Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 19

3072

1440 സഫര്‍ 09

നാല്‍പതു ലക്ഷം മനുഷ്യരുടെ ഭാവി

അസമിലെ നാല്‍പതു ലക്ഷത്തിലധികം മനുഷ്യര്‍- അവരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിംകള്‍- ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്താണെന്ന വാര്‍ത്ത ഏതാനും മാസങ്ങള്‍ക്കു മുമ്പ് പുറത്തുവന്നപ്പോള്‍ വലിയ ബഹളങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടെന്നും തെളിവുകള്‍ സഹിതം നിര്‍ദിഷ്ട ഓഫീസുകളില്‍ ചെന്നാല്‍ മതിയെന്നും അന്ന് വിശദീകരിക്കപ്പെടുകയും ചെയ്തിരുന്നു. അതില്‍ പിന്നെ അതേക്കുറിച്ച് കാര്യമായൊന്നും കേള്‍ക്കാനുണ്ടായിരുന്നില്ല. കുറേ ആശങ്കകളും ആശയക്കുഴപ്പങ്ങളും മാത്രമാണ് ബാക്കി. കരടു റിപ്പോര്‍ട്ടാണോ അന്തിമ റിപ്പോര്‍ട്ടാണോ പുറത്തുവന്നിരിക്കുന്നത് എന്ന് കൃത്യമായി വിശദീകരിക്കപ്പെടുന്നുമില്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, രജിസ്റ്ററില്‍ ഇടം കണ്ടെത്തിയിട്ടില്ലാത്തവരെ തിരിച്ചയക്കില്ലെന്ന് ബംഗ്ലാദേശ് ഗവണ്‍മെന്റിന് ഉറപ്പു കൊടുത്തിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ അഞ്ചിന് ഇന്ത്യ സന്ദര്‍ശിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് എച്ച്.ടി ഇമാം പറഞ്ഞത്, ഇതേ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ്. ഇത്തരം ചില പ്രസ്താവനകളല്ലാതെ ഈ നാല്‍പതു ലക്ഷം മനുഷ്യരുടെ ഭാവി എന്താകുമെന്നതിനെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവും പുറത്തു വരുന്നില്ല. വിട്ടുപോയവരുടെ പേരുകള്‍ ചേര്‍ക്കാനുള്ള പ്രക്രിയ പുനരാരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു നീക്കം നടക്കുന്നതായി അറിയില്ല.

മറ്റു ബി.ജെ.പി നേതാക്കളാകട്ടെ തീര്‍ത്തും മറ്റൊരു രീതിയിലാണ് പ്രതികരിക്കുന്നത്. ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ മാസം പറഞ്ഞത്, അസമിലെ പൗരത്വ രജിസ്റ്ററില്‍ പേരു വന്നിട്ടില്ലാത്തവര്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റിലും ഇടമുണ്ടാകില്ല എന്നാണ്. അവരെ ഇന്ത്യയില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ പൗരത്വ പട്ടികയില്‍നിന്ന് പുറത്തായതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന സംഘ് പരിവാര്‍ നേതാക്കളെയാണ് പൊതുവെ കാണാനുള്ളത്. കഴിഞ്ഞ നാല്‍പത്തിയഞ്ചു വര്‍ഷമായി അസമിലെ മുസ്‌ലിംകളെ വിദേശികളായി മുദ്രകുത്തി കള്ളപ്രചാരണങ്ങള്‍ നടക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ നിലപാടും ഈ വിഷയത്തില്‍ ഏറെയൊന്നും ഭിന്നമല്ല. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് മുഖ്യധാരാ കക്ഷികള്‍ക്കൊക്കെ താല്‍പര്യം. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രസ്താവനകള്‍ ബംഗ്ലാദേശിനെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാകണം. പക്ഷേ, ആ പ്രസ്താവനകള്‍ പൗരത്വം റദ്ദു ചെയ്യപ്പെടുന്ന മനുഷ്യര്‍ക്ക് ഒരു പ്രതീക്ഷയും നല്‍കുന്നില്ല.

അസമില്‍ അഭയാര്‍ഥി പ്രശ്‌നമുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കു തന്നെയാണ്. 1970-ല്‍ കിഴക്കന്‍ പാകിസ്താനില്‍ സംഘര്‍ഷമുണ്ടാവുകയും ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം ജന്മം കൊള്ളുകയും ചെയ്തപ്പോഴാണ് അസമിലേക്ക് അഭയാര്‍ഥികള്‍ വന്നത്. അവരെ അതിര്‍ത്തികളില്‍ ഉദ്യോഗസ്ഥന്മാര്‍ സ്വീകരിക്കുന്ന രംഗങ്ങള്‍ ഡോക്യുമെന്ററി ഫിലിമുകൡ ഇപ്പോഴും പതിഞ്ഞു കിടപ്പുണ്ട്. അവരെ സംരക്ഷിക്കാന്‍ പ്രത്യേക നികുതി പോലും ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തുകയുണ്ടായി. അന്ന് ഈ വിഷയത്തില്‍ ഇന്ദിരാ ഗാന്ധിക്കൊപ്പം ഉറച്ചുനിന്നവരാണ് സംഘ് പരിവാര്‍. പക്ഷേ ബംഗ്ലാദേശ് രൂപം കൊണ്ടപ്പോള്‍ അഭയാര്‍ഥികളില്‍ ബഹുഭൂരിഭാഗവും തിരിച്ചുപോയി. തിരിച്ചുപോകാത്തവരെ സംരക്ഷിക്കേണ്ട ബാധ്യതയും ഭരണകൂടത്തിന് ഉണ്ടായിരുന്നു. ഈ ചരിത്ര സത്യങ്ങളൊക്കെ വിസ്മരിച്ച് എത്രയോ തലമുറകളായി അസമില്‍ താമസിച്ചുവരുന്ന ഒട്ടനവധി കുടുംബങ്ങളുടെ പൗരത്വം റദ്ദു ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വിഷയം ആഴത്തില്‍ പഠിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ മുസ്‌ലിം കൂട്ടായ്മകളെങ്കിലും അടിയന്തര  ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (46)
എ.വൈ.ആര്‍