Prabodhanm Weekly

Pages

Search

2018 നവംബര്‍ 23

3077

1440 റബീഉല്‍ അവ്വല്‍ 14

ചുവരെഴുത്തുകള്‍ മായ്ക്കുമ്പോള്‍

ഹാരിസ് നെന്മാറ

1921 നവംബര്‍ 19. മലബാര്‍ സമരക്കാരെ കുത്തിനിറച്ച ചരക്കുവണ്ടി കോയമ്പത്തൂരിനടുത്തെ പോത്തന്നൂരെത്തി. വാഗണിനകത്തു നിന്ന് അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ പട്ടാളമേധാവികള്‍ വണ്ടി നിര്‍ത്തിയിടാന്‍ ആവശ്യപ്പെട്ടു. താഴിട്ട് പൂട്ടിയ വാഗണിന്റെ ഇരുമ്പുകവാടം പതിയെ തുറന്നതും മനുഷ്യമാംസത്തിന്റെ ഗന്ധം വാഗണിന്റെ പുറത്തേക്ക് ഒഴുകി തുടങ്ങി. ചോര പുരണ്ടു കിടക്കുന്ന 64 മൃതദേഹങ്ങള്‍. മൃതദേഹങ്ങളില്‍ മനുഷ്യര്‍ പരസ്പരം കടിച്ചു മുറിവേല്‍പ്പിച്ച പാടുകള്‍. ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ ഓര്‍മിപ്പിക്കും വിധത്തില്‍ ഗ്യാസ് ചേംബറുകള്‍ക്കകത്ത് ചിതറിക്കിടന്ന മനുഷ്യരെ പോലെ, വാഗണിനകത്ത് 64 മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു കിടക്കുന്നു.

ജീവന്റെ അവസാന തുടിപ്പ് ഹൃദയത്തില്‍ അവശേഷിക്കുന്നവര്‍ മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ഇഴഞ്ഞിഴഞ്ഞ്  ജീവവായുവിനായി വാഗണിന്റെ വാതിലിനടുത്തേക്ക് വരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ജാലിയന്‍ വാലാബാഗ് പോലെയോ ചൗരി ചൗര പോലെയോ ഒക്കെ ഓര്‍മിക്കപ്പെടേണ്ട കൊളോണിയല്‍ ക്രൂരതയുടെ നിണം പുരണ്ട ഏടുകളില്‍ ഒന്നാണ് വാഗണ്‍ ട്രാജഡി.

കഴിഞ്ഞയാഴ്ച മലപ്പുറം ജില്ലയിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ചുവരുകളില്‍നിന്ന് വാഗണ്‍ ട്രാജഡിയുടെ ഓര്‍മച്ചിത്രങ്ങള്‍,  വരച്ചതിന്റെ പിറ്റേന്നു തന്നെ മായ്ച്ചുകളഞ്ഞതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍നിന്ന് എന്നോ മാഞ്ഞുതുടങ്ങിയ മലബാറിന്റെ സമരചരിത്രങ്ങള്‍ ഇനി ഓര്‍മച്ചുവരുകളില്‍നിന്നുകൂടി മായ്ച്ചുകളയാനേ ബാക്കിയുള്ളൂ. ഏതെങ്കിലും ഒരു ജനവിഭാഗത്തെ ചരിത്രത്തില്‍നിന്ന് ഇല്ലാതാക്കാന്‍ രണ്ടു വഴികളാണ്  പൊതുവെ ചരിത്രകാരന്മാര്‍ പ്രയോഗിച്ചു വരാറുള്ളത്. ഒന്ന് അവരുടേതെന്നു പറയുന്ന ചരിത്രം നിഷേധിക്കുക. രണ്ട് അടിച്ചമര്‍ത്തേണ്ടവരുടെ  ചരിത്രം  വികലമാക്കുക.

ഇന്ത്യയുടെ ചരിത്രമെഴുതിയ കൊളോണിയലിസ്റ്റ് ചരിത്രകാരന്മാരും ദേശീയ ചരിത്രകാരന്മാരും ചേര്‍ന്ന് നിഷേധിച്ചും വികലമാക്കിയും ഇല്ലാതാക്കിക്കളഞ്ഞ അമൂല്യമായ ഏടുകള്‍ ഒരുപാടുണ്ട്. കൊളോണിയല്‍ അധിനിവേശങ്ങള്‍ വെറും രാഷ്ട്രീയ അധിനിവേശങ്ങള്‍ മാത്രമായിരുന്നില്ല. അവ സാംസ്‌കാരികവും വൈജ്ഞാനികവും ബൗദ്ധികവുമായിരുന്നു. അധിനിവേശത്തെ ചെറുത്തു തോല്‍പിക്കാന്‍ ശ്രമിച്ചവരെയൊക്കെ കൊളോണിയല്‍ ചരിത്രകാരന്മാര്‍ ലഹളക്കാരും കലാപകാരികളുമാക്കി. വില്യം ലോഗന്‍ മലബാര്‍ സമരനായകന്മാരെ ഫെനറ്റിക്സ് എന്നും ജംഗിള്‍ മാപ്പിളാസ് എന്നുമാണ് വിളിച്ചത്. അധിനിവേശകാലത്ത് അതിനു സര്‍വവിധ പശ്ചാത്തലവുമൊരുക്കിയ ഫ്യൂഡല്‍ വ്യവസ്ഥയെ കുറിച്ച ഗൃഹാതുരമായ ഓര്‍മകള്‍ അയവിറക്കി നടന്നിരുന്ന ദേശീയ ചരിത്രകാരന്മാര്‍ കൊളോണിയലിസ്റ്റുകള്‍ എഴുതി പകുതിയാക്കിയ മാപ്പിളയുടെ 'മതഭ്രാന്തിന്റെ' ചരിത്രം പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. അവരെഴുതിയ ചരിത്രങ്ങള്‍ നമ്മുടെ പാഠപുസ്തകങ്ങളിലേക്ക് തിരുകിക്കയറ്റപ്പെട്ടു. ബിപിന്‍ ചന്ദ്രയുടെ അഭിപ്രായത്തില്‍ നമ്മുടെ കുട്ടികള്‍ പാഠപുസ്തകങ്ങളില്‍ നിന്നു ചരിത്രം പഠിക്കുന്നതുകൊണ്ടാണ് വര്‍ഗീയവാദികള്‍ ആയിപ്പോകുന്നത്. ഇങ്ങനെയൊക്കെ വികലമാക്കപ്പെട്ട ചരിത്രങ്ങളെ നാം ചുവരുകളിലൂടെ വീണ്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നമ്മള്‍ വരച്ച ഓര്‍മച്ചിത്രങ്ങള്‍ മായ്ച്ചു കളയാനും അക്കൂട്ടരെത്തി. നടപടിയില്‍ പ്രതിഷേധിച്ച് തിരൂര്‍ നഗരസഭയെടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്. തിരൂര്‍ നഗരത്തിലെ ചുവരുകളില്‍ മുഴുവന്‍ മലബാര്‍ സമരകാലത്തെ ബ്രിട്ടീഷ് ക്രൂരതയുടെ നിണംപുരണ്ട ഒര്‍മച്ചിത്രങ്ങള്‍ വരച്ചിടും എന്നാണ് നഗരസഭ പ്രഖ്യാപിച്ചത്.

മായ്ച്ചുകളയും തോറും നമുക്ക് വരഞ്ഞുകൊണ്ടേയിരിക്കണം, ചുവരുകള്‍ നിറയണം. വികലമാക്കിയവയുടെ ശരികള്‍ കണ്ടെത്തണം. അങ്ങനെ നമ്മുടേതെന്നു പറയുന്നവയെ മുഴുവന്‍ വീണ്ടെടുക്കണം.

 

 

 

 

ജീവിതത്തിന്റെ പല്ലവി

ഡോ. ജമീല്‍ അഹ്മദ് തയാറാക്കിയ റഹ്മാന്‍ മുന്നൂരിന്റെ  'ജീവിതത്തിന്റെ പല്ലവി'യുടെ രണ്ടാം ഭാഗവും (ലക്കം 3074) വായിച്ചു. ആ ബഹുമുഖ പ്രതിഭയുടെ ചെറുപ്പം തൊട്ടുള്ള ജീവിതത്തിന്റെ പല്ലവി അറിയാന്‍ ലേഖനം ഉപകരിച്ചിട്ടുണ്ട്.

തന്റെ 'അന്തരാഷ്ട്രപര്‍വം' എന്ന നാടകത്തിലെ പ്രധാനപ്പെട്ട ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടിയ മികച്ച നടന്‍, പിന്നീട് കേരള ജമാഅത്തിന്റെ അമീറായ ടി. ആരിഫലി സാഹിബായിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരുന്നുണ്ടെന്ന പി.ടിയുടെ വിവരണം വായിച്ചുപോകുമ്പോള്‍ നമ്മുടെ ഉള്ളിലും ചിരി നിറയുന്നു. 

ചെറുപ്പത്തിലേ കലാകാരനായിരുന്ന ആരിഫലി സാഹിബിന്റെ വെറും മൂന്ന് മിനിറ്റുള്ള പ്രളയകാലത്തെപ്പറ്റിയുള്ള ഒരു ഭാഷണം ഇന്ന് ആയിരക്കണക്കായ ജനങ്ങളെ ആകര്‍ഷിച്ചത് നമ്മള്‍ കണ്ടറിഞ്ഞതാണല്ലോ.

മമ്മൂട്ടി കവിയൂര്‍

 

 

 

 

ഭൂപതി അബൂബക്കര്‍ ഹാജിയെ ഓര്‍ക്കുമ്പോള്‍

കോഴിക്കോട്, കുന്ദമംഗലം ഭൂപതി എന്‍. അബൂബക്കര്‍ ഹാജിയെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ചില സംഭവങ്ങള്‍ അനുസ്മരിക്കാതിരിക്കാന്‍ വയ്യ.

തൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യം ഈയുള്ളവന്‍ തിരുവനന്തപുരത്തുനിന്ന് വയനാട് പി.എസ്.സി ഓഫീസിലേക്ക് സ്ഥലം മാറിപ്പോയി. അവിടെ എത്തി രണ്ടു ദിവിസം കഴിഞ്ഞപ്പോള്‍ റമദാന്‍ നോമ്പ് തുടങ്ങി. ഒന്നു രണ്ടു നോമ്പുകള്‍ കഴിഞ്ഞു കാണും. ഉച്ചക്ക് ളുഹ്ര്‍ നമസ്‌കരിക്കാന്‍ കല്‍പറ്റ പള്ളിയില്‍ പോയപ്പോള്‍ അവിടെയുള്ള ഒരാള്‍ സ്വകാര്യം ചോദിച്ചു: 'രാത്രി എവിടെ നിന്ന് അത്താഴം കഴിച്ചു?' ഞാന്‍ പറഞ്ഞു: 'അത്താഴം കഴിച്ചില്ല'. ഇത് നമസ്‌കരിക്കാന്‍ വന്നവരെല്ലാം അറിഞ്ഞു. വിവരം അബൂബക്കര്‍ ഹാജിയും മനസ്സിലാക്കിക്കാണും. പിറ്റേ ദിവസം നോമ്പു തുറന്ന് പള്ളിയില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ 'സ്റ്റേറ്റില്‍നിന്നും വന്ന ഉദ്യോഗസ്ഥന്‍ ആരാണ്' എന്ന് അന്വേഷിച്ചുകൊണ്ട് രണ്ടു പേര്‍ നില്‍ക്കുന്നു. എന്‍. അബൂബക്കര്‍ ഹാജിയും വി.പി ഇസ്മാഈല്‍ ഹാജിയും. എന്നെ തിരിച്ചറിഞ്ഞ് അബൂബക്കര്‍ ഹാജി തന്റെ സ്വകാര്യ മെസ്സിലേക്ക് കൂട്ടിക്കൊണ്ടുപോയി. നോമ്പ് തുറപ്പിച്ച ശേഷം പറഞ്ഞു: 'എല്ലാ ദിവസവും ഇവിടെ വന്ന് നോമ്പു തുറക്കണം. തറാവീഹ് കഴിഞ്ഞ് വന്ന് കഞ്ഞി കുടിക്കണം. രാത്രി അത്താഴവും കഴിക്കണം.' തറാവീഹ് കഴിഞ്ഞ് ഞാന്‍ റൂമിലേക്ക് പോയി. പാതിരാത്രി ആയപ്പോഴേക്കും ആരോ വാതിലില്‍ മുട്ടുന്നു. കതക് തുറന്നു നോക്കിയപ്പോള്‍ ഹാജിയുടെ രണ്ട് ജോലിക്കാര്‍. 'നിങ്ങളെ അത്താഴം കഴിക്കാന്‍ കൂട്ടിക്കൊണ്ടുപോകാന്‍ ഹാജി പറഞ്ഞയച്ചതാണ്, മെസ്സിലേക്ക് വരണം.' അവര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി ആഹരിപ്പിച്ച് തിരിച്ചു കൊണ്ടുവന്നു വിട്ടു. വരാന്‍ നേരത്ത് ഹാജി പിതൃസഹജമായ വാത്സല്യത്തോടെ പറഞ്ഞു: 'നിങ്ങള്‍ എല്ലാ ദിവസവും ഇവിടത്തെ സൗകര്യം ഉപയോഗപ്പെടുത്തുക തന്നെ വേണം.' അതെനിക്ക് വലിയ അനുഗ്രഹമായി. മലബാര്‍ ജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മ.

മറ്റൊരു സംഭവം: കല്‍പറ്റ ഗവ. ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് ആഴ്ചകളായി നിറഞ്ഞ് ഒലിച്ച്, പരിസരം മുഴുവന്‍ വൃത്തിഹീനമായി, ഈച്ച പെരുകി, മലീമസമായ വിവരം ആരോ പറഞ്ഞ് ഹാജി അറിഞ്ഞു. ഉടന്‍ തന്നെ ഞങ്ങള്‍ രണ്ടു മൂന്നു പേരെയും കൂട്ടി അദ്ദേഹം ആശുപത്രിയുടെ ശോച്യാവസ്ഥ നേരില്‍ മനസ്സിലാക്കി, തൊട്ടടുത്ത അവധി ദിവസം അത് വൃത്തിയാക്കാനുള്ള ഏര്‍പ്പാടും ചെയ്തു. 2000 രൂപ കരാര്‍ ഉറപ്പിച്ചു. പണിക്കാര്‍ സമയമായപ്പോള്‍ വാക്കു മാറി. 3000 രൂപയില്‍ കുറഞ്ഞ് പണി ചെയ്യില്ല എന്ന് ശഠിച്ചു. ഹാജി ഉടന്‍ സമ്മതിച്ചു. ഹാജിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു സംഘം ആളുകളുടെ സഹകരണത്തോടെ ആ പ്രവൃത്തി സാഹസികമായി  ചെയ്ത് സ്ഥലം വൃത്തിയാക്കി (ഐ.ആര്‍.ഡബ്ല്യു ഒന്നും അന്ന് നിലവിലില്ലായിരുന്നു). അദ്ദേഹത്തെക്കുറിച്ച് അനുസ്മരിക്കാന്‍ എത്രയോ സംഭവങ്ങള്‍ ബാക്കിയുണ്ട്. മികവുറ്റ സംഘാടകനും പ്രഗത്ഭനായ വാഗ്മിയുമായിരുന്ന അദ്ദേഹം എല്ലാവരോടും സൗമ്യമായും സരസമായും സ്‌നേഹവായ്‌പോടും വിനയത്തോടും കൂടി ഇടപെട്ടു. പലപ്പോഴും ജില്ലയുടെ പല പ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ നടക്കുന്ന പൊതുപരിപാടികളില്‍ ഞങ്ങള്‍ കുറേ പേരെ കൂടി ജീപ്പില്‍ കയറ്റി കൊണ്ടുപോകുമായിരുന്നു. മാത്രമല്ല, പരിപാടികളില്‍ നമ്മളെ കൂടി ഭാഗഭാക്കാക്കുമായിരുന്നു. മടങ്ങിവരുമ്പോള്‍ നമ്മെ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും പ്രത്യേകം ശ്രദ്ധിക്കും. വയനാട് ജില്ലയില്‍ പ്രസ്ഥാനം കെട്ടിപ്പടുത്തവരില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം.

എ. അബ്ദുസ്സലാം അഴീക്കോട്, തിരുവനന്തപുരം

 

 

 

വൈവിധ്യസുന്ദരമാകണം

പ്രബോധനത്തിന്റെ 3071-ാം ലക്കം (ഒക്‌ടോബര്‍ 12)വായിച്ചപ്പോള്‍ മനസ്സിലുദിച്ച ചില അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ്. ഒരേ വിഷയത്തില്‍ ഒന്നിലധികം ലേഖനങ്ങള്‍, ഒരാളുടെ തന്നെ ഒന്നിലധികം സൃഷ്ടികള്‍, ഗാംഭീര്യമില്ലാത്ത എഴുത്തുകള്‍ എന്നിവയൊക്കെ വൈവിധ്യതയുള്ള ഒരു പത്രമെന്ന നിലയില്‍ പ്രബോധനത്തിന്റെ ഇമേജിനെ നെഗറ്റീവായി ബാധിക്കുന്നു. ലേഖനത്തിന്റെ ഉള്ളടക്കവും പ്രതിപാദ്യ വിഷയവും എത്ര നല്ലതാണെങ്കിലും ആവര്‍ത്തന വിരസത വായനയെ മന്ദീഭവിപ്പിക്കുന്നു. 'വംശവെറിയുടെ കനല്‍കൂനകളില്‍ അകം വെന്തൊരു ബലിപെരുന്നാള്‍' എന്ന പി.ടി യൂനുസ് ചേന്ദമംഗല്ലൂരിന്റെ ലേഖനവും 'ചരിത്ര സ്മരണകളാല്‍ കരകവിഞ്ഞ് ജോര്‍ദാന്‍ നദി' എന്ന തലക്കെട്ടില്‍ അസ്ഹര്‍ പുള്ളിയില്‍ എഴുതിയ വിവരണവും യാത്ര എന്ന ഇനത്തില്‍ ഉള്‍പ്പെടുന്നു. രണ്ട് ലേഖനങ്ങള്‍ക്കുമായി 12 പേജുകളാണ് ചെലവഴിച്ചത്. അതുപോലെ തന്നെ പി.കെ ജമാലിന്റെ രണ്ട് ലേഖനങ്ങളാണ് ഈ ലക്കത്തിലുള്ളത്. ഒന്ന് സംഗ്രഹമാണെന്നു മാത്രം. പെരുന്നാള്‍, നോമ്പ്, ഹജ്ജ് തുടങ്ങിയവയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്‌പെഷ്യല്‍ പതിപ്പുകളിലും പ്രത്യേക വിഷയങ്ങളിലൂന്നിക്കൊണ്ടുള്ള പതിപ്പുകളിലും ഒരേ ഇതിവൃത്തത്തില്‍ ഊന്നിക്കൊണ്ടുള്ള ഒന്നിലധികം ലേഖനങ്ങള്‍ അനുപേക്ഷണീയമാകാമെന്നത് വിസ്മരിക്കുന്നില്ല. ഉപര്യുക്ത നാല് ലേഖനങ്ങളും ഉള്ളടക്കത്തില്‍ തൃപ്തികരം തന്നെ.

ഇതേ ലക്കത്തിലെ തന്നെ 'അപകോളനീകരണവും ഇസ്‌ലാമിന്റെ സ്വാതന്ത്ര്യ സങ്കല്‍പവും'  എന്ന ലേഖനം പഠിതാക്കളായ പ്രബോധനം വായനക്കാര്‍ക്ക് വളരെ ഉപകാരപ്രദമാണ്. കേട്ടു പരിചയമുള്ള പല സംജ്ഞകളും സമസ്യകളും ആഴത്തില്‍ മനസ്സിലാക്കാനും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ വെളിച്ചം നല്‍കാനും സഹായകമാണ്. സയ്യിദ് സആദത്തുല്ല ഹുസൈനിയും വാരികയും അഭിനന്ദനമര്‍ഹിക്കുന്നു. ആഗസ്റ്റ് 31, സെപ്റ്റംബര്‍ 7 എന്നീ തീയതികളിലെ ലക്കങ്ങളില്‍ സെക്യുലറിസത്തെക്കുറിച്ച് ഇദ്ദേഹം എഴുതിയ ലേഖനങ്ങളും പഠനാര്‍ഹമായിരുന്നു.

അബ്ദുല്‍ ഖാദര്‍

Comments

Other Post

ഹദീസ്‌

സ്വയം പീഡയാവരുത്‌
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (65-69)
എ.വൈ.ആര്‍