Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 12

3071

1440 സഫര്‍ 02

വ്യര്‍ഥവേലകള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

വ്യര്‍ഥകാര്യങ്ങളില്‍ വ്യാപരിച്ച് ജീവിതം തുലയ്ക്കുന്ന ദുശ്ശീലം വിശ്വാസിക്കുണ്ടാവില്ല. ഇഹലോകത്തോ പരലോകത്തോ പ്രയോജനപ്പെടാത്ത കര്‍മങ്ങളില്‍ മുഴുകി നശിപ്പിക്കാനുള്ളതല്ല വിശ്വാസിയുടെ ജീവിതം. ഇസ്‌ലാമിക പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം അവരുടെ സ്വത്വവും വ്യക്തിത്വ ശോഭയും നഷ്ടപ്പെടുത്തുന്ന തമോഗുണങ്ങളില്‍ ഒന്നാണിത്. ഖുര്‍ആനിലും ഹദീസിലും 'ലഗ്‌വ്' എന്ന് വ്യവഹരിച്ച ഈ ദുര്‍ഗുണത്തിനടിപ്പെടാതെ ജീവിക്കുന്നവനാണ് വിശ്വാസി എന്ന് ഖുര്‍ആന്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്: ''സത്യവിശ്വാസികള്‍, നിശ്ചയമായും വിജയം വരിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ നമസ്‌കാരത്തില്‍ ഭയഭക്തി കൈക്കൊള്ളുന്നവരാകുന്നു. വ്യര്‍ഥകാര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നവരാകുന്നു'' (മുഅ്മിനൂന്‍ 1-3). 'ലഗ്‌വി'ന് നിരവധി നിര്‍വചനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.

ഇബ്‌നു ജരീര്‍ അത്ത്വബരി (ഹി. 310): ''അസത്യജടിലമായ വാക്കുകളും പ്രവൃത്തികളും, മറ്റുള്ളവരെ ശകാരിക്കല്‍, മ്ലേഛവൃത്തികളില്‍ ഏര്‍പ്പെടല്‍, ചീത്ത ഗാനങ്ങള്‍ കേള്‍ക്കല്‍ ഇവയെല്ലാം വിശ്വാസി വിട്ടുനില്‍ക്കേണ്ട ലഗ്‌വില്‍ പെടും'' (ജാമിഉല്‍ ബയാന്‍ 19/32).

സുജാജ്: ''വര്‍ജിക്കേണ്ട വിനോദങ്ങളും കളികളുമാണ് ലഗ്‌വ്'' (സാദുല്‍ മസീര്‍: ഇബ്‌നുല്‍ ജൗസി 5/460).

അബൂഹയാന്‍ അല്‍ അന്‍ദുലുസി (ഹി: 754): ''കാമ്പും കാതലുമില്ലാത്ത വ്യര്‍ഥസംസാരങ്ങള്‍, വ്യക്തിത്വ ശോഭക്ക് മങ്ങലേല്‍പിക്കുന്ന പ്രവൃത്തികള്‍-ഇവയൊക്കെ ലഗ്‌വില്‍ പെടുന്നു'' (ബഹ്‌റുല്‍ മുഹീത്).

ഹാഫിള് ഇബ്‌നു കസീര്‍ (ഹി: 774): ''ബാത്വില്‍- എന്നു വെച്ചാല്‍ ശിര്‍ക്ക്, കുറ്റകൃത്യങ്ങള്‍, പ്രയോജനമില്ലാത്ത സംസാരവും പ്രവൃത്തിയും എല്ലാം 'ലഗ്‌വി'ന്റെ ഗണത്തില്‍ പെടുന്നു'' (തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം 3/230).

ചീത്ത ഗാനങ്ങള്‍  ആലപിക്കുകയും അവ കേള്‍ക്കുകയും ചെയ്യുക, ആവശ്യമില്ലാത്ത അധിക സംസാരം, ആശയാവിഷ്‌കാരത്തിന് സഭ്യേതരവും മ്ലേഛവുമായ പദപ്രയോഗം, റമ്മി, ചൂതുകളി, ചൂതാട്ടം പോലുള്ള കളികള്‍, അധിക തമാശ, എന്തിനും ഏതിനും സത്യം ചെയ്യല്‍, ആവശ്യമില്ലാത്തതില്‍ ഇടപെടല്‍, പരിഹാസം, ദ്വയാര്‍ഥ പദങ്ങളുടെ പ്രയോഗം തുടങ്ങി നിരവധി തലങ്ങളുണ്ട് 'ലഗ്‌വ്' എന്ന വാക്കിന്.

വിശ്വാസികളുടെ സവിശേഷ ഗുണമായി ഖുര്‍ആന്‍ എണ്ണിയത് 'ലഗ്‌വി'ല്‍നിന്ന് അകലം പാലിക്കലാണ്. പരമകാരുണികന്റെ ഇഷ്ടദാസന്മാരെക്കുറിച്ച വര്‍ണനയില്‍, 'വല്ല അനാവശ്യങ്ങള്‍ക്കരികിലൂടെയും കടന്നുപോകാനിടയായാല്‍ മാന്യന്മാരായി കടന്നുപോകുന്നവരാകുന്നു' (ഫുര്‍ഖാന്‍ 72) എന്നുണ്ടല്ലോ. വിശ്വാസികളുടെ പ്രശംസനീയമായ സ്വഭാവം വിശദീകരിക്കുന്നു: ''കെടുവചനങ്ങള്‍ കേള്‍ക്കാന്‍ ഇടയായാല്‍ അവര്‍ അതില്‍നിന്ന് അകന്നുമാറുന്നു. അവര്‍ പറയും: ഞങ്ങളുടെ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക്, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് സലാം, ഞങ്ങള്‍ അവിവേകികളുടെ മാര്‍ഗം കൈക്കൊള്ളാനാഗ്രഹിക്കുന്നില്ല'' (ഖസ്വസ്വ് 55).

ജനിക്കുകയും ജീവിക്കുകയും ചെയ്ത സാഹചര്യവും പരിതഃസ്ഥിതിയും മനുഷ്യനെ വ്യര്‍ഥ വേലകളിലേക്ക് നയിക്കും. ജീവിത ദൗത്യത്തെക്കുറിച്ച വിസ്മൃതി, തനിക്ക് മേല്‍ അല്ലാഹുവിന്റെ നിരീക്ഷണമുണ്ടെന്ന ബോധമില്ലായ്മ, പരലോകത്തിലെ വിചാരണയെയും ശിക്ഷയെയും കുറിച്ച മറവി, ദേഹേഛകളെ അനുധാവനം ചെയ്യുന്ന ഭൗതികത തുടങ്ങി നിരവധി കാരണങ്ങളുണ്ട്, മനുഷ്യന്‍ വ്യഥാ വേലകളിലും വ്യര്‍ഥ സംസാരങ്ങളിലും മുഴുകി നാശത്തില്‍ ആപതിക്കുന്നതിന്.

അനാവശ്യ വിനോദങ്ങളിലും വ്യര്‍ഥ വേലകളിലും മുഴുകുന്നതിന് ചിലര്‍ ന്യായീകരണങ്ങള്‍ ചമയ്ക്കാറുണ്ട്. 'മനുഷ്യന് മടുപ്പും മുഷിപ്പും അനുഭവപ്പെടും, മനസ്സിന് ഒരു റിലാക്‌സേഷന്‍ ഒക്കെ വേണ്ടേ?' അനുവദനീയമായ കളി-വിനോദങ്ങള്‍ക്കും മാനസികോല്ലാസം നല്‍കുന്ന പ്രവൃത്തികള്‍ക്കും ഇസ്‌ലാം എതിരല്ല. മതിമറന്നാഹ്ലാദിക്കുന്നതും അര്‍മാദിക്കുന്നതുമാണ് അനഭിലഷണീയമായിട്ടുള്ളത്. നബി(സ) ഹന്‍ദല(റ)യോട്, 'മനുഷ്യന്‍ ചില നേരങ്ങളില്‍ അങ്ങനെ, ചില നേരങ്ങളില്‍ ഇങ്ങനെ' എന്നു പറഞ്ഞത് അവര്‍ തങ്ങളുടെ വഴിവിട്ട പോക്കിനും നിലപാടുകള്‍ക്കും ന്യായീകരണമായി പറയുകയും ചെയ്യും. വസ്തുതയെന്താണ്? നബി(സ)യോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളില്‍ ഹൃദയം ഭയഭക്തിയാല്‍ തരളിതമാകുന്നുവെന്നും പുറത്തിറങ്ങി കുട്ടികളും കുടുംബവുമൊത്ത് കഴിയുകയും ജീവിതായോധനത്തിന് അധ്വാനിക്കുകയും ചെയ്യുന്ന നേരങ്ങളില്‍ ദൈവഭയത്തിന്റെ സാന്ദ്രത കുറഞ്ഞ് കപടവിശ്വാസിയായിത്തീരുന്നുവോ എന്നാശങ്കിക്കുന്നുവെന്നും സ്വഹാബിയായ ഹന്‍ദല(റ) സങ്കടപ്പെട്ടപ്പോള്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ച് നബി(സ) പറഞ്ഞു: ''നിങ്ങള്‍ എന്നോടൊപ്പം കഴിയുന്ന അതേ വിധത്തില്‍ വീടുകളിലും കിടപ്പറകളിലും കഴിയുകയാണെങ്കില്‍ തെരുവുകളില്‍ മലക്കുകള്‍ നിങ്ങള്‍ക്ക് ഹസ്തദാനം ചെയ്‌തേനെ. പക്ഷേ ഹന്‍ദല ഒന്നോര്‍ക്കുക. ഓരോന്നിനും ഒരു നേരമുണ്ട്. ചില നേരങ്ങളില്‍ ഇങ്ങനെ, ചില നേരങ്ങളില്‍ അങ്ങനെ.'' നബി(സ) പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്: ജീവിതത്തില്‍ പല നേരങ്ങളുമുണ്ട്. വിജ്ഞാന സമ്പാദനത്തിന് ഒരു നേരം, പ്രാര്‍ഥനക്കും ദിക്‌റിനും ഒരു സമയം, കുട്ടികള്‍ക്കും കുടുംബത്തിനും ജീവിതായോധനത്തിനും ഒരു സമയം, സാമൂഹിക ഇടപെടലുകള്‍ക്ക് ഒരു വേള, ഉറക്കത്തിനും വിശ്രമത്തിനും ഒരു സമയം. നബി(സ)യുടെ ജീവിതം ഈ കാഴ്ചപ്പാടോടെയായിരുന്നു. എല്ലാ നിയന്ത്രണങ്ങളും നീക്കി സര്‍വതന്ത്ര സ്വതന്ത്രനായി ജീവിക്കാന്‍ അനുവാദം കൊടുക്കുകയായിരുന്നില്ല നബി(സ).

വ്യര്‍ഥവേലകളില്‍ മുഴുകുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. സത്യവും നന്മയും ഉള്‍ക്കൊള്ളാനാവാത്ത വിധം ഹൃദയം ശിലാസമാനമാകും. പ്രയോജനശൂന്യമായ കാര്യങ്ങളില്‍ വ്യാപരിച്ച് കഴിവുകള്‍ വിനഷ്ടമാകും. നന്മകള്‍ ചെയ്ത് ദൈവസാമീപ്യം കരസ്ഥമാക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തും. ജനങ്ങളെ വെറുക്കുകയും ജനങ്ങളാല്‍ വെറുക്കപ്പെടുകയും ചെയ്യുന്ന ദുര്യോഗം ക്ഷണിച്ചുവരുത്തും.

അനുവദനീയവും അല്ലാത്തതുമായ കളിവിനോദങ്ങളെക്കുറിച്ച വ്യക്തമായ ധാരണ വേണം. അത് തിരിച്ചറിയാനുള്ള അളവു കോല്‍ നബി(സ) തന്നിട്ടുണ്ട്. ''എല്ലാ കളിവിനോദങ്ങളും ബാത്വിലാണ്. 'ലഹ്‌വി'ല്‍ പ്രശംസനീയമായത് മൂന്നേയുള്ളൂ. കുതിരയെ പരിശീലിപ്പിക്കല്‍, കുടുംബവുമായി സല്ലപിക്കല്‍, അമ്പെയ്ത്ത്'' (അബൂദാവൂദ്). ഭൗതികവും ആത്മീയവുമായ വളര്‍ച്ചക്കും വികാസത്തിനും ഉതകുന്നതാവണം കളിവിനോദങ്ങള്‍ എന്നു സാരം. മതബോധം, ദൈവഭയം, 'ലഗ്‌വ്' മുക്തമായ സമൂഹവുമായി ഇടപഴകല്‍, വ്യര്‍ഥവേലകളില്‍നിന്ന് വിമുക്തനായി ജീവിക്കാനുള്ള നിശ്ചയദാര്‍ഢ്യം, സച്ചരിതരായ മുന്‍ഗാമികളുടെ ജീവിത ചരിത്രവുമായി നിരന്തര സമ്പര്‍ക്കം, മാനസികോല്ലാസത്തിന് വിഹിതവും അനുവദനീയവുമായ മാര്‍ഗങ്ങള്‍ അവലംബിക്കല്‍, ആത്മപരിശോധന തുടങ്ങി നിരവധി മാര്‍ഗങ്ങളുണ്ട് ജീവിതം വൃഥാവേലകളില്‍നിന്ന് മുക്തമാക്കാന്‍.

സാരവത്തും സഫലവുമാകണം ജീവിതം. ഒരു നിമിഷവും വ്യര്‍ഥമാക്കിക്കളയാനുള്ളതല്ല. ജീവിതത്തില്‍ അനുവദിച്ചുകിട്ടിയ സമയം നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റാനും കടമകള്‍ നിര്‍വഹിക്കാനും തികയാത്തതാണ്. ഓരോ നാണയത്തുട്ടും കണക്കു കൂട്ടി ചെലവഴിക്കുന്ന കരുതലും സൂക്ഷ്മതയും സമയ വിനിയോഗത്തിലും വേണം. എങ്കില്‍ അമൂല്യമായ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങള്‍ അനഭിലഷണീയമായ 'ലഗ്‌വിലും ലഹ്‌വി'ലും പാഴാക്കിക്കളയുകയില്ല. 

സംഗ്രഹം: പി.കെ.ജെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (45)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിന് പള്ളി അനിവാര്യമല്ലെന്നോ?
കെ.സി ജലീല്‍ പുളിക്കല്‍