Prabodhanm Weekly

Pages

Search

2018 നവംബര്‍ 09

3075

1440 സഫര്‍ 30

കടലിലൂടെ ഒഴുകിവരുന്നുണ്ട് ഒരു കാലം

മെഹദ് മഖ്ബൂല്‍

അറ്റമില്ലാത്തൊരു ദുരൂഹതയാണ് കടലെന്ന് തോന്നാറുണ്ട്. കടല്‍ കെട്ടിയ കഥകളെത്രയാണ്! ഏണസ്റ്റ് ഹെമിംഗ്‌വേയുടെ 'കിഴവനും കടലും' എന്ന നോവല്‍ നല്‍കിയ നടുക്കങ്ങള്‍ എന്തധികമാണ്! കിഴവന്മാര്‍ക്ക് പറ്റിയതല്ല കടലെന്ന ധാരണ തന്നെ തകര്‍ത്ത നോവലായിരുന്നു അത്. പ്രായം കൂടുക എന്നത് മാനസികമായി മാത്രം സംഭവിക്കുന്ന ഒന്നാണെന്നറിയുക ആ നോവല്‍ വായിക്കുമ്പോഴാണ്. പ്രായം ഏറെയായിട്ടും ചെറുപ്പവും പ്രസരിപ്പും വിട്ടുമാറാത്തവരെ കാണുമ്പോള്‍ ഹെമിംഗ്‌വേയുടെ എഴുപത്തിയഞ്ചുകാരനായ കിഴവനാണ് മനസ്സിലെത്തുക. 

ചെറുപ്പക്കാരോടൊപ്പം കഴിയുമ്പോള്‍, അവരുടെ ഉശിരിനോടൊപ്പം ചേരുമ്പോഴാണ് ഒരാള്‍ക്ക് പ്രായം കുറഞ്ഞുവരുന്നത്. കടല്‍ എന്നത് ഒരു ഉശിരാണ്, ഊര്‍ജമാണ്. കടല് കാണുമ്പോള്‍ നിരന്തരം പണിയെടുക്കുന്ന ചെറുപ്പമാണ് ഓര്‍മ വരിക. ഒരു നിമിഷം പോലും വെറുതെയിരിക്കാത്ത ആവേശമാണ് കടല്‍. നിരന്തരം കടല് കണ്ട് കണ്ട് പ്രായം കുറഞ്ഞുപോയ മനുഷ്യനായിരുന്നു ഹെമിംഗ്‌വേയുടെ സാന്റിയാഗോ. 

കടല്‍ പറഞ്ഞു തന്ന കഥകള്‍ പോലെ തന്നെ പാട്ടുകളും അനവധിയുണ്ടെന്നെഴുതുന്നു പെന്‍ഡുലം ബുക്‌സ് പുറത്തിറക്കിയ ഷെബിന്‍ മഹ്ബൂബിന്റെ 'കടല്‍ പാടിയ പാട്ടുകള്‍' എന്ന പുസ്തകം. 

പുസ്തകത്തിലൂടെ ഒഴുകിവരുന്നത് ഒരു കാലമാണ്. പത്തേമാരികളുടെ കാലങ്ങളിലേക്കാണ് പുസ്തകം നമ്മെ കൈപിടിക്കുന്നത്. നീലാകാശവും നീലക്കടലുമല്ലാതെ മറ്റൊന്നും കാണാന്‍ വയ്യാത്ത വിധം നടുക്കടലില്‍ ചെന്നെത്തുന്നു നമ്മള്‍. 

കടലിനും കരക്കുമായി ജീവിതം പകുത്തു നല്‍കിയവരാണ് പത്തേമാരികളില്‍ പണിയെടുക്കുന്നത്. 

അറ്റമില്ലാതെ നീണ്ടു കിടക്കുന്ന കടലിനപ്പുറത്ത് തങ്ങളെ കാത്തിരിക്കുന്ന ഉറ്റവരെ ഓര്‍ത്ത് അവര്‍ ശ്വസിച്ചു തീര്‍ക്കുന്ന പകലിരുട്ടുകള്‍... 

കാറ്റും കോളും അവരെ നടുക്കിക്കൊണ്ടേയിരിക്കും. ഓരോ യാത്രയിലും ഒരാളെങ്കിലും നഷ്ടപ്പെടും.

'വടക്കു നിന്ന് വരുന്ന ഒരു പ്രത്യേകതരം കാറ്റുണ്ട്, വിശ്വസിക്കാന്‍ കൊള്ളില്ല ആ കാറ്റിനെ. എപ്പോള്‍ വേണമെങ്കിലും വഴിമാറി വീശാം. ദിശ മാറിയാല്‍ പായ മാറ്റിക്കെട്ടണം. അല്ലെങ്കില്‍ ദുരന്തം സംഭവിക്കും. 

രാത്രി കാറ്റിന്റെ ഗതി മാറുമെന്നതിനാല്‍ പത്തേമാരിയിലെ ഖലാസികള്‍ ഉറങ്ങാതിരിക്കും. 

ഉറക്കമകറ്റാന്‍ അവര്‍ പാട്ടുപാടി, കടല്‍പാട്ടുകള്‍.. 

സ്വന്തം ജീവിതത്തില്‍നിന്നവര്‍ പാട്ടുകള്‍ കണ്ടെടുക്കാന്‍ തുടങ്ങി. അവരുടെ ദുരിതങ്ങളും വ്യഥകളും പ്രണയവും സമരവും പ്രതിരോധവുമെല്ലാം പാട്ടായി അവരോടൊപ്പം ഒഴുകി.'

കടല്‍പാട്ടുകളെ പറ്റി ഷെബിന്‍ മഹ്ബൂബ് എഴുതുമ്പോള്‍ പൊന്നാനിയില്‍നിന്ന് ബോംബെയിലേക്ക് ചരക്കുമായി പോകുന്ന പത്തേമാരികളില്‍ നമ്മളും അറിയാതെ കയറിപ്പറ്റുന്നുണ്ട്. മരവും അരിയും ഉപ്പും സുഗന്ധ വ്യഞ്ജനങ്ങളും മാത്രമായിരുന്നില്ല അവരുടെ കൊടുക്കല്‍ വാങ്ങലുകളില്‍ ഉണ്ടായിരുന്നത്. പാട്ടും പാട്ടുപകരണങ്ങളും ഖവാലിയും ഗസലും കഥയും കവിതയും സിനിമയും എല്ലാം അവര്‍ ബോംബെയില്‍നിന്ന് കൊണ്ടുവന്നു.

കുഞ്ഞാലി മരക്കാറും സൈനുദ്ദീന്‍  മഖ്ദൂമും സാമൂതിരിയും പോര്‍ച്ചുഗീസുകാരെ എതിരിട്ട പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ പൊന്നാനിയില്‍ പത്തേമാരികള്‍ മാഞ്ഞുപോകാന്‍ തുടങ്ങിയ എഴുപതുകള്‍ വരെയുള്ള കാലം പുസ്തകത്തില്‍ അക്ഷരമാകുന്നു. 

പാട്ടുകളെന്നത് മുസ്‌ലിംകള്‍ക്ക് അത്രയേറെ പ്രിയമാണെന്ന് പുസ്തകം പറയുന്നു. മുസ്വ്ഹഫോ ബദ്ര്‍ ബൈത്തോ മുഹ്‌യിദ്ദീന്‍ മാലയോ സൂക്ഷിച്ചു വെച്ചിട്ടില്ലാത്ത വീടുകള്‍ പുണ്യമില്ലാത്തവയാണെന്ന് മുസ്‌ലിംകള്‍ വിശ്വസിച്ചിരുന്നുവത്രെ. കല്യാണം മുതല്‍ പ്രസവം വരെ പാട്ടിലൂടെ അവര്‍ ആഘോഷമാക്കി. പ്രസവ സമയത്ത് പ്രസവം എളുപ്പമാക്കാന്‍ അവര്‍ നഫീസത്ത് മാല ചൊല്ലി! 

'കടല്‍ പാടിയ പാട്ടുകള്‍' വായിച്ചുതീരുമ്പോള്‍ ഉള്ളിലൊരു കടല്‍ രൂപപ്പെടുന്നു. ആ കടലില്‍ പത്തേമാരിയുണ്ട്, കുഞ്ഞാലി മരക്കാറുണ്ട്, സൈനുദ്ദീന്‍ മഖ്ദൂമുണ്ട്, സാമൂതിരിയുണ്ട്, കുഞ്ഞായിന്‍ മുസ്‌ലിയാരും കപ്പപ്പാട്ടുമുണ്ട്, മാപ്പിളപ്പാട്ടുണ്ട്, നഫീസത്ത് മാലയുണ്ട്, പൊന്നാനിയുണ്ട്, ബോംബെയില്‍നിന്ന് പൊന്നാനിയിലേക്ക് കപ്പലു കയറിയ സിനിമാക്കഥകളുമുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (56-60)
എ.വൈ.ആര്‍