Prabodhanm Weekly

Pages

Search

2018 നവംബര്‍ 23

3077

1440 റബീഉല്‍ അവ്വല്‍ 14

സ്ഥല നാമമാറ്റം ചരിത്രത്തെ അപഹരിക്കുന്നവര്‍

ശിഹാബ് പൂക്കോട്ടൂര്‍

ഇന്ത്യന്‍ നഗരങ്ങളായ അഹ്മദാബാദ് കര്‍ണാവതിയും ഫൈസാബാദ് ശ്രീ അയോധ്യയും അലഹാബാദ് പ്രയാഗ്‌രാജുമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. സ്വന്തമായി ചരിത്രമില്ലാത്തവര്‍ അപരന്റെ ചരിത്രം അപഹരിക്കും, ആ അപഹരിക്കപ്പെട്ട ചരിത്രത്തില്‍ ഊന്നിനിന്ന് ആരില്‍നിന്നാണോ തട്ടിയെടുത്തത് അവരെ ചരിത്രവും പാരമ്പര്യവുമില്ലാത്തവരായി മുദ്രകുത്തും! ഇന്ത്യയില്‍ സംഘ് പരിവാര്‍ ഫൈസാബാദ്, അഹ്മദാബാദ്, അലഹാബാദ്, ഔറംഗബാദ് തുടങ്ങിയ സ്ഥലനാമങ്ങള്‍ മാറ്റി നിര്‍ണയിച്ചുകൊണ്ടിരിക്കുന്നത് ചരിത്രം അപഹരിച്ച് മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ ചരിത്രാപഹരണത്തിന്റെ ഏറ്റവും മികച്ച മാതൃക ഇസ്രയേലാണ്.

ലോകത്തെമ്പാടും ചിതറിക്കിടന്ന ജൂത സമൂഹത്തിന്റെ വാഗ്ദത്ത ഭൂമിയായി ബ്രിട്ടന്‍ രൂപകല്‍പന ചെയ്ത രാജ്യമാണല്ലോ ഇസ്രയേല്‍. ചിതറിക്കിടന്ന ജൂതന്മാരെ ഫലസ്ത്വീനിലെത്തിക്കാന്‍  യൂറോപ്പ് നടത്തിയ കാമ്പയിനിന്റെ  തലവാചകം 'ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി' എന്നായിരുന്നു. അഞ്ച് ദശലക്ഷത്തോളം വരുന്ന തദ്ദേശീയരായ ഫലസ്ത്വീനികളെ ജനങ്ങളായി പരിഗണിക്കാതെയാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. പൗരസ്ത്യരെക്കുറിച്ച് നേരത്തേതന്നെ പറഞ്ഞും എഴുതിയും യൂറോപ്പ് പഠിപ്പിച്ചതിന്റെ ഫലമായാണ് ഈ വാചകം ധൈര്യസമേതം പറയാന്‍ അവര്‍ക്ക് സാധിച്ചത്. എഡ്വേര്‍ഡ് സൈദ് നിരീക്ഷിച്ചതുപോലെ,  കാല്‍പനികതയോ വിചിത്ര സംഭവങ്ങള്‍ക്കാധാരമായ സ്ഥലങ്ങളോ നിഗൂഢതകളോ ഒക്കെ ആയാണ് പൗരസ്ത്യത കണക്കാക്കപ്പെടുന്നത്. 1969-ല്‍ മോഷെ ദയാന്‍ നടത്തിയ പ്രസ്താവനയില്‍ ഇങ്ങനെ കാണാം: ''അറബ് ഗ്രാമങ്ങള്‍ അവിടെയില്ല. അറബികള്‍ തിങ്ങിനിറഞ്ഞ ഈ ദേശത്തേക്ക് നമ്മള്‍ കടന്നുവന്നു. നമ്മളവിടെ ഒരു ഹീബ്രു ജൂതദേശം പടുത്തുയര്‍ത്തി. ഈ ദേശത്തെ ഭൂരിപക്ഷം അറബികളുടെ ഭൂമിയും നാം വാങ്ങി. അറബ് ഗ്രാമങ്ങളുടെ സ്ഥാനത്ത് ജൂതഗ്രാമങ്ങള്‍ പണിതു. ഈ അറബ് ഗ്രാമങ്ങളുടെ പേരുപോലും നിങ്ങള്‍ക്കറിയില്ല. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തില്ല. എന്തെന്നാല്‍ ആ ഭൂമിശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ നിലവിലില്ല. പുസ്തകങ്ങള്‍ മാത്രമല്ല, അറബ് ഗ്രാമങ്ങളും നിലനില്‍ക്കുന്നില്ല. ജിബ്‌റീന്റെ സ്ഥാനത്ത് ജീവറ്റും തെല്‍ഷാമന്റെ സ്ഥാനത്ത് കെഫാര്‍യെയും ഉയര്‍ന്നുവന്നു. എന്നാല്‍ മുമ്പ് അറബ് ജനതയില്ലാത്ത ഒരിടവും ഇവിടെ ഉണ്ടായിരുന്നില്ല'' (ഹരാറ്റെസ് 1969). അറബ് ഗ്രാമങ്ങള്‍ അവിടെയില്ല എന്നതുകൊണ്ട് ദയാന്‍ ഉദ്ദേശിക്കുന്നത് അവ എങ്ങനെ ക്രമപ്രവൃദ്ധമായി നശിപ്പിക്കപ്പെട്ടുവെന്നു തന്നെയാണ്. ഗ്രാമങ്ങള്‍, വീടുകള്‍, പൂന്തോട്ടങ്ങള്‍, ശ്മശാനങ്ങള്‍, ശ്മശാന ഫലകങ്ങള്‍ എല്ലാം നശിപ്പിക്കപ്പട്ടു. സ്ഥലനാമങ്ങള്‍ സൂചിപ്പിക്കാന്‍ കൊത്തിവെച്ചിരുന്ന കല്ലുകള്‍, ബോര്‍ഡുകള്‍ പാടേ പിഴുതെറിയപ്പെട്ടു. 1948-ല്‍ ഭൂമി നഷ്ടപ്പെട്ട അറബികള്‍ 780000 വരും. 

ഇന്ത്യയുടെ കുടിയേറ്റ നിയമത്തില്‍ ഇപ്പോള്‍ നടത്തുന്ന പരിഷ്‌കരണങ്ങളെ 'സമ്പൂര്‍ണ ഹിന്ദുരാഷ്ട്രം' എന്ന സംഘ് പരിവാറിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കേണ്ടതുണ്ട്. ലോകത്തെവിടെയുമുള്ള ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലേക്ക് കുടിയേറാം, മറ്റു മതസ്ഥര്‍ക്ക് അനുവദനീയമല്ല. മാത്രമല്ല, നിലവില്‍ അഭയാര്‍ഥികളായവരെ മറ്റു മതവിശ്വാസികളാണെങ്കില്‍  പുറന്തള്ളുകയും വേണം. ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയും നാമ മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, നേരത്തേ ഇവിടെ മുസ്‌ലിംകളടക്കമുള്ളവര്‍ ഉണ്ടായിരുന്നില്ല എന്ന വാദത്തിന് വേണ്ടിയുള്ള ആശയങ്ങള്‍ വികസിപ്പിക്കാനാണ് ഉയര്‍ത്തിക്കൊുവരുന്നത്. ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ മുസ്‌ലിം പൈതൃകങ്ങള്‍ക്ക് മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. താജ്മഹലിന്റെ പേര് മാറ്റണമെന്ന സംഘ് പരിവാറിന്റെ വാദങ്ങള്‍ അത്ര നിസ്സാരമായി മനസ്സിലാക്കരുത്. ശ്മശാനങ്ങളുടെ ഫലകങ്ങളില്‍ രേഖപ്പെടുത്തിയ അറബിപ്പേരുകള്‍ പിഴുതെറിഞ്ഞ സയണിസ്റ്റ് പദ്ധതിയുടെ സവര്‍ണ ഫാഷിസ്റ്റ് പതിപ്പാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഭൂരിപക്ഷത്തിന്റെ ഇഛയെ മാനിച്ച് 'വിദേശ ശക്തികളുടെ' രുചിയും ഗന്ധവും തുടച്ചുനീക്കുക, മനു മേധാവിത്വത്തില്‍ സ്ഥാപിതമാവുന്ന 'വാഗ്ദത്ത' ഭൂമിയിലെ അപരവാസികളുടെ സാന്നിധ്യത്തെ അവഗണിക്കുക, വിവിധ വിഭാഗങ്ങള്‍ ഇവിടെ നിലവിലില്ലെന്ന് ബോധ്യപ്പെടുത്തുക, വംശ ശത്രുക്കളെ നിശ്ശബ്ദമാക്കുകയും ഭീതിപ്പെടുത്തുകയും ചെയ്യുക - നിയമനിര്‍മാണങ്ങളിലൂടെയും ക്രിമിനല്‍വത്കരണത്തിലൂടെയും സംഘ് പ്രത്യയശാസ്ത്രം രാജ്യത്തെ വരുതിയിലാക്കാന്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന നയങ്ങളാണിവ. തദ്ദേശികളായ അറബികളോട് ഇസ്രയേലീ സയണിസ്റ്റുകള്‍ കൈക്കൊ അതേ നയങ്ങള്‍ തന്നെ. 1967-നു ശേഷം വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇസ്രയേല്‍ ഇതേ നയങ്ങള്‍ തന്നെയാണ് തുടര്‍ന്നത്. ഇസ്രയേലിലെ ജൂതര്‍ അറബ് പ്രദേശങ്ങളില്‍ താമസം തുടങ്ങിയപ്പോള്‍ അവര്‍ക്ക് ഒരുതരം അന്യതാബോധമുണ്ടായി. ചുറ്റുമുള്ള കാഴ്ചകളിലും ശബ്ദങ്ങളിലും തങ്ങളുടേതല്ലാത്ത മറ്റെന്തോ ഒന്നാണ് അവര്‍ക്ക് അനുഭവപ്പെട്ടത്. അറബ് മുസ്‌ലിം സംസ്‌കൃതിയുടെ സൂക്ഷ്മാവിഷ്‌കാരങ്ങള്‍ തങ്ങളുടേതല്ലാത്ത ഒരു പ്രദേശത്ത് ജീവിക്കുന്ന പ്രതീതി ഉളവാക്കി. അതിനെ മറികടക്കാന്‍ എല്ലാ സ്ഥലനാമങ്ങളും തങ്ങളുടേതാക്കി മാറ്റിയെഴുതുകയായിരുന്നു ജൂത കുടിയേറ്റക്കാര്‍. ചുമരുകളും കമ്പോളങ്ങളും മാറ്റിവരച്ചു. അവശേഷിച്ച കാഴ്ചകളും ശബ്ദങ്ങളും ബലാല്‍ക്കാരം നശിപ്പിച്ചു. അങ്ങനെ അന്യത നിറഞ്ഞ ആ ദേശം സ്വന്തമാക്കി അവകാശം ഊട്ടിയുറപ്പിച്ചു.

തിരൂരിലെ റെയില്‍വേ സ്റ്റേഷനില്‍ വരച്ച വാഗണ്‍ ട്രാജഡിയുടെ ചുമര്‍ ചിത്രം 24 മണിക്കൂറിനുള്ളില്‍ തുടച്ചുനീക്കിയത് ഈയടുത്താണ്. സംഘ് പരിവാര്‍ ആ ചിത്രങ്ങള്‍ക്കെതിരെ രംഗത്തുവരികയും കേന്ദ്ര ഭരണകൂടം അത് മായ്ച്ചുകളയാന്‍ ഉത്തരവിടുകയും ചെയ്തത് തങ്ങളുടെ തന്നെ വാദങ്ങളെ അത് പൊളിച്ചുകളയുമെന്ന ഭയം കാരണമാണ്. ദേശദ്രോഹം, ദേശത്യാഗം എന്ന ദ്വന്ദ്വത്തില്‍ കൂടിയാണ് സംഘ് പരിവാര്‍ മുസ്‌ലിംകളെ നേരിടുന്നത്. ദേശത്യാഗത്തിന്റെ മുസ്‌ലിം ചരിത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയെന്നാല്‍ തങ്ങളുടെ ദേശനിര്‍മിതിയെയാണ് അത് തകര്‍ത്തുകളയുക എന്ന് സംഘ് പരിവാര്‍ ഉറച്ചുവിശ്വസിക്കുന്നു. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ മായ്ച്ചു കളയേത് അവരുടെ ആവശ്യമാണ്. തങ്ങളുടേതെന്ന് തോന്നാത്ത സംസ്‌കൃതിയുടെ തിരസ്‌കരണം വംശവെറിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആശയമാണ്. ഇന്ത്യയുടെ സംസ്‌കൃതിയില്‍നിന്ന് മറ്റു ചിഹ്നങ്ങളെയും പേരുകളെയും തുടച്ചുനീക്കുക വളരെ ശ്രമകരമാണ് (അമിത് ഷായുടെ പേര് പേര്‍ഷ്യനാണെന്നും ഗുജറാത്ത് എന്ന പേര് നല്‍കിയത് പേര്‍ഷ്യക്കാരാണെന്നും അവ രണ്ടും മാറ്റാന്‍ സംഘ് പരിവാര്‍ തയാറാവണമെന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പറഞ്ഞത് ഓര്‍ക്കുക). പതിറ്റാണ്ടുകളുടെ ഗവേഷണങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും ആര്‍.എസ്.എസ് ഇത്തരം പദ്ധതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയെക്കുറിച്ച് അവരുടെ സങ്കല്‍പത്തിലുള്ള ഒരു ദേശഭൂപടമുണ്ട്. അതിര്‍ത്തികള്‍ മുതല്‍ പിഴുതെറിയേണ്ട അനേകം ദേശചരിത്രങ്ങളും ചിഹ്നങ്ങളും ഭാഷാ വൈവിധ്യങ്ങളും അടങ്ങുന്ന, മിലിറ്റന്റ് ഗോള്‍വാള്‍ക്കറുടെ ഹിന്ദി, ഹിന്ദു, ഹിന്ദുസ്താന്‍ മുദ്രാവാക്യമനുസരിച്ച് രൂപകല്‍പന ചെയ്ത ഒരു വംശ രാഷ്ട്രം. ഭാഷ, സമുദായം, ദേശം എന്നീ വ്യവഹാരങ്ങളില്‍ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏക വ്യവഹാരത്തിലേക്ക് മാറ്റി സ്ഥാപിക്കുക എന്ന നയം. ഇന്ത്യയില്‍ ഭരണ ഭാഷയായിരുന്ന പേര്‍ഷ്യനില്‍നിന്ന് ഉര്‍ദുവിലേക്കും ഉര്‍ദുവില്‍നിന്ന് ഹിന്ദിയിലേക്കുമുള്ള മാറ്റത്തിന് നേതൃത്വം നല്‍കിയിരുന്നത് ആരൊക്കെയായിരുന്നുവെന്ന് പരിശോധിച്ചാല്‍ ചിത്രം വ്യക്തമാവും. 

ഹിന്ദി മൂവ്‌മെന്റുകളില്‍ ആര്‍.എസ്.എസ്സിന്റെ സ്വാധീനം പ്രകടമായിരുന്നു. ഹിന്ദു നവോത്ഥാനത്തോടൊപ്പം ഹിന്ദിയുടെ ഏകീകരണവും സമാന്തരമായി വികസിച്ചു. ഇതിന്റെ ഫലമായി ധാരാളം പ്രാദേശിക ഭാഷകള്‍ പുറന്തള്ളപ്പെട്ടു. 1947-നു ശേഷം, കോണ്‍സ്റ്റിറ്റിയൂഷനല്‍ അസംബ്ലിയില്‍ അധ്യക്ഷന്റെ കാസ്റ്റിംഗ് വോട്ടിന്റെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ ഹിന്ദി രാഷ്ട്രഭാഷയായപ്പോള്‍ ഉര്‍ദു അടക്കുള്ള ഭാഷകള്‍ അപരവത്കരണത്തിന് വിധേയമായി. ഇതിലൂടെ മുസ്‌ലിം വിരോധം സ്ഥായിയായി ഉറപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. എം.എസ് പാണ്ഡ്യന്‍ നിരീക്ഷിക്കുന്നതുപോലെ 'ഹിന്ദി രാഷ്ട്ര ഭാഷയായി പ്രഖ്യാപിച്ചതിലൂടെ വലിയ ഹിംസയുടെ ചരിത്രം കൂടി പിറവിയെടുത്തു. ദേവനാഗരി ലിപിയിലൂടെ സ്ഥാപിതമായത് ഒരു ഭാഷ മാത്രമായിരുന്നില്ല, പ്രത്യേക സമുദായവും അതിലൂടെ ഉടലെടുത്ത സംഘര്‍ഷങ്ങളും ദേശങ്ങളുമായിരുന്നു.' 1900-ത്തിന്റെ തുടക്കത്തില്‍ ആരംഭിച്ച ഹിന്ദി പ്രസ്ഥാനങ്ങളും ഉര്‍ദു പ്രസ്ഥാനങ്ങളും കൃത്യമായ രണ്ട് ദേശങ്ങളായി മാറുകയായിരുന്നു. ഭാഷയെക്കുറിച്ചും ദേശത്തെക്കുറിച്ചുമുള്ള ഗോള്‍വാള്‍ക്കറിന്റെ നിരീക്ഷണങ്ങള്‍ തന്നെയാണ് ആസൂത്രിതമായി ഇതിലൂടെ സാധ്യമായത്. ശ്രേഷ്ഠ ഭാഷാ വാദങ്ങളിലൂടെ സ്ഥാപിച്ചെടുത്തത് ഹിംസാത്മകമായ ഒരു ആദര്‍ശത്തെയായിരുന്നു. 2014-ല്‍ മോദി അധികാരത്തില്‍ വന്നതിനു ശേഷം ദേശത്തെ കൂടുതല്‍ 'ശുദ്ധ'മാക്കാനുള്ള മുറവിളി ശക്തിപ്പെട്ടുവന്നു. നിരവധി ഗ്രാമങ്ങളുടെ പേരുകളില്‍നിന്ന് പേര്‍ഷ്യന്‍, അറബിക്, ഉര്‍ദു സ്വാധീനങ്ങള്‍ ഒഴിവാക്കി. സംസ്‌കൃത, വേദിക് പദാവലികളാണ് ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും പുതുതായി നല്‍കപ്പെട്ട പേരുകളില്‍ ഉള്ളടങ്ങിയിട്ടുള്ളത്. ഒരു സ്ഥലത്തിന്റെ പേരിലെന്തിരിക്കുന്നു എന്ന ലളിത ചോദ്യത്തിനപ്പുറം വംശീയ ഉള്ളടക്കങ്ങളുടെ പ്രത്യക്ഷ സാധൂകരണമാണ് നടപ്പിലാക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്.

ഇസ്രയേല്‍ ഫലസ്ത്വീനെ കോളനിയാക്കിയതിന്റെ ജ്ഞാനപരമായ ഉള്ളടക്കത്തെക്കുറിച്ച് എഡ്വേര്‍ഡ് സൈദ് എഴുതുന്നു: ''ലിബറലിസം, സ്വാതന്ത്ര്യം, ജനാധിപത്യം, ജ്ഞാനം, ശുദ്ധി എന്നിവയോട് ഇസ്രയേലിനെയും സയണിസത്തെയും ജൂത സമൂഹത്തെയും ചേര്‍ത്തുവെച്ചു. 'നാം' എന്തിനോടാണ് പോരാടുന്നത് എന്ന ബോധം ഇതിലൂടെ കൃത്യമാക്കപ്പെട്ടു. പൗരസ്ത്യം, ഏകാധിപത്യം, ഭോഗപരത, അജ്ഞാനം, പിന്നാക്ക അപരിഷ്‌കൃത മനോഭാവങ്ങള്‍, അശുദ്ധി തുടങ്ങിയവയായിരുന്നു ഇസ്രയേലിന്റെയും സയണിസത്തിന്റെയും ശത്രുക്കളായി കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ സയണിസത്തിന്റെയും ജൂത സമൂഹത്തിന്റെയും മഹത്വത്തെ അംഗീകരിച്ച് 'അവര്‍ക്ക്' യോജിച്ചുപോകാന്‍ കഴിയില്ലായെങ്കില്‍ അതിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സാധ്യമായ മാര്‍ഗങ്ങള്‍ 'നമ്മള്‍' കണ്ടെത്തണം. ഈ അവസരത്തില്‍ സയണിസം വെള്ളക്കാരന്റെ വംശമഹിമയും ജൂതസമൂഹത്തിന്റെ മത ഔന്നത്യവും ധീരോദാത്തമാണെന്ന് കണക്കാക്കി ഭൂമിക്കു മേലുള്ള അവകാശത്തെ വംശ കേന്ദ്രീകൃതാശയങ്ങളുടെ തുടര്‍ച്ചയായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അറബികളെ ഉന്മൂലനം ചെയ്യുമ്പോഴും അവരുടെ സംസ്‌കാരങ്ങളെ മായ്ച്ചുകളയുമ്പോഴും സവിശേഷമായ വംശബോധം സ്ഥാപിക്കുന്നതില്‍ ഓരോ സയണിസ്റ്റും ആനന്ദം കണ്ടെത്തിയിരുന്നു'' (The Question of Palestine-Said).

ഇന്ത്യയില്‍ അതിവേഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലപ്പേര് മാറ്റലും പൈതൃകങ്ങളുടെ 'പുനഃസ്ഥാപനവും' വംശരാഷ്ട്രത്തിന്റെ പ്രത്യക്ഷപ്പെടല്‍ മാത്രമല്ല, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആചാര്യന്മാരുടെ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ജ്ഞാനപരമായ ഉള്ളടക്കങ്ങള്‍ ആധിപത്യം നേടുക കൂടിയാണ് അതിലൂടെ. കാന്ദഹാര്‍ മുതല്‍ കൊളംബോ വരെ നീളുന്ന അഖണ്ഡ ഭാരതം എന്ന ദേശ കാഴ്ചപ്പാടിനെ ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇത്തരം പ്രവൃത്തികളിലൂടെ സവര്‍ണ പരിവാരം നടത്തികൊണ്ടിരിക്കുന്നത്. ഭാഷകളിലൂടെയും ചിഹ്നങ്ങളിലൂടെയും ജനങ്ങളെ ഭിന്നിപ്പിച്ച് അധീശത്വം നേടുന്ന തന്ത്രമാണിത്. പഞ്ചാബില്‍ ഒരു ഭാഷ തന്നെ മൂന്ന് ലിപികളില്‍ എഴുതുകയും അവയെ സമുദായങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്തതിലൂടെ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. ഗുര്‍മുഖി, ദേവനാഗിരി, പേര്‍ഷ്യന്‍ ലിപികള്‍ യഥാക്രമം സിഖ്, ഹിന്ദു, മുസ്‌ലിം വിഭാഗങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ സാമുദായിക സംഘര്‍ഷങ്ങളുണ്ടായി. ഭാഷയിലൂടെ മാത്രമല്ല അവ കൈമാറുന്ന ചിഹ്നങ്ങളില്‍ പോലും കൃത്യമായ വംശീയ സംഘര്‍ഷ സാധ്യതകള്‍ ഇന്ത്യയില്‍ നേരത്തേതന്നെ പ്രകടമായിരുന്നു. ഇതിനെ സ്ഥലനാമങ്ങളിലേക്കും അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്കും ചേര്‍ത്തുവെച്ചു വായിക്കേണ്ടതാണ്. അപ്പോഴാണ് അതിനു പിന്നിലുള്ള ആശയങ്ങളുടെയും ഹിംസയുടെയും വംശീയമായ വ്യാപ്തി ബോധ്യമാവുക. 

Comments

Other Post

ഹദീസ്‌

സ്വയം പീഡയാവരുത്‌
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (65-69)
എ.വൈ.ആര്‍