Prabodhanm Weekly

Pages

Search

2018 നവംബര്‍ 09

3075

1440 സഫര്‍ 30

സംവരണവിരുദ്ധ, സെമിറ്റിക് വിരുദ്ധ യുക്തിവാദം

വി.ആര്‍ അനൂപ്

ഒരാള്‍ ഒരു യുക്തിവാദി ആകുന്നത് ഒരു കുറ്റകൃത്യമൊന്നുമല്ല. ദൈവാനുഭവത്തില്‍ എന്ന പോലെ ദൈവാഭാവത്തിലും ആശ്വാസം കണ്ടെത്താന്‍ ആര്‍ക്കം പരിപൂര്‍ണ അവകാശം ഉണ്ട്. യുക്തിവാദം ഒരു ക്രൈം/കുറ്റകൃത്യം ആകുന്നത്, അത് അപരന്റെ വിശ്വാസങ്ങളിലേക്ക് ബലം പ്രയോഗിച്ച് അതിക്രമിച്ചുകടക്കുമ്പോഴാണ്, ലോജിക്കിന്റെ ബുള്‍ഡോസര്‍ വെച്ച് വിശ്വാസസൗധങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമിക്കുമ്പോഴാണ്, വിശ്വാസനിര്‍മാര്‍ജനം എന്നത് വസൂരിനിര്‍മാര്‍ജനം പോലെ അനിവാര്യ പ്രതിരോധ പരിപാടിയാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സമകാലിക കേരളീയ യുക്തിവാദം ഇതൊക്കെ തന്നെയാണ്. അവരെ സംബന്ധിച്ചേടത്തോളം വിശ്വാസികള്‍ ആണ് ടാര്‍ജറ്റ് ഗ്രൂപ്പ്. 'അപരിഷ്‌കൃതരായ വിശ്വാസികളെ' ആത്മീയ വ്യവഹാരങ്ങളില്‍നിന്നെല്ലാം പൂര്‍ണമായി മോചിപ്പിച്ചെടുത്ത് 'പരിഷ്‌കൃതരായ യുക്തിവാദികളാക്കി' പരിവര്‍ത്തനപ്പെടുത്തുകയാണ് അവരുടെ ആക്ഷന്‍ പ്ലാന്‍.

അതുകൊണ്ടുതന്നെ, കേരളത്തില്‍ യുക്തിവാദം രൂപപ്പെട്ട വഴികളെപ്പറ്റി ഒരു ഓര്‍മപ്പെടുത്തല്‍ അനിവാര്യമാണ്. അതില്‍ തീര്‍ച്ചയായും സഹോദരന്‍ അയ്യപ്പനുണ്ടാകും. കേരളീയ യുക്തിവാദത്തിന്റെ പ്രബലമായ ഒരു ധാര തുടങ്ങുന്നത് അവിടെനിന്നു തന്നെയാണ്. മനുഷ്യനെ അവന്റെ ആത്മീയതയില്‍നിന്ന്, ആ പരിസരത്തുനിന്ന് വേരോടെ വിമോചിപ്പിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ഇപ്പോഴത്തെ യുക്തിവാദികള്‍ മനസ്സിലാക്കേണ്ടത്, സഹോദരന്‍ മരിക്കുന്നതുവരെ നാരായണഗുരു എന്ന അഗാധ ആത്മീയ മനുഷ്യന്റെ ശിഷ്യനായിരുന്നു എന്നതാണ്. യുക്തിവാദിയായിട്ടും അദ്ദേഹം ഗുരുവിന്റെ ശിഷ്യനായിത്തന്നെ തുടര്‍ന്നു. അവര്‍ തമ്മിലുള്ള പരസ്പരബന്ധം മറ്റെന്തിനേക്കാളും സ്‌നേഹത്തിലധിഷ്ഠിതമായിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു ഗുരു തന്റെ ആത്മീയ അനന്തരാവകാശിയായി, സ്വന്തം സന്യാസപരമ്പരയുടെ പിന്‍ഗാമിയായി സഹോദരന്‍ അയ്യപ്പനെ നിര്‍ദേശിച്ചത്. അതിനേക്കാളുമേറെ, നമ്മുടെ പുത്തന്‍ യുക്തിവാദികള്‍ മനസ്സിലാക്കണം, സഹോദരന്‍ അയ്യപ്പന്റെ മകളുടെ പേര് ആഇശ എന്നായിരുന്നു. അതായത് സഹോദരന്‍ ഇസ്‌ലാമോഫോബിക് ആയിരുന്നില്ല എന്നുതന്നെ. ഞാനൊരു മതം തെരഞ്ഞെടുക്കുകയാണെങ്കില്‍, അത് ഇസ്‌ലാമായിരിക്കാമെന്ന് പറഞ്ഞ പെരിയോറുടെ അതേ യുക്തിവാദ ധാര.

സഹോദരന്റെ യുക്തിവാദം എതിര്‍ത്തത് മതത്തേക്കാള്‍ ജാതിയെയായിരുന്നു. അല്ലെങ്കില്‍ തന്നെ ഹിന്ദുത്വം എന്നത് മതമല്ലല്ലോ. അതൊരു ജാതിവ്യവസ്ഥയല്ലേ? ആ വ്യവസ്ഥക്ക് എതിരായ അതികഠിനമായ എതിര്‍പ്പു തന്നെയാണ്, നമ്മുടെ മനുവിനെ വെച്ച് നോക്കുമ്പോള്‍ അവരുടെ ഹിറ്റ്‌ലര്‍ എത്ര പാവം ആണെന്ന, അതിശക്തമായ ആ വാചകം സഹോദരന്‍ അയ്യപ്പനെക്കൊണ്ട് പറയിപ്പിക്കുന്നത്. മലയാളത്തില്‍ അംബേദ്കറെക്കുറിച്ച് ആദ്യമായെഴുതിയ ആ അയ്യപ്പനില്‍നിന്നാണ്, യുക്തിവാദികളുടെ ചരിത്രം സംവരണവിരുദ്ധനായ രവിചന്ദ്രനെപ്പോലെ ഒരാളില്‍ എത്തിനില്‍ക്കുന്നത്. ഇവര്‍ സംവരണത്തെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്ന അതേ ലോജിക് തന്നെയാണ്, മതബോധത്തിനെതിരെയും ഉപയോഗിക്കുന്നത് എന്നത് കേവലം യാദൃഛികതയല്ല. അത് ജാതിവിരുദ്ധതയില്‍ ഊന്നിയ സഹോദരന്‍ അയ്യപ്പന്റെ യുക്തിവാദത്തിലുള്ള ഹിന്ദുത്വ അധിനിവേശമാണ്. അതിന്റെ തുടര്‍ച്ചയായി തന്നെ വേണം, സമകാലിക യുക്തിവാദികളുടെ സെമിറ്റിക് മതബോധത്തിനെതിരെയുള്ള, വിശിഷ്യാ ഇസ്‌ലാമിനെതിരെയുള്ള കടന്നാക്രമണങ്ങളെ കാണാന്‍. ലോകത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സെമിറ്റിക് മതഘടന/മതബോധം ആണെന്ന് ഇവര്‍ എളുപ്പത്തില്‍ സ്ഥാപിച്ചു കളയും. അങ്ങനെത്തന്നെ നിരന്തരം പ്രചാരണവും നടത്തും. അതേസമയം ഇവരെ സംബന്ധിച്ച് ഹിന്ദുത്വം എന്നത് യുക്തിവാദത്തെ വരെ ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയുടെ മഹാസാഗരവുമാണ്! അത് അസ്പൃശ്യതയെ, അതിന്റെ പേരിലുള്ള അടിച്ചമര്‍ത്തലിനെയൊക്കെ ഉദാത്തീകരിക്കുന്ന ഒരു ജ്ഞാനവ്യവസ്ഥ മാത്രമാണെന്നുള്ള കാര്യമാണ് ഇവരെല്ലാവരും ബോധപൂര്‍വം മറയ്ക്കുന്നത്.

അതായത് ഇവരെ സംബന്ധിച്ച്, സെമിറ്റിക് മതങ്ങള്‍ തീര്‍ച്ചയായും വര്‍ജിക്കേണ്ട മാരക വിഷം ആയിരിക്കുമ്പോള്‍ തന്നെ, ഹിന്ദുത്വം എന്നത് ചില്ലറ പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരുപാട് ഗുണങ്ങളുള്ള ഒരു ഉത്തമ മൂല്യവ്യവസ്ഥയാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇവര്‍ക്ക് ഹിന്ദുത്വമെന്നത് ഒന്ന് റിപ്പയര്‍ നടത്തി ഉപയോഗിക്കാവുന്ന നല്ല വാഹനവും സെമിറ്റിക് മതങ്ങള്‍ പരിപൂര്‍ണ തരത്തില്‍ കാലഹരണപ്പെട്ടതിനാല്‍ ഒരിക്കലും ആധുനികതയുടെ നിരത്തിലിറക്കാന്‍ പറ്റാത്ത വാഹനവും ആണ്. നവയുക്തിവാദികളുടെ എല്ലാ വ്യവഹാരങ്ങളിലും ഇതേ യുക്തി നിഴലിച്ചുകാണാം. ഹാദിയയുടെ മതംമാറ്റസമയത്ത് ഇത്തരക്കാരെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത്, എന്തുകൊണ്ട് ഹാദിയ ഇസ്‌ലാം പോലൊരു മതത്തിലേക്ക് മാറുന്നു (ഇവരുടെ ഭാഷയില്‍ പറഞ്ഞാല്‍, കാറ്റും വെളിച്ചവും കടക്കാത്ത പര്‍ദയിലേക്ക്) എന്നതാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് ബുദ്ധമതത്തിലേക്ക് മാറിയപ്പോള്‍ അദ്ദേഹത്തിന്റെ സാംസ്‌കാരിക മൂലധനത്തിന് ഒന്നും സംഭവിച്ചില്ല എന്നതും, അതായിരുന്നില്ല കമലാ സുറയ്യയുടെ കാര്യത്തില്‍ കണ്ടത് എന്നതും ഇതിന്റെ കൂടെ ചേര്‍ത്തു വായിക്കണം.

അടുത്ത കാലത്ത് പീഡനങ്ങള്‍ക്കെതിരായി പൊതു ഇടത്തില്‍ സഭാവസ്ത്രത്തില്‍ തന്നെ കന്യാസ്ത്രീകള്‍ സമരരംഗത്തു വന്നതും ആ സമരത്തിലെ വിവിധ മുസ്‌ലിം സ്ത്രീ വ്യക്തി സംഘടനാ സാന്നിധ്യങ്ങളും കേരളം കണ്ടതാണ്. എന്നിട്ടും അതേ ആരോപണത്തിനു വിധേയനായ സി.പി.എം എം.എല്‍.എക്കെതിരെ രംഗത്തു വരാത്ത അതിലെ തന്നെ സ്ത്രീകളുടെ മാനസികാവസ്ഥയെ പലരും വിശേഷിപ്പിച്ചത്, അത് സി.പി.എം അണികളുടെ സെമിറ്റിക് മനോഘടന കാരണമാണ് എന്നായിരുന്നു. അവസാനം ശബരിമലയില്‍ അഴിഞ്ഞാടിയ സംഘ്പരിവാറുകാരെക്കുറിച്ച് യുക്തിവാദി നേതാവ് രവിചന്ദ്രന്‍ പറഞ്ഞത്, 'ശബരിമലയില്‍ താലിബാനികള്‍' എന്നാണ്. ഇവരെ സംബന്ധിച്ചേടത്തോളം ആര് എന്ത് അതിക്രമം ചെയ്താലും അവര്‍ക്കെതിരെയുള്ള ശകാരപദമായി സെമിറ്റിക് മതത്തെ, സവിശേഷമായി ഇസ്‌ലാമിനെ ദ്യോതിപ്പിക്കുന്ന ഒരു പദം അനിവാര്യമാണ്. ഈ സംവരണ വിരുദ്ധ/സെമിറ്റിക് വിരുദ്ധ യുക്തിവാദികളെ തുറന്നുകാണിക്കേണ്ടിയിരിക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (56-60)
എ.വൈ.ആര്‍