Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 26

3073

1440 സഫര്‍ 16

ഉദാരവാദങ്ങള്‍ പ്രമാണങ്ങള്‍ വളച്ചൊടിക്കുമ്പോള്‍

ശഹീന്‍ കെ. മൊയ്തുണ്ണി

2013-ല്‍ ഒരു അക്കാദമിക ശില്‍പശാലയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. അന്ന് കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ സ്വവര്‍ഗാനുരാഗിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു  ബ്രിട്ടീഷ് പുതു മുസ്‌ലിമായിരുന്നു. കനഡയില്‍നിന്നുള്ള സ്വവര്‍ഗാനുരാഗിയായ ഒരു വനിതയൂം അന്ന് പെങ്കടുത്തുവെങ്കിലും, താന്‍ ഇസ്‌ലാമിക ജീവിതം നയിക്കുന്നുവെന്ന അവകാശവാദം കൂടി ബ്രിട്ടീഷുകാരനായ യുവാവിനുണ്ടായിരുന്നു. ഈ വര്‍ഷം ബലിപെരുന്നാളിന് എല്‍.ജി.ബി.ടികള്‍ സംഘടിപ്പിച്ച പെരുന്നാള്‍ നമസ്‌കാരത്തില്‍ പെങ്കടുക്കാന്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം എല്‍.ജി.ബി.ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സംഘടന ക്ഷണം അയച്ചിരുന്നു. അവരുടെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ സ്വവര്‍ഗ ലൈംഗികത ഇസ്‌ലാം അംഗീകരിക്കുന്നുവെന്ന് കാണിച്ച് ഖുര്‍ആന്‍ അനുബന്ധ ചോദ്യോത്തരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഇവ തെറ്റായി വ്യാഖ്യാനിച്ചാണ് സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമായി മറ്റുള്ളവര്‍ കാണുന്നതെന്നാണ് അവരുടെ വിശദീകരണം. 

തങ്ങള്‍ ചെയ്യുന്നത് തെറ്റാകില്ലെന്ന ബോധ്യത്തില്‍നിന്നാണ് ഇത്തരം പരിപാടികളുമായി അവര്‍ മുന്നോട്ടുപോകുന്നത്. അവരുടെ വാദങ്ങളെ സാധൂകരിക്കുന്ന രചനകളുടെ വലിയ ലോകം തന്നെ ഇന്ന് നിലവിലുണ്ട്. ഓറിയന്റലിസ്റ്റ് രീതികള്‍ കടമെടുത്ത് അക്കാദമിക വിദഗ്ധരും എഴുത്തുകാരും ഈ രംഗത്ത് മൂന്നു തരം സാഹിത്യ സൃഷ്ടികളാണ് അവതരിപ്പിച്ചിട്ടുള്ളത്: 1. വെള്ളക്കാരും പുരുഷന്മാരുമായ യൂറോപ്യന്‍, അമേരിക്കന്‍ സ്വവര്‍ഗാനുരാഗികളായ പണ്ഡിതന്മാര്‍ തയാറാക്കിയ ചരിത്ര, സാഹിത്യ, നരവംശ ശാസ്ത്ര രചനകള്‍. മുമ്പും ഇപ്പോഴുമുള്ള അറബ്, മുസ്‌ലിം ലോകത്തെ സ്വവര്‍ഗ ലൈംഗികത വിശദീകരിക്കുന്നവയാണിവ. 2. സമകാലിക അറബ്, മുസ്‌ലിം ലോകത്തെ സ്വവര്‍ഗാനുരാഗികളുടെ ജീവിതം പങ്കുവെക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിവരണങ്ങള്‍ 3. ഖുര്‍ആനിനെ മറ്റൊരു നിലയില്‍ വായിച്ചും  പാരമ്പര്യ രേഖകളില്‍നിന്ന് ചിലതൊക്കെ തെളിവുകളെന്ന നിലക്ക് പെറുക്കിയെടുത്തും സ്വവര്‍ഗ ലൈംഗികത അനുവദനീയമെന്ന് വാദിക്കുന്ന രചനകള്‍. 

ഉദാഹരണത്തിന്, 325-ലേറെ സ്വവര്‍ഗ ലൈംഗിക പ്രസിദ്ധീകരണങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിച്ച  എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ റെക്‌സ് വോക്‌നര്‍ 'Homosexuality in the Arab and Moslem World' എന്ന കൃതിയില്‍ മുസ്‌ലിം ലോകത്തെ സ്വവര്‍ഗാനുരാഗികളുടെ വിമോചനത്തിന് ആഹ്വാനം നടത്തുന്നുണ്ട്. 'Sexuality and Eroticism among Males in Moslem Societies' എന്ന ഗ്രന്ഥത്തില്‍ ജെഫ്രി വീക്‌സ് മുസ്‌ലിം ലോകത്തെ സ്വവര്‍ഗാനുരാഗികള്‍ക്ക് മെച്ചപ്പെട്ട ഭാവി സാധ്യമാകാന്‍ പാശ്ചാത്യ മോഡല്‍ മതേതരത്വ പ്രക്രിയ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. 'Christianity, Social Tolerance and Homosexuality: Gay People in Western Europe from the Beginning of the Christian Era to the Fourteenth Century' എന്ന കൃതിയില്‍ ജോണ്‍ ബോസ്‌വെല്‍ ഒട്ടുമിക്ക മുസ്‌ലിം സമൂഹങ്ങളും സ്വവര്‍ഗ ലൈംഗികതയെ ആദരത്തോടെയല്ലെങ്കിലും സാധാരണമെന്ന നിലക്കാണ് സമീപിച്ചതെന്ന് വാദിക്കുന്നുണ്ട്. 'ടലഃൗമഹശ്യേ മിറ 'Sexuality and Eroticism among Males in Moslem Societies'-ല്‍ ആര്‍നോ ഷ്മിറ്റ് പറയുന്നത് മുസ്‌ലിം ലോകത്ത് പുരുഷന്മാര്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗം എന്ന പദം ഉപയോഗിക്കുന്നില്ലെങ്കിലും ഒരേ വര്‍ഗ ബന്ധം നിലനില്‍ക്കുന്നുവെന്നാണ്. മുസ്‌ലിം ലോകം അധാര്‍മികരും ലൈംഗികാതിപ്രസരം നിറഞ്ഞവരുമാണെന്ന മധ്യകാല ക്രിസ്ത്യന്‍ വിശ്വാസധാരയുടെ ചുവടുപിടിച്ചാണ് ഈ പ്രചാരവേല. സ്വവര്‍ഗ ലൈംഗിക മോഹങ്ങളുടെ പറുദീസയായി അറബ്- മുസ്‌ലിം ലോകത്തെക്കുറിച്ച ഓറിയന്റലിസ്റ്റ് എഴുത്തുകാരായ വില്യം എസ്. ബറോസ്, ടി.ഇ ലോറന്‍സ്, പോള്‍ ബൗള്‍സ്, റൊളാങ് ബാര്‍തേസ്, ജീന്‍ ജെനറ്റ് തുടങ്ങിയവര്‍ തുടര്‍ച്ച നല്‍കി. അറബ് ലോകത്തെ ചിത്രീകരിക്കുന്നതിലെ ഓറിയന്റലിസ്റ്റ് പ്രതിനിധാനത്തിന്റെ ബാക്കിപത്രമാണ് ഈ ആഖ്യാനങ്ങള്‍. ജെഫ്രി വീക്‌സ് പറയുന്നത്, കാലങ്ങളായി പാശ്ചാത്യ ലോകത്തെ സ്വവര്‍ഗാനുരാഗികള്‍ പറുദീസ തേടി അറബ് ലോകത്തേക്ക് നിരന്തരം യാത്ര ചെയ്തിരുന്നുവെന്നാണ്. 

മുസ്‌ലിം ലോകത്തെ സ്വവര്‍ഗാനുരാഗികളെയും ഭിന്ന ലിംഗക്കാരെയും കുറിച്ച് പര്‍വേസ് ശര്‍മ തയാറാക്കിയ ഡോക്യുമെന്ററി 'എ ജിഹാദ് ഫോര്‍ ലവ്' 2008-ലെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ശര്‍മ തന്നെ 2015-ല്‍  'A Sinner in Mecca' എന്ന പേരില്‍ തയാറാക്കിയ ഡോക്യുമെന്ററി അതേ പേരില്‍ 'A Gay Muslim's Hajj of Defiance'എന്ന ഉപശീര്‍ഷകത്തോടെ പുസ്തകമായി ഇറക്കുകയുായി. പുസ്തകത്തെ ഗാര്‍ഡിയന്‍ പത്രം സ്വവര്‍ഗാനുരാഗികളുടെ വീക്ഷണകോണില്‍ ഹജ്ജിനെ സമീപിച്ച ആദ്യ പരീക്ഷണമെന്നാണ് വിശേഷിപ്പിച്ചത്. സ്വവര്‍ഗാനുരാഗത്തോട് ഇസ്‌ലാമിക ലോകത്ത് ശത്രുതക്ക് കാരണം വഹാബിവത്കരണമെന്നുകൂടി ഇദ്ദേഹം പറഞ്ഞുവെക്കുന്നു. സ്വവര്‍ഗാനുരാഗ പഠനങ്ങളും വെള്ള ഫെമിനിസ്റ്റ് പഠനങ്ങളും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. മുസ്‌ലിം സ്ത്രീകളെ മതമൗലികതയില്‍നിന്ന് രക്ഷിച്ചെടുക്കാനോ അവര്‍ക്ക് 'വിലങ്ങുകളില്ലാതിരുന്ന' വിപ്ലവപൂര്‍വ ഇറാന്‍, കമ്യൂണിസ്റ്റ് അഫ്ഗാനിസ്താന്‍, അത്താതുര്‍ക് തുര്‍ക്കി തുടങ്ങിയ മാതൃകാ രാജ്യങ്ങള്‍ സ്ഥാപിക്കാനോ ആണ് വെള്ളക്കാരായ ഫെമിനിസ്റ്റുകള്‍  സമരം ചെയ്യുന്നത്. സമാനമായി, മുസ്‌ലിം സ്വവര്‍ഗാനുരാഗികളെ രക്ഷപ്പെടുത്താനും ഇവര്‍ക്ക് നിയന്ത്രണങ്ങളില്ലാതിരുന്ന ആധുനിക ഇസ്‌ലാമിനു മുമ്പുള്ള കാലത്തെ തിരികെ കൊണ്ടുവരാനും സ്വവര്‍ഗലൈംഗികതാ പണ്ഡിതര്‍ ശ്രമം നടത്തുന്നു. മുസ്‌ലിം ജീവിത അനുഭവങ്ങളെ ഇസ്‌ലാമിന്റെ ഭാഗമാക്കാനോ ആധുനികതക്ക് മുമ്പത്തെ കാലത്തേതെന്നു പറയുന്ന സ്വവര്‍ഗ ലൈംഗികത ആവേശിച്ച/ മദ്യം നിറഞ്ഞാടുന്ന അറബ് സാഹിത്യത്തെ പൊതുവായി അവതരിപ്പിക്കാനോ ആണ് ഇവരുടെ ശ്രമം. 

2011-ല്‍ ഇറങ്ങിയ 'Reading Quran'-ല്‍ സിയാഉദ്ദീന്‍ സര്‍ദാര്‍ വാദിക്കുന്നത്, സ്വവര്‍ഗ ലൈംഗികതയുടെ പേരില്‍ പ്രവാചകന്‍ ആരെയെങ്കിലും ശിക്ഷിച്ചതിന് തെളിവില്ലെന്നും ഉന്നയിക്കപ്പെടുന്ന തെളിവുകളത്രയും വ്യാജമായി നിര്‍മിച്ച പ്രമാണങ്ങളെ ആധാരമാക്കിയാണെന്നുമാണ്. ചില മുസ്‌ലിം സമൂഹങ്ങള്‍ക്ക് ഈ വിഭാഗങ്ങളോടുള്ള മുന്‍വിധിയും കാരണമായി. 'നൂര്‍' അധ്യായത്തിലെ 31-ാം വചനമാണ് ഇതിന് തെളിവായി സര്‍ദാര്‍ നിരത്തുന്നത്. ആഴത്തിലുള്ള അപഗ്രഥനപരമായ സമീപനത്തിലുപരി വ്യക്തിഗത അനുഭവത്തില്‍നിന്നാണ് ഈ വായന സര്‍ദാര്‍ നടത്തുന്നത്. അടുത്തിടെ ആമിന വദൂദും ഇതേ വാദം ഉന്നയിച്ചിരുന്നു. ഇസ്‌ലാമിലെ ലൈംഗിക വൈവിധ്യങ്ങളെ കുറിച്ച് അവര്‍ ഒരു ഉപന്യാസത്തിന്റെ പണിപ്പുരയിലുമാണ്. 

ഇസ്‌ലാമില്‍ സ്വവര്‍ഗ ലൈംഗികത അനുവദനീയമെന്ന് വാദിക്കാനുള്ള നിരന്തര ശ്രമം കണ്ടത് സ്‌കോട്ട് കൂഗ്ള്‍ 2010-ല്‍ എഴുതിയ Homosexuality in Islam: Critical Reflection on Gay, Lesbian and Transgender Muslims-ലാണ്. ഇസ്‌ലാം സ്വീകരിച്ച വെള്ളക്കാരനും സ്വവര്‍ഗാനുരാഗിയുമായ സ്‌കോട്ട് കൂഗ്ള്‍ മതപരിവര്‍ത്തനത്തിനുശേഷം സിറാജുല്‍ ഹഖ് എന്ന പേരു സ്വീകരിച്ച് സ്വയം പ്രഖ്യാപിത സൂഫി ഇമാമായി നിലകൊണ്ടു. പഴയ അന്തലൂസിയന്‍ ഇസ്‌ലാമിക നിയമജ്ഞനായിരുന്ന ഇബ്‌നു ഹസ്മിന്റെ ലിറ്ററലിസ്റ്റ് (വാഗര്‍ഥത്തിന് ഊന്നല്‍ നല്‍കിയുള്ള) രീതിശാസ്ത്രത്തെ താന്‍ പിന്തുണക്കുന്നതായി കൂഗ്ള്‍ പറയുന്നു. ഒപ്പം, പ്രമാണങ്ങളെ വായിക്കുന്നിടത്ത് ആശയപ്രധാനമായ അപഗ്രഥനത്തെയും മുന്നോട്ടുവെക്കുന്നു. ലൈംഗികതയോട് ഇസ്‌ലാം പുലര്‍ത്തിയ അനുകൂല സമീപനവും, വൈവിധ്യം പ്രകൃതിയുടെ അടിസ്ഥാനമാണെന്ന ഖുര്‍ആന്റെ ആഘോഷവും ചേര്‍ത്തുവെച്ച് ലൈംഗികതയിലും വൈവിധ്യം ഖുര്‍ആന്റെ തേട്ടമാണെന്നാണ് കൂഗ്‌ളിന്റെ വാദം. സര്‍വശക്തനായ ദൈവത്തിന്റെ അടയാളങ്ങളുടെ ഭാഗമാണ് വൈവിധ്യമെന്നതിനാല്‍, ലൈംഗികാഭിമുഖ്യങ്ങളിലും അതിന്റെ തുടര്‍ച്ചയായ പ്രവൃത്തികളിലും ദൈവം വൈവിധ്യം അനുവദിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ പറയുമ്പോഴും ആധുനിക മനശ്ശാസ്ത്രം മുന്നോട്ടുവെക്കുന്ന, വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത് ലൈംഗികാഭിമുഖ്യമാണെന്ന തെറ്റായ സങ്കല്‍പത്തെ കൂഗ്ള്‍ അംഗീകരിക്കുന്നില്ല. പക്ഷേ, പ്രവാചകന്‍ ലൂത്വിന്റെ സമൂഹത്തെ ശിക്ഷിച്ച കഥ ഉദ്ധരിക്കുന്ന പ്രശസ്ത ഖുര്‍ആന്‍ വ്യഖ്യാതാവ് ഇമാം മുഹമ്മദ് ജരീര്‍ അത്ത്വബരിയെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. 

സ്വവര്‍ഗ ലൈംഗികതയെന്ന സങ്കല്‍പത്തെ കൂഗ്ള്‍ മതപരമായി അവതരിപ്പിക്കുന്നുണ്ട്. അതാകെട്ട, ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഭാഗമായി അവതരിപ്പിക്കാന്‍ ഒരു നിലക്കും സാധ്യവുമല്ല. മനുഷ്യനെ നിര്‍മിക്കുന്ന ലൈംഗികാഭിമുഖ്യങ്ങളില്‍ ഭിന്നവര്‍ഗ ലൈംഗികതയും സ്വവര്‍ഗ ലൈംഗികതയുമുണ്ടെന്നാണ് കൂഗ്‌ളിന്റെ വാദം. പ്രകൃതിപരവും നൈസര്‍ഗികവുമാണത്രെ സ്വവര്‍ഗ ലൈംഗികത. സ്വവര്‍ഗ ലൈംഗികത നൈസര്‍ഗികമാണെന്നതിനര്‍ഥം വ്യക്തി സ്വയം തെരഞ്ഞെടുക്കുന്നതല്ലെന്നാണെങ്കില്‍ അവന്റെ ലൈംഗിക ആകര്‍ഷണത്തില്‍ തീരുമാനത്തിന് പ്രസക്തിയില്ലെന്നു വരുന്നു. എന്നാല്‍, ബോധപൂര്‍വമായ തെരഞ്ഞെടുപ്പ് അല്ലാതെ സംഭവിക്കുന്ന പല വിചാരങ്ങളെയും പ്രകൃതിപരമായി നാം കാണുന്നില്ല. അതിനാല്‍ തന്നെ ധാര്‍മികമായി സാധുവുമാകുന്നില്ല. എന്നുമാത്രമല്ല, പ്രലോഭനങ്ങളിലേറെയും ശരീരത്തിന്റെ (നഫ്‌സ്) കാമനകളായാണ് ഇസ്‌ലാം കാണുന്നത്. അതിനാല്‍, അച്ചടക്കം ശീലിച്ച് അവ ഇല്ലാതാക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. പ്രലോഭനങ്ങളും ശരീരത്തിന്റെ അതിരുവിടലുകളും സഹജമായ അക്ഷമയും ഉത്കണ്ഠയും തെറ്റിലേക്ക് വീഴാനുള്ള ന്യായമായി ഇസ്‌ലാം കാണുന്നേയില്ല. ഭിന്നവര്‍ഗാഭിമുഖ്യം പൊതുവെ മനുഷ്യ പ്രകൃതിയായിട്ടും, താല്‍ക്കാലികമായ അടുപ്പം, ചുംബനം, ആലിംഗനം എന്നിവയൊന്നും അനുവദിക്കപ്പെടുന്ന ഇടത്തല്ലാതെ മതം വിലക്കുന്നു. മോഷണം, കള്ളം പറയല്‍, വഞ്ചന എന്നിവക്കും മനുഷ്യന് സഹജമായ താല്‍പര്യമുണ്ടാകാമെങ്കിലും അത് അംഗീകരിക്കപ്പെടില്ല. ചിലപ്പോഴെങ്കിലും അവ പ്രകൃത്യാ ഉള്ളതെന്ന് തോന്നാമെങ്കിലും അവ നിരോധിക്കപ്പെട്ടവയാണെന്നത് പകല്‍പോലെ വ്യക്തം. 

സ്വവര്‍ഗ ലൈംഗികതയും പുരുഷ ഭോഗവുമൊന്നും വിശുദ്ധ ഖുര്‍ആനില്‍ നേരിട്ട് വരുന്നില്ലെന്ന് കൂഗ്‌ളും മറ്റു അക്കാദമിക വിദഗ്ധരും സമ്മതിക്കുന്നു്. ഇതിനെ സൂചിപ്പിക്കുന്ന പദങ്ങള്‍ ഇല്ലെന്ന പോലെ ബലാത്സംഗം, ഉഭയകക്ഷി സമ്മതം, ലൈംഗിക അതിക്രമം എന്നിവയുടെ പദങ്ങളും വരുന്നില്ല. എന്നാല്‍, ഇവയെ കുറിച്ച കടുത്ത ഖുര്‍ആനിക നിലപാടുകള്‍ നിയമവിരുദ്ധമായി ഖുര്‍ആന്റെ മൂലത്തിനു മേല്‍ ആരോപിക്കുന്ന കടന്നുകയറ്റമാണെന്ന് കൂഗ്ള്‍ പോലും പറയില്ല. ഇസ്‌ലാമിക വിശ്വാസ സംഹിത ഒരിടത്തും വ്യക്തിയുടെ ആന്തരിക ലൈംഗിക ചോദനകള്‍ അടിസ്ഥാനമാക്കി മനുഷ്യനെ വേര്‍തിരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. വ്യഭിചരിക്കണമെന്ന് മനസ്സ് പറഞ്ഞതുകൊണ്ട് ഒരിക്കലും ഒരു വ്യക്തിയെ വ്യഭിചാരിയായി മുദ്ര കുത്താറില്ല എന്നപോലെ, ഒരു വര്‍ഗക്കാരോട് തോന്നുന്ന ലൈംഗിക ഇഷ്ടത്തിന്റെ പേരില്‍ വ്യക്തിയെ അങ്ങനെ മുദ്ര കുത്താനുമാവില്ല. ചെയ്യുന്ന കര്‍മങ്ങളെയാണ്, മനസ്സിലെ താല്‍പര്യങ്ങളെയല്ല ശരീഅത്ത് അടിസ്ഥാനമാക്കുന്നത്. 

'അമല്‍ ഖൗമി ലൂത്വ്' (ലൂത്വ് പ്രവാചകെന്റ സമൂഹം ചെയ്ത ദുഷ്‌കൃത്യം), ലിവാത്വ്, മുലാവത്വ (രണ്ടും പുരുഷ മൈഥുനം) തുടങ്ങി ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സ്വവര്‍ഗ ലൈംഗികതയെ കുറിക്കുന്ന നിരവധി പദങ്ങള്‍ കൂഗ്ള്‍ കാണാതെ പോവുകയും ചെയ്യുന്നു. ലൂത്വ് പ്രവാചകന്‍ നിയോഗിതനായ സൊഡോം എന്ന നാട്ടിലെ ജനം ചെയ്തതായി പരിചയപ്പെടുത്തുന്ന പുരുഷന്മാര്‍ തമ്മിലെ ലൈംഗിക ചേഷ്ടകള്‍ തന്നെയാണ് ഇവയുടെ വിവക്ഷ. ഖുര്‍ആനില്‍ ബദല്‍, സൂചനാ പദങ്ങള്‍ പാടില്ലെന്നും ഓരോന്നിനും കൃത്യമായ പദങ്ങള്‍ വേണമെന്നും വാശി പിടിച്ചാല്‍ ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ ആധാരശിലയെ തന്നെയാകും ചോദ്യം ചെയ്യുന്നത്. ഇസ്‌ലാമിക ജ്ഞാന ശാസ്ത്രങ്ങളിലെ മൂലക്കല്ലുകളായ ഉസ്വൂല്‍, സുന്ന, ഹദീസ്, ഫിഖ്ഹ് തുടങ്ങിയവയൊന്നും ഖുര്‍ആനില്‍ അതേപേരില്‍ പരാമര്‍ശിക്കപ്പെടുന്നില്ലെന്നതിന്റെ പേരില്‍ അവയുടെ സാധുതയെ ഒരു മുസ്‌ലിമും സംശയിക്കുന്നില്ല. 'ലിവാത്വ്', 'ലൂത്വി' തുടങ്ങിയ പദങ്ങളും തഥൈവ. 

ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍നിന്ന് ഉദ്ധരിക്കുന്ന അദ്ദേഹം അവയിലെ ചില സൂചക പദങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണ് തന്റെ വാദം സാധൂകരിക്കാന്‍ ശ്രമിക്കുന്നത്. ഇഹ്‌യാ ഉലൂമിദ്ദീനിലെ 'വിവാഹ മര്യാദകളെ കുറിച്ച ഭാഗ'ത്തുനിന്ന് അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഇങ്ങനെ വായിക്കാം: ''ദൈവം സൃഷ്ടികള്‍ക്ക് നല്‍കിയ ചില മോഹങ്ങള്‍ ലൈംഗിക ബന്ധത്തിലേക്ക് നയിക്കുന്നു''. ഇവിടെ പുരുഷനെന്നോ സ്ത്രീയെന്നോ പരാമര്‍ശമില്ലാത്തത് സ്വവര്‍ഗ ലൈംഗികത കൂടി ഇസ്‌ലാമിന്റെ ഭാഗമാണെന്നതിന്റെ തെളിവാണെന്നാണ് കൂഗ്‌ളിന്റെ വാദം! ഇവിടെ ഗ്രന്ഥകാരന്‍ ഉപയോഗിക്കുന്ന അറബി പദം ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്നുവെങ്കിലും, ലൈംഗിക ബന്ധംവഴി ഗര്‍ഭധാരണവും കുഞ്ഞിന്റെ പിറവിയുമൊക്കെ അവിടെ ഉദ്ദേശിക്കപ്പെടുന്നു്. അതാകെട്ട, ഭിന്ന വര്‍ഗ ലൈംഗികതയുടെ ഉപോല്‍പന്നവുമാണ്. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ഇത് കൃത്യമായി വിശദീകരിക്കുന്നുമുണ്ട്. 

ലൂത്വ് പ്രവാചകന്റെ സമൂഹത്തെക്കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇമാം ത്വബരിയും പിന്‍ഗാമികളും നല്‍കിയ വിശദീകരണങ്ങള്‍ സ്വന്തം മുന്‍വിധികള്‍ തിരുകിക്കയറ്റിയതാണെന്ന് ആരോപിക്കുന്ന കൂഗ്ള്‍ സ്വന്തമായി വ്യാഖ്യാനവും ചമക്കുന്നുണ്ട്. 'അഅ്‌റാഫ്' അധ്യായത്തിലെ 80-81 വചനങ്ങള്‍ വ്യാഖ്യാനിക്കുന്നിടത്താണ് ഇമാം ത്വബരിക്കെതിരെ മുന്‍വിധി ആരോപിച്ച് വിചിത്രമായ സ്വന്തം വിശദീകരണം നല്‍കുന്നത്. 81-ാം വചനം 80-ന്റെ തുടര്‍ച്ചയല്ലെന്നാണ് കൂഗ്‌ളിന്റെ വാദം. ഇമാം ത്വബരിയുടെ യഥാര്‍ഥ വ്യാഖ്യാനത്തിന്റെ ചില ഭാഗങ്ങള്‍ മാറ്റിനിര്‍ത്തിയാണ് ആരോപണം ഉന്നയിക്കുന്നത്. ഇവിടെ ഇമാം ത്വബരിയാകെട്ട, ഖുര്‍ആനിക വചനങ്ങള്‍ തന്നെയാണ് വ്യാഖ്യാനമായി കൊണ്ടുവന്നത്. സ്വന്തം വാക്കുകള്‍ തീരെ കുറവ്. അതിനാല്‍ തന്നെ സ്വന്തം മുന്‍വിധി അവതരിപ്പിക്കാനുള്ള ഇടവും കുറവ്. ലൂത്വ് ജനതയുടെ ചരിത്രത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ച 'ഫാഹിശ' എന്ന പദം ഏതു തരം മോശം പ്രവൃത്തിയെയും ഉദ്ദേശിച്ചാകാമെന്നും ത്വബരിക്കും ഒരായിരം വര്‍ഷം അദ്ദേഹത്തിന്റെ വ്യാഖ്യാനത്തെ പിന്തുണച്ച ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കും തെറ്റിയെന്നുമാണ് കൂഗ്ള്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാദങ്ങളുടെ ആകത്തുക, ലൂത്വിന്റെ സമൂഹം ശിക്ഷിക്കപ്പെട്ടത് ഒരിക്കലും സ്വവര്‍ഗ ലൈംഗികതയുടെ പേരിലല്ല, മറിച്ച് സ്വവര്‍ഗ ലൈംഗികതയില്‍ അവര്‍ കാണിച്ച ബലാത്സംഗവും വഴിയോരക്കവര്‍ച്ചയും കാരണമായാണ് എന്നാണ്. 

ഒമ്പതിടത്താണ് ലൂത്വ് പ്രവാചകന്റെ സംഭവം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. ഇതില്‍ ആറിടത്ത് സ്വവര്‍ഗ ലൈംഗികത അവരുടെ വലിയ തിന്മയായി നേരിേട്ടാ സൂചകപദങ്ങള്‍ ഉപയോഗിച്ചോ വിശദമാക്കുന്നുണ്ട്. നിങ്ങള്‍ സ്ത്രീകളെ പ്രാപിക്കുന്നതിനു പകരം ആണുങ്ങളെ തന്നെ പ്രാപിക്കുന്നുവെന്നും, കൗമാരക്കാരായി വേഷമിട്ട് മാലാഖമാര്‍ എത്തിയപ്പോള്‍ വീടിനു പുറത്ത് തടിച്ചുകൂടിയ പുരുഷന്മാരോട് അല്ലാഹുവിനെ ഭയന്ന് അവരെ വെറുതെ വിടണമെന്നും പകരം തന്റെ പെണ്‍മക്കളെ പ്രാപിക്കാമെന്നും ലൂത്വ് പ്രവാചകന്‍ പറയുന്നത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. സ്വവര്‍ഗ ലൈംഗികത പരാമര്‍ശിക്കാത്ത മൂന്ന് ഇടങ്ങളാകെട്ട, ലൂത്വ് പ്രവാചകന്‍ ദൈവഭക്തിയുള്ളവനായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജനത തിന്മയുടെ പിറകെയായിരുന്നുവെന്നും പൊതുവായി പറഞ്ഞുപോകുന്ന ചെറിയ പരാമര്‍ശങ്ങളാണ്. സ്വവര്‍ഗ ലൈംഗികത പറയുന്ന ആറിടങ്ങളില്‍ ഒരു സ്ഥലത്ത്, അഥവാ 'അന്‍കബൂത്ത്' അധ്യായത്തില്‍ മാത്രമാണ് വഴിയോര കവര്‍ച്ച പരാമര്‍ശിക്കുന്നത്. അവശേഷിച്ച അഞ്ചിടത്തും സ്വവര്‍ഗ ലൈംഗികത മാത്രമാണ് വിഷയം. അഅ്‌റാഫ്, ശുഅറാഅ്, നംല് അധ്യായങ്ങളിലെ പരാമര്‍ശങ്ങളിലൊക്കെയും സ്ത്രീകള്‍ക്കു പകരം കാമത്തോടെ പുരുഷന്മാരെ പ്രാപിക്കുന്നുവെന്ന് കൃത്യമായി പറയുന്നുണ്ട്. ഹൂദ്, ഹിജ്ര്‍ അധ്യായങ്ങളിലാകെട്ട, സൊഡോമിലെ ജനതയോട് തന്റെ പെണ്‍മക്കളെ സ്വീകരിക്കാനും തന്റെ കൗമാരക്കാരായ സന്ദര്‍ശകരെ വെറുതെ വിടാനും അദ്ദേഹം അപേക്ഷിക്കുകയാണ്.  ഈ സൂക്തങ്ങള്‍ മൊത്തം പരിശോധിച്ചാല്‍ അനായാസം ബോധ്യമാകും, ലൂത്വ് പ്രവാചകന്‍ നിയോഗിതനായ സമൂഹം ചെയ്ത ഈ തിന്മയാണ് ശിക്ഷക്കു കാരണമായതെന്ന്. ബലാല്‍ക്കാരം, അപമാനിക്കല്‍ തുടങ്ങിയ മറ്റു വശങ്ങളല്ല, പരാമര്‍ശ വിഷയമെന്നും. ഖുര്‍ആനിക വചനങ്ങള്‍ സുതാര്യമായി ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നതിനാലാണ് വ്യാഖ്യാതാക്കള്‍ ഒരാള്‍ പോലും മറ്റൊരു അഭിപ്രായം പങ്കുവെക്കാതിരുന്നത്. എന്നിട്ടും, കൂഗ്ള്‍ മറ്റൊരു വായനക്ക് ശ്രമിക്കുന്നതിന് അര്‍ഥം അജ്ഞത മാത്രമാണെന്നേ പറയാനാകൂ. 

ലൂത്വ് പ്രവാചകന്റെ സമൂഹത്തില്‍ നിലനിന്ന സ്വവര്‍ഗ ലൈംഗികത ആയിരുന്നില്ല നശിപ്പിക്കപ്പെടാനുള്ള ഹേതു എന്ന് സമര്‍ഥിക്കാനായി തീരെ കേട്ടുപരിചയമില്ലാത്ത മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍കിസഇ എന്നയാളെ കൂഗ്ള്‍ ഉദ്ധരിക്കുന്നുണ്ട്. മറ്റിടത്തെല്ലാം, ഹദീസും രേഖകളും നിവേദനം ചെയ്ത വ്യക്തികളുടെ ചരിത്രം കൃത്യമായി അറിയാതെ പില്‍ക്കാല സമൂഹം അവരെ ആശ്രയിക്കുന്നതിനെ കൂഗ്ള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഹദീസിന്റെ പാരമ്പര്യത്തെ തന്നെ കൂഗ്ള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതും ഇതിന്റെ പേരിലാണ്. സ്വവര്‍ഗ ലൈംഗികതക്കെതിരെ നിരത്തുന്ന ഹദീസുകളുടെ വിശ്വാസ്യതയും ഇങ്ങനെ തള്ളിക്കളഞ്ഞതാണ്. എന്നിട്ടും, തന്റെ വാദത്തിന് ബലമായി അവതരിപ്പിക്കുന്ന അല്‍കിസഇ എന്ന വ്യക്തി മുസ്‌ലിം ലോകത്ത് കേട്ടുകേള്‍വി പോലുമില്ലാത്തയാളും! തന്റെ വാദം സാധൂകരിക്കാന്‍ എഴുന്നള്ളിക്കുന്ന തെളിവുകള്‍ക്കൊക്കെയുമുണ്ട് ഈ ദുര്യോഗം. പഴയ ഗ്രന്ഥങ്ങളില്‍നിന്ന് ഉദ്ധരിക്കുമ്പോള്‍ തന്റെ വാദങ്ങളെ ഖണ്ഡിച്ചേക്കാവുന്ന ഭാഗങ്ങള്‍ വിട്ടുകളഞ്ഞാണ് നിരന്തരം കൂഗ്ള്‍ ആശയസമര്‍ഥനം നടത്തുന്നത്. 

ഒട്ടും ഉദ്ദേശ്യശുദ്ധിയില്ലാതെ തെറ്റിനെ ശരിയായി അവതരിപ്പിക്കാന്‍ ഖുര്‍ആനിക രേഖകളും അധ്യാപനങ്ങളും വളച്ചൊടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ തിരിച്ചറിയണം. അതേസമയം എല്‍.ജി.ബി.ടി വിഭാഗങ്ങളുമായി ആശയവിനിമയം നടത്താനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അങ്ങനെ അവരെ നന്മയില്‍ വഴിനടത്താനും മുസ്‌ലിം പണ്ഡിതന്മാരുടെയും നേതാക്കളുടെയും ഭാഗത്തുനിന്ന് ശ്രമങ്ങളുാകണം. വ്യഭിചാരം, പലിശ, മദ്യപാനം പോലുള്ളവക്ക് അടിപ്പെട്ടവരെ ബോധവത്കരിക്കാനിറങ്ങുന്നതില്‍നിന്ന് വ്യത്യസ്തമായി, എല്‍.ജി.ബി.ടി സമൂഹത്തെ ഗുണദോഷിക്കാനിറങ്ങുന്നവര്‍ മുദ്രകുത്തപ്പെടാനുള്ള സാധ്യത ഏറെയാണ്. പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇനിയും നാം ഉത്തരം കണ്ടെത്തേണ്ട വിഷയങ്ങള്‍ അനവധിയുണ്ട്. പ്രമാണങ്ങളും ഒപ്പം സാമൂഹിക ശാസ്ത്ര അപഗ്രഥനവും വഴിയാകണം ചോദ്യങ്ങള്‍ക്ക്് ഉത്തരം കണ്ടെത്തേണ്ടത്. 

വിവ: മന്‍സൂര്‍ മാവൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (47-49)
എ.വൈ.ആര്‍

ഹദീസ്‌

അല്ലാഹുവിനിഷ്ടം സ്ഥിരതയാര്‍ന്ന കര്‍മങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍