Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

ഈ സദസ്സെന്നില്‍ വല്ലാത്തൊരു ഉള്‍ക്കലക്കം തീര്‍ത്തിരിക്കുന്നു

ഡോ. സുകുമാര്‍ അഴീക്കോട്‌

ഴിഞ്ഞ 35 കൊല്ലമായി കേരളത്തില്‍ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ പ്രസംഗിച്ച പരിചയവും അനുഭവവുമുള്ള എനിക്ക് ഞാനാദ്യമായി ഒരു പ്ലാറ്റ്‌ഫോമില്‍ കയറി പ്രസംഗിക്കുകയാണോ എന്ന് തോന്നിക്കുന്ന ഒരനുഭവം ഈ മഹാ സദസ്സ് ഉണ്ടാക്കിയിരിക്കുന്നു. ഒരു പക്ഷേ, എന്റെ വാക്കുകള്‍ക്ക് ഇതില്‍ കവിഞ്ഞ ഒരു പ്രശംസ, ഈ മനുഷ്യ സമുദ്രത്തെ തിരമാലകള്‍ ഉയരാത്ത വിധത്തില്‍ അച്ചടക്കത്തോടു കൂടെ ഇവിടെ ഇരുത്തിയ ഈ സംഘടനയുടെ ചൈതന്യത്തെപ്പറ്റി ഈ വാക്കുകള്‍ക്കപ്പുറത്ത്, എനിക്ക് പ്രശംസ പറയുവാനില്ല. എന്റെ വിഷയം 'രാഷ്ട്രീയ ജീവിതത്തിലെ ജീര്‍ണത' എന്നതാണ്. രാഷ്ട്രീയ ജീര്‍ണതയെ പറ്റി പറയുമ്പോള്‍ നമുക്ക് ആദ്യമായിട്ട് നമ്മുടെ മനസ്സില്‍ വരുന്ന ചിത്രം നമ്മുടെ രാഷ്ട്രീയ കക്ഷികളാണ്. കാസര്‍ഗോഡ് തൊട്ട് തിരുവനന്തപുരം വരെ 12 മാസത്തില്‍ ഓരോ മാസത്തിലെയും ഓരോ ആഴ്ചയിലും നിരന്തരമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിഭയങ്കരങ്ങളായ മഹാ സദസ്സുകള്‍- ആ സദസ്സുകളുടെ സമ്പ്രദായം ഇവിടെ കണ്ടതുപോലെയൊന്നുമല്ല. അത് സമുദ്രമാണ് എന്നുള്ള വിശേഷണത്തെ ഉറപ്പിക്കുന്നത്, സമുദ്രത്തിന്റെ അച്ചടക്കമില്ലായ്മയാണ്. കവിപോലും അത്ഭുതപ്പെട്ടത് തിരമാലയില്ലാത്ത സമുദ്രത്തെ കണ്ടപ്പോഴാണ്. കേരളത്തിലെ ഏറ്റവും വലിയ കവികളിലൊരാളായ കുമാരനാശാന്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഒരുപമ, 'ഇതെന്തോന്നാണ് തിരമാലകളെല്ലാമടങ്ങിയ സമുദ്രമോ' സമുദ്രമൊരത്ഭുതമാണ്, പക്ഷേ ആ അത്ഭുതത്തെ പരാജയപ്പെടുത്തുന്ന മഹാത്ഭുതമാണ് തിരമാലകള്‍ അടങ്ങിയ സമുദ്രം. അത് സൃഷ്ടിക്കുവാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഈ കേരളത്തിലെ രാഷ്ട്രീയ ജീര്‍ണത പരിഹരിക്കാന്‍ സാധിക്കും എന്നു ഞാന്‍ വിചാരിക്കുന്നു. എന്റെയീ പ്രസംഗം, ഭയത്തോടു കൂടിയുള്ള ഈ പ്രസംഗം, ഇതിന്റെ ഏതു ഭാഗത്തു നോക്കിയാണ് സംസാരിക്കേണ്ടത് എന്ന് എനിക്ക് നിശ്ചയമില്ല. ഞാന്‍ ഇത്തരത്തിലൊരു പ്രഭാഷണ പരാജയത്തില്‍ എന്റെ ജീവിതത്തിന്റെ മുറുക്കത്തില്‍ എത്തിപ്പെടുമെന്ന് കരുതിയിരുന്നില്ല.
പക്ഷെ എന്റെ ഈ പ്രസംഗ വിജയങ്ങളെക്കാളേറെ ഇന്നത്തെ ഈ പ്രസംഗ പരാജയത്തെ എന്റെ ജീവിതത്തിലെ മഹാഭിമാനമായി കണക്കാക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. പ്രവിശാലമായ ഈ പറമ്പില്‍ മക്കരപ്പറമ്പ് എന്ന ഈ പറമ്പില്‍ ഈ പറമ്പ് ഉണ്ടായ കാലത്ത് ദൈവം പോലും ഒരു പക്ഷെ കരുതിയിരിക്കുകയില്ല, കേരളത്തിലെ മുസ്‌ലിം സഹോദരന്മാര്‍ അവരുടെ എല്ലാ വിശ്വാസ ലാഘവങ്ങളെയും അതിലംഘിച്ച് കൊണ്ട് തങ്ങളുടെ ആന്തരമായ മഹാ ചൈതന്യത്തിന്റെ ഏറ്റവും ശക്തമായ ഒരാവിഷ്‌കരണമെന്ന നിലക്ക് ഇത്തരത്തിലുള്ള ഒരു മഹാസമ്മേളനം ഇന്നലെയും ഇന്നുമായി ഇവിടെ നടത്തുമെന്ന്. ആ നിലക്ക് ഈ സമ്മേളനത്തിന് ദൈവം പോലും കണക്കാക്കാത്ത വിധത്തിലുള്ള ഒരു ചൈതന്യത്തിന്റെ ബഹിര്‍ഗമനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. നമ്മുടെ പ്രവാചകനായ നബിയുടെ ജീവിതത്തിന്റെ ഏറ്റവും ഉല്‍കൃഷ്ടമായ ഒരു മാതൃകയുടെ ഒരു പ്രതിഫലനവുമാണിത്. എല്ലാ മഹാപുരുഷന്മാരും ചെയ്തതുപോലെ എന്നതില്‍ കവിഞ്ഞ് പ്രവാചകനായ മുഹമ്മദ്‌നബി ചെയ്തത് യഥാര്‍ഥത്തിലുള്ള ഒരു മരുഭൂമിയെ മനോഹരമായ ഒരു പുഷ്പവാടിയാക്കി എന്നതത്രെ. ഇതും കവി പറഞ്ഞതാണ്. മനുഷ്യന്റെ ഹൃദയത്തിലെ ഐക്യത്തിനു വേണ്ടിയുള്ള അവന്റെ ദിവ്യമായ ആഗ്രഹം. 'മരുഭൂമിയെപോലും ഏറ്റവും സുന്ദരമായ ഉദ്യാനമാക്കി മാറ്റുന്നു' എന്ന കവിയുടെ ഭാവനയുണ്ടല്ലോ അതിനെ, അക്ഷരാര്‍ഥത്തില്‍ ഇവിടെ നമ്മുടെ മുമ്പാകെ നിലനിര്‍ത്തിക്കൊണ്ട്, തെളിയിച്ചുകൊണ്ട് നമുക്ക് ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു തന്നതാണ് മഹാന്മാരില്‍ ആഗ്രിതനായ, പ്രവാചകരില്‍ പാവനനായ മുഹമ്മദ് നബിയുടെ പ്രവര്‍ത്തനം. അത് ലോകമെപ്പോഴും ആഗ്രഹിച്ചുകൊണ്ടേ നില്‍ക്കുന്നു. ഇന്നലെ രാവിലെ ആരംഭിച്ച ഈ സമ്മേളനം ഇന്നലെ സൂര്യന്‍ അസ്തമിച്ചതിനു ശേഷം പുതിയ സൂര്യന്‍ ഉദിക്കുന്നതിന്റെ ശുഭപ്രതീക്ഷയുടെ ആ തുഞ്ചത്തു കയറി ഇന്നത്തെ ഈ ദിവസത്തിലേക്ക് നീണ്ടു പോവുകയാണല്ലോ. ഇന്ന് വൈകുന്നേരത്തോടുകൂടെ ഈ മഹാസമ്മേളനം കേരളത്തിന്റെ ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒരു സ്മൃതിയായി രൂപാന്തരപ്പെടുവാന്‍ പോവുകയുമാണ്. അപ്പോള്‍ നാളെയും സൂര്യനുദിക്കും എന്നും ആ സൂര്യന്റെ പ്രകാശം ഇവിടെ ഒരു 12 മണിക്കൂര്‍ നേരത്തെ രാത്രിയുടെ ഭീകരമായ തേര്‍വാഴ്ചയെ അവസാനിപ്പിച്ചുകൊണ്ട് ശീതോദയം സൃഷ്ടിക്കുമെന്നും ഉള്ള വിശ്വാസത്തോടുകൂടെയാണ് നാം കിടന്നുറങ്ങുവാന്‍ പോകുന്നത്.
ജീവിതത്തില്‍ ഇത്തരത്തിലുള്ള ചില നിമിഷങ്ങള്‍ ഉണ്ടായിരിക്കും. ഇന്ത്യ ഇത്തരത്തിലുള്ള ഒരു ഇരുട്ടിലൂടെ പോകുന്നു എന്നു ഞാന്‍ വിചാരിക്കുന്നു. ഈ ഇരുട്ടില്‍ അവിടവിടെ ചില നക്ഷത്രങ്ങളും മിന്നാമിനുങ്ങും പ്രകാശിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ഭയങ്കരമായി വ്യാപിച്ച ഇരുട്ട് അവസാനിക്കുന്നില്ല. ആ ഇരുട്ട് അവസാനിക്കുവാന്‍ നമുക്ക് പുതിയ ഒരു പ്രഭാതം ആവശ്യമായി വന്നിരിക്കുന്നു. ലോകത്തില്‍ മതങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് ഈ പ്രഭാതത്തിന്റെ ആവശ്യം ഏറ്റവും ശക്തിമത്തായ സന്ദര്‍ഭങ്ങളിലാണ്. അറേബ്യാ മരുപ്പരപ്പ് ഇത്തരത്തിലുള്ള പ്രഭാതത്തെ ആകാംക്ഷിച്ചപ്പോഴാകുന്നു പരിശുദ്ധ പ്രവാചകന്‍ ഇസ്‌ലാം എന്ന ഒരു പുതിയ വെളിച്ചം സൃഷ്ടിച്ചുകൊണ്ട് ആ മരുഭൂമിയെ ലോകത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ ഒരു പുണ്യഭൂമിയാക്കിത്തീര്‍ത്തത്. എന്തൊരു ഉജ്വലമായ സംസ്‌കാരമായിരുന്നു അതിന്റേത് എന്ന് ചരിത്രത്തിന്റെ ഏടുകളിലൂടെ കടന്നുപോകുമ്പോള്‍ ആര്‍ക്കും തോന്നിപ്പോകുന്നതാണ്. ഇന്ദിരയുടെ പിതാവായ ജവാഹര്‍ലാല്‍ നെഹ്‌റു കൊച്ചുകുട്ടിക്ക് വായിക്കാവുന്ന ഏറ്റവും മനോഹരമായ ലളിതമായ ആംഗല ഭാഷയില്‍ എഴുതിവെച്ച ഒരു ലോക ചരിത്രമുണ്ട്. ആ ലോക ചരിത്രത്തില്‍ ഇസ്‌ലാമിന്റെ ആഗമനത്തെക്കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകള്‍ നാം ശ്രദ്ധിക്കേണ്ടതാണ്. ''ഈ ലോകത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ ഒരു സംസ്‌കാരഭൂമിയില്‍ ഇസ്‌ലാം പ്രത്യക്ഷപ്പെടുന്ന കാലത്ത് അവിടെ മനുഷ്യന്‍, കല്ലുകളും മണ്ണും ആരാധിക്കുന്ന മനുഷ്യന്‍ എന്നു പറഞ്ഞാല്‍ മാനുഷികമായ അവന്റെ കഴിവ് ഉപയോഗിക്കാതെ അവന്‍ മൃഗങ്ങളെപോലെ ജീവിക്കുന്നു എന്നാണല്ലോ അര്‍ഥം.'' നാമെപ്പോഴാണ് ഈ ഭൂമിയിലെ കല്ലും മണ്ണും കാണുന്നത്. നിങ്ങളെല്ലാം മുകളിലേക്ക് നോക്കിക്കൊണ്ട് ഇപ്പോള്‍ നില്‍ക്കുകയാണ്. ആ മുകളിലേക്ക് നോക്കുക എന്നുള്ളതിലാണ് മനുഷ്യന്റെ ഈ മതത്തിന്റെ ജന്മം അന്തര്‍ഭവിച്ചു നില്‍ക്കുന്നത്. 'മൂര്‍ത്ത മുഖത്വം' എന്നൊരു സ്വഭാവം മനുഷ്യനുണ്ട്. ആ സ്വഭാവത്തെ അറബിരാജ്യത്തിലെ ജനങ്ങള്‍ വിസ്മരിച്ചപ്പോള്‍ അവര്‍ താഴെ കിടക്കുന്ന കല്ലാണ് കണ്ടത്. പക്ഷെ മുകളിലെ ആകാശം കണ്ടില്ല. മുഹമ്മദ് നബി പറഞ്ഞു: താഴെ കിടക്കുന്ന ഈ കല്ലല്ല നിങ്ങള്‍ നോക്കേണ്ടത്. അത്യുജ്വലമായ ആകാശം നിങ്ങള്‍ നോക്കുക. ആ ആകാശം ഈ കാലാവസ്ഥയിലും മരുഭൂമിയെ നോക്കി പുഞ്ചിരിക്കുകയാകുന്നു. ദൈവത്തിന്റെ അനുഗ്രഹത്തിന്റെ സന്ദേശം അവിടെ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് കല്ലിനെ നോക്കി തൃപ്തിപ്പെടാതിരിക്കുക. മഹത്തായ ജ്യോതിര്‍ഗോളങ്ങള്‍ പരിഭ്രമണം ചെയ്യുന്ന ആകാശത്തിലേക്ക് നോക്കുക. ആ മട്ടിലാണ് അറേബ്യയിലെ ജനത ഉയിര്‍ത്തെഴുന്നേറ്റത്. അതുകൊണ്ടാണ് വള്ളത്തോള്‍ മുഹമ്മദ് നബിയെക്കുറിച്ച് പാടിയത്:
'അഹര്‍ മുഖപ്പൊന്‍ കതിര്‍പോലെ പോന്നവന്‍
മുഹമ്മദ്! ആ പേരിന്നിതാ നമഃ ശതം
എന്നു പറഞ്ഞിട്ട് മുഹമ്മദ് നബിയുടെ ജീവിതത്തിലെ അത്യുദാത്തമായ ഒരു കഥ വള്ളത്തോള്‍ പറഞ്ഞിരിക്കുന്നു. പ്രകാശം ചൊരിയുന്ന പുലരിയെ പോലെയുള്ള പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന ഒരു തേജസ്സായിട്ടാണ് മഹാകവി മുഹമ്മദിനെ വര്‍ണിക്കുന്നത്. അതെ, ഈ മഹാ പ്രകാശത്തിന്റെ ചൈതന്യമാണ് മനുഷ്യന്‍. അവന്‍ ആകാശത്തിലേക്ക് നോക്കേണ്ടിയിരിക്കുന്നു. ഞാനെന്റെ പ്രസംഗ വിഷയത്തിലേക്ക് ഈ മട്ടില്‍ കടക്കുവാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ കക്ഷികള്‍, നമ്മെക്കൊണ്ട്, മുഹമ്മദ് വരുന്നതിനു മുമ്പുള്ള അറേബ്യയിലെ ജനങ്ങള്‍ ഇവിടെ താഴെകിടക്കുന്ന കല്ലുകളെ ആരാധിച്ചതു പോലെ ഇവിടത്തെ കല്ലുകളെ ആരാധിപ്പിക്കുകയാണ്. അതുകൊണ്ട് അറേബ്യയിലെ ജനങ്ങള്‍ ഒരു പുതിയ ഉത്ഥാനം ഉണ്ടാക്കിയതുപോലെ ഇവിടെ കേരളവും ഇന്ത്യയും ഒരു നവോത്ഥാനത്തിന്റെ പ്രഭാതത്തെ കണ്ടുകൊണ്ട്, കല്ലുകളെ നോക്കുന്ന, മൃഗങ്ങളെ പോലെ താഴോട്ടുനോക്കുന്ന ഒരു ജനത എന്നതില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റുകൊണ്ട് മേലെയുള്ള ജ്യോതിര്‍ഗോളങ്ങളെ നോക്കുമ്പോള്‍ രാഷ്ട്രത്തിന്റെയും മതത്തിന്റെയും സമുദായത്തിന്റെയും ഭേദത്തിന്റെ ഭിത്തികള്‍ അവിടെയില്ല. സര്‍വേശ്വരന്റെ സ്വര്‍ഗീയമായ സമൃദ്ധി ആകാശത്തില്‍ പടര്‍ന്നു നില്‍ക്കുന്നു.
***** ***** ***** *****
ഇതാ മുഹമ്മദ് നബിയുടെ പരിശുദ്ധമായ മതം വന്നിട്ട് ഒന്നര സഹസ്രാബ്ദം ആയിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടു ഈ മഹാപ്രവാചകന്റെ സ്‌നേഹത്തിന്റെയും വിശൈ്വക്യത്തിന്റെയും സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെയും- ആകാശത്തിലെ ജ്യോതിര്‍ഗോളങ്ങള്‍ അനസ്തംഗാമിയായി ഇവിടെ പ്രസരിപ്പിക്കുന്ന- ഈ മഹാ സന്ദേശങ്ങളെ നമ്മുടെയിടയിലുള്ള ചില മൃഗീയ നേതാക്കള്‍ക്ക് നിമിഷം കൊണ്ട് തവിടുപൊടിയാക്കിക്കൊടുക്കുവാന്‍ നാമനുവദിക്കുന്നു. മുഹമ്മദ് നബിയുടെയും ക്രിസ്തുവിന്റെയും ബുദ്ധന്റെയും ഋഷികളുടെയും ഗാന്ധിജിയുടെയും സംസ്‌കാരം അട്ടിപ്പേറായി പൈതൃകമായി സമ്പാദിച്ച ഒരു മഹാലോകത്തിന് ഇത് ഏറ്റവും അപമാനകരമാകുന്നു എന്ന് ഞാന്‍ വിചാരിക്കുന്നു. ഈ സദസ്സ് കാണുന്ന സമയത്ത് നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും അടിയില്‍ ഒരു മഹാ ശിലപോലെ കെട്ടിപ്പടുത്തിരിക്കുന്ന ഈ സംസ്‌കാരസൗധം ഒരിക്കലും പൊട്ടിപ്പോകുകയില്ല എന്ന ഒരു വിശ്വാസം ഉണ്ടാകുകയാണ്. എന്റെ പ്രസംഗത്തിനു മുമ്പ് ഇവിടെ ഒരു സന്നദ്ധ ഭടന്‍ പറഞ്ഞില്ലേ നിങ്ങള്‍ക്ക് ആവേശം വരുമ്പോള്‍ കയ്യടിക്കരുത്, അതു നിങ്ങളുടെ മുഖഭാവത്തില്‍ പ്രകടിപ്പിക്കേണ്ടതാണ് എന്ന്. മുഖഭാവത്തിലെ പുഞ്ചിരിയായി നിങ്ങള്‍ പുഞ്ചിരിച്ചപ്പോള്‍ എന്റെ വിസ്മൃതി എന്റെ തലച്ചോറില്‍നിന്ന് മാഞ്ഞുപോയി. അതുപോലെ ഈ രാഷ്ട്രം വിസ്മൃതിയുടെ കൂരിരുട്ടില്‍ ജീവിച്ചുകൊണ്ടിരിക്കുകയാണ്. വിശൈ്വക്യത്തിന്റെ പാഠം നാം വിസ്മരിക്കുകയാണ്.
***** ***** ***** *****
ഹിന്ദുക്കള്‍ ഋഷികളുടെ സന്ദേശങ്ങള്‍ വിസ്മരിക്കുകയാണ്. ക്രിസ്തുദേവന്റെ ശിഷ്യര്‍ ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ വിസ്മരിക്കുകയാണ്. മുഹമ്മദ് നബിയുടെ ശിഷ്യര്‍ മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ വിസ്മരിക്കുകയാണ്. നാമെല്ലാം ഏതോ പേക്കിനാവ് കണ്ട് എങ്ങോട്ടോ പോവുകയാണ്. ആ സമയത്ത് കൈയിലൊതുങ്ങാവുന്ന ഒരു സംഘടിത വിഭാഗം എഴുന്നേറ്റുകൊണ്ട് ''ഈ രാത്രിയല്ല നമ്മുടെ ശരണം'' എന്ന് വിചാരിച്ചുയര്‍ത്തെഴുന്നേല്‍ക്കുകയാണ്. അതുകൊണ്ട് നമുക്ക് ഇന്ന് ഇവിടെ വിസ്മൃതിയെ നശിപ്പിക്കുവാന്‍ അതിലൂടെ പുതിയ ഓര്‍മകളുടെ പരിശുദ്ധമായ പ്രവാഹങ്ങള്‍ നമ്മുടെ ഹൃദയ മരുഭൂമികളിലൂടെ പ്രവഹിപ്പിക്കുവാന്‍, അങ്ങനെ ജീവിതത്തിന് പുതിയ ആര്‍ദ്രത സൃഷ്ടിക്കുവാന്‍, ഈ ആര്‍ദ്രതയിലൂടെ പുതിയ സസ്യ വൃക്ഷ ഫലഭൂയിഷ്ഠമായ ഒരു സംസ്‌കാരഭൂമി ഇവിടെ ഉണ്ടാക്കുവാന്‍, ആ ഭൂമിയില്‍ സ്വതന്ത്രമായി, ഐക്യപൂര്‍ണമായി ജീവിക്കുന്ന ഒരു മഹാരാഷ്ട്രത്തെ സാക്ഷാത്കരിക്കുവാന്‍ അത് നമുക്ക് ഈ മഹാപുരുഷന്മാരെ വീണ്ടും സ്‌നേഹിച്ചുകൊണ്ട് അവരെ വീണ്ടും സ്വപ്നത്തില്‍ സാക്ഷാല്‍കരിച്ചുകൊണ്ട് അവരെ വീണ്ടും നമ്മുടെ ഓരോ ദിവസത്തിലുള്ള കര്‍മത്തിലൂടെ സഫലമാക്കിക്കൊണ്ട് ഇവിടെ നിര്‍വഹിക്കേണ്ടിയിരിക്കുന്നു.
***** ***** ***** *****
ഞാനെപ്പോഴും കുട്ടികള്‍ക്ക് സാഹിത്യം പഠിപ്പിക്കുന്ന അവസരത്തില്‍ പഠിപ്പിക്കാറുള്ള ഒരു തത്വമുണ്ട്! വാക്കിന്റെ ജീവന്‍ മൗനത്തിന്റെ ജീവനാകുന്നു. ഖുര്‍ആനിലെ സത്യങ്ങള്‍ മുഴുവനും ധ്യാനത്തിന്റെ ഉല്‍കൃഷ്ടമായ അനര്‍ഘ മുഹൂര്‍ത്തത്തില്‍വെച്ച് കിട്ടിയിരിക്കുന്ന ദിവ്യ സന്ദേശങ്ങളാണ്. മൗനത്തിന്റെ സന്ദേശമാകുന്നു മനുഷ്യന്റെ വാക്കായിട്ട് രൂപാന്തരപ്പെടുന്നത്. അത് അട്ടഹാസമാക്കിയിട്ട് ഇവിടെ പരിവര്‍ത്തനം ചെയ്യേണ്ടതല്ല. മഹാപുരുഷന്‍ ഉയര്‍ത്തുന്ന ശബ്ദം യന്ത്രമല്ല ഇവിടെ പ്രതിധ്വനിപ്പിക്കേണ്ടത്. മഹാ പുരുഷന്‍ ഉയര്‍ത്തുന്ന ശബ്ദം മനുഷ്യന്റെ ഹൃദയമാണ് പ്രതിധ്വനിപ്പിക്കേണ്ടത്. മഹാപുരുഷന്മാരുടെ ശബ്ദം ഏറ്റുപാടേണ്ടത് മനുഷ്യരുടെ കണ്ഠങ്ങളാണ്. മുഹമ്മദ് നബിയുടെ ശബ്ദം അറേബ്യാ മണല്‍ പരപ്പില്‍നിന്ന് ലോകം മുഴുക്കെ, നിങ്ങള്‍ക്കറിയുമല്ലോ ജിബ്രാള്‍ട്ടര്‍ എന്ന ആ പാറക്കല്ലുവരെചെന്ന് എത്തിയത്, മനുഷ്യ ശബ്ദത്തിന്റെ ഈ പ്രസരണത്തിലൂടെയാണ്. അതുകൊണ്ട് നമുക്ക് ഈ സന്ദേശത്തെ ചെറിയ ശബ്ദമായിട്ട് ഇവിടെ ആവര്‍ത്തിച്ചുകൊണ്ട് അതിനുതകുന്ന മൂകതയില്‍ ശക്തി സംഭരിക്കുന്ന കേരളത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ ഒരു സംഘടനയായി ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുമാറാകട്ടെ. നിങ്ങളുടെ ഈ ചൈതന്യം അതിന്റെ മൂകതയിലൂടെ കേരളത്തിന് നഷ്ടപ്പെട്ടുപോയിരിക്കുന്ന ഒരു മഹാ ചൈതന്യത്തിലേക്ക് തിരിച്ചുപോകുവാനുള്ള ഉത്തേജനം കൊടുക്കുമാറാകട്ടെ. നമ്മുടെ ചെറുപ്പക്കാര്‍ ധരിച്ചുവെച്ചിരിക്കുന്നത് യൗവനത്തിന്റെ സന്ദേശം വലിയ ശബ്ദമുണ്ടാക്കുക എന്നതാണ് എന്ന് ഈ സമയത്ത് ഞാന്‍ സംശയിച്ചുപോകുന്നു.
പരിശുദ്ധമായ തീര്‍ഥാടനം എന്ന നിലക്ക് ഞാനിതറിഞ്ഞിരുന്നുവെങ്കില്‍ എന്റെ മലയാള വിഭാഗത്തിലെ കുട്ടികളെ ഈ മക്കരപ്പറമ്പിലേക്ക് ഇന്നലെതൊട്ട് വരുവാന്‍ പറഞ്ഞേനെ! ഞാനീ നാടോടിമട്ടില്‍ ഇങ്ങനെ ഓടിനടന്നിട്ട് ഇതിന്റെ സംഗതിയൊക്കെ അറിഞ്ഞിരുന്നില്ല. എന്നെ കൊണ്ടുവരാന്‍ വേണ്ടി വന്ന കാറിന്റെ ഡ്രൈവറാണ് പറഞ്ഞത്, സാറിന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു സമ്മേളനം കണ്ടിരിക്കില്ല എന്ന്. അപ്പോഴും വിചാരിച്ചു ഇതൊരു അതിശയോക്തി ആയിരിക്കും എന്ന്. ആ തെറ്റിദ്ധാരണ തിരുത്തിക്കൊണ്ട് ഞാനിവിടെനിന്ന് പോകുകയാണ്. ഇവിടെ നമുക്ക് പരിശുദ്ധമായ ഒന്നും ഇല്ലാതായിരിക്കുന്നു. രാഷ്ട്രത്തിന്റെ അവസാനമിതാകുന്നു. പരിശുദ്ധിയുടെ ഏതെങ്കിലും ഒരു പുണ്യഭൂമി ഒരു രാഷ്ട്രത്തില്‍ അവശേഷിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ഒരു കവി പാടിയത് അതാണ്.
'വെന്തെരിയുമിന്നിതാ പള്ളിയും കോവിലും!
ഈ രാജ്യത്ത് പള്ളിയും കോവിലും തീപിടിച്ചിരിക്കുകയാണ്. എന്നിട്ടിവിടുത്തെ സന്നദ്ധ യുവാക്കളോട് കവി ചോദിക്കുകയാണ്,
'ചെന്തീ കെടുക്കാത്തതെന്തേ?
ആളിക്കത്തുന്ന ഈ തീ എന്താണ് കെടുക്കാത്തത്! ജമാഅത്തെ ഇസ്‌ലാമിയുടെ ആര്‍ദ്രമായ സ്‌നേഹം കൊണ്ട് പരിശുദ്ധവും ആര്‍ദ്രവുമായ കൈ ഉയരുന്നതോടൊപ്പം കേരളത്തിലും ഇന്ത്യയിലും ഈ ചെന്തീകെടുത്തുവാന്‍ പരിശുദ്ധിയുടെ പാവന സങ്കേതങ്ങള്‍ നഷ്ടപ്പെട്ട് ഇവിടെ ആളിക്കത്തുന്ന കാട്ടുതീ ഉയരുന്ന സന്ദര്‍ഭത്തില്‍ ഇതിനെ കെടുക്കുവാന്‍ സന്നദ്ധമായ കൈകള്‍ ഉയര്‍ത്തുന്ന, ഈ രാഷ്ട്രത്തെ സംരക്ഷിക്കുന്ന ഏറ്റവും ഉല്‍കൃഷ്ടമായ കൃത്യം നിങ്ങള്‍ക്ക് ഇവിടെ സമ്പൂര്‍ണമായും സാക്ഷാല്‍കരിക്കുവാന്‍ ഈ നിലയ്ക്കാണെങ്കില്‍ സാധിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം