Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

സംഘ്പദ്ധതികളുടെ പരീക്ഷണ ഭൂമിയായ മേവാത്തിലൂടെ

പി.എം സാലിഹ്

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദല്‍ഹിക്കടുത്തുള്ള മേവാത്ത് മേഖലയിലൂടെ യാത്ര ചെയ്യുകയുണ്ടായി. മേവാത്തിന്റെ ഹരിയാനയിലുള്ള ഭാഗങ്ങളിലൂടെയായിരുന്നു കാര്യമായും യാത്ര. സംഘ്പരിവാര്‍ അതിക്രമങ്ങള്‍ക്കും ക്രൂരമായ കൊലകള്‍ക്കും ഇരകളായ ചിലരുടെ വീടുകള്‍ സന്ദര്‍ശിക്കലായിരുന്നു ലക്ഷ്യം. 

ചരിത്രത്തില്‍ മേവാത്ത് പ്രത്യേക മേഖലയായി രൂപപ്പെടുന്നത് ദല്‍ഹി സല്‍ത്തനത്തിനു കീഴില്‍ അതൊരു സ്വതന്ത്ര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതു മുതലാണ്. ഫിറോസ് ഷാ തുഗ്ലക്കിന്റെ ഭരണകാലത്തായിരുന്നു ഇത്. അല്‍വാര്‍ തലസ്ഥാനമായി ഖാന്‍സാദാ രജ്പുതുകള്‍ എന്ന രാജവംശമാണ് അവിടെ ഭരണം നടത്തിയിരുന്നത്. ഇസ്‌ലാമിന്റെ ആഗമനത്തോടെ ഇസ്‌ലാമിലേക്ക് കടന്നുവന്ന രജ്പുത് വംശജരായിരുന്നു ഇവര്‍. തൈമൂര്‍ ദല്‍ഹി കീഴടക്കിയപ്പോള്‍ അവരുമായും കരാറിലെത്തിയതിനാല്‍ മേവാത്ത് പ്രത്യേക സംസ്ഥാനമായി നിലനിന്നു. പിന്നീട് സ്വതന്ത്ര രാജ്യമായെങ്കിലും ഒടുവില്‍ മുഗള്‍ സാമ്രാജ്യത്തോട് ചേര്‍ക്കപ്പെട്ടു. 

മുസ്‌ലിംകളുടെ സ്വാധീനഫലമായി മേഖലയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഇസ്‌ലാമിലേക്ക് കടന്നുവന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഘട്ടത്തിലും തുടര്‍ന്നും ഈ മേഖലയില്‍ വലിയ പ്രതിരോധങ്ങളും സമരങ്ങളും രൂപപ്പെട്ടിരുന്നു. അക്കാലം മുതല്‍തന്നെ ഭരണകൂടങ്ങളും ഔദ്യോഗിക സംവിധാനങ്ങളും ഈ മേഖലയെ അവഗണിച്ചു; ചില ഘട്ടങ്ങളില്‍ അടിച്ചമര്‍ത്താനും മുന്നിട്ടിറങ്ങി. ഈ ഘട്ടത്തില്‍ ചില ഹിന്ദു പരിഷ്‌കരണ പ്രവര്‍ത്തകരുടെ ശ്രമഫലമായി കുറച്ച് മുസ്‌ലിംകള്‍ തങ്ങളുടെ പൂര്‍വവംശമായ രജപുത്തരുടെ മതത്തിലേക്ക് തിരിച്ചു പോയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ഇത്.

ഇത്തരം സംഭവങ്ങള്‍ മുസ്‌ലിം നേതാക്കളുടെ ശ്രദ്ധയില്‍വരികയും മൗലാനാ മുഹമ്മദ് ഇല്‍യാസ് നാനൂത്വവിയുടെ നേതൃത്വത്തില്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. അതിന്റെ ഫലമായാണ് തബ്‌ലീഗ് ജമാഅത്ത് എന്ന പ്രസ്ഥാനത്തിനു തന്നെ തുടക്കമാകുന്നത്. ഈ പ്രസ്ഥാനത്തിന്റെ ജന്മഗേഹമാണ് മേവാത്ത്. അവിടെനിന്നാണ് രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് സംഘടന വ്യാപിച്ചത്. മേവാത്ത് മേഖലയില്‍  തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകളെ അവരുടെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സഹായകമായി. 

വിഭജനകാലത്ത് ഉത്തരേന്ത്യയിലെ മിക്ക ഭാഗങ്ങളിലും സംഭവിച്ചപോലെ ഈ മേഖലയിലെ കഴിവും ശേഷിയുമുള്ള കുറേ ആളുകള്‍ പാകിസ്താനിലേക്ക് പോയി. അത് ഈ മേഖലയിലെ മുസ്‌ലിം സ്വാധീനത്തില്‍ വലിയ ഇടിവുണ്ടാക്കി. ജനസംഖ്യാപരമായി ഭൂരിപക്ഷം നിലനിന്നുവെങ്കിലും പല മേഖലയില്‍ മുസ്‌ലിംകള്‍ പിന്നാക്കമാകാന്‍ ഇതു കാരണമായി. 

നൂറുകണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്ന മേവാത്ത് മേഖല പ്രധാനമായും ഇപ്പോള്‍ ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ്. യു.പിയിലെ മഥുര ജില്ലയുടെ ചില ഭാഗങ്ങളും മധ്യപ്രദേശിന്റെ കുറച്ചു ഭാഗവും ഇതിലുള്‍പെടും. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ ഈ മേഖലയെ സ്വാതന്ത്ര്യാനന്തരം നിരന്തരം അവഗണിക്കുകയായിരുന്നു സര്‍ക്കാറുകള്‍. ഈ മേഖലക്ക് ഒരേ സ്വഭാവമായിരുന്നിട്ടും അതിലെ ജനവിഭാഗങ്ങള്‍ക്ക് ഒരേ ഭാഷയും സംസ്‌കാരവുമായിരുന്നിട്ടും സംസ്ഥാന വിഭജനം നടന്നപ്പോള്‍ അതിനെ നാല് സംസ്ഥാനങ്ങളിലായി വിഭജിച്ചത് ഒരു സംസ്ഥാനത്തും മേവാത്ത് മുസ്‌ലിംകള്‍ നിര്‍ണായക ശക്തിയാകരുതെന്ന ആലോചനയുടെ ഫലമായിരുന്നു. 

ഇത് രണ്ടാം തവണയാണ് ഞാന്‍ മേവാത്ത് സന്ദര്‍ശിക്കുന്നത്. എസ്.ഐ.ഒ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് ആദ്യത്തെ മേവാത്ത് സന്ദര്‍ശനം. അന്ന് അവിടെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഇപ്പോഴും ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. അവിടെ പരിപാടികളുടെ മുഖ്യസംഘാടകന്‍ മേവാത്തുകാരനായ എസ്.ഐ.ഒ നേതാവ് ഖാസിം ആയിരുന്നു. പരിപാടിക്ക് ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിന് താഴെ അദ്ദേഹത്തിന്റെ പേരിനും സ്ഥലത്തിനുമൊപ്പം 'മുര്‍ഗീവാല' (കോഴിക്കച്ചവടക്കാരന്‍) എന്ന് ചേര്‍ത്തിരുന്നു. കോഴിക്കച്ചവടക്കാരനായിരുന്നു അദ്ദേഹം. ജോലിയും മറ്റും നോട്ടീസില്‍ പോലും ചേര്‍ക്കുന്നതിന് വലിയ പ്രശ്‌നമില്ലാത്ത തരത്തില്‍ സാമൂഹികമായി അവിടെയുള്ള ജനത വികാസം പ്രാപിച്ചിരുന്നു എന്ന് അവിടെനിന്നുള്ള ഇത്തരം അനുഭവങ്ങള്‍ തെളിയിച്ചു. ഇസ്‌ലാം അവര്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായിരിക്കണമത്. 

 

സംഘ്പരിവാര്‍ അക്രമങ്ങള്‍ 

രാജ്യത്ത് അടുത്തകാലത്ത് ആള്‍ക്കൂട്ട അക്രമങ്ങളും ഗോരക്ഷക് അക്രമങ്ങളും വര്‍ധിച്ചുവരികയാണല്ലോ. ഇതില്‍ ഒരു പ്രത്യേക മേഖലയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംവിരുദ്ധ അക്രമങ്ങള്‍ നടന്നതായി കണക്കുകള്‍ പറയുന്ന മേഖലയാണ് മേവാത്ത്. മേവാത്തിനകത്ത് സമാധാനപരമായാണ് ഇപ്പോഴും ആളുകള്‍ കഴിഞ്ഞുകൂടുന്നത്. കൃഷിയും കാലിവളര്‍ത്തലുമാണ് ഇവിടത്തെ പ്രധാന തൊഴിലുകള്‍. സര്‍ക്കാറിന്റെ അവഗണനകള്‍ കാരണം വിദ്യാഭ്യാസപരമായും സാമൂഹികമായും വലിയ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മേഖല. 

മേവാത്തിനകത്ത് അക്രമങ്ങള്‍ നടത്താനോ പ്രശ്‌നങ്ങളുണ്ടാക്കാനോ സംഘ്പരിവാറിനോ മറ്റോ സാധിച്ചിട്ടില്ല. പൊലീസിനെയും ഔദ്യോഗിക സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവര്‍ക്കത് വിജയിപ്പിക്കാനായിട്ടില്ല. എന്നാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്കും കാലികളെ വാങ്ങാനും മേവാത്തില്‍നിന്ന് പുറത്തെത്തുന്നവരെ അക്രമിക്കുന്ന ശൈലിയാണ് സംഘ്പരിവാര്‍ സ്വീകരിക്കുന്നത്. കൊലചെയ്യപ്പെട്ടവരെല്ലാം ഇത്തരത്തില്‍ രാജസ്ഥാന്റെയും മറ്റും അതിര്‍ത്തി പ്രദേശങ്ങളിലാണ് അക്രമിക്കപ്പെട്ടത്. പഹ്‌ലു ഖാനടക്കം ഇങ്ങനെയാണ് കൊല്ലപ്പെട്ടത്. സംഘ്ശക്തികളുടെ അക്രമങ്ങള്‍ തടയേണ്ട പൊലീസ് തന്നെ കാലിക്കടത്താരോപിച്ച് ചിലരെ വെടിവെച്ചതായും ഇവിടെനിന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

മുസ്‌ലിംവിരുദ്ധത വിവിധ തരത്തില്‍ ആളുകളില്‍ കുത്തിവെച്ച് മുസ്‌ലിംകളെ അപരവല്‍ക്കരിക്കാനാണ് സംഘ്പരിവാറിന്റെ ശ്രമം. നേരിട്ട് അക്രമങ്ങള്‍ നടത്താന്‍ കഴിയാത്ത മേഖലയില്‍ ആളുകളുടെ ജീവിത മാര്‍ഗങ്ങള്‍ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കുന്നു. അത്തരം സംഘ്പദ്ധതിയുടെ പരീക്ഷണഭൂമിയാണ് മേവാത്ത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കാനും കാലികളെ വാങ്ങാനും ഇവക്കാവശ്യമായ വിഭവങ്ങളെത്തിക്കാനും മേവാത്തിന് പുറത്തെത്തുമ്പോള്‍ അവരെ അക്രമിച്ച് ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിലൂടെ അവരുടെ ജീവിത മാര്‍ഗം ഇല്ലാതാക്കാനാണ് ശ്രമം. 

ഇത്തരം സംഘ്പരിവാര്‍ അതിക്രമങ്ങളുടെ ഇരകളെ സന്ദര്‍ശിക്കാനാണ് മേവാത്തിലെത്തിയത്. ഹാഫിദ് ജുനൈദ്, പഹ്‌ലു ഖാന്‍, അക്ബര്‍ഖാന്‍ എന്നിവരുടെ വീടുകളാണ് എസ്.ഐ.ഒ ജാമിഅ മില്ലിയ്യ സെക്രട്ടറി കെ.പി തശ്‌രീഫ്, ദല്‍ഹി മലയാളി ഹല്‍ഖാ ഭാരവാഹി റശാദ് മേലാറ്റൂര്‍, മേവാത്തിലെ ജമാഅത്ത് നേതാവ് ഖാസിം എന്നിവരുടെ കൂടെ സന്ദര്‍ശിച്ചത്. 

 

മക്തബ് ജുനൈദിയ്യ

ജുനൈദിന്റെ കുടുംബം ജുനൈദിന്റെ ഓര്‍മക്കായി ജന്മഗ്രാമമായ മേവാത്തിലെ സലഹേരിയില്‍ ആരംഭിച്ച പെണ്‍കുട്ടികള്‍ക്കായുള്ള ഹിഫ്‌ള് പഠനകേന്ദ്രം മക്തബ് ജുനൈദിയ്യ സന്ദര്‍ശിക്കലായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. സ്ഥാപനത്തില്‍ ജുനൈദിന്റെ മാതാവ് സൈറ, സഹോദരങ്ങളായ ഹാശിം, ശാക്കിര്‍, സഹോദരീ ഭര്‍ത്താവ് നഫീസ് എന്നിവര്‍ ചേര്‍ന്ന് ഹൃദ്യമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് നല്‍കിയത്. കൊല ചെയ്യപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ അന്നത്തെ ഭീകരാവസ്ഥകള്‍ വിവരിച്ചു. ശേഷം കേസുമായും മറ്റും ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പങ്കുവെച്ചു. കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയും ജാമ്യത്തിലിറങ്ങിയതോടെ കുറ്റക്കാര്‍ രക്ഷപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. 

ഫാഷിസ്റ്റ് കാലത്ത് നമുക്ക് വലിയ പ്രതീക്ഷ നല്‍കുന്ന വ്യക്തിയാണ് ജുനൈദിന്റെ ഉമ്മ സൈറ. മകന്‍ നഷ്ടമായ സമയത്ത് ലഭിച്ച സഹായങ്ങള്‍ തങ്ങളുടെയും കുടുംബത്തിന്റെയും നേട്ടങ്ങള്‍ക്കുപയോഗിക്കുന്നതിനു പകരം ജുനൈദിന്റെ പേരിലൊരു സ്ഥാപനമുണ്ടാക്കാനാണ് അവര്‍ ആഗ്രഹിച്ചത്. ഖുര്‍ആന്‍ മനഃപാഠമാക്കിയ തന്റെ മകനെ ഫാഷിസ്റ്റുകള്‍ ഇല്ലാതാക്കിയപ്പോള്‍ കുറേപേര്‍ക്ക് ഖുര്‍ആന്‍ മനഃപാഠമാക്കാനുള്ള ഒരു സ്ഥാപനമുണ്ടാക്കി അവര്‍ പ്രതികരിക്കുകയായിരുന്നു. ഫാഷിസ്റ്റ് കാലത്ത് വലിയൊരു സന്ദേശം നല്‍കുന്നു് അവരുടെ ഈ ധീരത.

സ്ഥാപനത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള വഴി ജുനൈദിന്റെ കുടുംബം സോളിഡാരിറ്റിയുമായി തുടക്കത്തിലേ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് വൃന്ദാ കാരാട്ട് വഴി സി.പി.എം നല്‍കിയ 10 ലക്ഷവും സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഇനത്തില്‍ ലഭിച്ച ലക്ഷം രൂപയും ചേര്‍ത്ത് ജുനൈദിന്റെ കുടുംബം കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. ഫാഷിസ്റ്റ് കാലത്ത് വിശാല സഖ്യങ്ങളുടെയും സഹകരണങ്ങളുടെയും ആവശ്യകതയാണ് ഈ സ്ഥാപനത്തിന്റെ നിര്‍മാണത്തില്‍ സഹകരിച്ചവരുടെ വ്യത്യസ്തത സൂചിപ്പിക്കുന്നത്. ജുനൈദിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ പഠന കേന്ദ്രത്തിന്റെ നിര്‍മാണത്തിനാണ് ഇവരെല്ലാം സഹകരിച്ചതെന്നതും ശ്രദ്ധേയമാണ്. 

നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും സംവിധാനങ്ങളും സോളിഡാരിറ്റി ഒരുക്കിക്കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കമ്പ്യൂട്ടറുകളും പ്രിന്ററും ഫോട്ടോസ്റ്റാറ്റ് മെഷീനും ഫാനുകളും മറ്റും നേരിട്ട് ഏല്‍പിക്കാനാണ് അവിടെയെത്തിയത്. ബാക്കി ആവശ്യങ്ങള്‍ക്കുള്ള പണം ജുനൈദിന്റെ കുടുംബത്തെയും മേവാത്തിലെ ജമാഅത്ത് നേതാവ് ഖാസിമിനെയും ഏല്‍പിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുമായി സംവദിക്കാനും അവസരം ലഭിച്ചു. മേവാത്ത് പോലെ സര്‍ക്കാരും ഔദ്യോഗിക സംവിധാനങ്ങളും തീര്‍ത്തും അവഗണിച്ച മേഖലയില്‍ വിദ്യാഭ്യാസപരമായ ഉണര്‍വിന് സ്ഥാപനം സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. 

 

പഹ്‌ലു ഖാന്റെ കുടുംബത്തോടൊപ്പം

ജുനൈദിന്റെ വീട്ടില്‍ നിന്ന് 20 കിലോമീറ്ററിലധികം ദൂരമുള്ള ജയ്‌സിഗ്പൂരിലെ പഹ്‌ലു ഖാന്റെ വീട്ടിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റുമായി പഹ്‌ലു ഖാനും മകനും കാലികളുമായി വരുമ്പോള്‍ രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 2017-ലായിരുന്നു സംഭവം. അദ്ദേഹത്തെ ക്രൂരമായി അടിച്ചുകൊല്ലുകയായിരുന്നു. അവിടെ ഭാര്യ ജബുന, മക്കള്‍ ഇര്‍ഷാദ്, ആരിഫ് എന്നിവര്‍ ഞങ്ങളെ സ്വീകരിച്ചു. കര്‍ഷകനായ പഹ്‌ലു ഖാന്‍ തന്റെ കാര്‍ഷികാവശ്യങ്ങള്‍ക്കായി കാലികളെ കൊണ്ടുവരുമ്പോഴാണ് അക്രമിക്കപ്പെട്ടത്. അക്രമിക്കപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്ന മകന്‍ അന്നത്തെ അനുഭവങ്ങളും പൊലീസടക്കമുള്ളവര്‍ സ്വീകരിച്ച പക്ഷപാതനിലപാടുകളും വിവരിച്ചു. കേസുമായി മുന്നോട്ടു പോകുന്നതില്‍ നേരിടുന്ന വലിയ പ്രതിസന്ധികളും അവര്‍ പറഞ്ഞു. ഈ കേസില്‍ എന്താണ് സംഭവിക്കുകയെന്നത് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പഹ്‌ലു ഖാന്‍ കൊലപാതക കേസിലെ സാക്ഷികളെ വെടിവെച്ചു കൊല്ലാന്‍ നടന്ന ശ്രമം. പഹ്‌ലു ഖാന്റെ മക്കളടക്കമുള്ളവര്‍ക്ക് നേരെയാണ് വധശ്രമം നടന്നത്. കോടതിയില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെത്തിയപ്പോഴായിരുന്നു വധശ്രമം. കേസുമായി മുന്നോട്ടുപോകാന്‍ പൊലീസും അനുബന്ധ സംവിധാനങ്ങളും തന്നെ തടസ്സമായിത്തീരുകയാണെന്നാണ് കുടുംബത്തിന്റെ പരാതി.

രാത്രി വൈകിയാണ് വീട്ടിലെത്തിയതെങ്കിലും പഹ്‌ലു ഖാന്റെ ഭാര്യയും മക്കളും ഞങ്ങളെ പ്രതീക്ഷയോടെ കാത്തിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അവര്‍ ഞങ്ങളുടെ മുമ്പില്‍ നിരത്തി. അവരുടെ ജീവിതമാര്‍ഗമായ കാലിക്കച്ചവടം തന്നെയാണ് ഇപ്പോഴും അവര്‍ നടത്തുന്നത്. പേടിയുണ്ടെങ്കിലും ജീവിക്കാനവര്‍ക്ക് അതല്ലാതെ മാര്‍ഗമില്ല. 

 

അക്ബര്‍ ഖാന്റെ വീട്ടില്‍

സംഘ്പരിവാറിന്റെ ക്രൂരമായ കൊലക്കിരയായ അക്ബര്‍ ഖാന്റെ വീടും യാത്രയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ജൂലൈയില്‍ അല്‍വാറില്‍ തന്റെ കാര്‍ഷികാവശ്യങ്ങള്‍ക്കായുള്ള രണ്ട് പശുക്കളുമായി പോകുമ്പോഴാണ് അക്ബര്‍ ഖാനെ ഫാഷിസ്റ്റുകള്‍ അടിച്ചുകൊന്നത്. കോല്‍ഗാവ് ഗ്രാമത്തില്‍ ഉപ്പ സുലൈമാന്‍, സഹോദരങ്ങളായ ഇല്‍യാസ് ഖാന്‍, ശമീം ഖാന്‍ എന്നിവര്‍ സ്‌നേഹാദരങ്ങളോടെയാണ് ഞങ്ങളെ വരവേറ്റത്. അക്ബര്‍ ഖാന്റെ 7 മക്കളില്‍ 4 പേര്‍ പഠനത്തിനായി അലീഗഢിലാണ്. റിഹാന്‍, മന്‍സീറ എന്നീ ചെറിയ രണ്ട് മക്കളാണ് അവിടെ ഉണ്ടായിരുന്നത്. പ്രയാസകരമായ സാഹചര്യത്തിലും ഞങ്ങളെ നന്നായി സല്‍ക്കരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. കൊലചെയ്യപ്പെട്ട സാഹചര്യങ്ങളും മറ്റും വിവരിച്ച കുടുംബം എല്ലാറ്റിനെയും മറികടക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഫാഷിസത്തിന് മുന്നില്‍ ധീരമായി നിലയുറപ്പിക്കാന്‍ അത് നമുക്ക് വലിയ പ്രേരണയും പ്രോത്സാഹനവുമാണ്. 

 

അല്‍ജാമിഅ മേവാത്ത് കാമ്പസ്

സര്‍ക്കാറും ഔദ്യോഗിക സംവിധാനങ്ങളും മേവാത്ത് മേഖലയെ പറ്റേ അവഗണിക്കുകയാണെന്ന് സൂചിപ്പിച്ചല്ലോ. സര്‍ക്കാര്‍ അവഗണന ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ മേഖലയിലാണ്. അതിനാലാണ് വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ഇവിടെയൊരു കാമ്പസ് സ്ഥാപിച്ചിരിക്കുന്നത്. വിഷന്‍ 2026-ന് കീഴിലുള്ള പദ്ധതിയായാണ് 2017 ആഗസ്റ്റ് 24-ന് അല്‍ജാമിഅ മേവാത്ത് കാമ്പസിന് തുടക്കമായത്. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിക്കാന്‍ അവസരമൊരുക്കിയിരിക്കുന്ന കാമ്പസില്‍ ഇപ്പോള്‍ സീനിയര്‍ സെക്കന്ററി സെഷനാണ് ആരംഭിച്ചിരിക്കുന്നത്. 

നാല്‍പതോളം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കാമ്പസിലു്. എസ്.ഐ.ഒ മുന്‍ ദേശീയ സെക്രട്ടറി ശിബ്‌ലി അര്‍സലാനാണ് സ്ഥാപനത്തിന്റെ മുഖ്യചുമതല. സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ ഹൃദ്യമായ സ്വീകരണമൊരുക്കിയിരുന്നു. വിദ്യാര്‍ഥികളുമായി സംവദിക്കാനും ചര്‍ച്ചകള്‍ നടത്താനും അവസരമുായി. ഉത്തരേന്ത്യയില്‍ ഇത്തരമൊരു സ്ഥാപനവും അതിലെ വിദ്യാര്‍ഥികളും വലിയ പ്രതീക്ഷ നല്‍കുന്നു. 

 

ഇന്ത്യന്‍ മുസ്‌ലിംകളുടെ ബാധ്യത

മേവാത്തില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ട പ്രധാന കാര്യം സര്‍ക്കാറും ഔദ്യോഗിക സംവിധാനങ്ങളും കാണിക്കുന്ന വിവേചനം തന്നെയാണ്. ഈ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കൃഷിയും കാലിവളര്‍ത്തലുമാണ് പ്രധാന ജീവിത മാര്‍ഗം. കാലികളുടെ തൊഴുത്തുകളും വീടുകളും വലിയ വ്യത്യാസങ്ങളൊന്നുമില്ല. ദുര്‍ബലമായ ഒരു മതിലിന്റെ അല്ലെങ്കില്‍ മറയുടെ വ്യത്യാസം മാത്രമാണ് തൊഴുത്തും വീടുകളും തമ്മിലുള്ളത്. ചുറ്റും ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും അടയാളങ്ങള്‍. ഇതിനിടയില്‍ മേവാത്തുകാരുടെ ജീവിതമാര്‍ഗങ്ങള്‍ നേരിട്ടും അല്ലാതെയും തടയുകയാണ് സര്‍ക്കാറും പൊലീസും സംഘ്പരിവാറും ചേര്‍ന്നുള്ള കൂട്ടുമുന്നണി. ഇത്തരം പദ്ധതികളുടെ ഇരകളാണ് ഞങ്ങള്‍ സന്ദര്‍ശിച്ച മൂന്ന് വീടുകളിലെയും മനുഷ്യര്‍. 

രാജ്യത്ത് ആള്‍ക്കൂട്ട അക്രമങ്ങളും ഗോരക്ഷക് അക്രമങ്ങളും ഏറ്റവും കൂടുതല്‍ നടന്നതും ഈ മേഖലയിലാണ്. എന്നാല്‍ നിയമ നടപടികളും കേസുകളുമായി മുന്നോട്ടുപോകാനാകാത്ത രീതിയിലാണ് ഔദ്യോഗിക സംവിധാനങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഭീഷണിപ്പെടുത്തിയും വധശ്രമം നടത്തിയും സംഘ്പരിവാറുകാര്‍ ഇത്തരം ശ്രമങ്ങള്‍ക്ക് തടയിടുമ്പോള്‍, ഔദ്യോഗിക സംവിധാനങ്ങള്‍ നിയമത്തിന്റെ നൂലാമാലകളില്‍ കുടുക്കി കേസുകളേ ഇല്ലാതാക്കുകയാണ്. ജുനൈദ് കേസിലെ മുഖ്യപ്രതി പുറത്തിറങ്ങിയതും പെഹ്‌ലു ഖാന്‍ കേസിലെ സാക്ഷികള്‍ക്കെതിരെ വധശ്രമം നടന്നതും ഇതാണ് വെളിപ്പെടുത്തുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാനും നിയമ നടപടികളില്‍ ശക്തമായ പിന്തുണ നല്‍കാനും ഇന്ത്യന്‍ മുസ്‌ലിം നേതാക്കള്‍ക്കും കൂട്ടായ്മകള്‍ക്കും ബാധ്യതയുണ്ട്. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കുമൊപ്പം ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി അനിവാര്യമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍