Prabodhanm Weekly

Pages

Search

2018 നവംബര്‍ 30

3078

1440 റബീഉല്‍ അവ്വല്‍ 21

സദാചാരം സ്വാതന്ത്ര്യമാകുന്നതെങ്ങനെ?

എ. റഹ്മത്തുന്നിസ

മനുഷ്യന്റെ എല്ലാ അര്‍ഥത്തിലുമുള്ള പുരോഗതിക്ക് അനിവാര്യമായ ഒന്നാണ് സ്വാതന്ത്ര്യം. ഭക്ഷണം കഴിക്കാന്‍, സംസാരിക്കാന്‍, സഞ്ചരിക്കാന്‍, വിദ്യയാര്‍ജിക്കാന്‍, സമ്പാദിക്കാന്‍, ചെലവഴിക്കാന്‍, കൈവശം വെക്കാന്‍ എന്നു തുടങ്ങി  ജീവിതത്തിന്റെ സകല മേഖലകളിലും സ്വതന്ത്രമായ വ്യവഹാരം നടത്താന്‍ സാധിക്കുമ്പോള്‍ മാത്രമാണ് മനുഷ്യ പുരോഗതി സാധ്യമാവുന്നത്. അതുകൊണ്ടുതന്നെ പ്രകൃത്യാ മനുഷ്യന്‍ സ്വാതന്ത്ര്യദാഹിയാണ്.

സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്

മൃതിയേക്കാള്‍ ഭയാനകം

എന്ന് കുമാരാനാശാന്‍ പാടിയത് അതുകൊണ്ടാണ്. സ്വാതന്ത്ര്യം ഒരു ഇസ്‌ലാമിക മൂല്യമാണ്. ഖുര്‍ആനത് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു: ''ദീന്‍ കാര്യത്തല്‍ ഒരുവിധ ബലപ്രയോഗവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍നിന്ന് വേര്‍തിരിഞ്ഞ്  വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ഇനി ആര്‍ ത്വാഗൂത്തിനെ നിഷേധിച്ച് അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ, അവന്‍ മുറുകെ പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അത് ഒരിക്കലും അറ്റുപോകുന്നതല്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. വിശ്വസിച്ച ജനത്തിന്റെ സഹായിയും രക്ഷകനും അല്ലാഹുവാകുന്നു. അവനവരെ ഇരുട്ടുകളില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നു. സത്യത്തെ നിഷേധിച്ച ജനമോ, അവരുടെ സഹായികളും രക്ഷകരും ത്വാഗൂത്തുകളാകുന്നു. അവര്‍ അവരെ പ്രകാശത്തില്‍നിന്ന് ഇരുട്ടുകളിലേക്ക് വലിച്ചുകൊണ്ടുപോകുന്നു. അവര്‍ നരകവകാശികളാകുന്നു. അവര്‍ അവിടെ തന്നെ സ്ഥിരവാസികളായിരിക്കും'' (2:256, 257).

മനുഷ്യരുടെ എല്ലാ അടിസ്ഥാന ചോദനകളും പൂര്‍ത്തീകരിക്കാനുള്ള സ്വാതന്ത്ര്യം ഖുര്‍ആനും സുന്നത്തും നല്‍കുന്നുണ്ട്. സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണെങ്കിലും, നീതിയും വ്യവസ്ഥയുമുണ്ടെങ്കിലേ അത് നിലനില്‍ക്കുകയുള്ളൂ. അച്ചടക്കവും സ്വാതന്ത്ര്യവും ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണ്. അതിനാല്‍തന്നെ യാതൊരു നിയന്ത്രണവുമില്ലാത്ത സര്‍വതന്ത്ര സ്വാതന്ത്ര്യം കൂടുതല്‍ വിലങ്ങുകളിലേക്കും അടിമത്തത്തിലേക്കുമാണ് മനുഷ്യനെ നയിക്കുക. എന്റെ ജീവിതം, എന്റെ കാശ്, എന്റെ സ്വാതന്ത്ര്യം എനിക്കാസ്വാദിക്കണം എന്ന ചിന്ത ഒരാളെ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നയിക്കുമ്പോള്‍ അയാള്‍ അവയുടെ അടിമയായിത്തീരുകയാണ് ചെയ്യുന്നത്. നിയമങ്ങളും വ്യവസ്ഥകളും യഥാര്‍ഥത്തില്‍ ജീവിതത്തെ മനോഹരമാക്കുകയാണ് ചെയ്യുക. പ്രകൃതിയിലെ ഓരോ ചലനത്തിനും നിയമവും വ്യവസ്ഥയും ക്രമവും ഉള്ളതായി കാണുന്നു. ആ വ്യവസ്ഥക്ക് ഭംഗം വരുമ്പോഴാണ് ദുരന്തങ്ങള്‍ സംഭവിക്കുന്നത്. ''മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശമുളവായിരിക്കുന്നു. ജനം സ്വകര്‍മങ്ങളില്‍ ചിലതിന്റെ രുചി അറിയേണ്ടതിന്. അവര്‍ മടങ്ങിയെങ്കിലോ?'' (ഖുര്‍ആന്‍ 30:41).

വേണ്ടത് വേണ്ട അളവില്‍ വേണ്ട രീതിയിലാവുമ്പോള്‍ മാത്രമാണ് എന്തും ആസ്വാദ്യമാവുന്നത്. ചായക്ക് മധുരം ഉണ്ടാവണമെങ്കില്‍ പഞ്ചസാര വേണം. എന്നാല്‍ ഒരു ഗ്ലാസ് ചായക്ക് പത്ത് സ്പൂണ്‍ പഞ്ചസാര ചേര്‍ത്താലോ? ഉയരെ പറക്കുക എന്ന പട്ടത്തിന്റെ സ്വാതന്ത്ര്യം നിലനില്‍ക്കണമെങ്കില്‍ താഴെ നിന്ന് അതിനെ നിയന്ത്രിക്കുന്ന ഒരു ചരട് വേണം. ചരട് പൊട്ടിയാല്‍ അല്ലെങ്കില്‍ കൈയില്‍നിന്ന് വിട്ടാല്‍ പട്ടം മരച്ചില്ലയിലോ മറ്റോ ഉടക്കി വീഴും. ഇതുതന്നെയാണ് മനുഷ്യ ജീവിതത്തിലും സംഭവിക്കുന്നത്. മരണമടഞ്ഞ ഇന്നലെകളെക്കുറിച്ചും ജനിച്ചിട്ടില്ലാത്ത നാളെകളെക്കുറിച്ചും ഞാനെന്തിന് വേവലാതിപ്പെടണം, ഇന്നത്തെ ജീവിതം മധുരതരമാണെങ്കില്‍ എന്ന ചിന്തയില്‍ ഒരാള്‍ സ്വന്തം സുഖം മാത്രം തേടി പുറപ്പെട്ടാല്‍, അതിനായി സദാചാരവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചാല്‍ തീര്‍ച്ചയായും ആ ജീവിതം നാശത്തിലേക്ക് കൂപ്പു കുത്തും. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് സ്വന്തം ഇണയെ അവഗണിച്ച് ദമ്പതികളിലൊരാള്‍ മറ്റൊരാളുടെ കൂടെ അന്തിയുറങ്ങുന്നത് ഇരുവര്‍ക്കും വിരോധമില്ലെങ്കില്‍ നിയമവിധേയമാണെന്ന് പറയുന്നത്, വലിയ വിപത്തുകളിലേക്കാണ് സമൂഹത്തെ കൊണ്ടെത്തിക്കുക. സ്വവര്‍ഗരതി സ്വകാര്യമായി ചെയ്താല്‍ സമൂഹത്തില്‍ പ്രതിഫലനമുണ്ടാവില്ല എന്ന് പറയുന്നതും ശരിയല്ല. ഇണകളില്‍ ഒരാളുടെ അവകാശവും സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു എന്നതു മാത്രമല്ല പ്രശ്‌നം. അത്തരം കുടുംബങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ അരക്ഷിതരായിരിക്കും. കുട്ടി കുറ്റവാളികളെ കുറിച്ച പഠനങ്ങള്‍ അതാണ് തെളിയിക്കുന്നത്. ഞാന്‍ ആരുടെയും അടിമയല്ല, എല്ലാ നിയമങ്ങളെയും എനിക്ക് പുഛമാണ് എന്ന് പറയുന്നവരും ഏതെങ്കിലും ഒന്നിന്റെ അടിമയായിരിക്കും.

'സ്വേഛയെ തന്റെ ദൈവമായി വരിച്ചവനെ നീ കണ്ടില്ലേ?' (45:23) എന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ടല്ലോ. 'നിങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരിക്കുവോളം നിങ്ങള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം അടിമകളുടെ സ്വാതന്ത്ര്യം മാത്രമായിരിക്കും' എന്ന് മഹാത്മാഗാന്ധി പറഞ്ഞതും അതുകൊണ്ടാണ്. മനുഷ്യനെ അടിമയാക്കുന്നത് സദാചാര നിയമങ്ങളല്ല; അവന്റെ തന്നെ ദേഹേഛകളാണ് എന്ന് ചുരുക്കം. ഓരോ വ്യക്തിയും ഫറോവയും നംറൂദുമാകുന്ന അവസ്ഥയാണിത്. വേരുറച്ച സദാചാരബോധം കൊണ്ട് മാത്രമേ ഒരാള്‍ക്ക് മറ്റുള്ളവരുടെ നിര്‍ബന്ധത്തിനും പ്രേരണക്കും വഴങ്ങിയോ, സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമോ ഒക്കെ മദ്യത്തിനും മറ്റു അരുതായ്മകള്‍ക്കും കീഴ്‌പ്പെട്ടുപോകാതിരിക്കാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ കഴിയൂ.

മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വികാരങ്ങളും വിചാരങ്ങളും ആഗ്രഹങ്ങളും അഭിലാഷങ്ങളുമൊക്കെയുള്ള ജീവിയായിട്ടാണ്; മലക്കുകളായിട്ടല്ല. അടിസ്ഥാന ആവശ്യങ്ങളായ വായു, വെള്ളം, ഭക്ഷണം തുടങ്ങിയവ പോലെ തന്നെ ലൈംഗികാസ്വാദനവും മനുഷ്യന് അനിവാര്യമാണ്. ഇവയൊന്നും ദീനുല്‍ ഇസ്‌ലാം വിലക്കുന്നില്ല. വേണ്ട രീതിയില്‍ ആവശ്യമായ അളവില്‍ ആസ്വദിക്കാനുള്ള പ്രോത്സാഹനം നല്‍കുകയാണ് ചെയ്തിട്ടുള്ളത്.

''മനുഷ്യപുത്രന്മാരേ, എല്ലാ ആരാധനാ സന്ദര്‍ഭങ്ങളിലും അലങ്കാരങ്ങളണിഞ്ഞുകൊള്ളുവിന്‍. തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. ധൂര്‍ത്തടിക്കരുത്. ധൂര്‍ത്തന്മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല'' (7:31).

യഥാര്‍ഥത്തില്‍ അനുവദനീയമായ കാര്യങ്ങള്‍ (ഹലാല്‍) ആണ് കൂടുതലും. അവയാണ് അടിസ്ഥാനം. വിലക്കുകള്‍ (ഹറാം) വളറെ കുറവാണ്. ഹറാം ഗണത്തില്‍ പെടാത്തതെല്ലാം അനുവദനീയമാണ്. ആദി പിതാവിനോടും മാതാവിനോടും ഒരൊറ്റ മരത്തെ മാത്രമേ സമീപിക്കരുത് എന്ന് പറഞ്ഞുള്ളൂ. നീതിപൂര്‍വകമായ സ്വാതന്ത്ര്യം എല്ലാ ഓരോരുത്തരും അനുഭവിക്കണമെങ്കില്‍ ചില അതിര്‍വരമ്പുകള്‍ അനിവാര്യമാണ്. എന്റെ സ്വകാര്യതയില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തി മറ്റുള്ളവരെ എങ്ങനെ ബാധിക്കാനാണ് എന്ന് പലരും ചോദിക്കാറുണ്ട്. മനുഷ്യന്‍ സാമൂഹിക ജീവിയാണല്ലോ. വ്യക്തി ചെയ്യുന്ന തികച്ചും നിര്‍ദോഷമെന്ന് തോന്നുന്ന ഒരു പ്രവര്‍ത്തനം പോലും മറ്റുള്ളവരെ ബാധിക്കും, ഏറിയോ കുറഞ്ഞോ അളവില്‍. ശ്വസന പ്രക്രിയയിലൂടെ പുറത്തുവിടുന്ന വായു പോലും മറ്റുള്ളവരെ ബാധിക്കുമെന്നിരിക്കെ, ബാക്കി കാര്യങ്ങള്‍ പറയേണ്ടതില്ലല്ലോ.

'അവനവനാത്മ സുഖത്തിനായാചരിക്കുന്നവ

അപരന്റെ സുഖത്തിനായി വരേണം'

എന്റെ സുഖം മറ്റൊരാളുടെ ദുഃഖമാവരുത്. ഇതുതന്നെയാണ് ലൈംഗിക ജീവിതത്തിന്റെയും അവസ്ഥ. സദാചാര നിയമങ്ങള്‍ നല്‍കുന്ന രക്ഷാകവചങ്ങളെ, സുരക്ഷാ വലയങ്ങളെ മതില്‍കെട്ടുകളും നിയന്ത്രണങ്ങളും പുരോഗമനത്തിനുള്ള തടസ്സങ്ങളുമായി കാണുമ്പോള്‍ മതില്‍ പൊളിക്കാനും അവയെ ഇല്ലാതാക്കാനും ശ്രമിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ പുറത്തുവരുന്ന കോടതിവിധികള്‍ നമ്മെ അലോസരപ്പെടുത്തുന്നത് അതുകൊണ്ടാണ്.

സ്വവര്‍ഗരതിയും വിവാഹേതര ലൈംഗിക ബന്ധങ്ങളും നിയമവിധേയമാവുമ്പോള്‍ ഇത്തരം വേറെയും വിധികള്‍ വരാന്‍ പോകുന്നുവെന്നും ആത്മഹത്യ അടക്കമുള്ള കാര്യങ്ങള്‍ നിയമവിരുദ്ധമല്ലാതാവാനിടയുണ്ടെന്നും നാം ഭയപ്പെടേണ്ടിയിരിക്കുന്നു. തോന്നിയ പോലെ ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നുവന്നാല്‍ തോന്നുമ്പോള്‍ ആ ജീവിതം അവസാനിപ്പിക്കാനും സ്വാതന്ത്ര്യം വേണ്ടിവരും. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാമല്ലോ.

കുടുംബജീവിതത്തിന് ഇസ്‌ലാം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതിന് പോറലേല്‍ക്കുന്ന ഒന്നും ഇസ്‌ലാം അനുവദിക്കുന്നില്ല. സുരക്ഷിതവും സ്വതന്ത്രവുമായ സാമൂഹിക വ്യവസ്ഥക്ക് സുശക്തമായ കുടുംബജീവിതം അനിവാര്യമാണ്. മനുഷ്യകുലത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത് അത്യന്താപേക്ഷിതമാണ്. അത് തകരാനിടവരുന്ന എല്ലാ സാഹചര്യങ്ങളെയും ഇസ്‌ലാം കൊട്ടിയടക്കുകയാണ് ചെയ്യുന്നത്. സുഗമമായ കുടുംബജീവിതത്തിനുതകുന്ന ധാര്‍മിക- സദാചാര നിയമങ്ങളാണ് ഖുര്‍ആനും സുന്നത്തും മുന്നോട്ടുവെക്കുന്നത്. 'പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഉത്തമം' എന്നതാണ് ഇസ്‌ലാമിലെ സദാചാര നിയമങ്ങളുടെ അടിസ്ഥാനം.

ദീന്‍ പൂര്‍ത്തിയാകാന്‍ വിവാഹം പ്രോത്സാഹിപ്പിച്ചത് അതുകൊണ്ടാണ്. അതാകട്ടെ പ്രേമത്തില്‍ മാത്രമല്ല കാരുണ്യത്തിലും അധിഷ്ഠിതമാണ്. ''അവന്‍ നിങ്ങള്‍ക്ക് നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാകുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്'' (30:21).

കുടുംബത്തില്‍ ഒറ്റക്കും കൂട്ടായും ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ ഓരോ കുടുംബാംഗത്തിനുമുണ്ട്. അവ യഥാവിധി നിറവേറ്റപ്പെടാന്‍ ചില നിയമങ്ങളും വ്യവസ്ഥകളും കൂടിയേ തീരൂ. ഭര്‍ത്താവിന്റെ അടിമയല്ല ഭാര്യ. മറിച്ചും അങ്ങനെ തന്നെ. പക്ഷേ, ഓരോ വ്യക്തിയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ അടിമയാണ്. ആ അടിമത്തം മറ്റെല്ലാ അടിമത്തങ്ങളില്‍നിന്നും മനുഷ്യന് സ്വാതന്ത്ര്യം നല്‍കുന്നു. ശരീരത്തിന്മേലുള്ള പൂര്‍ണമായ സ്വാതന്ത്ര്യാധികാരം വ്യക്തിക്ക് തന്നെ എന്ന വാദം ലൈംഗിക അരാജകത്വമാണ് സൃഷ്ടിക്കുക.

ഹിജാബുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങളെയും ഈ അര്‍ഥത്തിലാണ് മനസ്സിലാക്കേണ്ടത്. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റുമൊക്കെ ധരിക്കുന്നത് കാറും ബൈക്കും ഓടിക്കാനുള്ള സ്വാതന്ത്ര്യം വിലക്കാനല്ല, മറിച്ച് കൂടുല്‍ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്താനാണെന്ന പോലെ പെണ്ണിനെ അടുക്കളയില്‍ തളച്ചിടാനല്ല, സാമൂഹികവും രാഷ്ട്രീയവുമായ പങ്കാളിത്തം ഉറപ്പുവരുത്താനാണ് ഹിജാബ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അത് വസ്ത്രത്തില്‍ മാത്രം പരിമിതമല്ല. നോട്ടത്തില്‍, സംസാരത്തില്‍, ശരീരഭാഷയില്‍ എല്ലാം ഈ ഹിജാബ് വ്യവസ്ഥ പാലിക്കപ്പെടേണ്ടതുണ്ട്. അതേസമയം വീട്ടിനകത്ത് എല്ലാ അലങ്കാരങ്ങളും എടുത്തണിഞ്ഞ് ഇണകളെ തൃപ്തിപ്പെടുത്താനാണ് പെണ്ണിനോടെന്ന പോലെ ആണിനോടും നിര്‍ദേശിച്ചിട്ടുള്ളത്. ഇത് സദാചാരനിബദ്ധമായ സാമൂഹിക സൃഷ്ടിക്കുള്ള വളരെ ശാസ്ത്രീയമായ നിര്‍ദേശമാണ്.

തികച്ചും ലിബറല്‍ എന്നവകാശപ്പെടുന്ന മേഖലകളില്‍നിന്നാണ് വിലങ്ങുകളുടെയും വിലക്കുകളുടെയും പീഡനങ്ങളുടെയും കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അരങ്ങത്ത് കാണുന്ന അത്ര സുന്ദരമല്ല, അണിയറയിലെ ജീവിതങ്ങള്‍ എന്ന തിരിച്ചറിവാണ് മീ ടൂകാമ്പയിന്‍ വെളിപ്പെടുത്തലുകളിലൂടെ നമുക്ക് ലഭിക്കുന്നത്. സര്‍വതന്ത്ര സ്വതന്ത്രരുടെ ലോകം എന്ന് പറയപ്പെട്ടിരുന്ന വേദികളില്‍നിന്നാണ് തൊട്ടു, പിടിച്ചു, കീഴടക്കി തുടങ്ങിയ വെളിപ്പെടുത്തലുകള്‍ വരുന്നത്. സ്ത്രീ വിമോചനമെന്നാല്‍ വസ്ത്രത്തില്‍നിന്നോ മത-ധാര്‍മിക-സദാചാര നിയമങ്ങളില്‍നിന്നോ ഉള്ള മോചനമല്ലെന്നും സ്ത്രീയാവട്ടെ, പുരുഷനാവട്ടെ സ്വന്തം സ്വത്വം അടിയറവെക്കാതെ തന്നെ ജീവിതത്തില്‍ പൂര്‍ണത കൈവരിക്കാനായി ഒരു സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമാവുകയാണ് വേണ്ടതെന്നും കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. മീ ടൂ കാമ്പയിന്‍ വെളിപ്പെടുത്തലുകള്‍ മുന്‍ധാരണയില്ലാതെ വിലയിരുത്തിയാല്‍ മനസ്സിലാക്കാന്‍ കഴിയും, സ്ത്രീയും പുരുഷനും ഒറ്റക്കാവുന്ന സന്ദര്‍ഭങ്ങളും അനിയന്ത്രിതമായ ഇടപഴകലുകളും വസ്ത്രധാരണ രീതികളും ലഹരിവസ്തുക്കളുടെ ഉപയോഗവും വഴിവിട്ട ലിബറല്‍ നാട്യങ്ങളുമെല്ലാം തന്നെയാണ് ഇതിന് കാരണമാവുന്നത് എന്ന്. 'ഒരു പുരുഷനും സ്ത്രീയും ഒറ്റക്കാവുന്നില്ല അവരില്‍ മൂന്നാമതൊരാളായി പിശാച് ഉണ്ടായിട്ടല്ലാതെ' എന്ന പ്രവാചകാധ്യാപനം എത്ര പ്രസക്തമാണ്!

ഈ നിയമങ്ങള്‍ ആരാണ് നല്‍കേണ്ടത് എന്ന ന്യായമായ ചോദ്യം ഇവിടെ ഉന്നയിക്കപ്പെടും. ഞാന്‍ എനിക്ക് തോന്നിയ രീതിയില്‍ ചില നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അവയെ എന്തായിരുന്നാലും എന്റെ അനുഭവങ്ങള്‍, മുന്‍ധാരണകള്‍, ഇഷ്ടാനിഷ്ടങ്ങള്‍ എല്ലാം സ്വാധീനിക്കും. ആരു ചെയ്താലും അങ്ങനെ തന്നെ. എത്ര വലിയ ജ്ഞാനിയാണെങ്കിലും. ഇനി വിവിധ കഴിവുകളുള്ള ഒരു കൂട്ടം ആളുകളാണെങ്കിലും അങ്ങനെത്തന്നെ സംഭവിക്കും. ആണുങ്ങള്‍ ആവിഷ്‌കരിച്ചെടുക്കുന്ന നിയമങ്ങള്‍ പുരുഷപക്ഷവും, പെണ്ണുങ്ങള്‍ ആവിഷ്‌കരിച്ചെടുക്കുന്നവ സ്ത്രീപക്ഷവുമാവുക സ്വാഭാവികം. ദേശം, ഭാഷ, വര്‍ണം എല്ലാം ഇതുപോലെ സ്വാധീനിക്കും. അതുകൊണ്ട് മനുഷ്യനെ എന്നല്ല, സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിച്ചുപോരുന്ന പ്രപഞ്ചനാഥന്‍ തന്നെയാവണം നമ്മുടെ സന്മാര്‍ഗിക വിധികര്‍ത്താവും. അവനു മാത്രമേ സകല മനുഷ്യരുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള നീതിപൂര്‍വകമായ ഒരു നിയമസംഹിത നല്‍കാന്‍ കഴിയൂ. നമ്മുടെ ശരീരം പോലും അവന്‍ സൃഷ്ടിച്ചിട്ടുള്ള സവിശേഷമായ ഒരു വ്യവസ്ഥക്കകത്തുനിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന തിരിച്ചറിവ് നമുക്ക് വേണം. അവിടെ പോലും നമ്മുടെ കൈകടത്തലുകളും തന്നിഷ്ടങ്ങളും പ്രയാസം സൃഷ്ടിക്കുമെന്ന് വരുമ്പോള്‍ മറ്റുള്ളവരുമായി ബന്ധപ്പെട്ട മേഖലകളുടെ കാര്യം പറയേണ്ടതില്ലല്ലോ. അതുകൊണ്ടാണ് അല്ലാഹു പറയുന്നത്: ''ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അതിനെ അതിലംഘിക്കാതിരിക്കുവിന്‍. ദൈവിക നിയമങ്ങളെ അതിലംഘിക്കുന്നവരാരോ, അവര്‍ അധര്‍മികള്‍ തന്നെയാകുന്നു'' (2:229). അല്ലാഹുവിനെ അനുസരിക്കുന്നതിലൂടെ, അവന്റെ പ്രവാചകന്‍ കാണിച്ചുതന്ന സാന്മാര്‍ഗിക വഴിയിലൂടെ സഞ്ചരിക്കുന്നതിലൂടെ ആരുടെ മുന്നിലും തലകുനിക്കേണ്ടിവരുന്നില്ല എന്നു മാത്രമല്ല പരലോകത്ത് പടച്ച റബ്ബിന്റെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കാനും അവന്‍ വാഗ്ദാനം ചെയ്ത സ്വര്‍ഗീയാരാമങ്ങളില്‍ അതിരുകളില്ലാത്ത ആനന്ദം ശാശ്വതമായി അനുഭവിച്ചറിയാനും മനുഷ്യന് സാധിക്കുന്നു. ജീവിതം ഒന്നേയുള്ളൂ, ആസ്വദിക്കൂ എന്നതല്ല; അവസരം ഒന്നേയുള്ളൂ, ഉപയോഗപ്പെടുത്തൂ എന്നതാവണം നമ്മുടെ മുദ്രാവാക്യം.

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാവുന്ന ഒരു കാമ്പയിന്‍ സംഘടിപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കേരള ഘടകം തീരുമാനിച്ചിരിക്കുകയാണ്. 'സദാചാരം സ്വാതന്ത്ര്യമാണ്' എന്ന തലക്കെട്ടില്‍ 2018 ഡിസംബര്‍ ഒന്നു മുതല്‍ പതിനാറു വരെയാണ് കാമ്പയിന്‍. ഏരിയാ സമ്മേളനങ്ങളാണ് കാമ്പയിന്‍ കാലത്തെ മുഖ്യ പരിപാടി. കാമ്പയിന്റെ മുന്നോടിയായി നവംബര്‍ മാസത്തില്‍ വനിതകള്‍ക്കായി ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ മനഃപാഠം, പ്രസംഗം, ഗാനം, പ്രബന്ധരചന എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നുകഴിഞ്ഞു. പ്രാദേശിക തലങ്ങളില്‍ സംവാദ സദസ്സുകളും ഗൃഹാങ്കണ യോഗങ്ങളും ചര്‍ച്ചാ വേദികളും ടീ പാര്‍ട്ടി യോഗങ്ങളും സംഘടിപ്പിച്ചു. 'സ്ത്രീ സുരക്ഷ, സ്വാതന്ത്ര്യം: ഇസ്‌ലാം എന്തു പറയുന്നു' എന്ന തലക്കെട്ടില്‍ ഒരു കൈപ്പുസ്തകവും തയാറാക്കുന്നുണ്ട്. 

(ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷയാണ് ലേഖിക)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (01-04)
എ.വൈ.ആര്‍