Prabodhanm Weekly

Pages

Search

2018 നവംബര്‍ 30

3078

1440 റബീഉല്‍ അവ്വല്‍ 21

അക്ഷരങ്ങളുടെ കഥ

സദ്‌റുദ്ദീന്‍ വാഴക്കാട്

(അറിവിന്റെ ആഘോഷവും സംസ്‌കാരങ്ങളുടെ സമ്മേളന വേദിയുമായ 37-ാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയെ കുറിച്ച്)

സാംസ്‌കാരിക അഭ്യുന്നതിയുടെ അടയാളക്കുറികളില്‍ പ്രധാനമാണല്ലോ അറിവ്. അക്ഷരങ്ങള്‍ കോര്‍ത്തുകെട്ടി ആശയങ്ങളുടെ ആകാശ ലോകത്തേക്ക് നമ്മെ ആനയിക്കുന്ന പുസ്തകങ്ങള്‍ ഈ അറിവിന്റെ അക്ഷയഖനികളാണ്. അതുകൊ് മൂല്യവത്തായ ഓരോ പുസ്തകവും മഹത്തായ സാംസ്‌കാരിക പ്രവര്‍ത്തനമാണ്. ജീവിതത്തെ അക്ഷരങ്ങളിലാക്കി, പേജില്‍ പകര്‍ത്തിവെച്ച് തുന്നിക്കെട്ടുന്നതാണ്  പുസ്തകങ്ങള്‍. ജീവനുള്ള ശരീരം പോലെ തുടിക്കുന്ന ഹൃദയമുണ്ട് പുസ്തകങ്ങള്‍ക്കും. പുസ്തങ്ങള്‍ക്കരികിലൂടെ  നടന്നു പോകുമ്പോള്‍ ആ ഹൃദയമിടിപ്പ് നമുക്ക് കേള്‍ക്കാം, കൈയിലെടുത്താല്‍ അതിലെ അക്ഷരങ്ങള്‍ നമ്മോട് സംസാരിക്കും. ബുക്ക് ഷെല്‍ഫില്‍നിന്ന് ഗ്രന്ഥകാരനോ, കഥാ പാത്രമോ ഇറങ്ങി വന്ന് നമ്മുടെ കൈ പിടിക്കും, നമ്മുടെ കൂടെ വരാന്‍ കൊതിക്കും. കൂടെ കൂട്ടിയില്ലെങ്കില്‍ നമ്മോട് കെറുവിക്കും! അക്ഷരങ്ങളോട് പ്രണയവും അറിവിനോട് ദാഹവും തോന്നുമ്പോഴാണ് നാം പുസ്തകങ്ങളോട് ഇവ്വിധം ഹൃദയബന്ധത്തിലാകുന്നത്. ഒരു പുസ്തകം അതായി നമ്മളിലെത്തുന്നതുവരെ അത് കടന്നു വന്ന എല്ലാ കൈകളോടും വഴികളോടും നമുക്ക് ആദരവ് തോന്നുന്നത്. അങ്ങനെ വരുമ്പോള്‍, ഭാവനയുടെ വാനമേഘങ്ങളില്‍ ഉയരെ പറന്ന് അനുഭവങ്ങള്‍ സമം ചേര്‍ത്ത് ആഖ്യായികകള്‍ തീര്‍ക്കുന്നവരും, അറിവിന്റെ ചക്രവാളങ്ങള്‍ താണ്ടിയും ആഴങ്ങളില്‍ മുങ്ങിയും വൈജ്ഞാനിക രചനകള്‍ നിര്‍വഹിക്കുന്നവരും നമുക്ക് പ്രിയപ്പെട്ടവരും നമ്മളാല്‍ ബഹുമാനിതരുമാകുന്നതു പോലെ, മുഖം കാണാത്തവരും പേരറിയാത്തവരും മുദ്രകള്‍ പതിക്കാത്തവരുമായ മറ്റനവധി പേര്‍ ഈ സംസ്‌കാര നിര്‍ഝരിയില്‍ തുള്ളി ചേര്‍ന്നവരായുണ്ടാകും. അപ്പോള്‍, പുസ്തകമെഴുത്ത് മാത്രമല്ല, അതിന്റെ അക്ഷരവിന്യാസം, രൂപകല്‍പ്പന, മുഖചിത്രം, അച്ചടി, പ്രദര്‍ശനം, വിതരണം, വായന, നിരൂപണം തുടങ്ങിയവയെല്ലാം സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഒരു പുസ്തകത്തിന്റെ തലവാചക ശകലമോ, രചയിതാവിന്റെ പേരോ ഓര്‍മയില്‍ നിന്നെടുത്ത് പറയുമ്പോള്‍, ആ കൃതിയുടെ മുഴുവന്‍ പേരും വിവരണവും തന്ന്, വലിയ സ്റ്റാളിലെ പുസ്തകക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന് ഞൊടിയിടയില്‍ അതെടുത്ത് തരുന്ന വില്‍പ്പനക്കാരന്‍ മുതല്‍, അറിവിന്റ സൂക്ഷിപ്പ് സ്ഥലമാണെന്ന ഉത്തമ ബോധ്യത്തോടെ ബുക് ഷെല്‍ഫുകള്‍ പണിയുന്ന ആശാരി ഉള്‍പ്പെടെ ഈ സാംസ്‌കാരിക ദൗത്യത്തില്‍ ഭാഗഭാക്കാകുന്നു. ഇത്തരത്തില്‍, എഴുത്തുകാര്‍ മുതല്‍ പോര്‍ട്ടര്‍മാര്‍ വരെ, വിതരണക്കാര്‍ മുതല്‍ വായനക്കാര്‍ വരെ സംഗമിച്ച് സംവദിക്കുന്ന സാംസ്‌കാരിക ആഘോഷങ്ങളാണ് പുസ്തകോത്സവങ്ങള്‍! 

അറബ് ലോകത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളും വൈജ്ഞാനിക പാരമ്പര്യവും ഷാര്‍ജാ ഭരണാധികാരി ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീര്‍ഘവീക്ഷണവുമൊക്കെ അടയാളപ്പെടുത്തുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം, പുസ്തകത്താളുകളിലെ ആശയ പ്രപഞ്ചം തുറന്നു വെക്കുന്ന മൂന്ന് ലോകോത്തര പുസ്തക മേളകളിലൊന്നാണ്. ഗവേഷകനും ഒട്ടനവധി മികച്ച ഗ്രന്ഥങ്ങളുടെ രചയിതാവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, ഒരു രാജ്യത്തെയും  ജനതയെയും വൈജ്ഞാനിക വളര്‍ച്ചയിലൂടെ എങ്ങനെ ലോകത്തിന്റെ  മുന്നില്‍ നടത്താം എന്നതിനു മികച്ച മാതൃകയത്രെ. ഇത്തവണ മേളയിലെ തന്റെ പു

സ്തക പ്രകാശന വേളയില്‍  പ്രകാശ് രാജ് പറഞ്ഞ പോലെ, 3000 കോടി രൂപ ചെലവിട്ട് പ്രതിമ നിര്‍മിക്കുന്ന ഭരണാധികാരികളുള്ള ലോകത്ത,്  അറിവിനും പുസ്തകങ്ങള്‍ക്കും വേണ്ടി അത്യധ്വാനം ചെയ്യുകയും എല്ലാവിധ പ്രോത്സാഹനവും നല്‍കുകയും ചെയ്യുന്ന ഭരണാധികാരിയേയും നാം കാണുന്നു. ആശയ - ആവിഷ്‌കാര ബഹുത്വങ്ങളെ തച്ചുടച്ച് ഏകശിലാത്മകത നടപ്പിലാക്കാന്‍ ഹിംസാത്മകമായി ശ്രമിക്കുന്നവര്‍ ഒരു ഭാഗത്തുള്ളപ്പോള്‍ തന്നെയാണ്, സാംസ്‌കാരിക വൈവിധ്യതയെ വളര്‍ത്തിയെടുക്കാന്‍ ആഘോഷപൂര്‍വം ഇത്തരം മഹദ് സംരംഭങ്ങള്‍ ഒരുക്കി, അവ വിജയിപ്പിക്കാന്‍ മുന്നില്‍ നിന്ന് പരിശ്രമിക്കുന്നവര്‍ മാതൃകയാകുന്നത്. 

അക്ഷരങ്ങളുടെ കഥ എന്ന  പ്രമേയത്തില്‍ സംഘടിപ്പിച്ച ഇത്തവണത്തെ ഷാര്‍ജാ അന്താരാഷ്ട്ര പു

സ്തക മേളയില്‍ ജപ്പാന്‍ അതിഥി രാജ്യമായതും ഇതിന്റെ സൂചകം തന്നെ. ഒക്‌ടോബര്‍ 31-നു മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്, സാംസ്‌കാരിക വളര്‍ച്ചയെയും സൗഹൃദത്തെയും മാനവിക മൂല്യങ്ങളെയും കുറിച്ചാണ് ഡോ. സുല്‍ത്താന്‍ ഖാസിമി ഊന്നിപ്പറഞ്ഞതും. അറബി അക്ഷരങ്ങളോടൊപ്പം ജപ്പാനീസ് ഭാഷയിലെ അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച കവാടങ്ങളും ബോര്‍ഡുകളും ജപ്പാനീസ് കലാകാരന്മാരുടെ പ്രകടനവുമൊക്കെ ഈ സാംസ്‌കാരിക സൗഹൃദത്തിന്റെ പ്രയോഗ സാക്ഷ്യങ്ങളായിരുന്നു. അനേകം രാജ്യങ്ങളില്‍ നിന്ന്, വ്യത്യസ്ത പാരമ്പര്യങ്ങളും ഭാഷകളും അഭിരുചികളും വേഷവിധാനങ്ങളും ഭിന്നമായ ചരിത്ര ശേഷിപ്പുകളും മറ്റുമെല്ലാമുള്ള പ്രസാധകരും പുസ്തകങ്ങളും എഴുത്തുകാരും വായനക്കാരും ആശയ വിനിമയങ്ങളുമെല്ലാം പതിനൊന്നു നാള്‍ ഏറെ സൗഹൃദപരമായി ഒരു മേല്‍ക്കൂരക്കു കീഴില്‍ സംഗമിക്കുന്നു.

സാംസ്‌കാരിക വൈവിധ്യത്തെയും സൗഹൃദപൂര്‍ണമായ സഹവര്‍ത്തിത്വത്തെയും കുറിച്ച് ഇത് ലോകത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. 

ഈ അനുഭവങ്ങളെല്ലാം നേരിട്ടറിയാന്‍ അവസരം തന്ന, ഷാര്‍ജാ എക്‌സ്‌പോ സെന്ററില്‍, 2018 ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെയുള്ള ആ പതിനൊന്ന് ദിനരാത്രങ്ങള്‍ ജീവിതത്തിലെ അനുഗൃഹീത നിമിഷങ്ങളായിരുന്നു. 39 വര്‍ഷങ്ങള്‍ പിന്നിട്ട എക്‌സ്‌പോ സെന്ററിലെ  മുപ്പത്തിയേഴാമത്  ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തകങ്ങളെ പ്രണയിച്ചു നടന്ന ആ മണിക്കൂറുകള്‍ പക്ഷേ, എത്ര പെട്ടെന്നാണ് തീര്‍ന്നു പോയത്. തീര്‍ച്ചയായും അതൊരു ആഘോഷമായിരുന്നു, അറിവിന്റെയും അനുഭവങ്ങളുടെയും ആഘോഷം. 470-ലേറെ എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്ത, വ്യവസ്ഥാപിതമായി നടന്ന 1800 പരിപാടികള്‍ ആശയപരമായി മികവുറ്റതും സംവാദാത്മകവുമായിരുന്നു. അറിവിന്റെ ഭണ്ഡാരങ്ങള്‍ നിറച്ച് എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും അവിടേക്ക് പ്രസാധകര്‍ വന്നെത്തിയിരുന്നു. ഷാര്‍ജാ എക്‌സ്‌പോ സെന്ററിലെ വിശാലമായ അങ്കണത്തില്‍, 77 രാജ്യങ്ങളില്‍ നിന്ന് വന്ന 1874 പ്രസാധകര്‍, 16 ലക്ഷം തലക്കെട്ടുകളിലുള്ള 20 ദശലക്ഷം പുസ്തകകളാണ് വായനക്കാര്‍ക്കായി നിരത്തി വെച്ചത്. ഏഴ് ഹാളുകളിലായി സ്റ്റാളുകള്‍ സംവിധാനിച്ചിരുന്നു. ആദ്യ നാല് ഹാളുകളിലാണ് അറബി പുസ്തകങ്ങള്‍ പ്രധാനമായും ഉണ്ടായിരുന്നത്. 5, 6 ഹാളുകളില്‍ ഇംഗ്ലീഷ് പുസ്തകങ്ങളും പൊതു വിജ്ഞാന സംരംഭങ്ങളും മറ്റുമായിരുന്നു പ്രധാനം. ഏഴാമത്തെ ഹാളായിരുന്നു ഇന്ത്യന്‍ പ്രസാധകരുടെ ഇടം. കൗതുകത്തിന് കണ്ടു പോകുന്നവര്‍ക്ക് ഒരു ദിവസം കൊണ്ട് ആകെയൊന്ന് ചുറ്റിനടന്ന് കാണാം. എന്നാല്‍, ഗൗരവത്തോടെ പുസ്തകങ്ങളെ സമീപിക്കുന്ന ബഹുഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് ഏറക്കുറെ സ്റ്റാളുകളെല്ലാം സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ പരിചയപ്പെടാനും തെരഞ്ഞെടുക്കാനും പത്തു ദിവസം മതിയാകില്ല!

എന്നാല്‍, പുസ്തകങ്ങള്‍ കണ്ടെത്താന്‍ പൊതുവായും ഓരോ ഹാളിനു മുന്നിലും  ഒരുക്കിയ മികച്ച അന്വേഷണ കേന്ദ്രങ്ങള്‍ എടുത്തു പറയേണ്ടതാണ്. പുസ്തകത്തിന്റെയോ എഴുത്തുകാരുടെയോ പേര് പറഞ്ഞാല്‍ മതി, ഏതു ഹാളിലെ ഏതു സ്റ്റാളിലാണ് അതുള്ളതെന്ന് കൃത്യമായി പറഞ്ഞു തരാന്‍ എപ്പോഴും അവിടെ ആളുണ്ടാകും. എത്ര നീണ്ട ലിസ്റ്റുമായി ചെന്നാലും അതെല്ലാം കൃത്യമായി അടയാളപ്പെടുത്തിത്തരുന്ന അവരുടെ ആതിഥ്യവും സഹായ മനസ്സും മേളയിലെ മറ്റൊരു അനുഭവമാണ്. സ്റ്റാളുകളുടെ സ്ഥാനവും ഇനവും നമ്പറും രേഖപ്പെടുത്തിയ മേളയുടെ മാപ്പും മുഴുവന്‍ പരിപാടികള്‍, അതിഥികള്‍, പുസ്തക പ്രകാശനങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ കൈപ്പുസ്തകങ്ങളും ഓരോ ദിവസവും ഇംഗ്ലീഷിലും അറബിയിലുമായി പുറത്തിറങ്ങിയ 24 പേജുള്ള ന്യൂസ് ലെറ്ററുകളും ക്യത്യമായ വിവരങ്ങള്‍ തരുന്നു. 

പുസ്തക പ്രദര്‍ശനം പോലെ പ്രധാനമാണ് മേളയിലെ സാഹിത്യ-സാംസ്‌കാരിക സംഗമങ്ങള്‍. പുസ്തക പ്രകാശനം, കവിയരങ്ങ്, കഥാ അവതരണം, വിവിധ വിഷയങ്ങളിലൂന്നിയ ചര്‍ച്ചകള്‍ തുടങ്ങിയവയിലെല്ലാം നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. ഇങ്ങനെയുള്ള ചെറുതും വലുതുമായ 1800 പരിപാടികള്‍ നടന്നുവെന്നതില്‍ നിന്ന് തന്നെ ഇതിന്റെ വൈപുല്യം മനസിലാക്കാവുന്നതാണ്. കള്‍ച്ചറല്‍ കഫേ, ബുക് ഫോറം, ഇന്റലക്ച്വല്‍ ഹാള്‍, ലിറ്ററേച്ചര്‍ ഫോറം, തിയേറ്റര്‍, കിഡ്‌സ് കോര്‍ണര്‍, ബാള്‍ റൂം തുടങ്ങിയവയിലാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. അറബി കവിയരങ്ങുകളില്‍ മിക്കപ്പോഴും നല്ല ആസ്വാദകരുണ്ടായിരുന്നു. 

 

ഫലസ്ത്വീന്‍, സിറിയ, അള്‍ജീരിയ, ഈജിപ്ത്, സുഊദി അറേബ്യ, മൊറോക്കോ, കുവൈത്ത്, ലബനാന്‍, ഇറാഖ്, യു.കെ, അമേരിക്ക, ഇന്ത്യ, ജോര്‍ദാന്‍, സ്‌പെയ്ന്‍, ഇറ്റലി, യമന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  നിന്ന് പ്രമുഖ സാഹിത്യകാരന്മാര്‍ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാനെത്തി. ഈ എഴുത്തുകാര്‍ ഒരുമിച്ച് വേദി പങ്കിട്ട ചര്‍ച്ചകള്‍ ആശയ വൈവിധ്യത കൊണ്ട് വേറിട്ട അനുഭവങ്ങള്‍ സമ്മാനിച്ചു. വിദേശ എഴുത്തുകാരെ നേരില്‍ കാണാനും സംസാരിക്കാനുമുള്ള അവസരം വേദികള്‍ക്ക് അകത്തും പുറത്തും നിരവധി പേര്‍ പ്രയോജനപ്പെടുത്തുന്നത് കാണാമായിരുന്നു. 'ഒപ്പു മൂല'യില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ എഴുത്തുകാര്‍ സ്വന്തം കൃതികളില്‍ ഒപ്പിട്ട് നല്‍കുന്നിടത്തും വായനക്കാര്‍ ധാരാളമെത്തി. കിഡ്‌സ് കോര്‍ണറില്‍ കുട്ടികള്‍ക്കായി വൈജ്ഞാനികവും കലാ സാഹിത്യ അഭിരുചികള്‍ വളര്‍ത്താനുതകുന്നതുമായ പരിപാടികള്‍ നിരവധിയുണ്ടായിരുന്നു.

കിടയറ്റ ഗ്രന്ഥങ്ങള്‍ വായനക്കെത്തിച്ച പഴക്കവും പാരമ്പര്യവുമുള്ള പ്രസാധകരും നവാഗതരെങ്കിലും മികച്ച കൃതികള്‍ പ്രസിദ്ധീകരിച്ച് ശ്രദ്ധേയരായവരും മേളയിലുണ്ട്. എല്ലാ മതവിഭാഗക്കാര്‍ക്കും വ്യത്യസ്ത വായനാ അഭിരുചിയുള്ളവര്‍ക്കും സംതൃപ്തി നല്‍കുന്ന വൈവിധ്യത പുസ്തകമേളയുടെ പ്രത്യേകതയാണ്. കഥ, കവിത, നോവല്‍ സാഹിത്യത്തില്‍ മൗലിക കൃതികളും വിവര്‍ത്തനങ്ങളും ധാരാളം. ശാസ്ത്രം, നിയമം, ഭാഷ, ചരിത്രം, തത്ത്വശാസ്ത്രം, സംസ്‌കാരം, സ്‌പോര്‍ട്‌സ്, ഇസ്‌ലാമിക പഠനം, ബാലസാഹിത്യം, സിനിമ തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലെയും കൃതികള്‍ ലഭ്യമാണ്. പൊതുസ്വഭാവമുള്ള (ജനറല്‍ കാറ്റഗറി) നൂറുകണക്കിന് പ്രസിദ്ധീകരണാലയങ്ങളില്‍ പലതരം പുസ്തകങ്ങള്‍ ലഭ്യമാകുമ്പോള്‍, ഓരോ വിഭാഗത്തിനും പ്രത്യേകം പ്രസാധനാലങ്ങള്‍ വെവ്വേറെത്തന്നെ സംവിധാനിച്ചിരിക്കുന്നു. നൂറോളം പ്രസാധനാലയങ്ങളുള്ള ബാലസാഹിത്യങ്ങളുടെ ലോകം വിശാലമായിരുന്നു. ബാലസാഹിത്യങ്ങളുടെ രൂപകല്‍പനയും നിര്‍മാണവും അത്യാകര്‍ഷകവും കിടയറ്റതും തന്നെ! ചില കൃതികള്‍ കുട്ടികള്‍ ചോദിച്ചു വരുന്നത് കാണാന്‍ കഴിഞ്ഞു. മലയാള പ്രസാധനാലയങ്ങള്‍ക്കൊക്കെ ഇതില്‍ നിന്ന് പഠിക്കാനും പകര്‍ത്താനും ഏറെയുണ്ട്.

ലബനാന്‍, ഈജിപ്ത്, മൊറോക്കൊ, ജോര്‍ദാന്‍, തുനീഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രസാധനാലയങ്ങളാണല്ലോ അറബ് മുസ്‌ലിം ലോകത്തെ പുസ്തക പ്രസിദ്ധീകരണത്തിന്റെ മുന്‍നിരയിലുള്ളത്. ഷാര്‍ജ പുസ്തക മേളയില്‍ അവരുടെ നിറസാന്നിധ്യമുായിരുന്നു. ദാറുശ്ശുറൂഖ്, ദാറുല്‍ മസീറ, ദാറുല്‍ ഫിക്ര്‍, ദാറുല്‍ ഫുര്‍ഖാന്‍, ദാറുന്നസീഫ് (ജോര്‍ദാന്‍), ദാറു ഇബ്‌നു കഥീര്‍, ദാറുല്‍ ഫിക്ര്‍, ദാറുല്‍ മക്തബി, ദാറുല്‍ ജദീദ്, ദാറുല്‍ മആരിഫ്, ദാറുല്‍ ഖലം (സിറിയ), ദാറുല്‍ കുതുബ്, ദാറുല്‍ ഖലം, ദാറുശ്ശര്‍ഖ് അല്‍ അറബി, ദാറുസ്സാഖീ, ദാറുസ്സഖഫ്, ദാറുന്നവാദിര്‍, ദാറു ഇബ്‌നു ഹസം, അല്‍ മക്തബത്തു ശര്‍ഖിയ്യ, ദാറുല്‍ ബലാഗ്, മക്തബതു ലബനാന്‍ നാഷിറൂന്‍ (ലബനാന്‍), ദാറുല്‍ ഫിക്ര്‍ അല്‍ അറബി, ദാറുല്‍ മആരിഫ്, ദാറുല്‍ കിതാബ് അല്‍ അറബി, ദാറുല്‍ കിതാബ് അല്‍ മിസ്‌രീ (ഈജിപ്ത്), ദാറുല്‍ ഖലം (ബൈറൂത്ത്) തുടങ്ങിയ മുന്‍നിര പ്രസാധകര്‍ മേളയെ ധന്യമാക്കിയവരില്‍ ചിലരാണ്. സുഡാനില്‍ നിന്നും നിരവധി പ്രസാധകരും, ഇറാന്‍, തുര്‍ക്കി, തുനീഷ്യ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകാലയങ്ങളും മേളക്കെത്തിയിട്ടുണ്ട്. 

വൈജ്ഞാനിക- സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ യു.എ.ഇ കൈവരിച്ച മുന്നേറ്റം വിളംബരം ചെയ്യുന്ന അനേകം പ്രസാധനാലയങ്ങളും ചരിത്ര-സാംസ്‌കാരിക വകുപ്പുകളും മേളയുടെ ആകര്‍ഷണീയത തന്നെ. എല്ലാ ഇനങ്ങളിലും പെട്ട വൈജ്ഞാനിക കൃതികളും സര്‍ഗ സാഹിത്യ രചനകളും പ്രസിദ്ധീകരിക്കുന്ന ഔദ്യോഗികവും സ്വകാര്യവുമായ മികച്ച പ്രസാധകര്‍ യു.എ.ഇയിലുണ്ട്. അല്‍ ഖാസിമി പബ്ലിക്കേഷന്‍സ്, ഷാര്‍ജ യുനിവേഴ്‌സിറ്റി പ്രസാധനാലയം, യു.എ.ഇ എഴുത്തുകാരുടെ കൂട്ടായ്മ (ഇത്തിഹാദു കുത്താബി വ ഉദബാഇല്‍ ഇമാറാത്ത്), മര്‍കസുല്‍ ഇമാറാത്ത് ലിദ്ദിറാസാത്തി വല്‍ ബുഹൂസില്‍ ഇസ്തിറാതീജിയ്യ തുടങ്ങി എടുത്തു പറയേണ്ടവ തന്നെ നിരവധി. 

യു.കെയില്‍ നിന്നെത്തിയ ഒരുപറ്റം പ്രസാധകരുടെ അറബി - ഇംഗ്ലീഷ് പുസ്തകങ്ങള്‍ മികവുറ്റതും യൂറോപ്പിലെ ഇസ്‌ലാമിക ഉണര്‍വുകളെയും വൈജ്ഞാനിക മുന്നേറ്റത്തെയും സാക്ഷ്യപ്പെടുത്തുന്നവയുമാണ്. അല്‍ഫുര്‍ഖാന്‍ ഇസ്‌ലാമിക് ഹെറിറ്റേജ് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇതിന്റെ ഉത്തമോദാഹരണമാണ്. മഖാസിദുശ്ശരീഅയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഒരു ഗ്രന്ഥപരമ്പര തന്നെയുണ്ട്. അല്‍ഫുര്‍ഖാന്റെ ഭാഗമായ മര്‍കസു ദിറാസാത്തില്‍ മഖാസിദിശ്ശരീഅ അല്‍ ഇസ്‌ലാമിയ്യയാണ് ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഫലസ്ത്വീന്‍, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിരവധി പ്രസാധകരുണ്ട്. അല്‍ശാമില്‍ പബ്ലിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍, ദാറുല്‍ ഫാറൂഖ് പബ്ലിഷിംഗ് ആന്റ് കള്‍ച്ചര്‍, തമര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിറ്റി എജുക്കേഷന്‍  തുടങ്ങിയവ ഫലസ്ത്വീനില്‍ നിന്നെത്തിയ പ്രസാധകരാണ്. ഫലസ്ത്വീന്‍ ചരിത്രവും വര്‍ത്തമാനവും പറയുന്ന പുസ്തകങ്ങള്‍ ധാരാളമുണ്ട് മേളയില്‍. ദാറുല്‍ ഫര്‍ഷാത്ത്, ദാറുല്‍ കുതുബ് അല്‍ ഇല്‍മിയ്യ ലൈബ്രറി, ദാറു സുത്തൂര്‍ തുടങ്ങി ഇറാഖില്‍ നിന്നും ഏതാനും പ്രസാധനാലയങ്ങളുണ്ട്. അധിനിവേശവും ആഭ്യന്തര സംഘര്‍ഷങ്ങളും ചോരപ്പുഴയൊഴുക്കിയ ഇറാഖിന്റെ മണ്ണില്‍ ബഗ്ദാദിന്റെയും മറ്റും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം പഴയ പ്രൗഢിയില്‍ നിലനില്‍ക്കുന്നില്ലെങ്കിലും അത് തീരെ കെട്ടു പോയിട്ടില്ലെന്ന് അറിയിക്കാന്‍ മേളയിലെ അവരുടെ സാന്നിധ്യം സഹായകമാണ്. തുനീഷ്യയില്‍ നിന്നെത്തിയ പ്രസാധകരില്‍ സൈത്തൂന യൂനിവേഴ്‌സിറ്റിയുടെ സ്റ്റാള്‍ ശ്രദ്ധേയമായി അനുഭവപ്പെട്ടു. ഇബ്‌നു ഖല്‍ദൂന് ജന്മം നല്‍കിയ, ചരിത്രത്തില്‍ സുവര്‍ണ ശോഭയുള്ള സൈത്തൂന യൂനിവേഴ്‌സിറ്റി അതിന്റെ വൈജ്ഞാനിക പാരമ്പര്യം നിലനിര്‍ത്തുന്നുവെന്ന് തെളിയിക്കുന്ന നിരവധി മികച്ച കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകങ്ങളുമായി മേളക്കെത്തിയ യൂനിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. സാലിം അത്‌റാശുമായി സൗഹൃദത്തിലായത് പെട്ടെന്നായിരുന്നു. 

നാഗരികതകളുടെ സംഘര്‍ഷവും സംവാദവും, ഇസ്‌ലാമിക ചരിത്രം, സാമൂഹിക ശാസ്ത്രം, മഖാസിദു ശ്ശരീഅ, ന്യുനപക്ഷ കര്‍മ ശാസ്ത്രം, താരതമ്യ കര്‍മ ശാസ്ത്രം, പുതിയ കാലത്തെ പ്രമാണവായന തുടങ്ങിയ വിഷയങ്ങളിലെല്ലാം അറബ് മുസ്‌ലിം ലോകത്ത് പുതിയ പഠനങ്ങള്‍ പുറത്തിറങ്ങുന്നുണ്ടെന്ന് മേള സാക്ഷ്യപ്പെടുത്തുന്നു. മുഅസ്സസത്തു ഉമ്മാന്‍, ഒമാന്‍ ഔഖാഫ് മന്ത്രാലയം എന്നിവരുടെ ചില പുസ്തകങ്ങള്‍ താരതമ്യ കര്‍മശാസ്ത്രത്തില്‍ പ്രധാനമായി തോന്നി. മര്‍കസുന്നമാഅ് ലില്‍ ബുഹൂഥി വദ്ദിറാസാത്ത് പ്രസിദ്ധീകരിച്ച തുര്‍ക്കി എഴുത്തുകാരനായ മുഹമ്മദ് സാഹിദ് ജൂലിന്റെ അത്തജ്‌രിബത്തു ന്നഹ്‌ളവിയ്യത്തു ത്തുര്‍ക്കിയ, ജസ്റ്റിസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടി എങ്ങനെയാണ് തുര്‍ക്കിയെ പുരോഗതിയിലേക്ക് നയിച്ചത് എന്ന് വിശദീകരിക്കുന്ന കൃതിയാണ്. ചരിത്രപഠിതാക്കളെ വലിയ അളവില്‍ തൃപ്തിപ്പെടുത്താന്‍ മതിയായ ഒട്ടനവധി കനപ്പെട്ട കൃതികള്‍ വിവിധ പ്രസാധകരുടേതായി മേളയിലുണ്ട്. വിശേഷിച്ചും, ഇസ്‌ലാമിക ചരിത്രത്തിന്റെ വ്യത്യസ്ത അടരുകളെ വിശകലന പഠനത്തിന് വിധേയമാക്കുന്ന ചരിത്ര ഗ്രന്ഥങ്ങള്‍ അമൂല്യം തന്നെ. ചരിത്രത്തിലും വ്യത്യസ്ത പഠന ശാഖകളിലും പലപ്പോഴായി അന്വേഷിച്ചു കൊണ്ടിരുന്നതും ആഗ്രഹിച്ചിരുന്നതുമായ എത്രയെങ്കിലും കൃതികള്‍ മേളയില്‍ കാണാനിടയായെങ്കിലും അവ മറിച്ചു നോക്കി കൊതി തീര്‍ക്കാനേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഇതര രാജ്യങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ എത്തിക്കാനും മറ്റുമൊക്കെയായി വരുന്ന വലിയ ചെലവു കൊണ്ടു കൂടിയാകണം  ഉയര്‍ന്ന വില നമുക്ക് താങ്ങാന്‍ പ്രയാസമാണ്. അതുകാരണം പലപ്പോഴും ആഗ്രഹിച്ച് കൈയിലെടുത്ത പുസ്തകങ്ങള്‍ പലതും തിരികെ വെക്കേണ്ടി വന്നു. 

അണമുറിയാത്ത ജനപ്രവാഹമായിരുന്നു പുസ്തകമേളയിലേക്ക്; അവധി ദിവസങ്ങളില്‍ വിശേഷിച്ചും. ജനത്തിരക്ക് കാരണം ചില സന്ദര്‍ഭങ്ങളില്‍ ലക്ഷ്യസ്ഥാനത്തേക്ക് കടന്നു പോവുക ശ്രമകരമായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് 22.3 ലക്ഷം പേരാണ് പുസ്തകമേള സന്ദര്‍ശിച്ചത്. ഇതില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരായിരുന്നു ഏറിയ പങ്കും. ഇമാറാത്തി സ്ത്രീ-പുരുഷന്മാര്‍ വര്‍ധിച്ച താല്‍പര്യത്തോടെയാണ് പുസ്തകങ്ങള്‍ വാങ്ങാനെത്തിയത്. ചില യു.എ.ഇ പ്രസാധനാലയങ്ങള്‍ക്കു മുമ്പില്‍ മിക്ക സമയത്തും നല്ല തിരക്ക് അനുഭവപ്പെടുന്നത് കാണാമായിരുന്നു. ഒരു ഭാഗത്ത് ഫിക്ഷന്‍ വായന വര്‍ധിക്കുമ്പോള്‍ തന്നെ, വൈജ്ഞാനിക രചനകളും ക്ലാസിക്കല്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങളും നോട്ട് കുറിച്ച് അന്വേഷിച്ചു നടന്ന് വാങ്ങുന്ന നിരവധി ഇമാറാത്തി സഹോദരങ്ങളെ കാണാന്‍ സാധിച്ചു. സ്ത്രീകളും ഇതില്‍ മുന്നിലാണ്. ലോകോത്തരമായ നോവലുകളും കഥാ സമാഹാരങ്ങളും അറബിയിലേക്ക് ഇപ്പോള്‍ ധാരാളമായി വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. വിവര്‍ത്തന ഗ്രന്ഥങ്ങള്‍ മാത്രം പുറത്തിറക്കുന്ന പ്രസാധനാലയങ്ങളുമുണ്ട്. ഇവക്കൊക്ക നല്ല വായനക്കാരുണ്ടെന്നാണ് ഒരു ഫലസ്ത്വീനി സെയില്‍സ് ഗേള്‍ വിശദീകരിച്ചു തന്നത്. ഏതാനും മണിക്കൂറുകള്‍ മേളയില്‍ ചെലവഴിച്ചാല്‍ തന്നെ ട്രോളി നിറയെ പുസ്തകങ്ങള്‍ വാങ്ങിപ്പോകുന്ന നിരവധി പേരെ കാണാനാകും. ഭക്ഷണ സാധനങ്ങളും അലങ്കാര വസ്തുക്കളും മറ്റും വാങ്ങിയിടാനുള്ളത് മാത്രമല്ല ട്രോളികള്‍ എന്ന് പ്രഖ്യാപിക്കുന്ന ഒരു സമൂഹം അഭിമാനകരം തന്നെയാണ്. യു.എ.ഇയില്‍ പൊതുവിലും ഷാര്‍ജയില്‍ വിശേഷിച്ചും സ്ത്രീ സമൂഹത്തില്‍ പ്രത്യേകമായും വര്‍ധിച്ചു വരുന്ന വായനാ താല്‍പര്യം ആ ജനതയുടെ സാംസ്‌കാരിക വളര്‍ച്ചയെയാണ്  അടയാളപ്പെടുത്തുന്നത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2.3 ലക്ഷം വിദ്യാര്‍ഥികള്‍ പുസ്തകമേള സന്ദര്‍ശിക്കുകയുണ്ടായി. വിദ്യാലയളില്‍ നിന്ന് കൃത്യമായ ആസൂത്രണത്തോടെ കുട്ടികള്‍ മേളക്ക് എത്തുന്നതു പ്രശംസനീയവും മാതൃകാപരമാണ്. അക്ഷരങ്ങളുടെ ലോകത്തോട് അടുപ്പമുള്ളവരായി, പുസ്തകങ്ങളെയും വായനയെയും സ്‌നേഹിക്കുന്നവരായി വരും തലമുറയെ വളര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഭാവിയെക്കുറിച്ച ശുഭ പ്രതീക്ഷകള്‍ നല്‍കുന്നു. 

ഇന്ത്യന്‍ പ്രസാധകരുടെ നിരയില്‍ മലയാള പുസ്തകാലയങ്ങള്‍ തന്നെയാണ് ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത്. ഡി.സി ബുക്‌സും ഐ.പി.എച്ചും ചിന്താ ബുക്‌സും മാതൃഭൂമിയും പൂര്‍ണ പബ്ലിഷേഴ്‌സും ഉള്‍പ്പെടെ മുന്‍നിരയിലുള്ളവരും നവാഗതരുമായ മലയാള പ്രസാധകര്‍ മേളയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായിരുന്നു. ബുക്ക് ഫെയറിന്റ സംഘാടകരില്‍ പ്രമുഖനായ മോഹന്‍കുമാറും (എക്‌സ്റ്റേണല്‍ അഫേയേഴ്‌സ് എക്‌സിക്യൂട്ടിവ്, ഷാര്‍ജാ ഇന്റര്‍നാഷ്‌നല്‍ ബുക് ഫെയര്‍) മലയാളിയാണ് എന്നത് എടുത്തു പറയേണ്ടതാണ്. പ്രവാസി മലയാളികളുടെ ഒഴുക്കാണ് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയുടെ ഒരു പ്രധാന ആകര്‍ഷണം. കുടുംബ സമേതം പുസ്തകങ്ങള്‍ വാങ്ങാനെത്തുന്ന വിവിധ മതസമുദായക്കാരായ മലയാളികള്‍ക്ക് ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളോടാണ് പ്രിയം. നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയെ ഉയര്‍ത്തിപ്പിടിക്കും വിധമാണ് പ്രസാധനാലയങ്ങളുടെയും എഴുത്തുകാരുടെയും വായനക്കാരുടെയും പങ്കാളിത്തം. പുസ്തകങ്ങള്‍ വാങ്ങുന്നതിനേക്കാള്‍, പ്രിയപ്പെട്ട എഴുത്തുകാരെയും സാംസ്‌കാരിക നായകരെയും നേരിട്ടു കാണാനുള്ള അവസരമായാണ് മിക്കവരും മേളയെ പ്രയോജനപ്പെടുത്തുന്നത്. അതു കൊണ്ട്, മലയാള എഴുത്തുകാര്‍ പൊതുവെ ഷാര്‍ജ ബുക് ഫെയറില്‍ അനൗദ്യോഗികമായെങ്കിലും പങ്കെടുക്കുന്നത് അഭിമാനമായി കാണുന്നു. ഔദ്യോഗിക ക്ഷണം കിട്ടിയവര്‍ക്കു പുറമെ, സ്വന്തമായി വര്‍ഷം തോറും മേളക്കെത്തുന്ന എഴുത്തുകാര്‍ പലരുമുണ്ട്. പ്രകാശ് രാജ്, ശശി തരൂര്‍, കരണ്‍ ഥാപ്പര്‍, കനിമൊഴി, റസൂല്‍ പൂക്കുട്ടി, സന്തോഷ് ഏച്ചിക്കാനം, സിസ്റ്റര്‍ ജസ്മി, ജോയ് മാത്യു, അബ്ദുസ്സമദ് സമദാനി തുടങ്ങി എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്ത സാംസ്‌കാരിക പരിപാടികളും പ്രകാശന ചടങ്ങുകളും ജനനിബിഡമായിരുന്നു. 150-ഓളം മലയാള പുസ്തകങ്ങളാണ് മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. 

പതിനൊന്ന് ദിവസത്തെ മേളയില്‍ പത്ത് ദിവസവും പങ്കെടുക്കാനായത് വലിയ അളവില്‍ പ്രയോജനപ്പെട്ടു. തലശ്ശേരിയിലെ സുഹൃത്തും റെഡ്ഹാറ്റ് അഡ്വര്‍ടൈസിംഗ് കമ്പനി ഉള്‍പ്പെടെയുള്ളവയുടെ സംരംഭകനുമായ പി.കെ ഹനീഫയോടൊപ്പമായിരുന്നു ഇത്തവണ യു.എ.ഇ യാത്ര. അദ്ദേഹത്തിന്റെ ആതിഥ്യവും പിന്തുണയുമാണ് കാര്യങ്ങള്‍ എളുപ്പമാക്കിത്തന്നത്. അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഡയറക്ടര്‍ കടവത്തൂരിലെ ഇംറാന്‍ ഭായ്, എ.പി ജുനൈദ് കരുവാരക്കുണ്ട്, റിയാസ്, യു.എ.ഇയിലെ വി.കെ.എം മൊബൈല്‍സിന്റെ സാരഥി പാനൂര്‍ ഏലാങ്കോട്ടെ വള്ളിക്കിഴക്കേതില്‍ അന്‍വര്‍, ശമീര്‍ കെ. വടകര, ദീര്‍ഘകാലമായി ദുബൈയില്‍ ജോലി ചെയ്യുന്ന വാഴക്കാട് ചെറുവായൂര്‍ സ്വദേശി അശ്‌റഫ്ക്ക, പാനൂരിലെ പൈക്കാട്ട് നൂറുദ്ദീന്‍ സാഹിബ്, നബീല്‍ അഹ്മദ്, മുജീബുര്‍ റഹ്മാന്‍ വാഴക്കാട്, അബ്ദു ശിവപുരം തുടങ്ങിയവരുടെയെല്ലാം പിന്തുണ ഈ യാത്ര സഫലമാകുന്നതിന് സഹായിച്ചിട്ടുണ്ട്.  ടാഗോര്‍ അവാര്‍ഡ് മുതലായ ബഹുമതികള്‍ നേടിയ പ്രമുഖ അറബ് സാഹിത്യകാരന്‍ ശിഹാബ് ഗാനിം സുഡാനി കവയിത്രി ആയത് വഹബി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ പരിചയപ്പെടാന്‍ സാധിച്ചതും സന്തോഷം തന്നു. മാനുഷിക സൗഹാര്‍ദത്തിന്റെയും ബൗദ്ധിക വികാസത്തിന്റെയും ആഗോള അനുഭവം തന്ന ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാകുമായിരുന്നു.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (01-04)
എ.വൈ.ആര്‍