Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

യേശുവിനെ സ്‌നേഹിച്ച് സ്‌നേഹിച്ച് ഞാന്‍ ഇസ്‌ലാമിലെത്തി

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

കത്തോലിക്കനായിരുന്ന ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നത് കത്തോലിക്ക മതമാണ് യഥാര്‍ഥ മതമെന്നും യഹൂദമതം ക്രൈസ്തവതക്ക് വേണ്ടിയുള്ള ഒരു മുന്നൊരുക്കം മാത്രമാണെന്നുമായിരുന്നു. മറ്റു മതങ്ങളൊക്കെയും പൊള്ളയാണെന്നും കരുതി. ഇസ്‌ലാമിനെക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് 1978-ല്‍ മാത്രമാണ്. ക്രൈസ്തവതയുടെയും ജൂതായിസത്തിന്റെയും ദൈവിക ഉറവിടം മുസ്‌ലിംകള്‍ അംഗീകരിക്കുന്നുണ്ടെന്നും ഞാന്‍ മനസ്സിലാക്കി. ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കാനായി എല്ലാ നാടുകളിലേക്കും അല്ലാഹു1 (അറബി ഭാഷയില്‍ യഥാര്‍ഥ ദൈവത്തിനു പറയുന്ന പേര്) പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

വിശ്വാസികളുടെ ഉപബോധത്തിലേക്ക് ക്രൈസ്തവ വിശ്വാസം സന്നിവേശിപ്പിക്കാന്‍ കത്തോലിക്ക ചര്‍ച്ച് ഒരു പ്രോഗ്രാം രൂപകല്‍പന ചെയ്തിട്ടുണ്ട്. കുട്ടിക്കാലം മുതലേ അതിലൂടെ കടന്നുവരുന്ന ഒരാളില്‍ അത്തരമൊരു വിശ്വാസക്രമം വേരുറക്കാനാണ് കൂടുതല്‍ സാധ്യത. അത് അവരുടെ വിശ്വാസങ്ങളെയും പിന്നീടുള്ള ജീവിതത്തെയും ഗണ്യമായി സ്വാധീനിക്കും. ഈ സ്‌കീമിന്റെ കേന്ദ്ര സ്ഥാനത്ത് വരുന്നത് യേശു തന്നെ. ഒപ്പം അദ്ദേഹത്തിന്റെ ജനനം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളും. അദ്ദേഹം ജനിച്ചുവെന്ന് കരുതപ്പെടുന്ന ഡിസംബറിലും കുരിശിലേറ്റപ്പെട്ടു എന്ന് കരുതപ്പെടുന്ന ഈസ്റ്ററിലുമൊക്ക ഇതിന്റെ ഭാഗമായി അനുഷ്ഠാനങ്ങളുണ്ട്. ഈ ആചാരങ്ങളൊക്കെ തന്നെയും യേശു വിടവാങ്ങി നൂറ്റാണ്ടുകള്‍ കഴിഞ്ഞ് മനുഷ്യര്‍ ഉണ്ടാക്കിവെച്ചതാണ്. ദൈവിക നിര്‍ദേശങ്ങളുമായി അവക്ക് ബന്ധം കാണുകയില്ല.

വെനസ്വേലയിലെ പാരമ്പര്യമനുസരിച്ച് ഡിസംബര്‍ 24 അര്‍ധരാത്രി ഞാന്‍ യേശുവിനെ കാത്തിരിക്കാറുണ്ടായിരുന്നു. അക്കൊല്ലം എനിക്ക് കിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്ത സമ്മാനപ്പൊതികളുമായി യേശു വരുന്നതും കാത്താണ് ഈ ഇരിപ്പ്.  വളരെ പാവപ്പെട്ട കുടുംബത്തില്‍ പിറന്ന, നിരവധി സഹോദരന്മാരും സഹോദരികളുമുള്ള എനിക്ക് ഞാന്‍ ആവശ്യപ്പെട്ടതൊക്കെയും കൊണ്ടുവന്ന് തരാന്‍ 'ഉണ്ണി യേശു' പ്രയാസപ്പെടുമെന്ന് അറിയാമായിരുന്നു. അപ്പോഴും എന്റെ ആശയക്കുഴപ്പം വിട്ടുപോയിരുന്നില്ല. പുരോഹിതന്മാരും കന്യാസ്ത്രീകളും പഠിപ്പിച്ചതുപോലെ ഇത്രയധികം അത്ഭുത പ്രവൃത്തികള്‍ യേശു ചെയ്തിട്ടുണ്ടെങ്കില്‍, എനിക്കൊരു മുക്കാലി സൈക്കിള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് എങ്ങനെ പ്രയാസമാവാനാണ്? മരിച്ചവരെ ജീവിപ്പിക്കുന്നതിനേക്കാള്‍ എളുപ്പമല്ലേ അത്? ചുരുക്കിപ്പറഞ്ഞാല്‍ എന്റെ കുട്ടിക്കാലത്ത് 'ഉണ്ണി യേശു' എന്നെ നിരാശപ്പെടുത്തിക്കൊണ്ടേയിരുന്നു.

ഈസ്റ്റര്‍ കാലത്ത് യേശുവുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരമ്പരകള്‍ വരും. യേശുവിനെ നിന്ദിക്കുന്നതും ഒടുവില്‍ തറക്കാനായി കുരിശിലേക്ക് കയറ്റുന്നതുമൊക്കെ അവയില്‍ ചിത്രീകരിച്ചിരിക്കും. ടി.വി സ്‌ക്രീനിന്റെ ഉള്ളിലേക്ക് കയറി യേശുവിനെ സഹായിച്ചാലോ എന്നു തോന്നും എനിക്ക്. യേശുവിനെ സഹായിക്കൂ, സ്വന്തം 'മകനെ'  കുരിശിലേറ്റുന്നത് തടയൂ എന്ന് ഞാന്‍ ദൈവത്തെ വിളിച്ച് കേഴും. എനിക്ക്  കരച്ചില്‍ വരും. പക്ഷേ കരയുന്നത് ആരും കാണാതെ. 'ആണുങ്ങള്‍ കരയില്ല' എന്നാണല്ലോ ഞാന്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്തുകൊണ്ട് ഒരു നല്ല മനുഷ്യനോട് ഇത്ര ഭീകരമായ ക്രൂരത എന്ന് എനിക്ക് മനസ്സിലാക്കാനായില്ല. കുട്ടിയായിരിക്കെ, മഹാനായ ഈ ദൈവപ്രവാചകനോട് വല്ലാത്ത അടുപ്പവും സ്‌നേഹവുമാണ് ഇതൊക്കെ എന്നില്‍ ഉാക്കിയത്. മറ്റു കുട്ടികളെ സംബന്ധിച്ചേടത്തോളം, ക്രിസ്മസ് നാളില്‍ അവര്‍ക്ക് കിട്ടിയ കളിക്കോപ്പുകള്‍-തങ്ങള്‍ ആവശ്യപ്പെട്ടതൊക്കെ തന്നു എന്ന അര്‍ഥത്തില്‍- കാരണമായാണ് അവര്‍ യേശുവിനെ ഇഷ്ടപ്പെട്ടത്.

യേശുവിനോട് ആദരവ് ജനിപ്പിക്കുകയാണ് ചര്‍ച്ചിന്റെ ഉദ്ദേശ്യമെങ്കില്‍ എന്റെ കാര്യത്തില്‍ അത് വിജയകരം തന്നെയായിരുന്നു. എന്റെ മാതാപിതാക്കളേക്കാള്‍ കൂടുതലായി യേശുവിനെ സ്‌നേഹിക്കാന്‍ ഞാന്‍ പഠിച്ചു. അതേസമയം, കുട്ടിയായിരിക്കെ തന്നെ ദൈവത്തിന്റെ ശക്തിവിശേഷത്തെ ഞാന്‍ ചോദ്യം ചെയ്യാനും തുടങ്ങി. ഉദ്ദേശിക്കുന്നതെന്തും ചെയ്യാന്‍ ശക്തിയുള്ളവന്‍- ഇതായിരുന്നു ദൈവത്തെക്കുറിച്ച എന്റെ സങ്കല്‍പം. ദൈവമാണല്ലോ ഈ പ്രപഞ്ചം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മനുഷ്യ സമൂഹം ഇതൊക്കെയും പടച്ചത്. എന്നിട്ടും യേശു കുരിശിലേറ്റപ്പെടുന്നത് തടയാന്‍ എന്തുകൊണ്ട് ആ ദൈവത്തിന് സാധിച്ചില്ല? ഈ സമസ്യയുടെ കെട്ടഴിക്കാന്‍ ഞാന്‍ ഒരു പരീക്ഷണത്തിന് തയാറായി. ഞാന്‍ ഞങ്ങളുടെ വീടിന്റെ അടുക്കള മുറ്റത്തുള്ള ഒരു ചെറിയ മതിലില്‍ കയറിപ്പറ്റി. എന്നിട്ട് ദൈവത്തെ ഇങ്ങനെ വെല്ലുവിളിച്ചു: ''ദൈവമേ, നീ അത്ര ശക്തനും എന്തും ചെയ്യാന്‍ കഴിവുള്ളവനുമാണെങ്കില്‍, ഞാന്‍ ഈ മതിലില്‍നിന്ന് ചാടുമ്പോള്‍ ഒരു പക്ഷിയെപ്പോലെ നീ എന്നെ പറപ്പിക്കണം. അല്ലാത്ത പക്ഷം നീ സര്‍വശക്തനാണെന്ന് ഞാന്‍ വിശ്വസിക്കില്ല. യേശുവിനെ കുരിശില്‍നിന്ന് രക്ഷിക്കാനും നിനക്ക് കഴിഞ്ഞില്ലല്ലോ.'' ഭാഗ്യത്തിന് മതിലിന് അധികം ഉയരുമുണ്ടായിരുന്നില്ല. ഞാന്‍ നിലത്തേക്ക് കമഴ്ന്നടിച്ചു വീണു. ഈ ശ്രമം ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും എനിക്ക് ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അത്രക്ക് സര്‍വശക്തിയൊന്നും ഇല്ല എന്ന് തോന്നി. കേവലം ബാലസഹജമായ ഒരു വിശകലനം!

അല്‍പം കൂടി കഴിഞ്ഞ് ഹൈസ്‌കൂളിലെത്തിയപ്പോള്‍ പ്രായം ചെന്ന ഒരാളോടൊപ്പം ജോലി ചെയ്യാന്‍ എന്റെ മാതാപിതാക്കള്‍ എന്നെ അനുവദിച്ചു. അയാളൊരു ഫോട്ടോഗ്രാഫറായിരുന്നു. പല സ്ഥലങ്ങളിലേക്കും ഞാന്‍ അദ്ദേഹത്തോടൊപ്പം പോയി. അയാള്‍ പ്രശസ്തനായൊരു കൈനോട്ടക്കാരനാണെന്നും പിന്നീട് എനിക്ക് അറിയാന്‍ കഴിഞ്ഞു. കൈനോക്കാനെത്തുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ ഭാവി ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കും എന്നാണ് അറിയേണ്ടിയിരുന്നത്. അപ്പോള്‍ അദ്ദേഹം ബ്രൗണ്‍ നിറത്തിലുള്ള ഒരു ചുരുട്ട് കത്തിച്ച് വലിക്കും. അത് കത്തിത്തീരുകയും അതിന്റെ ചാരമെല്ലാം നിലത്ത് വീഴുകയും ചെയ്താല്‍ കക്ഷികള്‍ക്ക് അദ്ദേഹം 'വെളിപാടുകള്‍' പറഞ്ഞുകൊടുക്കും. കക്ഷികളുടെ ഉള്ളറിയാന്‍ അവരെ ഹിപ്‌നോട്ടൈസ് ചെയ്യാറുമുണ്ടായിരുന്നു അദ്ദേഹം. എന്നിട്ടാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക.

ഈ അനുഭവങ്ങളെല്ലാം എന്റെ ഉപബോധ മനസ്സില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ആഴത്തില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് എന്റെ മാതാപിതാക്കള്‍ അതീന്ദ്രിയാനുഭവങ്ങളെ (Parapsychology)  കുറിച്ച് ആഴത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന ഒരു കേന്ദ്രത്തില്‍ പോകാന്‍ തുടങ്ങിയത്. പലതവണ ഞാന്‍ അവരോടൊപ്പം പോയിട്ടുണ്ട്; അവിടെ നടക്കുന്നതൊക്കെ നേരിട്ട് മനസ്സിലാക്കാന്‍. ധ്യാനം, ആത്മാക്കള്‍, ഭൂതബാധ, മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരോട് സംസാരിക്കുക പോലുള്ള കാര്യങ്ങളെക്കുറിച്ച് കേള്‍ക്കുന്നത് അവിടെ നിന്നാണ്. വളരെ സമര്‍പ്പിത മനസ്സോടെ, വളരെ ശ്രദ്ധയോടെ എന്റെ പിതാവ് ഇവിടെ നിര്‍മിച്ച അള്‍ത്താരയില്‍ ദിവസം രണ്ടു തവണ പ്രാര്‍ഥിക്കാന്‍ ഞാന്‍ ശീലിച്ചു. ഞാന്‍ സംബന്ധിച്ച ഒരു സംഗമത്തില്‍ വെച്ച് അതിന്റെ തലവന്‍ എനിക്ക് ഒരു ഏലസ്സ് നല്‍കിയിരുന്നു. അത് എല്ലാറ്റില്‍നിന്നും എനിക്ക് സംരക്ഷണം നല്‍കുമെന്നും അയാള്‍ പറഞ്ഞു. അങ്ങനെ എവിടെപ്പോകുമ്പോഴും അത് കെട്ടിയായി എന്റെ നടപ്പ്. അപ്പോഴും ഞാന്‍ യേശുവിന്റെ കുരിശുമരണത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് എന്റെ പിതാവ് അദ്ദേഹം ഇടക്കിടെ വായിക്കാറുള്ള ഒരു പുസ്തകം എനിക്ക് തന്നത്. The Life of Jesus Dictated by Himself (യേശുവിന്റെ ജീവിതം അദ്ദേഹം തന്നെ പറഞ്ഞ പ്രകാരം) എന്നാണതിന്റെ ശീര്‍ഷകം. ജറൂസലമിന് വിദൂരത്തുള്ള പ്രദേശങ്ങളില്‍ യേശു  പോയിരുന്നുവെന്ന് ഈ കൃതിയില്‍ എഴുതിയിട്ടുണ്ടെന്ന് പിതാവ് എന്നോട് പറഞ്ഞിരുന്നു. കുരിശുമരണത്തെക്കുറിച്ച് എന്റെ ചോദ്യത്തിന് അതില്‍ ഉത്തരം കണ്ടെത്താനാവുമെന്ന ചെറിയൊരു പ്രതീക്ഷ എന്നില്‍ ഉണര്‍ന്നു.

ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ എഞ്ചിനീയറിംഗിന് പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ് എന്നെ തേടിയെത്തി. വളരെ സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു. പക്ഷേ, 1977-ല്‍ അമേരിക്കയിലേക്ക് പോകുന്നതിനു മുമ്പ് എനിക്കുണ്ടായ ഒരു മോശം അനുഭവം ക്രിസ്തുമതത്തിലുള്ള എന്റെ വിശ്വാസത്തെ ഉലച്ചുകളഞ്ഞു. അങ്ങാടിയില്‍ ഒരാള്‍ അപസ്മാരം ബാധിച്ച് വീണു കിടക്കുകയാണ്. രണ്ടാളുകള്‍ (ക്രിസ്ത്യാനികള്‍) അദ്ദേഹത്തെ സഹായിക്കുന്നുണ്ട്. അവിടെനിന്ന് മടങ്ങിപ്പോരുന്നതിനു മുമ്പ് അവര്‍ അദ്ദേഹത്തിന്റെ പേഴ്‌സ് തപ്പുകയും കുറച്ച് പണം കൈക്കലാക്കുകയും ചെയ്യുന്നു.2 ഇത് രണ്ട് വ്യക്തികള്‍ ഒപ്പിച്ച വേലയാണ്. ഒരു മതത്തെ വിലയിരുത്താന്‍ വ്യക്തികളുടെ ഇത്തരം ചെയ്തികള്‍ ഒരിക്കലും മാനദണ്ഡമാക്കിക്കൂടാത്തതാണ്. എനിക്കത് അറിയാം. പക്ഷേ ഈ സംഭവം എന്നെ വല്ലാതെ സ്വാധീനിച്ചു. ഇത് പലര്‍ക്കും അത്ര പ്രധാനമായി തോന്നണമെന്നില്ല. 25 സെന്ററിന് തുല്യമായ പണം എന്റെ സഹോദരന്റെ കൈയില്‍ കണ്ട്, അത് എങ്ങനെ കിട്ടി എന്നതിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അവനെ എന്റെ പിതാവ് കഠിനമായി ശിക്ഷിക്കുന്നതും ഞാന്‍ കാണുകയുണ്ടായിട്ടുണ്ട്.

അമേരിക്കയിലെത്തിയപ്പോള്‍

1977-ല്‍ എന്റെ യൂനിവേഴ്‌സിറ്റി പഠനങ്ങള്‍ ആരംഭിക്കാനായി ഞാന്‍ അമേരിക്കന്‍ ഐക്യനാടുകളിലെത്തി. ആദ്യമായിട്ടെനിക്ക് ഇംഗ്ലീഷ് പഠിക്കേണ്ടതിനാല്‍ ഒരു സ്‌കൂളില്‍ പോകേണ്ടതുണ്ടായിരുന്നു. അവിടെ വെച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന, പലതരം വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ആളുകളെ എനിക്ക് കാണാന്‍ കഴിഞ്ഞു. വാഷിംഗ്ടണിലെ സിയാറ്റിലില്‍ ഇംഗ്ലീഷ് ഭാഷാ സ്‌കൂളില്‍ ഞാന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മുറിയില്‍ സുഊദി അറേബ്യയില്‍നിന്നുള്ള ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു. പേര് ഫുആദ്. അവന്‍ ബിരുദാനന്തരത്തിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം അവന്‍ എന്നോട് ചോദിച്ചു: മുറിയില്‍ വെച്ച് ഞാന്‍ പ്രാര്‍ഥന നടത്തുന്നതില്‍ വിരോധമുണ്ടോ എന്ന്. ഒരു പ്രശ്‌നവുമില്ലെന്ന് ഞാന്‍ പറഞ്ഞു എനിക്ക് വലിയ കൗതുകമായി. കാരണം ജീവിതത്തിലാദ്യമായിട്ടാണ് ഒരു മുസ്‌ലിം പ്രാര്‍ഥിക്കുന്നത് കാണുന്നത്. പ്രാര്‍ഥന തുടങ്ങും മുമ്പ് അവന്‍ അംഗസ്‌നാനം ചെയ്തു. ആദ്യം കൈകള്‍ കഴുകി, വായ വൃത്തിയാക്കി, പിന്നെ മുഖവും കൈത്തണ്ടകളും കഴുകി.3 മുറിയിലെ ചെറിയൊരു സിങ്കില്‍നിന്നാണ് ഇതൊക്കെയും ചെയ്യുന്നത്. കൈകഴുകാനുള്ള സിങ്കില്‍ ഒരാള്‍ കാല്‍ കഴുകുന്നത് ആദ്യമായാണ് കാണുന്നത്. പിന്നെ ഞാന്‍ അവന്റെ പ്രാര്‍ഥനയിലെ ചലനങ്ങള്‍ ശ്രദ്ധിച്ചു. കുനിയുന്നു, മുട്ടുകുത്തുന്നു, സാഷ്ടാംഗം ചെയ്യുന്നു, എഴുന്നേല്‍ക്കുന്നു. അപ്പോള്‍ എനിക്ക് ചര്‍ച്ചിലെ പ്രാര്‍ഥന ഓര്‍മ വന്നു. അവിടെ മുട്ടുകുത്തി നില്‍ക്കുകയാണ് ചെയ്യുക. പക്ഷേ ഫുആദ് ചെയ്യുന്നത് വളരെ വ്യത്യസ്തമായാണ്. കുറച്ച് ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫുആദ് ആ സ്ഥാപനത്തില്‍നിന്ന് പോയി. പിന്നെ നിരവധി മാസങ്ങള്‍ പ്രാര്‍ഥിക്കുന്ന ഒരു മുസ്‌ലിമിനെയും എനിക്ക് കാണാനായില്ല.

ഒഴിവുവേളകളില്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ നാടുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന് പല വിഷയങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു. ഒരിക്കല്‍ മതങ്ങളുടെയും പ്രാര്‍ഥനകളുടെയും ഉത്ഭവത്തെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ അവരോട് ഞാന്‍ പറഞ്ഞത് എനിക്ക് നല്ല പോലെ ഓര്‍മയുണ്ട്. ''നിങ്ങള്‍ ഇപ്പോഴുള്ള രീതിയില്‍ പ്രാര്‍ഥിക്കുന്നത് നിങ്ങളുടെ പൂര്‍വികര്‍ അങ്ങനെ ചെയ്തതുകൊണ്ടാണ്.'' പൂര്‍വികര്‍ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയുമൊക്കെ ആരാധിക്കുന്നവരായിരുന്നെന്നും ആ പാരമ്പര്യം തലമുറ തലമുറ കൈമാറിപ്പോരുകയാണെന്നും ഞാനവരോട് പറഞ്ഞു. എനിക്ക് ദൈവവിശ്വാസം എങ്ങനെ ഉണ്ടായി എന്നതില്‍ പോലും സംശയം ജനിക്കാന്‍ തുടങ്ങി. എന്റെ ക്രിസ്ത്യന്‍ വേരുകള്‍ വളരെ ആഴത്തിലായിരുന്നതുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായില്ല.

ഒരിക്കല്‍ ഞാനൊരു മസ്ജിദ് സന്ദര്‍ശിക്കാന്‍ പോയി. ഒരുപാട് പേര്‍ അവിടെ പ്രാര്‍ഥന നിര്‍വഹിക്കുന്നുണ്ട്. ഫുആദ് പ്രാര്‍ഥന നിര്‍വഹിച്ച അതേ രൂപത്തില്‍ തന്നെ. പ്രാര്‍ഥന കഴിഞ്ഞ ശേഷം അവരെല്ലാവരും ഉദ്‌ബോധനം കേള്‍ക്കുന്നതിനായി മസ്ജിദിന്റെ തണുപ്പുള്ള തറയില്‍ ഇരുന്നു. എല്ലാവരും ഇരിക്കുന്നതു കണ്ട് ഞാനും കൂട്ടത്തില്‍ പോയി ഇരുന്നു. ഇറാഖില്‍നിന്നുള്ള ഇമാം ജമീല്‍ അബ്ദുര്‍റസാഖാണ് സംസാരിക്കുന്നത്. ഇംഗ്ലീഷിലുള്ള ആ പ്രഭാഷണം കുത്തുവാക്ക് പറയുന്നതിനെ പറ്റിയാണ്. ഉച്ചത്തില്‍ വളരെ വികാരാധീനനായാണ് സംസാരിക്കുന്നത്. അദ്ദേഹം സദസ്സിലെ ചിലരെ നോക്കുന്നതു കണ്ടാല്‍ അവര്‍ കുത്തുവാക്ക് പറഞ്ഞിട്ടുണ്ടെന്ന് തോന്നിപ്പോകും. പക്ഷേ ആരെയും പ്രത്യേകം ലക്ഷ്യമിട്ടായിരുന്നില്ല ആ വര്‍ത്തമാനം. കുത്തുവാക്ക് പറയുന്നവന്റെ മനസ്സില്‍ കുറ്റബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാവാം ഇത്തരമൊരു ശൈലി സ്വീകരിച്ചത്.

ഒരു ദിവസം ആരോ എനിക്ക് ഒരു പാക്കറ്റ് അയച്ചുതന്നു. അതില്‍ ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും താരതമ്യം ചെയ്യുന്ന ലഘുലേഖകളായിരുന്നു. അതൊക്കെ വായിച്ചു തീര്‍ക്കാന്‍ ധാരാളം സമയമെടുത്തു. കാരണം ഒക്‌ലഹോമ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതിന്റെ തിരക്കിലായിരുന്നു ഞാന്‍. ഇരു മതങ്ങളെയും താരതമ്യം ചെയ്യുന്ന ഈ ലഘുലേഖകളില്‍നിന്നാണ് ഇസ്‌ലാമിന്റെയും യേശുവിന്റെയും സന്ദേശം ഒരേ ദൈവത്തില്‍നിന്നുള്ള വെളിപാടുകളാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. താന്‍ പ്രബോധനം ചെയ്യുന്ന സന്ദേശം തന്റേതല്ല, ദൈവത്തിന്റേതാണെന്ന് യേശു തന്നെ പറയുന്നുണ്ടല്ലോ. ''ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല. എന്നെ അയച്ച പിതാവ് തന്നെ ഞാന്‍ ഇന്നത് പറയണം എന്നും ഇന്നത് സംസാരിക്കണമെന്നും കല്‍പന തന്നിരിക്കുന്നു'' (യോഹന്നാന്‍ 12:49). അതുപോലെ മുഹമ്മദ് നബി കൊണ്ടുവന്ന സന്ദേശം ഗബ്രിയേല്‍ മാലാഖ വഴിയുള്ള ദിവ്യവെളിപാടുകളാണെന്ന് ഖുര്‍ആനും വ്യക്തമാക്കുന്നു. ''തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ലോകനാഥന്റെ അവതരണം തന്നെയാണ്. വിശ്വസ്തനായ ആത്മാവ് (ഗബ്രിയേല്‍) അതുമായി താങ്കളുടെ ഹൃദയത്തിലേക്ക് ഇറങ്ങിയിരിക്കുന്നു. താങ്കള്‍ മുന്നറിയിപ്പ് നല്‍കുന്നവരിലൊരാളാകാന്‍ വേണ്ടി'' (26:192-194).

അപ്പോള്‍ ഓരോ മതത്തിന്റെ സത്യതയും അത് ദിവ്യബോധനമാണെന്നതിന്റെ തെളിവുമൊക്കെ ആശ്രയിച്ചു നില്‍ക്കുന്നത്, ആ ദിവ്യവെളിപാടുകള്‍ ശരിയായ വിധത്തില്‍ പരിരക്ഷിക്കപ്പെടുകയും അങ്ങനെത്തന്നെയത് മാനവസമൂഹത്തിന് പകര്‍ന്നു നല്‍കപ്പെടുകയും ചെയ്തിട്ടുണ്ടോ എന്നു നോക്കിയാണ്. ഇക്കാര്യത്തില്‍ വ്യതിയാനമോ തീര്‍ച്ചയില്ലായ്മയോ ഒക്കെ ഉണ്ടായാല്‍ പ്രവാചകന്മാര്‍ക്ക് ലഭിച്ച ആ സന്ദേശം കൈമാറ്റം ചെയ്തതിലെ കൃത്യത സംശയിക്കപ്പെടും. കൃത്യമായി പകര്‍ന്നു നല്‍കുന്നതിനു പകരം അതില്‍ പലതും കൂട്ടിച്ചേര്‍ത്താണ് നല്‍കുന്നതെങ്കില്‍ ദിവ്യസന്ദേശത്തിന്റെ സത്ത എന്നന്നേക്കുമായി നഷ്ടപ്പെട്ടതായി മനസ്സിലാക്കാം. അതിനാല്‍, ഇസ്‌ലാമും ക്രിസ്ത്യാനിസവും തമ്മില്‍ നിഷ്പക്ഷമായ ഒരു താരതമ്യത്തിന് മുതിരുമ്പോള്‍ സുവിശേഷങ്ങളും ഖുര്‍ആനും തിരുത്തലിനും കൂട്ടിച്ചേര്‍ക്കലിനും വിട്ടുകളയലിനും വിധേയമായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിവരും. വേണമെങ്കില്‍ എനിക്ക് വ്യക്തിപരമായ അനുഭവങ്ങള്‍ പറഞ്ഞുപോകാം. പക്ഷേ ചിലര്‍ക്കെങ്കിലും അത് ഹൃദ്യമായി തോന്നണമെന്നില്ല. ആയതിനാല്‍ ഇസ്‌ലാമും ക്രിസ്തുമതവും തമ്മിലുള്ള ഒരു ചെറിയ താരതമ്യം തന്നെയാണ് ഞാന്‍ ഇനിയുള്ള പേജുകളില്‍ നടത്തുന്നത്. ഇവ രണ്ടും ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന, ഏറ്റവും കൂടുതല്‍ അനുയായികളുള്ള മതങ്ങളാണ്. അവ രണ്ടിന്റെയും അനുയായികളില്‍ എല്ലാ ഭാഷക്കാരും വര്‍ഗക്കാരും രാജ്യക്കാരും ഉണ്ട്. പരസ്പരം ഏറ്റവുമധികം ബന്ധപ്പെട്ടുകിടക്കുന്ന രണ്ട് വിശ്വാസധാരകളുമാണവ. എന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെയാണ് ഇതിന്റെ ആഖ്യാനം മുന്നോട്ടുപോവുക. സത്യാന്വേഷിക്ക് യഥാര്‍ഥ പാത കണ്ടെത്താന്‍ അത് ഉതകട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.

(തുടരും)

 

കുറിപ്പുകള്‍

1. ദൈവത്തെ കുറിക്കാന്‍ അറബി സംസാരിക്കുന്ന ക്രിസ്ത്യാനികളും ജൂതന്മാരും 'അല്ലാഹു'  എന്നു തന്നെയാണ് പ്രയോഗിക്കാറുള്ളത്. വ്യാകരണപരമായും സവിശേഷതയുള്ള വാക്കാണിത്. ഈ വാക്കിന് ബഹുവചനമില്ല. അത് പുല്ലിംഗമോ സ്ത്രീലിംഗമോ അല്ല. ഇസ്‌ലാമിലെ ദൈവസങ്കല്‍പ്പവുമായി ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന വാക്ക്.

2. മോഷ്ടിക്കുക പോലുള്ള തിന്മകള്‍ ബൈബിള്‍ കര്‍ശനമായി തടഞ്ഞിട്ടുണ്ട്. 'പത്തു കല്‍പനകളി'ല്‍ ഇങ്ങനെ വായിക്കാം: ''ദൈവം ഈ വചനങ്ങളൊക്കെയും അരുള്‍ ചെയ്തു. യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉാകരുത്. വിഗ്രഹം കൊത്തിയുണ്ടാക്കരുത്.... അതിനെ നമസ്‌കരിക്കുകയോ സേവിക്കുകയോ അരുത്. കാരണം ഞാനാകുന്നു നിന്റെ ദൈവമായ യഹോവ.... നീ നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാവിലാക്കിക്കളയരുത്.. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക... കൊല ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കൂട്ടുകാരനെതിരെ കള്ളസാക്ഷ്യം പറയരുത്, അവന്റെ ഭവനത്തെയും ഭാര്യയെയും മോഹിക്കരുത്. കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്'' (പുറപ്പാട് 20:1-17). ഇതൊക്കെയും ഖുര്‍ആനികാശയങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നവയാണ്. പക്ഷേ ഇങ്ങനെയൊക്കെ ചെയ്യാന്‍ അനുവാദം കൊടുക്കുന്ന ടെക്സ്റ്റുകളും ബൈബിളില്‍ ഇടം പിടിച്ചതോടെ പത്തു കല്‍പനകളുടെയും മറ്റും സ്വാധീനം ജനജീവിതത്തില്‍നിന്ന് അപ്രത്യക്ഷമായി.

3. വൃത്തിക്ക് വലിയ പ്രാധാന്യമാണ് ഇസ്‌ലാം നല്‍കുന്നത്. നമസ്‌കാരം ശരിയാവണമെങ്കില്‍ ശരീരം, വസ്ത്രം, സ്ഥലം എന്നിവ വൃത്തിയായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. പോരാത്തത്തിന് അംഗസ്‌നാനം വേറെയും വേണം. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും ഉറങ്ങാന്‍ പോവുമ്പോഴും അംഗസ്‌നാനം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുളിച്ച് വൃത്തിയായേ മതിയാകൂ. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനകളില്‍ പങ്കുകൊള്ളാന്‍ പോകുമ്പോഴും കുളിച്ചൊരുങ്ങുന്നത് നല്ലതാണ്. വായ കഴുകുക, പല്ല് വൃത്തിയാക്കുക, നഖം വെട്ടുക, ഗുഹ്യ രോമങ്ങള്‍ കളയുക, മീശ വെട്ടുക, സുഗന്ധം പുരട്ടുക, താമസസ്ഥലങ്ങള്‍ വൃത്തിയാക്കി വെക്കുക, വഴിയില്‍നിന്ന് ഉപദ്രവകരമായതെന്തും എടുത്തുമാറ്റുക, പൊതുയിടങ്ങള്‍ വൃത്തികേടാക്കാതിരിക്കുക, വൃത്തികേടായി കിടക്കുന്ന ഇടങ്ങള്‍ വെടിപ്പാക്കുക... ഇതൊക്കെയും ഇസ്‌ലാം വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതാണ്. ഈ കര്‍മങ്ങള്‍ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നു. ശരീരത്തിന്റെയും ആത്മാവിന്റെയും വൃത്തിക്കും നിര്‍മലതക്കും ഇസ്‌ലാം നല്‍കിയ പ്രാധാന്യത്തിന്റെ അടുത്തൊന്നും മറ്റേതൊരു മതവും എത്തുകയില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍