Prabodhanm Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

ഇസ്‌ലാമിക കേരളത്തിന്റെ വിപ്ലവസ്വപ്നങ്ങള്‍ക്ക് താളമിട്ട റഹ്മാന്‍ മുന്നൂര്

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, JIH കേരള)

ജനാബ് പി.ടി അബ്ദുര്‍റഹ്മാന്‍ സാഹിബിനെ അല്ലാഹു തിരിച്ചുവിളിച്ചു. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍.

മരിക്കുന്നതിന് കുറച്ച് നാള്‍ മുമ്പ് റഹ്മാന്‍ മുന്നൂരിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. അവിചാരിതമായി ഒരല്‍പം ദീര്‍ഘമായി സംസാരിക്കാന്‍ കഴിഞ്ഞു. ''ഹിറാ സെന്ററില്‍ മുകളിലേക്ക് കയറാന്‍ എനിക്കിനി കഴിയണമെന്നില്ല. പക്ഷേ താഴെ നിലയില്‍ 'തനിമ'യിലിരുന്ന് എന്നെ ഏല്‍പിക്കുന്ന ഉത്തരവാദിത്തം എനിക്ക് ചെയ്യാനാവും''- അതായിരുന്നു റഹ്മാന്‍ മുന്നൂര്. ജീവിതാന്ത്യം വരെ എങ്ങനെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് നല്‍കാനാവും എന്നായിരുന്നു ആ ബഹുമുഖ പ്രതിഭ ആലോചിച്ചത്.

രോഗത്തിന്റെ പിടിയിലമര്‍ന്നുകഴിഞ്ഞതിനു ശേഷമാണ് വിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തിയത്. ഗുരുതരാവസ്ഥയുടെ ആഴമറിയുന്ന സഹപ്രവര്‍ത്തകരും പ്രസ്ഥാന പ്രവര്‍ത്തകരും യാത്രയെ നിരുത്സാഹപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ പറയണമെന്ന നിര്‍ദേശവുമായി ചിലരെല്ലാം എന്നെയും ബന്ധപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അനുഭവം മറിച്ചായിരുന്നു. ഹജ്ജിനുള്ള എല്ലാ തയാറെടുപ്പും പൂര്‍ത്തിയാക്കി, യാത്ര പുറപ്പെടാനുള്ള തീയതിയും കാത്തിരിക്കുന്ന പി.ടിയെയും നിര്‍ലോഭമായ പിന്തുണയുമായി കൂടെ നില്‍ക്കുന്ന കുടുംബത്തെയുമാണ് കണ്ടത്. എന്നാല്‍ പിന്നെ അല്ലാഹു തീരുമാനിക്കട്ടെ എന്നുറപ്പിക്കാനേ എനിക്കായുള്ളൂ. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.

ഹജ്ജ് യാത്ര പുറപ്പെടുന്ന ദിവസം സ്വുബ്ഹിനു ശേഷം ഒരിക്കല്‍കൂടി അദ്ദേഹത്തെ വിളിച്ചു. ഫോണെടുത്ത സഹധര്‍മിണി: ''എല്ലാം പൂര്‍ത്തിയാക്കി നമസ്‌കാരവും കഴിഞ്ഞ് ഇറങ്ങാനായി അദ്ദേഹം കാത്തിരിക്കുന്നു, ഞങ്ങളാണിനിയും ഒരുങ്ങിത്തീരാത്തത്.''

ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍  നൈരന്തര്യം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു പി.ടി അബ്ദുര്‍റഹ്മാന്‍ എന്ന റഹ്മാന്‍ മുന്നൂര്. വേദികളിലായിരുന്നില്ല, വേദിക്ക് പിറകിലായിരുന്നു അദ്ദേഹം നിലയുറപ്പിച്ചത്. ബഹുഭാഷാ പണ്ഡിതന്‍, വിവര്‍ത്തകന്‍, ഗ്രന്ഥരചയിതാവ്, ഗാനരചയിതാവ്, കവി, മാധ്യമ പ്രവര്‍ത്തകന്‍, നാടകകൃത്ത് എന്നീ നിലകളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ അദ്ദേഹം അണിയിച്ചൊരുക്കി. കേരള മുസ്‌ലിം സമുദായം അദ്ദേഹത്തെ അനുഭവിച്ചതും അങ്ങനെത്തന്നെ. ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ മൂന്നാം തലമുറയെ പ്രതിനിധീകരിക്കുന്നുണ്ട് അദ്ദേഹം.

ഒരു സര്‍ഗപ്രതിഭയായിരിക്കെ തന്നെ വന്നു ചേര്‍ന്നേക്കാവുന്ന മാലിന്യങ്ങളില്‍നിന്നെല്ലാം അകലം കാക്കാന്‍ പി.ടിക്ക് കഴിഞ്ഞു. അതിന് കാരണം ജീവിതത്തിന് അദ്ദേഹം നല്‍കിയ സാത്വികഭാവമായിരുന്നു. തഖ്‌വയും ഇഖ്‌ലാസ്വും ചാലിച്ച നടപ്പും ഇരിപ്പും നടത്തവും. എല്ലാറ്റിലും തികഞ്ഞ വിനയമായിരുന്നു പി.ടി. അറിവിന്റെ ആഴവും പരപ്പും തെല്ലുമേ അഹങ്കാരിയാക്കിയില്ല. അല്ലാഹുവിന്റെ മുന്നില്‍ അദ്ദേഹം സമര്‍പ്പിക്കുന്നതും ആ വിനയജീവിതം തന്നെയായിരിക്കും.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ എല്ലാ രചനാമേഖലകളിലും അദ്ദേഹത്തിന്റെ തൂലികാ സ്പര്‍ശമുണ്ട്. പ്രബോധനം വാരിക ബോധനമായി പ്രസിദ്ധീകരിച്ചുകൊിരുന്നപ്പോള്‍ അതിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. പിന്നെ ആരാമം പത്രാധിപരായി. ഗവേഷക സ്വഭാവത്തില്‍ ബോധനം ത്രൈമാസിക ആരംഭിച്ചപ്പോള്‍ അതിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായത് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തില്‍ അര്‍പ്പിച്ച വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയുടെ പ്രശസ്ത കൃതി 'സൂഫിസവും ശരീഅത്തും: സര്‍ഹിന്ദി ചിന്തകളുടെ അപഗ്രഥനം' എന്ന തലക്കെട്ടില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് മുന്നൂരായിരുന്നു. ആ വിവര്‍ത്തനത്തിനായി നടത്തിയ അനുബന്ധ വായനയുടെ പട്ടിക കണ്ടാലറിയാം പി.ടിയുടെ വിജ്ഞാന സാധനയും ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും. വിഖ്യാത ഇസ്‌ലാമിക ചരിത്രകാരനായ സര്‍വത് സൗലത്തിന്റെ 'ഇസ്‌ലാമിക സമൂഹം ചരിത്ര സംഗ്രഹം' മലയാളി വായിച്ചതും പി.ടിയുടെ വിരല്‍ തുമ്പിലൂടെ. 

സാഹിത്യവും ഗാനരചനയും സംഗീതവുമായിരിക്കണം മുന്നൂരിന്റെ ഇഷ്ട മേഖല. ആവിഷ്‌കാരത്തിന്റെയും ആസ്വാദനത്തിന്റെയും അനന്ത സാധ്യതകള്‍ തേടി ഇസ്‌ലാമിന്റെ അതിര്‍വരമ്പില്‍ ചെന്നു നിന്ന് രചന നിര്‍വഹിക്കാനല്ല അദ്ദേഹം മുതിര്‍ന്നത്. അപ്പുറത്തേക്ക് സാകൂതം എത്തി നോക്കിയുമില്ല. മറിച്ച് കാലത്തോട് തനിക്കും കലക്കുമുള്ള ബാധ്യതകളെ തിരിച്ചറിഞ്ഞു; ആ വഴിയേ സഞ്ചരിച്ചു. ഇസ്‌ലാമിക കേരളത്തിന്റെ വിപ്ലവ സ്വപ്‌നങ്ങളോട് യാഥാര്‍ഥ്യബോധത്തോടെ അദ്ദേഹത്തിന്റെ ഭാവനകള്‍ താളമിട്ടപ്പോഴാണ് 'ഈ തമസ്സിനപ്പുറത്തൊരു തെളിച്ചമുണ്ടോ...' എന്ന മനോഹാര ഗാനം പിറന്നത്. ഇസ്‌ലാമിക ലോകത്തെ ഋതുഭേദങ്ങളെ അതിജീവിച്ച് ഇന്നും നമ്മുടെ ചുണ്ടുകളില്‍ 'ഹുദ് ഹുദ്' ആയി പാട്ടു പാടി പറന്നെത്തുന്നു ആ വരികള്‍. ഇസ്‌ലാമിന്റെ ഭൂമിയില്‍ സാമ്രാജ്യത്വവും സയണിസവും 'ചെന്നിണമൊഴുക്കി' 'ചിറകടിച്ച് പാറി'യപ്പോള്‍ 'ചങ്കുപൊട്ടുമാറുക്കെ' ഉയര്‍ന്ന മുസ്‌ലിം രോദനങ്ങളോടും ആകുലതകളോടും മലയാളി മനസ്സിനെ ഐക്യപ്പെടുത്തിയത് പി.ടിയുടെ 'ഒലിവു കൊമ്പുകളാടി'യുള്ള 'ശാന്തി തന്‍ഗീത'ങ്ങളായിരുന്നു. ദീപ്തമായ ഇസ്‌ലാമിനെ താല്‍പര്യങ്ങള്‍ക്കു വേണ്ടി വികൃതമാക്കുന്ന ഉമറാക്കളെയും ഉലമാക്കളെയും പാട്ടുകെട്ടി ചെറുത്തു നിന്നു... അങ്ങനെ, ഒരു കാലത്തിന്റെ ഹൃദയസ്പന്ദനമാവാന്‍ റഹ്മാന്‍ മുന്നൂരിന് കഴിഞ്ഞു.

പി.ടി അബ്ദുര്‍റഹ്മാന്‍ ആരുമാകാന്‍ കൊതിച്ചില്ല. സാധാരണക്കാരനായി ജീവിച്ചു. അറിവിന്റെയും കലയുടെയും സാഹിത്യത്തിന്റെയും മാത്രം ലോകത്ത് വിരാജിച്ചില്ല. തന്റെ ഗ്രാമത്തിന്റെ നാഡിമിടിപ്പുകളോടൊപ്പം അദ്ദേഹം നിന്നു. നാട്ടുകാരെയും നാടിനെയും അതിരറ്റ് സ്‌നേഹിച്ചു. നാട്ടുകാരുടെ നന്മക്കായി പലതും ചെയ്തു. നാടിനെ കുറിച്ച് പാടി. മരണാനന്തരം തന്റെ ഗ്രാമത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മഹല്ല് ഖാദി നടത്തിയ പ്രഭാഷണത്തിലുണ്ട് പി.ടിയോടുള്ള ആ നാടിന്റെ കടപ്പാട്.

ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് ഏറെയുണ്ട് പി.ടിയില്‍നിന്ന് പഠിക്കാന്‍. അതിരുകളില്ലാത്ത വിനയവും കരുതിവെപ്പില്ലാത്ത സമര്‍പ്പണ സന്നദ്ധതയുമാണ് അതില്‍ പ്രധാനം. ഇസ്‌ലാമിക പ്രസ്ഥാനത്തോടുള്ള അനുസരണത്തിന്റെ കാര്യത്തിലും പി.ടി മാതൃകയാണ്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുള്ള വ്യക്തിത്വം. അതിമോഹങ്ങളില്ല, അതിവാദങ്ങളുമില്ല. അല്ലാഹു നല്‍കിയ കഴിവും ശേഷിയും വികസിപ്പിക്കുക, സാധന കണക്കെ ആ ദൗത്യമേറ്റെടുക്കുക, അല്ലാഹുവിനെ മാത്രം ബോധ്യപ്പെടുത്തുക- 'ഒരു മനുഷ്യായുസ്സ് സുജൂദില്‍ കിടന്നാലും' അല്ലാഹുവിന്റെ 'ഒരു നുള്ള് സ്‌നേഹത്തിന്‍ വിലയാവുകില്ലല്ലോ' എന്ന നിതാന്തബോധമായിരുന്നു പി.ടിയുടെ ജീവിതത്തിന്റെ ഈരടികള്‍.

അല്ലാഹുവേ, നിന്നിലേക്കെത്തിയ പി.ടി അബ്ദുര്‍റഹ്മാന്‍ സാഹിബിനെ നീ സ്വീകരിക്കണേ, നിന്റെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി ജന്നാത്തുല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിക്കണേ, അദ്ദേഹത്തിന്റെ വിയോഗത്തില്‍ പ്രയാസമനുഭവിക്കുന്ന കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ആശ്വാസം നല്‍കണേ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍