Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

ഈജിപ്തില്‍ ഇരുകൂട്ടരും വെടിനിര്‍ത്തിയില്ലെങ്കില്‍ (വിശകലനം )

ഫഹ്മീ ഹുവൈദി

ജിപ്തിന്റെ വിപ്ളവ വര്‍ഷത്തെ(2011) വിലയിരുത്താന്‍ നിങ്ങളുടെ മുമ്പില്‍ രണ്ട് മാര്‍ഗങ്ങളുണ്ട്. ഒന്നുകില്‍, ഇന്നലെ(23.01.2012) ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെടുത്തി നിങ്ങള്‍ക്ക് സംഭവങ്ങളെ വിശകലനം ചെയ്യാം. ഏറ്റവും ചുരുങ്ങിയത് 60 വര്‍ഷത്തെ ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്വതന്ത്ര പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. അല്ലെങ്കില്‍, തഹ്രീര്‍ സ്ക്വയറില്‍ വീണ്ടും ഒത്ത് ചേര്‍ന്ന ക്ഷുഭിതരുടെ പ്രതിഷേധ സ്വരങ്ങളെ മുന്‍നിര്‍ത്തിയും നിങ്ങള്‍ക്കതിനെ വിലയിരുത്താം.
ഇതില്‍ ആദ്യത്തേത് വിപ്ളവത്തിന്റെ പകുതിനിറഞ്ഞ കോപ്പയുടെ താഴ്ഭാഗത്തെയും രണ്ടാമത്തേത് കോപ്പയുടെ മുകള്‍ ഭാഗത്തെ ശൂന്യപകുതിയെയും കുറിക്കുന്നു. ഒരു യഥാര്‍ഥ പാര്‍ലമെന്റ് നിലവില്‍ വന്നു എന്നത് ഒരു മഹാസംഭവം തന്നെയാണ്. 'യഥാര്‍ഥം' എന്ന വാക്കിന് ഞാന്‍ അടിവരയിടുന്നു. കാരണം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതല്‍ക്കേ ഈജിപ്തിലുണ്ടായിരുന്നത് കൃത്രിമങ്ങള്‍ മാത്രം നടക്കുന്ന തെരഞ്ഞെടുപ്പും സ്വന്തക്കാരെ തിരുകിക്കയറ്റിയ പാര്‍ലമെന്റും ആയിരുന്നു. ഗവണ്‍മെന്റിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും പിണിയാളുകളാണ് പാര്‍ലമെന്റില്‍ കയറിക്കൂടിയത്. അവര്‍ ഒരുനിലക്കും ജനങ്ങളെ പ്രതിനിധീകരിച്ചിരുന്നില്ല. ഗവണ്‍മെന്റിനെ നിരീക്ഷിക്കുകയല്ല, അതിന്റെ പിഴവുകള്‍ മറച്ചു പിടിക്കലായിരുന്നു ഇവരുടെ ഡ്യൂട്ടി. 2010ല്‍ തട്ടിക്കൂട്ടിയ പാര്‍ലമെന്റിന്റെ കാര്യം തന്നെ എടുക്കാം. അധികാരം മക്കള്‍ക്ക് കൈമാറാനായി മാത്രം മുബാറക് രൂപകല്‍പ്പന ചെയ്തതായിരുന്നു ആ പാര്‍ലമെന്റ്. 495 അംഗ പാര്‍ലമെന്റില്‍ 420 ഉം മുബാറകിന്റെ പാര്‍ട്ടിക്കാര്‍ തന്നെ. ബാക്കിയുള്ളവരൊക്കെ ഭരണകക്ഷിയെ അനുകൂലിക്കുന്ന ഈര്‍ക്കിള്‍ പാര്‍ട്ടികളുടെ ആളുകള്‍. അല്‍വഫ്ദ് പാര്‍ട്ടിയില്‍ നിന്ന് 6 പേരെയും തജമ്മുഅ് പാര്‍ട്ടിയില്‍നിന്ന് അഞ്ച് പേരെയും ജയിപ്പിച്ച് വിട്ടിരുന്നു. 2005ല്‍ 88 അംഗങ്ങള്‍ ഉണ്ടായിരുന്ന ഇഖ്വാനുല്‍ മുസ്ലിമൂന് വെറും ഒരു സീറ്റ് മാത്രം.
എത്രയളവില്‍ കൃത്രിമം നടക്കുന്നു എന്നതിന്റെ നേര്‍ ചിത്രമാണ് സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ നാം കണ്ടത്. 2010ല്‍ ഒരു സീറ്റ് മാത്രം നേടിയ ഇഖ്വാന്‍ ഉണ്ടാക്കിയ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി ഒറ്റക്ക് 218 സീറ്റുകള്‍ നേടി. അവര്‍ നേതൃത്വം നല്‍കിയ ജനാധിപത്യ സഖ്യം 45.8 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി. സലഫികള്‍ക്ക് 123 സീറ്റ് ലഭിച്ചു, വഫ്ദ് പാര്‍ട്ടിക്ക് 42ഉം. അല്‍ കുത്ലതുല്‍ മിസ്വ്രിയ്യ എന്ന രാഷ്ട്രീയ സഖ്യം 33 സീറ്റ് നേടി.
തെരഞ്ഞെടുപ്പ് ഫലത്തില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമായി തോന്നി. ഒന്ന്, ഇടതുപക്ഷ പാര്‍ട്ടിക്ക് മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. ഈ പാര്‍ട്ടി 35 വര്‍ഷമായി ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തിലുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം രൂപീകൃതമായ പല പാര്‍ട്ടികളും ഇവരേക്കാള്‍ കൂടുതല്‍ സീറ്റ് നേടുകയുണ്ടായി. തുനീഷ്യയിലെ ഇടതുപക്ഷ പാര്‍ട്ടിയും മൂന്ന് സീറ്റ് മാത്രമാണ് നേടിയതെന്ന കാര്യം ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. രണ്ട്, ഇസ്ലാമിസ്റുകള്‍(ഇഖ്വാനികളും സലഫികളും) പാര്‍ലമെന്റിലെ 72 ശതമാനം സീറ്റുകളും കൈയടക്കിയിരിക്കുന്നു. തൊട്ട് മുമ്പ് നടന്ന ഭരണഘടനാ പരിഷ്കരണത്തിനുള്ള റഫറണ്ടത്തില്‍ അനുകൂലമായി വോട്ട് ചെയ്തവര്‍ 77 ശതമാനം ആയിരുന്നു. ഇസ്ലാമികാഭിമുഖ്യമില്ലാത്ത ധാരാളമാളുകള്‍ ഭേദഗതികള്‍ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും ഇത് രണ്ടും തമ്മിലെ ശതമാന നിരക്കില്‍ കാണുന്ന നേരിയ അന്തരം കാണിക്കുന്നത്, ഇസ്ലാമികാഭിമുഖ്യത്തിനെതിരെ സെക്യുലര്‍ ലിബറല്‍ വിഭാഗങ്ങള്‍ അഴിച്ച് വിട്ട പ്രചാരണങ്ങള്‍ അവര്‍ക്ക് തന്നെ വിനയായി എന്നാണ്. ധാരാളം ലിബറല്‍ സെക്യുലര്‍ വോട്ടുകള്‍ വരെ ഇസ്ലാമിക പക്ഷത്തിന് അനുകൂലമായി വിധിയെഴുതി. ഇസ്ലാമിക പക്ഷത്തെ പ്രതിനിധീകരിക്കുന്നത് ആരാണെന്ന് പോലും അവര്‍ നോക്കിയില്ല. ഈ ജനവിധി ഈ നിലക്ക് തന്നെ ഉള്‍ക്കൊള്ളേണ്ടതുണ്ട്.
*** *** *** *** ***
സൈനിക സമിതിയില്‍നിന്ന് ജനകീയ സമിതിയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതേസമയം പകുതി ദൂരം മാത്രമേ പിന്നിട്ടിട്ടുള്ളൂ എന്നും ഓര്‍ക്കണം. ശൂറ തെരഞ്ഞെടുപ്പ്, പ്രസിഡന്റ് തെരഞ്ഞെടുപ്പ്, പുതിയ ഭരണഘടന രൂപകല്‍പ്പന ചെയ്യല്‍ എന്നീ മൂന്ന് പ്രധാന സംഗതികള്‍ കൂടി അവശേഷിക്കുന്നുണ്ട്.
പക്ഷേ, രാജ്യ ചരിത്രത്തിലെ തന്നെ ഈ അപൂര്‍വ രാഷ്ട്രീയ മാറ്റത്തെ സ്വാഗതം ചെയ്യുന്നതിന് പകരം ഇസ്ലാമിസ്റുകളെക്കുറിച്ച് ഭീതി ജനിപ്പിക്കാനാണ് മീഡിയ ശ്രമിക്കുന്നത്. ഇത് തന്നെയാണല്ലോ മുബാറക് ഭരണകൂടവും ചെയ്തിരുന്നത്. ചില ഇസ്ലാമിസ്റുകളുടെ ഒറ്റപ്പെട്ട അഭിപ്രായങ്ങളെ പര്‍വതീകരിച്ചാണ് അവരിതിന് കോപ്പ് കൂട്ടുന്നത്. അധികാരം ജനങ്ങളുടെ കരങ്ങളിലേക്ക് വരുന്നതൊന്നും മീഡിയക്ക് വിഷയമാവുകയോ അതവര്‍ ഉയര്‍ത്തിക്കാണിക്കുകയോ ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ് വിജയം ഇസ്ലാമിസ്റുകള്‍ക്ക് ലഭിച്ച സമ്മാനമല്ല എന്ന് ഈ മീഡിയാ പ്രഭൃതികള്‍ മനസ്സിലാക്കണം. തങ്ങളുടെ അര്‍ഹതയും അജണ്ടയുടെ സാധുതയും തെളിയിക്കാനുള്ള ഒരു കടുത്ത പരീക്ഷണമാണത്. ഇസ്ലാമിസ്റുകള്‍ അതില്‍ വിജയിക്കുമെങ്കില്‍ സമൂഹത്തിന് മൊത്തം അത് ഗുണകരമായിത്തീരും. ഇനി പരാജയപ്പെടുകയാണെങ്കിലോ അതിന്റെ വില ഇസ്ലാമിസ്റുകള്‍ മാത്രമാണ് ഒടുക്കേണ്ടി വരിക. അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ അതിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടും.
*** *** *** *** ***
തഹ്രീര്‍ സ്ക്വയറിലേക്ക് വീണ്ടും ക്രുദ്ധരായി ഓടിയെത്തുന്നവരുടെ നിലപാട് തെറ്റാണെന്നൊന്നും പറയാനാവുകയില്ല. അവരുടെ പ്രതിഷേധ രീതികളോട് നമുക്ക് യോജിപ്പില്ലെങ്കിലും. സൈനിക സമിതി കാണിക്കുന്ന അബദ്ധങ്ങളാണ് ആ പ്രതിഷേധത്തിന് നിമിത്തമാവുന്നത്. പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുകയാണ് സൈനിക നേതൃത്വം. വിപ്ളവാനന്തരമുള്ള സൈനിക നടപടിയില്‍ ഇതിനകം തന്നെ നൂറോളം പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടായിരം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 3500 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഈ പാരുഷ്യം മുന്‍ സ്വേഛാധിപത്യത്തെ അനുസ്മരിപ്പിക്കുന്നു. ഇതിന്റെ പേരില്‍ ഒരാളും ഇത് വരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. സൈനിക സമിതിയുടെ വിശ്വാസ്യത വലിയൊരളവോളം ഇത് ചോര്‍ത്തിക്കളഞ്ഞിട്ടുണ്ട്. ഇതിനെതിരെ യുവാക്കള്‍ പ്രതിഷേധിക്കുക സ്വാഭാവികം.
മുഖ്യ സൈന്യാധിപനും സൈനിക സമിതിയുടെ അധ്യക്ഷനുമായ മുഹമ്മദ് ഹുസൈന്‍ ത്വന്‍ത്വാവിക്ക് നേരെയാണ് വിപ്ളവകാരികളുടെ രോഷമുയരുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് അദ്ദേഹം സ്വീകരിക്കാറുള്ളത്. സൈന്യത്തിന് പിണഞ്ഞ അബദ്ധങ്ങള്‍ സമ്മതിക്കുകയോ മാപ്പ് ചോദിക്കുകയോ ചെയ്യുന്നില്ല. ഇതാണ് യുവാക്കളെ ചൊടിപ്പിക്കുന്നത്. അവര്‍ മാത്രമല്ല മീഡിയയും ആ നിലയില്‍ കാര്യങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. ജനുവരി 19-ന് ഇറങ്ങിയ വഫ്ദ് ദിനപത്രത്തിന്റെ ഒരു തലക്കെട്ട് ഇങ്ങനെയാണ്: ജനങ്ങള്‍ക്ക് വേണ്ടത് സര്‍വസൈന്യാധിപന്റെ തല- മുബാറകിനും ത്വന്‍ത്വാവിക്കും ഒരേ പരാജയം, ഒരേ പരിണതി!
ചിലര്‍ ഇപ്പോഴും രക്തക്കുളത്തിന്റെ വക്കത്ത് തന്നെ നില്‍ക്കുകയാണ്. രക്തസാക്ഷികള്‍ക്ക് വേണ്ടിയും പരിക്കേറ്റവര്‍ക്ക് വേണ്ടിയും പ്രതികാരം ചെയ്തേ അടങ്ങൂ എന്ന ഒറ്റ ചിന്തയാണവര്‍ക്ക്. ഒരു വര്‍ഷത്തിനിടയില്‍ വിപ്ളവം കൊണ്ടു ലഭിച്ച വലിയ നേട്ടങ്ങളെ ഈ രോഷാഗ്നിയില്‍ അവര്‍ക്ക് കാണാനാവുന്നില്ല. സൈന്യത്തില്‍നിന്ന് അധികാരം ജനങ്ങളുടെ കൈയില്‍ സുരക്ഷിതമായി എത്തിക്കുക എന്ന ലക്ഷ്യമാണ് പൂര്‍ത്തിയാക്കാനുള്ളത്. അതിനെ തടസ്സപ്പെടുത്തുന്ന ഏത് ആക്ടിവിസത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്. അതേസമയം രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയും അതിക്രമങ്ങള്‍ കാണിച്ച ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്നും മാത്രമേ ബന്ധപ്പെട്ടവരുടെ രോഷാഗ്നി ശമിപ്പിക്കാനാവൂ. ഇങ്ങനെയൊരു വെടിനിര്‍ത്തലിലൂടെയാണ് രക്തക്കുളം മറികടന്ന് വീണ്ടും 'ഒറ്റക്കൈ' ആകാന്‍ ഈജിപ്ഷ്യന്‍ ജനതക്ക് സാധിക്കൂ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന് ഇരു വിഭാഗത്തെയും ഈയൊരു ധാരണയിലേക്ക് കൊണ്ട് വരാന്‍ കഴിയുമോ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം