് വോട്ടു ചെയ്യണം എന്നതു സംബന്ധിച്ച് ലേഖനത്തില്‍ ഒരു സൂചനയുമില്ലല്ലോ.

ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതിന് ഒരുപരിധിവരെ മുസ്‌ലിംകളും ഉത്തരവാദികളല്ലേ? ഉവൈസി, ഈ അടുത്തദിവസം ചെയ്ത പ്രസ്താവനയില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും തോല്‍പിച്ച് മൂന്നാം മുന്നണിയെ അധികാരമേല്‍പിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഫലമോ, മുസ്‌ലിംകള്‍ അദ്ദേഹത്തിനും മുസ്‌ലിം നാമധേയത്തോടെ നില്‍ക്കുന്ന ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്കും വോട്ടു ചെയ്യും. സ്വാഭാവികമായും കോണ്‍ഗ്രസിനു കിട്ടാനുള്ള വോട്ട് അങ്ങനെ മാറികഴിയുമ്പോള്‍, ബി.ജെ.പി അനായാസം ജയിച്ചുകയറും. ഇതല്ലേ ഗുജറാത്തിലും യു.പി.യിലും കര്‍ണാടകത്തിലും സംഭവിച്ചത്?

ഒരു പൊതു ശത്രു വരുമ്പോള്‍ അതിനെ ഒന്നിച്ചു നിന്നെതിര്‍ത്ത് നശിപ്പിക്കുകയല്ലേ വേത്?

കോണ്‍ഗ്രസ് നല്ല പാര്‍ട്ടിയാണെന്ന അഭിപ്രായം ഒരിക്കലുമില്ല. 'തമ്മില്‍ഭേദം തൊമ്മന്‍' എന്ന തത്ത്വം ഉപയോഗിക്കുന്നു എന്നുമാത്രം. ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും കോണ്‍ഗ്രസിന് എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും അടിസ്ഥാനമിട്ടതെന്ന കാര്യം നിഷേധിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. മനുഷ്യസഹജമായ തെറ്റുകള്‍ നെഹ്‌റു ഉള്‍പ്പെടെ എല്ലാവര്‍ക്കുമുണ്ടാവും. ഒരുപക്ഷേ, പട്ടേല്‍ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യയും ഒരു ഹിന്ദുത്വ മതരാഷ്ട്രമായേനെ!

ഡോ. എം. ഹനീഫ്

 

 

 

 

തിരുത്ത്

ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതൃത്വം മൗലാനാ അഫ്‌സല്‍ ഹുസൈന്‍ സാഹിബിന്റെ സഹായിയായിട്ടാണ് മുഹമ്മദ് അശ്ഫാഖ് സാഹിബിനെ നിയമിച്ചിരുന്നത്. ലേഖനത്തില്‍ (മുഹമ്മദ് അശ്ഫാഖ് ഒരു കര്‍മയോഗിയുടെ വിയോഗം, നവംബര്‍ 9, 2018) ഹാമിദലി സാഹിബിന്റെ സഹായിയായി നിയമിച്ചു എന്നത് ശരിയല്ല.

ടി. ആരിഫലി


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (05-08)
എ.വൈ.ആര്‍

ഹദീസ്‌

ഉപകാരമില്ലാത്ത അറിവ്
സി.കെ മൊയ്തു മസ്‌കത്ത്