Prabodhanm Weekly

Pages

Search

2018 നവംബര്‍ 23

3077

1440 റബീഉല്‍ അവ്വല്‍ 14

അക്ഷരമുറ്റത്ത്

ഒ. അബ്ദുര്‍റഹ്മാന്‍

(ജീവിതാക്ഷരങ്ങള്‍-2) 

ബ്രിട്ടീഷ് ഭരണകാലത്ത്, 1926-ല്‍ മലബാര്‍ ഡിസ്ര്ടിക്ട് ബോര്‍ഡ്, ഒതയമംഗലം പള്ളിവക മദ്‌റസ കെട്ടിടത്തില്‍ സ്ഥാപിച്ച ഗവ. മാപ്പിള എലിമെന്ററി സ്‌കൂളായിരുന്നു ചേന്ദമംഗല്ലൂരിലെ ഒരേയൊരു പൊതുവിദ്യാഭ്യാസ സ്ഥാപനം. 1944 ഒക്‌ടോബര്‍ 27 (1363 ദുല്‍ഖഅദ് 10)ന് നടാടെ ഭൂമി കണ്ട ഞാന്‍ 1949-ല്‍ എലിമെന്ററി സ്‌കൂളില്‍ ചേര്‍ന്നതോടെയാണ് എന്റെ വിദ്യാര്‍ഥി ജീവിതം ആരംഭിക്കുന്നത്. അരീക്കോട്ടുകാരന്‍ അഹമ്മദ് കുട്ടി മാസ്റ്റര്‍ ബോര്‍ഡില്‍ എഴുതിത്തരുന്ന തറ, പറയില്‍നിന്ന് തുടങ്ങി അഞ്ചാം ക്ലാസ് പൂര്‍ത്തിയാവുമ്പോഴേക്ക് മലയാളം നന്നായെഴുതാനും വായിക്കാനും പഠിച്ചുകഴിഞ്ഞിരുന്നു. ദേശീയ പാഠാവലിയുടെ മൂന്നും നാലും ഭാഗങ്ങളും ചിത്രാവലിയുടെ അഞ്ചാം ഭാഗവുമായിരുന്നു ആകപ്പാടെ കിട്ടിയ പാഠപുസ്തകങ്ങള്‍. പൗരധര്‍മവും പ്രകൃതിപാഠവുമൊക്കെ പാഠ്യവിഷയങ്ങളായിരുന്നുവെങ്കിലും ടെക്സ്റ്റ് ബുക്ക് ഉണ്ടായിരുന്നില്ല. സ്‌കൂള്‍ പഠനകാലത്തൊരിക്കലും രണ്ടാമനാവേണ്ടിയും വന്നില്ല. പീടികയില്‍നിന്ന് സാമാനം പൊതിഞ്ഞുതരുന്ന കടലാസുകഷ്ണങ്ങളടക്കം വായിച്ചു നോക്കുക അന്നേയുള്ള ശീലമായിരുന്നു. നാട്ടില്‍ നടന്നുവന്ന പൊതുജന വായനശാലയായിരുന്നു പത്രവായനക്ക് ഒരേയൊരവലംബം. വീടുകളില്‍ പത്രങ്ങള്‍ വരുന്ന പതിവില്ലായിരുന്നു. പൊതുജന വായനശാലയില്‍ എത്തിക്കൊണ്ടിരുന്ന 'പൗരശക്തി' ദിനപത്രത്തിന്റെ നാല് പേജും അക്ഷരംവിടാതെ വായിച്ചുതീര്‍ക്കും.

1954-ല്‍ സ്‌കൂള്‍ പഠനം അവസാനിച്ചശേഷം തുടര്‍പഠനത്തിന് സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്‌കൂളില്‍ പോവണം. ജ്യേഷ്ഠന്മാരായ ഉമറും അബ്ദുല്ലയും കൂട്ടുകാരോടൊപ്പം സൗത്ത് കൊടിയത്തൂര്‍ സ്‌കൂളിലാണ് പൊയ്‌ക്കൊണ്ടിരുന്നത്. പക്ഷേ, എന്റെ ഊഴം വന്നപ്പോഴേക്ക് അവര്‍ പഠനം മുഴുമിച്ചിരുന്നു. എന്നെ ഒറ്റക്ക് പുഴ കടന്നുപോവാന്‍ ബാപ്പ സമ്മതിച്ചുമില്ല. ഞാന്‍ നിരാശനായി. സ്‌കൂളിലൊന്നും പോവാതെ അലഞ്ഞു നടക്കുകേയാ! ഓര്‍ക്കാന്‍ പോലും വയ്യ. അഞ്ചാം ക്ലാസില്‍ വീണ്ടും ചേര്‍ന്നു പഠിച്ചാലോ! അങ്ങനെ വെറുതെ സമയം കളയാന്‍ ഹെഡ്മാസ്റ്റര്‍ ആലിക്കുട്ടി മാസ്റ്ററും അനുവദിച്ചില്ല. അപ്പോഴാണ് 1952 ഫെബ്രുവരിയില്‍ കെ.സി അബ്ദുല്ല മൗലവിയും ജമാഅത്തെ ഇസ്‌ലാമിയിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ചേന്ദമംഗല്ലൂരില്‍ സ്ഥാപിച്ച മുഴുസമയ മദ്‌റസയായ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ രക്ഷക്കെത്തിയത്. പേരില്‍ മദ്‌റസയായിരുന്നെങ്കിലും അറബിക്ക് പുറമെ മലയാളം, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളും സോഷ്യല്‍ സയന്‍സും ഗണിത ശാസ്ര്തവും സ്ഥാപനത്തിന്റെ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. അന്നേവരെ തുടര്‍ന്നുവന്ന മതവിദ്യാലയങ്ങളില്‍നിന്നുള്ള മൗലിക വ്യതിയാനമായിരുന്ന ഈ സ്ഥാപനത്തെ വേറിട്ടുനിര്‍ത്തിയ മറ്റൊരു സവിശേഷത കൂടിയുണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആന്റെ ആശയം ആദ്യാവസാനം അഞ്ച് വര്‍ഷംകൊണ്ട് പഠിപ്പിച്ചുതീര്‍ക്കുക എന്നതായിരുന്നു അത്. പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങളിലെ പരിശീലനവും ആകര്‍ഷകമായി നടന്നു.

എന്റെ ജ്യേഷ്ഠ സഹോദരന്മാരായ ഉമറും അബ്ദുല്ലയും നാലാം ക്ലാസിലാണ് ചേര്‍ന്നത്, ഞാന്‍ മൂന്നിലും. മാപ്പിള കവി യു.കെ ഇബ്‌റഹീം മൗലവി (അബൂസഹ്‌ല), ടി. ഇസ്ഹാഖലി മൗലവി, കെ. മൊയ്തു മൗലവി, പി.വി കുഞ്ഞുമൊയ്തീന്‍ മൗലവി, എന്‍.കെ. അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എം അബ്ദുര്‍റഹീം സാഹിബ് തുടങ്ങിയ യോഗ്യരായ അധ്യാപകരുടെ ശിക്ഷണം പാഠ്യ, പാഠ്യേതര വിഷയങ്ങളിലൊരുപോലെ സരസവും വിജ്ഞാനപ്രദവുമായിരുന്നു. സാഹിത്യസമാജം, പാര്‍ലമെന്റ്, കൈയെഴുത്തു മാസിക എന്നിവ വിദ്യാര്‍ഥികളുടെ സര്‍ഗസിദ്ധി പരിപോഷിപ്പിച്ചേതാടൊപ്പം സാമ്പ്രദായിക മദ്‌റസകളില്‍നിന്ന് ഭിന്നമായി അറബിമലയാളത്തിനു പകരം അറബി ഭാഷാ പഠനം തന്നെ ഒന്നാംക്ലാസ് മുതല്‍ ഏര്‍പ്പെടുത്തിയതും അതിനായി ലിസാനുല്‍ അത്വ്ഫാല്‍ (കുട്ടികളുടെ ഭാഷ), ലിസാനുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്റെ ഭാഷ) എന്നീ പേരുകളില്‍ ഒന്നും രണ്ടും ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ യു.കെ തന്നെ തയാറാക്കിയതും എടുത്തുപറയേണ്ടതാണ്. 1958-ല്‍ മദ്‌റസ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ മിനിമം ഇന്നത്തെ ഹയര്‍ സെക്കന്ററി നിലവാരത്തിലെ (ഹ്യുമാനിറ്റീസ്) വിദ്യാഭ്യാസം ലഭിച്ചുവെന്ന് ഉറപ്പിച്ചുപറയാം. പുറമെ, ഇസ്‌ലാമിനെ കുറിച്ച സമഗ്രകാഴ്ചപ്പാടിന് അടിത്തറയിടുകയും ചെയ്തു.

പരന്ന വായനയും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയുമുള്ള ആശയവിനിമയത്തിന്റെ എ.ബി.സി.ഡി കുറിക്കുന്നതിന് അവസരമൊരുക്കിയതുമാണ് ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ നാല് വര്‍ഷം നീണ്ട വിദ്യാര്‍ഥി ജീവിതത്തിന്റെ കൃതജ്ഞതാപൂര്‍ണമായ ബാക്കിപത്രം. തുടര്‍പഠനത്തിന് സര്‍ക്കാര്‍ സ്‌കൂളിലാണ് ചേര്‍ന്നിരുന്നതെങ്കില്‍ ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസാണ് അന്ന് മുഴുമിച്ചിരിക്കുക. പാഠ്യേതര വിഷയങ്ങളിലാകെട്ട പ്രസ്താവ്യമായ ഒരു നേട്ടവും കൈവരിക്കാന്‍ സാധിച്ചിട്ടുമുണ്ടാവില്ല. മദ്‌റസയോട് ഗ്രാമത്തിലെയും പരിസരങ്ങളിലെയും നിവാസികള്‍ക്കുള്ള വൈകാരികബന്ധവും അങ്ങനെയൊരു ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് മിഷ്യനറി സ്പിരിറ്റുള്ള അധ്യാപകരുടെ നിസ്വാര്‍ഥ ശ്രമങ്ങളും രണ്ടിന്റെയും പ്രദര്‍ശനത്തിന് സന്ദര്‍ഭമൊരുക്കിയ 1954-ല്‍ തുടക്കമിട്ട വാര്‍ഷിക സമ്മേളനങ്ങളുടെ പങ്കും ഇന്നും ഗൃഹാതുര സ്മരണകളുണര്‍ത്തുന്നു.

ഞാന്‍ മദ്‌റസയില്‍ ചേര്‍ന്ന ആദ്യവര്‍ഷത്തെ പ്രഥമ വാര്‍ഷികം നാനാജാതി മതസ്ഥരായ നാട്ടുകാരുടെ ആഹ്ലാദഭരിതമായ ഉത്സവമായിരുന്നു എന്നുവേണം അനുസ്മരിക്കാന്‍. മലബാറിന്റെ വിവിധഭാഗങ്ങളില്‍നിന്ന് സുഗമമായ റോഡോ ഗതാഗത സൗകര്യങ്ങളോ ഇല്ലാതിരുന്ന ചേന്ദമംഗല്ലൂരിലേക്ക് കാല്‍നടയായെത്തിയ വന്‍ ജനാവലിയെ ഹഠാദാകര്‍ഷിച്ചത് വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളായിരുന്നു. ചേന്ദമംഗല്ലൂര്‍കാരായ ആണുങ്ങളും പെണ്ണുങ്ങളും ഇന്നും ഗൃഹാതുരത്വത്തോടെ പാടുന്ന, റോഡിനരികത്ത് വിധി നടക്കുമ്പം, ഇന്ന് ഇസ്‌ലാമിന്റെ പേരില്‍ കണ്ണുകള്‍ തുറന്നു... തുടങ്ങിയ ഗാനങ്ങള്‍ മദ്‌റസ വാര്‍ഷികങ്ങള്‍ക്കുവേണ്ടി യു.കെ രചിച്ചവയാണ്. കൊണ്ടോട്ടിയിലെ വെറുമൊരു ബീഡിത്തൊഴിലാളിയായിരുന്ന കെ. അബ്ദുര്‍റഹ്മാന്‍ സാഹിബ് പില്‍ക്കാലത്ത് കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സെക്രട്ടറി പദംവരെ അലങ്കരിച്ച ശ്രദ്ധേയമായ വ്യക്തിത്വമാണ്. തന്റെ ജീവിതത്തില്‍ വഴിത്തിരിവായിത്തീര്‍ന്ന സംഭവം കൊണ്ടോട്ടിയില്‍നിന്ന് കാല്‍നടയായി ചേന്ദമംഗല്ലൂരിലെത്തി പ്രഥമ മദ്‌റസ വാര്‍ഷിക സമ്മേളനത്തില്‍ പെങ്കടുത്തതാണെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.

1958-ല്‍ മദ്‌റസ പഠനം പൂര്‍ത്തീകരിച്ചതോടെ വീണ്ടും പഴയ ചോദ്യം ഉയര്‍ന്നു. ഇനിയെന്ത്, എങ്ങോട്ട്? പ്രായം പതിനാല് മാത്രം. പഠനം തുടര്‍ന്നേ പറ്റൂ. എന്തു ചെയ്യണമെന്ന് അന്ന് മംഗലാപുരത്തെ മൈസൂര്‍ ടിമ്പര്‍ കമ്പനി മാനേജറായിരുന്ന ഇക്കാക്കയോട് (എല്ലാവരിലും മൂത്ത ജ്യേഷ്ഠന്‍ ഒ. മുഹമ്മദ് എന്ന വലിയോന്‍) അന്വേഷിച്ചപ്പോള്‍ വെള്ളിമാടുകുന്നിലെ ജെ.ഡി.റ്റി ഇസ്‌ലാം ഓര്‍ഫനേജ് ഹൈസ്‌കൂളില്‍ പോയി ചേര്‍ന്നുകൊള്ളാന്‍ നിര്‍ദേശിക്കുന്ന കത്ത് കിട്ടി. അന്ന് ഹെഡ് മാസ്റ്ററായിരുന്ന പാഴൂര്‍കാരന്‍ എം.കെ അബ്ദുസ്സലാം മാസ്റ്ററോട് സംസാരിച്ച് ഇക്കാക്ക ഇക്കാര്യം ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷേ, ജ്യേഷ്ഠന്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള പ്രഥമ ബാച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ഏക ഉന്നത സ്ഥാപനമായ ശാന്തപുരം ഇസ്‌ലാമിയ കോളേജിലേക്കാണ് തുടര്‍പഠനത്തിന് പോയത്. ആ വഴി പിന്തുടരാനായിരുന്നു എനിക്കും താല്‍പര്യം. ബസ്സോ ഗതാഗതയോഗ്യമായ റോഡോ ഇല്ലാതിരുന്ന ചേന്ദമംഗല്ലൂരില്‍നിന്ന് രാത്രി ജ്യേഷ്ഠനും സതീര്‍ഥ്യരും പെട്ടിയും ഭാണ്ഡവുമായി തോണിമാര്‍ഗം അരീക്കോട്ടേക്ക് പുറപ്പെട്ടതും അവിടന്ന് പിറ്റേന്ന് മഞ്ചേരി, പെരിന്തല്‍മണ്ണ, പട്ടിക്കാട് വഴി ശാന്തപുരത്തെത്തിയതും കൗതുകകരമായ ഓര്‍മകള്‍. ഹോസ്റ്റല്‍ കെട്ടിടമോ തൃപ്തികരമായ ഭക്ഷണമോ ഇല്ലാതിരുന്ന ശാന്തപുരത്തെ ദൈന്യാവസ്ഥ മുമ്പേ പോയവര്‍ വേണ്ടവിധം വിവരിച്ചു തന്നിരുന്നതിനാല്‍ അല്‍പം ആശങ്കയുണ്ടായിരുന്നുവെങ്കിലും ഉപരിപഠനത്തിന് മറ്റൊരു മാര്‍ഗം മുമ്പിലില്ലാത്തതിനാല്‍ ഞങ്ങളുടെ ബാച്ചും ആ വഴി തന്നെ പിന്തുടരാന്‍ തീരുമാനിച്ചു.

യാത്ര പക്ഷേ, തോണിമാര്‍ഗമായിരുന്നില്ല. നാല് കിലോമീറ്റര്‍ നടന്ന് മണാശ്ശേരിയില്‍നിന്ന് ബസ് കയറി കോഴിക്കോട്ടെത്തി, ഉച്ചക്ക് ഒരു മണിക്കുള്ള പെരിന്തല്‍മണ്ണ റൂട്ടിലെ എ.യു.എം.എസ് ബസില്‍ 4 മണിക്ക് പെരിന്തല്‍മണ്ണയിലെത്തി, തുടര്‍ന്ന് 'മയില്‍വാഹനം' ബസില്‍ പട്ടിക്കാട്ടും. പള്ളിക്ക് മുകളിലാണ് പെട്ടിവെച്ച് അന്തിയുറങ്ങേണ്ടത്. വൈദ്യുതിയില്ല. മണ്ണെണ്ണ വിളക്കാണ് വെളിച്ചത്തിന് ഏകാവലംബം. നേരംപുലര്‍ന്നാല്‍ കുളിക്കാന്‍ വെള്ളമന്വേഷിച്ച് കോളേജിന്റെ മുന്നിലെ വയല്‍തോറും അലയുകയേ വഴിയുള്ളൂ. നെല്ലിന് വെള്ളമടിക്കാന്‍ കൃഷിക്കാര്‍ കുത്തിയ വെള്ളക്കുഴിയില്‍ ആദ്യമെത്തിയവന് തെളിവെള്ളത്തില്‍ മുങ്ങാം. പിന്നാലെ വരുന്നവര്‍ക്ക് ചെളിവെള്ളമാണാശ്രയം. ഏതാണ്ട് അതേ പരുവത്തിലുള്ള ഒന്നോ രണ്ടോ കുളങ്ങളുമുണ്ട് അലക്കാനും കുളിക്കാനും. രാവിലെ ചായ ഇല്ല. എട്ടര മണിക്ക് പ്രാതല്‍ കിട്ടും. കഞ്ഞിയും ചമ്മന്തിയും! ഉച്ചക്കും രാത്രിയും ഊണ്‍. കുമ്പളമോ വെള്ളരിയോ ചേനയോ കറിയായി കിട്ടുമെങ്കിലും വല്ലാതെയൊന്നും കലങ്ങാത്ത ജലാംശമാണ് കൂടുതല്‍. തികയാതെ വന്നാല്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം. അലൂമിനിയ പാത്രത്തില്‍ കല്ലുപ്പ് അലിയിക്കാന്‍ വിരല്‍ തന്നെ ശരണം. പച്ചമീന്‍ ഇല്ല. പട്ടിക്കാട് ചന്തയില്‍നിന്ന് വാങ്ങുന്ന ഉണക്കമത്സ്യമാണ് ഒന്നോ രണ്ടോ ദിവസത്തെ സ്‌പെഷല്‍. പശുവിന്റെയോ എരുമയുടെയോ ഇറച്ചി എപ്പോഴെങ്കിലും വിളമ്പുന്ന ലക്ഷ്വറിയും. പച്ചക്കറി വിദ്യാര്‍ഥികള്‍ തന്നെ നട്ടുനനച്ചു വളര്‍ത്തിക്കൊള്ളണം. വിളവായി ലഭിക്കുന്ന ചേനയും കുമ്പളവും വെള്ളരിയും കാന്റീനില്‍ കെട്ടിത്തൂക്കും. ഓരോ ഇനവും തീരാന്‍ 2-3 മാസം.

മൂന്നു മാസത്തിനുശേഷം വീട്ടിലെത്തിയപ്പോള്‍ ഉമ്മ വിളമ്പിയ ഊണിന്റെ കറിയും ചേന. അതും ചേന കൊത്തിയപ്പോള്‍ എനിക്കായി പ്രത്യേകം പാര്‍ത്തുവെച്ചതാണെന്ന സുവിശേഷത്തോടെ. അക്കാലത്ത് (കുറേയൊക്കെ ഇക്കാലത്തും) സമുദായത്തിലെ ഉദാരമതികളുടെ സഹായത്തെ മാത്രം ആശ്രയിച്ചു നടന്നിരുന്ന മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൂര്‍ണ ഫീസ് സൗജന്യത്തോടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നതുകൊണ്ട് പ്രാരബ്ധങ്ങള്‍ക്ക് മതിയായ ന്യായീകരണമുണ്ടായിരുന്നു. സമ്പന്നരായ അപൂര്‍വം വിദ്യാര്‍ഥികളില്‍നിന്ന് പോലും മതിയായ ഫീസ് ഈടാക്കിയിരുന്നില്ല. ഇസ്‌ലാമിന്റെ ലേബലുണ്ടായാല്‍ പിന്നെ കുട്ടികളുടെ ഭക്ഷണമടക്കം സ്ഥാപനം വഹിച്ചുകൊള്ളണമെന്ന അലിഖിത വഴക്കത്തിന് ഇപ്പോഴും മൗലികമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ അറബിക്, ഇസ്‌ലാമിക് കോളേജുകളുടെയും അനുബന്ധ ഹോസ്റ്റലുകളുടെയും അടിസ്ഥാന സൗകര്യങ്ങളും നിലവാരവും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട് എന്ന് സമ്മതിക്കാതെയും വയ്യ.

1958-60 കാലത്ത് മാത്രം ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ പഠിച്ചശേഷം സ്വദേശമായ ചേന്ദമംഗല്ലൂരിലേക്ക് തന്നെ തുടര്‍പഠനത്തിന് മടങ്ങുകയായിരുന്നു ഞങ്ങളുടെ ബാച്ച്. അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യഃ ശാന്തപുരം മാതൃകയില്‍ ഇസ്‌ലാമിയ്യഃ കോളേജായി ഉയര്‍ത്തപ്പെട്ടതായിരുന്നു അതിന്നവസരമൊരുക്കിയത്. പ്രധാനമായ ഒരു മാറ്റം മദ്‌റസയുടെ കാര്യത്തില്‍ സംഭവിച്ചുകഴിഞ്ഞിരുന്നു. 1957-ല്‍ ചേന്ദമംഗല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ യു.പി സ്‌കൂളായി ഉയര്‍ത്തിയതിനെതുടര്‍ന്ന് മദ്‌റസ മുഴുസമയം പ്രവര്‍ത്തിക്കുന്ന സാഹചര്യം ഇല്ലാതായി. രാവിലെ ഒന്നര മണിക്കൂറിലെ മതപഠനത്തിലൊതുങ്ങി മദ്‌റസയുടെ ദൗത്യം. പ്രമുഖ പണ്ഡിതനായിരുന്ന വി. അബ്ദുല്ല ഉമരി (മുയിപ്പോത്ത്) ഇസ്‌ലാമിയ്യഃ കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലായി ചുമതലേയറ്റു. എന്നെ ഏറ്റവുമധികം കാലം പഠിപ്പിച്ച ഗുരുവര്യനും അദ്ദേഹം തന്നെ. ലളിത ശൈലിയില്‍ ക്ലാസെടുക്കാന്‍ സമര്‍ഥനായിരുന്ന ആ മിതഭാഷിയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ജീവിതാന്ത്യംവരെ തുടര്‍ന്നു.

അദ്ദേഹത്തിന്റെ സ്റ്റാഫംഗവും പില്‍ക്കാലത്ത് പ്രവാസജീവിതത്തില്‍ എന്റെ സഹമുറിയനുമായ കെ.എ ഖാസിം മൗലവി സാമാന്യം കര്‍ക്കശക്കാരനായ അധ്യാപകനും ഒപ്പം ഖത്വീബുമായിരുന്നു. ഒരിക്കല്‍ വികാരഭരിതനായി അദ്ദേഹം ചെയ്ത ഖുത്വ്ബ പ്രസംഗത്തില്‍ തിന്മകളോട് കടുത്ത ധര്‍മരോഷം പ്രകടിപ്പിച്ചതും പ്രസംഗം പതിവിലേറെ നീണ്ടതും വി. അബ്ദുല്ല മൗലവി ശ്രദ്ധിച്ചു. ജുമുഅക്കു ശേഷം അദ്ദേഹം സഹപ്രവര്‍ത്തകനെ ഗുണദോഷിച്ചത് എല്ലാ ഖത്വീബുമാരും എക്കാലത്തും ശ്രദ്ധിക്കേണ്ട കാര്യമായി എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. 'ഖാസിം മൗലവി! നമുക്ക് ശ്രോതാക്കളെ ഉപദേശിക്കേണ്ട ചുമതലയേ ഉള്ളൂ. അവരുടെ നേരെ കലിതുള്ളാനുള്ള അംഗീകാരമോ അവകാശമോ ഇല്ല. കുറച്ച് നല്ല കാര്യങ്ങള്‍ മിതമായും ലളിതമായും ജനങ്ങളെ കേള്‍പ്പിക്കാനുള്ള അവസരമാണ് ജുമുഅ ഖുത്വ്ബ.' പതിറ്റാണ്ടുകള്‍ക്കു ശേഷം മീഡിയ വണ്‍ ചാനല്‍ തുടങ്ങാന്‍ പോവുന്ന പശ്ചാത്തലത്തില്‍ നടന്‍ മമ്മൂട്ടിയുമായി ദീര്‍ഘനേരം സംവദിക്കാന്‍ സന്ദര്‍ഭമുണ്ടായപ്പോള്‍, അദ്ദേഹം പലതും പറഞ്ഞ കൂട്ടത്തില്‍ അനുസ്മരിച്ച കാര്യവും അതു തന്നെയായത് യാദൃഛികമാണ്. 'വെള്ളിയാഴ്ച പല പള്ളികളിലും ജുമുഅയില്‍ പങ്കെടുക്കാറുണ്ട്. എന്താണ് നമ്മുടെ ഖത്വീബുമാരുടെ ശൈലി? കടുത്ത ഭാഷയിലെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുമാണ് പലപ്പോഴും. ഈയിടെ ഒരു പള്ളിയില്‍ കയറിയപ്പോള്‍ മാത്രം സ്വല്‍പം വ്യത്യസ്തമായ ഖുത്വ്ബ ശ്രവിക്കാന്‍ കഴിഞ്ഞു.' അറബി ഭാഷയില്‍ മാത്രം ജുമുഅ ഖുത്വ്ബ നിര്‍വഹിക്കപ്പെടാറുള്ള സുന്നി പള്ളികളില്‍ ഈയൊരു പ്രശ്‌നമില്ല. പക്ഷേ, ഖത്വീബ് ഈണത്തില്‍ ഏട് നോക്കിവായിക്കുന്നതു കേട്ട് ഉറങ്ങുകയോ വായുംപൊളിച്ചിരിക്കുകയോ അല്ലാതെ ശ്രോതാക്കള്‍ക്കൊന്നും ചെയ്യാനില്ലെന്നു മാത്രം. പല ഖത്വീബുമാര്‍ക്കും നബാത്തി ഖുത്വ്ബകളുടെ ആശയം അറിയില്ലെന്നതും പരമാര്‍ഥമാണ്.

ഇതു പറയുമ്പോള്‍ ജീവിതത്തിലെ രസകരമായ ഒരനുഭവം ഓര്‍ക്കാതെ വയ്യ. അറുപതുകളുടെ തുടക്കത്തില്‍ ചേന്ദമംഗല്ലൂര്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് സ്ഥാപനത്തിനുവേണ്ടി സംഭാവന പിരിക്കാന്‍ എറണാകുളം ഭാഗത്തേക്ക് സനേഹിതന്‍ ഇ. മുഹമ്മദിനോടൊപ്പം പോയി. റമദാനായിരുന്നു കാലം. കോളേജിലെ ഒരു രക്ഷിതാവായിരുന്ന പറവൂരിലെ മമ്മിക്കുഞ്ഞി ഹാജിയുടെ വീട്ടിലാണ് ഒരു വ്യാഴാഴ്ച രാത്രി എത്തിയത്. പിറ്റേന്ന് രാവിലെ ഏതാണ്ട് പതിനൊന്നര മണി സമയത്ത് ഹാജി ഓര്‍മിപ്പിച്ചു, വെള്ളിയാഴ്ചയാണ്. പള്ളിയില്‍ പോവേണ്ടേ? വെള്ളിയാഴ്ചയാണെന്നും ജുമുഅയില്‍ പങ്കെടുക്കണമെന്നും ഓര്‍ത്തത് അപ്പോഴാണ്. ഞങ്ങള്‍ പള്ളിയിലെത്തി. ജുമുഅക്ക് സമയമായപ്പോള്‍ മഹല്ല് പ്രസിഡന്റായ മമ്മിക്കുഞ്ഞി ഹാജി എന്നെ വിളിച്ചുപറഞ്ഞു: 'ഇന്ന് ഖത്വീബിന് സുഖമില്ല. താങ്കള്‍ ഖുത്വ്ബ നിര്‍വഹിക്കണം!' തലയില്‍ ഇടിത്തീ വീണ പരുവത്തിലായി ഞാന്‍. ജീവിതത്തില്‍ അന്നേവരെ ഞാന്‍ ചെയ്തു നോക്കാത്ത പണിയാണ്. പോരാത്തതിന് ഇത് സുന്നി മഹല്ലാണ്. ജമാഅത്തെ ഇസ്‌ലാമി അനുഭാവിയായ മമ്മിക്കുഞ്ഞി ഹാജിയുടെയും മറ്റും സ്വാധീന ഫലമായി ഖുത്വ്ബ മാതൃഭാഷയിലാകാമെന്ന് മഹല്ല് നിവാസികള്‍ സമ്മതിച്ചുവെന്ന് മാത്രമേയുള്ളൂ. ബാക്കി, മആശിറ വിളിയും വാളെടുക്കലും നമസ്‌കാരാനന്തര കൂട്ട പ്രാര്‍ഥനയുമൊക്കെ യഥാവിധി തുടരുന്നു. രണ്ടാം ഖുത്വുബ അറബിയില്‍ മാത്രമായിരിക്കുകയും വേണം. ഞാന്‍ ജനിച്ചുവളര്‍ന്ന ചേന്ദമംഗല്ലൂരില്‍ കേട്ടുകേള്‍വി മാത്രമായ ചടങ്ങുകളാണിവയത്രയും. അന്നേവരെ സുന്നി പള്ളികളില്‍ ജുമുഅയില്‍ പെങ്കടുത്ത അനുഭവവും ഇല്ലായിരുന്നു. പ്രയാസങ്ങളൊക്കെ ഹാജിയോട് ഞാന്‍ വിശദമാക്കിയെങ്കിലും അദ്ദേഹം വിട്ടില്ല. 'എന്നാല്‍ പിന്നെ ജുമുഅ മുടങ്ങട്ടെ, അല്ലേ?' എനിക്കുത്തരം മുട്ടി. സ്ഥിരം ഖത്വീബ് പള്ളിയില്‍ വന്നിട്ടുണ്ടോ എന്നാരാഞ്ഞപ്പോള്‍ 'അതേ' എന്ന മറുപടി കിട്ടി. എങ്കില്‍ നമസ്‌കാരത്തിന്റെ ഇമാമത്ത് അദ്ദേഹം തന്നെ നിര്‍വഹിക്കെട്ട എന്ന എന്റെ ആവശ്യത്തോട് പ്രസിഡന്റ് അനുകൂലമായി പ്രതികരിച്ചപ്പോള്‍ എനിക്ക് പകുതി ആശ്വാസമായി. നമസ്‌കാരാനന്തര കൂട്ടുപ്രാര്‍ഥന ഞാന്‍ നയിക്കേണ്ടല്ലോ.

സമയമായപ്പോള്‍ വാള്‍ കൈയിലേന്തിയ മുക്രി ആംഗ്യം കാട്ടി. ഞാന്‍ നേരെ മിമ്പറില്‍ കയറി. മലയാളത്തില്‍ ഒരു പ്രസംഗവും കാച്ചി. തുടര്‍ന്ന് ഇമാം നമസ്‌കാരവും നിര്‍വഹിച്ചു. പിന്നീടാണ് പുകില്‍ മുഴുവന്‍. പതിവിന്‍പടി മആശിറ വിളിക്ക് അവസരം നല്‍കുകയോ വാളെടുക്കുകയോ ചെയ്തിട്ടില്ല. രണ്ടാം ഖുത്വ്ബ അറബിയില്‍ ചെയ്യേണ്ട കാര്യമേ ഞാന്‍ മറന്നുപോയിരുന്നു! സത്യത്തില്‍ മആശിറ വിളിയുടെയോ ഖഡ്ഗം കൈയിലേന്തേണ്ടതിന്റെയോ ക്രമം എനിക്കറിയില്ലായിരുന്നു. മിമ്പറില്‍ കയറുന്നതിന് മുമ്പേയാണ് അതിനുള്ള അവസരം. പരിഷ്‌കരണവാദിയായ മഹല്ല് പ്രസിഡന്റ് കരുതിക്കൂട്ടി ഒരു 'ഒഹാബി'യെ കൊണ്ടുവന്ന് പാരമ്പര്യങ്ങളെ മുഴുവന്‍ അട്ടിമറിച്ചതാണെന്ന മുറുമുറുപ്പ് ശക്തിപ്പെടുന്നതിനുമുമ്പേ ഞാന്‍ സ്ഥലംവിട്ടു. പിന്നീടിന്നുവരെ ഞാന്‍ പറവൂരിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. പാവം മമ്മിക്കുഞ്ഞി ഹാജി. നല്ലവനായ ആ മഹല്ല് കാരണവര്‍ എന്റെ കാരണത്താല്‍ പഴി കേള്‍ക്കേണ്ടി വന്നതില്‍ ദുഃഖം തോന്നി. പിന്നീട് അപൂര്‍വം സന്ദര്‍ഭങ്ങളില്‍ സ്വന്തം ഗ്രാമത്തിലെ പള്ളിയിലല്ലാതെ ഞാന്‍ ഖത്വീബിന്റെ വേഷം കെട്ടിയിട്ടില്ല. സ്വന്തം മക്കളുടെ വിവാഹച്ചടങ്ങുകളില്‍ പോലും ഔപചാരിക ഖുത്വ്ബകള്‍ നിര്‍വഹിച്ചിട്ടുമില്ല. വിശുദ്ധ ഖുര്‍ആന്‍ ശ്രുതിമധുരമായും അക്ഷരശുദ്ധിയോടെയും പാരായണം ചെയ്യുകയും പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും മുറപ്രകാരം ചൊല്ലുകയും ഹ്രസ്വസമയത്തിനകം അവസരോചിതമായ ഉപേദശങ്ങള്‍ നല്‍കുകയുമാണ് ഖത്വീബിന്റെ ധര്‍മം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനനുയോഗ്യരായ പണ്ഡിതന്മാരുടെ അഭാവമാണ് ഇന്നും മുസ്‌ലിം കേരളം അനുഭവിക്കുന്ന പ്രയാസങ്ങളിലൊന്ന്. പരേതരായ കെ.സി അബ്ദുല്ല മൗലവി, എ.കെ അബ്ദുല്ലത്വീഫ് മൗലവി, പ്രഫ. വി. മുഹമ്മദ് സാഹിബ്, കെ.ടി അബ്ദുര്‍റഹീം തുടങ്ങിയവര്‍ വേറിട്ടുനില്‍ക്കുന്ന ഖത്വീബുമാരായിരുന്നു (പതിറ്റാണ്ടുകളായി എറണാകുളം പുല്ലേപ്പടി ദാറുല്‍ ഉലൂം മസ്ജിദില്‍ മടുപ്പിക്കാതെയും വെറുപ്പിക്കാതെയും ഖുത്വ്ബ നിര്‍വഹിക്കുന്ന സലഫി പണ്ഡിതന്‍ സലാഹുദ്ദീന്‍ മദനിയോട് മതിപ്പ് തോന്നിയിട്ടുണ്ട്.)

1964 മേയില്‍ ശാന്തപുരം ഇസ്‌ലാമിയ കോളേജിലെ ടി.കെ ഇബ്‌റാഹീം, ഒ. അബ്ദുല്ല, ഇ.വി അബ്ദു തുടങ്ങിയവരടങ്ങിയ സീനിയര്‍ ബാച്ചിനൊപ്പം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിയ കോളേജിലെ പ്രഥമ ബാച്ചായ ഞങ്ങളും ഫൈനല്‍ പരീക്ഷ എഴുതി. എഫ്.ഡി, ബി.എസ്.എസ്.സി എന്നായിരുന്നു ഡിഗ്രിയുടെ പേര്‍. റിസല്‍ട്ട് വന്നപ്പോള്‍ മത വിഷയങ്ങളില്‍ അഥവാ എഫ്.ഡിയില്‍ ഏതാണ്ടെല്ലാവരും ജയിച്ചിരിക്കുന്നു. ബി.എസ്.എസ്.സി (ബാച്ച്‌ലര്‍ ഓഫ് സോഷ്യല്‍ സയന്‍സസ്)യില്‍ ഒരാളൊഴികെ മുഴുക്കെ തോല്‍ക്കുകയും ചെയ്തിരിക്കുന്നു! ഇംഗ്ലീഷിലായിരുന്നു കൂട്ടത്തോല്‍വി. കാരണമെന്തെന്നല്ലേ? അന്ന് പ്രബോധനം ഓഫീസില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദ മെസേജ്' മാസികയുടെ എഡിറ്റര്‍ വി.പി അബ്ദുല്ല സാഹിബിനെയായിരുന്നു ഇംഗ്ലീഷ് ചോദ്യപേപ്പര്‍ തയാറാക്കാന്‍ ഏല്‍പിച്ചിരുന്നത്. ടെക്സ്റ്റ് ബുക്കില്‍നിന്ന് എടുക്കാത്ത പാഠങ്ങള്‍ അദ്ദേഹത്തിന് പ്രത്യേകം അടയാളപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നുവത്രെ. അദ്ദേഹം ധാരണപ്പിശക് മൂലം പഠിപ്പിക്കാത്ത പാഠങ്ങളില്‍നിന്നാണ് ചോദ്യങ്ങള്‍ തയാറാക്കിയത്. പരീക്ഷാ ഹാളില്‍ കടന്ന് ചോദ്യം കൈയില്‍ കിട്ടിയപ്പോള്‍ തന്നെ എവിടെയോ തെറ്റിയിട്ടുണ്ടെന്ന് ഞാന്‍ ഊഹിച്ചിരുന്നു. അതിനാല്‍ 35 മാര്‍ക്കുള്ള ഗ്രാമര്‍ വിഭാഗത്തില്‍ മാത്രം ഞാന്‍ ഉത്തരമെഴുതി. അതപ്പടി ശരിയായതുകൊണ്ട് ഞാന്‍ മാത്രം ഇംഗ്ലീഷിലെ മിനിമം മാര്‍ക്കോടെ ബി.എസ്.എസ്.സിക്കാരനുമായി!

അങ്ങനെ പതിനഞ്ച് വര്‍ഷത്തെ വിദ്യാര്‍ഥിജീവിതം അവിടെ അവസാനിച്ചതായി സ്വയം കണക്കുകൂട്ടി. അതേവരെ ചലിച്ച പാതയിലൂടെ ഇനിയും മുന്നോട്ടുപോകാനാവില്ല. മറ്റൊരു പാതയിലേക്ക് മാറാമെന്നുവെച്ചാല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളുമില്ല. പ്രായം കൃത്യം ഇരുപത്. ഇനിയൊരു ജോലി കണ്ടെത്തണം. കുഞ്ഞുകുട്ട്യാദികളും പ്രാരബ്ധങ്ങളുമായി കഴിയുന്ന ജ്യേഷ്ഠ സഹോദരന്മാരെ ഇനിയും ആശ്രയിക്കാനാവില്ല. ഞങ്ങളുടെ ബാച്ചിലെ മിക്കവാറും പേര്‍ ഇതിനകം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അറബിക് ലോവര്‍, ഹയര്‍ പരീക്ഷകള്‍ എഴുതി പാസായി സര്‍ട്ടിഫിക്കറ്റുകള്‍ സ്വായത്തമാക്കിയിരുന്നതിനാല്‍ തല്‍ക്കാലം മദ്‌റസാധ്യാപകരായി വേഷമിടുകയും പിന്നീട് സ്‌കൂളുകളില്‍ അറബിക് മുന്‍ഷിമാരായി നിയമനം തേടുകയും ചെയ്തു. അക്കാലത്ത് എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിന് മാനേജര്‍മാര്‍ കോഴ വാങ്ങുന്ന ഏര്‍പ്പാട് മലബാറില്‍ ആരംഭിച്ചിട്ടില്ലാതിരുന്നതിനാല്‍ പലരും പ്രയാസം കൂടാതെ സര്‍ക്കാര്‍ ശമ്പളക്കാരായി. സ്‌കൂളധ്യാപകരുടെ വേതന നിലവാരം അസൂയാര്‍ഹമായിരുന്നില്ലെങ്കിലും സ്ഥിരമായ ഒരു സര്‍ക്കാര്‍ ജോലി ആശ്വാസകരം തന്നെയായിരുന്നു. പക്ഷേ, ഞാനും ജ്യേഷ്ഠന്‍ അബ്ദുല്ലയും സഹോദരന്മാരുടെയും ഗുണകാംക്ഷികളുടെയും പ്രേരണയെ അവഗണിച്ച് അറബി അധ്യാപക ജോലിക്കു പോയില്ല. അബ്ദുല്ല സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. ഞാനാവെട്ട ആ ഭാഗത്തേക്ക് തിരിഞ്ഞതേയില്ല. അന്ന് സാര്‍വത്രികമായിരുന്ന ബീഡിത്തുറുപ്പ് പോലെയാണ് ഞാന്‍ മുന്‍ഷിപ്പണിയെ കണ്ടത്. ഒരിക്കലും വികാസമോ ഉയര്‍ച്ചയോ ഇല്ലാത്ത വെറുമൊരു ഉപജീവനമാര്‍ഗം (സ്‌കൂളധ്യാപകരുടെ മെച്ചപ്പെട്ട വേതന നിലവാരം പില്‍ക്കാല സംഭവമാണ്).

അങ്ങനെയിരിക്കെ ഒരു ദിവസം എക്കാലത്തും എന്റെ ഗുണകാംക്ഷിയും വഴികാട്ടിയുമായ പിതൃതുല്യമായ സ്‌നേഹം എനിക്ക് വെച്ചുനീട്ടിയ കെ.സി. അബ്ദുല്ല മൗലവി എന്നെ വിളിച്ചു ചോദിച്ചു: 'മറ്റുള്ളവരൊക്കെ ഓരോ ജോലിയില്‍ കയറിപ്പറ്റി. നീ എന്തുചെയ്യാനാണ് ഭാവം?' 'ഒന്നും കണ്ടിട്ടില്ല, തീരുമാനിച്ചിട്ടുമില്ല. കുറച്ചുകാലം ഇങ്ങനെ തെക്കുവടക്ക് നടക്കട്ടെ. പിന്നീട് എന്തെങ്കിലും തൊഴിലിലേര്‍പ്പെടാം'- ഞാന്‍ പ്രതികരിച്ചു. 'എങ്കില്‍ നാളെ എന്റെ കൂടെ വാ.' അദ്ദേഹം അത്രയേ പറഞ്ഞുള്ളൂ. ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനവും പ്രബോധനം പ്രസും ഓഫീസും സ്ഥിതിചെയ്യുന്ന വെള്ളിമാടുകുന്നിലേക്കാണ് അമീറെന്ന നിലയില്‍ അദ്ദേഹം പോവാറുള്ളത് എന്നെനിക്കറിയാം. ഞാനവിടെ രണ്ടുമൂന്നു തവണ പോയിട്ടുണ്ട്. കെ.സിയുടെ കല്‍പന എനിക്ക് തേന്മൊഴിയായിട്ടാണ് അനുഭവപ്പെട്ടതെന്ന് പറയേണ്ടതില്ലല്ലോ. പതിമൂന്നാം വയസ്സില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ ഒരു ഉര്‍ദു കഥ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചതല്ലാതെ ഒരു പത്രത്തിലും അച്ചടി മഷി പുരളാന്‍ ഒരു സാധനവും അയച്ചുകൊടുക്കാത്ത ഞാന്‍, വെറും കൈയെഴുത്തു മാസികകളുടെ എഡിറ്റര്‍ എന്ന 'പരിചയസമ്പന്നത'യുടെ പിന്‍ബലത്തില്‍ പത്രപ്രവര്‍ത്തന രംഗത്തേക്കു കാലെടുത്തുവെക്കാന്‍ പോവുകയാണെന്ന് സ്വയം വിശ്വസിച്ചു. വലിയ ക്ലിഷ്ടതയോ സങ്കീര്‍ണതയോ കൂടാതെ സാമാന്യം ലളിതഭാഷയില്‍ മലയാളം എഴുതാനും മുഖ്യമായും ഉര്‍ദുവില്‍നിന്ന് മൊഴിമാറ്റം ചെയ്യാനും കഴിയുമെന്ന ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. പിറ്റേന്ന് ഞാന്‍ കെ.സിയെ അനുഗമിച്ച് വെള്ളിമാടുകുന്ന് ബസ് സ്റ്റോപ്പിലിറങ്ങി, പ്രബോധനം ഓഫീസിലേക്ക് നടന്നുകയറി. 

(തുടരും)

Comments

Other Post

ഹദീസ്‌

സ്വയം പീഡയാവരുത്‌
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (65-69)
എ.വൈ.ആര്‍