Prabodhanm Weekly

Pages

Search

2018 നവംബര്‍ 09

3075

1440 സഫര്‍ 30

മഖ്‌നാ, ജര്‍ബാഅ്, അദ്‌റുഹ്

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-77)

വളരെ ശക്തമായ ഒരു മുസ്‌ലിം സൈന്യം തബൂക്കില്‍ എത്തിയതോടെ അയല്‍പ്രദേശങ്ങളെല്ലാം സ്വമേധയാലോ അല്ലാതെയോ പ്രവാചകന്റെ മേധാവിത്തം അംഗീകരിക്കാന്‍ തയാറായി. തബൂക്കിന്റെ പടിഞ്ഞാറു ഭാഗത്ത്, അഖബ ഉള്‍ക്കടല്‍ തീരപ്രദേശത്ത് ജൂതരായ മീന്‍പിടിത്തക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമമുണ്ടായിരുന്നു. മഖ്‌നാ എന്നാണ് ആ ഗ്രാമത്തിന്റെ പേര്. സമ്പന്നമായ ഒരു മരുപ്പച്ചയെന്നു പറയാം. ഈത്തപ്പനത്തോട്ടങ്ങള്‍ നിറഞ്ഞ, കമ്പിളി വ്യവസായത്തിന് പേരു കേട്ട ഗ്രാമം. ഈ സമ്പന്നത അയല്‍പ്രദേശത്ത് താമസിക്കുന്ന ക്രൈസ്തവരെ (ബൈസാന്റിയക്കാരെ) അസൂയാലുക്കളാക്കി എന്ന് സംശയിക്കാം. അതേ ഉള്‍ക്കടലിന്റെ വടക്കു ഭാഗത്തുള്ള പ്രശസ്ത തുറമുഖമായ ഐലായിലെ നിവാസികളായിരുന്നു ഈ ക്രൈസ്തവ വിഭാഗം. അവര്‍ ജൂതന്മാരെ മഖ്‌നായില്‍നിന്ന് ആട്ടിയോടിച്ചു (ഹെറാക്ലിയസിന്റെ ആജ്ഞ പ്രകാരം ജൂതന്മാര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാകാം ഇത്). സ്വാഭാവികമായും പുറത്താക്കപ്പെട്ട ജൂതന്മാര്‍ തബൂക്ക് പടയോട്ടക്കാലത്ത് പ്രവാചകനെ കാണാനായി വന്നു. എന്നിട്ട് പൊതു ശത്രുവായ ബൈസാന്റിയക്കാര്‍ക്കെതിരെ പ്രവാചകനുമായി ഒരു സൗഹൃദ കരാറില്‍ ഒപ്പുവെച്ചു. സഹായിക്കാമെന്നും പ്രവാചകന്‍ അവരോട് പറഞ്ഞു. തബൂക്കില്‍നിന്ന് പ്രവാചകന്‍ പല ഭാഗങ്ങളിലേക്ക് അയച്ച സൈനിക ദളങ്ങളിലൊന്ന് പോയത് ഐലായില്‍ ബിഷപ്പിനെ നേരില്‍ കണ്ട് പ്രവാചകന്റെ ഒറു കത്ത് കൈമാറാനാണ്. ഒന്നുകില്‍ ഇസ്‌ലാമിലേക്ക് വരാം, അല്ലെങ്കില്‍ മുസ്‌ലിംകളുടെ മേധാവിത്തം അംഗീകരിച്ച് തലവരി നല്‍കണം എന്നായിരുന്നു കത്തിലെ നിര്‍ദേശം. കത്തിന്റെ ഒടുവില്‍ ഇങ്ങനെയൊരു അന്ത്യശാസനവും നല്‍കിയിരുന്നു: ''മഖ്‌നാ നിവാസികളെ അവരുടെ സാധന സാമഗ്രികളുമായി മഖ്‌നയില്‍ തിരിച്ചെത്തിക്കണം'' (ഐലാ ബിഷപ്പ് തബൂക്കിലെത്തി പ്രവാചകനുമായി ഉടമ്പടിയുണ്ടാക്കിയത് നാം നേരത്തേ പരാമര്‍ശിച്ചിട്ടുണ്ട്). മഖ്‌നായെ സംബന്ധിച്ച ഈ ആവശ്യം ഐലായിലെ ഉത്തരവാദപ്പെട്ടവര്‍ തീര്‍ച്ചയായും അംഗീകരിച്ചു കാണണം; അതേ സംബന്ധിച്ച് നമ്മുടെ ചരിത്രകൃതികളില്‍ പരാമര്‍ശമൊന്നും കാണാനില്ലെങ്കിലും. മുസ്‌ലിം സൈന്യത്തിന്റെ സാന്നിധ്യം അവരെ പേടിപ്പിച്ചിട്ടുണ്ടാവണം. അതുവരെ അവരെ സംരക്ഷിച്ചുപോന്നിരുന്ന ബൈസാന്റിയന്‍ സൈന്യത്തിന്റെ അഭാവവും അവരെ ആശങ്കാകുലരാക്കിയിട്ടുണ്ടാവണം. ഐലാക്കെതിരെ നീങ്ങാന്‍ പ്രവാചകനെ ഉപദേശിച്ചത് മഖ്‌നായിലെ ജൂതന്മാരായിരുന്നുവെന്നും അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചതും അവരായിരുന്നുവെന്നുമാണ് എനിക്ക് ഏറ്റവുമെളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം.

പക്ഷേ, ഇങ്ങനെയൊരു നിഗമനത്തില്‍ എത്തുമ്പോള്‍ നാം പല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുണ്ട്. പ്രവാചകനും മഖ്‌നായിലെ ജൂതന്മാരും തമ്മിലുണ്ടാക്കിയ കരാറിന്റെ ഉള്ളടക്കത്തില്‍ മാത്രമല്ല പ്രശ്‌നങ്ങളുള്ളത്. ഒരേ കരാറിന്റെ തന്നെ രണ്ട് വഴിയിലൂടെ ഉദ്ധരിക്കപ്പെട്ട ഭാഷ്യങ്ങള്‍ തമ്മിലെ വലിയ വ്യത്യാസങ്ങളും അതിനു കാരണമാണ്. മാത്രവുമല്ല, മഖ്‌നാ കരാറിന്റെ തന്നെ പുതിയൊരു രേഖയും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. ഇതിനെക്കുറിച്ച് നമ്മുടെ പൂര്‍വികന്മാര്‍ക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സംഭവം വിവരിക്കുന്ന ഒരിടത്തും ഇത്തരമൊരു രേഖയെക്കുറിച്ച് പരാമര്‍ശവുമില്ല. കുരുക്കഴിക്കാന്‍ പ്രയാസമുള്ള സങ്കീര്‍ണമായ പ്രശ്‌നം തന്നെയാണ്. കാരണം മഖ്‌നാ എങ്ങനെ കീഴടങ്ങി എന്നതിനെക്കുറിച്ച്, അതിനുള്ള കാരണങ്ങള്‍, സംഭവം നടന്ന സമയം, അതിന്റെ രീതി എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ചരിത്രസ്രോതസ്സുകള്‍ നല്‍കുന്നില്ല. എല്ലാം അനുമാനിച്ചു പറയേണ്ടിവരുന്നു. പുതുതായി കണ്ടെത്തിയ മഖ്‌നാ കരാറിന്റെ ഉള്ളക്കം ഇങ്ങനെയാണ്:

''ഉബൈദുബ്‌നു യാസിറുബ്‌നു നുമൈറും ജുദാം ഗോത്രത്തിലെ മറ്റൊരാളും തബൂക്കിലേക്ക് പോവുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഈ രണ്ടാള്‍ക്കും പ്രവാചകന്‍ മഖ്‌നായുടെ നാലിലൊന്ന്-കടലില്‍നിന്നും ഈത്തപ്പനയില്‍നിന്നും ലഭിക്കുന്നതിന്റെ നാലിലൊന്ന്- നല്‍കി. അതുപോലെത്തന്നെ നൂല്‍തറികളുടെ നാലിലൊന്നും. ഉബൈദുബ്‌നു യാസിറിനായി നൂറ് കമ്പിളിക്കെട്ടുകളും നല്‍കി. അതായത് മേല്‍ക്കുപ്പായങ്ങള്‍. കാരണം അയാള്‍ കുതിരപ്പുറത്തായിരുന്നു, ജുദാമുകാരന്‍ കാല്‍നടയും. പിന്നെ രണ്ടു പേരും മഖ്‌നായില്‍ ജൂതന്മാര്‍ ഉള്ളയിടത്തേക്ക് പോയി. അവര്‍ അദ്ദേഹത്തിന്റെ കുതിരയെ പരിലാളിച്ചു. പിന്നെ അയാള്‍ (?) അവള്‍ക്ക് (?) തന്റെ കുതിരയില്‍നിന്ന് (?) അറുപത് കമ്പിളിക്കെട്ടുകള്‍ നല്‍കി. പിന്നെ മുറാവിഹ് എന്ന് പേരായ നല്ല കുലീനത്വമുള്ള ഒരു കുതിരയെ ഉബൈദ് പ്രവാചകന് സമ്മാനിച്ചു. ഈ കുതിര മത്സരത്തില്‍ ജയിക്കുമെന്നും അയാള്‍ പറഞ്ഞു. പ്രവാചകന്‍ തബൂക്കില്‍ മത്സരം സംഘടിപ്പിക്കുകയും ഈ കുതിര ജയിക്കുകയും ചെയ്തു. പിന്നീട് പ്രവാചകന്‍ ഈ കുതിരയെ മിഖ്ദാദുബ്‌നു അംറിന് നല്‍കി.''1

കൈയെഴുത്തു പ്രതിയില്‍ ചിലതൊക്കെ വിട്ടുപോയതുകൊണ്ടാവാം പല അവ്യക്തതകളുമുണ്ട് ഈ രേഖയില്‍. കമ്പിളിക്കെട്ടുകളില്‍ അറുപതെണ്ണം കാല്‍നടയായി സഞ്ചരിക്കുന്ന ജുദാം ഗോത്രക്കാരന്നും നൂറെണ്ണം ഉബൈദിനും നല്‍കി എന്നാണ് മനസ്സിലാവുന്നത്. പക്ഷേ ഈ രേഖയില്‍ ഏറ്റവും പ്രധാനമായ സംഗതി, മഖ്‌നായിലെ ഉല്‍പന്നങ്ങളിലെ നാലിലൊന്ന് പ്രവാചകന്‍ തൊട്ടടുത്ത പ്രദേശങ്ങളിലെ രണ്ട് ഗോത്രപ്രമുഖര്‍ക്ക് നല്‍കി എന്നതാണ്. ജൂതവിഭാഗത്തെ പുനരധിവസിപ്പിച്ചതോടെ തന്നെ മഖ്‌ന കീഴടങ്ങിയിരുന്നില്ലേ, അല്ലെങ്കില്‍ പ്രവാചകന്‍ ഇവര്‍ക്ക് സമ്മാനമായി നല്‍കിയതാണോ ഈ നാലിലൊന്ന് ഉല്‍പന്നങ്ങള്‍, അതുമല്ലെങ്കില്‍, 'എന്റെ പേരില്‍' മഖ്‌നാ കീഴടക്കിക്കോളൂ, സമ്മാനമായി ഉല്‍പന്നത്തിന്റെ നാലിലൊന്ന് തരാം എന്ന് പറഞ്ഞതാവുമോ- ഇങ്ങനെ കുറേ ചോദ്യങ്ങളുണ്ട്.

 

ജര്‍രബാഉം അദ്‌റുഹും

ഏതാണ്ട് നൂറ് പേരു വീതം താമസിക്കുന്ന രണ്ട് ഗ്രാമങ്ങളായിരുന്നു ഇവ. ചില രേഖകള്‍ പ്രകാരം ഈ നിവാസികള്‍ ജൂതന്മാരായിരുന്നു. ഐലാ കീഴടങ്ങിയ സമയത്തു തന്നെയാണ് ഈ ഗ്രാമങ്ങളും കീഴടങ്ങിയത്. മഖ്‌രിസി2യുടെ വിവരണത്തില്‍, ഐലായിലെ ബിഷപ്പ് പ്രവാചകനെ കാണാനായി തബൂക്കിലെത്തിയപ്പോള്‍ ഇവിടത്തുകാരുടെ പ്രതിനിധികളും അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. അതിനാല്‍ ഈ മൂന്ന് പ്രദേശങ്ങളും തൊട്ടടുത്തായിരുന്നു എന്ന് അനുമാനിക്കാം (മആന്‍ കഴിഞ്ഞാല്‍ അദ്‌റുഹ് എന്ന പേരില്‍ ഒരു റെയില്‍വേ സ്റ്റേഷനുണ്ടായിരുന്നു). ഓരോ വര്‍ഷവും നൂറ് ദീനാര്‍ നല്‍കണമെന്ന വ്യവസ്ഥയില്‍ ഈ ഗ്രാമക്കാര്‍ക്ക് സംരക്ഷണക്കരാര്‍ ഒപ്പിട്ടു നല്‍കിയിരുന്നു പ്രവാചകന്‍.3 അദ്‌റുഹ് കരാറില്‍ ആശ്ചര്യകരമായ ഇങ്ങനെ ചില പരാമര്‍ശങ്ങളും കാണാം: ''മുസ്‌ലിംകളോട് അവര്‍ക്കുള്ള സദുദ്ദേശ്യങ്ങള്‍ക്കും അവര്‍ ചെയ്യുന്ന നല്ല കര്‍മങ്ങള്‍ക്കും അല്ലാഹുവിന്റെ ഉറപ്പ് അവര്‍ക്ക് ലഭിക്കുന്നതാണ്. ശിക്ഷാ നടപടികളും മറ്റു അപായങ്ങളും ഭയന്ന് അവിടെ അഭയം തേടുന്ന മുസ്‌ലിംകളോടുള്ള അവരുടെ നല്ല പെരുമാറ്റങ്ങള്‍ക്കും. അവര്‍ (അദ്‌റുഹ് നിവാസികള്‍?) സുരക്ഷിതരായിരിക്കും, താന്‍ സ്ഥലം വിട്ടുപോവുകയാണെന്ന് പ്രവാചകന്‍ അവരെ വിവരം അറിയിക്കും വരെ.'' ഒരുപക്ഷേ ഈ ഗ്രാമം അതിക്രമികളായ അധിനിവേശകരില്‍നിന്ന് രക്ഷ തേടുന്ന അഭയാര്‍ഥികളുടെ കേന്ദ്രമായിരിക്കണം. ഇതിന് തൊട്ടടുത്ത് പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിംകള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന പ്രദേശവുമായിരുന്നു ഇത് (ബൈസാന്റിയന്‍ സാമ്രാജ്യത്തിലെ മുസ്‌ലിംകള്‍ ആ ഘട്ടത്തില്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. മആന്‍ ഗവര്‍ണറെ വരെ കൊല്ലാന്‍ വിധിച്ചിരുന്നുവല്ലോ).

 

ത്വാഇഫ്

ത്വാഇഫില്‍ ധാരാളം ജൂതന്മാരുണ്ടായിരുന്നു.4 അവരില്‍ പെട്ടയാളാണ് കവി ഉമയ്യത്തുബ്‌നു അബീ സ്വല്‍ത്ത്.5 ഈ നഗരത്തിലെ ഇസ്രാഈല്യരെക്കുറിച്ച് നമുക്ക് കാര്യമായ വിവരണങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, മേഖലയുടെ സമ്പദ്ഘടനയില്‍ അവര്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു എന്ന് മനസ്സിലാക്കാം. ത്വാഇഫ് ഇസ്‌ലാമിനു പിന്നില്‍ അണിനിരന്നത് ഹി. ഒമ്പതാം വര്‍ഷമാണ്. നഗരത്തെ സംബന്ധിച്ചുള്ള രേഖകളൊന്നും ജൂതന്മാരെ പ്രത്യേകമായി പേരെടുത്തു പറയുന്നില്ല. ഒരുപക്ഷേ ത്വാഇഫുകാരുമായി നബിയുണ്ടാക്കിയ കരാറിലെ പതിമൂന്നാമത്തെ വ്യവസ്ഥ ജൂതന്മാരിലേക്കുള്ള സൂചനയാവാം: ''സഖീഫിന്റെ ഓരോ സഖ്യകക്ഷിക്കും അല്ലെങ്കില്‍ വ്യാപാരിക്കും സഖീഫിനുള്ള അതേ പരിഗണന ലഭിക്കും.'' പലിശക്ക് കടം കൊടുക്കുക പോലുള്ള പരാമര്‍ശങ്ങളും അവരെക്കുറിച്ചായിരിക്കാം. അല്ലെങ്കില്‍ അതു സംബന്ധമായ തീരുമാനങ്ങള്‍ അവരെ ബാധിക്കുന്നവയായേക്കാം. സ്വാഭാവിക പരിധികളെല്ലാം ലംഘിച്ചുകൊണ്ട് ഒരുപറ്റം മുതലാളിമാര്‍ സമൂഹത്തിനു മേല്‍ ആര്‍ജിച്ചിരുന്ന അതിശക്തമായ സ്വാധീനം, കഴിഞ്ഞതും വരാനിരിക്കുന്നതുമായ സകല പലിശയിടപാടുകളും നിര്‍ത്തലാക്കി എന്ന പ്രവാചകന്റെ പ്രഖ്യാപനത്തോടെ അവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു.

 

തെക്കും കിഴക്കുമുള്ള ജൂത വിഭാഗങ്ങള്‍

യമനിലും ബഹ്‌റൈനിലും ഒമാനിലും വളരെക്കുറച്ചേ ജൂതന്മാര്‍ ഉണ്ടായിരുന്നുള്ളൂ. ഒമാനില്‍ മസൂന്‍6 തുറമുഖ മേഖലയിലായിരുന്നു അവര്‍ കാര്യമായും അധിവസിച്ചിരുന്നത്. അവര്‍ കടല്‍യാത്രികരായിരുന്നു. ബഹ്‌റൈന്‍ ഗവര്‍ണര്‍ മുന്‍ദിറു ബ്‌നു സാവാക്ക് മറുപടിയായി, തങ്ങളുടെ മതം പിന്തുടരുന്ന ജൂതന്മാര്‍ക്ക് അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം പ്രവാചകന്‍ നല്‍കിയതായി ബഹ്‌റൈനെക്കുറിച്ച് പറഞ്ഞപ്പോള്‍ നാം സൂചിപ്പിച്ചിട്ടുണ്ട്. ഇബ്‌നു ഹബീബി7ന്റെ റിപ്പോര്‍ട്ട് പ്രകാരം ജരീറുബ്‌നു അബ്ദില്ല അല്‍ ബജലിയെ പ്രവാചകന്‍ യമനിലെ പ്രമുഖരായ ദുല്‍ഖലാഇന്റെയും ദുല്‍ അംറിന്റെയും അടുത്തേക്ക് അയക്കുന്നുണ്ട്, അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍. ദുല്‍ അംറ് ജൂതനായിരുന്നു. പ്രവാചകന്റെ ദൂതനോട് അദ്ദേഹം പറഞ്ഞു:  ''നിങ്ങളെ പറഞ്ഞയച്ച വ്യക്തി സത്യസന്ധനെങ്കില്‍ അദ്ദേഹം ഇപ്പോള്‍ മരിച്ചിട്ടുണ്ടാവണമല്ലോ. കാരണം ഞങ്ങളുടെ വേദത്തില്‍ ഒടുവിലത്തെ ലോക പ്രവാചകന്‍ ഇന്ന ദിവസം മരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.'' പറഞ്ഞ ദിവസം ജരീര്‍ കുറിച്ചുവെച്ചുവെന്നും അല്‍പ ദിവസത്തിനകം പ്രവാചകന്റെ മരണ വാര്‍ത്ത എത്തിയെന്നും അത് കുറിച്ചുവെച്ച തീയതിയുമായി ഒത്തുവന്നുവെന്നും ഇതറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് യമന്‍ പ്രമുഖരും ഇസ്‌ലാം സ്വീകരിച്ചുവെന്നുമൊക്കെ ഈ ഗ്രന്ഥകാരന്‍ തുടര്‍ന്ന് എഴുതുന്നുണ്ട്.

 

ചില വിവരങ്ങള്‍ കൂടി

ബൈബിളും ഇസ്രായേല്‍ ചരിത്രവുമൊക്കെ മോസസിനു ശേഷമുള്ള രാജാക്കന്മാരെ പറ്റിയാണ് പ്രതിപാദിക്കുന്നത്. പക്ഷേ ഖുര്‍ആന്റെ ഈ പരാമര്‍ശങ്ങള്‍ (5:20-21) നമ്മെ ഇരുത്തിച്ചിന്തിപ്പിക്കും: ''മോസസ് തന്റെ ജനത്തോട് പറഞ്ഞ സന്ദര്‍ഭം: എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അവന്‍ നിങ്ങളില്‍ പ്രവാചകന്മാരെ നിയോഗിച്ചു. നിങ്ങളെ രാജാക്കന്മാരാക്കി. ലോകരില്‍ മറ്റാര്‍ക്കും നല്‍കാത്ത പലതും നിങ്ങള്‍ക്ക് നല്‍കി. എന്റെ ജനമേ, അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച പുണ്യഭൂമിയിലേക്ക് കടക്കൂ...'' ഈജിപ്തില്‍നിന്നുള്ള പലായനത്തിനു ശേഷം സീനായ് ഉപഭൂഖണ്ഡത്തിലെ ഇസ്രാഈല്യരുടെ രാജാവായിത്തീര്‍ന്നു മോസസ് എന്ന് ഈ വാക്യങ്ങള്‍ ധ്വനിപ്പിക്കുന്നില്ലേ? അതേ അധ്യായത്തില്‍തന്നെ ജൂതരെക്കുറിച്ചു പറയവെ, ഇസ്‌ലാമിക രാഷ്ട്ര പരിധിയില്‍ വരുന്ന അവിശ്വാസികളായ പ്രജകള്‍ക്ക് സ്വയംനിര്‍ണയാവകാശമുണ്ടാവുമെന്ന സൂചനയും കാണാന്‍ കഴിയും.

''നാം തന്നെയാണ് തോറ ഇറക്കിയത്. അതില്‍ വെളിച്ചവും നേര്‍വഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ട് ജീവിച്ച പ്രവാചകന്മാര്‍ യഹൂദര്‍ക്ക് അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യ പുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം അവരെയായിരുന്നു അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം ഏല്‍പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയക്കുക. എന്റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കരുത്. ആര്‍ അല്ലാഹുവിന്റെ നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ അവര്‍ അവിശ്വാസികളാണ്'' (5:44).

ഇതേ അധ്യായത്തില്‍ തന്നെ കുറച്ചു കഴിഞ്ഞ് കണ്ണിന് കണ്ണ് പോലുള്ള തോറ നിയമവിധികളിലേക്കും സൂചനയുണ്ട് (Leviticus 24:17, 191:20, 25:18).

നിയമപരവും സാംസ്‌കാരികവുമായ ഈ സ്വയംനിര്‍ണയാവകാശം ജീവിക്കുന്ന ഒരു യാഥാര്‍ഥ്യമായിരുന്നു. എത്രയും സാക്ഷ്യങ്ങള്‍ നമുക്ക് കൊണ്ടുവരാന്‍ കഴിയും. ചിലപ്പോള്‍ ജൂതന്മാര്‍ തന്നെ പ്രവാചകനെ സമീപിച്ച് തങ്ങളുടെ പ്രശ്‌നത്തില്‍ തീര്‍പ്പാക്കിത്തരൂ എന്ന് അഭ്യര്‍ഥിക്കും. ജൂതനിയമമനുസരിച്ച് അദ്ദേഹം അവര്‍ക്കിടയില്‍ വിധിതീര്‍പ്പുണ്ടാക്കും. ബനൂ ഖുറൈളയും ബനുന്നളീറും തമ്മിലുള്ള ഒരു കൊലപാതകക്കേസില്‍ നബി അതാണ് ചെയ്തത്. ഒരു വ്യഭിചാരക്കേസ് വന്നപ്പോഴും ജൂതന്മാരായ ഇരു കക്ഷികളും പ്രവാചകനെയാണ് സമീപിച്ചത്. പ്രവാചകന്‍ അവരോട് ചോദിച്ചു: 'നിങ്ങളുടെ നിയമത്തില്‍ ഇതിന് എന്താണ് ശിക്ഷ?' 'കുറ്റവാളികളെ കറുപ്പടിച്ച് തെരുവിലൂടെ പരസ്യമായി നടത്തുക.' അവരുടെ ഈ മറുപടിയില്‍ വിശ്വാസം പോരാഞ്ഞ് ബൈബിള്‍ വരുത്തിച്ച് നോക്കിയാല്‍ കല്ലെറിയാനാണ് വിധി എന്ന് കണ്ടെത്തി.8 മോസസിന്റെ അഞ്ച് പുസ്തകങ്ങളില്‍ (Pentateuch)  ഈ നിയമം പ്രതിപാദിക്കപ്പെടുന്നുണ്ട് (Leviticus 20:1114, നിയമാവര്‍ത്തനം 22:21,24).

ഇനി തര്‍ക്കവുമായി എത്തുന്ന കക്ഷികളില്‍ ഒരു കൂട്ടര്‍ ജൂതരല്ലെങ്കില്‍, കുറ്റാരോപിതന്റെ നിയമമേതോ അതാണ് പ്രവാചകന്‍ സ്വീകരിക്കുക. ഒരു മുസ്‌ലിം സ്ത്രീയെ ഒരു ജൂതന്‍ രണ്ട് കല്ലുകള്‍ക്കിടയില്‍ തല ചതച്ച് കൊലപ്പെടുത്തിയപ്പോള്‍ അതേ രൂപത്തില്‍ കുറ്റവാളിയെയും കൊല്ലാന്‍ പ്രവാചകന്‍ ഉത്തരവിടുകയുണ്ടായി.9

ജൂത ചരിത്രത്തിലെ നിയമപ്രാധാന്യമുള്ള ഒരു സംഭവത്തിലേക്കും ഖുര്‍ആന്‍ സൂചന നല്‍കിയിട്ടുണ്ട്. ഇസ്രാഈല്യര്‍ തങ്ങളുടെ പ്രവാചകനായ ശാമുവലിനെ കാണാനായി ചെന്ന് തങ്ങള്‍ക്കൊരു രാജാവിനെ വേണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ശൗല്‍ (Saul) എന്നയാളെ അവര്‍ക്ക് രാജാവായി നിശ്ചയിച്ചുകൊടുത്തു. ''അല്ലാഹു നിങ്ങള്‍ക്കു മേല്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കായികവും വൈജ്ഞാനികവുമായ കഴിവ് ധാരാളമായി നല്‍കിയിരിക്കുന്നു.''10 മോസസ് രണ്ട് അധികാരങ്ങളും, ഭൗതികമായതും ആത്മീയമായതും, ഒരേസമയം കൈകാര്യം ചെയ്തിരുന്നു. ഒരു പ്രവാചകന്‍ ഉണ്ടായിരിക്കെ രാജാവിനെ നിശ്ചയിക്കുമ്പോള്‍ ഈ രണ്ട് അധികാരങ്ങളും വിഭജിക്കപ്പെടുന്നുണ്ട്. അപ്പോള്‍ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഒരു നേതാവിനു മാത്രമായി കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുന്ന അത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ക്കിടയില്‍ അവ വിഭജിച്ചു നല്‍കുന്നതിന് വിരോധമില്ല. ഓരോരുത്തരും അധികാരം നല്‍കപ്പെട്ട മേഖലയില്‍ ദൈവിക ശാസനകള്‍ മാത്രമേ പിന്‍പറ്റാവൂ എന്ന ഉപാധിയോടെ.

ഖുര്‍ആന്‍ അവതരിച്ച കാലത്തെങ്കിലും ജൂതന്മാര്‍ക്കെതിരെ അതില്‍ വന്ന കുറ്റപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിലൊന്ന് ഇങ്ങനെയാണ്: ''ജൂതന്മാര്‍ പറയുന്നു, ഉസൈര്‍ ദൈവത്തിന്റെ മകനാണെന്ന്. നസ്വാറാക്കള്‍ പറയുന്നു, യേശു ദൈവപുത്രനാണെന്ന്.''11 ഹെലിനെ ഉദ്ധരിച്ചുകൊണ്ട് ബ്ലാഷറി12 പറയുന്നത്, ഉസൈര്‍ എന്നയാള്‍ എസ്ഡ്രസ് (Esdras)  ആണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ സി.ഇ ഒന്നാം നൂറ്റാണ്ടിലെ 'എസ്ഡ്രസിന്റെ നാലാം പുസ്തക' (4th Book of Esdras) ത്തിലേക്കുള്ള സൂചനയാവാം അതെന്നാണ്. അതേസമയം, ഉല്‍പത്തിയിലെ മറ്റൊരു പരാമര്‍ശവും (6:2) സൂചനയായി എടുക്കാവുന്നതാണ്. അവിടെ 'ദൈവത്തിന്റെ മക്കള്‍' എന്നു കാണുന്നുണ്ട്. 'ദൈവത്തിന്റെ മക്കളെ' ചിലപ്പോള്‍ ഉസേല്‍ എന്നാണ് പറഞ്ഞിരുന്നതെന്ന് റബ്ബികള്‍ ചൂണ്ടിക്കാണിക്കുന്നു. ബ്ലാഷറി പറയുന്നത്, ഉസേല്‍ അറബിയിലേക്കെത്തിയപ്പോള്‍ ഉസൈറായി മാറിയതാകാനും സാധ്യതയുണ്ടെന്നാണ്.

ചെറിയൊരു വിവരം കൂടി നല്‍കി ഈ അധ്യായം അവസാനിപ്പിക്കാം. 1956-ല്‍ ഹര്‍റാന്‍ എന്ന സ്ഥലത്തു വെച്ച് ഒരു ക്യൂനിഫോം ലിഖിതം കണ്ടുകിട്ടി. നബൂനൈദ് രാജാവ്  (Nabondius, ബി.സി 556-539) അറേബ്യയിലേക്ക് യാത്ര പോയിരുന്നു എന്ന് അതില്‍ കാണുന്നു. അദ്ദേഹം തൈമാഇല്‍ 'ബാബിലോണിയ പോലുള്ള ഒരു നഗരം' പണിതു വരികയായിരുന്നു. ഖൈബര്‍, ഫദക് തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹം യസ്‌രിബ് വരെയും വന്നെത്തി. മദീനയെക്കുറിച്ച് ലഭിച്ച ഏറ്റവും പുരാതനമായ റഫറന്‍സാണിത് (D.S Rice, Excavations in Harren's Great Mosque, in Illustrated London News, 1957, Sept. 21, p . 466-9).  മറ്റു വിശദാംശങ്ങള്‍ International Congres of Orientalists (Munichen) ന്റെ റിപ്പോര്‍ട്ടില്‍ (പേജ് 132).

(തുടരും)

 

കുറിപ്പുകള്‍

1. മഖ്‌രീസി I, 469-70

2. അതേ കൃതി, I, 467

3. എന്റെ വസാഇഖ് No: 32

4. ബലാദുരി- ഫുതൂഹ്, പേജ് 56

5. ബലാദുരി- അന്‍സാബ് കക, 1267 (Ms of Istanbul)


6. ലിസാനുല്‍ അറബ്

7. മുഹബ്ബര്‍ പേജ് 75

8. ബുഖാരി 61:26, 97:51, ഇബ്‌നു ഹിശാം പേജ് 393-5, മസ്ഊദി-തന്‍ബീഹ് പേജ് 274, ബൈഹഖി- സുനന്‍ കുബ്‌റാ VIII, 231, അബൂദാവൂദ് 37:26.

9. ബുഖാരി 44:1, ത്വബരി- തഫ്‌സീര്‍ V, 127

10. ഖുര്‍ആന്‍ 2:247

11. ഖുര്‍ആന്‍ 9:30

12. Blachere, Coran, on 9:30

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (56-60)
എ.വൈ.ആര്‍