Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

നിയമനടപടികള്‍ ശക്തമാക്കണം

ടി. അബ്ദുര്‍റഹ്മാന്‍ തിരൂര്‍ക്കാട്

അഡ്വ. സി. അഹ്മദ് ഫായിസിന്റെ മതപരിവര്‍ത്തനത്തിന്റെ നിയമ സങ്കീര്‍ണതകള്‍ എന്ന ലേഖനം (ലക്കം 17) സന്ദര്‍ഭോചിതമായി.

സഹോദരസമുദായത്തില്‍നിന്നും ഇസ്‌ലാമിലേക്ക് വരാന്‍ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭവിഷ്യത്തുകളും നിയമ കുരുക്കുകളും അവരെ ഭയചകിതരാക്കുന്നു. വര്‍ഷങ്ങളോളം ഗള്‍ഫില്‍ താമസിക്കുകയും അവിടെ ഉന്നത സ്ഥാനത്ത് എത്തുകയും ചെയ്ത ചില സഹോദരങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത്തരക്കാര്‍ക്ക് കോടതികളോ സാമൂഹിക സുരക്ഷാ സ്ഥാപനങ്ങളോ യാതൊരു സംരക്ഷണവും നല്‍കാന്‍ സന്നദ്ധമാകുന്നില്ല. സ്ത്രീകളുടെ സ്ഥിതിയാണ് കൂടുതല്‍ സങ്കടകരം. നിയമങ്ങളുണ്ടെങ്കിലും അവ ഏട്ടിലെ പശു മാത്രമാണ്. ചിലപ്പോള്‍ പ്രതികൂലമായും അവ വ്യാഖ്യാനിക്കപ്പെടുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹണങ്ങളാണ് ലേഖനത്തില്‍ പറഞ്ഞ ദേവകി (ആഇശ)യുടെയും തദേവാസു (അബൂത്വാലിബ്) ന്റെയും കേസുകള്‍. അവരുടെ ആഗ്രഹവും വസിയ്യത്തുമനുസരിച്ചല്ല മരണാനന്തര ചടങ്ങുകള്‍ പോലും നടത്തപ്പെടുന്നത്. സൈമണ്‍ മാസ്റ്ററോടും നജ്മല്‍ ബാബുവിനോടും സാക്ഷര കേരളം അനുവര്‍ത്തിച്ച നിലപാടെന്തായിരുന്നുവെന്ന് നമുക്കറിയാം. അതേസമയം യു.പിയില്‍ 12 കുടുംബങ്ങള്‍ ഹിന്ദു മതത്തിലേക്ക് മാറിയപ്പോള്‍ ഒറ്റയിരുപ്പില്‍ അവരുടെ പേരുകള്‍ മാറുന്നതിനോ സൗജന്യങ്ങള്‍ അനുവദിക്കുന്നതിനോ യാതൊരു നിയമതടസ്സവുമുണ്ടായില്ല. എന്നാല്‍ ഇസ്‌ലാം സ്വീകരിച്ചവരുടെ അവസ്ഥ ഇതല്ല. ആഇശ കേസില്‍ ഇപ്പോള്‍ വന്ന വിധി ആശ്വാസകരമാണെങ്കിലും അതേനിയമം മറ്റു മുസ്‌ലിം പരിവര്‍ത്തിതര്‍ക്കു കൂടി ബാധകമാക്കാന്‍ ബ്യൂറോക്രാറ്റുകള്‍ സമ്മതിക്കുന്നില്ലെന്ന് ലേഖകന്‍ സൂചിപ്പിക്കുന്നു. പുരാതന കാലം മുതല്‍ പഠനവും സഹായവും നല്‍കുന്ന പൊന്നാനി മഊനത്തും കോഴിക്കോട് തര്‍ബിയത്തും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമപ്രാബല്യമില്ലെന്നത് നമ്മുടെ പൊതുധാരണക്ക് വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ മുസ്‌ലിം സംഘടനകള്‍ ഐക്യത്തോടെ ശബ്ദമുയര്‍ത്തേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന്, സമുദായ സംഘടനകളുടെ ഉന്നത പാഠശാലകളില്‍ മുസ്‌ലിം പരിവര്‍ത്തിതര്‍ക്ക് പഠിക്കാനും പരിശീലിക്കാനും സംവിധാനമുണ്ടാക്കുക. അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുക. രണ്ട്, കേരളത്തിലുള്ള വഖ്ഫ് ബോര്‍ഡുകളുടെ ഡിവിഷനല്‍ ഓഫീസുകളെ മതം മാറ്റത്തിന് അപേക്ഷിക്കാനും സാക്ഷ്യപ്പെടുത്താനുമുള്ള അതോറിറ്റിയായി നിയമിക്കുക. സമുദായത്തിന്റെ സംഘടിത ശബ്ദത്തെ അധികാരികള്‍ക്ക് അവഗണിക്കാന്‍ സാധ്യമല്ല. ഇതിന്റെ തെളിവാണ് അടുത്ത കാലത്ത് ദേശീയ നിയമ കമീഷന്‍ ഏക സിവില്‍കോഡിന് വിരുദ്ധമായി സമര്‍പ്പിച്ച റിപ്പോര്‍ട്ട്.  മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ആഹ്വാന പ്രകാരം വിവിധ മുസ്‌ലിം സംഘടനകള്‍ നിരവധി ഇമെയിലുകള്‍ കമീഷന് അയക്കുകയുണ്ടായി. മുസ്‌ലിം സമൂഹത്തിന്റെ വികാരം അവര്‍ തിരിച്ചറിഞ്ഞു. അതനുസരിച്ചാണ് അവര്‍ റിപ്പോര്‍ട്ട് തയാറാക്കിയതും.

 

 

 

 

നൂഹ് നബിയുടെ ഇഛാശക്തി

'സോളിഡാരിറ്റി മുന്നറിയിപ്പ് തന്നിരുന്നു ദുരന്തത്തെകുറിച്ച്' എന്ന സമദ് കുന്നക്കാവിന്റെ ലേഖനം (2018 ഒക്ടോബര്‍ 05) വായിച്ചു. പ്രകൃതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള  വികസനത്തിനു സോളിഡാരിറ്റി നടത്തിയ ഇടപെടലുകള്‍ കേരളീയ പൊതുസമൂഹത്തില്‍ പ്രസ്ഥാനത്തിനു ശ്രദ്ധേയമായൊരിടം നേടിക്കൊടുത്തു. ആഗോളതാപനം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഇത്തരുണത്തില്‍ സുസ്ഥിര  ഹരിത വികസന നയങ്ങളും നിയമങ്ങളും നാം കൃത്യമായി രൂപപ്പെടുത്തേണ്ടതുണ്ട്. മരുപ്പച്ചയെ കാക്കാന്‍ ഗള്‍ഫ് നാടുകള്‍ കാണിക്കുന്ന ഉത്സാഹം അത്ഭുതാവഹവും കേരളത്തെപ്പോലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടുകള്‍ക്ക് മാതൃകയുമാണ്. ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ചും  പരമ്പരാഗത പുനരുപയോഗ ഊര്‍ജമേഖലയിലെ ഗവേഷണ വികസന സാധ്യതകളെപ്പറ്റിയുമുള്ള അവബോധം വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കാന്‍ സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. വികസനത്തിന്റെ വിപത്തുകള്‍ പ്രവചിക്കുന്നതിനോടൊപ്പം ബദല്‍ സംരംഭത്തിലൂടെ പ്രായോഗിക മാതൃകകള്‍ കാണിച്ചുകൊടുക്കാന്‍ നാം മുന്നോട്ട് വരേണ്ടതുണ്ട്. 'പൊതുബോധത്തി'ന്റെ പരിഹാസം വകവെക്കാതെ മഹാപ്രളയത്തെ നേരിടാന്‍ മരുഭൂമിയില്‍ പേടകം നിര്‍മിച്ച നൂഹ് നബിയുടെ ഇഛാശക്തി നാം നെഞ്ചിലേറ്റണം. 

ഷഫീഖ് നെല്ലിയോട്ട്, ദുബൈ 

 

 

 

പരിഹാര മാര്‍ഗങ്ങള്‍ എന്താണ്?

കുറേ വസ്തുതകളുടെ പ്രതിപാദ്യം കൊണ്ടുമാത്രം ഒരു ലേഖനം പ്രസക്തമാവുന്നില്ല. പാഠപുസ്തകങ്ങളിലെ ഉള്ളടക്കം മാത്രമാണ് ഇതില്‍നിന്ന് വ്യത്യസ്തം. പത്രമാസികകളിലാവുമ്പോള്‍ കാലികപ്രാധാന്യം, എഴുത്തിലെ സവിശേഷതകള്‍, ഉദ്‌ബോധന പ്രബോധന ദൗത്യം, പുതിയ ചിന്താധാരകളുടെ അവതരണം തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ലേഖനം ഒരു ഭരണകൂടത്തെയോ ഭരണാധികാരിയെയോ പറ്റിയാകുമ്പോള്‍ അതിനെ മറ്റുള്ളവയില്‍നിന്ന് വ്യതിരിക്തമാക്കുന്ന സവിശേഷതകളും പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്.

'ഈ വ്യാപാരയുദ്ധം തുര്‍ക്കി മറികടക്കും' എന്ന വി.വി ശരീഫ് സിംഗപ്പൂരിന്റെ വിശകലനമാണ് (2018 ഒക്‌ടോബര്‍ 5) ഈ കുറിപ്പിനാധാരം. തുര്‍ക്കി നാണയമായ ലീറ അമേരിക്കന്‍ ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഒരു ഡോളറിന് 7.24 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതിന്റെ സ്വാഭാവിക കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ലേഖനം. തുര്‍ക്കിക്കൊപ്പം പുതിയ സാമ്പത്തിക ശക്തികളായി ഉയരുന്ന റഷ്യ, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും അവയുടെ നാണയങ്ങളുടെ വിലയിടിയുന്നതായി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തുര്‍ക്കി നാണയത്തിന്റെ വിലയിടിയാനുള്ള കാരണങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഭരണാധികാരിയായ ഉര്‍ദുഗാനെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമം ലേഖനത്തിലുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പല പരാമര്‍ശങ്ങളും. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന മറ്റു രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി തുര്‍ക്കിയുടെ മേല്‍ ചുമത്തിയതും രാഷ്ട്രീയ വടംവലികളുമൊക്കെയാണ് വിലയിടിവിന് കാരണമായി ലേഖകന്‍ കാണുന്നത്. അന്താരാഷ്ട്ര നാണയ മാര്‍ക്കറ്റിലെ ഭീമന്മാരുടെ ഊഹാധിഷ്ഠിത ഇടപെടലുകളാണ് തുര്‍ക്കി കറന്‍സിയെ കൂപ്പ് കുത്തിച്ചതെന്നും ഉര്‍ദുഗാനെ ഉദ്ധരിച്ചുകൊണ്ട് ലേഖകന്‍ പറയുന്നു. ലേഖനത്തില്‍ അക്കമിട്ടു നിരത്തുന്ന കാരണങ്ങളെ കാരണങ്ങളായി അംഗീകരിച്ചുകൊണ്ടുതന്നെ ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ടല്ലോ. ഇവയൊക്കെ തരണം ചെയ്യാന്‍ ഭരണകൂടം എന്തു നടപടികളാണ് സ്വീകരിച്ചത്? ഇതിനുള്ള മറുപടിയെ ആശ്രയിച്ചാണ് 'ഈ വ്യാപാര യുദ്ധം തുര്‍ക്കി മറികടക്കും' എന്ന ലേഖകന്റെ അവകാശവാദത്തെ വിലയിരുത്തേണ്ടത്. പക്ഷേ, ഇതിനുള്ള മറുപടിയായി ലേഖകന്‍ കാണുന്ന ഒന്നാമത്തെ കാര്യം ഉര്‍ദുഗാന്റെ ആത്മവിശ്വാസവും, ആത്മവിശ്വാസം ഒരു ഭരണാധികാരിയുടെ വാചകമടിയല്ല എന്ന ലേഖകന്റെ വിശ്വാസവുമാണ്. നല്ലതു തന്നെ. എന്നാല്‍ അതിനായി നടപ്പിലാക്കുന്ന പ്രായോഗിക മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? 'അമേരിക്കയെപോലുള്ള വന്‍ സാമ്പത്തിക ശക്തിക്ക് കടിഞ്ഞാണിടാന്‍ അത്രയെളുപ്പം സാധിക്കില്ല' എന്ന പരാമര്‍ശം പരിഹാരം വിദൂരമാണെന്ന സൂചനയാണ് നല്‍കുന്നത്. അതേ അവസരത്തില്‍ ഉര്‍ദുഗാനെപ്പോലെയുള്ള ശക്തനും തന്റേടിയുമായ നേതാവ് തുര്‍ക്കിയിലുള്ളപ്പോള്‍ തുര്‍ക്കിയെ അത്ര പെട്ടെന്ന് മുട്ടുകുത്തിക്കാന്‍ സാധിക്കുകയില്ല എന്ന ലേഖകന്റെ ആത്മവിശ്വാസം സാക്ഷാത്കൃതമാകട്ടെ എന്ന് പ്രാര്‍ഥിക്കാം.

പി.എ.എം അബ്ദുല്‍ഖാദര്‍

 

 

 

 

അഹങ്കാരം കൊണ്ട് പാര്‍ട്ടികള്‍ തകരുന്നത്

പി.എച്ച് മുഹമ്മദ് പന്തളം ദുരിതാശ്വാസ ക്യാമ്പിനെക്കുറിച്ചെഴുതിയ 'അനുഭവം' (2018 ഒക്‌ടോബര്‍ 5) വായിച്ചപ്പോള്‍ സങ്കടവും അത്ഭുതവും അനുഭവപ്പെട്ടു. ഒരുവശത്ത് മനുഷ്യ സ്‌നേഹത്തിന്റെയും സേവനമനസ്സിന്റെയും ഉദാത്ത മാതൃകകള്‍ കണ്ണുനീരോടെ വായിക്കുമ്പോള്‍, മറുവശത്ത് രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ സങ്കുചിത ഇടപെടലുകള്‍ ആശങ്കയുണ്ടാക്കുന്നു. രാഷ്ട്രീയാന്ധതയും അധികാരഹുങ്കും ഒരു കൂട്ടരെ അടക്കി ഭരിക്കുമ്പോള്‍, അവര്‍ക്ക് മനുഷ്യന്റെ വേദനയേക്കാള്‍ പാര്‍ട്ടി താല്‍പര്യമാണ് പ്രധാനമെന്നതിന്റെ വ്യക്തമായ തെളിവുകളാണ് പന്തളം ദുരിതാശ്വാസ ക്യാമ്പില്‍ കാണാന്‍ കഴിഞ്ഞത്. സാധാരണക്കാരുടെ പ്രയാസങ്ങള്‍ കാണാതെ തങ്ങളുടെ അധികാര സംരക്ഷണം ലക്ഷ്യമാക്കിയ സഖാക്കള്‍ക്ക് പശ്ചിമബംഗാളും മറ്റും കൈവിട്ടുപോയതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരം. ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാനുള്ള കഴിവ് പോലും ഇവര്‍ക്കില്ലാതായല്ലോ! പന്തളത്ത് ഭരണകൂടവും ഉദ്യോഗസ്ഥരും കൂട്ടുനിന്നിട്ട് പോലും ജനങ്ങള്‍ എന്തുകൊണ്ട് പാര്‍ട്ടിക്കൊപ്പം നിന്നില്ല എന്നത് മറ്റൊരു പാഠമാണ്. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം അനീഷ് യൂസുഫ്, രണ്ടാഴ്ച മാത്രം പ്രായമായ തന്റെ കുഞ്ഞിനെയും പ്രസവിച്ചു കിടക്കുന്ന ഭാര്യയെയും, വൃദ്ധയായ മാതാവിനെയും നോക്കി കോരിച്ചൊരിയുന്ന മഴയത്ത് മരണത്തോട് മല്ലടിച്ച് നാട് മുഴുവന്‍ മരണമുഖത്താവുമ്പോള്‍ കുടുംബത്തെ മാത്രം രക്ഷിക്കുന്നതല്ല നാട്ടുകാരെ കൂടി രക്ഷപ്പെടുത്തുന്നതാണ് ഇസ്‌ലാമിക പ്രവര്‍ത്തനമെന്ന് തൊണ്ടയിടറി പറഞ്ഞത് സഖാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് രാഷ്ട്രീയ തിമിരം ബാധിച്ചതുകൊണ്ടു തന്നെയാണ്.

കുഴപ്പങ്ങളുണ്ടാക്കാന്‍ എളുപ്പമാണ്, ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നത് അല്‍പം പ്രയാസകരവും. എളുപ്പമുള്ളതാണ് സി.പി.എം തെരഞ്ഞെടുക്കുന്നതെങ്കില്‍ അത് പാര്‍ട്ടിയുടെ നാശത്തിനും എളുപ്പമായിരിക്കുമെന്ന് ഓര്‍ത്താല്‍ നന്ന്.

പാലാഴി മുഹമ്മദ് കോയ (പരപ്പനങ്ങാടി)

 

 

 

പ്രസ്ഥാനത്തിലേക്ക് വഴിതെളിയിച്ച 'തറ' പ്രസംഗം

കോട്ടയം ജില്ലയിലെ മുണ്ടക്കയത്തുനിന്ന് 1980-'85 കാലത്ത് കോഴിക്കോട് പട്ടുതെരുവ് (ബോംബെ ഹോട്ടലിനു) സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലിയാവശ്യാര്‍ഥമാണ് എത്തിപ്പെടുന്നത്. ദീനീവിജ്ഞാനം കുറവായിരുന്നു. വെള്ളിയാഴ്ച ജുമുഅക്ക് മാത്രം നിര്‍ബന്ധമായി പങ്കെടുത്താല്‍ മതി എന്നു കരുതിയിരുന്ന മതബോധത്തിന്റെ കാലം. അടുത്തുള്ള പള്ളികളില്‍ ജുമുഅക്ക് മുടങ്ങാതെ പങ്കെടുത്തു. എന്നാല്‍ കോര്‍പറേഷന്‍ ഓഫീസിന് അടുത്തുള്ള മൂന്നാലിങ്ങല്‍ പള്ളിയില്‍ ഒരു ജുമുഅക്ക് പോകുകയും പണ്ഡിത ശ്രേഷ്ഠനായ സെയ്തുമുഹമ്മദ് നിസാമിയുടെ ഖുത്വ്ബക്ക് മുമ്പുള്ള 'തറ' പ്രസംഗം കേള്‍ക്കുകയും ചെയ്തു. ദീനീകാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിത്തന്നത് ആ പ്രസംഗങ്ങളായിരുന്നു. ഖുര്‍ആനെ കുറിച്ചുള്ള പ്രസംഗത്തില്‍ 'മീം' ഇല്ലാത്ത അധ്യായം ഏതെന്ന് നിങ്ങള്‍ക്കറിയാമോ എന്ന ചോദ്യത്തോടെയുള്ള സൂറ അല്‍കൗസറിനെ കുറിച്ചുള്ള വിശദീകരണം ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. അങ്ങനെ സുന്നീ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ ഖുത്വ്ബകള്‍ ഇസ്‌ലാം എന്താണെന്നും മുസ്‌ലിം എങ്ങനെയാകണമെന്നും മനസ്സിലാക്കിത്തരുകയും അവസാനം ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് ജമാഅത്തെ ഇസ്‌ലാമിയെ തെരഞ്ഞെടുക്കാനുള്ള ഭാഗ്യം ലഭിക്കുകയും ചെയ്തു. ഇത്തരം മുസ്‌ലിം പണ്ഡിതന്മാരെ കുറിച്ചുള്ള അനുസ്മരണങ്ങള്‍ വായനക്കാര്‍ക്ക് അവരെ അറിയാനും ഓര്‍ത്തുവെക്കാനും സഹായകമാകും.

അബ്ദുര്‍റസാഖ്, മുണ്ടക്കയം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍