Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 26

3073

1440 സഫര്‍ 16

ഖൈബറിലെ ജൂതന്മാര്‍

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-75) 

മദീനയുടെ വടക്കു ഭാഗത്താണ് ഖൈബര്‍. ഞാന്‍ ആ പ്രദേശം ഏതാനും സുഹൃത്തുക്കളുമൊന്നിച്ച് സന്ദര്‍ശിച്ച സമയത്ത്, മദീനയില്‍വെച്ച് ഞങ്ങളുടെ കാറിന്റെ മീറ്ററില്‍ കണ്ടത് 36949 എന്നായിരുന്നു; ഖൈബറിലെത്തിയപ്പോള്‍ അത് 37133 ആയി. അതായത് 184 കി.മീറ്ററാണ് ഇരു പ്രദേശങ്ങളും തമ്മിലുള്ള അകലം. ഇവിടത്തെ താഴ്‌വരകളില്‍ നല്ല മഴ ലഭിക്കുന്നതുകൊണ്ട് ജലസേചനത്തിന് ഡാമുകള്‍ നിര്‍മിച്ചതു കാണാം. അരുവികളൊഴുകുന്നതും കര്‍ഷകര്‍ക്ക് വലിയ സഹായമാണ്. നല്ല ഫലപുഷ്ടിയുള്ള മണ്ണാണ്. മുന്‍കാലങ്ങളില്‍ ഇസ്‌ലാമിനു വേണ്ടി പോരാടിയിരുന്ന 20,000 പടയാളികള്‍ക്ക് അന്നം നല്‍കാന്‍ ഖൈബര്‍ മതിയായിരുന്നു. ഇവിടെ ഏഴോ എട്ടോ കോട്ടകളുണ്ടായിരുന്നു. അതിലൊന്നിന്റെ പേര് ഖമൂസ്വ് എന്നായിരുന്നു. പ്രമുഖ ഗോത്രത്തലവന്‍ മര്‍ഹബു ബ്‌നു ഹാരിസിന്റേതായിരുന്നു അത്. അത് പില്‍ക്കാലത്ത് ഹിസ്വ്ന്‍ മര്‍ഹബ് എന്ന പേരില്‍ സംരക്ഷിക്കപ്പെട്ടു. ഈ മേഖലയുടെ സുഊദി ഗവര്‍ണര്‍ താമസിച്ചിരുന്നത് അവിടെയായിരുന്നു.

ഖൈബറിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിനെ കുറിച്ച ഏറ്റവും പഴക്കമുള്ള പരാമര്‍ശം ഹര്‍റാനില്‍നിന്ന് ലഭിച്ച ഒരു ലിഖിതമാണ്. വര്‍ഷം കാണിച്ചിരിക്കുന്നത് സി.ഇ 568. ഖൈബര്‍ തകര്‍ക്കപ്പെട്ടതിനു ശേഷമാണ് അത് രേഖപ്പെടുത്തിയത്.1 നശീകരണം നടന്നത് ഗസ്സാനി രാജാവായ അല്‍ഹാരിസു ബ്‌നു അബീശമീര്‍ ജബലഹിന്റെ2 പടയോട്ടക്കാലത്തും. ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ ആശ്രിതനായ ഗസ്സാനി രാജാവ് ഖൈബറിനെതിരെ പടയോട്ടം നടത്താനുള്ള കാരണങ്ങള്‍ എന്തെന്ന് വ്യക്തമല്ല. നശീകരണം നടന്ന് എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷം അവിടെ ജൂതന്മാര്‍ മാത്രമേ താമസമുണ്ടായിരുന്നുള്ളൂ. അവിടത്തെ അറബ് വംശജരെ ഒന്നാകെ അല്‍ഹാരിസ് ഉന്മൂലനം ചെയ്തതാകുമോ? പ്രവാചകന്റെ ആഗമന കാലമാവുമ്പോഴേക്കും ഖൈബര്‍ നല്ലൊരു കച്ചവട കേന്ദ്രമായി വികാസം കൊണ്ടിരുന്നു. ഉദാഹരണത്തിന് മക്കക്കാര്‍ കല്യാണാഘോഷങ്ങള്‍ക്കു വേണ്ടി ഖൈബറുകാരുടെ പാചകപ്പാത്രങ്ങളും സ്ത്രീകള്‍ക്കു വേണ്ടി ആഭരണങ്ങളും വാടകക്ക് വാങ്ങാറുണ്ടായിരുന്നു. ഒരിക്കല്‍ ഇങ്ങനെ വാങ്ങിയ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. അതിന് നഷ്ടപരിഹാരമായി മക്കക്കാര്‍ ഖൈബറുകാര്‍ക്ക് നല്‍കിയത് പതിനായിരം സ്വര്‍ണ ദീനാറാണ്.3

ഖൈബര്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലാണ്. മുന്‍കാലങ്ങളില്‍ ഇവിടെ മലേറിയ പടര്‍ന്നുപിടിക്കാറുണ്ടായിരുന്നു. ഈ പകര്‍ച്ചവ്യാധിയില്‍ എങ്ങനെ രക്ഷപ്പെടുമെന്ന് പഴമക്കാര്‍ക്ക് അറിവില്ലാതിരുന്നതിനാല്‍, അങ്ങോട്ട് യാത്ര ചെയ്യാന്‍ അവര്‍ക്ക് പേടിയായിരുന്നു. അന്തരീക്ഷം മോശമായിട്ടും ജൂതന്മാര്‍ എങ്ങനെ ഖൈബറില്‍ പിടിച്ചുനില്‍ക്കുന്നു എന്നാരോ ചോദിച്ചപ്പോള്‍ അവര്‍ തമാശക്ക് പറഞ്ഞുവത്രെ: ഖൈബറിന്റെ നഗര കവാടത്തിലേക്ക് കടക്കുമ്പോള്‍ കഴുത കരയുന്ന പോലെ പത്ത് തവണ കരഞ്ഞാല്‍മതി; എന്നാല്‍ ഒരു പകര്‍ച്ച വ്യാധിയും പിടിപെടില്ല! ശുദ്ധ മനസ്‌കരായ ബദുക്കള്‍ കേട്ടതപ്പാടെ വിശ്വസിച്ച് അങ്ങനെ ചെയ്യാറുണ്ടായിരുന്നുവത്രെ. ഖൈബറുകാര്‍ക്ക് ആര്‍ത്ത് ചിരിക്കാനുള്ള വകയുമായി! ഇതിന് തഅ്ശീര്‍ (പത്തു തവണ ആവര്‍ത്തിക്കല്‍) എന്നാണ് പറഞ്ഞിരുന്നത്. ഈ സമ്പ്രദായത്തെ ചോദ്യം ചെയ്തത് പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ഉര്‍വതുബ്‌നു അസ്സ്വആലിഖ് എന്ന കവിയാണ്. നഗരകവാടത്തില്‍ വെച്ച് സ്വയം കഴുതയായി അപഹാസ്യനാകുന്നതിനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് മലേറിയ ബാധിച്ച് മരിക്കാനാണെന്ന് അദ്ദേഹം കവിത കുറിച്ചു.4

ഇതേക്കുറിച്ച് മറ്റൊരു രീതിയിലും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അറബികള്‍ക്കിടയില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങുക കാര്‍ത്തിക നക്ഷത്രത്തിന്റെ അസ്തമയത്തിനും ഉദയത്തിനുമിടക്കാണത്രെ. അവരുടെ 'ദേശീയ വൈദ്യന്‍' (ത്വബീബുല്‍ അറബ്) ഇങ്ങനെ ഉറപ്പു കൊടുക്കാറുണ്ടായിരുന്നു: 'കാര്‍ത്തിക നക്ഷത്രത്തിന്റെ ഉദയാസ്തമയങ്ങള്‍ക്കിടയിലുള്ള സമയത്തെക്കുറിച്ച് നിങ്ങളെനിക്ക് ഉറപ്പു തന്നാല്‍ മതി; എങ്കില്‍ അക്കൊല്ലം മുഴുവന്‍ നിങ്ങളുടെ കാര്യത്തില്‍ എനിക്ക് ഉറപ്പു നല്‍കാന്‍ കഴിയും.' ഖൈബറിലെ ജൂതന്മാരോട് ചോദിക്കാറുണ്ടായിരുന്നു; ഖൈബറിലായിരുന്നിട്ടും നിങ്ങള്‍ ആരോഗ്യം സംരക്ഷിക്കുന്നതെങ്ങനെ? അവരുടെ മറുപടി: വീഞ്ഞു കുടിക്കുക, വെളുത്തുള്ളി തിന്നുക, ഉയര്‍ന്ന പ്രദേശങ്ങളില്‍ പാര്‍ക്കുക, താഴ്‌വരയിലെ വളരെ താഴ്ന്ന ഭാഗങ്ങള്‍ ഒഴിവാക്കുക, കാര്‍ത്തിക നക്ഷത്രത്തിന്റെ അസ്തമയ-ഉദയത്തിനിടക്കുള്ള സമയം ഖൈബറില്‍നിന്ന് പുറത്തു കടക്കുക- ഇങ്ങനെയാണ് അത് സാധിക്കുന്നത്.5

അത്ര പ്രധാനമല്ലാത്ത മറ്റൊരു സംഭവം പറയാം. ഒരിക്കല്‍ പ്രവാചകന്റെ അനുചരരിലൊരാളായ അബൂഹുറയ്‌റ തന്റെ സുഹൃത്തുക്കള്‍ പുതിയൊരു തരം വസ്ത്രങ്ങള്‍ അണിഞ്ഞതായി കണ്ടു. അപ്പോള്‍ അബൂഹുറയ്‌റ: 'ഈ തൈ്വലസാന്‍ വസ്ത്രങ്ങള്‍ നിങ്ങളെ ഖൈബറിലെ ജൂതന്മാരെപ്പോലെ തോന്നിപ്പിക്കുന്നു.'6 ഇങ്ങനെയും പറയപ്പെടുന്നുണ്ട്:7 പ്രവാചകന്റെ പ്രപിതാമഹനായ ഹാശിം ഖൈബറില്‍നിന്നുള്ള ഒരു ജൂതസ്ത്രീയെ വിവാഹം കഴിച്ചിരുന്നു. അവര്‍ക്ക് രണ്ട് മക്കളും പിറന്നു- സൈ്വഫിയും അബൂസൈ്വഫിയും. ഈ സ്ത്രീ അല്‍ മുത്ത്വലിബിന്റെയും ഭാര്യയായിരുന്നിട്ടുണ്ട് (മുമ്പോ ശേഷമോ എന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നില്ല). അതില്‍ മഖ്‌റമ എന്ന മകനും ജനിച്ചു. ഈ മകന്‍ ഖൈബറിലെ ദാസ എന്ന ജൂതസ്ത്രീയെ വിവാഹം കഴിച്ചു. അവരുടെ മകനാണ് ഖൈസ്. പ്രവാചകാഗമനത്തിനു മുമ്പ് മക്കക്കാര്‍ മദീനയിലെ ജൂതസ്ത്രീകളെ വിവാഹം ചെയ്തിരുന്നുവെന്നും ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നുണ്ട്. തനിക്ക് പത്ത് ആണ്‍മക്കള്‍ ജനിച്ചാല്‍ ഒരാളെ താന്‍ ബലികൊടുക്കുമെന്ന് നബിയുടെ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബ് പ്രതിജ്ഞയെടുത്തിരുന്നുവല്ലോ. അക്കാര്യം അദ്ദേഹം ഒരു പുരോഹിത(കാഹിനഃ)യുമായി ചര്‍ച്ച നടത്തിയിരുന്നു. ചിലപ്പോള്‍ മദീനയിലും ചിലപ്പോള്‍ ഖൈബറിലുമായിരുന്നു ഈ പുരോഹിതയുടെ താമസം.8

മദീനയില്‍നിന്ന് നളീര്‍ ഗോത്രക്കാര്‍ തങ്ങളുടെ ആള്‍ബലവും പണവുമായി കുടിയേറിപ്പാര്‍ത്തതോടെയാണ് ഖൈബറില്‍ ജൂതന്മാര്‍ ശക്തിപ്പെട്ടത്. ഖന്‍ദഖ് ഉപരോധത്തിലൂടെ മദീനാ രാഷ്ട്രത്തെ തകര്‍ക്കാന്‍ നളീര്‍ ഗോത്രക്കാര്‍ നടത്തിയ ശ്രമം പാളിയെങ്കിലും അവര്‍ക്ക് കാര്യമായ ക്ഷതമൊന്നുമേറ്റില്ല. സറഖ്ശി9 കൃത്യമായി നിരീക്ഷിച്ചതുപോലെ: 'മക്കക്കാരും ഖൈബറുകാരും തമ്മില്‍ ഒരു ഉഭയകക്ഷി ധാരണയുണ്ടായിരുന്നു: പ്രവാചകന്‍ ഇരുകൂട്ടരില്‍ ആര്‍ക്കെതിരെ പടനയിച്ചാലും ആ തക്കം നോക്കി മറ്റേ കൂട്ടര്‍ മദീന ആക്രമിക്കണം. ഈ തന്ത്രം മനസ്സിലാക്കിയ പ്രവാചകന്‍ മക്കക്കാരുമായി ഒരു സമാധാന ഉടമ്പടിയുണ്ടാക്കി. അതു വഴി, ഖൈബറിലേക്ക് പടയോട്ടത്തിന് തീരുമാനിച്ചാല്‍ ഇപ്പുറത്തു കൂടെ മക്കക്കാര്‍ ആക്രമിക്കാന്‍ വരില്ലെന്ന ഉറപ്പ് സമ്പാദിച്ചു.' മക്കയില്‍നിന്ന് ഖൈബറിലേക്ക് ഏതാണ്ട് പകുതി വഴിദൂരത്താണ് മദീന. ഹുദൈബിയ കരാര്‍ ഒപ്പുവെച്ച ഉടന്‍ (ഹി. 7, മുഹര്‍റം) മുസ്‌ലിംകള്‍ ഖൈബറിന് നേരെ പടനയിക്കുന്നതാണ് നാം കാണുന്നത്; ആ നിതാന്ത ഭീഷണിക്ക് അറുതിവരുത്താന്‍.

ഗത്വ്ഫാന്‍ ഗോത്രമേഖലയിലൂടെയാണ് മുസ്‌ലിം സേനക്ക് കടന്നുപോകേണ്ടിയിരുന്നത്. ഖൈബറുകാരുടെ സഖ്യകക്ഷികളായിരുന്നു ഗത്വ്ഫാനികള്‍. നിഷ്പക്ഷത പാലിക്കുമെങ്കില്‍ മദീനയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാരക്കയുടെ ഒരു വിഹിതം നല്‍കാമെന്ന് പ്രവാചകന്‍ ഗത്വ്ഫാനികള്‍ക്ക് വാഗ്ദാനം ചെയ്‌തെങ്കിലും അവരത് നിരസിച്ചു. എന്നു മാത്രമല്ല ഖൈബറിനെ പ്രതിരോധിക്കാനായി ശക്തമായ ഒരു സൈന്യത്തെ അയച്ചുകൊടുക്കുകയും ചെയ്തു. പെട്ടെന്ന് പ്രവാചകന്‍ തന്റെ റൂട്ട് മാറ്റി നേരെ ഗത്വ്ഫാന്‍ അധിവാസമേഖലയുടെ ഹൃദയഭാഗത്തേക്ക് തന്റെ പടയെ തിരിച്ചുവിട്ടു. അപ്പോഴവിടെ സ്ത്രീകളും കുട്ടികളും കന്നുകാലികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുരുഷന്മാര്‍ സൈനികരായി പൊയ്ക്കഴിഞ്ഞിരുന്നുവല്ലോ. മുസ്‌ലിം സൈന്യം തങ്ങളുടെ പ്രദേശം ആക്രമിക്കാന്‍ വരുന്നു എന്ന വിവരം കിട്ടിയ ഗത്വ്ഫാന്‍ സേന ഉടന്‍ തന്നെ ഖൈബറില്‍നിന്ന് സ്വന്തം അധിവാസ സ്ഥലത്തേക്ക് കുതിച്ചെത്തി. മുസ്‌ലിംകളുടെ പടയോട്ടം തീരുന്നതുവരെ അവിടെനിന്ന് പുറത്തിറങ്ങാന്‍ അവര്‍ ധൈര്യപ്പെട്ടില്ല.10 (ഇതു കൂടി പറഞ്ഞാലേ കഥ പൂര്‍ണമാകൂ: ഖൈബര്‍ പിടിച്ചടക്കിയ ശേഷം പ്രവാചകന്‍ ഗത്വ്ഫാന്‍ അധിവാസമേഖലയിലൂടെ തന്നെയാണ് തിരിച്ചുപോന്നതും. അപ്പോള്‍ ഒരു ഗത്വ്ഫാന്‍ പ്രതിനിധിസംഘം വന്ന് പ്രവാചകനോട് തങ്ങള്‍ 'നിഷ്പക്ഷത' പാലിച്ചതിന് നേരത്തേ വാഗ്ദാനം ചെയ്ത കാരക്ക വിഹിതം വേണമെന്ന് ആവശ്യപ്പെട്ടുവത്രെ. സ്വമേധയാ നിഷ്പക്ഷത പാലിക്കാന്‍ അവര്‍ നേരത്തേ വിസമ്മതിച്ചതാണല്ലോ. പ്രവാചകന്റെ സമര്‍ഥമായ നീക്കത്തിനൊടുവില്‍ സ്വന്തം നാട്ടില്‍ തന്നെ തങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതെങ്ങനെ നിഷ്പക്ഷതയാവും? പ്രവാചകന്‍ അവരെ പറഞ്ഞു വിടുകയാണ് ചെയ്തതെന്ന് ശാമി റിപ്പോര്‍ട്ട് ചെയ്യുന്നു).

സ്വയം പ്രതിരോധിക്കാന്‍ തെറ്റാലികളും മറ്റു യുദ്ധോപകരണങ്ങളും സജ്ജീകരിച്ചിരുന്ന ഖൈബറിലെ 20,000 വരുന്ന പടയാളികള്‍ക്ക്, പ്രവാചകന്റെ നേതൃത്വത്തിലുള്ള കേവലം 1500 മുസ്‌ലിം സൈനികരെ ചെറുക്കാനായില്ലെന്നത് ആശ്ചര്യകരമാണ് (എന്റെ Battlefields കാണുക No: 209220). യുദ്ധമുതലുകളുമായി ഭക്ഷണ സാധനങ്ങളും ലഭിച്ചിരുന്നു. ഭക്ഷണം തീര്‍ന്നു തുടങ്ങിയ മുസ്‌ലിംകള്‍ക്ക് അത് അനുഗ്രഹമായി. ഒരിക്കല്‍ ഖൈബറുകാരുടെ ഒരു കോട്ടയില്‍നിന്ന് ഇരുപതു മുതല്‍ മുപ്പതു വരെ കഴുതകള്‍ ഇറങ്ങിവരികയും അവ മുസ്‌ലിംകളുടെ കൈകളില്‍ അകപ്പെടുകയും ചെയ്തു. അവരവയെ അറുത്ത് പാകം ചെയ്യാന്‍ തുടങ്ങി. ആ വഴി കടന്നുവന്നപ്പോള്‍ പ്രവാചകനിത് കാണാനിടയായി. കഴുതമാംസം ഇസ്‌ലാമില്‍ അനുവദനീയമല്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. പാചകം ചെയ്ത കഴുതമാംസം ഒഴിവാക്കിക്കളയാനും ആവശ്യപ്പെട്ടു (മഖ്‌രീസി, ഇംതാഅ് ക,317). ഖൈബറുകാര്‍ കീഴടങ്ങിയപ്പോള്‍ സന്ധിവ്യവസ്ഥകള്‍ നിലവില്‍വന്നു. അതു പ്രകാരം, 'അവരുടെ ജീവന് ഭീഷണിയുണ്ടാവില്ല. കുടുംബത്തിനും ഒരു നിലക്കുമുള്ള ഉപദ്രവം ഉണ്ടാവില്ല. അതേസമയം ഖൈബറുകാര്‍ അവരുടെ ഭൂമിയും പണവും ആയുധങ്ങളും വസ്ത്രങ്ങളും പ്രവാചകനെ ഏല്‍പ്പിച്ച് നാടു വിട്ടുപോകണം. ധരിച്ച വസ്ത്രങ്ങള്‍ മാത്രമേ കൂടെ കൊണ്ടു പോകാന്‍ പാടുള്ളൂ. പ്രവാചകനില്‍നിന്ന് ഒന്നും മറച്ചുവെക്കരുത്' (ബലാദുരി, ഫുതൂഹ്, പേ: 23). അബൂദാവൂദിന്റെ വിവരണം (19:24, അധ്യായം: ഖൈബര്‍) അല്‍പ്പം വ്യത്യസ്തമാണ്. അതിങ്ങനെ: 'ഖൈബര്‍ പടയോട്ടക്കാലത്ത് പ്രവാചകന്‍ അവിടത്തെ ഈത്തപ്പനത്തോട്ടങ്ങളും മറ്റു കൃഷിയിടങ്ങളും അധീനപ്പെടുത്തുകയും കോട്ടകള്‍ ഉപരോധിക്കുകയും ചെയ്തപ്പോള്‍, ഖൈബറുകാര്‍ സമാധാന സന്ധിക്ക് അഭ്യര്‍ഥിച്ചു. വ്യവസ്ഥകള്‍ ഇവയായിരുന്നു: തങ്ങളുടെ സ്വര്‍ണവും വെള്ളിയും ആയുധങ്ങളുമൊക്കെ പ്രവാചകന് കൈമാറും. ബാക്കി വരുന്നവയില്‍ യാത്രാമൃഗങ്ങള്‍ക്ക് വഹിച്ചുകൊണ്ടുപോകാവുന്നത്ര ഖൈബറുകാര്‍ കൊണ്ടുപോകും. പക്ഷേ, ഒന്നും മറച്ചുവെക്കാന്‍ പാടില്ല. എന്തെങ്കിലും മറച്ചുവെച്ചു എന്ന് തെളിഞ്ഞാല്‍ സംരക്ഷണവും ഉറപ്പുമൊന്നും പിന്നെ അവശേഷിക്കുകയില്ല.'

അങ്ങനെയൊക്കെയായിരുന്നാലും, ഖൈബര്‍ പൂര്‍ണമായി മുസ്‌ലിംകള്‍ക്ക് അധീനപ്പെട്ടപ്പോള്‍, ആ മരുപ്പച്ച ആളൊഴിഞ്ഞ മരുഭൂമിയാകാതിരിക്കാന്‍ പുതിയൊരു സംവിധാനം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമായി. കാരണം അവിടെ കാര്‍ഷികവൃത്തി നടത്തിക്കൊണ്ടുപോകാനുള്ള തൊഴിലാളികള്‍ മുസ്‌ലിംകളുടെ പക്കല്‍ ഉണ്ടായിരുന്നില്ല എന്നാണ് അബൂദാവൂദിന്റെ വിവരണത്തിലുള്ളത്. അതിനാല്‍ ഒഴിഞ്ഞുപോ

കാന്‍ പറഞ്ഞ ഖൈബര്‍ നിവാസികളോട് അവിടെത്തങ്ങാന്‍ നിര്‍ദേശിച്ചു; പു

തിയൊരു സംവിധാനം ഉണ്ടാകുന്നതു വരെ. മൊത്തം കാര്‍ഷികോല്‍പ്പന്നങ്ങളുടെ പകുതി മദീനയിലെ കേന്ദ്രഭരണത്തിന്12 ഓരോ വര്‍ഷവും നല്‍കണമെന്ന വ്യവസ്ഥയോടെ. തുടര്‍ന്ന്, വിളവെടുപ്പു സമയത്ത് മദീനയില്‍നിന്നൊരു പ്രതിനിധി ഉല്‍പന്നങ്ങള്‍ വീതിക്കാനായി ഖൈബറില്‍ എത്തിച്ചേരും. അദ്ദേഹത്തെ കൈക്കൂലി കൊടുത്ത് വശത്താക്കാനോ മറ്റോ ചിലര്‍ ശ്രമിച്ചെങ്കിലും പിന്നെ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. എന്നല്ല പുതിയ നികുതി സമ്പ്രദായത്തില്‍ അവര്‍ തൃപ്

തരുമായിരുന്നു. 'ഇതുപോലുള്ള കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ആകാശം ഭൂമിക്കു മേല്‍ വീഴാതിരിക്കുന്നത്' എന്ന് അവര്‍ പറയാറുണ്ടായിരുന്നുവത്രെ.13

ഖൈബര്‍ ഉടമ്പടിക്കു ശേഷം പരാജിതരായ ഖൈബറുകാര്‍ക്ക് എല്ലാതരം പൗരാവകാശങ്ങളും ലഭ്യമാവുകയുണ്ടായി. തങ്ങള്‍ കീഴ്‌പ്പെടുത്തിയ പ്രദേശമല്ലേ എന്ന് കരുതി ചില മുസ്‌ലിം പട്ടാളക്കാര്‍ ഖൈബറിലെ ഈന്തപ്പനത്തോട്ടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും കയറിയിറങ്ങി വിലയൊന്നും കൊടുക്കാതെ ഉല്‍പ്പന്നങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ജൂതസമൂഹം പ്രവാചകനോട് പരാതി പറഞ്ഞു. ഉടനെത്തന്നെ പ്രവാചകന്‍ അന്നാട്ടുകാരുടെ ഒരു ഉല്‍പ്പന്നത്തിലും തൊട്ടുപോകരുതെന്ന് തന്റെ അനുയായികളെ കര്‍ശനമായി വിലക്കി.14 യുദ്ധമുതലുകളെന്ന നിലയില്‍ പിടിച്ചെടുത്ത തോറയുടെ എല്ലാ ഏടുകളും അവര്‍ക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.15 ഖൈബര്‍ ഉപരോധക്കാലത്ത് ഖൈബറിലെ ഒരു ആട്ടിടയന്‍ മുസ്‌ലിം ക്യാമ്പിലെത്തുകയും താന്‍ ഇസ്‌ലാം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രവാചകന്‍ അവനോട് പറഞ്ഞു: സ്വന്തം യജമാനനെ വഞ്ചിക്കാന്‍ പാടില്ല. നീ ആട്ടിന്‍പറ്റങ്ങളുമായി തിരിച്ചുപോവുക. അവയെ അവിടെ ഏല്‍പ്പിച്ച ശേഷം തിരിച്ചുവരിക.16 മഖ്‌രീസി(ഇംതാഅ് ക, 3123)യുടെ വിവരണ പ്രകാരം, ഈ ആട്ടിടയന്‍ പറഞ്ഞപ്രകാരം തിരിച്ചെത്തുകയും ജൂതപ്പടക്കെതിരെയുള്ള പോ

രാട്ടത്തില്‍ മുസ്‌ലിം പക്ഷത്തു ചേര്‍ന്ന് രക്തസാക്ഷിയാവുകയും ചെയ്തു.

ഖൈബര്‍ ഉപരോധക്കാലത്ത് ചില മുസ്‌ലിംകള്‍ താല്‍ക്കാലിക (മുത്അഃ) വിവാഹത്തില്‍ (ജൂത സ്ത്രീകളുമായി?) ഏര്‍പ്പെട്ടപ്പോള്‍, അത് പാടില്ലെന്ന് പ്രവാചകന്‍ വിലക്കുകയുണ്ടായി.17 ജൂതസമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രവാചകന്‍ മുന്‍കൈയെടുക്കുകയുണ്ടായി. ഖൈബറുകാരിയും വിധവയുമായ സ്വഫിയ്യ എന്ന യുവതിയെ പ്രവാചകന്‍ വിവാഹം ചെയ്തത് ഇതിന്റെ ഭാഗമായി കാണാം. ഈ മഹതി തന്റെ അമുസ്‌ലിം ബന്ധുക്കളെ സഹായിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു. ചരിത്രകാരന്മാര്‍18 പറയുന്നത്, മരണസമയത്ത് അവര്‍ തന്റെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം -അത് ഒരു ലക്ഷം ദിര്‍ഹം വരുമായിരുന്നു- ജൂതമതത്തില്‍ തന്നെ നിലകൊണ്ട തന്റെ സഹോദരിപുത്രന് വസ്വിയ്യത്ത് എഴുതിവെച്ചിരുന്നു എന്നാണ്.

പൂര്‍ണ സ്വയംഭരണാവകാശം തന്നെയാണ് ഖൈബറിന് ലഭിച്ചിരുന്നത്. ഖുറ അഅ്‌റാബിയ്യ19 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ മേഖലയുടെ- മറ്റു പ്രദേശങ്ങളോടൊപ്പം20 ഖൈബറും21 ഫദകും അതില്‍ ഉള്‍പ്പെട്ടിരുന്നു- ഗവര്‍ണറായി നിയോഗിക്കപ്പെട്ടത് അല്‍ ഹകമുബ്‌നു സഈദ് എന്നയാളായിരുന്നു. ഇബ്‌നു സഅ്ദ് പറയുന്നത്, മേഖലയിലെ മികച്ച നഗരം ഖൈബര്‍ ആയിരുന്നുവെന്നാണ്. അവിടത്തെ വിളവെടുപ്പ് പഴഞ്ചൊല്ലുകളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.22 ഇബ്‌നു ഹമ്പല്‍ എഴുതുന്നത് (5/244), ഒരിക്കല്‍ മുആദു ബ്‌നു ജബലിനെ പ്രവാചകന്‍ അങ്ങോട്ടേക്ക് നികുതി പിരിവുകാരനായി അയച്ചിരുന്നുവെന്നാണ്. നേരത്തേ നികുതി പിരിച്ചിരുന്ന അബ്ദുല്ലാഹിബ്‌നു റവാഹയുടെ മരണശേഷമായിരിക്കാം ഇത്. ഭൂനികുതി(ഹസ്സുല്‍ അര്‍ള്)യാണ് പി

രിക്കേണ്ടത്. അത് മണ്ണിന്റെ ഗുണമനുസരിച്ച് മൂന്നിലൊന്നോ നാലിലൊന്നോ ഒക്കെയാവും. യുവാവായ മുആദ് പരിധിവിട്ട് ദാനധര്‍മങ്ങള്‍ ചെയ്യുന്നതിനാല്‍ നേരത്തേ പാ

പ്പരായ ആളാണ്. അദ്ദേഹത്തിന്റെ വീടു പോ

ലും പ്രവാചകനു വില്‍ക്കേണ്ടതായി വന്നു. അങ്ങനെയാണ് മദീനാ പള്ളിയിലെ 'സ്വുഫ്ഫ'യിലെ ഒരംഗമായി മുആദ് മാറുന്നത്. പാവങ്ങള്‍ക്കു വേണ്ടി ധനികര്‍ ദാനമായി നല്‍കുന്ന കാരക്ക വട്ടികള്‍ക്ക് കാവല്‍ നില്‍ക്കലായിരുന്നു മുആദിന് നല്‍കിയ ജോലി; മുആദിന് തന്റെ ദൈനംദിനാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രവാചകന്‍ കണ്ടെത്തിയ വഴി (സംഹൂദി, രണ്ടാം എഡിഷന്‍, പേ: 1265). മുആദിനെ ഖൈബറിലെ നികുതി പി

രിവുകാരനാക്കി നബി നിയോഗിച്ചതും അദ്ദേഹത്തെ പുതിയൊരു ജീവിതം തുടങ്ങാന്‍ പ്രാപ്തനാക്കാന്‍ വേണ്ടിയായിരുന്നു. ഖൈബറിനു ശേഷം മുആദിനെ പ്രവാചകന്‍ യമനിലെ ഗവര്‍ണറായും നിയോഗിക്കുകയുണ്ടായി.

ജൂതന്മാരില്‍ ചിലര്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് മറ്റു പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. അവിടത്തെ ചില പ്ലോട്ടുകള്‍ ഉമറിന്റെ പേരില്‍ ആയിരുന്നതുകൊണ്ടാവാം ഇത്. പ്രവാചകന്റെ പേരിലും23 ഇവിടെ ഭൂമി ഉണ്ടായിരുന്നു. അവകാശികളില്ലാത്ത ഭൂമി ഗവണ്‍മെന്റിന് എന്ന നിലക്കായിരിക്കും അവ പ്രവാചകന്റെ പേരില്‍ വന്നുചേര്‍ന്നത്.

ഇക്കാലത്ത് ഒരു മുസ്‌ലിം കച്ചവടക്കാരന്‍ ഖൈബറില്‍ വധിക്കപ്പെട്ടിരുന്നു. പക്ഷേ, കുറ്റവാളിയെ കണ്ടെത്താനായില്ല. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാചകന്‍ ഖൈബറുകാര്‍ക്ക് ഒരു കത്തയച്ചു. എല്ലാവരും ചേര്‍ന്ന് ആ തുക കണ്ടെത്തണം. തങ്ങള്‍ നിരപരാധികളാണെന്ന് അന്നാട്ടുകാര്‍ സത്യം ചെയ്ത് പറഞ്ഞതിനാല്‍, ഒടുവില്‍ പ്രവാചകന്‍ പൊതു ഖജനാവില്‍നിന്ന് ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുകയായിരുന്നു.24 

 

(തുടരും)

കുറിപ്പുകള്‍

1. ആര്‍.എസ്.ഒ, IV, 193 Foll. (1911-2)

2. ഇബ്‌നു ഖുതൈ്വബ-മആരിഫ് പേ: 313

3. സറഖ്ശി - ശറഹു സിയറില്‍ കബീര്‍ I,186, ഇബ്‌നു സഅ്ദ് 2/I, പേ: 81

4. ഖസ്‌വീനി - ആസാര്‍ II, 601

5. ഇബ്‌നു ഖുതൈ്വബ - അന്‍വാഅ്, പേ: 30-31

6. ബുഖാരി - 64:40 (No: 12)

7. ഇബ്‌നു ഹബീബ് - മുഹമ്മഖ്, പേ: 506

8. ഇബ്‌നു ഹിശാം, പേ: 98-99

9. സറഖ്ശി - ശറഹ് സിയര്‍ കബീര്‍ I, 201

10. ഇബ്‌നു ഹിശാം പേ: 757-8

11. അബൂയൂസുഫ് - ഖറാജ്. ഖുര്‍ദ് അലി 'ഇദാറ ഇസ്‌ലാമിയ്യ'യില്‍ (പേ: 12) ഉദ്ധരിച്ചത്. യഅ്ഖൂബി II, 56. പക്ഷേ മഖ്‌രീസി ഇംതാഇ(ക, 310)ല്‍ പറയുന്നത്, 10,000 പടയാളികളെക്കുറിച്ചാണ്.

12. ഇബ്‌നു ഹിശാം, പേ: 764

13. അതേ കൃതി, പേ: 777. യഥാര്‍ഥത്തില്‍ അദ്ദേഹം ചെയ്തത് മൊത്തം ഉല്‍പ്പന്നങ്ങളെ രണ്ട് തുല്യ പാതികളായി വീതിക്കുകയാണ്. അതില്‍ ഏതുവേണമെങ്കിലും അവര്‍ക്ക് തെരഞ്ഞെടുക്കാം.

14. സറഖ്ശി - ശറഹു സിയര്‍, I, 92

15. മഖ്‌രീസി, I, 323

16. ഇബ്‌നു ഹിശാം പേ: 769-70, സറഖ്ശി- ശറഹുസിയര്‍ IV381

17. ബുഖാരി 64-40, No. 20, 72/28/3. സുഹൈലി II, 299

18. സുര്‍ഖാനി, III, 296, അബൂഉബൈദ് - അംവാല്‍, No: 1993

19. മുഹബ്ബര്‍ പേ: 126 (ഖുറ ഉറൈനിയ്യ എന്നും ഇതിന് പേരുണ്ട്. യാഖൂത്തിന്റെ ബുല്‍ദാനില്‍ ഈ വാക്കിന് താഴെ നോക്കുക).

20. അംവാല്‍: 23

21. ഇബ്‌നു സഅ്ദ് I/ii, പേ: 50

22. ബുഖാരി: 63:34 (1), ഇബ്‌നു സീദാഹ്- മുഖസ്സ്വസ്, XI, 7 ; ഇബ്‌നു കസീര്‍ III, 315

23. Bakri, Wustenfeld Ed, X,331, ഖൈബര്‍ എന്ന തലക്കെട്ട്

24. ഇബ്‌നു ഹിശാം. പേ: 777-8

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (47-49)
എ.വൈ.ആര്‍

ഹദീസ്‌

അല്ലാഹുവിനിഷ്ടം സ്ഥിരതയാര്‍ന്ന കര്‍മങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍