Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

പാരിജാതം പോലൊരാള്‍

പി.ടി കുഞ്ഞാലി

എപ്പോഴാണ്  പി.ടി എന്ന അബ്ദുര്‍റഹ്മാന്‍ മുന്നൂരിനെ നേരില്‍ കണ്ടു തുടങ്ങിയത്? സ്മൃതികളുടെ മാറാപ്പില്‍ കൈയിട്ട് പരതുകയായിരുന്നു. തൊള്ളായിരത്തി എഴുപതുകളിലെ പഞ്ഞകാലം.  മലബാറിലെ ദരിദ്രഗ്രാമങ്ങളെ പ്രവാസം പുണരാത്ത കാലം. ഞങ്ങളന്ന് ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളില്‍ പഠിതാക്കളായിരുന്നു. ചേന്ദമംഗല്ലൂര്‍ യു.പി സ്‌കുളില്‍നിന്ന് ജയിച്ചെത്തുന്ന ഞങ്ങളുടെ കൂടെ അന്ന് പരദേശികളായ വിദ്യാര്‍ഥികള്‍ കൂടി വന്നുചേരുക പതിവാണ്. ഈ അപരിചിത മുഖങ്ങള്‍ ഞങ്ങളുടെ സൗഹൃദസരസ്സില്‍ വിലയമാകാന്‍ സ്വാഭാവികമായും സമയമെടുക്കും. ക്ലാസ് അധ്യാപകന്‍ ഹസന്‍ മാഷ് ഞങ്ങളെ പരിചയപ്പെടുന്നു. പേരും ദേശവും പഠിച്ച സ്‌കൂളും പറഞ്ഞു കൊടുക്കണം. നിരനിരയായത് പറഞ്ഞുപോകുന്നതിനിടയില്‍ മുഷിയാന്‍ വെമ്പുന്ന ഒറ്റമുണ്ടും പിഞ്ഞിത്തുടങ്ങിയ ഒരു വരയന്‍ കുപ്പായവുമായി  വിഷാദം കുമിയുന്ന ഒരു കുഞ്ഞു കൗമാരം  പറഞ്ഞു നിര്‍ത്തിയതിങ്ങനെ; പി.ടി അബ്ദുര്‍റഹ്മാന്‍, പാറക്കാന്‍തൊടി വീട്, മുന്നൂര്. സ്‌കൂളില്‍ യൂനിഫോം പതിവേയില്ലാത്ത കാലം. എന്തെന്നറിയില്ല, പേരിനു മുന്നിലെ ഉല്‍പ്പവും (ഇനീഷ്യല്‍) വീട്ടുപേരും മനസ്സില്‍ ഉടക്കിനിന്നു. കാരണം ഞാനും പി.ടിയാണ്. എന്റെ പി.ടിയും പാറക്കാന്‍തൊടി തന്നെ. ഞങ്ങളുടെ താവഴി രണ്ടാം പിതാമഹനില്‍ സന്ധിക്കുന്നു എന്നറിയുന്നത്  ഏറെ പിന്നെ. എന്റെ വാപ്പയുടെ വാപ്പ പാറക്കാന്‍തൊടി കുഞ്ഞാലി ഉപജീവനം തേടി 1990-ല്‍ മുന്നൂരില്‍നിന്ന് ചേന്ദമംഗല്ലൂരിലേക്ക് കുടിയേറുകയായിരുന്നു. ഞാനും അബ്ദുര്‍റഹ്മാനും കൊണ്ടുനടക്കുന്ന പി.ടി ഒന്നാണെന്നറിഞ്ഞതോടെ ഞങ്ങള്‍ എളുപ്പം സൗഹൃദത്തിലായി. 

കുഞ്ഞിലേ അനാഥനായ പി.ടിയില്‍ അധോമുഖത്വം അന്നേ പ്രകടമായിരുന്നു. ഏതോ ഒരു വിഷാദം ആ സ്വരൂപത്തെ ആപാദം പൊതിഞ്ഞുനിന്നു. കുസൃതികള്‍ ഏതുമില്ലാതെ ഒരു മുയല്‍കുഞ്ഞിന്റെ വിനമ്രതയോടെ സ്വന്തമായുള്ള ഇത്തിരി പഠനസാമഗ്രികളോട്  അരുമയായി സല്ലപിച്ച് പതിയേ കടന്നുപോകും. പഠനത്തില്‍ എന്നെപ്പോലെ പി.ടിയും ശരാശരി. ഞങ്ങളുടെ താവഴി ഒന്നാണല്ലോ. എത്ര പെട്ടെന്നാണ് മൂന്നാണ്ടുകള്‍ കടന്നുകളഞ്ഞത്! അന്നൊക്കെ പത്താംതരം സമാപനമാകുന്നതോടെ  വിദ്യാര്‍ഥികള്‍ ഓട്ടോഗ്രാഫുകളുമായി  ക്ലാസ്സുകള്‍ കയറിയിറങ്ങും. പഠിത്തം കഴിഞ്ഞ് പറന്നുപോകുന്ന സൗഹൃദങ്ങള്‍ക്ക് ഗൃഹാതുരമാകാനുള്ള ഒരേയൊരു സാധ്യത ഈ ഓട്ടോഗ്രാഫ് മാത്രമാണ്. ഒരുമാതിരിപ്പെട്ടവരൊക്കെ അന്ന് ഓട്ടോഗ്രാഫ് സംഘടിപ്പിക്കും. പി.ടി അന്ന് സ്വന്തം നോട്ടുപുസ്തകത്തിന്റെ  എഴുതാപ്പുറങ്ങളിലാണ് ഞങ്ങളുടെ വിലാസങ്ങള്‍ സമാഹരിച്ചത്. ശരാശരി ഒരു രൂപ മാത്രം വിലമതിക്കുന്ന ഒരു ഓട്ടോഗ്രാഫ് സ്വന്തമാക്കാന്‍  അന്ന് പി.ടിക്ക് പാങ്ങ് പോരായിരുന്നു. അതില്‍ പി.ടിക്ക് ഒരു വേവലാതിയും കണ്ടതുമില്ല. പത്താംതരം ജയിച്ചപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ മേല്‍പഠിപ്പിന്  ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയയില്‍ ചേര്‍ന്നു. പി.ടിയെയും ഞങ്ങളവിടെ പ്രതീക്ഷിച്ചതാണ്. പക്ഷേ കണ്ടില്ല. പി.ടി പഠിപ്പ് നിര്‍ത്താന്‍ തീരുമാനിച്ചു. എങ്ങനെ പഠിക്കും? മുതിര്‍ന്നിട്ടും പഠിപ്പിനു പോകാന്‍  ആര് തുണയാകും?  ഇത് പി.ടിയെ ഇങ്ങനെയൊരു തീരുമാനത്തിന് നിര്‍ബന്ധിച്ചുകാണും.

ഒരു ദിവസം പി.ടി ജ്യേഷ്ഠസഹോദരനോടൊന്നിച്ച് ചേന്ദമംഗല്ലൂര്‍ അങ്ങാടിയില്‍ എത്തി. ഏതോ അനാദിവസ്തുക്കള്‍ സമാഹരിക്കാനായിരിക്കണം. അങ്ങാടിമുക്കില്‍ വെച്ച് പി.ടിയെ സഗീര്‍ മൗലവി കണ്ടുമുട്ടുന്നു. ചേന്ദമംഗ്ലലൂരിന്റെ നവോത്ഥാന ശില്‍പ്പികളില്‍ പ്രധാനിയാണ് സഗീര്‍ മൗലവി. അദ്ദേഹത്തിന്റെ മുന്‍കൈയിലും കൂടിയാണ് ചേന്ദമംഗല്ലൂര്‍ ഗ്രാമം ഇസ്‌ലാമിക പ്രസ്ഥാനത്തിന് സ്വാധീനമായത്. പി.ടിയുടെ ബന്ധു കൂടിയാണ് മൗലവി. കുശലങ്ങളൊക്കെയും അവസാനിച്ചപ്പോള്‍  മൗലവിക്ക് പി.ടിയുടെ  സാഹചര്യം ഗ്രാഹ്യമായി. മൗലവി പി.ടിയെ തന്റെ തുണിക്കടയിലേക്ക് കൊണ്ടുപോയി. തുണിക്കടയില്‍നിന്ന് ഒരുകൂട്ടം വസ്ത്രങ്ങളും  ഒരു കത്തും പി.ടിയുടെ കൈയില്‍ വെച്ചുകൊടുത്തു മൗലവി പറഞ്ഞു: ''നാളെ രാവിലെ നിര്‍ബന്ധമായും നിങ്ങള്‍ ശാന്തപുരത്തേക്ക് പോകണം. അവിടെ  പഠിച്ച് മിടുക്കനാകണം.  കാക്കയെയും കൂട്ടിക്കോ. ബാക്കിയൊക്കെ ഞാന്‍ കത്തിലെഴുതിയിട്ടുണ്ട്. കെ.സി അവിടെ ഉണ്ടാകും.'' യാദൃഛികമായ ഈയൊരു സംഗമം മഹാനിയോഗമായി പി.ടിയില്‍ സംഭവിച്ചു.

ശാന്തപുരം പി.ടിയെ കാത്തിരിക്കുകയായിരുന്നു. അവിടത്തെ പുസ്തകപ്പുരയും ഗുരുപുണ്യങ്ങളുടെ പാഠപരിസരങ്ങളും ക്ഷിപ്രത്തില്‍ പി.ടിയെ ചുട്ടെടുക്കുകയായിരുന്നു. ഏതൊക്കെ മണ്ഡലങ്ങളില്‍ പി.ടി പിന്നീട് അപാരനായോ അതിന്റെയൊക്കെ ആദിനിമിത്തം  ശാന്തപുരമാണെന്നു പി.ടി എപ്പോഴും പറയാറുണ്ട്. പിന്നീട് പി.ടി സഞ്ചരിച്ചുപോയ മഹാരഥ്യയുടെ  വിസ്തൃതിയപ്പാടെ ശാന്തപുരത്തിനദ്ദേഹം നിവേദിച്ചു. പി.ടി എന്ന പ്രതിഭാധനനെ നിര്‍മിച്ചതും അദ്ദേഹത്തിന് പടര്‍ന്നുകയറാന്‍ പ്രതലമായതും തീര്‍ച്ചയായും ശാന്തപുരവും ഇസ്‌ലാമിക പ്രസ്ഥാനവുമാണ്. ഒരു മാന്‍പേടയുടെ സൗമ്യത, മുയല്‍കുഞ്ഞിന്റെ  ശുഭ്രത. ആ മനസ്സിലും കൊലുന്നു ദേഹത്തിലും അന്നേ ഒരു ദര്‍വീശ് ഖാന്‍ഖാഹ് കെട്ടി കൂടിയിരുന്നു. ഭൗതിക കാമനകളുടെ നൂപുരധ്വനികള്‍ അദ്ദേഹത്തെ ഒരിക്കലും ആസക്തനാക്കിയില്ല. ഇത്രയേറെ ഭാഷാവഴക്കങ്ങള്‍ തന്നെ തഴുകിനിന്നിട്ടും പ്രവാസത്തിന്റെ ദ്രവ്യസഞ്ചാരത്തിന് പി.ടി മുതിര്‍ന്നതേയില്ല. അദ്ദേഹത്തെ ചതിച്ചു തോല്‍പിക്കാന്‍  പ്രവാസദ്രവ്യത്തിന്റെ മാരീചന് ആവത് പോരായിരുന്നു. മേരിക്കുന്നിലെ കുടുസ്സു മുറികളില്‍ മാറിമാറി പി.ടി അക്ഷരധ്യാനങ്ങളില്‍ സംതൃപ്തനായി. ആ ധ്യാനസുകൃതങ്ങളില്‍  വിരിഞ്ഞിറങ്ങിയത് എത്രയെത്ര ഗദ്യവും പദ്യവും ദീപ്തമായ ഗാനതല്ലജങ്ങളും. 

താന്‍ എഴുതിയതൊക്കെയും പി.ടി പൊതുസ്വത്തായി കണ്ടു. 'എന്റെ ഇങ്ങനെയൊരു പാട്ടുണ്ടായിരുന്നു. അത് നിന്റെ കൈവശമുണ്ടോ?'  പി.ടി പലപ്പോഴും സ്വത്തും തിരഞ്ഞ്  അങ്ങനെ അലഞ്ഞുനടക്കും. അപ്പോഴും ആ ചുണ്ടുകളില്‍  തേനിശലിന്‍  മാലിക മിഴാവ് കൊട്ടും. വെട്ടിയൊതുക്കാത്ത കോലന്‍ തലമുടിയും മുഖശ്മശ്രുക്കളും അലസമായി ചിതറിക്കളിച്ചു. ദേഹരൂപത്തിന് ഒട്ടുമേ ചേര്‍ന്നുനില്‍ക്കാത്ത അലസമായ വസ്ത്രധാരണം.  നരച്ചും പിന്നിയും തുടങ്ങുന്ന ആ വസ്ത്രധാരണയില്‍ പി.ടി ഒട്ടും അസ്വസ്ഥനായില്ല. ഒരിക്കലും ഇസ്തിരിവെക്കാത്ത  ആ ചുളിഞ്ഞ കളസവും കുപ്പായവുമായി  പി.ടി ഏതു സദസ്സിലും പങ്കെടുത്തു.  ഇതൊക്കെ പറഞ്ഞ് കളിയാക്കിയാല്‍  പി.ടി നിര്‍ദോഷമായി ചിരിക്കും. പുസ്തകക്കെട്ടുകളും ചുരുളന്‍ കടലാസുകളും കുത്തിനിറച്ച ഒരു നീളന്‍സഞ്ചി ചുമലില്‍നിന്ന് വേടിറങ്ങിയ പോലെ പി.ടിയില്‍ ദൃഢമായി നിന്നു. ആരോടും കന്മഷമില്ലാതെ, ആരോടും പരിഭവമില്ലാതെ, ഒന്നിനോടും ആര്‍ത്തിയില്ലാതെ  ഇങ്ങനെ ഒരു ജീവിതം മറ്റൊരാള്‍ക്ക് അസാധ്യമാണ്.  മാപ്പിളപ്പാട്ടിലെ അപൂര്‍വ ഗ്രാമ്യരാഗങ്ങള്‍ തേടി എത്ര ദിവസങ്ങളാണ് ഞങ്ങള്‍  ഒരുമിച്ചു സഞ്ചരിച്ചത്! പി.ടിയോട് അനുയാത്ര ചെയ്യാന്‍ ഏറെ ഉത്സാഹമാണ്.  ആ സരളജീവിതത്തിന് വാഹനവും ഭക്ഷണവും സമയവും ഒരു നിബന്ധനയേയല്ല. ചില ജന്മങ്ങള്‍ അങ്ങനെയാണ്, ഒരു പൂ വിടരുന്നതുപോലെ,  വനജ്യോല്‍സ്‌ന പെയ്യുന്നതു പോലെ. സൗമ്യം, ദീപ്തം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍