Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 19

3072

1440 സഫര്‍ 09

ദാര്‍ശനിക പ്രതിഭകളും ഗവേഷണത്തിന്റെ ആധുനിക രീതിശാസ്ത്രവും

വി.പി അഹ്മദ് കുട്ടി ടൊറണ്ടോ

[എടയൂരില്‍നിന്ന് ടൊറണ്ടോയിലേക്ക് എന്റെ വൈജ്ഞാനിക യാത്ര - ഒമ്പത്]

പ്രഫ. ജോര്‍ജ് മിഖായേല്‍ വിക്കന്‍സും പ്രഫ. റോജര്‍ സെയ്വറിയും ടോറണ്ടോ യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റ് സ്ഥാപിച്ചു വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചവരാണ്. രണ്ടു പേരും ബ്രിട്ടീഷുകാര്‍. ലണ്ടന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയവര്‍.  അറബിയിലും പേര്‍ഷ്യനിലും പാണ്ഡിത്യം നേടിയ വിക്കന്‍സ് അവിസെന്ന എ സയന്റിസ്റ്റ് ആന്റ് ഫിലോസഫര്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്. സഅദിയുടെ ബുസ്താന്‍ പോലുള്ള പല ഗ്രന്ഥങ്ങളും പേര്‍ഷ്യന്‍ ഭാഷയില്‍നിന്ന് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു അദ്ദേഹം കീര്‍ത്തി നേടിയിരുന്നു. 

ഇറാനിയന്‍ പഠനങ്ങളിലും പേര്‍ഷ്യന്‍ ഇസ്‌ലാമിക സംസ്‌കാരത്തിലും ഇറാനിലെ സഫവി രാജകുടുംബ ചരിത്രത്തിലും മറ്റും അവഗാഹം നേടിയ സെയ്വറി അറിയപ്പെടുന്ന ഗ്രന്ഥകാരനായിരുന്നു. അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ വിവിധ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച ഇന്‍ട്രൊഡക്ഷന്‍ ടു ഇസ്‌ലാമിക് സിവിലൈസേഷന്‍ (1976) എന്ന ഗ്രന്ഥം ആ കാലഘട്ടത്തില്‍ യൂനിവേഴ്‌സിറ്റി ടെക്സ്റ്റ് ബുക്കായിരുന്നു. ഇരുവരും പ്രസിദ്ധരായിരുന്നുവെങ്കിലും അവരുടെ കീഴിലുള്ള കോഴ്സുകളില്‍ ഞാന്‍ ചേര്‍ന്നില്ല. 

ഇസ്‌ലാമിക ദൈവശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും അറബി, പേര്‍ഷ്യന്‍, ഉര്‍ദു  ഭാഷകളിലും അറേബ്യന്‍, ഇറാനിയന്‍, ഉസ്മാനിയ ചരിത്രത്തിലും സംസ്‌കാരത്തിലും ഗവേഷണ പഠനങ്ങള്‍ നടത്തിയ പ്രശസ്തരായ അറബ്-ക്രിസ്ത്യന്‍ അക്കാദമീഷ്യന്മാര്‍ അന്ന് ടോറണ്ടോ യൂനിവേഴ്‌സിറ്റിയിലുണ്ടായിരുന്നു. അറബ് ക്രിസ്ത്യാനികള്‍ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും നിര്‍വഹിച്ച വിലപ്പെട്ട സേവനങ്ങളെ കുറിച്ച് നാം അറിയേണ്ടതുണ്ട്. അവരുടെ സംഭാവനകള്‍ വസ്തുനിഷ്ഠമായി വിലയിരുത്തിയത് പ്രസിദ്ധ ഇസ്‌ലാമിക ചിന്തകനും നോര്‍ത്ത് അമേരിക്കയിലെ പേരുകേട്ട പ്രഫസറുമായിരുന്ന ഡോ. ഇസ്മാഈല്‍ റാജി ഫാറൂഖി (1921-1986) ആണ്.  ''അറബ് ക്രിസ്ത്യാനികളുടെ പ്രധാന സംഭാവന മുസ്‌ലിംകളുടെയും പാശ്ചാത്യരുടെയും ഇടയില്‍ സൗഹൃദത്തിന്റെ പാലം പണിയാന്‍ ശ്രമിച്ചു എന്നതാണ്. ഈ രംഗത്ത് അവരുടെ സംഭാവനകളെ മൂന്നു ഘട്ടങ്ങളായി വിഭജിക്കാം: ആദ്യത്തേത്, ഇസ്ലാമിക ചിന്തയുടെ രൂപീകരണ (Formative Period) ദശകളാണ്. ആ കാലഘട്ടത്തില്‍ ഗ്രീക്ക്, സിറിയന്‍ ഭാഷകളിലെ സയന്‍സ്, ഫിലോസഫി, മെഡിസിന്‍, മാത്തമാറ്റിക്‌സ് വിജ്ഞാന ശാഖകളിലെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. അതുവഴി ഇസ്‌ലാമിക നാഗരികതയുടെ വളര്‍ച്ചക്ക് അവര്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചു. രണ്ടാമത്തേത്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങള്‍ വരെയുളള കാലമാണ്. വിവിധ യൂറോപ്യന്‍ ഭാഷകളിലെ ഗ്രന്ഥങ്ങള്‍ ഈ ഘട്ടത്തിലും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. അവയിലൂടെ അറബ് ലോകത്ത് ചിന്താപരവും വൈജ്ഞാനികവുമായ നവോത്ഥാനം സാധ്യമായി. മൂന്നാം ഘട്ടത്തില്‍, ഇരുപതാം നൂറ്റാണ്ടില്‍ അറബ് ക്രിസ്ത്യാനികള്‍ അറബികളുടെയും മുസ്‌ലിംകളുടെയും സയന്‍സ്, ചരിത്രം, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ വസ്തുനിഷ്ഠമായി പഠിച്ച്, പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചു. പലയിടങ്ങളിലും  മധ്യപൗരസ്ത്യ പഠന കേന്ദ്രങ്ങള്‍ (Middle Eastern Study Center) സ്ഥാപിക്കുകയും മധ്യകാലഘട്ടത്തില്‍ എഴുതപ്പെട്ട അറബി ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു.  അറബികളെയും മുസ്‌ലിംകളെയും കുറിച്ച് പാശ്ചാത്യ ലോകത്ത് നിലനിന്നിരുന്ന കുപ്രചാരണങ്ങള്‍ക്കും ഹാസ്യ ചിത്രീകരണങ്ങള്‍ക്കുമെതിരില്‍ അവര്‍ നിരന്തരം പോരാടി. എല്ലാറ്റിലുമുപരി, അമേരിക്കന്‍ ലൈബ്രറികളില്‍ ഇസ്‌ലാമിനെ സംബന്ധിച്ച വലിയ ഗ്രന്ഥശേഖരങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇത്തരം ശ്രമങ്ങളിലൂടെ ഇസ്‌ലാമിനെയും അറബ് ലോകത്തെയും കുറിച്ച് വസ്തുനിഷ്ഠമായ വിവരങ്ങള്‍ അമേരിക്കയിലെയും യൂറോപ്പിലെയും ജനങ്ങള്‍ക്ക് മുമ്പിലെത്തിക്കാന്‍ അവര്‍ നടത്തിയ  ശ്രമങ്ങള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹവും പ്രശംസനീയവുമാണ്. പക്ഷേ, ഇന്ന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ഏഴുതേണ്ട ബാധ്യത മുസ്‌ലിംകളുടേതാണ്.'' ശ്രദ്ധേയമായൊരു നിരീക്ഷണമാണിത്.

അന്ന് യൂനിവേഴ്‌സിറ്റിയിലുണ്ടായിരുന്ന പ്രഫ. മീര്‍സാ ഖദീര്‍ ബേഗ് (1931-1988) അജ്മീര്‍ സ്വദേശിയായിരുന്നു. ലണ്ടനില്‍നിന്ന് സൂഫിസത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം   പ്രഫസറായിരുന്നെങ്കിലും അക്കാദമിക് യോഗ്യതകള്‍ തെളിയിക്കുന്ന ഗ്രന്ഥങ്ങളൊന്നും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാതിരുന്നതിനാല്‍  ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പഠിപ്പിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. അസീസ് അഹ്മദില്‍നിന്ന് വ്യത്യസ്തമായി അദ്ദേഹം ഒരു സൂഫി മുര്‍ഷിദായിരുന്നു. യൂനിവേഴ്‌സിറ്റി ഓഫ് ടോറണ്ടോയില്‍ അദ്ദേഹം ഒരു സൂഫി സ്റ്റഡി സര്‍ക്ക്ള്‍ സ്ഥാപിക്കുകയുണ്ടായി. അതുവഴി വെള്ളക്കാരായ കനഡക്കാരില്‍ പലരും ഇസ്‌ലാം സ്വീകരിച്ചു. പിന്നീട് അദ്ദേഹം ഒരു വിവാദ പുരുഷനായി മാറി. അതിനു രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി ഇസ്‌ലാമുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുസ്‌ലിംകള്‍ മാത്രമേ യൂനിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കാന്‍ പാടുള്ളൂ എന്നു വാദിച്ച്, അതിന്റെ പേരില്‍ പ്രതിഷേധവും മറ്റും സംഘടിപ്പിച്ചു. പക്ഷേ, അത്തരം വാദങ്ങളൊന്നും ഒരു സെക്യുലര്‍ യൂനിവേഴ്‌സിറ്റിയില്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്ന്  പറഞ്ഞു അത് തള്ളപ്പെട്ടു. പിന്നീട് അദ്ദേഹം തന്റെ സൂഫീ വൃത്തത്തില്‍പെട്ട, ഇസ്‌ലാം സ്വീകരിച്ച ഒരു വിദ്യാര്‍ഥിനിയെ വിവാഹം കഴിച്ചു. അതിനെതിരില്‍ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ കേസ് കൊടുത്തു. ഒരേസമയം ഒന്നിലധികം വിവാഹം കഴിക്കുന്നത് കനഡയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍, ബഹുഭാര്യാത്വം ഇസ്‌ലാമില്‍ അനുവദനീയമാണെന്നും മുസ്‌ലിമിന്റെ അവകാശമാണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചുവെങ്കിലും തള്ളപ്പെടുകയായിരുന്നു. അധികം താമസിയാതെ ഹൃദയാഘാതം മൂലം അദ്ദേഹം മരണപ്പെട്ടു. തന്റെ ഹദീസ് പാണ്ഡിത്യം ദുര്‍ബലമാണെന്നു മനസ്സിലാക്കിയ അദ്ദേഹം മരിക്കുന്നതിന് തൊട്ടു മുമ്പ്, ഹദീസ് പഠിക്കാന്‍ കുറച്ചു മാസങ്ങള്‍ മദീനയില്‍ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തിന് നേതൃത്വം  നല്‍കിയത്  അന്നത്തെ ടോറണ്ടോ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍ എന്ന നിലയില്‍ ഞാനായിരുന്നു. അല്ലാഹു അദ്ദേഹത്തിന് ആത്മശാന്തി പ്രദാനം ചെയ്യട്ടെ. 

ഇസ്‌ലാമിക ചിന്തയും ചരിത്രവും ഗഹനമായി പഠിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിനുതകുന്ന കോഴ്സുകള്‍ അന്ന് യൂനിവേഴ്‌സിറ്റിയില്‍ കൈകാര്യം ചെയ്തിരുന്നത് രണ്ടു അറബ് ക്രിസ്ത്യന്‍ പ്രഫസര്‍മാരായിരുന്നു, ജുവൈദ കോക്‌സും മിഖായേല്‍ മര്‍മുറയും. ഇവരുടെ കോഴ്‌സുകളിലാണ് ഞാന്‍ ചേര്‍ന്നത്. ജുവൈദ കോക്‌സന്റെ കീഴില്‍ ഇസ്‌ലാമിക് ഹിസ്റ്ററി ഓഫ് ദി അബ്ബാസിദ്‌സ് എന്ന വിഷയമാണ്  ഞാന്‍ തെരഞ്ഞെടുത്തത്. പ്രഫ. ജുവൈദ ഇറാഖില്‍നിന്ന് വന്ന ഒരു അറബ് ക്രിസ്ത്യന്‍ വനിതയായിരുന്നു. അവര്‍ പ്രഫ. ഹിലാലിയുടെ കൂടെ ബഗ്ദാദ് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായി ജോലി ചെയ്തിരുന്നു. 

ഓരോ കോഴ്‌സും തുടങ്ങുന്നതിനുമുമ്പ് പ്രഫസര്‍മാര്‍ വിഷയങ്ങള്‍ പഠിക്കാനായി രണ്ടുതരം ലിസ്റ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൊടുക്കും. ഒന്നാമത്തെ ലിസ്റ്റില്‍ കോഴ്‌സിന് ആധാരമായ ടെക്സ്റ്റ് ബുക്കുകളായിരിക്കും. രണ്ടാമത്തേത്, വിഷയം കൂടുതല്‍ ആഴത്തില്‍ പഠിക്കാനായി പ്രഫസര്‍ തയാറാക്കിയ ഗ്രന്ഥങ്ങളുടെയും മറ്റും ലിസ്റ്റും.  രണ്ടാമത്തെ ലിസ്റ്റിലെ ഗ്രന്ഥങ്ങളെ ഒറിജിനല്‍, സെക്കന്ററി എന്നിങ്ങനെ രണ്ടായി   വിഭജിച്ചിരിക്കും. കോഴ്‌സിന് പ്രത്യേകം വായിക്കാനുണ്ടായിരുന്ന പുതിയൊരു പഠനം ഡോ. ശഅ്ബാന്‍ എഴുതിയ രണ്ടു ഗ്രന്ഥങ്ങളായിരുന്നു. ഒന്ന്, ഇസ്‌ലാമിക് ഹിസ്റ്ററി എ ന്യൂ ഇന്റെര്‍പ്രെടേഷന്‍. മറ്റൊന്ന് അബ്ബാസിദ് റെവല്യൂഷന്‍. ഇസ്‌ലാമിക ചരിത്രത്തെ കുറിച്ച്, അതുവരെ അക്കാദമിക വൃത്തങ്ങളില്‍ അംഗീകരിക്കപ്പെട്ടുവന്നതില്‍നിന്ന് ഭിന്നമായ പുതിയൊരു വ്യാഖ്യാനമാണ് ഡോ. ശഅ്ബാന്‍ സമര്‍പ്പിച്ചിരുന്നത്. അബ്ബാസി വിപ്ലവം ഉമയ്യ രാജഭരണത്തിന്റെ വംശീയ നയങ്ങള്‍ക്കെതിരെ അനറബികള്‍ (പേര്‍ഷ്യന്‍ എലെമെന്റ്‌സ് ആന്റ് മവാലി) നടത്തിയ പോരാട്ടമാണെന്നാണ് ധരിച്ചിരുന്നത്. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായി വിപ്ലവത്തിന്റെ ഉത്തരവാദികള്‍ ഉമയ്യ ഭരണത്തില്‍ അസംതൃപ്തരായ ചില  അറബ് സംഘങ്ങള്‍ തന്നെയാണെന്നാണ് ഡോ. ശഅ്ബാന്‍ വാദിക്കുന്നത്. വിഷയം ആഴത്തില്‍ ഗവേഷണം നടത്തി സ്വന്തം അഭിപ്രായം അവതരിപ്പിക്കുകയായിരുന്നു ജുവൈദയുടെ സെമിനാര്‍ കോഴ്‌സില്‍ ചേര്‍ന്ന വിദ്യാര്‍ഥികളുടെ കര്‍ത്തവ്യം. ഞാന്‍ ഗവേഷണ പ്രബന്ധത്തിന് വിഷയമായി തെരഞ്ഞെടുത്തത് ശുഊബിയ പ്രസ്ഥാനത്തിന്റെ ഉത്ഭവമായിരുന്നു. വിഷയം പഠിക്കാനായി ത്വബരി, ബലാദുരി, മസ്ഊദി തുടങ്ങിയ അറബ് ചരിത്രകാരന്മാരുടെ കൃതികളും മറ്റും ആധാരമാക്കി പ്രബന്ധം എഴുതി സമര്‍പ്പിച്ചു. പക്ഷേ അവരതില്‍ ഒട്ടും സംതൃപ്തയായില്ല. അത് മാറ്റിയെഴുതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ പ്രബന്ധത്തെക്കുറിച്ച് മൂന്ന് പരാമര്‍ശങ്ങളാണ് അവര്‍ നടത്തിയത്. ഒന്നാമതായി ഞാന്‍ ഒറിജിനല്‍ സോഴ്‌സസും സെക്കന്ററി സോഴ്‌സസും  രണ്ടായി കണ്ടിരുന്നില്ല. മറ്റൊന്ന് ചരിത്രകാരന്മാരുടെ ആശയപരമായ ചായ്‌വുകളും മുന്‍വിധികളും കണക്കിലെടുത്തില്ല. എന്റെ ഇംഗ്ലീഷ് തികച്ചും മോഡേണ്‍ ആയിരുന്നില്ല എന്നതാണ് മൂന്നാമത്തെ നിരൂപണം. ആദ്യമായി സുഊദിയില്‍ എത്തിയപ്പോള്‍ അഭിമുഖീകരിച്ച, ഇന്ത്യയില്‍ പഠിച്ച അറബിയും സുഊദിയിലെ സംസാര ഭാഷയും തമ്മിലുള്ള അന്തരത്തിന്റെ പ്രശ്‌നമാണ് അവസാനത്തെ കമന്റ് വായിച്ചപ്പോള്‍ ഓര്‍മ വന്നത്. ഈ ഗവേഷണ പ്രബന്ധത്തിന്റെ നിരൂപണം വായിച്ചപ്പോഴാണ് ഞാന്‍ മദീനയില്‍ എഴുതിയ റിസര്‍ച്ച് പേപ്പറിന്റെ അടിസ്ഥാന പോരായ്മകള്‍ മനസ്സിലായത്. കാരണം മദീനയില്‍ ഗവേഷണ പ്രബന്ധം എഴുതിയപ്പോള്‍ ഒറിജിനല്‍ സോഴ്‌സസും സെക്കന്ററി സോഴ്‌സസും വേര്‍തിരിക്കുകയോ ചരിത്രകാരന്മാരുടെ മുന്‍വിധികള്‍ മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ മദീനയിലെ എന്റെ ഗവേഷണ പഠനം തികവൊത്തൊരു അക്കാദമിക പഠനമായി പരിഗണിക്കാവുന്നതുമായിരുന്നില്ല. എങ്കിലും എനിക്ക് ആ പ്രബന്ധത്തിന്  വലിയ മാര്‍ക്ക്  കിട്ടിയിരുന്നു.

പ്രഫ. ജുവൈദയേക്കാള്‍ എനിക്ക് വിഷയങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞത് മറ്റൊരു അറബ് ക്രിസ്ത്യന്‍ പ്രഫസറായ മര്‍മൂറയില്‍നിന്നാണ്. അദ്ദേഹത്തിന്റെ കീഴില്‍ ഇസ്‌ലാമിക ഫിലോസഫിയില്‍ രണ്ടു കോഴ്‌സുകള്‍ ഞാന്‍ തെരഞ്ഞെടുക്കുകയുണ്ടായി. പ്രഫ. മര്‍മൂറ ഫലസ്ത്വീനിയായ അറബ് ക്രിസ്ത്യനിയാണ്. ജറൂസലമില്‍ ജനിച്ചു, അവിടെത്തന്നെ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1959-ല്‍ മിഷിഗണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇസ്‌ലാമിക ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. ജീവിതം മുഴവന്‍ ഇബ്‌നുസീന, ഇബ്‌നു റുശ്ദ്, ഗസാലി എന്നീ മുസ്‌ലിം തത്ത്വചിന്തകന്മാരെക്കുറിച്ച ഗവേഷണ പഠനത്തില്‍ മുഴുകിയിരുന്ന അദ്ദേഹത്തെ അവരുടെ ആശയങ്ങള്‍ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. ഇസ്‌ലാമിക ഫിലോസഫിയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്. ഗസാലിയുടെ തഹാഫുതുല്‍ ഫലാസിഫ, The Incoherence of the Philosophers (1997) എന്ന പേരില്‍, വിശദീകരണക്കുറിപ്പുകള്‍ സഹിതം അദ്ദേഹം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ഗ്രന്ഥം മുമ്പ് പലരും വിവര്‍ത്തനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റേത് കൂടുതല്‍ സൂക്ഷ്മവും ശാസ്ത്രീയവുമാണ് എന്ന പ്രത്യേകതയുണ്ട്.  

പ്രോബിങ് ഇന്‍ ഇസ്‌ലാമിക് ഫിലോസഫി (Probing in Islamic Philosophy) എന്ന സമാഹാരമാണ് അദ്ദേഹത്തിന്റെ മറ്റൊരു കൃതി. മുസ്‌ലിം ഫിലോസഫിയെക്കുറിച്ച് ഇന്ന് പല പഠനങ്ങളും ലഭ്യമാണ്. അവയില്‍ ഭൂരിഭാഗവും യൂറോപ്യന്‍ തത്ത്വചിന്തയുമായി താരതമ്യം ചെയ്തുകൊണ്ടോ  ഇസ്‌ലാമിക് ഫിലോസഫി അതില്‍  ചെലുത്തിയ സ്വാധീനത്തെയും മറ്റും കേന്ദ്രീകരിച്ചുകൊണ്ടോ ഉള്ള ചര്‍ച്ചകളാണ്. ഇതില്‍നിന്ന് ഭിന്നമായി ഇസ്‌ലാമിക തത്വചിന്തയെ വ്യതിരിക്തമായി പഠിക്കുകയും അതിന്റേതായ പ്രത്യേക ശൈലിയില്‍ പണ്ഡിതോചിതമായ ഭാഷയില്‍ അവതരിപ്പിക്കുകയുമാണ് പ്രഫ. മര്‍മൂറ ഈ കൃതിയില്‍ ചെയ്യുന്നത്.  ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തില്‍ ദൈവാസ്തിത്വത്തെ കുറിച്ച്  ഇബ്‌നുസീന അവതരിപ്പിച്ച തെളിവുകളാണ് ചര്‍ച്ചചെയ്യുന്നത്. രണ്ടാം ഭാഗത്തില്‍ ഇബ്‌നുസീനയുടെ വിമര്‍ശകനായ ഗസാലിയെയും 'കാര്യകാരണ ബന്ധമെന്ന' അദ്ദേഹത്തിന്റെ തത്ത്വത്തെയും കുറിച്ച ചര്‍ച്ചകളാണുള്ളത്. പിന്നീട്  അല്‍കിന്ദി, റാസി, ഇബ്‌നു തുഫൈല്‍, ഇബ്‌നു റുശ്ദ് എന്നീ  പ്രമുഖ മുസ്‌ലിം തത്ത്വചിന്തകന്മാരെയും അവരുടെ ചിന്തകളെയുമാണ് പരിചയപ്പെടുത്തുന്നത്.  മര്‍മൂറ അവസാനം പ്രസിദ്ധീകരിച്ചത്  ഇബ്‌നുസീനയുടെ അശ്ശിഫാ എന്ന  പ്രസിദ്ധ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ്; The Metaphysics of the Healing. ഇത് അശ്ശിഫയുടെ പദാനുപദ വിവര്‍ത്തനമല്ല. മൂലഗ്രന്ഥത്തിലെ ആശയങ്ങള്‍ പണ്ഡിതോചിതമായി പുനരവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ആശയങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ആവശ്യമായ വിശദീകരണക്കുറിപ്പുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഇബ്‌നുസീനയുടെ ആശയങ്ങള്‍ പ്രഫ. മര്‍മുറ പ്രായോഗികമായി എത്രമാത്രം ഉള്‍ക്കൊണ്ടിരുന്നുവെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനും പ്രഫസറുമെന്ന നിലയില്‍ ചെയ്യാനുള്ള ജോലിയുടെ ഭാരം സഹിക്കവയ്യാതെ അദ്ദേഹത്തിന് കഠിനമായ തലവേദന അനുഭവപ്പെട്ടു. അപ്പോഴാണ് ഇബ്‌നു സീനയുടെ അല്‍ഖാനൂനു ഫി ത്വിബ്ബ് എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ഇതിനുള്ള ഒരു ഔഷധത്തെ കുറിച്ച് വായിച്ചത് അദ്ദേഹത്തിന് ഓര്‍മ വന്നത്! പുസ്തകത്തില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ അനുസരിച്ചു അദ്ദേഹം മരുന്നു തയാറാക്കി പൂര്‍ണ വിശ്വാസത്തോടെ സേവിച്ചു. പക്ഷേ അദ്ദേഹത്തിന്റെ തലവേദന കുറയുകയല്ല, മൂര്‍ഛിക്കുകയാണ് ചെയ്തത്! ഈ സംഭവം ഓര്‍ക്കുമ്പോള്‍  ഇമാം ഇബ്‌നുല്‍ ഖയ്യിം ജൗസിയ  (1292-1350) ഫത്‌വകളെയും മുഫ്തികളെയും കുറിച്ച് പറഞ്ഞ വിലപ്പെട്ട ചില നിരീക്ഷണങ്ങള്‍ ഇവിടെ അനുസ്മരിക്കാതെ വയ്യ; 'പഴയ പണ്ഡിതന്മാര്‍ എഴുതി വെച്ച പുസ്തങ്ങള്‍ നോക്കി ഫത്വ കൊടുക്കുന്ന പണ്ഡിതന്മാര്‍ പഴയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ മാത്രം വായിച്ചു മരുന്ന് നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരെ പോലെ അപകടകാരികളാണ്. മാത്രമല്ല, അങ്ങനെ ഫത്വ  കൊടുക്കുന്നവര്‍ അത്തരം വൈദ്യന്മാരേക്കാള്‍ അപകടകാരികളാണ്. അവര്‍  വഴിപിഴച്ചവരാണെന്നതിനു പുറമെ മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു. അതത് കാലത്തെ മനുഷ്യരുടെ ജീവിത രീതികളും സമ്പ്രദായങ്ങളും ജീവിക്കുന്ന ചുറ്റുപാടുകളും കണക്കിലെടുക്കുന്നില്ല എന്നതാണ് ഇത്തരം വൈദ്യന്മാരും പണ്ഡിതന്മാരും ചെയ്യുന്ന തെറ്റ്.  അവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം കൂടുതല്‍ രൂക്ഷമാക്കുകയാണ് ചെയ്യുന്നത്.' ഇബ്‌നുല്‍ ഖയ്യിമിന്റെ നിരീക്ഷണം മുസ്‌ലിം പണ്ഡിതന്മാരെ സംബന്ധിച്ചേടത്തോളം ഇന്ന് വളരെ അര്‍ഥവത്താണ്. നോര്‍ത്ത് അമേരിക്കയിലെ ജീവിതത്തില്‍ ഇതിന്റെ പല ഉദാഹരണങ്ങളും ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്. അത് മറ്റൊരിക്കല്‍ വിവരിക്കാം.

ടോറണ്ടോ യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് എനിക്ക്  ഗവേഷണത്തിന്റെ ആധുനിക രീതിശാസ്ത്രം പഠിക്കാന്‍ കഴിഞ്ഞത്. ഈ രീതിശാസ്ത്രം മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊതുവെ  അപരിചിതമാണ്. ഈ രീതിശാസ്ത്രമനുസരിച്ച് വിഷയങ്ങളെ  അവയുടേതായ  പ്രത്യേക ചരിത്ര പശ്ചാത്തലത്തില്‍ അപഗ്രഥിച്ചു പഠിക്കേണ്ടതുണ്ട്. അഥവാ, ഒരു ആശയവും ശൂന്യതയില്‍ ജനിക്കുകയില്ല. ആശയങ്ങളും പ്രസ്ഥാനങ്ങളും ഉടലെടുക്കുന്നത് സാംസ്‌കാരികവും സാമ്പത്തികവും സാമൂഹികവുമായ പ്രത്യേക സാഹചര്യങ്ങളിലാണ്. അത്തരം ചരിത്ര പശ്ചാത്തലങ്ങളും കാര്യകാരണ ബന്ധങ്ങളും കൂടി പഠിക്കുക എന്നത് ഒരു ഗവേഷകന്റെ ദൗത്യമാണ്. ഈ രീതി ഉപയോഗിച്ച് ചരിത്രസംഭവങ്ങളെ പഠിച്ചാല്‍ നമുക്ക് ആശയങ്ങളുടെ ഉത്ഭവവും വളര്‍ച്ചയും അറിയാനും അവയെ കുറിച്ച് സൂക്ഷ്മമായ അറിവ് നേടാനും വ്യാഖ്യാനിക്കാനും കഴിയും. 

ഇസ്‌ലാമിന്റെ ഉത്ഭവവും അതിന്റെ സാമൂഹിക- സാമ്പത്തിക-സാംസ്‌കാരിക പശ്ചാത്തലങ്ങളും വിവരിച്ചുകൊണ്ട് ഒരു റിസര്‍ച്ച്  പേപ്പര്‍ തയാറാക്കാന്‍ പ്രഫ. മര്‍മുറ എന്നോട് ആവശ്യപ്പെട്ടു. അതെന്നെ വല്ലാതെ കുഴക്കി. കാരണം ഇസ്‌ലാം ഒരു ദിവ്യ വെളിപാടാണെന്നാണ് മുസ്‌ലിം എന്ന നിലയില്‍ ഞാന്‍ വിശ്വസിച്ചിരുന്നത്. അതിനാല്‍ ഇസ്‌ലാമിന്റെ ചരിത്രപരമായ കാരണങ്ങള്‍ അന്വേഷിക്കുന്നത് ഉചിതമല്ല എന്നായിരുന്നു എന്റെ വിശ്വാസം. സെക്യുലര്‍ യൂനിവേഴ്‌സിറ്റികളിലെ മിക്ക ഗവേഷകരും ചരിത്രത്തിലെ ദൈവിക ഇടപെടലുകള്‍ നിഷേധിക്കുന്നവരാണ്. എന്നാല്‍ ഇസ്‌ലാമിനെ ഒരു ദൈവിക ദര്‍ശനമായി  അംഗീകരിക്കുന്നവരും അതിന്റെ ചരിത്ര പശ്ചാത്തലവും മറ്റും അനേഷിക്കുന്നത് തെറ്റല്ല. എന്നു മാത്രമല്ല അത് വിശദമായി പഠിക്കുന്നത് ഇസ്‌ലാമിക നിയമങ്ങളുടെ ഉത്ഭവത്തെയും വളര്‍ച്ചയെയും കുറിച്ച് സൂക്ഷ്മമായി മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യും. ഇസ്‌ലാമിക നിയമങ്ങള്‍ ചരിത്ര പശ്ചാത്തലത്തില്‍ അപഗ്രഥിച്ചു  പഠിക്കുന്ന പക്ഷം വ്യത്യസ്ത സാഹചര്യങ്ങളില്‍ അവയെ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. 

ഇവിടെ ഒരു ചോദ്യം സ്വാഭാവികമായും പ്രസക്തമാണ്. ഇത്തരമൊരു ഗവേഷണ രീതി മുസ്‌ലിംകള്‍ക്ക് പുതിയ അനുഭവമാണോ? ദീര്‍ഘമായ ചര്‍ച്ച ആവശ്യമുള്ള വിഷയമാണിത്. ഒരു കാര്യം മാത്രം സുചിപ്പിക്കാം. വിഷയങ്ങളെ ചരിത്ര പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ചര്‍ച്ചകള്‍ ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയിലും ഷാ വലിയുല്ലാഹിയുടെ ഗ്രന്ഥങ്ങളിലും  കാണാന്‍ കഴിയും. പക്ഷേ ഖേദകരമെന്നു പറയട്ടെ  ഇത്തരം ആശയങ്ങള്‍ നമ്മുടെ  പണ്ഡിതന്മാര്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി ശരീഅത്തിന്റെ  ഉത്ഭവത്തെയും അതിന്റ ഘടനയെയും കുറിച്ച് വിവരിക്കുമ്പോള്‍, അറബികളുടെ സമ്പ്രദായങ്ങളും സംസ്‌കാരവുമായുള്ള അതിന്റെ ബന്ധത്തെ അപഗ്രഥിച്ചു ശരീഅത്തിനെ മഴവെള്ളത്തോട് ഉപമിച്ചിട്ടുണ്ട്.  ഭൂമിയിലുള്ള വെള്ളം തടാകങ്ങളില്‍നിന്നും സമുദ്രത്തില്‍നിന്നും നീരാവിയായി ഉയര്‍ന്നു  പിന്നീട് വെള്ളമായി ഭൂമിയില്‍ വീഴുന്നത് കാണാം. അതുപോലെയാണ് ശരീഅത്ത് നിയമങ്ങള്‍ വിവിധ സമുദായങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നതും. ഈ  ഉദാഹരണം അവഗാഹപൂര്‍വം അപഗ്രഥിച്ചാല്‍, ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍, അറബികളുടേതില്‍നിന്ന് വ്യത്യസ്തമായ സാംസ്‌കാരിക സമ്പ്രദായ പശ്ചാത്തലങ്ങളില്‍ എങ്ങനെയാണ് പുനരാവിഷ്‌കരണം ചെയ്യേണ്ടതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതേ അടിസ്ഥാനത്തില്‍ തന്നെയാണ് ഷാ വലിയ്യുല്ലാഹ് ശരീഅത്ത് നിയമങ്ങളെ രണ്ട്  ഘടകങ്ങളായി തിരിച്ചത്. ഒന്ന്, ഖണ്ഡിതമായ നിയമങ്ങള്‍. രണ്ട്, മസ്വാലിഹ് അഥവാ പ്രത്യേക ചട്ടക്കൂട്ടില്‍ വാര്‍ത്തെടുക്കാത്തതും സമൂഹത്തിന്റെ നന്മ ഉദ്ദേശിച്ചു പുനരാവിഷ്‌കരണം ചെയ്യേണ്ടതുമായ കേവല നിര്‍ദേശങ്ങള്‍. ഇതേ പശ്ചാത്തലത്തില്‍ തന്നെ അദ്ദേഹം മറ്റൊരു കാര്യവും ചൂണ്ടിക്കാട്ടി. ഇസ്‌ലാമിക നിയമങ്ങളെ  റസൂലുല്ല നടപ്പാക്കിയത് ഒരു മാതൃകയാണ്. ആ മാതൃക അപ്പടി തന്നെ ഏതു പശ്ചാത്തലത്തിലും നടപ്പാക്കണമെന്ന്  നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ല.  ഇസ്‌ലാമിക ശരീഅത്തിന്റെ ഈ സ്വഭാവം വിവരിക്കുമ്പോള്‍ മറ്റു സമുദായങ്ങളുടെ ശരീഅത്തുകളെയും അവരുടെ സംസ്‌കാര സമ്പ്രദായങ്ങളെയും അദ്ദേഹം പരിഗണിക്കുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം,  ഇവിടത്തെ മുസ്‌ലിം ഗവേഷകര്‍ അദ്ദേഹത്തിന്റെ ഇത്തരം ചര്‍ച്ചകള്‍ ഉള്‍ക്കൊണ്ട് ഇസ്‌ലാമിക നിയമങ്ങള്‍ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ എങ്ങനെ നടപ്പിലാക്കണമെന്ന് ആലോചിക്കേണ്ടതുണ്ട്. പക്ഷേ, ഷാ വലിയ്യുല്ലയുടെ ഇത്തരം  ഉയര്‍ന്ന ചിന്തകള്‍ ഉള്‍ക്കൊള്ളാന്‍ പോലും നമ്മുടെ  ഉല്‍പതിഷ്ണുക്കളായ വലിയ  ചിന്തകന്മാര്‍ക്കും നേതാക്കള്‍ക്കും കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്.  അവരില്‍ ചിലരുടെ  ചര്‍ച്ചകള്‍ വായിച്ചാല്‍, ഒരിക്കലും പുനരാവിഷ്‌കരിക്കാന്‍ പറ്റാത്ത ഖണ്ഡിതമായ സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ചട്ടക്കൂടുകള്‍ ഇസ്‌ലാം നമുക്ക് നിര്‍മിച്ചുതന്നിരിക്കുന്നു എന്നാണ് തോന്നുക. ഇത്തരമൊരു സങ്കല്‍പമല്ല ഷാ വലിയ്യുല്ലാഹ് അവതരിപ്പിക്കുന്നത് എന്നു മാത്രം ഇപ്പോള്‍ സൂചിപ്പിക്കുന്നു. 

ഫിഖ്ഹിന്റെയും തസ്വവ്വുഫിന്റെയും ഉത്ഭവവും വളര്‍ച്ചയും വിവരിക്കുമ്പോള്‍ ഷാ വലിയ്യുല്ലാഹ് അതിന്റെ പരിണാമ ദശകള്‍ സുചിപ്പിക്കുന്നുണ്ട്. എന്നാല്‍,  മാറ്റങ്ങളോടുകൂടിയ  ഫിഖ്ഹിന്റെ വളര്‍ച്ചയെകുറിച്ച് പരിണാമമെന്ന പദം ഉപയോഗിക്കാന്‍ പോലും നമ്മുടെ പണ്ഡിതന്മാരില്‍ പലരും ഇന്നും മടിക്കുന്നു. എനിക്ക് ഫിഖ്ഹിലും അഖീദയിലും തഫ്സീറിലും മറ്റും പല ഗ്രന്ഥങ്ങളും പഠിക്കാന്‍ കഴിഞ്ഞിരുന്നു. അതിലൊന്ന് ഇമാം നവവിയുടെ മിന്‍ഹാജും അതിന്റെ വ്യാഖ്യാനമായ മഹല്ലിയുമാണ്. എന്നാല്‍ അത് എഴുതിയ കാലഘട്ടമോ അതിന്റെ പ്രത്യേകതകളോ പഠനവേളയില്‍ ഒരിക്കലും ചര്‍ച്ചാവിഷയമായിരുന്നില്ല. അത് എഴുതിയ പശ്ചാത്തലമോ കാരണങ്ങളോ, അതിന്റെ മുമ്പ് ശാഫിഈ മദ്ഹബില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളോ ഒന്നും ചര്‍ച്ചാ വിഷയമേ ആയിരുന്നില്ല. എന്നാല്‍ ഇതില്‍നിന്ന് തികച്ചും വിഭിന്നമായ  സമീപനമാണ് നോര്‍ത്ത് അമേരിക്കയിലെ യൂനിവേഴ്‌സിറ്റികളില്‍ സ്വീകരിക്കുന്നത്. ഓരോ ആശയവും ചിന്താഗതിയും അതിന്റെ ചരിത്ര പശ്ചാത്തലങ്ങളും പരിണാമവും സമൂഹത്തില്‍ അതിന്റെ സ്വാധീനവും മറ്റും വിശദീകരിച്ചുകൊണ്ടാണ് പഠിപ്പിക്കുക. മറ്റൊരു പ്രധാന വിഷയം പല മത കലാലയങ്ങളിലും മുസ്‌ലിം ഫിലോസഫി വിലക്കപ്പെട്ട കനിയായിരുന്നു എന്നതാണ്. അതുകൊണ്ടു തന്നെ  ബിദായത്തുല്‍ മുജ്തഹിദ് പഠിച്ചപ്പോള്‍ അത് എഴുതിയ പ്രസിദ്ധ മുസ്‌ലിം ഫിലോസഫര്‍  ഇബ്‌നു റുശ്ദ് ആരാണെന്നോ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങളോ ഒന്നും പരാമര്‍ശ വിഷയമായിരുന്നില്ല. ടൊറണ്ടോയില്‍നിന്നാണ്,  ഇബ്‌നു റുശ്ദിന്റെ പ്രധാന ഗ്രന്ഥങ്ങളെക്കുറിച്ചും കര്‍മശാസ്ത്രകാരനായിരിക്കെത്തന്നെ, അദ്ദേഹം ഉന്നതനായ ഒരു തത്ത്വചിന്തകനുമാണെന്നും ഞാന്‍ മനസ്സിലാക്കിയത്. ഇസ്‌ലാമിക കര്‍മശാസ്ത്രവും തത്ത്വചിന്തയും സമന്വയിപ്പിച്ച് കൊണ്ടുപോകുന്നതില്‍ ഇബ്‌നു റുശ്ദിന്റെ രീതി ഇമാം ഗസാലിയുടേതില്‍നിന്ന് വ്യത്യസ്തമായിരുന്നു. ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലുമുള്ള ഇത്തരം വ്യത്യസ്തമായ വായനകളിലൂടെ ഇസ്‌ലാമിക ചിന്തയുടെ വൈവിധ്യമാര്‍ന്ന മണ്ഡലങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതോടെ കുടുസ്സാര്‍ന്ന മനോഭാവം കൈയൊഴിഞ്ഞ് വിശാല മനഃസ്ഥിതി വളര്‍ത്തിയെടുക്കാന്‍ സാധിച്ചു. അതുകൊണ്ടുതന്നെ മുമ്പ് പഠിച്ചതിനു വിപരീതമായി മുസ്‌ലിം തത്ത്വചിന്തകന്മാര്‍ ഇസ്‌ലാമിനെ പുറംതള്ളിയവരോ ഇസ്‌ലാമിന്റെ ശത്രുക്കളോ അല്ലെന്ന് തിരിച്ചറിയാനും അവരെ ഉള്‍ക്കൊള്ളാനും സാധ്യമായി.

''ഖുര്‍ആനിക വെളിപാട് ഒരു വെളിച്ചമാണ്. അതുവഴി വസ്തുതകള്‍ യഥാര്‍ഥ രൂപത്തില്‍ കാണാന്‍ കഴിയും. ഖുര്‍ആനിനെ നമുക്ക് സൂര്യനോട് ഉപമിക്കാം. സൂര്യന്‍  വെളിച്ചം പരത്തുന്നു. ദാര്‍ശനിക ചിന്ത (Phylosophical Intelligence ) വഴിയാണ് നമുക്ക്  ഖുര്‍ആനിന്റെ വെളിച്ചം വെളിച്ചമായി കാണാന്‍ സാധിക്കുക. അഥവാ  ദാര്‍ശനിക ബുദ്ധിയെ അവഗണിച്ചാല്‍ ആ വെളിച്ചം കാണാനുള്ള കണ്ണുകള്‍ നമുക്കുണ്ടാവുകയില്ല.'' പ്രസിദ്ധ മുസ്‌ലിം ഫിലോസഫറായ മുല്ലാ സദ്‌റയുടെ ഈ വാക്കുകള്‍ പ്രധാനമാണ്. മുല്ലാ സദ്‌റ അദ്ദേഹത്തിന്റെ ദാര്‍ശനിക വായനകളെ ആധാരമാക്കി ഖുര്‍ആനിന്റെ വെളിച്ചം തുറന്നുവെക്കുന്ന ഒരു തഫ്‌സീര്‍ എഴുതി തുടങ്ങിയിരുന്നു. അത് തഫ്‌സീര്‍ മുല്ലാ സദ്‌റ, അത്തഫ്‌സീറുല്‍ കബീര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അതിന്റെ  ലക്ഷ്യം ഖുര്‍ആനിന്റെ അമാനുഷികത, ദാര്‍ശനികതയുടെ ലെന്‍സ് ഉപയോഗിച്ച് സമര്‍ഥിക്കലാണെന്ന് മുഖവുരയില്‍ പറയുന്നുണ്ട്. തത്ത്വചിന്തകന്മാരും ദാര്‍ശനികരും ഇസ്‌ലാമിന്റെ ആത്മാവറിയുന്നവരും മുസ്‌ലിം സമൂഹത്തിന്റെ ജീവനാഡികളുമാണ്. ദാര്‍ശനികര്‍ക്ക് ഇടമില്ലാതെ പോയാല്‍ മുസ്‌ലിം സമൂഹം ഊഷരമായിപ്പോകും. 

മദീനയില്‍ പഠിച്ച അഖീദ സലഫീരീതിയിലുള്ള വിശദീകരണങ്ങളില്‍ പരിമിതമായിരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളെ യുക്തിപൂര്‍വം ദാര്‍ശനികമായി വിശദീകരിക്കുന്നവരെല്ലാം വഴിതെറ്റിയവരാണെന്നാണ് വിശ്വസിച്ചിരുന്നത്. ഈ രീതിയില്‍ ചിന്തിച്ചാല്‍ മുസ്‌ലിം സമുദായം നൂറ്റാണ്ടുകളായി ആദരിച്ചുപോന്നിരുന്ന പല പ്രതിഭകളും  ചിന്തകന്മാരും ഇസ്‌ലാമില്‍നിന്ന് വ്യതിചലിച്ചവരാണെന്ന് വിധിയെഴുതേണ്ടിവരും.  ഇമാം അബുല്‍ ഹസന്‍ അല്‍അശ്അരി, മാതുരീദി, ജുവൈനി, ഇമാം ഗസാലി, സുല്‍ത്വാനുല്‍ ഉലമ എന്നറിയപ്പെട്ട ഇസ്സുബ്‌നു  അബ്ദിസ്സലാം, ഇമാം റാസി തുടങ്ങിയ വലിയ പണ്ഡിതന്മാരും ചിന്തകന്മാരുമെല്ലാം ഒരുപക്ഷേ, ഇസ്‌ലാമില്‍നിന്ന് പുറത്താക്കപ്പെടാം! പിന്നെ മുസ്‌ലിം തത്ത്വചിന്തകന്മാരായി  അറിയപ്പെടുന്ന ഇബ്‌നുസീന, ഇബ്‌നു റുശ്ദ്, ഇബ്‌നു ത്വുഫൈല്‍ തുടങ്ങിയവരും തഥാ. ശീഈകളെ കുറിച്ച് ഞാന്‍  പഠിച്ചിരുന്നത്  അവര്‍ക്ക് വ്യത്യസ്തമായ ഖുര്‍ആനാണ് ഉള്ളതെന്നാണ്! ഇത്തരം, മുന്‍ധാരണകളെല്ലാം ഗവേഷണ പഠനങ്ങള്‍ വഴി  തിരുത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി. മറ്റൊരു സത്യം സലഫീ ചിന്താധാരയുടെ  പ്രധാന വക്താവായി പലരും വിശ്വസിക്കുന്ന ഇമാം ഇബ്‌നു തൈമിയ്യയുടെ ഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പല ആശയങ്ങളും ഇമാം ഗസാലിയുടേതില്‍നിന്ന് വിഭിന്നമാണെങ്കിലും, അദ്ദേഹവും തത്ത്വശാസ്ത്രത്തില്‍ നിപുണനായിരുന്നുവെന്നും ദാര്‍ശനികതയുടെ ലെന്‍സ് ഉപയോഗിച്ച്  വിഷയങ്ങള്‍ സമര്‍ഥിക്കാന്‍ ചില ഗ്രന്ഥങ്ങളില്‍ ശ്രമിച്ചിട്ടുണ്ട് എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. മാത്രമല്ല, ചില ദാര്‍ശനിക വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ചര്‍ച്ചകള്‍ ഇബ്‌നു റുശ്ദിനോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും മനസ്സിലായി. 

ടോറണ്ടോ യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് എനിക്ക് ഗോള്‍ഡ് സിഹര്‍ (Goldziher), ഹാമില്‍ട്ടണ്‍ ഗിബ്ബ് (Hamilton Gibb), മോണ്ട്‌ഗോമറി വാട്ട് (Montgomery Watt)  തുടങ്ങിയ ഓറിയന്റലിസ്റ്റുകളുടെ ആശയങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളില്‍നിന്നുതന്നെ പഠിക്കാന്‍ കഴിഞ്ഞത്.  അവരെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 

(വി.പി അഹ്മദ് കുട്ടിയുടെ ജീവിതമെഴുത്ത് ഒരു ഇടവേളക്ക് ശേഷം തുടരുന്നതാണ് - പത്രാധിപര്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (46)
എ.വൈ.ആര്‍