Prabodhanm Weekly

Pages

Search

2018 നവംബര്‍ 23

3077

1440 റബീഉല്‍ അവ്വല്‍ 14

തര്‍ക്കം, വാഗ്വാദം

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

മനുഷ്യനിലെ നന്മ നശിപ്പിക്കുന്ന ദുര്‍ഗുണമാണ് തര്‍ക്കവും വാഗ്വാദശീലവും. തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും വാഗ്വാദങ്ങളും ഒരു സമൂഹത്തിനേല്‍പിക്കുന്ന ആഘാതത്തിന്റെ ഉദാഹരണമാണ് ഇന്നത്തെ മുസ്‌ലിം സമുദായം. പ്രസ്ഥാന പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം നാശകാരിയായ വിപത്താണ് തര്‍ക്കശീലം.

ഇമാം ഗസാലി (റ) 'മിറാഅ്' അഥവാ തര്‍ക്കത്തിന് നല്‍കിയ നിര്‍വചനം: 'അപരന്റെ വാക്കുകളിലെ അക്ഷരത്തിലെയും ആശയത്തിലെയും വിവക്ഷയിലെയും വൈകല്യങ്ങള്‍ എടുത്തിട്ട് എതിര്‍ക്കുകയും വിയോജിക്കുകയും ചെയ്യുന്ന ശീലം' (ഇഹ്‌യാ: 3/114).

'അപരന്റെ സംസാരത്തിലെ കുറവുകള്‍ കണ്ടെത്തി, അയാളില്‍ അജ്ഞതയും കഴിവുകേടും ആരോപിച്ച് കൊച്ചാക്കാനും അയാളെ തറപറ്റിക്കാനും മുട്ടുകുത്തിക്കാനും നടത്തുന്ന ശ്രമങ്ങള്‍ വൈജ്ഞാനിക മേഖലകളില്‍ ആവുമ്പോള്‍ ജദലും (വാഗ്വാദവും) സര്‍വ രംഗങ്ങളിലും ആവുമ്പോള്‍ മിറാഉം (തര്‍ക്കവും) ആയിത്തീരുന്നു' (ഇഹ്‌യാ 3/114).

ഈ രൂപങ്ങളിലെല്ലാമുള്ള തര്‍ക്കങ്ങള്‍ നിരോധിക്കുന്ന വചനങ്ങള്‍ ഖുര്‍ആനില്‍ എമ്പാടും കാണാം. നബി(സ) പറഞ്ഞു: ''സത്യം സ്ഥാപിക്കാനായാലും തര്‍ക്കം കൈയൊഴിച്ചവന് സ്വര്‍ഗപരിസരത്ത് ഒരു വീട് ഞാന്‍ ഉറപ്പുനല്‍കുന്നു. തമാശക്കായാല്‍ പോലും കളവ് പറയാത്തവന് സ്വര്‍ഗത്തിന്റെ നടുത്തളത്തില്‍ ഒരു ഭവനം ഞാന്‍ ഉറപ്പുനല്‍കാം. സദ്‌സ്വഭാവിക്ക് സ്വര്‍ഗത്തിന്റെ ഉപരിഭാഗത്ത് ഒരു വസതി ഞാന്‍ വാങ്ങിത്തരാം'' (അബൂദാവൂദ്). ''സന്മാര്‍ഗപ്രാപ്തിക്ക് ശേഷവും ദുര്‍മാര്‍ഗത്തിലേക്ക് വ്യതിചലിച്ചുപോകുന്നത് തര്‍ക്ക-വാഗ്വാദങ്ങളാലാണ്'' (അഹ്മദ്). ''അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവരാണ് കുതര്‍ക്കികളും ദുശ്ശാഠ്യക്കാരും'' (അഹ്മദ്). ഇങ്ങനെ നിരവധി നബിവചനങ്ങളുണ്ട്.

വാഗ്വാദങ്ങളല്ല, സംവാദങ്ങളാണ് വേണ്ടത്. അതിന് ഖുര്‍ആന്‍ മാര്‍ഗരേഖ വരച്ചിട്ടുണ്ട്: ''നീ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് യുക്തി, സദുപദേശം എന്നീ രീതികളിലൂടെ പ്രബോധനം ചെയ്യുക. ഏറ്റവും നല്ല ശൈലിയില്‍ അവരുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക'' (അന്നഹ്ല്‍ 25). ''വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് ഏറ്റവും മികച്ച രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്'' (അല്‍അന്‍കബൂത്ത് 46).

സംസാരവും സമീപനവും ഗുണകാംക്ഷയുടെ പരിധി ലംഘിക്കുമ്പോള്‍ തര്‍ക്കത്തിലേക്ക് കടക്കുന്നതു കാണാം. ഗുണകാംക്ഷ നിറഞ്ഞ ഉപദേശത്തിന് ചില മര്യാദകള്‍ പാലിക്കേണ്ടതായുണ്ട്. രഹസ്യ സ്വഭാവം, തക്ക സമയത്ത് അനുയോജ്യമായ ശൈലി, കൂടുതല്‍ മികച്ചതിലേക്ക് ദിശാബോധമുണ്ടാക്കല്‍, ആത്മാര്‍ഥത തുടങ്ങിയ ഘടകങ്ങള്‍ മേളിക്കാതാവുമ്പോള്‍ അഭിസംബോധിതന്‍ മര്‍ക്കടമുഷ്ടി കൈവിടാതെ ധിക്കാരത്തിന്റെ വഴി തേടും. ഉപദേശം ചെവിക്കൊള്ളില്ല. തന്റെ പ്രവര്‍ത്തനത്തിന് അയാള്‍ ന്യായീകരണം ചമയ്ക്കുമ്പോള്‍ സ്വാഭാവികമായി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉത്ഭവിക്കും. അപരനെ അംഗീകരിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്യാതിരിക്കുമ്പോഴാണ് സാധാരണ സംസാരം പോലും തര്‍ക്കത്തിലേക്ക് വഴിമാറുന്നത്. തോല്‍വി സമ്മതിക്കാനുള്ള വൈമുഖ്യവും തര്‍ക്കത്തിന് ഹേതുവാകാറുണ്ട്. നിലപാടുകളില്‍ സുബദ്ധതയും തീരുമാനങ്ങളില്‍ ഭദ്രതയും ഉണ്ടെങ്കില്‍ ആത്മവിശ്വാസം ഉണ്ടാവും. ആത്മവിശ്വാസം ഉള്ളവന് പരാജയ ഭീതി ഉണ്ടാവില്ല. സ്വന്തത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കുന്നവര്‍ക്ക് വിനയവും വിജയവുമുണ്ടാകും.

തര്‍ക്കങ്ങളും വാഗ്വാദങ്ങളും ശീലമാക്കിത്തീര്‍ത്ത വീടുകളിലും സമൂഹത്തിലും പരിസരത്തിലും വളരുന്നവര്‍ തര്‍ക്കത്തില്‍ അഭിരമിക്കുന്നവര്‍ ആയില്ലെങ്കിലാണ് അത്ഭുതം. തര്‍ക്കശാസ്ത്രത്തിലും ഫിലോസഫിയിലും മുങ്ങിത്താഴുന്നവരില്‍ ഈ ദുര്‍ഗുണം വ്യാപകമായി കാണാം. അവരുടെ വിജ്ഞാന മേഖലയുടെ കാതല്‍ തന്നെ തര്‍ക്കമാണ്. ഖുര്‍ആന്‍-സുന്നത്ത് പ്രമാണങ്ങളുടെ രക്ഷാകവചമില്ലെങ്കില്‍ തര്‍ക്കം ഒരു രോഗവും ശാപവും ആവുമെന്ന കാര്യം ഉറപ്പ്. തര്‍ക്കശാസ്ത്രത്തില്‍ വിജ്ഞാനമാര്‍ജിക്കുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായമാണ്. സൈഫുദ്ദീനുല്‍ ആമുദിയെ പോലുള്ളവര്‍ അതിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഹാഫിള് അബൂ അംറ് ഇബ്‌നു സ്വാലിഹിനെ പോലുള്ളവര്‍ നിരുത്സാഹപ്പെടുത്തുന്നു. പ്രശ്‌നം തര്‍ക്കമായതിനാലാണത്.

ആത്മരതി, അഹങ്കാരം, പൊങ്ങച്ചം, ദുരഭിമാനം എന്നിവ സ്വഭാവത്തിന്റെ ഭാഗമാക്കിത്തീര്‍ത്തവര്‍ അറ്റമില്ലാത്ത തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതു കാണാം. ആദമിന് സുജൂദ് ചെയ്യാനുള്ള ദൈവകല്‍പന ഇബ്‌ലീസ് നിരാകരിച്ചത് തര്‍ക്കങ്ങളും വാഗ്വാദങ്ങളും ഉയര്‍ത്തിയാണ്. ''(അല്ലാഹു) ചോദിച്ചു: ഇബ്‌ലീസേ, എന്റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്? നീ അഹങ്കരിച്ചിരിക്കയാണോ അതോ നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കയാണോ? (ഇബ്‌ലീസ്) പറഞ്ഞു: ഞാന്‍ അവനേക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍നിന്നാണ് ഉണ്ടാക്കിയത്'' (സ്വാദ് 75,76).

അല്ലാഹുവിനെക്കുറിച്ച ബോധത്തിന്റെയും തഖ്‌വയുടെയും അഭാവം മനുഷ്യനെ താര്‍ക്കികനാക്കിത്തീര്‍ക്കും. കഴിവുകള്‍ ഉപയോഗപ്പെടുത്താനുള്ള രംഗങ്ങളും സിദ്ധിക്കനുയോജ്യമായ കര്‍മ പരിപാടികളും ഇല്ലാതാകുമ്പോള്‍ ഹൃദയത്തില്‍ പിശാച് കുടിയേറുകയും അനാവശ്യമായ തര്‍ക്കങ്ങളുടെയും വാഗ്വാദങ്ങളുടെയും ലോകത്തേക്ക് വ്യക്തികളെ അവര്‍ പോലും അറിയാതെ തെളിച്ചുകൊണ്ടുപോവുകയും ചെയ്യും.

തര്‍ക്കത്തിലും വാഗ്വാദങ്ങളിലും വാദപ്രതിവാദങ്ങളിലും അഭിരമിക്കുന്നവരുടെ ഹൃദയം ക്രമേണ കടുത്തുപോവുകയും നന്മയേതുമേശാത്ത വിധത്തില്‍ കല്ലായിത്തീരുകയും ചെയ്യും. അത്തരക്കാരില്‍നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുമാറും. അവരെ വെറുക്കപ്പെട്ടവനായി മുദ്രകുത്തുകയും ചെയ്യും.

ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെയും അത് തുരങ്കം വെച്ച് തകര്‍ക്കും. സമൂഹത്തില്‍ ഛിദ്രത വളര്‍ത്തും. എന്തിനും ഏതിനും തര്‍ക്കിക്കുന്ന വ്യക്തികള്‍ക്ക് ഒരു ഘടനയില്‍ അച്ചടക്കത്തോടെ നിലയുറപ്പിക്കാനാവില്ല. അനുസരണവും അച്ചടക്കവും അവര്‍ക്ക് അന്യമായിരിക്കും. നേതൃത്വത്തോടും അണികളോടും തര്‍ക്കിച്ച് ജീവിതം നശിപ്പിക്കാനാവും അവരുടെ വിധി.

 

സംഗ്രഹം: പി.കെ ജമാല്‍

Comments

Other Post

ഹദീസ്‌

സ്വയം പീഡയാവരുത്‌
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (65-69)
എ.വൈ.ആര്‍