Prabodhanm Weekly

Pages

Search

2018 നവംബര്‍ 09

3075

1440 സഫര്‍ 30

വംശീയ തീര്‍പ്പുകളെ ഒളിച്ചുകടത്തുന്ന യുക്തിവാദം

ശിഹാബ് പൂക്കോട്ടൂര്‍

ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിപ്രസ്താവത്തോട് വിയോജിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നടത്തിയ പരാമര്‍ശത്തില്‍ 'മതേതര യുക്തിയിലൂടെ വിശ്വാസത്തെ അളക്കരുത്' എന്നൊരു വാചകം കാണാം. ഈ പശ്ചാത്തലത്തില്‍ മതേതര യുക്തിയെക്കുറിച്ചും മതയുക്തിയെക്കുറിച്ചുമുള്ള ചില നിരീക്ഷണങ്ങള്‍ വിശകലനം ചെയ്യുകയാണിവിടെ. മതേതര യുക്തിയെയും ലിബറല്‍ വ്യവഹാരങ്ങളുടെ നിര്‍മാണങ്ങളെയും സംബന്ധിച്ച ചര്‍ച്ചകളും പഠനങ്ങളും ഏറെ നടന്നുകൊണ്ടിരിക്കുന്ന കാലവുമാണിത്. മതേതര ലിബറല്‍ യുക്തി 'മതയുക്തി'യെ അയുക്തിയും അപരിഷ്‌കൃതവുമായ ഒന്നായിട്ടാണ് വിലയിരുത്തുന്നത്. ഇറാഖിലെയും സിറിയയിലെയും സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തി ഫനാര്‍ ഹദ്ദാദ് നിരീക്ഷിക്കുന്നത്, പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘട്ടനങ്ങളെ മതയുക്തിയുടെ ആക്രമണോത്സുകതയായിട്ടാണ് പടിഞ്ഞാറ് നിരീക്ഷിക്കുന്നത് എന്നാണ്. പശ്ചിമേഷ്യന്‍ ഭരണാധികാരികളുടെ മതേതര കാഴ്ചപ്പാടുകളോ ഈ ആയുധാക്രമണങ്ങളെ പിന്തുണക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ലിബറല്‍ മതേതര ഭാവങ്ങളോ ഇതിലൂടെ ബോധപൂര്‍വം വിസ്മരിക്കപ്പെടുകയാണ്.

മതം എന്ന വ്യവഹാരം തന്നെ യൂറോ-അമേരിക്കന്‍ ലിബറല്‍ വാദങ്ങള്‍ക്ക് ഇസ്‌ലാം മാത്രമാണ്. 2014-ല്‍ യുനെസ്‌കോയില്‍ അവതരിപ്പിച്ച മനുഷ്യാവകാശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രമേയത്തില്‍ മനുഷ്യാവകാശങ്ങളും മനുഷ്യ വിമോചനവും മതങ്ങള്‍ക്കു കൂടി നിര്‍വഹിക്കാന്‍ സാധിക്കുമെന്ന പരാമര്‍ശത്തെ ബുദ്ധിജീവികളും സെക്യുലര്‍ രാഷ്ട്ര പ്രതിനിധികളും എതിര്‍ത്തത് മതയുക്തിക്ക് വിമോചനവും രക്ഷയും അന്യമാണെന്ന അടിസ്ഥാനത്തില്‍ നിന്നുകൊണ്ടായിരുന്നുവെന്ന് ഹെന്റി ഫേറന്‍ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിമിന്റെ യുക്തിക്കു തന്നെ അദൃശ്യമായ മാനദണ്ഡങ്ങളുണ്ട്. അദൃശ്യ ലോകം (ഗൈബ്) വിശ്വാസിയുടെ ചിന്തയെയും വ്യവഹാരങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മതരഹിതനായ ഒരാളുടെ യുക്തി ഭൗതികാടിത്തറയില്‍ മാത്രം രൂപപ്പെടുന്നതാണ്, പഞ്ചേന്ദ്രിയങ്ങള്‍ക്ക് പ്രാപ്യമായതിന്റെ ബലത്തില്‍ വികസിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടു യുക്തികളുടെയും മേഖലകളും ആശയങ്ങളും രണ്ടായിത്തീരും. പക്ഷേ, ഈ വൈവിധ്യത്തെ അംഗീകരിക്കുന്നതിനു പകരം ഒന്നിനെ അയുക്തവത്കരിക്കാനും അപകടകരമായതിന്റെ ഉത്ഭവമായി വിശകലനം ചെയ്യാനുമാണ് ലിബറല്‍ ബുദ്ധികള്‍ ശ്രമിക്കുന്നത്. എഡ്വേഡ് സൈദ് നിരീക്ഷിക്കുന്നതുപോലെ മതത്തിന്റെ ലോകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പടിഞ്ഞാറിലെ ലിബറല്‍ സെക്യുലര്‍ വാദികള്‍ പറയുമ്പോള്‍ അര്‍ഥമാക്കുന്നത് ഇസ്‌ലാം ലോകത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എന്നതാണ്. കിഴക്ക്-മതം-ഇസ്‌ലാം, പടിഞ്ഞാറ്-യുക്തി-മതരഹിതം എന്ന കാഴ്ചപ്പാടാണ് ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നത്. പൗരസ്ത്യരുടെ യുക്തിയെ നിര്‍മിച്ചെടുത്തത് ദൈവം, പ്രവാചകന്‍, വെളിപാടുകള്‍, ഇതില്‍നിന്നും ഉത്ഭവിച്ചിട്ടുള്ള ചിന്തകള്‍, വ്യാഖ്യാനങ്ങള്‍ എന്നിവയാണ്. പൗരസ്ത്യരുടെ തന്നെ യുക്തിയെ പടിഞ്ഞാറിലും കടമെടുക്കുന്നതോടെ യുക്തിഭദ്രമായ തങ്ങളുടെ നാഗരികതക്കേല്‍ക്കുന്ന പരിക്കിനെകുറിച്ചുള്ള വ്യാകുലതകളാണ് ഇസ്‌ലാമോഫോബിയയുടെ പ്രധാന കാരണമെന്ന് റോബിന്‍കര്‍ വ്യക്തമാക്കുന്നുണ്ട്. 'അയുക്തി'യില്‍ നിര്‍മിച്ച നാഗരികതകളുടെ മേല്‍ യുക്തിയുടെ നാഗരികത നേടുന്ന മേല്‍ക്കോയ്മയാണ് ലോകത്തിന് ആശ്വാസം നല്‍കുന്നതെന്നും മുസ്‌ലിംകളും മുസ്‌ലിം സംസ്‌കാരങ്ങളും അവരുടെ നാഗരികതകളും കിഴക്കിനെ മലിനമാക്കിയെന്നുമുള്ള ബര്‍ണാഡ് ലൂയിസിന്റെ അധിനിവേശ ചിന്ത ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. യുക്തി എന്നതിന് വളരെ കൃത്യമായ സങ്കല്‍പനങ്ങളും ചട്ടക്കൂടുകളും നിര്‍മിച്ചെടുത്ത് ശക്തമായി പരിപാലിച്ചുപോരുന്ന ഒരുതരം കീഴടക്കലിന്റെ സംസ്‌കാരം അതിലുള്ളടങ്ങിയിട്ടുണ്ട്.

യുക്തിവാദികള്‍ സാധാരണയായി ഇസ്‌ലാമിനെ അഭിസംബോധന ചെയ്യാറുള്ളത് ഗോത്രമതം എന്നാണ്. ഇസ്‌ലാമിന്റെ ധാര്‍മികതയെക്കുറിച്ച് ഗോത്ര ധാര്‍മികതയെന്നും ഇസ്‌ലാമിക വ്യവഹാരങ്ങളെക്കുറിച്ച് കാടന്‍ നിയമങ്ങള്‍ എന്നും മുസ്‌ലിമിനെ അപരിഷ്‌കൃതനെന്നുമാണ് ഇ.എ ജബ്ബാറടക്കമുള്ള കേരള യുക്തിവാദികള്‍ മുദ്രകുത്താറുള്ളത്. ഗോത്രം, കാടന്‍, അപരിഷ്‌കൃതം തുടങ്ങിയ പദാവലികള്‍ ഇസ്‌ലാമിന്റെ യുക്തിയും കിഴക്കിന്റെ യുക്തിയും ഇങ്ങനെയാവുമെന്ന പടിഞ്ഞാറിന്റെ തന്നെ വംശീയ മുന്‍വിധികളാണ് കേരളത്തിലെയും യുക്തിവാദികള്‍ പുനരുല്‍

പാദിപ്പിക്കുന്നത്. ഞങ്ങള്‍ക്ക് മുസ്‌ലിംകളോടല്ല ഇസ്‌ലാമികാശയങ്ങളോടാണ് വെറുപ്പുള്ളതെന്ന് കേരളത്തിലെ യുക്തിവാദികള്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും മുസ്‌ലിമിനോടുള്ള പടിഞ്ഞാറിന്റെ വംശീയ തീര്‍പ്പുകളില്‍നിന്ന് മുക്തമാവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. സെക്യുലര്‍ ലിബറല്‍ ശക്തികള്‍ കൂടുതല്‍ ഇസ്‌ലാമോഫോബിക്കാവുന്നതും ഈ മാനദണ്ഡങ്ങളിലൂടെയാണ്. സംഘ്പരിവാറിന് പോലും ഇസ്‌ലാമോഫോബിയയുടെ കാപിറ്റലായി വര്‍ത്തിക്കുന്നത് ലിബറല്‍ സെക്യുലര്‍ ആഖ്യാനങ്ങളാണ്. സമീപകാലത്ത് ഇന്ത്യയില്‍ പൊതുവിലും കേരളത്തില്‍ വിശേഷിച്ചും ഇത് ശക്തിപ്പെട്ടുവരുന്നതായി കാണാം.

മതം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നത് ഇസ്‌ലാമിനെയാണ് എന്ന കെ.ഇ.എന്നിന്റെ പരാമര്‍ശത്തില്‍ 'മതം' എന്ന പദാവലിയിലൂടെ കൃത്യമായി ഇസ്‌ലാമിനെ ഉന്നം വെക്കുന്ന വാദങ്ങളാണ് കേരളത്തിലും നിലവിലുള്ളത് എന്ന് നമുക്ക് ബോധ്യപ്പെടും. കേരളത്തിലെ റോഡിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ മതമൗലികവാദം ശക്തിപ്പെടുമെന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രമേയവും, ഏതു മതമാണതെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. സമീപകാലത്തു നടന്ന ഗെയില്‍ വിരുദ്ധ സമരങ്ങള്‍, ദേശീയപാതാ പ്രക്ഷോഭങ്ങള്‍ എന്നിവയോട് ഇടതുപക്ഷം സ്വീകരിച്ച നിലപാടും സമരക്കാര്‍ മതമൗലികവാദികളും തീവ്രവാദികളുമാണ് എന്നു തന്നെയായിരുന്നു. ഇവിടെ പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാവുന്നത് മതം സമം ഇസ്‌ലാം എന്നു തന്നെയാണ്. യൂറോ-അമേരിക്കന്‍ കേന്ദ്രീകൃത നിലപാടുകളിലെ മതവും ഇവിടത്തെ ഇടത്, സെക്യുലര്‍, ലിബറല്‍ മതവും ഒന്നായി മാറുകയാണ്. പാശ്ചാത്യര്‍ ഇസ്‌ലാമിനെ തടുക്കാന്‍ സ്വീകരിച്ച യുക്തിയുടെയും അയുക്തിയുടെയും ദ്വന്ദ്വങ്ങളാണ് ഇന്ത്യയിലെ ലിബറല്‍ നിലപാടുകളിലുമുള്ളത്.

മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട സംവാദങ്ങളിലും കാഴ്ചപ്പാടുകളിലും ഇത് കുറേക്കൂടി വ്യക്തമാകും. മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണത്തെ കറുപ്പ്, മൃതദേഹം, ഇരുണ്ട ഭൂഖണ്ഡം എന്ന രീതിയിലാണ്  മലയാളത്തിലെ ലിബറല്‍ ആഖ്യാനങ്ങളിലും അടയാളപ്പെടുത്തുന്നത്. ഇസ്‌ലാമിന്റെ ആണ്‍കോയ്മയിലൂടെ അടിച്ചമര്‍ത്തപ്പെട്ടവരാണ് മുസ്‌ലിം സ്ത്രീകളും അവരുടെ വസ്ത്രവും എന്നതാണ് ഒരു വാദം. ഇതിലൂടെ അടിച്ചമര്‍ത്തുക എന്ന കാടത്തം ഇസ്‌ലാമിന്റെ ജനിതക സ്വഭാവമായി ചിത്രീകരിക്കപ്പെടുന്നു. രണ്ടാമത്തേത് സ്ത്രീകള്‍ സ്വയം തെരഞ്ഞെടുക്കുന്നതാണ് ഹിജാബ് എന്ന് സമര്‍ഥിക്കുമ്പോള്‍ അതിനെ മന്ദബുദ്ധിയുടെ അടയാളമായും അടയാളപ്പെടുത്തുന്നു. തലതുറന്നിടുക, ശരീരം അല്‍പം മറയ്ക്കുക എന്നത് പൂര്‍ണബുദ്ധിയായും തലമറയ്ക്കുക, ശരീരം മുഴുവന്‍ മറയ്ക്കുക എന്നത് അപൂര്‍ണ ബുദ്ധിയായും വിലയിരുത്തുന്നത് രണ്ട് യുക്തികളുടെ അടിസ്ഥാനത്തിലാണ്. മുസ്‌ലിം സ്ത്രീയും മതേതര സ്ത്രീയും തമ്മിലുള്ള  സംഘര്‍ഷങ്ങളുടെ മര്‍മം വിശ്വാസത്തിന്റെയും സെക്യുലരിസത്തിന്റെയും യുക്തികള്‍ തമ്മിലുള്ള സംവാദങ്ങളുടേതു കൂടിയാണ്.

യുക്തിവാദം എന്നത് യൂറോപ്പിന്റെ വംശീയ തീര്‍പ്പുകളെ സമര്‍ഥമായി ഒളിച്ചുകടത്തുന്ന സിദ്ധാന്തമാണ്. അതുകൊണ്ടാണ് ഫലസ്ത്വീനികളെ ക്രൂരമായി കൊന്നൊടുക്കുന്ന ഇസ്രയേലിനു വേണ്ടി ശബ്ദിക്കാന്‍ കേരളത്തിലെയും ഫ്രാന്‍സിലെയും യുക്തിവാദി സംഘടനകള്‍ക്ക് ഒരുപോലെ സാധിക്കുന്നത്. മതവിരുദ്ധം എന്ന നിലപാടിനേക്കാള്‍ ഇസ്‌ലാം/മുസ്‌ലിം വിരുദ്ധം എന്ന വംശീയ കാഴ്ചപ്പാടാണ് ലിബറല്‍ യുക്തിവാദ ഘടനക്ക് ഏറ്റവും അനുയോജ്യമാവുക. മനുഷ്യന്‍ എന്ന നിലയില്‍ ഏതൊരാള്‍ക്കും ലഭ്യമാവുന്ന യുക്തിയുടെ തലത്തിനപ്പുറം രൂപപ്പെടുത്തുന്ന സാഹചര്യങ്ങളും സിദ്ധാന്തങ്ങളും ഏറെയാണ്. മനുഷ്യര്‍ ലോകത്തിനു നല്‍കിയ ശാസ്ത്ര പുരോഗതികളും വിജ്ഞാന വികാസവുമെല്ലാം മതരഹിതമായ ഒരു മേഖലയിലേക്ക് ആസൂത്രിതമായി ചേര്‍ത്തുവെച്ചിട്ടുള്ള ലോകക്രമവും ഇവിടെയുണ്ട്. യഥാര്‍ഥത്തില്‍ മതത്തെ/ഇസ്‌ലാമിനെ കടന്നാക്രമിക്കാനുള്ള അയുക്തിയെന്ന സിദ്ധാന്തത്തെ സാധൂകരിക്കുന്ന ഒരു ശ്രമമാണ് ഇതിലൂടെ വിജയിക്കുന്നത്. ശാസ്ത്രീയമാവുക എന്നു പറഞ്ഞാല്‍ മതരഹിതമാവുക എന്ന് കൂടി അര്‍ഥം കൊടുക്കാനാണ് ലിബറല്‍ യുക്തിവാദികള്‍ ശ്രമിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇസ്‌ലാമില്‍ 'ശാസ്ത്രീയമായത്' ഉണ്ടാവുകയില്ല. കാരണം അത് അയുക്തിയില്‍ കെട്ടിപ്പടുത്ത ഒരു ആശയമാണ്. കിഴക്കില്‍നിന്നും ഉദയം ചെയ്തിട്ടുള്ള ശാസ്ത്രജ്ഞന്മാരും ശാസ്ത്ര അറിവുകളും ബോധപൂര്‍വം തമസ്‌കരിക്കപ്പെട്ടതും അവരുടെ മതപരതയുള്ള 'അയുക്തി' കാരണമാണ്. വിശ്വാസത്തിലധിഷ്ഠിതമായ ശാസ്ത്ര പുരോഗതിയുടെ വലിയൊരു കാലഘട്ടം തന്നെ ഇതിലൂടെ അവഗണിക്കപ്പെട്ടു. പാശ്ചാത്യവല്‍ക്കരിക്കാത്ത ഒരു നാഗരികതയെയും ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയാത്ത ശാസ്ത്രീയ യുക്തിവാദികളും ലിബറല്‍ സെക്യുലരിസ്റ്റുകളും ഏറ്റവും വലിയ അസഹിഷ്ണുതയുടെ വക്താക്കളായി മാറി. യഥാര്‍ഥ യുക്തിയുടെ മാനദണ്ഡം പാശ്ചാത്യരുടേതോ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടവരുടേതോ മാത്രമായി അവശേഷിച്ചു.

ദ സൈക്കോളജിക്കല്‍ ഫൗണ്ടേഷന്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് എന്ന കൃതിയിലൂടെ റോബിന്‍ കര്‍ നിരീക്ഷിക്കുന്നത് വിമോചന സാധ്യത മതത്തിനു പുറത്താണ് എന്നാണ്. മതത്തിനകത്ത് പരിഷ്‌കരണങ്ങളോ വിമോചനങ്ങളോ സാധ്യമല്ലെന്നും മതത്തിന് പുറത്ത് മാത്രമേ ഇത്തരം ഉയര്‍ച്ചകള്‍ ഉണ്ടാവൂ എന്നും ലിബറലുകളും വാദിക്കുന്നു. മതത്തിന്റെ വിമോചന ശേഷിയെ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല. മതത്തിന്റെ ഇത്തരം 'അപരിഷ്‌കൃതത്വ'ങ്ങളെ മതത്തിനു പുറത്തോ കോടതികളിലൂടെയോ പരിഹരിച്ച് യുക്തിപൂര്‍ണമായ ഒരു ജീവിതത്തിന് മതവിശ്വാസികള്‍ക്ക് സൗകര്യമുണ്ടാക്കണമെന്നും അവര്‍ വാദിക്കുന്നു. വിശ്വാസത്തിനകത്ത് ഉണ്ടാവുന്ന സ്ഖലിതങ്ങളും വീഴ്ചകളും പരിഹരിക്കാന്‍ മതത്തിനു പുറത്തുള്ള ഇടങ്ങളിലേ സാധിക്കൂ എന്നും അവര്‍ വാദിക്കുന്നു.

ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം ഭൗതികവും അഭൗതികവും, സൃഷ്ടിയും സ്രഷ്ടാവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സമഗ്രമായ യുക്തിയെയാണ് അത് സമര്‍പ്പിക്കുന്നത്. മനുഷ്യന്റെ ബുദ്ധിക്ക് അധീനമായതും അതീതമായതും അതുള്‍ക്കൊള്ളുന്നു. അതാണ് പൂര്‍ണയുക്തിയെന്നും അതിലൂടെയാണ് മനുഷ്യകുലത്തിന്റെ സമഗ്രമായ വിമോചനമുണ്ടാവുകയെന്നും ഇസ്‌ലാം സമര്‍ഥിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഭൗതികമായ യുക്തിയെയും അത് അംഗീകരിക്കുന്നു. ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായ മതേതര ലിബറല്‍ യുക്തി കേവല ഭൗതികമായ ഒന്നിനെ പൂര്‍ണ യുക്തിയായും മറ്റുള്ളതെല്ലാം അപൂര്‍ണമാണെന്നും 'അയുക്തി'യാണെന്നും തീര്‍ത്ത് വിശ്വസിക്കുന്നു. ഇസ്‌ലാമിന്റെ സമഗ്രമായ 'യുക്തി'യെ വികസിപ്പിക്കുകയും അതിന്റെ ആഖ്യാന സാധ്യതകളെ കൂടുതല്‍ വിപുലമാക്കുകയും ചെയ്യുമ്പോഴാണ് മുസ്‌ലിം സമൂഹം വൈജ്ഞാനിക മൂലധനം വര്‍ധിപ്പിക്കുന്നത്. അതൊരിക്കലും യുക്തിവാദികളുടേതിനു സമാനമാവുകയോ അവരുടെ 'ശാസ്ത്രീയ' യുക്തിക്ക് ബോധ്യം വരാന്‍ വികലപ്പെടുത്തുകയോ ചെയ്യുന്നതാവരുത്. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ മുന്നോട്ടുവെക്കുന്ന ഭദ്രമായ യുക്തിയുടെ ബോധ്യവും സാഹചര്യവും ഒരുപോലെ കോര്‍ത്തിണക്കുന്ന ആഖ്യാനങ്ങളിലൂടെയും വിശകലന രീതികളിലൂടെയും മുസ്‌ലിം സമൂഹം ഇതിനെ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. മുന്‍ഗാമികളായ മുസ്‌ലിം പണ്ഡിതന്മാര്‍ നിര്‍വഹിച്ചത് ഈ ദൗത്യമായിരുന്നു. 

 

 

അവലംബം

1. Henri Feron : Human rights and Faith. a world wide secular religion (Ethics and global politics 2014)

2. UNESCO, Human Rights: Comments and Interpretations 2014

3. Robin B. Kar, The Psychological Foundations of Human Rights (Oxford 2013)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (56-60)
എ.വൈ.ആര്‍