Prabodhanm Weekly

Pages

Search

2018 നവംബര്‍ 09

3075

1440 സഫര്‍ 30

ശാന്തപുരം എന്ന വസന്തകാലം

റഹ്മാന്‍ മുന്നൂര് / ഡോ. ജമീല്‍ അഹ്മദ്

ശാന്തപുരത്തെ വിദ്യാഭ്യാസകാലമായിരുന്നു എന്റെ കലാജീവിതത്തിന്റെ വസന്തകാലം. ധാരാളം മാപ്പിളപ്പാട്ടുകളും ഒപ്പന, നാടകം, സംഗീതനാടകം, കഥാപ്രസംഗം തുടങ്ങിയവയും അക്കാലത്ത് രചിച്ചു. പിന്നീട് എന്റെ പ്രധാന പ്രവര്‍ത്തനമേഖലയായ വിവര്‍ത്തനങ്ങളുടെ തുടക്കവും ശാന്തപുരത്തുനിന്നുതന്നെ.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ അന്നത്തെ നിലക്ക് എനിക്ക് മോശമല്ലാത്ത മാര്‍ക്കുണ്ടായിരുന്നു. ഇന്നത്തെപ്പോലെ വാരിക്കോരി മാര്‍ക്ക് കൊടുക്കുന്ന കാലമല്ലല്ലോ. ആ മാര്‍ക്ക്‌വെച്ച് കോളേജില്‍ ചേര്‍ന്ന് പഠനം തുടരാനും സാധിക്കുമായിരുന്നു. ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളില്‍ എന്റെ നാട്ടില്‍നിന്ന് എന്നോടൊപ്പം പത്താംതരം പരീക്ഷ എഴുതിയ ഒരാള്‍ മാത്രമേ ഉള്ളൂ. അയാള്‍ക്ക് എന്നേക്കാള്‍ ഒരു മാര്‍ക്കാണ് കൂടുതല്‍ കിട്ടിയത്. അദ്ദേഹം പ്രീഡിഗ്രിക്ക് ചേര്‍ന്ന് പഠിച്ച് ഇംഗ്ലീഷ് പ്രഫസറായിട്ടാണ് വിരമിച്ചത്. എന്റെ അന്നത്തെ സാമ്പത്തികസ്ഥിതി ഏതെങ്കിലും കോളേജില്‍ ചേര്‍ന്ന് പഠിക്കാന്‍ അനുവദിക്കുന്നതായിരുന്നില്ലല്ലോ. ആ പ്രതിസന്ധിഘട്ടത്തിലാണ് ശാന്തപുരം കോളേജില്‍ ഉപരിപഠനം എന്ന പോംവഴി എന്റെ മുന്നിലെത്തുന്നത്. മൂത്ത ജ്യേഷ്ഠന് ജമാഅത്തുമായി നല്ല ബന്ധമുണ്ടായിരുന്നു. അബ്ദുര്‍റഹ്മാന്‍ തറുവായ്, ഒ.പി അബ്ദുസ്സലാം മൗലവി എന്നിവരുമായൊക്കെ അദ്ദേഹത്തിന് അടുത്ത സൗഹൃദവുമുണ്ട്. തറുവായ് സാഹിബ് അന്ന് ശാന്തപുരത്ത് അധ്യാപകനാണ്. ജ്യേഷ്ഠന്‍ എന്റെ കാര്യം തറുവായ് സാഹിബുമായി സംസാരിക്കുകയും ശാന്തപുരത്ത് അഡ്മിഷന്‍ ഉറപ്പാക്കുകയും ചെയ്തു. അന്നുവരെ ആ സ്ഥാപനത്തെപ്പറ്റി എനിക്കൊന്നുമറിഞ്ഞുകൂടാ. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ എം.എസ്.എഫിന്റെ പ്രവര്‍ത്തകനായിരുന്നു. ശാന്തപുരത്തെക്കുറിച്ച് ചില കാര്യങ്ങളൊക്കെ ജ്യേഷ്ഠനോട് ചോദിച്ചറിഞ്ഞപ്പോള്‍ എനിക്ക് വലിയ താല്‍പര്യവും തോന്നി. അങ്ങനെയാണ് ഞാന്‍ ശാന്തപുരത്ത് എത്തിച്ചേരുന്നത്.

ശാന്തപുരമാണ് എന്നെ രൂപപ്പെടുത്തിയത്. അവിടത്തെ അന്തരീക്ഷം എന്റെ കലാവാസനകളെ വികസിപ്പിക്കാനും വൈജ്ഞാനികതൃഷ്ണയെ തൃപ്തിപ്പെടുത്താനും പറ്റുന്ന വിധമായിരുന്നു. എന്റെ ഏറ്റവുമധികം സര്‍ഗാത്മപ്രവര്‍ത്തനങ്ങള്‍ നടന്നതും ശാന്തപുരത്തു വെച്ചാണെന്ന് തോന്നുന്നു. ശാന്തപുരത്ത് വിദ്യാര്‍ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം സംവിധാനങ്ങളുണ്ടായിരുന്നു. കഴിവുള്ള വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് പ്രോത്സാഹനം നല്‍കുന്ന അധ്യാപകരും ഉണ്ടായിരുന്നു. ശാന്തപുരത്ത് ചേര്‍ന്ന ആ കൊല്ലംതന്നെ ഒരു കഥയെഴുതി ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു: 'മുല്ലപ്പൂവ്.' എ.ആര്‍.പി.ടി എന്ന പേരിലാണ് കഥ പ്രസിദ്ധീകരിച്ചത്. അബ്ദുര്‍റഹ്മാന്‍ പി.ടി എന്നതിന്റെ ചുരുക്കമാണത്. അച്ചടിമഷി പുരളുന്ന എന്റെ ആദ്യത്തെ രചന. പിന്നീട് ലീഗ് ടൈംസിലാണ് കൂടുതലും എഴുതിയത്. പി.എം.എ ഖാദറിന്റെ നേതൃത്വത്തില്‍ അന്ന് ഒരു തീരുമാനം ഉണ്ടായി. എഴുതാന്‍ കഴിയുന്ന എല്ലാവരും പത്രങ്ങളില്‍ എഴുതണം. അതിന്റെ തുടര്‍ച്ചയായി ഖാദറിന്റെ ഒരു നല്ല ലേഖനം ചന്ദ്രികയില്‍ വന്നു. എം.ബി റശീദ് അന്തമാന്‍ മാതൃഭൂമിയില്‍ എഴുതി. സി.കെ മുഹമ്മദ് കരുവാരകുണ്ട് തൗഫീഖുല്‍ ഹകീമിന്റെ നാടകങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. എത്രയും എഴുതാന്‍ അനുകൂലമായ അന്തരീക്ഷമുണ്ടായിരുന്നു ശാന്തപുരത്ത്. അക്കാലത്ത് വിദേശ വാര്‍ത്തകള്‍ മലയാളത്തിലെ മുസ്‌ലിം പത്രങ്ങളില്‍പോലും വളരെ അപൂര്‍വമായിട്ടാണ് വന്നിരുന്നത്. ശാന്തപുരത്ത് ധാരാളം അറബി പത്രങ്ങള്‍ വരും. ഞാനത് വായിച്ച് പരിഭാഷപ്പെടുത്തി ലീഗ് ടൈംസിലേക്ക് അയച്ചുകൊടുക്കും. അവരത് ഒന്നോ രണ്ടോ വാര്‍ത്തകളായി ദിവസവും പ്രസിദ്ധീകരിക്കും. അതൊരു പതിവായി. ധാരാളം മുസ്‌ലിംലോക വാര്‍ത്തകള്‍ അങ്ങനെ വിവര്‍ത്തനം ചെയ്തു. എന്റെ ചില ലേഖനങ്ങളും ആ കാലത്ത് അതില്‍ പ്രത്യക്ഷപ്പെട്ടു. മാത്രമല്ല, ലീഗ് ടൈംസിലെ പല ആളുകളുമായും എനിക്ക് വ്യക്തിബന്ധമുണ്ടായിരുന്നു. ജമാല്‍ കൊച്ചങ്ങാടി, ടി.പി ചെറൂപ്പ, കെ.കെ മുഹമ്മദ്, ഹുസൈന്‍ ഏലംകുളം, പോക്കര്‍ കടലുണ്ടി ഇവരെയൊക്കെ പരിചയപ്പെടുന്നത് അവിടെവച്ചാണ്. ഇടക്ക് നാട്ടില്‍ പോകുമ്പോള്‍ ലീഗ് ടൈംസില്‍ കയറി  കുറേനേരം സംസാരിച്ചിരിക്കും. ഞാന്‍ കുട്ടിയാണ് എന്നതുകൊണ്ട് അകലമൊന്നുമില്ല അവര്‍ക്ക്. സ്‌നേഹവും ബഹുമാനവും പരസ്പരം പകര്‍ന്ന സൗഹൃദം. 

വായനയുടെ വലിയൊരു ലോകം ശാന്തപുരം തുറന്നുതന്നു. അവിടത്തെ ലൈബ്രറി എന്റെ ഹൈസ്‌കൂള്‍ ലൈബ്രറിപോലെ അല്ല, അകത്തേക്ക് പ്രവേശിക്കാം, ഇഷ്ടമുള്ള പുസ്തകം സ്വയം തെരഞ്ഞെടുക്കാം! പുസ്തകങ്ങളുടെ ലോകത്തേക്കുള്ള കവാടം തുറന്നുതന്നത് ശാന്തപുരമാണ്. ഉള്ളൂര്‍, വള്ളത്തോള്‍, ആശാന്‍, ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പി. കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയ കവികളുടെ സമ്പൂര്‍ണ കൃതികള്‍ ശാന്തപുരം ലൈബ്രറിയിലുണ്ട്. അവയെല്ലാം എടുത്ത് വായിച്ചുകൊണ്ടേയിരിക്കുക എന്റെ ഹരമായിരുന്നു. വെറും വായനയല്ല, അതിലെ അറിയാത്ത ഓരോ വാക്കും നിഘണ്ടുവില്‍ നോക്കി കണ്ടെത്തി കവിതയുടെ അര്‍ഥം നോട്ടുപുസ്തകത്തിലേക്ക് പകര്‍ത്തി വായിച്ചെടുക്കുകയായിരുന്നു. പാഠപുസ്തകങ്ങളേക്കാള്‍ താല്‍പര്യത്തോടെയാണ് ഈ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തത്. കവിതകള്‍, നോവലുകള്‍, നാടകങ്ങള്‍ എന്നിവയൊക്കെയും വായിച്ചു. പാഠപുസ്തകങ്ങള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചില്ല എന്ന് പറയാം. വളാഞ്ചേരിയിലെ ഒരു സുഹൃത്തിന് അവിടെ ലൈബ്രറിയില്‍ അംഗത്വമുണ്ട്. ഓരോ ആഴ്ചയും അവന്‍ വരുമ്പോള്‍ ഒന്നോ രണ്ടോ പുസ്തകങ്ങളുമായി വരും. ഒരാഴ്ചകൊണ്ട് രാത്രി ഉറക്കമിളച്ച് അത് വായിച്ചു തീര്‍ത്ത് മടക്കികൊടുക്കും. പല രാത്രികളിലും ലൈബ്രറിയില്‍ തന്നെ കിടന്നുറങ്ങിപ്പോയി. രാത്രി ദീര്‍ഘനേരം വായിച്ചു വായിച്ച് ഉറങ്ങവെ രസകരമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ചുറ്റിലും അലമാര നിറഞ്ഞുനില്‍ക്കുന്ന കിതാബുകള്‍.... വിവിധ ഭാഷയിലുള്ള പുസ്തകങ്ങള്‍.... അവയുടെ കര്‍ത്താക്കളെല്ലാം പാതിമയക്കത്തിലാണ്ട എന്റെ അടുത്തേക്ക് ഇറങ്ങിവരുന്നു. അപ്പോള്‍ ഭയങ്കരമായ പേടിയുണ്ടാകും. പെട്ടെന്ന് ഉണര്‍ന്ന് കിടപ്പുമുറിയിലേക്ക് ഓടിച്ചെന്ന് വാതിലടച്ചിരുന്ന അനുഭവം മറക്കാനാവുന്നില്ല. 

ശാന്തപുരത്തെ സാഹിത്യസമാജങ്ങളും മോഡല്‍ പാര്‍ലമെന്റുകളും പഠനത്തിന്റെയും പ്രകടനത്തിന്റെയും മികച്ച അവസരങ്ങളായിരുന്നു. മോഡല്‍ പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ വൈജ്ഞാനികമായ അടിത്തറ നല്‍കി. ഓരോ വിഷയത്തിലും കിതാബുകളൊക്കെയും നന്നായി വായിച്ചു പഠിച്ച് റഫര്‍ ചെയ്താല്‍ മാത്രമേ മറുപടി പറയാന്‍ പറ്റൂ. കിതാബുകളുടെ കെട്ടുകളുമായിട്ടാണ് പാര്‍ലമെന്റ് വേദിയിലേക്ക് ചെല്ലേണ്ടത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് റഫറന്‍സ് അടക്കമാണ് മറുപടി നല്‍കേണ്ടിവരിക. അത് വൈജ്ഞാനിക ലോകത്തേക്കുള്ള വലിയൊരു കവാടം തന്നെയായിരുന്നു.  കലാ സാഹിത്യ കഴിവുകള്‍ ആവിഷ്‌കരിക്കാനും അവതരിപ്പിക്കാനുമുള്ള വേദിയായിരുന്നു സാഹിത്യസമാജം.

വളരെ നല്ല കുറേ അധ്യാപകരെ ശാന്തപുരം എനിക്ക് തന്നു. ടി. ഇസ്ഹാഖലി മൗലവി, എന്‍.എം ശരീഫ് മൗലവി, എം. മുഹമ്മദ് മൗലവി തുടങ്ങി പ്രമുഖരായ അധ്യാപകരെ ലഭിച്ചത് ജീവിതത്തിലെ വലിയ അനുഗ്രഹമാണ്. ഇസ്ഹാഖലി മൗലവി ഖുര്‍ആനാണ് എടുത്തിരുന്നത്. വളരെ വിശദമായി വിവരിച്ചുതരും, പക്ഷേ ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ല. വല്ല സംശയവും ചോദിച്ചാല്‍ അദ്ദേഹം തന്റെ നര്‍മബോധം കൊണ്ട് നമ്മളെയങ്ങ് ഇരുത്തിക്കളയും. ശരീഫ് മൗലവി ടെക്സ്റ്റ്ബുക്കിലെ കാര്യങ്ങളൊന്നുമല്ല പറയുക. പക്ഷേ, അദ്ദേഹത്തിന്റെ വിശാലമായ വിജ്ഞാനത്തിന്റെയും  അനുഭവത്തിന്റെയും കലവറ മുഴുവന്‍ നമുക്കു മുന്നില്‍ തുറന്നിടും. അത് കേട്ടിരിക്കാന്‍തന്നെ രസകരമായിരുന്നു. പിന്നെ 'പരീക്ഷക്ക് എഴുതാന്‍ എന്തു കിട്ടി?' എന്നു ചോദിച്ചാല്‍ ഒന്നും ഉണ്ടാവില്ല, പക്ഷേ നമ്മുടെ വിജ്ഞാനവും അനുഭവവും ഏറെ വികസിച്ചിട്ടുണ്ടാകും. മന്‍ത്വിഖ് (തര്‍ക്കവിജ്ഞാനീയം) ആണ് അദ്ദേഹം എടുത്തിരുന്നത്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട വിഷയമായിരുന്നു അത്. അത്തരം തത്ത്വജ്ഞാനങ്ങളടങ്ങിയ അഖ്‌ലിയ്യാത്തിനോടായിരുന്നു അന്നേ എനിക്ക് പ്രിയം. ഫിഖ്ഹിനോട് താല്‍പര്യം കുറവാണ്. ചരിത്രം, ഭാഷ എന്നിവയും ഇഷ്ടംതന്നെ. മന്‍ത്വിഖ് മനസ്സിലാകുന്ന കുട്ടികളില്‍ ഒന്നാമന്‍ ഞാന്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പരീക്ഷാകാലത്ത് മറ്റു കുട്ടികള്‍ക്ക് കിതാബ് വായിച്ചുകൊടുക്കേണ്ട ചുമതലകൂടി എന്റെ തലയിലായി. പ്രഫ. എം.എ ശുക്കൂര്‍ സാഹിബ് അദ്ദേഹത്തിന്റെ പ്രഭാഷണവൈഭവം മുഴുവന്‍ പുറത്തെടുത്തുകൊണ്ടാണ് ക്ലാസ്സെടുത്തിരുന്നത്. ഷേക്‌സ്പിയര്‍ നാടകങ്ങളിലെ ഓരോ രംഗവും അദ്ദേഹം വിവരിക്കുന്നത് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും മലയാള പ്രഭാഷണവൈദഗ്ധ്യവും ഒരുപോലെ ഉപയോഗിച്ചാണ്. മൊയ്തു മൗലവി അലങ്കാരശാസ്ത്രമാണ് പഠിപ്പിച്ചത്. വി.കെ അലി സാഹിബ് ഇടക്ക് വന്ന് ജംഉല്‍ ജവാമിഅ് പഠിപ്പിച്ചത് വളരെയേറെ പ്രയോജനപ്പെട്ടു. എന്റെ വൈജ്ഞാനിക വികാസത്തിന് ഒരു പരിധിവരെ കാരണമായിട്ടുള്ളത് ഈ പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസ്സുകള്‍തന്നെ. ഖാദര്‍കുട്ടി മാരേക്കാട്, എം. മുഹമ്മദ് മൗലവി കടന്നമണ്ണ, പ്രഫ. എം.എ ശുക്കൂര്‍, കെ. മൊയ്തു മൗലവി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ എന്നിവരില്‍നിന്നൊക്കെയും എനിക്ക് എഴുത്തിന് പ്രചോദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളോടൊപ്പം നടന്നുകൊണ്ട് അവരിലെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ അവരൊക്കെയും പരിശ്രമിച്ചു. ക്ലാസ്സിനകത്ത് ഒതുങ്ങിനിന്നില്ല അവര്‍, വൈകുന്നേരങ്ങളില്‍ കുട്ടികളെയും കൊണ്ട് പുറത്തേക്കു നടന്ന് പലതും പറഞ്ഞുകൊടുക്കും. വാരികകളും മാസികകളും വായിക്കാന്‍ നിര്‍ദേശിക്കും.

ശാന്തപുരത്ത് മൂന്നോ നാലോ വര്‍ഷം പിന്നിട്ട കാലത്ത് ഈ അധ്യാപക വിദ്യാര്‍ഥി ബന്ധം ഏറെ തീവ്രമായി. പ്രഫ. എം.എ ശുക്കൂര്‍, കെ. മൊയ്തു മൗലവി, എം. മുഹമ്മദ് മൗലവി എന്നീ മൂന്ന് ഉസ്താദുമാരും ഒരു മുറിയിലായിരുന്നു താമസം. ഇവര്‍ ഇടക്ക് എന്നെ തങ്ങളുടെ മുറിയിലേക്ക് ക്ഷണിക്കും. ഞാനെഴുതുന്ന പാട്ടുകള്‍, കഥകള്‍ എന്നിവ വായിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു. കൂടെയിരുത്തി വേണ്ട ഉപദേശങ്ങള്‍ നല്‍കിയും ആവശ്യമായ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയും അവര്‍ പ്രോത്സാഹിപ്പിച്ചു. ശുക്കൂര്‍ സാഹിബ് മലയാള മനോരമ, മാതൃഭൂമി പത്രങ്ങളില്‍ വിശേഷാവസരങ്ങളില്‍ ചില കുറിപ്പുകളെഴുതാറുണ്ട്. അവര്‍ ആവശ്യപ്പെട്ട് എഴുതിക്കുകയാണ്. അത് അദ്ദേഹം എഴുതിക്കഴിഞ്ഞാലുടന്‍ എനിക്ക് വായിക്കാന്‍ തരികയും അതിലെ തെറ്റുകള്‍ തിരുത്തിക്കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. എനിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാകുമായിരുന്നില്ല അതില്‍. എന്നാലും, ഒരു അധ്യാപകന്‍ സ്വന്തം രചന വിദ്യാര്‍ഥിയെ എഡിറ്റ് ചെയ്യാന്‍ ഏല്‍പ്പിക്കുന്നത് വലിയൊരു അംഗീകാരമായിട്ടാണ് അനുഭവപ്പെട്ടത്. മൊയ്തു മൗലവി അറബിയിലെഴുതുന്ന കവിതകളും ഞങ്ങള്‍ക്ക് വായിക്കാന്‍ തരികയും ഞങ്ങളുടെ കവിതകള്‍ വായിച്ചുകേള്‍ക്കുകയും ചെയ്യും. എം.എം അറബി പണ്ഡിതന്‍ മാത്രമായിരുന്നില്ല, മലയാള സാഹിത്യത്തിലും ഭാഷയിലും അവഗാഹമുള്ള ആളുമായിരുന്നു. ഈ മൂന്നു പേരും നല്‍കിയ പ്രോത്സാഹനങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാനാവില്ല. 

ആ കാലത്ത് ഞാനൊരു പുസ്തകം എഴുതി. ചെറിയ പുസ്തകമാണ്, നോമ്പിനെ കുറിച്ച്. 'വിശുദ്ധിയുടെ മാര്‍ഗം' എന്നോ മറ്റോ പേരിലായിരുന്നു അത്. അതിന്റെ ഒരു കോപ്പി എന്റെ കൈയിലെവിടെയോ ഉണ്ട്. ശാന്തപുരം വിടുന്നതിനു മുമ്പുതന്നെ മൗലാനാ ഇന്‍ആമുര്‍റഹ്മാന്‍ ഖാന്റെ 'ഇസ്‌ലാം ഒരു ശിക്ഷണ വ്യവസ്ഥ' എന്ന പുസ്തകം പരിഭാഷപ്പെടുത്തി. അത് പ്രബോധനത്തിലൂടെ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നത് ശാന്തപുരത്ത് പഠിക്കുന്ന കാലത്താണ്. പിന്നീടത് ഐ.പി.എച്ച് പുസ്തകമാക്കി. പ്രബോധനം വാരികയില്‍ പ്രസിദ്ധീകരിച്ച 'ഇനി യാത്ര കാബൂളിലേക്ക്' എന്ന നീണ്ടകഥയും ഹിജ്‌റ 15-ാം നൂറ്റാണ്ടിന്റെ പിറവിയോടനുബന്ധിച്ച് പ്രബോധനം മാസിക മുഖലേഖനമായി നല്‍കിയ 'പ്രതീക്ഷാനിര്‍ഭരമായ ശതകപ്പുലരി' എന്ന ലേഖനവും ആയിരിക്കാം എന്നെ പ്രബോധനം കുടുംബത്തിലെ ഒരാളാക്കിയത്.  

എന്റെ സര്‍ഗാത്മക ജീവിതത്തിലെ ഏറ്റവും പുഷ്‌കലമായ കാലഘട്ടം ശാന്തപുരത്ത് ഞാന്‍ ജീവിച്ച എട്ടു വര്‍ഷങ്ങളാണ് എന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല. ധാരാളം പാട്ടുകള്‍ അക്കാലത്ത് ഞാന്‍ എഴുതിയിട്ടുണ്ട്, കഥാപ്രസംഗങ്ങള്‍ എഴുതിയിട്ടുണ്ട്, സംഗീതശില്‍പങ്ങള്‍ എഴുതിയിട്ടുണ്ട്. ശാന്തപുരത്തെയും പരിസരപ്രദേശങ്ങളിലെയും മദ്‌റസകള്‍ക്കു വേണ്ടിയും  കോളേജിലെ സഹപാഠികള്‍ക്കു വേണ്ടിയും എഴുതി. മദ്‌റസകളിലും കോളേജുകളിലും വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അവര്‍ പാട്ടുകളെഴുതിച്ച് കൊണ്ടുപോകും. ചിലപ്പോള്‍ അവിടെച്ചെന്ന് പഠിപ്പിക്കാന്‍ ആവശ്യപ്പെടും. ഒരിക്കല്‍, മങ്കട ടി. അബ്ദുല്‍ അസീസ് മൗലവിയൊക്കെ നേതൃത്വം നല്‍കുന്ന മങ്കട ഓര്‍ഫനേജില്‍ ഒരു വാര്‍ഷികത്തിന് കുട്ടികളെ കലാപരിപാടികള്‍ പരിശീലിപ്പിക്കാന്‍ വിളിച്ചു. പരിപാടിയില്‍ അതിഥികളായെത്തുന്നവരുടെ പേരുകളെല്ലാം കോര്‍ത്തിണക്കി ഒരു സ്വാഗതഗാനം എഴുതാന്‍കൂടി അവര്‍ ആവശ്യപ്പെട്ടു. നോട്ടീസ് പ്രകാരം പേരുകള്‍ ചേര്‍ത്ത് പാട്ടെഴുതുകയും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. പാടിത്തീര്‍ന്നപ്പോഴാണ് ഒരു അബദ്ധം മനസ്സിലാക്കിയത്. പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന, മുസ്‌ലിംലീഗ് നേതാവ് സീതിഹാജിയുടെ പേര് പാട്ടില്‍ വിട്ടുപോയിരിക്കുന്നു. സംഘാടകര്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും അതിന്റെ പേരില്‍ ഉണ്ടാക്കിയില്ലെങ്കിലും എനിക്കത് വലിയ വിഷമമായി. അന്ന് ഒരു തീരുമാനമെടുത്തു: ആര് ആവശ്യപ്പെട്ടാലും അതിഥികളുടെ പേരുകള്‍ ചേര്‍ത്ത് ഇനിമേല്‍ സ്വാഗതഗാനം എഴുതിക്കൊടുക്കില്ല. എവിടെയും എപ്പോഴും പാടാവുന്ന വിധത്തിലുള്ള പാട്ടുകളാണ് പിന്നീട് എഴുതിക്കൊടുത്തതെല്ലാം.  

ശാന്തപുരത്ത് പ്രതിഭാശാലികളായ ധാരാളം കലാകാരന്മാര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. പി.എം.എ ഖാദര്‍ ബഹുമുഖപ്രതിഭയായിരുന്നു. അദ്ദേഹം ഒരുപാട് പ്രോത്സാഹനം എനിക്ക് തന്നിട്ടുണ്ട്. ഞാനെഴുതുന്നത് അദ്ദേഹത്തെ കാണിക്കും. വളരെ സൂക്ഷ്മമായി വായിച്ച് അതിലെ തെറ്റുകളൊക്കെ തിരുത്തിത്തരും. പി.എ ജലാലുദ്ദീന്‍ നല്ല നിലവാരമുള്ള ഗാനങ്ങള്‍ എഴുതിയിരുന്ന ആളാണ്. വി.എസ് സലീം ചിത്രകാരനും ഗായകനുമായിരുന്നു. കൊടിയത്തൂരിലെ പി.പി അബ്ദുര്‍റഹ്മാന്‍ (ഈയിടെ മരണപ്പെട്ടു) ഒന്നാന്തരം ചിത്രകാരനും പാട്ടുകാരനുമായിരുന്നു. തിരുവനന്തപുരത്തുകാരനായ സൈനുദ്ദീന്‍ നാടകങ്ങളും ഓട്ടന്‍തുള്ളലും എഴുതി. ഹാസ്യരസപ്രധാനങ്ങളായ നാടകങ്ങളെഴുതാന്‍ മിടുക്കനായിരുന്നു അദ്ദേഹം. കോളേജില്‍നിന്ന് പോന്നശേഷം അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. എന്റെ ക്ലാസ്സിലുണ്ടായിരുന്ന എസ്.എസ് അക്ബര്‍ കായംകുളം, ഉസ്മാന്‍ പാണ്ടിക്കാട് എന്നിവരൊക്കെ കവികളായിരുന്നു. 

സൈനുല്‍ ആബിദീന്‍ കൊച്ചി എന്ന ഗായകന് ഹിന്ദി മെലഡികള്‍ പാടാന്‍ അസാമാന്യമായ കഴിവുണ്ടായിരുന്നു. അദ്ദേഹം ഹൈസ്‌കൂള്‍ കുട്ടിയായിരുന്ന കാലത്തേ ശാന്തപുരത്തുണ്ട്. എന്റെ പല പാട്ടുകളും സൈനുല്‍ ആബിദീന്‍ പാടി. ഇടക്കാലത്ത് പെട്ടെന്ന് പഠനം അവസാനിപ്പിച്ച് സൈനുല്‍ ആബിദീന്‍ ശാന്തപുരത്തുനിന്ന് പോയി. കുറേകാലം ഗള്‍ഫിലായിരുന്ന സൈനുല്‍ ആബിദീന്‍ ഇപ്പോള്‍ ഒരു ഗസല്‍ ട്രൂപ്പൊക്കെ സംഘടിപ്പിച്ച് വീണ്ടും പാട്ടില്‍ സജീവമായിട്ടുണ്ട്. സൈനുല്‍ ആബിദീന്‍ പോയശേഷമാണ് ശരീഫ് കൊച്ചിന്‍ രംഗത്തുവരുന്നത്. സൈനുല്‍ ആബിദീന്റെ സാന്നിധ്യത്തില്‍ പ്രഭമങ്ങി നില്‍ക്കുകയായിരുന്നു ശരീഫ് എന്നു പറയാം. എന്റെ ധാരാളം പാട്ടുകള്‍ ശരീഫ് പാടിയിട്ടുണ്ട്. പാട്ടുകാരായ കൂട്ടുകാരൊക്കെയും എന്നോട് പാട്ടുകള്‍ ചോദിച്ചുവന്നു. അവര്‍ക്കൊക്കെയും ഞാന്‍ പാട്ടുകള്‍ എഴുതിക്കൊടുത്തു. സാഹിത്യസമാജങ്ങളിലും വാര്‍ഷികങ്ങളിലും ഒക്കെ അതു പാടി. 

മറ്റൊരു സാഹിത്യക്കളരി കോളേജ് മാഗസിനുകളായിരുന്നു. കുസുമം, സന്ദേശം, ഡോണ്‍, ഡൈജസ്റ്റ് എന്നൊക്കെ പേരുകളിട്ട ചുമര്‍പത്രങ്ങളും കൈയെഴുത്തു മാഗസിനുകളും ഞങ്ങളുടെ എഴുത്തിനെ പരിപോഷിപ്പിച്ച ഘടകങ്ങളാണ്. ഒരിക്കല്‍ 'സന്ദേശം' പ്രകാശനത്തിന് അതിഥിയായെത്തിയത് കുഞ്ഞുണ്ണി മാഷായിരുന്നു. ആ ലക്കത്തില്‍ ഞാന്‍ ചില കുട്ടിക്കവിതകളെഴുതിയിരുന്നു. പ്രകാശനം ചെയ്ത് പ്രസംഗിക്കവെ ഇടക്ക് എന്റെ പേരുവിളിച്ച് 'ഇതാരാണ്?' എന്ന് മാഷ് സദസ്സിനോട് ചോദിച്ചു. എഴുന്നേറ്റുനിന്ന എന്നെ അദ്ദേഹം അടുത്തേക്കു വിളിച്ചു. എന്നിട്ട് അതിലെ ഒരു കവിത ഉച്ചത്തില്‍, ഈണത്തില്‍ ആലപിച്ചു:

മണ്ണിനെ നോക്കി പുഞ്ചിരിതൂകി

വിണ്ണില്‍ സ്വര്‍ണക്കുസുമങ്ങള്‍

എണ്ണിയെടുത്തു ഉണ്ണിയതവനുടെ

ഉണ്ണിക്കണ്ണിന്‍ കിണ്ണത്തില്‍

കുഞ്ഞുണ്ണിമാഷ് വേദിയില്‍വെച്ചുതന്നെ എന്നെ നന്നായി അഭിനന്ദിച്ചു. അത് വലിയൊരു അംഗീകാരമായിരുന്നു. പിന്നീട് ആ കവിതകള്‍ മലര്‍വാടി പ്രസിദ്ധീകരിച്ചു. 

ശാന്തപുരത്തുവെച്ച് ഞാനെഴുതിയ കഥാപ്രസംഗങ്ങളെക്കുറിച്ചും ചില ഓര്‍മകളുണ്ട്. അവയില്‍ അലി ശരീഅത്തി, ആസിയാ ബീവി എന്നിവ അക്കാലത്തെ വലിയ ഹിറ്റുകളായിരുന്നു. അലി ശരീഅത്തി ആദ്യമായി അവതരിപ്പിച്ചത് വലമ്പൂരിലെ വാര്‍ഷികത്തിലാണ്. ശൈഖ് മുഹമ്മദ് കാരകുന്ന് പ്രത്യേകം ക്ഷണിച്ച് ആസിയാ ബീവി എന്ന കഥാപ്രസംഗം കാരകുന്നില്‍ അവതരിപ്പിച്ചതും ഓര്‍ക്കുന്നു. എന്‍.കെ.എം പൂക്കോയ തങ്ങളുടെ മകനായ ശൗക്കത്ത് ആണ് കാഥികന്‍.  ശരീഫ് കൊച്ചിന്‍ പിന്നണി ഗായകനായിരുന്നു. അലി ശരീഅത്തി എന്ന കഥയില്‍ അറുപതോളം ഗാനങ്ങളുണ്ടായിരുന്നു. അവയൊന്നും ഇന്ന് ഓര്‍മയിലില്ല. കണ്ടെടുക്കാനും കഴിയില്ല. ആസിയാ ബീവി എന്ന കഥയിലെ പാട്ടുകളില്‍ വളരെ മനോഹരമായ ചില വരികളുണ്ടായിരുന്നു. കഥയുടെ തുടക്കത്തില്‍ ഫിര്‍ഔനിന്റെ ഗംഭീരമായ കൊട്ടാരത്തെ വര്‍ണിക്കുന്ന ചില വരികള്‍ മാത്രം ഇപ്പോള്‍ ഓര്‍മയുണ്ട്:

'അഴകിന്‍ കോട്ടയിത്,

അറബിക്കഥയിലെ നായകന്‍ പണിതീര്‍ത്തതോ പണ്ട്

നബിസുലൈമാന്റെ ജിന്നുകള്‍ ഒത്തുചേര്‍ന്ന് പണിതതോ

വെല്ലുവാന്‍ ബല്‍ക്കീസു രാജ്ഞി വാശിയില്‍ പണിതീര്‍ത്തതോ'

എന്നും

'അമ്പരത്തിലേക്കിമ്പമില്‍ അതി വമ്പുകാട്ടിയിരമ്പിനല്‍

ചുംബനത്തിന് വെമ്പുതെന്തിന് തമ്പുരാന്‍ വിറച്ചിടാ'

എന്നും അതിലെ വരികളിലുണ്ടായിരുന്നു.

മൂസാ നബിയുടെ വടി സര്‍പ്പമായി ജാലവിദ്യക്കാരുടെ പാമ്പുകളെയെല്ലാം വിഴുങ്ങി പത്തിവിടര്‍ത്തിയുയര്‍ന്ന് തലയാട്ടിനില്‍ക്കുന്ന രംഗം വര്‍ണിക്കുന്ന ഗാനത്തിന്റെ കാവ്യഭംഗി അന്ന് പലരും പ്രശംസിച്ചു. പക്ഷേ, ഈ പാട്ടുകളെല്ലാം അതിന്റെ കഥാഭാഗങ്ങളടക്കം നഷ്ടപ്പെട്ടുപോയി എന്നതാണ് സങ്കടം. യു.കെ അബൂസഹ്‌ലയുടെ ഗാനങ്ങളാണ് എന്റെ പാട്ടുകളുടെ ആദര്‍ശപരമായ അടിത്തറ. മാപ്പിളപ്പാട്ടില്‍ പ്രാസത്തിനല്ല, കവിതക്കാണ് പ്രാധാന്യം എന്നു പഠിപ്പിച്ചത് കവി പി.ടി അബ്ദുര്‍റഹ്മാനാണ്. ഗാനരചനയില്‍ സ്വന്തമായ ഒരു വഴി കണ്ടെത്തുന്നതിന് ഞാന്‍ ശ്രമിച്ചിട്ടുണ്ട്. 

അന്ന് ഒട്ടേറെ നാടകങ്ങളും എഴുതി.  യൂസുഫുല്‍ ഖറദാവിയുടെ 'ആലിമുന്‍ വ ത്വാഗിയഃ' എന്ന നാടകം വി. പി കുഞ്ഞുമൊയ്തീന്‍ കുട്ടി മൗലവി പരിഭാഷപ്പെടുത്തി അക്കാലത്ത് പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. നാടകീയത കുറഞ്ഞ സംഭാഷണങ്ങള്‍ നിറഞ്ഞ ആ രചനയില്‍ കുറേക്കൂടി നാടകീയത കലര്‍ത്തി പുനരവതരിപ്പിക്കുകയായിരുന്നു ഞാന്‍. അവസാനത്തെ ഒരു രംഗം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സഈദുബ്‌നു ജുബൈര്‍ എന്ന താബിഈ പണ്ഡിതന്‍ വധിക്കപ്പെട്ടതിനുശേഷം ഹജ്ജാജു ബ്‌നു യൂസുഫ് അദ്ദേഹത്തെ സ്വപ്‌നം കാണുകയാണ്. കൊല്ലപ്പെട്ട സഈദിന്റെ ശിരസ്സ് വായുവിലൂടെ ഒഴുകിവരുന്നു. ചോരയൊലിക്കുന്ന ആ ശിരസ്സ് ഹജ്ജാജുബ്‌നു യൂസുഫിന്റെ മുഖത്തിനു നേരെ വന്ന് സംസാരിക്കുന്ന ഞെട്ടിക്കുന്ന ഹൊറര്‍ ക്ലൈമാക്‌സാണ് ഞാന്‍ എഴുതിച്ചേര്‍ത്തത്. 'ഗംഗയില്‍നിന്ന് സംസം' എന്ന മറ്റൊരു നാടകവും ഓര്‍ക്കുന്നു.  ജമാഅത്തെ ഇസ്‌ലാമി നേതാവായിരുന്ന നസീം ഗാസിയുടെ ഇസ്‌ലാംസ്വീകരണാനുഭവങ്ങളുടെ നാടകാവിഷ്‌കാരമായിരുന്നു അത്. യഥാര്‍ഥ സംഭവമാണ്. 'രക്തസാക്ഷികള്‍', 'യതീമിന്റെ രോദനം' എന്നീ നാടകങ്ങളും എഴുതി. 

'അശ്രുകണങ്ങള്‍' എന്ന നാടകമാണ് എന്റെ നാടകങ്ങളുടെ കൂട്ടത്തില്‍ ഏറെ പ്രചാരം നേടിയത്. കേരളത്തിലെ ഒട്ടനവധി സ്ഥാപനങ്ങളില്‍ ആ നാടകം അരങ്ങേറിയിട്ടുണ്ട്. റാശിദുല്‍ ഖൈരി എന്ന ഉര്‍ദു സാഹിത്യകാരന്റെ കഥയുടെ നാടകാവിഷ്‌കാരമാണ് അത്. ആ കഥ അബ്ദുല്‍ ഹമീദ് കരുവാരകുണ്ട് എന്ന ചങ്ങാതിയും ഞാനും ചേര്‍ന്നാണ് നാടകമാക്കി ആദ്യം എഴുതിയത്. കഥയിലില്ലാത്ത കുറേ കഥാപാത്രങ്ങളും രംഗങ്ങളും ഞാന്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു. വിവാഹ ദല്ലാള്‍ എന്ന ഹാസ്യകഥാപാത്രം അതിലൊന്നാണ്. നാടകത്തിന് മൂന്നു പാട്ടുകളും ഞാനെഴുതി. അതിലെ ഏറ്റവും വികാരതീവ്രമായ അവസാനരംഗം മുഴുവനായും ഞാനാണെഴുതിയത്. ആദ്യം ശാന്തപുരത്തും തുടര്‍ന്ന് കൊണ്ടോട്ടിയിലും ചേന്ദമംഗല്ലൂരും അത് ഞങ്ങള്‍തന്നെയാണ് അവതരിപ്പിച്ചത്. ചേന്ദമംഗല്ലൂരില്‍ വിവാഹ ദല്ലാളായി വേഷമിട്ടത് ഹസനുല്‍ബന്നയായിരുന്നു. വളരെ മനോഹരമായിരുന്നു ബന്നയുടെ അഭിനയം. ബന്ന ചേന്ദമംഗല്ലൂര്‍ എന്ന കലാകാരന്റെ നാടകരംഗത്തുള്ള അരങ്ങേറ്റമായിരുന്നു 'അശ്രുകണങ്ങളി'ലെ ആ റോള്‍. പിന്നീട് ആ നാടകം കേരളത്തില്‍ പലയിടത്തും അവതരിപ്പിക്കപ്പെട്ടു. പേരാമ്പ്ര ദാറുന്നുജൂമില്‍ തുടര്‍ച്ചയായി രണ്ടുദിവസം ആ നാടകം അവതരിപ്പിച്ചു. 

അന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മലപ്പുറം ജില്ലാ ഘടകം കലാകാരന്മാരുടെ ഒരു വേദി രൂപീകരിച്ചു. മാസ്‌ക് എന്നോ മറ്റോ ആയിരുന്നു പേര്. ദേവതിയാല്‍ തങ്ങളായിരുന്നു പ്രസിഡന്റ്. ഞാന്‍ അതിലെ ഒരംഗവും. അവര്‍ക്കു വേണ്ടി 'അന്താരാഷ്ട്രപര്‍വം' എന്ന നാടകം എഴുതി. അന്താരാഷ്ട്രതലത്തിലെ രാഷ്ട്രീയപ്രശ്‌നങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന രചനയായിരുന്നു അത്. അതിലെ പ്രധാനപ്പെട്ട ഹാസ്യകഥാപാത്രത്തെ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടിയ ഒരു മികച്ച നടന്‍, പിന്നീട് കേരള ജമാഅത്തിന്റെ അമീറായ ടി. ആരിഫലി സാഹിബായിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരുന്നുണ്ട്. 

ഞാനെഴുതിയ 'കണ്ണീരും കിനാക്കളും', 'ഐക്യപ്പെരുമ' എന്നിവ സംഗീതനാടകങ്ങളായിരുന്നു. ഒപ്പന, ഹാസ്യ ഒപ്പന, കോല്‍ ഒപ്പന തുടങ്ങിയ പലതരം ഗാനാവതരണങ്ങളും ആവിഷ്‌കരിച്ചു. അതിലേക്കെല്ലാം പാട്ടുകളെഴുതി. ആവശ്യപ്പെടുന്നവര്‍ക്കെല്ലാം പാട്ടെഴുതിക്കൊടുത്തു. ഒരുദിവസംതന്നെ എട്ടും പത്തും പാട്ടുകളെഴുതിയിട്ടുണ്ട്. ശാന്തപുരത്തുനിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സന്ദര്‍ഭത്തില്‍ മൊത്തം പാട്ടുകളുടെ ഒരു കണക്കെടുപ്പു നടത്തി. എണ്ണൂറിലധികം ഉണ്ടായിരുന്നു അത്.  പാട്ടുകളെഴുതിക്കൊടുക്കുകയല്ലാതെ അതിന്റെ കോപ്പി സൂക്ഷിച്ചുവെക്കുന്ന പതിവ് അന്നും ഇന്നും എനിക്ക് ഇല്ലാത്തതുകൊണ്ട് അക്കാലത്തെ എല്ലാ രചനകളും നഷ്ടപ്പെട്ടുപോയി. ഇപ്പോള്‍ അതിലൊരു ദുഃഖം തോന്നുന്നു. ഒരിക്കലും വീണ്ടെടുക്കാനാവില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുകയേ വഴിയുള്ളൂ.

ക്രമമൊന്നുമില്ലാതെ കുറേ കാര്യങ്ങളങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എന്റെ കലാജീവിതത്തിന്റെ തുടക്കകാലത്തെകുറിച്ചാണ് കൂടുതലും പറഞ്ഞതെന്ന് തോന്നുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ കലയുടെയും സാഹിത്യത്തിന്റെയും ഏതാണ്ടെല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചുവെങ്കിലും മാപ്പിളപ്പാട്ടില്‍ മാത്രമാണ് എന്തെങ്കിലും ആവാന്‍ കഴിഞ്ഞിട്ടുള്ളത്. ആരെയും അനുകരിക്കാതെ ഗാനരചനയില്‍ സ്വന്തമായ ഒരു വ്യക്തിത്വം സ്ഥാപിക്കാനുള്ള ശ്രമം എത്രത്തോളം വിജയിച്ചു എന്ന് ആസ്വാദകരാണ് വിലയിരുത്തേണ്ടത്. 

ശാന്തപുരത്തിനു ശേഷമുള്ള മുപ്പത്തിനാലു കൊല്ലത്തെ എഴുത്തുജീവിതംകൊണ്ട് എന്തുനേടി എന്നു ചോദിക്കുന്നവരുണ്ട്. കുറേ നല്ല മനസ്സുകളുമായി സൗഹൃദം പങ്കിടാന്‍ സാധിച്ചു എന്നതുതന്നെ വലിയൊരു നേട്ടമായി കരുതുന്നു. എന്നാല്‍, എന്റെ പുസ്തകങ്ങളാണ് ഞാന്‍ നേടിയ ഏറ്റവും വലിയ സമ്പത്ത്. അവ നിലനില്‍ക്കുകയും വായിക്കപ്പെടുകയും ചെയ്യുന്ന കാലത്തോളം കുറേ പേരുടെ ഓര്‍മകളിലെങ്കിലും ഞാന്‍ ജീവിക്കും. ഭൂമിയുടെ ഏതെങ്കിലും കോണില്‍നിന്ന് എനിക്കുവേണ്ടി പ്രാര്‍ഥനകള്‍ ഉയര്‍ന്നുകൊണ്ടിരിക്കും. എന്നെപ്പോലെ എളിയ ഒരെഴുത്തുകാരന് ഇതിലും വലിയ മറ്റെന്ത് സമ്പത്താണ് നേടാനുള്ളത്? 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (56-60)
എ.വൈ.ആര്‍