Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

മാഞ്ഞുപോയ സൗമ്യസാന്നിധ്യം

ടി.കെ ഉബൈദ്

ഏറെക്കാലം പ്രബോധനം പത്രാധിപ സമിതിയില്‍ ഞങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനായിരുന്ന പി.ടി അബ്ദുര്‍റഹ്മാന്‍ 62-ാം വയസ്സില്‍, ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 19-ന് നമ്മെ വിട്ട് അല്ലാഹുവിങ്കലേക്ക് യാത്രയായി - ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. ദരിദ്രവും അനാഥവുമായ ചുറ്റുപാടുകളെ സ്വപ്രയത്‌നം കൊ് അതിജയിച്ച് മതപരവും ലൗകികവുമായ വിദ്യാഭ്യാസത്തിന്റെ ഉയരങ്ങള്‍ പ്രാപിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മലയാളം, അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ എഴുതിത്തുടങ്ങിയ പി.ടി അന്നേ ഒരു സാഹിത്യ പ്രതിഭയുടെ പിറവി കുറിച്ചിരുന്നു. പഠനം കഴിഞ്ഞ ഉടനെ പ്രബോധനം പത്രാധിപ സമിതിയിലെത്തി. പ്രബോധനത്തിന്റെ ഏതാണ്ടെല്ലാ കോളങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു. ബൗദ്ധിക-ദാര്‍ശനിക വിഷയങ്ങളിലായിരുന്നു കൂടുതല്‍ താല്‍പര്യം.

പി.ടി പ്രബോധനത്തിലുള്ള കാലത്താണ് അമേരിക്കയിലെ കമ്പ്യൂട്ടര്‍ വിദഗ്ധന്‍ റശാദ് ഖലീഫ '19' എന്ന സംഖ്യ മതരംഗത്ത് ഒരു വലിയ ചര്‍ച്ചാ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. ഖുര്‍ആനിന്റെ അമാനുഷികതയും ഇഹ-പര ലോകങ്ങളുമെല്ലാം പത്തൊമ്പതിലധിഷ്ഠിതമാകുന്നു എന്ന മട്ടിലായിരുന്നു പ്രചാരണം. സാധാരണക്കാര്‍ക്ക് പുറമെ ഏറെ പണ്ഡിതന്മാരും ഈ പ്രചാരണത്തില്‍ വീണുപോയിരുന്നു. ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കപ്പെട്ടു. ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഘട്ടത്തില്‍ പി.ടിയാണ് പത്തൊമ്പത് വിശ്വാസം മിഥ്യയാണെന്ന് സമര്‍ഥിക്കുന്ന വിശദമായ ഒരു പഠനം ആദ്യമായി പ്രബോധനത്തില്‍ എഴുതിയത്. അക്കാലത്തെ ഇരുത്തം വന്ന പണ്ഡിതനായ മര്‍ഹൂം മുട്ടാണിശ്ശേരി കോയാക്കുട്ടി മൗലവി അടക്കമുള്ള പത്തൊമ്പത് വാദികള്‍ രൂക്ഷമായി പ്രതികരിച്ചു. ഖണ്ഡനമണ്ഡനങ്ങള്‍ പല ലക്കങ്ങളിലായി തുടര്‍ന്നു. ഒടുവില്‍, പത്തൊമ്പതുകാര്‍ക്ക് നിശ്ശബ്ദരാകേണ്ടതായിത്തന്നെ വന്നു. പത്തൊമ്പതു വാദത്തിന്റ പില്‍ക്കാല പരിണതി പൊതു ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഡോ. അബ്ദുല്‍ ഹഖ് അന്‍സ്വാരിയുടെ സ്വൂഫിസവും ശരീഅത്തും; സര്‍ഹിന്ദി ചിന്തകളുടെ അപഗ്രഥനം, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ സുന്നത്തിന്റെ പ്രാമാണികത തുടങ്ങിയ ഗഹനമായ ഗ്രന്ഥങ്ങള്‍ മലയാള വായനക്കാര്‍ക്ക് സമ്മാനിച്ചത് പി.ടിയാണ്. ചരിത്രകാരനായ സര്‍വത്ത് സൗലത് രചിച്ച ഇസ്‌ലാമിക സമൂഹം: ചരിത്ര സംഗ്രഹം എന്ന നാലു വാല്യങ്ങളുള്ള ബൃഹദ് ഗ്രന്ഥം വിവര്‍ത്തനം ചെയ്തതും അദ്ദേഹമാണ്. ഇവ കൂടാതെയും വിവര്‍ത്തനങ്ങളും സ്വതന്ത്ര ഗ്രന്ഥങ്ങളുമായി അനേകം രചനകള്‍ പി.ടി നിര്‍വഹിച്ചിട്ടുണ്ട്.

ഇസ്‌ലാമിക പ്രസ്ഥാനം 'ബോധനം'  വൈജ്ഞാനിക ത്രൈമാസികയായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ സാരഥ്യം ഏല്‍പിക്കപ്പെട്ടത് പി.ടിയിലായിരുന്നു. ഇസ്‌ലാമിന്റെ തത്ത്വശാസ്ത്രവും സംസ്‌കാരവും ആഴത്തില്‍ വിശകലനം ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ഈ പ്രസിദ്ധീകരണം കേരളത്തിലെ അക്കാദമിഷ്യന്മാരുടെ സവിശേഷ ശ്രദ്ധയും പരിചരണവും നേടുകയുണ്ടായി. ചില സാങ്കേതിക കാരണങ്ങളാല്‍ 'ബോധനം' ത്രൈമാസികക്ക് ഏറെക്കാലം ആ രീതിയില്‍ തുടരാനായില്ല. ആരാമം, യുവസരണി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും പി.ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ബുക് എഡിറ്ററുമായിരുന്നു. ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ അസോസിയേറ്റഡ് എഡിറ്റര്‍ സ്ഥാനം മരണം വരെ തുടര്‍ന്നു.

പി.ടി ഒരു ഗദ്യകാരനും ലേഖനകൃത്തും മാത്രമായിരുന്നില്ല, കവിയും കഥാകൃത്തും പാട്ടെഴുത്തുകാരനും നാടക രചയിതാവും സംവിധായകനും ഒക്കെയായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ട കലാപരിപാടികളില്‍ തെളിഞ്ഞിരുന്നത് പി.ടിയുടെ കലാപ്രതിഭ കൂടിയായിരുന്നു. ധര്‍മധാര ഓഡിയോ-വിഷ്വല്‍ യൂനിറ്റിന്റെ പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്ററായും പ്രസ്ഥാന പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ രൂപം കൊണ്ട തനിമ കലാ സാഹിത്യ വേദിയുടെ വൈസ് പ്രസിഡന്റായും സാംസ്‌കാരിക രംഗത്ത് പ്രശംസനീയമായ സേവനങ്ങളര്‍പ്പിച്ചു.

പാണ്ഡിത്യവും സര്‍ഗശേഷിയും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നുവെങ്കിലും തലക്കനവും ജാഡകളും പി.ടിക്ക് തികച്ചും അന്യമായിരുന്നു. സഅ്ദി പറഞ്ഞ കഥകളും സൂഫി കഥകളും മലയാളികള്‍ക്ക് നല്‍കിയ പി.ടി ഒരുവക സൂഫി ജീവിതമാണ് നയിച്ചിരുന്നത്. ശൈഖിയ്യത്തും മുരീദിയ്യത്തും വിലായത്ത്പരിവേഷങ്ങളുമില്ലാത്ത സൂഫിസമായിരുന്നു അത്. ഇല്ലായ്മയും വല്ലായ്മയും അനുഭവിച്ചുവളര്‍ന്ന പി.ടിക്ക് തന്റെ സതീര്‍ഥ്യരില്‍ പലരെയും പോലെ വിദ്യാഭ്യാസാനന്തരം വിദേശ രാജ്യങ്ങളില്‍ ചേക്കേറിയോ സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നോ കൂടുതല്‍ പണവും പദവിയും ആര്‍ജിക്കാന്‍ കഴിയുമായിരുന്നു. അതിനു മുതിരാതെ തന്റെ ജീവിതം ഇസ്‌ലാമിക പ്രസ്ഥാനത്തിനു സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. ആജീവനാന്തം അതില്‍ തന്നെ തുടര്‍ന്നു. പ്രസ്ഥാനം ആവശ്യപ്പെടുന്ന ഏതു ദൗത്യവും ഏറ്റെടുക്കാന്‍ നിസ്സങ്കോചം സന്നദ്ധനായി. ജോലിയില്‍നിന്ന് സാങ്കേതികമായി വിരമിച്ച ശേഷവും ജമാഅത്തെ ഇസ്‌ലാമിയുടെ സമഗ്ര ചരിത്രം ക്രോഡീകരിക്കാന്‍ പ്രസ്ഥാനം അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. ആ ദൗത്യം പൂര്‍ത്തീകരിക്കാന്‍ വിധി അവസരം നല്‍കിയില്ല.

അവാര്‍ഡുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും നിത്യ മൂല്യമുള്ളവയാണ് പി.ടിയുടെ സാഹിത്യ സംഭാവനകളേറെയും. മരിക്കുന്നതിന് ഏതാനും മാസം മുമ്പ്, ഖത്തറിലെ സൗഹൃദ വേദി അറബിയില്‍നിന്ന് മലയാളത്തിലേക്ക് തര്‍ജമ ചെയ്ത ഏറ്റവും നല്ല ഗ്രന്ഥത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് അദ്ദേഹത്തിന് നല്‍കിയപ്പോള്‍ അത് ഏറ്റവും അര്‍ഹിക്കുന്നയാള്‍ക്ക് ഏറ്റം ഉചിതമായ സമയത്ത് ലഭിച്ച പുരസ്‌കാരമായി. പി.ടി സാഹിത്യം സഗൗരവമായ നിരൂപണവും വിശകലനവും അര്‍ഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകാരായ സുഹൃത്തുക്കള്‍ അതിന് മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ.

ഭൗതിക സുഖഭോഗത്തിലും ആഡംബരത്തിലും പി.ടി ആസക്തനായില്ല. തന്റെ ചെറിയ വരുമാനം കൊണ്ട് സംതൃപ്തനും പ്രശാന്തനുമായി ജീവിച്ചുപോന്നു. സ്വന്തം ആദര്‍ശത്തിലും നിലപാടിലും ഉറച്ചുനില്‍ക്കുമ്പോഴും, തീവ്രതയും പിടിവാശിയും തീണ്ടാത്ത വ്യക്തിത്വമായിരുന്നു പി.ടിയുടേത്. ഏതു കാര്യത്തിലും എപ്പോഴും തേടിയത് സമാധാനവും സമവായവും സഹകരണവുമാണ്. ആ സ്വഭാവം ആദര്‍ശത്തിലും വീക്ഷണത്തിലും വിരുദ്ധ പക്ഷത്തു നില്‍ക്കുന്നവരുടെ കൂടി മതിപ്പും സൗഹൃദവും അദ്ദേഹത്തിനു നേടിക്കൊടുത്തു. പി.ടിയുടെ സാവകാശമുള്ള നടപ്പും ലളിതമായ വേഷവും പതിഞ്ഞ സംസാരവും 'പരമകാരുണികന്റെ ഇഷ്ടദാസന്മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നു' എന്ന ഖുര്‍ആന്‍ വാക്യം വര്‍ണിക്കുന്ന വിശ്വാസിയുടെ സൗമ്യസാന്നിധ്യമായിരുന്നു നമുക്ക് നല്‍കിയത്.

പി.ടിയുടെ മരണം ആകസ്മികമായിരുന്നില്ല. എന്നാല്‍ മരണത്തിലേക്ക് നയിച്ച കരള്‍ രോഗം തീരെ അപ്രതീക്ഷിതമായിരുന്നു. വൈദ്യശാസ്ത്രം നിസ്സഹായമാകുന്ന ചില രോഗങ്ങള്‍ ഇനിയും ഉണ്ട് എന്ന അറിവ് നമ്മെ ആകുലപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. പി.ടിയെപ്പോലൊരു സാത്വികന് ഇങ്ങനെയൊരു ഉദര രോഗം എങ്ങനെ വന്നു എന്ന് ചോദിക്കേണ്ടതില്ല. അല്ലാഹു അവന്റെ ഇഷ്ടദാസന്മാരെ കൂടുതല്‍ വിമലീകരിക്കാന്‍ സ്വീകരിക്കുന്ന രീതികള്‍ ചിലപ്പോള്‍ വിചിത്രമായി തോന്നും. അതിന്റെ ന്യായവും നീതിയും നമുക്ക് വിശദീകരിക്കാനാവില്ല. ചെന്നൈയില്‍നിന്ന് ചികിത്സ നിര്‍ത്തി തിരിച്ചുവന്ന്, തന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്ന് ഏതാണ്ട് ഉറപ്പായ സന്ദര്‍ഭത്തിലാണ് പി.ടി ഭാര്യയെയും കൂട്ടി ഹജ്ജിനു പോകുന്നത്. യാത്ര അപകടമാണെന്നും ഒഴിവാക്കണമെന്നും പലരും ഉപദേശിച്ചു. പി.ടിയുടെ തീരുമാനത്തിന് ഇളക്കമുണ്ടായില്ല. അദ്ദേഹം ജീവനോടെ തിരിച്ചെത്തുകയില്ലെന്ന് ആശങ്കിച്ചവര്‍ ഏറെയാണ്. ആശങ്കകള്‍ അസ്ഥാനത്താക്കിക്കൊണ്ട് അദ്ദേഹം ഭംഗിയായി ഹജ്ജ് നിര്‍വഹിച്ചു തിരിച്ചെത്തി.

'സാധുവായ ഹജ്ജ് ചെയ്തു കഴിയുമ്പോള്‍ സത്യവിശ്വാസി നവജാത ശിശുവിനെപ്പോലെ പരിശുദ്ധനാകുന്നു' എന്നാണല്ലോ നബിവചനം. നേരത്തേ നിര്‍മലനായ അബ്ദുര്‍റഹ്മാന്‍ സാഹിബ് വീണ്ടും ശുദ്ധീകരിക്കപ്പെട്ട് നവജാത ശിശുവിനെപ്പോലെയായ ശേഷമാണ് അല്ലാഹുവിങ്കലേക്ക് തിരിച്ചിരിക്കുന്നത്. വിശുദ്ധരായ മലക്കുകളുടെ കാരുണ്യഹസ്തങ്ങള്‍ അദ്ദേഹത്തിന്റെ ആത്മാവിനെ നവജാത ശിശുവിനെയെന്നോണം കനിവോടെ ഏറ്റുവാങ്ങുകയും പരിലാളിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം; പ്രാര്‍ഥിക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍