Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 12

3071

1440 സഫര്‍ 02

അപകോളനീകരണവും ഇസ്‌ലാമിന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പവും

സയ്യിദ് സആദത്തുല്ല ഹുസൈനി

മാനവ സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇപ്പോഴും കൊളോണിയല്‍ ശക്തികളുടെ പിടിത്തത്തില്‍നിന്ന് വിടുതല്‍ നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. കൊളോണിയലിസത്തിന്റെ രൂപഭാവങ്ങളൊക്കെ മാറിയിട്ടുണ്ടെന്ന വ്യത്യാസം മാത്രം. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും വലിയൊരു വിഭാഗം ഭൂപ്രദേശങ്ങളും യൂറോപ്പിലെയും വടക്കനമേരിക്കയിലെയും വെള്ളക്കാരുടെ കൈപ്പിടിയിലായിരുന്നു. ബലപ്രയോഗത്തിലൂടെ അവര്‍ ആ പ്രദേശങ്ങള്‍ കീഴടക്കുകയാണുണ്ടായത്. ഇതിനെയാണ് കൊളോണിയലിസം എന്ന് വിളിക്കുക. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഈ രാജ്യങ്ങളൊക്കെയും പ്രത്യക്ഷ കൊളോണിയലിസത്തില്‍നിന്ന് സ്വാതന്ത്ര്യം നേടി. കൊളോണിയല്‍ ശക്തികള്‍ നാടുവിട്ടത് ബലപ്രയോഗത്തിലൂടെയുള്ള അധീശത്വം സാധ്യമാവാതെ വന്നപ്പോഴാണ്. അപ്പോള്‍ ഈ നാടുകളുടെ സമ്പത്ത് കൊള്ളയടിക്കാന്‍ അവര്‍ പുതുമാര്‍ഗങ്ങള്‍ തേടി. ലോക വ്യാപാരം, സാമ്പത്തിക സമ്മര്‍ദം, സൈനിക കരാറുകള്‍, സൈന്യത്തെ കാണിച്ച് പേടിപ്പെടുത്തല്‍, പലിശക്കടത്തിന്റെ കെണിയില്‍ വീഴ്ത്തല്‍, പാവഭരണാധികാരികളെ വാഴിക്കല്‍, മീഡിയയെ ഉപയോഗിച്ച് ബഹുജനാഭിപ്രായത്തെ വഴിതെറ്റിക്കല്‍, പലതരം കരാറുകള്‍ അടിച്ചേല്‍പിക്കല്‍ തുടങ്ങി വിവിധ അടവുകളിലൂടെ ദരിദ്ര രാഷ്ട്രങ്ങളെ വരുതിയിലാക്കാനും അവയുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്താനും അങ്ങനെ മുന്‍കാലങ്ങളില്‍ നടത്തിവന്നിരുന്ന കൊള്ള തുടരാനും അവര്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനെയാണ് നാം നവ കോളനിവത്കരണം (Noe-Colonialism) എന്ന് വിളിക്കുന്നത്. ഈ പുതു കോളനിവത്കരണത്തിന്റെ കൈയിലെ ഏറ്റവും വലിയ ആയുധം മുതലാളിത്തമാണ്. അതിനാലിതിനെ മുതലാളിത്ത കോളനിവത്കരണം എന്നും വിളിക്കാറുണ്ട്.

ഈ മുതലാളിത്ത കോളനിവത്കരണം വംശവെറിയുടെയും വംശീയ മേധാവിത്വത്തിന്റെയും വിഷബീജങ്ങളെക്കൂടി പേറുന്നുണ്ട്. മുതലാളിത്ത കൊളോണിയല്‍ ശക്തികള്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും സമൂഹങ്ങളില്‍ ആഴത്തില്‍ വേരുകളാഴ്ത്തിക്കഴിഞ്ഞു. ഇതിനെതിരെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ചില പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആഗോള കൊളോണിയല്‍ നീക്കങ്ങളെ ചെറുക്കാന്‍ എക്കാലവും ഇസ്‌ലാം വളരെ ശക്തമായിത്തന്നെ നിലയുറപ്പിക്കുകയുണ്ടായിട്ടുണ്ട്. ഈ ചെറുത്തുനില്‍പ്പുകളുടെ ഫലമായി, മുതലാളിത്ത കോളനിവത്കരണം അതിന്റെ ഏറ്റവും അക്രമാസക്തമായ രൗദ്രഭാവത്തിലാണ് ഇപ്പോഴുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് പശ്ചിമേഷ്യയില്‍ ഭീകരമായ രക്തച്ചൊരിച്ചിലുകള്‍ക്ക് അത് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു. ഈ നവ കൊളോണിയല്‍ ശക്തികളുടെ നയങ്ങള്‍ കാരണമായാണ് ലോകത്ത് സമ്പത്ത് അത്യപൂര്‍വമാംവിധം ചിലയിടങ്ങളിലായി കുന്നുകൂടുന്നത്. അടുത്ത കാലത്തെ ഒരു ഓക്‌സ്ഫാം റിപ്പോര്‍ട്ടനുസരിച്ച്, ലോകത്തെ പകുതിയലധികം ആസ്തികള്‍ എട്ട് കോടീശ്വരന്മാരുടെ കൈകളിലാണ്. അസമത്വത്തിന്റെ തോത് എത്ര പെട്ടെന്നാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്! ഒരു വര്‍ഷത്തിനകം ഉല്‍പാദിപ്പിക്കപ്പെട്ട ധനത്തിന്റെ 84 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ധനികരുടെ കൈകളിലാണ് എത്തിച്ചേര്‍ന്നത്. ലോകത്തെ പകുതിയോളം ജനങ്ങള്‍ക്ക് ഈ ധനത്തില്‍നിന്ന് യാതൊന്നും ലഭിക്കുന്നില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. കോടിപതികളുടെ സ്വത്തില്‍ ഒരു വര്‍ഷം ഉണ്ടാകുന്ന വര്‍ധനവ് മാത്രം എടുത്താല്‍ മതിയാകും ലോകത്തെ പട്ടിണി മാറ്റാന്‍.1 അതിന്റെ അര്‍ഥം, ലോകത്ത് ധനത്തിന്റെ കമ്മിയല്ല പ്രശ്‌നം എന്നതാണ്. ധനം മികച്ച നിലയില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നിട്ടും വിതരണത്തിലെ അസമത്വം കാരണം പട്ടിണിയും പരിവട്ടവുമായി കഴിയുന്ന മഹാഭൂരിപക്ഷത്തിലേക്ക് അതില്‍നിന്ന് നയാ പൈസയും എത്തുന്നില്ല എന്നതാണ് പ്രശ്‌നം. പരിസ്ഥിതി സന്തുലനവും തകിടം മറിയുന്നു. അതു കാരണം ഭൂമുഖത്ത് പാര്‍ക്കുന്ന മനുഷ്യന്‍ മാനസികവും ശാരീരികവും ബൗദ്ധികവുമായ ഒട്ടേറെ പ്രതിസന്ധികള്‍ക്ക് മധ്യേയാണ്.

നമ്മുടെ നാട്ടില്‍ വംശീയതയുടെ ശക്തികള്‍ ദേശീയതയുടെ മുഖാവരണമണിഞ്ഞാണ് രംഗം കൈയടക്കിയിരിക്കുന്നത്. കാര്യങ്ങള്‍ അവരുടെ പൂര്‍ണ നിയന്ത്രണത്തിലാവുന്നതോടെ ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ ഭരണക്രമവുമൊക്കെയാണ് അപകടത്തിലാവുന്നത്. വംശീയതയുടെ നീണ്ട ചരിത്രമുണ്ട് നമ്മുടെ നാടിന്. കൊളോണിയല്‍ ശക്തികള്‍ക്കെതിരെ നാം സ്വാതന്ത്ര്യസമരങ്ങള്‍ നടത്തിയത് സമത്വം, നീതി എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു. സമത്വത്തിന്റെയും നീതിയുടെയും ഈ മൂല്യങ്ങളാണ് ഭരണഘടനാ രൂപവത്കരണത്തിന് വഴികാട്ടിയായത്. ആ മൂല്യങ്ങളാണ് ഇന്ന് വലിയ അപകടത്തില്‍ പെട്ടിരിക്കുന്നത്. ലോകമൊട്ടാകെ ഇത്തരം മാനവിക മൂല്യങ്ങള്‍ അപകടത്തിലാണെന്നും നമുക്കറിയാം. 'മനുഷ്യാവകാശാനന്തര ലോക'2(Post Human Rights World)ത്ത് നാം എത്തിപ്പെട്ടിരിക്കുകയാണെന്ന വാദവും ഉയരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ തന്നെയാണ് വിഷയം ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടതും ഇസ്‌ലാമിക നിലപാട് കൃത്യപ്പെടുത്തിയെടുക്കേണ്ടതും.

അപകോളനീകരണം (Decoloniality) ആണ് ഈ പ്രബന്ധത്തിലെ മുഖ്യ വിഷയം. അര നൂറ്റാണ്ട് മുമ്പ് കോളനിശക്തികള്‍ തങ്ങള്‍ കോളനികളാക്കിവെച്ച നാടുകളില്‍നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. കൊളോണിയലിസത്തിന്റെ അവസാനമായി അത് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. പക്ഷേ അതിന്റെ അടയാളങ്ങള്‍ മാഞ്ഞുപോയില്ല. കാരണം അത്രയേറെ ആഴത്തിലാണ് അത് ദംഷ്ട്രകള്‍ ആഴ്ത്തിയിരുന്നത്. കോളനിയാക്കപ്പെട്ടിരുന്ന നാടുകള്‍ക്ക് പ്രത്യക്ഷത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു എന്ന് പറയാമെങ്കിലും, ശക്തമായ കൊളോണിയല്‍ സ്വാധീനങ്ങള്‍ പല നിലയില്‍ അവിടങ്ങളില്‍ നിലനിന്നു. കൊളോണിയല്‍ മാനസിക നിലയോടു കൂടി, കൊളോണിയല്‍ ശക്തികളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വരേണ്യ വര്‍ഗത്തെ സൃഷ്ടിച്ചു വിടാനും മുന്‍ യജമാനന്മാര്‍ക്ക് സാധ്യമായി. ഈ വരേണ്യ വിഭാഗത്തിന് അധികാരം അരക്കിട്ടുറപ്പിക്കാന്‍ സഹായകമായ ഒരു ഘടനയാണ് അവരിവിടെ വിട്ടേച്ചുപോയതും. കലാ-സാഹിത്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വ്യവഹാരങ്ങളും അതിനുസൃതമായ രീതിയില്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നു. സമ്പദ് രംഗവും വ്യവസായവുമെല്ലാം ആ ഘടനയെ അനുധാവനം ചെയ്യാന്‍ നിര്‍ബന്ധിതമാണ്. പത്രവും മറ്റു മീഡിയാ സംവിധാനങ്ങളും ഈ ആശയധാരക്ക് പിന്തുണയും പ്രചാരവും നല്‍കുന്നു. ഇങ്ങനെ മുമ്പ് കോളനികളാക്കപ്പെട്ടിരുന്ന ഓരോ നാട്ടിലും കൊളോണിയലിസത്തിന്റെ ഒരു ശാക്തിക ഭൂമിക (Colonial Matrix of Power) രൂപപ്പെട്ടിരിക്കുന്നു. ഡികൊളോണിയാലിറ്റി അഥവാ അപകോളനീകരണം എന്ന് പറയുന്നത് ഈ അധികാര ഘടന തകര്‍ക്കലും കൊളോണിയലിസത്തിന്റെ മാനസികാടിമത്തത്തില്‍നിന്ന് ജനതതികളെ വിമോചിപ്പിക്കലുമാണ്.3

 

ഈ കൊളോണിയല്‍ അധികാരഘടനയുടെ പ്രത്യേകതകള്‍ താഴെ പറയുന്നവയാണ്:

1. വെള്ളക്കാരുടെ വംശീയ മേധാവിത്വം. ഇപ്പോള്‍ സാധാരണ വെള്ളക്കാരന്റെ വംശ മാഹാത്മ്യം പരസ്യമായി പ്രഖ്യാപിക്കാറില്ല. പക്ഷേ പാശ്ചാത്യ ചിന്തയില്‍ ഈ വംശീയ മേധാവിത്വത്തിന് ഒരിളക്കവും തട്ടിയിട്ടില്ല. 2016-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാമത് വളരെ പ്രകടമായി കണ്ടതാണ്. യൂറോപ്പിലെ പല രാജ്യങ്ങളിലും വെള്ള വംശീയ വലതു പാര്‍ട്ടികള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. അവക്ക് വന്‍തോതില്‍ രാഷ്ട്രീയ സ്വീകാര്യത ലഭിക്കുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് വംശീയത കുറ്റിയറ്റുപോയിട്ടില്ല, ജീവനോടെ ഇരിക്കുന്നു എന്നുതന്നെയാണ്.

2. യൂറോ കേന്ദ്രിത കാഴ്ചപ്പാട് (Euro-Centrism). മുഴുവന്‍ ലോകത്തെയും യൂറോപ്പിന്റെ കണ്ണിലൂടെ കാണുക എന്നാണിതിന്റെ അര്‍ഥം. പാശ്ചാത്യവും യൂറോപ്യനുമായതെല്ലാം ശ്രേഷ്ഠമെന്ന് കരുതുക. കൊളംബസ് 'അമേരിക്ക കണ്ടുപിടിച്ചു' എന്ന് ഇന്നും ലോകത്തെ സകല സ്‌കൂളുകളിലും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. യഥാര്‍ഥത്തില്‍ കൊളംബസ് വരുന്നതിനു മുമ്പ് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സംസ്‌കാരചിത്തരായ ജനസമൂഹങ്ങള്‍ നൂറ്റാണ്ടുകളായി വസിച്ചുവരുന്നുണ്ട്. ഇത് യൂറോപ്യന്മാര്‍ക്ക് ഒരു 'കണ്ടുപിടിത്തം' ആയേക്കാം. ലോകത്തിലെ മറ്റു ജനവിഭാഗങ്ങള്‍ അത് ഏറ്റുപിടിക്കുന്നത് എന്തിന്? മുഴുവന്‍ ജ്ഞാനശാസ്ത്രങ്ങളിലും യൂറോ സെന്‍ട്രിസത്തിന്റെ ഇതുപോലുള്ള നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.

3. മുതലാളിത്ത ഘടന. ഇതു കാരണമായാണ് ലോക സമ്പത്ത് ഏതാനും കൈകളില്‍ കുമിഞ്ഞുകൂടുന്നത്. ഈ കൈകള്‍ ബഹുഭൂരിഭാഗവും വെള്ളക്കൈകളുമായിരിക്കും. ഫോര്‍ബ്‌സിന്റെ പുതിയ കണക്കു പ്രകാരം, അമേരിക്കയിലെ ആദ്യ ഇരുപത്തഞ്ച് ധനികരില്‍ എല്ലാവരും വെള്ളക്കാരാണ്.

4. ജ്ഞാനത്തെ വരുതിയിലാക്കല്‍ (Knowledge Appropriation). അഥവാ ജ്ഞാന-വിവരസ്രോതസ്സുകളെ കൈപ്പിടിയിലൊതുക്കുന്നു. പൗരാണികവും തദ്ദേശീയവുമായ അറിവുകളെ ആദ്യം അവഗണിക്കും. പിന്നീട് അവയെ 'രണ്ടാമതും കണ്ടെത്തി' പാറ്റന്റ് എടുത്ത് അവയുമായി ബന്ധപ്പെട്ട സകല അവകാശങ്ങളും തട്ടിയെടുക്കും. ഇന്നത്തെ കാലത്ത് അറിവ് വലിയ ശക്തിയാണല്ലോ. നവകൊളോണിയലിസം അതിനെയും സമര്‍ഥമായി ഉപയോഗിക്കുന്നു എന്നേയുള്ളൂ.

5. പൊതു സമ്മതിയുടെ നിര്‍മിതി  (Consent Manufacturing). അതിശക്തമായ മീഡിയാ പ്രോപഗണ്ടയിലൂടെ സ്വാധീനവും പിടിപാടുമുള്ളവര്‍ പൊതുജനങ്ങളെ അവര്‍ പോലുമറിയാതെ ഏക അഭിപ്രായത്തിലേക്കും പൊതുസമ്മതിയിലേക്കും കൊണ്ടെത്തിക്കുന്നു. പൊതുതാല്‍പര്യങ്ങള്‍ അവഗണിച്ച് സ്വന്തം താല്‍പര്യങ്ങളുമായി മുന്നോട്ടുപോകാന്‍ ഇതവര്‍ക്ക് സൗകര്യമൊരുക്കുന്നു.

 

ആധുനികതയും നവകൊളോണിയലിസവും

യൂറോപ്പില്‍ ശാസ്ത്രവും പുതിയ ജ്ഞാനശാഖകളും ഉദയം കൊണ്ടത് ഒരു പ്രത്യേക ചരിത്ര പശ്ചാത്തലത്തിലാണ്. ക്രി.വ. പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളില്‍ ഉമവി ഭരണാധികാരികളുടെ തണലിലുള്ള മുസ്‌ലിം സ്‌പെയിന്‍ വിജ്ഞാനത്തിന്റെയും കലാ-ശാസ്ത്രങ്ങളുടെയും ലോക കേന്ദ്രമായി ഉയര്‍ന്നുവന്നു. ക്രൈസ്തവ ലോകത്തുള്ള വിദ്യാര്‍ഥികള്‍ അറിവ് അന്വേഷിച്ച് സ്‌പെയിനിലെ വിജ്ഞാനകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യാത്ര ചെയ്തു. സിസിലിയും സ്‌പെയിനും ടൊളിഡോയും അവര്‍ക്ക് അറിവിന്റെ അക്ഷയഖനികളായി. ഇവിടെ വന്ന് അറബികളില്‍നിന്ന് തത്ത്വശാസ്ത്രവും ശാസ്ത്രവും ഗണിതശാസ്ത്രവും പ്രകൃതി ശാസ്ത്രവും ഗോളശാസ്ത്രവും എഞ്ചിനീയറിംഗുമെല്ലാം പഠിച്ച ശേഷം അവര്‍ യൂറോപ്പില്‍ തിരിച്ചെത്തി. ഈ പഠനവും അന്വേഷണവുമാണ് യൂറോപ്പില്‍ ചര്‍ച്ച് മേധാവിത്വത്തിനെതിരെ പുതിയ ചിന്തകള്‍ക്ക് ജന്മം നല്‍കിയത്. ഇതിന്റെ ഫലമായി പുതിയ കലാ-ജ്ഞാന ശാസ്ത്രങ്ങളും ചര്‍ച്ചും തമ്മില്‍ സംഘട്ടനത്തിന് വഴിയൊരുങ്ങി. ഈ സംഘര്‍ഷത്തിന്റെ മൂശയിലാണ് യൂറോപ്യന്‍ പുതുവിജ്ഞാനങ്ങള്‍ തനതായ സ്വഭാവ സവിശേഷതകള്‍ ആര്‍ജിക്കുന്നത്.

കുരിശു യുദ്ധങ്ങളുടെ നീണ്ട പരമ്പരക്കു ശേഷം 1492-ല്‍ മുസ്‌ലിംകള്‍ സ്‌പെയ്‌നില്‍ പരാജയപ്പെടുകയും കുരിശു ശക്തികള്‍ ആ പ്രദേശം കൈയടക്കുകയും ചെയ്തു. കുരിശു യുദ്ധങ്ങള്‍ക്കു പിറകില്‍ മതപരവും വംശീയവുമായ മഹത്വ ചിന്തകള്‍ സജീവമായിരുന്നു. ഇതിന്റെ ഫലമായി ലോകമെമ്പാടും ഒരു പുതിയ ഏകാധിപത്യ രാഷ്ട്രീയത്തിന് തുടക്കം കുറിക്കപ്പെട്ടു. സ്‌പെയിന്‍ ജയിച്ചടക്കിയ ഉടനെ അവിടത്തെ പുതിയ ഭരണാധികാരികള്‍ ലോകപര്യവേക്ഷണം നടത്തുന്നതിനായി ക്രിസ്റ്റഫര്‍ കൊളംബസിനെ ചുമതലപ്പെടുത്തി. കൊളംബസ് കടല്‍ യാത്ര ചെയ്ത് എത്തിപ്പെട്ടത് മധ്യ അമേരിക്കയിലെ ഗുവാനാഹാമി (ബഹാമാസ്) എന്ന സ്ഥലത്താണ്. അവിടത്തെ തദ്ദേശവാസികളുമായി സംസാരിച്ചപ്പോള്‍ അവര്‍ യേശുവില്‍ വിശ്വസിക്കുന്നവരല്ലെന്ന് മനസ്സിലായി. ഒരു മതത്തിലും അവര്‍ വിശ്വസിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു തര്‍ക്കം ഉടലെടുത്തത്. ഇത്തരം മനുഷ്യര്‍ക്ക് ആത്മാവുണ്ടോ ഇല്ലേ? ഇവര്‍ മനുഷ്യര്‍ തന്നെയോ, അതോ മൃഗജാതിയില്‍ പെടുന്നവരോ? ഇതു സംബന്ധമായി സ്‌പെയിനില്‍ 'മഹാ പഠനങ്ങള്‍' തന്നെയുണ്ടായി.4 ഈ പഠനങ്ങളില്‍നിന്ന് യൂറോപ്പിലെ ഭരണാധികാരികള്‍ മനസ്സിലാക്കിയത് ഇതാണ്: ദൈവത്തിന്റെ ഈ നിഷ്‌കളങ്കരായ സൃഷ്ടികളെ മൃഗങ്ങളെപ്പോലെ കണക്കാക്കാം. മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന പോലെ അവരെയും കൈകാര്യം ചെയ്യാം.

യൂറോപ്യന്‍ കൊളോണിയല്‍ വാദികള്‍ അമേരിക്കയിലും ലാറ്റിനമേരിക്കയിലും നടത്തിയ ഞെട്ടിക്കുന്ന ക്രൂരതകളെക്കുറിച്ച വസ്തുനിഷ്ഠ പഠനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇതിന്റെ പേരില്‍ അമേരിക്കന്‍ ഭരണകൂടം നിരുപാധികം മാപ്പു ചോദിക്കുകയും ചെയ്തിട്ടുണ്ട്. കൊളംബസ് അമേരിക്ക 'കണ്ടെത്തിയ' ശേഷം അവിടത്തെ തദ്ദേശീയരെ പിടികൂടി അടിമകളാക്കുകയും അവരെ യൂറോപ്പിലേക്ക് കയറ്റിയയക്കുകയുമാണുണ്ടായത്. മൃഗങ്ങളെയെന്ന പോലെ അവരെ കപ്പലുകളില്‍ കുത്തിനിറക്കുകയായിരുന്നു. അടിമകളാക്കപ്പെട്ട ഈ മനുഷ്യരില്‍ ധാരാളം പേര്‍ യാത്രക്കിടയില്‍ തന്നെ മരണപ്പെട്ടു. തദ്ദേശവാസികളായ തലവന്മാരോട് സ്വര്‍ണശേഖരം കാണിച്ചുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. അവര്‍ക്കും പലതരം പൈശാചിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ചെറുത്തുനിന്നവരെ കൂട്ടക്കൊല നടത്തി. വസൂരി പോലുള്ള മാരകരോഗങ്ങളും അവിടെ പടര്‍ന്നുപിടിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കകം തദ്ദേശവാസികളുടെ അധിവാസ പ്രദേശങ്ങള്‍ ജനശൂന്യമാകാന്‍ തുടങ്ങി.

യൂറോപ്യന്മാരുടെ സാമൂഹികവും രാഷ്ട്രീയവുമായ ഈ അനുഭവങ്ങള്‍ അവരുടെ പുതിയ ജ്ഞാനശാസ്ത്രങ്ങളിലും സ്വാധീനം ചെലുത്തി. ഡികൊളോണിയല്‍ പഠനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഗവേഷകര്‍ പറയുന്നത്, യൂറോപ്യരുടെ പുതിയ ജ്ഞാന മാതൃക (Paradigm) അവരുടെ തന്നെ ഇത്തരം സാമൂഹിക, സാംസ്‌കാരിക, മാനസിക അനുഭവങ്ങളില്‍ അധിഷ്ഠിതമാണെന്നാണ്. കൊളോണിയല്‍ വൈകാരികതകളാണ് ആ പാരഡൈമിന് ജന്മം നല്‍കിയത്. ആധുനികതയും കൊളോണിയലിസവും തമ്മില്‍ നേരിട്ടുള്ള ബന്ധമാണ് ഉള്ളത് എന്നര്‍ഥം. അതായത് ആധുനികതയുടെ വിശ്വാസ പ്രമാണങ്ങളുടെയും പരികല്‍പനകളുടെയും സ്വാഭാവിക റിസള്‍ട്ടാണ് കൊളോണിയല്‍ പ്രോജക്ട് എന്ന് പറയുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ പുതിയ കാലത്തെ കൊളോണിയലിസത്തെ അതത് കാലത്തെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഉണ്ടായിവന്ന താല്‍ക്കാലിക പ്രതിഭാസങ്ങളായി കാണാന്‍ കഴിയില്ല. അതിന് തത്ത്വശാസ്ത്രപരവും വീക്ഷണപരവുമായ ആഴത്തിലുള്ള വേരുകളുണ്ട്. ഈ കൊളോണിയല്‍ അതിക്രമ പരമ്പരയുടെ പശ്ചാത്തലത്തിലാണ് പുതിയ പാശ്ചാത്യ മനുഷ്യന്‍ തന്റെ സത്താമീമാംസ(Ontology)യെയും ജ്ഞാനശാസ്ത്ര(Epistomology)ത്തെയും നിര്‍വചിക്കുന്നത്. മനുഷ്യന് അവനവനെപ്പറ്റിയുള്ള സങ്കല്‍പം, മറ്റു മനുഷ്യരെയും ജീവജാലങ്ങളെയും പറ്റിയുള്ള സങ്കല്‍പം, അറിവിനെക്കുറിച്ചും അറിവിന്റെ ഉറവിടങ്ങളെക്കുറിച്ചും സത്യത്തെക്കുറിച്ചുമുള്ള സങ്കല്‍പം-ഇതെല്ലാം ആധുനികത വ്യാഖ്യാനിച്ചിട്ടുള്ളത് കൊളോണിയലിസത്തിന്റെ സ്വാഭാവിക ഫലം എന്ന നിലക്കാണ് എന്നും പറയേണ്ടിവരും.

ഈ വിഷയത്തെക്കുറിച്ച് ഏറ്റവും ആധികാരികമായ പഠനം നടത്തിയിട്ടുള്ളത് ഫലസ്ത്വീനി ദാര്‍ശനികനായ എഡ്വേര്‍ഡ് സൈദ് ആണ്, അദ്ദേഹത്തിന്റെ 'ഓറിയന്റലിസം' എന്ന കൃതിയില്‍.5 പടിഞ്ഞാറ് പൗരസ്ത്യത്തെ പഠിക്കാന്‍ ഒരു പ്രത്യേക രീതിശാസ്ത്രം തന്നെ മെനഞ്ഞെടുത്തതായി അദ്ദേഹം ഈ കൃതിയില്‍ തെളിവുകള്‍ സഹിതം സമര്‍ഥിക്കുന്നു. പൗരസ്ത്യരുടെ അന്തക്കേടുകളും വിവരമില്ലായ്മകളും എടുത്തു പറഞ്ഞുകൊണ്ടാണ് പാശ്ചാത്യ സ്വത്വത്തെ സ്ഥാപിച്ചെടുക്കുന്നത്. ഈ ഓറിയന്റലിസം പ്രോജക്ട് വഴി മുഴുവന്‍ ലോകത്തെയും, പാശ്ചാത്യരെയും പൗരസ്ത്യരെയും -പ്രത്യേകിച്ച് അവരിലെ ഉപരിവര്‍ഗത്തെ- ഒരുപോലെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്, പുരോഗതിയുടെയും വിജയത്തിന്റെയും അഭിമാനത്തിന്റെയും അന്തസ്സിന്റെയും ഗുണവിശേഷങ്ങള്‍ സമൃദ്ധമായി കാണപ്പെടുന്നത് പാശ്ചാത്യരില്‍ മാത്രമാണ്; അവയില്‍നിന്നൊക്കെ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ് പൗരസ്ത്യ സമൂഹങ്ങള്‍ എന്നാണ്. ഈയൊരു കാഴ്ചപ്പാട് മുന്നോട്ടുവെച്ചാല്‍ അതിന്റെ പേരില്‍ പടിഞ്ഞാറിന്റെ സകലവിധ അധീശത്വങ്ങളെയും അതിക്രമങ്ങളെയും ന്യായീകരിക്കാന്‍ പറ്റും. കാരണം പൗരസ്ത്യ ദേശത്തെ 'സംസ്‌കാരശൂന്യരെ' സംസ്‌കരിക്കുകയാണല്ലോ അവരുടെ നിയോഗദൗത്യം!

 

കൊളോണിയല്‍ അതിക്രമങ്ങളുടെ താത്ത്വികാടിത്തറകള്‍

മനുഷ്യന്‍ സ്വയം ദൈവമായി ചമയുന്നതോ ദിവ്യത്വത്തില്‍ മറ്റു പങ്കാളികളെ ചേര്‍ക്കുന്നതോ ആണ് കൊളോണിയലിസ്റ്റ് മനോഭാവം ജന്മമെടുക്കാനുള്ള ഒന്നാമത്തെ കാരണം. സ്വയം ദൈവം ചമയുന്നവര്‍ മറ്റു മനുഷ്യരെ അടിമകളാക്കാന്‍ ശ്രമിക്കും. അതുകൊണ്ടാണ് ഖുര്‍ആന്‍ ദൈവം ചമയുന്നതിനെ/ ദൈവത്തില്‍ പങ്കുചേര്‍ക്കുന്നതിനെ (ശിര്‍ക്ക്) 'ഏറ്റവും വലിയ അതിക്രമം' എന്ന് വിശേഷിപ്പിച്ചത്.6 ഖുര്‍ആന്‍ പേരെടുത്ത് പറയുന്ന അതിക്രമികളില്‍ മിക്കവരും സ്വയം ദൈവം ചമയുന്നവരായിരുന്നു. ഫറോവയെപ്പറ്റി ഖുര്‍ആന്‍: ''ഫറോവ മൂസായുടെ പ്രബോധനത്തെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു. പിന്നീട് അയാള്‍ എതിര്‍ ശ്രമങ്ങള്‍ക്കായി തിരിഞ്ഞു നടന്നു. അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി വിളംബരം ചെയ്തു: 'ഞാനാണ് നിങ്ങളുടെ പരമോന്നത ദൈവം.' അപ്പോള്‍ അല്ലാഹു അവനെ പിടികൂടി, മറുലോകത്തെയും ഈ ലോകത്തെയും ശിക്ഷക്കിരയാക്കാന്‍.''7 നംറൂദിനെപ്പറ്റി ഖുര്‍ആന്‍ പറയുന്നതു കാണുക: ''നീ കണ്ടില്ലേ, ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ. കാരണം അല്ലാഹു അവന് രാജാധികാരം നല്‍കി. ഇബ്‌റാഹീം പറഞ്ഞു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്‍. അയാള്‍ അവകാശപ്പെട്ടു; ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും.''8 അതിക്രമിയായ വ്യക്തി മാത്രമല്ല, അതിക്രമികളായ സമൂഹവും ഇതേ ചിന്താഗതി വെച്ചുപുലര്‍ത്തുമെന്നും ഖുര്‍ആന്‍ അടിവരയിട്ടു പറയുന്നു: ''ആദ് സമുദായം ഭൂമിയില്‍ അനര്‍ഹമായി അഹങ്കരിച്ചു. അവര്‍ പറഞ്ഞു: ഞങ്ങളേക്കാള്‍ കരുത്തുള്ള ആരുണ്ട്? അവരെ പടച്ച അല്ലാഹു അവരേക്കാളെത്രയോ കരുത്തനാണെന്ന് അവര്‍ കാണുന്നില്ലേ? അവര്‍ നമ്മുടെ വചനങ്ങളെ നിഷേധിക്കുന്നവരായിരുന്നു.''9

സ്വയം ദൈവമായി ചമയാത്തവര്‍ തങ്ങളുടെ കഴിവുകള്‍, അറിവ്, പണം, അധികാരം എന്നിവ കാരണം അഹങ്കാരികളായി മാറാറുമുണ്ട്. അഹങ്കാരവും ഒരുതരം ദൈവം ചമയല്‍ തന്നെ. നബി(സ) പറഞ്ഞു: ''സര്‍വശ്രേഷ്ഠത അല്ലാഹുവിന്റെ ഉടയാടയാണ്; തന്‍പോരിമ അവന്റെ തലപ്പാവും. അക്കാര്യത്തില്‍ ആരെങ്കിലും അവനുമായി തര്‍ക്കിച്ചാല്‍ ആ വ്യക്തിയെ (സമൂഹത്തെ) ശിക്ഷിക്കുക തന്നെ ചെയ്യും.''10

ചുരുക്കത്തില്‍, അതിക്രമികളായ എല്ലാ വ്യക്തികളും സമൂഹങ്ങളും സ്വയം ദൈവമായി ചമയുകയോ ഏറ്റവും ചുരുങ്ങിയത് ദൈവത്തിന്റെ തീരുമാനങ്ങളില്‍ കൈകടത്തുകയോ ചെയ്യുന്നു. ഇന്ത്യയില്‍ ഉയര്‍ന്ന ജാതിക്കാര്‍ 'ബ്രഹ്മ'യുമായാണ് തങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നത്. ബ്രാഹ്മണ്‍ സത്തയില്‍ ദൈവാംശങ്ങള്‍ കുടികൊള്ളുന്നുവെന്ന് വാദിക്കുകയും ചെയ്യുന്നു. 'അവര്‍ ഭൂമിയില്‍ ധര്‍മത്തിന്റെ അവതാരങ്ങളാണ്.' എല്ലാറ്റിന്മേലും അവര്‍ തങ്ങളുടെ അവകാശം സ്ഥാപിക്കുകയും ചെയ്യുന്നു. തങ്ങള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനവിഭാഗമാണെന്നായിരുന്നു ജൂത സമുദായത്തിന്റെ വാദം. മധ്യ യുഗത്തില്‍ യൂറോപ്പിലുണ്ടായിരുന്ന രാജാക്കന്മാര്‍ വാദിച്ചിരുന്നത് തങ്ങള്‍ ദൈവനിയുക്തരാണെന്നും, ആത്മീയാധികാരങ്ങള്‍ പോപ്പിനും മുഴുവന്‍ ഭൗതികാധികാരങ്ങളും തങ്ങള്‍ക്കും നല്‍കപ്പെട്ടിരിക്കുന്നുവെന്നുമാണ്. ഇങ്ങനെ ദൈവത്തില്‍ പങ്കാളികളെ കല്‍പിക്കുന്ന ജനസമൂഹങ്ങള്‍ തങ്ങളുടെ രാജാക്കന്മാരെയോ തങ്ങളെത്തന്നെയോ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയോ ദൈവാധികാരങ്ങളില്‍ തങ്ങള്‍ക്കും പങ്കാളിത്തമുണ്ടെന്ന് അവകാശപ്പെടുകയോ ചെയ്യുന്നു.

ദൈവിക മൂല്യങ്ങള്‍ കുടിയൊഴിഞ്ഞുപോയ കൊളോണിയല്‍ ഘടന ദൈവത്തെ നിഷേധിച്ചുകൊണ്ട് ദൈവത്തിന്റെ സ്ഥാനം കൈയേല്‍ക്കാനാണ് ശ്രമിക്കുന്നത്. ശാസ്ത്രവും പുതിയ ജ്ഞാനശാഖകളും നല്‍കുന്ന അവബോധം, പ്രകൃതിയെ നാം വരുതിയിലാക്കിയിരിക്കുന്നുവെന്നും ഇനിയതിനെ നമുക്ക് തോന്നും പോലെ ഉപയോഗിക്കാമെന്നുമാണ്. ലാറ്റിനമേരിക്കന്‍ ചിന്തകന്‍ റാമന്‍ ഗ്രോസ് ഫ്യൂഗല്‍ പറഞ്ഞതാണ് ശരി: ''പുതിയ ശാസ്ത്ര കാഴ്ചപ്പാടുകള്‍ യൂറോപ്പിലെ മനുഷ്യനെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു; അത് അപ്രഖ്യാപിതമാണെങ്കിലും.''11 ഖണ്ഡിതവും യഥാര്‍ഥവുമായ ജ്ഞാനം തങ്ങളുടെ പക്കല്‍ മാത്രമാണെന്നുള്ള ഒരു നിലയിലേക്ക് ബോധപൂര്‍വമല്ലെങ്കിലും അവര്‍ എത്തിപ്പെട്ടിരിക്കുന്നു. തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന അറിവ് ഏതോ അതാണ് യഥാര്‍ഥ അറിവ്. അവരുടെ ധിഷണക്കും ശാസ്ത്രാന്വേഷണ രീതികള്‍ക്കുമപ്പുറം വിജ്ഞാനത്തിന്റെ യാതൊരു സ്രോതസ്സുകളും അവശേഷിക്കുന്നില്ല. അവരുടെ രീതിയനുസരിച്ച് ശരിയല്ലാത്തതൊന്നും അറിവോ ശാസ്ത്രമോ അല്ല തന്നെ. അതിനാല്‍ നന്മ, തിന്മ, സത്യം, കള്ളം എന്നിവയൊക്കെ നിര്‍ണയിക്കാന്‍ അവര്‍ എന്ത് മാനദണ്ഡങ്ങള്‍ വെക്കുന്നുവോ അവയാണ് ഖണ്ഡിതമായിട്ടുള്ളത്.

ഇപ്രകാരം, 'വികസിത' യൂറോപ്യന്‍ സമൂഹങ്ങള്‍ എത്തിനില്‍ക്കുന്നത് എവിടെയാണോ അവിടെ വെച്ച് അറിവിന്റെ വഴികള്‍ അവസാനിക്കുന്നു. ഗ്രോസ് ഫ്യൂഗല്‍ പറയുന്നത്, അറിവിനെ കൈപ്പിടിയിലൊതുക്കാനും അങ്ങനെ അധികാര കേന്ദ്രങ്ങളെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാനും യൂറോപ്യന്‍ സമൂഹങ്ങള്‍ നാലു തവണ 'ജ്ഞാന വധങ്ങള്‍' (Epistemicide)  നടത്തിയിട്ടുണ്ടെന്നാണ്.12 ജ്ഞാനത്തിന്റെ ആദ്യ കൂട്ടക്കൊല നടക്കുന്നത് മുസ്‌ലിം സ്‌പെയിനിലാണ് (മുസ്‌ലിം സ്‌പെയിനില്‍ വികസിച്ചുവന്ന ജ്ഞാന രീതിശാസ്ത്രങ്ങളെ ശാസ്ത്രലോകത്ത് അസ്വീകാര്യമാക്കിമാറ്റി എന്നര്‍ഥം). ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും മറ്റു കോളനിവത്കരിക്കപ്പെട്ട നാടുകളിലും വികസിച്ചുവന്ന തദ്ദേശീയമായ അറിവുകളെയും ജ്ഞാനപാരമ്പര്യങ്ങളെയും കാലഹരണപ്പെട്ടതായി ചിത്രീകരിച്ചു എന്നതാണ് മറ്റു മൂന്ന് ജ്ഞാന വധങ്ങള്‍. എംപിരിക്കല്‍ സയന്‍സ്, പോസിറ്റിവിസം തുടങ്ങിയ സംജ്ഞകള്‍ അവതരിപ്പിച്ചുകൊണ്ട് യൂറോപ്യനല്ലാത്ത സകലതിനെയും അവര്‍ അസ്വീകാര്യമായി പ്രഖ്യാപിക്കുകയും ചെയ്തു. 

(തുടരും)

 

 

കുറിപ്പുകള്‍

1. Oxfam; Reward Work Not Wealth, Oxfam GB Oxford, January 2018

2. Are we heading towards a 'post human rights world?' (http://www.bbc.com/news/world-europe)

3. Walter Mignolo- The Darker side of Western Modernity: Global Futures Docolonial Options; Duke University Press Books, Durham (2011), p: 6-9

4. മനുഷ്യത്വവിരുദ്ധമായ അത്തരം 'പഠന'ങ്ങളെക്കുറിച്ച വിശദാംശങ്ങള്‍ക്ക് നോക്കുക:

Lewis Hanke: All mankind is One: A study of the Disputation Between Bartolome DeLas Casas and Juan Gines De Sepulveda, Northern Illinois University Press (1994).

5. Edward Said- Orientalism, Vintage Books New York (1979)

6. ലുഖ്മാന്‍ 13

7. അന്നാസിആത്ത് 21-25

8. അല്‍ബഖറ 258

9. ഫുസ്സ്വിലത്ത് 15

10. സ്വഹീഹ് മുസ്‌ലിം, കിതാബുല്‍ ബിര്‍റി വസ്സ്വിലത്തി വല്‍ ആദാബ്, ബാബു തഹ്‌രീമില്‍ കിബര്‍, അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്തത്.

11. Ramon Grosfoguel - Transmodernity, Border Thinking and Global Coloniality; in Critical Globalization Studies, Edited by William J. Robinson and Paul Applebaum; Routledge, London (2010) p: 156

12. Ramon Grosfoguel; As refered in Mammo Muchie et.al. Regenerating Africa, Bringing African Solutions to African Problems; Africa Institute of South Africa, Pretoria (2016), p: 156

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (45)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിന് പള്ളി അനിവാര്യമല്ലെന്നോ?
കെ.സി ജലീല്‍ പുളിക്കല്‍