Prabodhanm Weekly

Pages

Search

2018 നവംബര്‍ 23

3077

1440 റബീഉല്‍ അവ്വല്‍ 14

പേരുമാറ്റമെന്ന സാംസ്‌കാരിക വംശഹത്യ

തന്റെ Axis Rule in Occupied Europe എന്ന കൃതിയില്‍ റാഫേല്‍ ലംകിന്‍ 'സാംസ്‌കാരിക വംശഹത്യ' (Cultural Genocide) എന്ന് പ്രയോഗിക്കുന്നുണ്ട്. ഒരു ജനവിഭാഗത്തെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതുപോലുള്ള മഹാ പാതകമാണ് അവരുടെ സാംസ്‌കാരിക സ്വത്വങ്ങളെയും പൈതൃകങ്ങളെയും നശിപ്പിക്കുന്നതും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ സംഘ് പരിവാറിന്റെ അജണ്ടയില്‍ മുമ്പേ ഉള്ളതാണ് ഈ സാംസ്‌കാരിക വംശഹത്യ. കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും അധികാരം ലഭിച്ചതോടെ പൊതു സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ തങ്ങളുടെ അജണ്ടയുമായി മുന്നോട്ടുപോകാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. മുസ്‌ലിം, അറബി, പേര്‍ഷ്യന്‍ കലര്‍പ്പുള്ള സ്ഥലനാമങ്ങള്‍ മാറ്റുന്നത് ഇതിന്റെ ഭാഗമായാണ്. കേവലമായ ഒരു പേരുമാറ്റമായി അതിനെ കാണാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തങ്ങളുടെ ഈ സാംസ്‌കാരിക വംശഹത്യാ അജണ്ട പാര്‍ലമെന്റില്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍, '1200 വര്‍ഷത്തെ അടിമത്ത മനോഭാവം ഇപ്പോഴും നമ്മെ കുഴപ്പത്തിലാക്കുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.

സംഘ് പരിവാര്‍ നിഘണ്ടുവില്‍ 1200 വര്‍ഷം എന്നു പറഞ്ഞാല്‍ ഇന്ത്യയിലെ മുസ്‌ലിം ഭരണകാലമാണ്. ഈ കാലഘട്ടം ഇന്ത്യയെ മുച്ചൂടും നശിപ്പിക്കുകയാണ് ചെയ്തതെന്ന് അവര്‍ വാദിക്കുന്നു. അവരുടെ ഭാഷയില്‍ മുസ്‌ലിം ഭരണത്തിനു മുമ്പ് ഭാരതം ഒരു 'സോനേ കി ഛിഡിയ' (സ്വര്‍ണപ്പക്ഷി) ആയിരുന്നു. ഗുപ്തന്മാരുടെ ഭരണകാലം സുവര്‍ണയുഗവും. ആദ്യം ഇങ്ങനെയൊരു ഭൂതകാലം ഭാവനയില്‍ മെനഞ്ഞുണ്ടാക്കി, ചരിത്രകാരന്മാരെ വിലയ്‌ക്കെടുത്ത് അതൊക്കെ ചരിത്ര സത്യങ്ങളാണെന്ന് എഴുതിപ്പിച്ച്, ആ ഭാവനകളെ വിദ്യാലയങ്ങളിലെ കരിക്കുലത്തിലേക്ക് കയറ്റി വിദ്യാര്‍ഥികളെ പഠിപ്പിച്ച് തങ്ങള്‍ക്കനുകൂലമായ പൊതുബോധം സൃഷ്ടിക്കുകയാണ് ചെയ്യുക. ഈ സുവര്‍ണ യുഗത്തെ തകര്‍ത്തത് മുസ്‌ലിം ഭരണമാണ്, അവര്‍ യാതൊന്നും ഈ നാടിന് സംഭാവന ചെയ്തിട്ടില്ല, അതിനാല്‍ നമുക്ക് നമ്മുടെ പ്രാചീന 'സുവര്‍ണ യുഗ'ത്തിലേക്ക് തിരിച്ചുപോകണം. എല്ലാ തദ്ദേശീയ പൈതൃകങ്ങളെയും അവര്‍ നശിപ്പിച്ചതിനാല്‍, ബാബരി മസ്ജിദ് ഉണ്ടാക്കിയതും ക്ഷേത്രം തകര്‍ത്തിട്ടാവണം. താജ്മഹലിന്റെ തറക്കടിയിലും ഒരു മന്ദിറിന്റെ അവശിഷ്ടം കാണാതിരിക്കില്ല. എങ്കില്‍ പിന്നെ നാശകാരികളായ ഒരു വിഭാഗം ഭരണകര്‍ത്താക്കള്‍ നല്‍കിയ സ്ഥലപ്പേരുകള്‍ നമുക്ക് നിലനിര്‍ത്താനാവുമോ? അവയും മാറ്റണം. അവരുടെ സാംസ്‌കാരിക മുദ്ര പേറുന്ന ഒന്നും നിലനില്‍ക്കാന്‍ അനുവദിക്കരുത്. ഇതാണ് പേരുമാറ്റത്തിനു പിന്നിലുള്ള കുടില മനസ്സ്.

മതാന്ധത വന്ന് ഇക്കൂട്ടര്‍ക്ക് കണ്ണ് കാണാന്‍ പറ്റുന്നില്ലെങ്കിലും, മാലോകരെല്ലാം നിത്യേന കണ്ടുകൊണ്ടിരിക്കുന്ന ഒരു വസ്തുതയുണ്ട്. അത് ഇന്ത്യന്‍ നാഗരികതക്കും സംസ്‌കാരത്തിനും ഇന്ത്യന്‍ മുസ്‌ലിംകള്‍ നല്‍കിയ മഹത്തായ സംഭാവനകളാണ്. അതിന്റെ നാഗരിക പ്രത്യക്ഷങ്ങളാണ് ഇന്നും ലക്ഷക്കണക്കിന് സന്ദര്‍ശകരെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ഭരണത്തില്‍ എല്ലാ മതവിഭാഗങ്ങളുടെയും ദേവാലയങ്ങളും പുണ്യസ്ഥലങ്ങളും സംരക്ഷിക്കപ്പെടുകയാണുണ്ടായതെന്നതും പകല്‍വെളിച്ചം പോലെ വ്യക്തം. അയോധ്യയെ തകര്‍ത്തുകൊല്ല അതിനോടൊപ്പമാണ് ഫൈസാബാദ് നിലനിന്നത്. പ്രയാഗിനെ അലഹാബാദ് ഊര്‍ജസ്വലമായി നിലനിര്‍ത്തുകയാണ് ചെയ്തത്. ഇതൊക്കെയും കണ്‍മുന്നിലുണ്ടായിരിക്കെ, ഈ സാംസ്‌കാരിക വംശഹത്യക്കെതിരെ വേണ്ടത്ര പ്രതിഷേധമുയരുന്നില്ല എന്നതും വസ്തുതയാണ്.

Comments

Other Post

ഹദീസ്‌

സ്വയം പീഡയാവരുത്‌
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (65-69)
എ.വൈ.ആര്‍