Prabodhanm Weekly

Pages

Search

2018 നവംബര്‍ 23

3077

1440 റബീഉല്‍ അവ്വല്‍ 14

പരിണാമം മനുഷ്യനില്‍നിന്ന് കുരങ്ങിലേക്ക്!

ഡോ. ടി.കെ യൂസുഫ്

ശാസ്ത്രീയ പിന്‍ബലമില്ലാത്തത് നിമിത്തം മൃതപ്രായമായ പരിണാമ സിദ്ധാന്തത്തെ ചരമമടയാതെ നിലനിര്‍ത്തുന്നതിനു വേണ്ടി മതവിരുദ്ധ ലോബികള്‍ ഇപ്പോഴും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യത്തെ ജീവകോശം യാദൃഛികതയില്‍ നിന്ന് ഉടലെടുക്കുകയും പിന്നീട് നിരന്തരമായ ജീവ പരിണാമത്തിലൂടെ മനുഷ്യ മസ്തിഷ്‌കം വികാസം പ്രാപിക്കുകയും ചെയ്തുവെന്നതാണ് പരിണാമവാദികള്‍ പറയുന്നത്. മനുഷ്യോല്‍പത്തിയില്‍ ഒരു സ്രഷ്ടാവിന്റെ ആവശ്യകത പാടേ നിഷേധിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പരിണാമം ദൈവിക സൃഷ്ടിപ്പിന്റെ തന്നെ ഒരു ഭാഗമാണെന്ന് വ്യാഖ്യാനിക്കുന്ന ശാസ്ത്രജ്ഞരുമുണ്ട്. അവരുടെ ദൃഷ്ടിയില്‍ ഭ്രൂണം ഗര്‍ഭാശയത്തില്‍ വിവിധ ഘട്ടങ്ങളിലായി വളര്‍ച്ച പ്രാപിക്കുന്നതു പോലെ ജൈവ ലോകവും ദൈവം തന്നെ സൃഷ്ടിച്ച സൂക്ഷ്മമായ ഒരു വ്യവസ്ഥക്ക് അനുസരിച്ച് പരിണമിച്ചുണ്ടാവുകയാണ്. അതുകൊണ്ടുതന്നെ ഈ സിദ്ധാന്തം ദൈവവിശ്വാസത്തിന് എതിരല്ലെന്നാണ് അവരുടെ കാഴ്ചപ്പാട്. എന്നാല്‍ പരിണാമത്തെക്കുറിച്ച ഈ രണ്ട് വാദഗതികളും ദൈവവിശ്വാസത്തിന് തീര്‍ത്തും എതിരാണ് എന്ന പോലെ നവീന ശാസ്ത്ര തത്ത്വങ്ങള്‍ക്കും എതിരാണ്. 

പരിണാമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ അമേരിക്കയില്‍ നൂറിലധികം സംവാദങ്ങള്‍ നടന്നിട്ടുണ്ട്. ഇവയില്‍ മിക്കതിലും സൃഷ്ടിപ്പിനെ അനുകൂലിക്കുന്നവര്‍ക്കാണ് വിജയം ലഭിച്ചത് എന്ന വസ്തുത പലരുടെയും ഉറക്കം കെടുത്തുന്നു. എത്രത്തോളമെന്നാല്‍ പ്രശസ്ത ശാസ്ത്രജ്ഞനും പരിണാമവാദിയുമായ ഐസക് അസിമോവ് തന്റെ സഖാക്കളോട് സൃഷ്ടിപ്പുവാദികളോട് ഇനിയും വാദപ്രതിവാദത്തിന് മുതിരരുതെന്ന് വസിയ്യത്ത് ചെയ്തുകൊണ്ടാണ് മരണപ്പെട്ടത്. മനുഷ്യോല്‍പത്തിയെക്കുറിച്ച സംവാദങ്ങളില്‍ പരിണാമവാദികളെ മുട്ടുകുത്തിക്കാന്‍ വേണ്ടി സൃഷ്ടിപ്പുവാദികള്‍ എന്തെല്ലാം അടവുകളാണ് പയറ്റിയത്? അല്ലെങ്കില്‍ ഈ സംവാദങ്ങളില്‍ വിജയിക്കാന്‍ മതവിശ്വാസികള്‍ക്ക് എതെല്ലാം ശാസ്ത്രിയ തത്ത്വങ്ങളാണ് പിന്‍ബലം നല്‍കിയത്? 

പരിണാമത്തെ എതിര്‍ക്കുന്ന ശാസ്ത്രിയ തെളിവുകളില്‍ എറ്റവും പ്രബലമായത് തെര്‍മോ ഡൈനാമിക് തിയറി എന്ന ഊര്‍ജതന്ത്ര തത്ത്വമാണ്. ഈ പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് നിരന്തരമായ ചലനത്തിനും മാറ്റത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നുവെന്നതാണ്. ആറ്റം മുതല്‍ ഗോളങ്ങള്‍ വരെയുള്ള മുഴുവന്‍ വസ്തുക്കളും നിരന്തരം ചലിക്കുകയും മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം നല്ല അവസ്ഥയില്‍നിന്ന് മോശമായ നിലയിലേക്കാണ് പരിണമിക്കുന്നത്. നേരെമറിച്ച് ഈ ഭൂമിയില്‍ ക്രിയാത്മകമായി നടക്കുന്ന ഏതു മാറ്റങ്ങള്‍ക്കു പിന്നിലും ഏതെങ്കിലും തരത്തിലുള്ള ഊര്‍ജവിനിയോഗം ആവശ്യമാണെന്ന് നാം കാണുന്നു. ഊര്‍ജവിനിയോഗമില്ലാതെ സ്വമേധയാ നടക്കുന്ന മാറ്റങ്ങളെല്ലാം നിഷേധാത്മകമായിരിക്കും. ഉദാഹരണമായി ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്റെ മൃതശരീരം അഴുകി നശിക്കാന്‍ തുടങ്ങുമെന്നത് ഒരു സ്വാഭാവിക പരിണാമമാണ്. ഇതിന് അധ്വാനമോ മുതല്‍മുടക്കോ ഒന്നും വേിവരില്ല. എന്നാല്‍ അത് കേട് കൂടാതെ സൂക്ഷിക്കണമെങ്കില്‍ ഊര്‍ജം വിനിയോഗിക്കേണ്ടിവരും. അതുപോലെ വെള്ളം താഴോട്ട് ഒഴുകുന്നുവെന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. എന്നാല്‍ അതിനെ ഉയരത്തിലേക്ക് എത്തിക്കണമെങ്കില്‍ ശക്തിയും ഊര്‍ജവും ആവശ്യമാണ്. അധോഗതിയിലേക്കുള്ള മാറ്റങ്ങള്‍ താനെ നടക്കുമെങ്കിലും പുരോഗതിയിലേക്കുള്ള മാറ്റത്തിനു പിന്നില്‍ ഒരു ചാലക ശക്തിയോ കൈക്രിയയോ ആവശ്യമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.

ഈ പ്രപഞ്ചത്തിലെ സകലമാന വസ്തുക്കളും കാലാന്തരത്തില്‍ നാശത്തിലേക്ക് പരിണമിക്കുകയാണ്. ഇവിടെയാണ് പരിണാമവാദവും ഊര്‍ജതന്ത്രവും തമ്മില്‍ വിയോജിക്കുന്നത്. പരിണാമവാദപ്രകാരം പ്രപഞ്ചത്തിലെ മാറ്റങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. വസ്തുക്കള്‍ സുഭദ്രമായ അവസ്ഥയില്‍നിന്ന് താളം തെറ്റുന്ന നിലയിലേക്ക് പരിണമിക്കുന്നുവെന്നാണ് ഊര്‍ജതന്ത്രം പറയുന്നത്. നേരെ തിരിച്ചുള്ള മാറ്റം സംഭവിക്കണമെങ്കില്‍ അതിന് ധാരാളം ഊര്‍ജം ചെലവഴിക്കണം.  പരിണാമത്തിലൂടെ കുരങ്ങ് മനുഷ്യനായിത്തീര്‍ന്നു എന്ന് പറയുന്നവര്‍ ഈ പരിണാമ പ്രക്രിയക്ക് മില്യന്‍ കണക്കിന് വര്‍ഷങ്ങള്‍ അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇന്ന് നിലവിലുള്ള ഏത് ശാസ്ത്ര തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് പരിണാമം സംഭവിച്ചത് എന്ന് ചോദിച്ചാല്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അങ്ങനെയുണ്ടായി എന്ന ഒരു ഉപായമല്ലാതെ മറ്റൊന്നും ഇവര്‍ക്ക് പറയാനില്ല. ഈ പ്രപഞ്ചത്തിലെ അനവധി ജീവജാലങ്ങള്‍ക്ക് കാലാന്തരത്തില്‍ വംശനാശം സംഭവിച്ചതിന് ശാസ്ത്രീയമായ അനവധി തെളിവുകളുണ്ട്. യുഗങ്ങള്‍ പിന്നിടുമ്പോള്‍ ജീവികളും വസ്തുക്കളും കുറ്റിയറ്റു പോവുകയും നാമാവശേഷമാവുകയുമാണ് എന്ന ശാസ്ത്ര വസ്തുത ഇവര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു. 

പരിണാമ ശ്രേണിയിലെ അവസാനത്തെ കണ്ണിയാണ് മനുഷ്യനെന്ന് വാദിക്കുന്നവര്‍ അതിന് ചില ന്യായീകരണങ്ങളും പറയുന്നുണ്ട്. ചെറിയ വിത്തില്‍ നിന്ന് വന്മരങ്ങള്‍ രൂപം കൊള്ളുന്നു, നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകാത്ത ബീജത്തില്‍നിന്ന് മനുഷ്യനുണ്ടാകുന്നു തുടങ്ങിയ ന്യായങ്ങളാണ് നിരത്തുക. എന്നാല്‍ ചെറിയ വിത്തില്‍നിന്ന് വന്മരങ്ങള്‍ ഉണ്ടാകുന്നത് വിത്തില്‍ അടങ്ങിയ സങ്കീര്‍ണ വ്യവസ്ഥകളുടെയും സങ്കീര്‍ണമായ പ്രോഗ്രാമുകളുടെയും ഫലമായാണ്. മനുഷ്യനിര്‍മിതമായ വ്യവസ്ഥകളേക്കാളും സൂക്ഷ്മവും സങ്കീര്‍ണവുമായ ഇവ യാദൃഛികമായുണ്ടായതാണെന്ന് സങ്കല്‍പിക്കാനേ കഴിയില്ല. താരതമ്യേന ലളിതമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ പോലും വെറുതെയുണ്ടായി എന്ന് വിശ്വസിക്കാത്തവര്‍ വിത്തുകളിലെയും ബീജങ്ങളിലെയും ജനിതക കോഡുകള്‍ യാദൃഛികമായുണ്ടായി എന്ന് പറയുന്നതാണ് അത്ഭുതം. ബീജത്തിന്റെയും വിത്തുകളുടെയും വളര്‍ച്ച അവയിലടങ്ങിയ പ്രോഗ്രാമുകള്‍ക്കനുസരിച്ചാണെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ ഈ വളര്‍ച്ചയും താത്കാലികം മാത്രമാണ്. പിന്നീട് ഇവയും നാശത്തിലേക്കാണ് പതിക്കുന്നത്.  ആത്യന്തികമായി ഈ പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം വേഗത്തിലോ സാവകാശത്തിലോ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരുവേള ഭൂമിയുടെയും സൂര്യന്റെയും മറ്റു ഗോളങ്ങളുടെയും വിശ്വ പ്രപഞ്ചത്തിന്റെ തന്നെയും ഗതി ഇതു തന്നെയാണ്. 

ഊര്‍ജതന്ത്ര നിയമപ്രകാരം പരിണാമത്തിന് യാതൊരു അടിത്തറയുമില്ലെങ്കിലും പരിണാമവാദത്തിന്റെ ആചാര്യന്മാര്‍ തങ്ങളുടെ വാദം സ്ഥാപിക്കുന്നതിന് അവരുടെ മുത്തഛന്മാരെ പോലെ ചില ഗോഷ്ഠികള്‍ കാണിക്കാറുണ്ട്. ഭൂമിക്ക് ഒരു തുറന്ന വ്യവസ്ഥയുള്ളതുകൊണ്ട് അതില്‍ പരിണാമം നടക്കാന്‍ വേണ്ട ഊര്‍ജം ഭൂമിയേക്കാള്‍ എത്രയോ ഇരട്ടി വലിപ്പമുള്ള സൂര്യനില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന വാദം അതില്‍പെട്ടതാണ്. മനുഷ്യ മസ്തിഷ്‌കം വികാസം പ്രാപിക്കാന്‍ ആവശ്യമായ സുദീര്‍ഘമായ കാലയളവിന് വേണ്ട ഊര്‍ജം കുറവ് വരാതെ നല്‍കാന്‍ സൂര്യന് കഴിഞ്ഞിട്ടുണ്ടെന്ന് വാദിച്ചു കൊണ്ടാണ് പരിണാമവാദികള്‍ ഊര്‍ജതന്ത്ര നിയമത്തെ അവര്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നത്. 

ഭൂമിയില്‍ ജീവികളുടെ പരിണാമത്തിനും സര്‍വോപരി ജീവികളുടെ ഉത്ഭവത്തിനും നിലനില്‍പിനും ആവശ്യമായ ഊര്‍ജത്തിന്റെ അടിസ്ഥാന സ്രോതസ്സായി വര്‍ത്തിച്ചത് സൂര്യനാണെങ്കില്‍ സൗരോര്‍ജം ലഭിക്കുന്ന മറ്റു ഗോളങ്ങളില്‍ എന്തുകൊണ്ടാണ് ഈ പ്രതിഭാസങ്ങളൊന്നും നടക്കാത്തത്? ഈ അണ്ഡകടാഹത്തില്‍ ബാഹ്യലോകത്തുനിന്ന് നിരന്തരമായി ഊര്‍ജം ലഭിച്ചുകൊണ്ടിരിക്കുന്ന വേറെയും ഒട്ടേറെ ഗോളങ്ങളുണ്ട്. അവയിലൊന്നും പരിണാമം പോയിട്ട് ജീവികള്‍ പോലും ഉണ്ടായിട്ടില്ല. അപ്പോള്‍ ഊര്‍ജത്തിന്റെ ആഗമനം ജൈവോല്‍പത്തിയുടെയും പരിണാമത്തിന്റെയും കാരണമായി പറയാനാകില്ല. ഭൂമിയിലെ ജീവന്റെ നിലനില്‍പിന് അനിവാര്യമായ ഒട്ടേറെ സംവിധാനങ്ങളുണ്ട്. ഇവ ഭൂമിയില്‍ മാത്രം രൂപം കൊണ്ടത് എന്തുകൊണ്ടാണ്?  ഈ സൂക്ഷ്മ വ്യവസ്ഥകളാകമാനം കേവലം യാദൃഛികം എന്ന് പറയുന്നത് എന്തു മാത്രം വലിയ വിഡ്ഢിത്തമാണ്! അതുകൊണ്ടുതന്നെ പരിണാമം എങ്ങനെ സംഭവിച്ചു എന്ന് പറയുന്നതിനു മുമ്പായി ജീവികള്‍ എങ്ങനെ ഉത്ഭവിച്ചു എന്നാണ് അവര്‍ ആദ്യം നമുക്ക് പറഞ്ഞു തരേണ്ടത്. കാരണം പരിണാമത്തിനു മുമ്പ് ജീവികളായിരിക്കുമല്ലോ രൂപം കൊണ്ടിരിക്കുക. 

ഭൂമിയെ ജീവിതത്തിന് അനുയോജ്യമായി സംവിധാനിച്ചതും അതിലുള്ള അനേക ജീവികളെ വിന്യസിച്ചതും ദൈവം തമ്പുരാനാണ് എന്ന പച്ച പരമാര്‍ഥത്തെ വസ്തുനിഷ്ഠമായി എതിര്‍ക്കാന്‍ ഇന്നുവരെ മതനിരാസ ശാസ്ത്രങ്ങള്‍ക്കായിട്ടില്ല. വസ്തുതകള്‍ എങ്ങനെയുണ്ടായി എന്നതിന് വ്യക്തമായ കാരണം ബോധിപ്പിക്കുന്നതിന് മുമ്പായി അവര്‍ അതിന്റെ ഫലത്തിലേക്ക് എടുത്തുചാടുകയാണ്. ദൈവവിശ്വാസം മനുഷ്യന്റെ ഭയത്തില്‍നിന്നും ഉടലെടുത്തതാണെന്നു പറഞ്ഞ് മതങ്ങളെ പരിഹസിക്കുന്നവര്‍ ശാസ്ത്രത്തിനും ചരിത്രത്തിനും ഇതുവരെ വ്യാഖ്യാനിച്ചൊപ്പിക്കാന്‍ കഴിയാത്ത സമസ്യയായ പരിണാമവാദം എന്ന സൂപ്പര്‍ അന്ധവിശ്വാസത്തെ അണ്ണാക്ക് തൊടാതെ വിഴുങ്ങുകയാണ്. 

മില്യന്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഒരു പ്രക്രിയയിലൂടെ കുരങ്ങുകള്‍ മനുഷ്യരായി രൂപാന്തരപ്പെട്ടു എന്നാണല്ലോ പരിണാമവാദികളുടെ ഭാഷ്യം. എന്നാല്‍ നാം വിശദീകരിച്ച പോലെ, പ്രപഞ്ചത്തില്‍ സ്വമേധയാ നടക്കുന്ന ഏതൊരു പ്രവര്‍ത്തനവും  മെച്ചപ്പെട്ട അവസ്ഥയില്‍നിന്ന് മോശമായ അവസ്ഥയിലേക്കാണ് പരിണമിക്കുന്നത്. ആ സ്ഥിതിക്ക് പരിണാമം എന്ന പ്രതിഭാസം സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ തമ്മില്‍ ഭേദപ്പെട്ട മൃഗമായ മനുഷ്യന്‍ താരതമ്യേന തരംതാണ കുരങ്ങായി പരിണമിക്കാനാണ് കൂടുതല്‍ സാധ്യത! 

Comments

Other Post

ഹദീസ്‌

സ്വയം പീഡയാവരുത്‌
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (65-69)
എ.വൈ.ആര്‍