Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 26

3073

1440 സഫര്‍ 16

ലൈംഗിക ധാര്‍മികതയും സമൂഹത്തിന്റെ നിലനില്‍പും

ടി. മുഹമ്മദ് വേളം

മനുഷ്യ സമൂഹങ്ങളുടെ ഉയര്‍ച്ചതാഴ്ചകളുടെ കാരണം ധാര്‍മികതയാണ്. ലോകത്തെ ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ പ്രശ്‌നം ധാര്‍മികതയാണ് എന്നതാണ് സത്യം. നാഗരികതകളുടെ ഉത്ഥാനപതനങ്ങളെക്കുറിച്ച് പഠിച്ച ഇബ്‌നു ഖല്‍ദൂന്‍ ഇക്കാര്യം അദ്ദേഹത്തിന്റെ മുഖദ്ദിമയില്‍ വ്യക്തമാക്കുന്നുണ്ട്. വ്യക്തികളുടെയും സമൂഹത്തിന്റെയും അവകാശ പ്രശ്‌നങ്ങളെ കേവല അവകാശ പ്രശ്‌നങ്ങളായല്ല ധാര്‍മിക പ്രശ്‌നങ്ങളായാണ് ഇസ്‌ലാം നോക്കിക്കാണുന്നത്. ചൂഷണം ചെയ്യരുത് എന്നതും ചൂഷണം ചെയ്യപ്പെടരുത് എന്നതും ധാര്‍മിക പ്രശ്‌നങ്ങളാണ്. സ്വന്തം തെറ്റുകളില്‍നിന്നും അന്യന്റെ തെറ്റുകളുടെ ഫലത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ഥ സ്വാതന്ത്ര്യം. തെറ്റു ചെയ്യരുത്, തെറ്റു ചെയ്യപ്പെടരുത് എന്നതാണ് സ്വാതന്ത്ര്യത്തെക്കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. സ്വന്തം പാപത്തില്‍നിന്നും അന്യന്റെ പാപത്തിന്റെ ഫലത്തില്‍നിന്നുമുള്ള മോചനമാണ് ശരിയായ വിമോചനം.

ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം ജാതിയുടെ പേരിലുള്ള വിവേചനവും ലൈംഗിക അരാജകത്വവും ഒരേപോലെ ധാര്‍മിക പ്രശ്‌നങ്ങളാണ്. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കാതെ സ്വകാര്യമായി ഒരാളോ ഒന്നിലധികം ആളുകളോ ചെയ്യുന്ന കാര്യത്തില്‍ മറ്റു വ്യക്തികളോ സമൂഹമോ രാഷ്ട്രമോ ഇടപെടേണ്ടതില്ല എന്നതാണ് സ്വവര്‍ഗരതിയെ ന്യായീകരിക്കുന്ന ലിബറലിസത്തിന്റെ ആശയ അടിത്തറ. മറ്റുള്ളവരെ ബാധിക്കാതെ വ്യക്തിയോ വ്യക്തികളോ ചെയ്യുന്ന കാര്യം എന്ന ഒന്നില്ല. ലോകത്ത് എല്ലാ ജീവികളുടെയും ജീവിതം ഒരു ജൈവ സംയുക്തമാണ്. പരസ്പരബന്ധിതവും പരസ്പരാശ്രിതവുമാണ്. സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഓക്‌സിജന്‍-കാര്‍ബണ്‍ ഡയോക്‌സൈഡ് സ്വീകരണ -വിതരണ വ്യവസ്ഥ എടുത്തു നോക്കിയാല്‍ ഇത് മനസ്സിലാവും. സസ്യങ്ങള്‍ ഓക്‌സിജന്‍ പുറത്തു വിടുന്നു, കാര്‍ബണ്‍ ഡയോക്‌സൈഡ് ഭക്ഷണോല്‍പാദനത്തിനായി അകത്തേക്കെടുക്കുന്നു. മനുഷ്യന്‍ നേരെ തിരിച്ച് ഓക്‌സിജന്‍ അകത്തേക്കെടുക്കുകയും കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തേക്കു വിടുകയും ചെയ്യുന്നു. ഈ പരസ്പരബന്ധ വ്യവസ്ഥക്ക് സ്വകാര്യതയിലെ പ്രവര്‍ത്തനങ്ങള്‍ എന്നോ പൊതുസ്ഥലത്തെ പ്രവൃത്തികള്‍ എന്നോ വ്യത്യാസങ്ങളില്ല. ഒരാള്‍ പബ്ലിക്കില്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമല്ല, സ്വകാര്യതയില്‍ ചെയ്യുന്ന കാര്യങ്ങളും സമൂഹത്തെ ബാധിക്കും. അതുകൊണ്ടാണ് ശ്രീനാരായണ ഗുരു പറഞ്ഞത്: 'അവനവനാത്മസുഖത്തിനാചരിപ്പതു അപരനുഗുണത്തിനായി വരേണം.' വ്യക്തികള്‍ ആത്മസുഖത്തിനാചരിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഗുണത്തിനായി വരേണം. ഇല്ലെങ്കില്‍ ദോഷകരമായി വരും. വ്യക്തിയോ വ്യക്തികളോ സ്വകാര്യതയില്‍ ചെയ്യുന്ന, മറ്റുള്ളവരെ ബാധിക്കാത്ത കാര്യങ്ങള്‍ ഉണ്ടെന്നത് മതേതര ജനാധിപത്യത്തിന്റെ വാദമുഖം മാത്രമാണ്. വസ്തുനിഷ്ഠ യാഥാര്‍ഥ്യമല്ല. വസ്തുനിഷ്ഠമായി നിലനില്‍ക്കാത്ത ഒരടിത്തറയില്‍നിന്നുകൊണ്ടാണ് സ്വവര്‍ഗരതി ഉള്‍പ്പെടെ ഇന്ന് ന്യായീകരിക്കപ്പെടുന്നത്. സ്വവര്‍ഗരതി വ്യാപിച്ചാല്‍ അത് അവരെ മാത്രമല്ല, സമൂഹത്തെ പൊതുവില്‍ ബാധിക്കും എന്നത് ലളിതമായ ഒരു സാമൂഹികപാഠം മാത്രമാണ്.

അതേസമയം പാപവും കുറ്റവും എപ്പോഴും ഒന്നായിക്കൊള്ളണമെന്നില്ല. ഇസ്‌ലാമിന്റെ സാമൂഹികക്രമത്തിനകത്ത് എല്ലാ കുറ്റവും പാപമായിരിക്കാമെങ്കിലും എല്ലാ പാപവും കുറ്റമായി (crime) കൊള്ളണമെന്നില്ല. ഒരാള്‍ സ്വകാര്യതയില്‍ ചെയ്യുന്ന തെറ്റ് പാപമാണെങ്കിലും ഭരണകൂടം ഒളിഞ്ഞുനോക്കി കണ്ടുപിടിച്ച് ശിക്ഷിക്കേണ്ട കുറ്റമായി ഇസ്‌ലാം അതിനെ കണക്കാക്കുന്നില്ല. ആധുനിക ലിബറല്‍ രാഷ്ട്രങ്ങളേക്കാള്‍ സ്വകാര്യതക്കുള്ള അവകാശം ഇസ്‌ലാം വകവെച്ചുകൊടുക്കുന്നുണ്ട്. ഒരു ദിവസം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) ജനങ്ങളുടെ അവസ്ഥകള്‍ അന്വേഷിച്ചു അങ്ങാടിയിലൂടെ നടക്കുമ്പോള്‍, ഒരാള്‍ സ്വന്തം വീട്ടിനകത്തിരുന്ന് മദ്യപിക്കുന്നത് കാണാനിടയായി. അടുത്ത ദിവസം ഖലീഫ അദ്ദേഹത്തെ വിളിച്ചു വിചാരണ ചെയ്തു. ഉടന്‍ അദ്ദേഹം ചോദിച്ചു; ''ആരാണ് താങ്കളോട് ഇത് പറഞ്ഞത്.'' ഉമര്‍ (റ) പറഞ്ഞു: ''ഞാന്‍ നേരില്‍ കതാണ്.'' ''ആളുകളുടെ രഹസ്യങ്ങള്‍ ചൂഴ്ന്നന്വേഷിക്കുന്നത് ഇസ്‌ലാം വിലക്കുന്നില്ലേ?'' അയാളുടെ ചോദ്യത്തിനു മുന്നില്‍ ഉമര്‍ നിശ്ശബ്ദനായി. പക്ഷേ ഇതിനര്‍ഥം ഒരാള്‍ക്ക് സ്വകാര്യതയില്‍ തെറ്റു ചെയ്യാന്‍ അവകാശമുണ്ട് എന്നല്ല. അങ്ങനെ ഉണ്ട് എന്ന് അംഗീകരിച്ചാല്‍ സ്വകാര്യതയില്‍ ചെയ്ത ഒരു തിന്മയുടെ പേരില്‍ ഒരാളെ ഗുണദോഷിക്കാന്‍ കഴിയില്ല. അത് അയാളുടെ അവകാശത്തിനു മേലുള്ള കൈയേറ്റമായിത്തീരും. സദാചാരത്തെയും സ്വകാര്യതയെയും ഒരേസമയം സംരക്ഷിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.

വ്യക്തി-സമൂഹ തലങ്ങളെ ഇങ്ങനെ വിഭജിക്കുന്നതിനെ നിരാകരിക്കുന്നത് ഇസ്‌ലാം മാത്രമല്ല. കമ്യൂണിസത്തിന്റെ കാഴ്ചപ്പാടും സമാനമാണ്. പബ്ലിക്-പ്രൈവറ്റ് എന്നതിന്റെ ലിബറല്‍ മാതൃകയിലെ വിഭജനത്തെ മാര്‍ക്‌സ് അംഗീകരിക്കുന്നില്ല. രാഷ്ട്രീയത്തെ മതമുക്തമാക്കി ജര്‍മനിയിലെ ജൂതപ്രശ്‌നത്തെ പരിഹരിക്കാന്‍ കഴിയുമെന്ന ഹെഗലിയന്‍ ചിന്താധാരക്കാരുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് മാര്‍ക്‌സ് ജൂതപ്രശ്‌നം എന്ന ലേഖനം 1843-ല്‍ എഴുതുന്നത്. ജീവിതത്തെ ഏകകമായി കാണുന്നു എന്നത് മാര്‍ക്‌സിസത്തിനും ഇസ്‌ലാമിനുമിടയിലെ സമാനതയാണ്.  ബൂര്‍ഷ്വാ ലിബറലിസമാണ് സ്വകാര്യ-സാമൂഹിക ജീവിത വിഭജനവാദം മുന്നോട്ടുവെച്ചത്. ഈ വിഭജനവാദത്തിന്റെ അടിത്തറയിലാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയത്.

സ്വകാര്യ-സമൂഹ വിഭജനവാദത്തെ വേറൊരര്‍ഥത്തില്‍ സ്വവര്‍ഗരതിയെ പിന്തുണക്കുന്ന നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ നിരാകരിക്കുന്നുണ്ട്. 'വ്യക്തിപരമായത് രാഷ്ട്രീയമാണ്' എന്ന നവ സാമൂഹ്യ പ്രസ്ഥാന മുദ്രാവാക്യങ്ങളിവിടെ ഓര്‍ക്കേണ്ടതാണ്. ഒരാള്‍ വ്യക്തിപരമായും സ്വകാര്യമായും ചെയ്യുന്ന കാര്യങ്ങള്‍ക്ക് രാഷ്ട്രീയമായ അഥവാ സാമൂഹികമായ മാനങ്ങളുണ്ട് എന്നതാണ് ആ മുദ്രാവാക്യത്തിന്റെ അര്‍ഥം. സ്ത്രീകള്‍ക്കും മറ്റടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമെതിരെ സ്വകാര്യ തലത്തില്‍ സമൂഹം പുലര്‍ത്തുന്ന വിവേചനങ്ങളെ അടയാളപ്പെടുത്താനും ചെറുക്കാനും സഹായിച്ച മുദ്രാവാക്യമാണിത്. സ്വവര്‍ഗരതി 

പോലുള്ള അധാര്‍മികതകളെ ഒരവകാശം എന്ന നിലയില്‍ ന്യായീകരിക്കാനാണ് ഈ മുദ്രാവാക്യം ഉപയോഗിക്കപ്പെടുന്നത്. പക്ഷേ, വ്യക്തി ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ട് എന്നത് നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ഈ മുദ്രാവാക്യവും സമ്മതിക്കുന്നുണ്ട്. അത് ഉപയോഗിക്കുന്നത് എന്തിനുവേണ്ടിയാണെങ്കിലും വ്യക്തി ജീവിതവും സാമൂഹിക ജീവിതവും വെള്ളം കടക്കാത്ത അറകളല്ല എന്നര്‍ഥം.

എന്റെ ശരീരത്തിന്റെ ഉടമസ്ഥന്‍/ഉടമസ്ഥ ഞാനാണ്. അതുകൊണ്ട് അതിന്റെ മേല്‍ എനിക്കു തന്നെയാണ് അധികാരം അഥവാ സ്വയംനിര്‍ണയാവകാശം എന്നതാണ് ലിബറലിസത്തിന്റെ കാഴ്ചപ്പാട്. ആധുനികതയുടെ തുടക്കത്തില്‍ ഉന്നയിക്കപ്പെട്ട പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ അധികാരത്തിന് സമാനമായ വാദമാണിത്. ഇതാണ് ആധുനിക വികസനവാദത്തിന്റെ അടിത്തറ.

ഈ വികസനവാദമാണ് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പരിസ്ഥിതി തകര്‍ച്ചയുടെ അടിസ്ഥാന കാരണം. പ്രകൃതിയില്‍ മനുഷ്യന്റെ താല്‍പര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി ഇടപെടാന്‍ മനുഷ്യന് അധികാരമുണ്ട് എന്നതായിരുന്നു ഈ വികസനവാദം. അതിന് മനുഷ്യരാശി ഒടുക്കിക്കൊണ്ടിരിക്കുന്ന വിലയാണ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. ഇതേപോലെ ലിബറല്‍ വ്യക്തിവാദത്തിന് വമ്പിച്ച ധാര്‍മിക തകര്‍ച്ചയുടെ വില നാം ഒടുക്കേണ്ടിവരും. എന്റെ ഉടമസ്ഥതയിലെ മണ്ണോ മരമോ എന്റെ ഇഷ്ടം മാത്രം പരിഗണിച്ച് എനിക്ക് കൈകാര്യം ചെയ്യാനധികാരമില്ല എന്ന വിവേകം ഇന്ന് പൊതുവിലുണ്ടായിട്ടുണ്ട്. എങ്കില്‍ എന്റെ ശരീരം എന്റെ താല്‍പര്യം മുന്‍നിര്‍ത്തി മറ്റുള്ളവര്‍ക്ക് പ്രത്യക്ഷ ഉപദ്രവം ഇല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യാന്‍ എനിക്കധികാരമുണ്ട് എന്ന വാദവും നിലനില്‍ക്കുന്നതല്ല. കാരണം പ്രത്യക്ഷ ഉപദ്രവങ്ങള്‍ മാത്രമല്ല സമൂഹത്തിന് ഫലത്തില്‍ ഉപദ്രവമായിത്തീരുക.

ലൈംഗിക കാര്യത്തിലെ ധാര്‍മികത കേവല സ്വകാര്യ വിഷയമല്ല. സമൂഹങ്ങളുടെ നിലനില്‍പിനെയും അസ്തമയത്തെയും സ്വാധീനിക്കുന്ന നിര്‍ണായക വിഷയമാണ്. ഖുര്‍ആനും ബൈബിളും ലൂത്വ് നബിയുടെ സമൂഹത്തിന്റെ ചരിത്രത്തെക്കുറിച്ച് പറയുന്നുണ്ട്. അവരുടെ തകര്‍ച്ചയുടെ കാരണം സ്വവര്‍ഗ ലൈംഗികതയായിരുന്നു. സ്വവര്‍ഗ ലൈംഗികത ആദര്‍ശവല്‍ക്കരിക്കപ്പെട്ട സമൂഹമായിരുന്നു ലൂത്വിന്റെ ജനത. അല്ലാഹു ലൂത്വിന്റെ ജനതയെ നശിപ്പിച്ചതിന്റെ കാരണം സ്വവര്‍ഗ ലൈംഗികതയാണ്. അല്ലാഹു അവരിലേക്ക് ലൂത്വിനെ പ്രവാചകനായി നിയോഗിക്കുന്നു. ലൂത്വ് അല്ലാഹുവിന്റെ ഏകത്വത്തിലേക്കും സ്വവര്‍ഗരതിയില്‍നിന്നുള്ള മുക്തിയിലേക്കും സമൂഹത്തെ ക്ഷണിക്കുന്നു. ഇതിനെ നിരാകരിച്ച ജനത ദൈവികമായ സവിശേഷ നടപടിക്രമത്തിലൂടെ ഉന്മൂലനം ചെയ്യപ്പെടുന്നു. ഒരു പ്രവാചകന്‍ സമാഗതമാവുകയും പ്രബോധനം നടത്തുകയും ചെയ്തിട്ടില്ലെങ്കിലും ഇത്തരമൊരു സമൂഹം തകര്‍ന്നുപോവും എന്നത് ചരിത്രത്തിന്റെ വളരെ പൊതുവായ ധാര്‍മിക നിയമം മാത്രമാണ്. ദൈവശാസ്ത്രപരമായി മാത്രമല്ല സാമൂഹികശാസ്ത്രപരമായി തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണിത്. ലൈംഗികമായ പ്രകൃതി മര്യാദകളും അച്ചടക്കവുമില്ലാത്ത ഒരു സമൂഹവും ചരിത്രത്തില്‍ ഏറെക്കാലം നിലനിന്നിട്ടില്ല. ഇത് ഒരു ജനതയുടെ ഭൗതികമായ നിലനില്‍പ്പുമായി ബന്ധപ്പെട്ട വിഷയമാണ്. ജനങ്ങളുടെ ഭൗതിക ജീവിതത്തിന്റെ നീതിപൂര്‍വകവും ആരോഗ്യകരവുമായ നിലനില്‍പ്പാണല്ലോ രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തന മണ്ഡലം. ആ അര്‍ഥത്തില്‍ സ്വവര്‍ഗരതി ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. ഇസ്‌ലാമിക സമൂഹം സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായിരുന്ന ഐ.പി.സി 377 റദ്ദ് ചെയ്തതിനെ എതിര്‍ത്തത്, ഇസ്‌ലാം മതവിശ്വാസികളുടെ എന്തോ ഒരവകാശത്തിനുമേല്‍ ഈ വിധി കടന്നു കയറിയിരിക്കുന്നു എന്ന അര്‍ഥത്തിലല്ല; വിശ്വാസികളും അല്ലാത്തവരും എല്ലാമായ മനുഷ്യരുടെ ലൗകിക ജീവിതത്തിന്റെ നിലനില്‍പ്പിനെയും വളര്‍ച്ചയെയും കുറിച്ച അതിന്റെ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയാണ്.

മനുഷ്യസമൂഹത്തെ എക്കാലവും താങ്ങിനിര്‍ത്തുകയും പോറ്റിവളര്‍ത്തുകയും ചെയ്ത കുടുംബവ്യവസ്ഥക്ക് എതിരായ അക്രമമാണ് സ്വവര്‍ഗരതി വാദം. കുടുംബം നിലനില്‍ക്കുന്നത് ജീവശാസ്ത്രപരമായ ഒരാവശ്യം എന്ന നിലക്കു മാത്രമല്ല. ജീവശാസ്ത്രപരമായി ഇക്കാര്യത്തില്‍ ര് ആവശ്യങ്ങളാണ് പ്രധാനമായും മനുഷ്യനുള്ളത്. ഒന്ന്, ലൈംഗികത. രണ്ട്, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അഭിവാഞ്ഛ. ഇത് കുടുംബത്തിനു പുറത്തും ചിലപ്പോള്‍ സ്വവര്‍ഗബന്ധങ്ങളിലൂടെയും സാധിച്ചെടുക്കാനാവും; ശരീരശാസ്ത്രപരമായി അതൊരു വ്യതിചലനമാണെങ്കിലും. കുടുംബം നിലനില്‍ക്കുന്നത് അതിന്റെ ആദര്‍ശവത്കരണം കൊ് കൂടിയാണ്. മാതൃത്വത്തിന്റെ മഹത്വം, മാതാപിതാക്കളോടുള്ള കടപ്പാടുകള്‍, സ്ത്രീ-പുരുഷ പ്രണയത്തിന്റെ ഉദാത്തത എന്നിങ്ങനെയുള്ള മഹത്വവത്കരണങ്ങളും ആദര്‍ശവത്കരണങ്ങളുമാണ് മനുഷ്യനെ കുടുംബജീവിയാക്കി നിലനിര്‍ത്തുന്നത്. കുടുംബജീവി എന്ന ഘടകമാണ് മനുഷ്യനെ ഗുണകരമായി മുന്നോട്ടു കൊുപോകുന്നത്. സ്വവര്‍ഗരതി ഉദാത്തീകരിക്കപ്പെടുമ്പോള്‍ മനുഷ്യ ചരിത്രത്തിന്റെ അച്ചുതായ കുടുംബവ്യവസ്ഥയുടെ അടിസ്ഥാനമാണ് ആക്രമിക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും. ഇതിലൂടെ മനുഷ്യന്‍ കുടുംബജീവി അല്ലാതാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത് മനുഷ്യരാശിയുടെ തകര്‍ച്ചയിലാണ് ചെന്നവസാനിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (47-49)
എ.വൈ.ആര്‍

ഹദീസ്‌

അല്ലാഹുവിനിഷ്ടം സ്ഥിരതയാര്‍ന്ന കര്‍മങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍