Prabodhanm Weekly

Pages

Search

2018 നവംബര്‍ 16

3076

1440 റബീഉല്‍ അവ്വല്‍ 07

'ഞാന്‍ എന്റെ വീട്ടിലേക്ക്‌പോവുകയാണ്'

ഡോ. ജാസിമുല്‍ മുത്വവ്വ

'ഭര്‍ത്താവിനെ വിട്ട് ഞാന്‍ എന്റെ സ്വന്തം വീട്ടിലേക്ക് പോകുന്ന കാര്യം ആലോചിക്കുകയാണ്.' പല ഭാര്യമാരില്‍നിന്നും ഞാന്‍ കേള്‍ക്കാനിടവന്നിട്ടുള്ള വാചകമാണിത്. ദാമ്പത്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കൊടുവില്‍ ഭാര്യമാര്‍ ഉരുവിടുന്ന സ്ഥിരം പല്ലവി. എന്തായിരിക്കാം ഇങ്ങനെ ഒരു ചിന്തക്ക് ഭാര്യമാരെ പ്രേരിപ്പിക്കുന്നത്? ഭര്‍ത്താവിനെ തനിച്ചാക്കി സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കാനും മാതാപിതാക്കളോടൊപ്പം കഴിയാനും ഒരു സ്ത്രീയെ പ്രേരിപ്പിക്കുന്ന ഒമ്പത് കാരണങ്ങള്‍ ഉണ്ടെന്നാണ് എന്റെ കണ്ടെത്തല്‍. ഒരു സ്ത്രീ ഇങ്ങനെ ഒരു കടുത്ത തീരുമാനത്തിലെത്തുന്നത് ചില സന്ദര്‍ഭങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കുന്ന കാരണങ്ങളാലാവും. ഒറ്റത്തവണ ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിക്കുകയും അയാള്‍ അതേറ്റു പറഞ്ഞ് ഇനി സംഭവിക്കില്ലെന്ന് ഉറപ്പു നല്‍കുകയും ചെയ്താല്‍ ഭാര്യ വീടുപേക്ഷിച്ച് പോകുന്നത് അപരാധമാണ്.

1. മകന്റെയും ഭാര്യയുടെയും ദൈനംദിന ജീവിതത്തില്‍ അമ്മായി അമ്മയുടെ ഇടപെടല്‍. ഈ ഇടപെടല്‍ ചിലപ്പോള്‍ മകന്റെയും മരുമകളുടെയും സ്വകാര്യ ജീവിതത്തിലേക്കു വരെ കടന്നുകയറാറുണ്ട്. മകനെ തന്റെ ചൊല്‍പടിക്ക് നിര്‍ത്താനുള്ള ഉമ്മയുടെ വാശിയായിരിക്കും, അല്ലെങ്കില്‍ മരുമകളോടുള്ള ഈര്‍ഷ്യയായിരിക്കും പലപ്പോഴുമതിന് കാരണം. ഉമ്മയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന മകന്റെ അറിവില്ലായ്മയും തന്റെ ഭര്‍ത്താവ് വ്യക്തിത്വം നഷ്ടപ്പെട്ട് ഉമ്മയുടെ മുന്നില്‍ ഒന്നുമല്ലാതായിത്തീരുന്ന അവസ്ഥയും ഭാര്യയെ തീര്‍ച്ചയായും ദുഃഖിപ്പിക്കും. മകനെ വളര്‍ത്തി ആളാക്കിയ ഉമ്മയുടെ അധീശത്വ മനസ്സാണ് ഇവിടെ വില്ലന്‍. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീര്‍ കാണണമെന്ന മനസ്സ്. 

2. ഭാര്യയുടെ മനസ്സിനിണങ്ങിയതും അവസ്ഥക്കൊത്തതുമായ വസതി അല്ലാതിരിക്കുക ഭര്‍തൃഭവനം. വീടിന് സ്വതന്ത്രമായ പ്രവേശന കവാടം ഇല്ലാതിരിക്കുക. താമസിക്കാന്‍ ഒറ്റമുറി മാത്രം; അംഗങ്ങള്‍ കൂടിവന്നാലും ഒറ്റമുറിയില്‍ ഒതുങ്ങി ജീവിക്കേണ്ടിവരിക. ഇത് അസ്വസ്ഥതയുളവാക്കും.

3. സ്ത്രീകളുടെ പ്രത്യേക ശാരീരികാവസ്ഥയില്‍ ഉണ്ടാവുന്ന പ്രയാസങ്ങള്‍ സ്വന്തം വീട്ടിലേക്ക് പോയാലോ എന്ന ചിന്തയുളവാക്കും. ഗര്‍ഭധാരണ കാലത്തും ആര്‍ത്തവ വേളയിലും പ്രസവാനന്തര ഘട്ടത്തിലും ഉണ്ടാവുന്ന അസ്വസ്ഥതകള്‍ മറികടക്കാന്‍, താന്‍ സ്വന്തം വീട്ടിലേക്ക് പോവുകയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞെന്നു വരും. ഇങ്ങനെ ഭര്‍ത്താവിനോടാവശ്യപ്പെട്ട സ്ത്രീയുടെ അഭ്യര്‍ഥന നിരാകരിച്ചതും ഒടുവില്‍ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി സമ്മതിക്കേണ്ടിവന്നതും പ്രസവാനന്തരം ഉടനെ ഭാര്യ മടങ്ങിവന്നതുമായ ഒരനുഭവമുണ്ട്. ഭാര്യയോടുള്ള കടമയില്‍ വീഴ്ചവരുത്താത്ത ഭര്‍ത്താവിന്റെ നല്ല മനസ്സ് ആ സ്ത്രീ തിരിച്ചറിഞ്ഞതാണ് കാരണം.

4. ഭര്‍ത്താവില്‍നിന്ന് ഏല്‍ക്കേണ്ടിവരുന്ന പീഡനവും പ്രഹരവും. തന്റെ അന്തസ്സിനെ ഹനിക്കുന്നതും അവഹേളിക്കുന്നതുമായ ഇത്തരം ഹീനവും ക്രൂരവുമായ പെരുമാറ്റങ്ങള്‍ സഹിക്കാനും പൊറുക്കാനും ഒരു സ്ത്രീക്കുമാവില്ല.

5. വീട്ടുചെലവുകള്‍ നടത്താനുള്ള ഭര്‍ത്താവിന്റെ വിമുഖതയും ലുബ്ധും. ചില ഘട്ടങ്ങളില്‍ വീട്ടുചെലവിന്റെ ഭാരം മുഴുവനും താങ്ങേണ്ടിവരുന്ന ഭാര്യ സ്വന്തം വീട്ടിലേക്ക് പോയാലോ എന്ന് ചിന്തിച്ചുപോവുക സ്വാഭാവികം. 

6. ഭര്‍ത്താവ് വിവാഹപൂര്‍വ ജീവിതശൈലി തുടരുക. രാവേറെ ചെല്ലുവോളം കൂട്ടുകാരുമൊത്ത് ചുറ്റിക്കറങ്ങുക, നിരന്തര യാത്രകള്‍ നടത്തി വീട്ടില്‍നിന്ന് ഭര്‍ത്താവ് സ്ഥിരമായി അകന്നുനില്‍ക്കുക- ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍തൃവീട്ടിലെ ജീവിതം സ്ത്രീക്ക് അരോചകമായി അനുഭവപ്പെടും.

7. സ്ത്രീ ജോലി ചെയ്യുന്നവളാണെങ്കില്‍ അവളുടെ മുഴുവന്‍ ശമ്പളവും കൈക്കലാക്കി കൈകാര്യം ചെയ്യുന്ന ഭര്‍ത്താവ്. തന്റെ പണം തന്റെ അഭീഷ്ടമനുസരിച്ച് ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് നല്‍കാതെ ഭാര്യയെ കറവപ്പശുവാക്കുന്ന സമീപനം ആര്‍ക്കും അധികനാള്‍ സഹിക്കാനാവില്ല.

8 തന്റെ ശരീരസുഭഗതയും ആകര്‍ഷണീയതയും നഷ്ടപ്പെട്ടെന്നും ഭര്‍ത്താവിന്റെ വികാരങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള മാദകത്വം തനിക്ക് വിനഷ്ടമായെന്നും ധരിച്ചുവശാവുന്ന സ്ത്രീ, ഭര്‍തൃവസതി വിട്ട് സ്വന്തം ഗൃഹത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്ന അനുഭവങ്ങളുണ്ട്.

9. ഭര്‍ത്താവിന് അവിഹിത ബന്ധങ്ങളുണ്ടെന്ന് ഭാര്യക്ക് ബോധ്യപ്പെടുക. ഭര്‍ത്താവിന്റെ അപഥ സഞ്ചാരം അനിഷേധ്യരൂപത്തില്‍ ഭാര്യയുടെ കണ്ണില്‍ പെട്ടാല്‍ പിന്നെ വീടു വിട്ടിറങ്ങാന്‍ പ്രേരിതയാകും. 

ഈ ഒമ്പതു കാരണങ്ങളും വ്യക്തമാക്കുന്ന സത്യം, ഭര്‍ത്താവിനോടൊത്തുള്ള ജീവിതം സ്ത്രീക്ക് സ്വാസ്ഥ്യവും സമാധാനവും സുരക്ഷിതത്വവും നല്‍കാതിരിക്കുമ്പോള്‍, അവള്‍ ഭര്‍തൃവസതിയേക്കാള്‍ തനിക്ക് അഭികാമ്യം സ്വന്തം വീടാണെന്ന് ധരിക്കും. സുരക്ഷിതത്വം എന്നത് സാമ്പത്തികമാവാം, മാനസികമാവാം, സാമൂഹികമാവാം, താമസ സൗകര്യമാവാം, ശാന്തിയരുളുന്ന ഗൃഹ പരിസരമാവാം.

ദാമ്പത്യത്തെ ശാന്തിയരുളുന്ന സങ്കേതമായി ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ''അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും - അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍- നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട് '' (അര്‍റൂം 21). ആദമിനെയും ഹവ്വയെയും ഇണകളായി സൃഷ്ടിച്ചതിന്റെ കാരണമായി പറയുന്നത് ശാന്തി നുകരാന്‍ എന്നാണ്. ഭര്‍ത്താവ് തന്നില്‍ സ്വാസ്ഥ്യവും സമാധാനവും ശാന്തിയും ആനന്ദവും അനുഭവിക്കുന്നുവെന്ന് മനസ്സിലാക്കുന്ന സ്ത്രീ, താന്‍ എത്ര ധന്യയാണെന്ന് വിചാരിക്കും- ഭര്‍ത്താവിന്റെ സ്വഭാവം അല്‍പം മോശമാണെന്നിരുന്നാലും സ്വത്തും മുതലും പണവും കുറവായാലും അവള്‍ക്ക് പ്രശ്‌നമാവില്ല; അതെല്ലാം അവള്‍ സഹിച്ചെന്നിരിക്കും. ഭര്‍തൃജീവിതത്തിലെ റാണിയാണ് താനെന്ന ചിന്ത അവള്‍ക്ക് സായൂജ്യം പകരും. ഭര്‍തൃജീവിതത്തില്‍ തനിക്ക് സ്ഥാനമില്ലെന്നും താന്‍ അയാളുടെ ജീവിതത്തില്‍ അധികപ്പറ്റാണെന്നും തോന്നിത്തുടങ്ങുമ്പോള്‍ ഏതു സ്ത്രീയും ഭര്‍തൃഗൃഹം വെടിഞ്ഞ് സ്വന്തം ഭവനത്തിലേക്ക് തിരിച്ചുപോകാന്‍ ചിന്തിക്കും. സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനമെടുക്കും മുമ്പ് സ്ത്രീ ഗാഢമായി ആലോചിക്കേണ്ടത്, തന്റെയും തന്റെ കുടുംബത്തിന്റെയും ഭാവിജീവിതത്തെക്കുറിച്ചാണ്; മക്കളുടെ വിധിയെക്കുറിച്ചാണ്.

വിവ: പി.കെ ജമാല്‍

Comments

Other Post

ഹദീസ്‌

ബിദ്അത്തുകളെ കരുതിയിരിക്കുക
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (61-64)
എ.വൈ.ആര്‍