Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 05

3070

1440 മുഹര്‍റം 24

പന്തളം ദുരിതാശ്വാസ ക്യാമ്പില്‍ എന്താണ് സംഭവിച്ചത്?

പി.എച്ച് മുഹമ്മദ്

നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ഒഴിവാക്കാനാവാത്ത അതിലെ ഒരധ്യായമായിരിക്കും പത്തനംതിട്ട ജില്ലയില്‍ പന്തളത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ ക്യാമ്പ്. ഭരണകൂട മിഷനറിയും അതിനെ നയിക്കുന്ന പാര്‍ട്ടി സംവിധാനങ്ങളും സ്വീകരിച്ച ജനവിരുദ്ധ നിലപാട് മൂലം സംഭവിച്ച മറ്റൊരു ദുരന്തമായിരുന്നു പന്തളം ദുരിതാശ്വാസ ക്യാമ്പിലേത്. ഒരു സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മാത്രമല്ല ഇത്. ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കുന്ന ഉത്തമമായ ജീവിതസംസ്‌കാരത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. അവരുടെ ത്യാഗം, സമര്‍പ്പണം, പരക്ഷേമ തല്‍പരത, സേവനമനസ്‌കത തുടങ്ങി ഇനിയും വറ്റാത്ത മൂല്യങ്ങള്‍ക്ക് മുന്നില്‍ അധികാര ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയുടെ കഥ കൂടിയാണിത്. പന്തളം ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം കൊടുത്ത ജമാഅത്തെ ഇസ്‌ലാമി കൊല്ലം ജില്ലാ പ്രസിഡന്റ് പി.എച്ച് മുഹമ്മദ് സംസാരിക്കുന്നു.

 

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ദുരിതാശ്വാസ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന അസി. അമീര്‍ പി. മുജീബുര്‍റഹ്മാന്‍ സാഹിബിന്റെ നിര്‍ദേശമനുസരിച്ച് ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടി ആഗസ്റ്റ്  16-ന് അഞ്ചല്‍ ഇസ്‌ലാമിക് സെന്ററില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വിളിച്ചു. വിഭവ സമാഹരണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കൊല്ലം, അഞ്ചല്‍, കരുനാഗപ്പള്ളി തുടങ്ങി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഓഫീസ് തുറക്കാനും തീരുമാനിച്ചു. താരതമ്യേന പ്രളയദുരിതം കുറഞ്ഞയളവില്‍ ബാധിച്ച ജില്ലയായിരുന്നു കൊല്ലം. കുളത്തൂപ്പുഴയിലും അച്ചന്‍കോവിലിലും ആയിരുന്നു കുറച്ചേറെ പ്രയാസം നേരിട്ടത്. അവിടേക്ക് പ്രാഥമിക സഹായങ്ങള്‍ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം രാത്രി പത്തു മണിയോടെ യോഗം അവസാനിച്ചു. ആവശ്യമെങ്കില്‍ അടിയന്തര ഘട്ടത്തില്‍ കൊല്ലം ഇസ്‌ലാമിയാ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലും ദുരിതാശ്വാസ ക്യാമ്പ് തുറക്കാന്‍ സമ്മതമാണെന്ന് ജില്ലാ കലക്ടര്‍ എസ.് കാര്‍ത്തികേയന്‍ രേഖാമൂലം അറിയിക്കുകയും ചെയ്തു.

യോഗശേഷം സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം അനീഷ് യൂസുഫും ജമാഅത്തെ ഇസ്‌ലാമി കൊല്ലം ജില്ലാ സെക്രട്ടറി അന്‍വര്‍ ഇസ്‌ലാമും കൊല്ലത്തേക്ക് യാത്ര തിരിച്ചു. കലക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും കാണുന്നതിനായിരുന്നു അവര്‍ പുറപ്പെട്ടത്. അപ്പോഴേക്കും അഞ്ചല്‍, ആയൂര്‍ റോഡ് വെള്ളപ്പൊക്കം മൂലം യാത്ര സാധ്യമല്ലാത്ത അവസ്ഥയിലെത്തിയിരുന്നു. മറ്റൊരു വഴിയിലൂടെ കുറച്ചധികം ദൂരം സഞ്ചരിച്ചാണ് അവര്‍ കൊല്ലത്ത് കലക്ടറുടെ വസതിയിലെത്തിയത്. അവിടെ അപേക്ഷ നല്‍കുകയും പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴാണ് അനീഷ് യൂസുഫിന്റെ പന്തളത്തെ ഭാര്യയുടെ വീട്ടില്‍ വെള്ളം കയറുന്ന വാര്‍ത്തയറിയുന്നത്. എകദേശം പന്ത്രണ്ട് മണിയോടെ വീടിനടുത്തുള്ള മുഴുവന്‍ പ്രദേശങ്ങളും പ്രളയം മൂലം ഒറ്റപ്പെട്ടു തുടങ്ങി. പ്രസവിച്ചു കിടക്കുന്ന ഭാര്യ, രണ്ടാഴ്ച മാത്രം പ്രായമായ കൈക്കുഞ്ഞ്, പ്രായമായ മാതാപിതാക്കള്‍, ഇരമ്പിയലയ്ക്കുന്ന ജലപ്രവാഹത്തിനു മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന കുടുംബത്തെ രക്ഷപ്പെടുത്താനുള്ള മാര്‍ഗമാരായുകയായിരുന്നു അനീഷ് യൂസുഫ്. പോലീസ് ഉദ്യോഗസ്ഥര്‍, മീഡിയാ പ്രവര്‍ത്തകര്‍ പലരുമായി ബന്ധപ്പെട്ടു. പക്ഷേ പന്തളത്ത് എത്തിച്ചേരാന്‍ ഒരു മാര്‍ഗവുമില്ലെന്നും നേരം പുലര്‍ന്നിട്ട് വേണ്ടത് ചെയ്യാമെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്.

പിറ്റേന്ന് സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞ് അനീഷ് യൂസുഫും അന്‍വര്‍ ഇസ്‌ലാമും പന്തളത്തേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ ഏഴു മണിക്ക് അവര്‍ പന്തളത്ത് എത്തി. പക്ഷേ വണ്ടി പാര്‍ക്ക് ചെയ്ത്  പന്തളം ടൗണിലേക്ക് നടന്നെത്തിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. റോഡ് ഭീകര തിരമാലകളടിക്കുന്ന സമുദ്രം പോലെ ഗര്‍ജിക്കുന്നു. പോലീസുദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുകയാണ്.

കുടുംബവുമായി ബന്ധപ്പെടുമ്പോള്‍ നിമിഷം പ്രതി വെള്ളം ഉയരുകയാണെന്നും വീടിന്റെ രണ്ടാം നിലയിലാണ് തങ്ങളുള്ളതെന്നും കടക്കാട് പ്രദേശമാകെ ദുരന്ത മുഖത്തേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നുവെന്നുമുള്ള വിവരമാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കടക്കാട് ഭാഗത്തേക്ക് ബോട്ടില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കില്ല. ബോട്ടെത്തിയാലും വലിയ ജലപ്രവാഹം മുറിച്ചു കടന്ന് ബോട്ടില്‍ കയറാനും കഴിയില്ല. എല്ലാവരും നിസ്സഹായരായി നോക്കിനില്‍ക്കെ മാലാഖമാരെപ്പോലെ മത്സ്യത്തൊഴിലാളി സംഘം രക്ഷാപ്രവര്‍ത്തനത്തിനായി ഇരുപതിലധികം ബോട്ടുകളുമായി എത്തി. ഈ സമയത്ത് പ്രദേശത്തെ ചെറുപ്പക്കാര്‍ ടിപ്പര്‍ ലോറിയുമായി എത്തി, രക്ഷാപ്രവര്‍ത്തകരെ ബോട്ടിലേക്കെത്തിച്ചു. മെഡിക്കല്‍ സംഘത്തോടൊപ്പം ടിപ്പറില്‍ കയറി, അനീഷ് യൂസഫ് മറുകരയിലെത്തി. ബോട്ടില്‍ രക്ഷപ്പെട്ടെത്തുന്നവരെ ടിപ്പറില്‍ കയറ്റി സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഈ സമയത്ത് വരുന്ന ബോട്ടുകളിലൊന്നിലും തന്റെ കുടുംബം ഇല്ലെന്നുള്ളത് അനീഷിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു. രണ്ടു ദിവസമായി വൈദ്യുതിബന്ധം നിലച്ചിരുന്നതിനാല്‍ മൊബൈലില്‍ ബന്ധപ്പെടാനുള്ള വഴിയും നിലയ്ക്കുമെന്ന അവസ്ഥയായി. ഭാര്യയുടെ വല്യുമ്മയുടെ മൊബൈലില്‍ ചാര്‍ജ് അല്‍പ്പം ഉണ്ടായിരുന്നു. അതു വഴി വരുന്ന ബോട്ടിനെ അലമുറയിട്ട് അടുപ്പിച്ച് കുഞ്ഞിനെയുമായി രക്ഷപ്പെടാന്‍ അനീഷ് നിര്‍ദേശിച്ചു. പക്ഷേ പ്രസവിച്ച് രണ്ടാഴ്ച മാത്രം കഴിഞ്ഞ ഭാര്യ സിത്താരക്ക് കുഞ്ഞിനെയുമായി ബോട്ടില്‍ കയറാന്‍ കഴിഞ്ഞില്ല. ഉമ്മയുടെ കൈയില്‍ കുഞ്ഞിനെ നല്‍കിയ സിത്താര അവരെ ആ ബോട്ടില്‍ കയറ്റി യാത്രയാക്കി. പിന്നീടാണ് നടുക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇത് വിവരിക്കുമ്പോള്‍ അനീഷ് യൂസുഫിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. ബോട്ട് മുന്നോട്ട് നീങ്ങിയപ്പോള്‍ വലിയ ഒഴുക്കില്‍പെട്ട് ഉലഞ്ഞു. ഭാര്യാ മാതാവ് ബോട്ടിനകത്ത് കമഴ്ന്നടിച്ചു വീണു. കുഞ്ഞ് തെറിച്ച് വെള്ളത്തിലേക്കും. കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി. ഇതിനിടയില്‍ ഭാര്യയും മറ്റൊരു ബോട്ടില്‍ മറുകരയിലെത്തി. കോരിച്ചൊരിയുന്ന  മഴ നനഞ്ഞ് വിറയ്ക്കുന്ന ചോരക്കുഞ്ഞിനെ മാറോടു ചേര്‍ത്ത് അവളും ഉമ്മയും കരയുന്നുണ്ടായിരുന്നു. ഏകദേശം ഒരു മണിയോടെ അവരെ തന്റെ വീട്ടില്‍  എത്തിച്ചു.

യാത്രയിലുടനീളം അനീഷ് യൂസുഫ് അന്‍വര്‍ ഇസ്‌ലാമിനോട് പറഞ്ഞത് ഇതു മാത്രമായിരുന്നു: 'നമ്മുടെ കുടുംബത്തെ മാത്രം രക്ഷിച്ചതുകൊണ്ടായില്ല. ഒരു നാടു മുഴുവന്‍ മരണമുഖത്താണ്. അവര്‍ക്ക് നമ്മളാല്‍ കഴിയുന്ന സേവനം ചെയ്തു കൊടുക്കണം. ഇനിയും വൈകിക്കൂടാ.. നമ്മുടെ കുടുംബത്തെ രക്ഷിച്ചതു കൊണ്ടുമാത്രം നമുക്കെങ്ങനെ ഇസ്‌ലാമിക പ്രവര്‍ത്തകരാവാന്‍ കഴിയും?' കാറിലിരുന്ന് ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ അവര്‍ എന്നെ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. ഞാന്‍ അവരെ ആശ്വസിപ്പിച്ചു. നമ്മുടെ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തി വേണ്ടതെല്ലാം ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു.

ജില്ലയിലെ പ്രവര്‍ത്തകരോടും പോഷക സംഘടനകളുടെയും ഐ.ആര്‍.ഡബ്ലിയുവിന്റെയും പ്രവര്‍ത്തകരോടും ഉടന്‍ പന്തളത്ത് എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കി. പതിനേഴാം തീയതി വൈകീട്ട് നാലു മണിയോടെ മുപ്പതോളം പ്രവര്‍ത്തകര്‍ പന്തളത്ത് എത്തിച്ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനം അപ്പോഴും നടക്കുന്നുണ്ടായിരുന്നു. നേരത്തേ ക്യാമ്പ് തുറന്ന കടക്കാട് എല്‍.പി. സ്‌കൂളിലും ജുമാ മസ്ജിദിലും വെള്ളം കയറി. എല്‍.പി. സ്‌കൂളിലെ ക്യാമ്പ് മാറ്റേണ്ടി വന്നു.

ആര്‍.ഡി.ഒ, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവരെ ഞങ്ങള്‍ സന്ദര്‍ശിച്ചു. പന്തളം എന്‍.എസ്.എസ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഞങ്ങള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് രേഖാമൂലം അറിയിച്ചു. ഇതുമാത്രമല്ല, തൊട്ടടുത്ത ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്യാമ്പും ഞങ്ങള്‍ ഏറ്റെടുത്താല്‍ നന്നായിരിക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആഗ്രഹം പ്രകടിപ്പിച്ചു. പരിമിതമായ ആള്‍ശേഷിയേ ഉള്ളൂവെങ്കിലും, ക്യാമ്പ് നടത്താമെന്ന് ഞങ്ങള്‍ സമ്മതിച്ചു. അനുമതിപത്രം നല്‍കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, സമ്മതപത്രം നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു തഹസില്‍ദാര്‍. വില്ലേജ് ഓഫീസറും ഡെപ്യൂട്ടി തഹസില്‍ദാറും കൗണ്‍സിലര്‍ നൗഷാദ് റാവുത്തറും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ നിലപാടു മാറ്റി. ക്യാമ്പ് നടത്തുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ഞങ്ങളെ അവരുമായി ബന്ധപ്പെടുത്തുകയും ചെയ്തു. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പന്തളം ക്യാമ്പ് വൈകീട്ട് ആറു മണിക്ക് ഐ.ആര്‍.ഡബ്ലിയു ഏറ്റെടുത്ത് പ്രവര്‍ത്തനമാരംഭിച്ചു. ക്യാമ്പ് ഡയറക്ടറായി അനീഷ് യൂസുഫിനെയും കോര്‍ഡിനേറ്ററായി അന്‍വര്‍ ഇസ്‌ലാമിനെയും ജനറല്‍ കണ്‍വീനറായി എന്നെയും ചുമതലപ്പെടുത്തി.

203 കുടുംബങ്ങളില്‍നിന്നായി 980 അംഗങ്ങളുള്ള ക്യാമ്പായിരുന്നു അത്. തുടക്കത്തില്‍ വളരെ കുറച്ച് അംഗങ്ങളായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്. നാം ക്യാമ്പ് ഏറ്റെടുത്തിരിക്കുന്നുവെന്നും നടത്തിപ്പ് നല്ല നിലയിലാണെന്നും പ്രചാരണം വന്നതോടെ കൂടുതല്‍ പേര്‍ ക്യാമ്പിലേക്ക് എത്തിച്ചേരാന്‍ തുടങ്ങി. അന്തേവാസികളെ പരിചരിക്കാനും അവരെ ആശ്വസിപ്പിക്കാനും മികച്ച നിലയില്‍ സേവനം ചെയ്യുന്ന വളന്റിയര്‍മാര്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്നുകൊണ്ടിരുന്ന വിഭവങ്ങള്‍ എന്നിവ ക്യാമ്പിലേക്ക് ആളുകളെ ആകര്‍ഷിച്ചു. വിഭവങ്ങളുമായി എത്തിയവരില്‍ സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, വ്യക്തികള്‍, വ്യത്യസ്ത കൂട്ടായ്മകള്‍ എല്ലാമുണ്ടായിരുന്നു. വിഭവങ്ങള്‍ ലിസ്റ്റ് ചെയ്യാനും ക്യാമ്പംഗങ്ങള്‍ക്കും പരിസരത്തെ ക്യാമ്പുകളിലേക്കും ക്യാമ്പുകളില്‍ എത്താനാവാതെ ഒറ്റപ്പെട്ട വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും അവ ശാസ്ത്രീയമായി വിതരണം ചെയ്യാനും നമുക്ക് സാധിച്ചു. ഭക്ഷ്യപദാര്‍ഥങ്ങള്‍ തീരുമ്പോള്‍ അറിയിക്കുന്ന മുറയ്ക്ക് അത് എത്തിച്ചുതന്ന ഒരുപാട് പേരുണ്ടായിരുന്നു.

ആഗസ്റ്റ് 17 വൈകീട്ട് ആറു മണിക്ക് തുറന്ന ക്യാമ്പ് 20-ാം തീയതി ഉച്ച വരെയും വളരെ മികച്ച നിലയില്‍ മുന്നോട്ടുപോയി. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും ക്യാമ്പ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതോടുകൂടി പ്രദേശത്തെ സി.പി.എം നേതാക്കള്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍ ക്യാമ്പിലെ അന്തേവാസികള്‍ സി.പി.എമ്മിന്റെ ശ്രമങ്ങളെ ചെറുത്തു. കാരണം, സി.പി.എമ്മിന്റേത് നെറികെട്ട രാഷ്ട്രീയ കളിയായിരുന്നു എന്നതു തന്നെ. ക്യാമ്പ് തുറന്ന അന്നു മുതല്‍ അവര്‍ക്ക് മുറുമുറുപ്പുണ്ടായിരുന്നു. പക്ഷേ പ്രളയ ദുരിതം മൂലം കഷ്ടപ്പെടുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പരസ്യമായി രംഗത്തു വരാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. മാത്രവുമല്ല, ക്യാമ്പിലെ നമ്മുടെ വളന്റിയര്‍മാരുടെ സേവന പ്രവര്‍ത്തനങ്ങള്‍ അന്തേവാസികളെ മാത്രമല്ല നാട്ടുകാരെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

19-ാം തീയതി വൈകീട്ട് ക്യാമ്പിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞുകവിഞ്ഞു. സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും രോഗികള്‍ക്കും പ്രാഥമികാവശ്യം നിര്‍വഹിക്കാനാവാത്ത നിലയിലായി. ഈ സന്ദര്‍ഭത്തില്‍ ഞാനും സഹപ്രവര്‍ത്തകരായ അനീഷ്, അഷ്‌കര്‍, അമീന്‍, ബാസിത്, ഖലീലുല്ല കരിക്കോട് തുടങ്ങിയവരും ചേര്‍ന്ന് ജെ.സി.ബി കൊണ്ടുവന്ന് ടാങ്കില്‍നിന്ന് സ്ലാബ് നീക്കി സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുകയും ടോയ്‌ലറ്റ് സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതെല്ലാം നാട്ടുകാര്‍ കാണുന്നുണ്ട്. സി.പി.എം പ്രചാരണം വിലപ്പോകില്ല എന്ന് അവര്‍ക്കു തന്നെയും മനസ്സിലായി.

എന്നാല്‍ രാഷ്ട്രീയാന്ധതയും അധികാരഹുങ്കും തലക്കു പിടിച്ച സംഘത്തിന് ദുരിതമോ പ്രയാസമോ ആയിരുന്നില്ല പ്രശ്‌നം; ഇതിന്റെ രാഷ്ട്രീയ ലാഭനഷ്ടങ്ങള്‍ മാത്രമായിരുന്നു. അതിനാല്‍ ക്യാമ്പ് കലക്കണം എന്നുതന്നെ തീരുമാനിച്ച നിലക്കായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. ആഗസ്റ്റ് 20-ന് അതിനുവേണ്ടി പാര്‍ട്ടി ഗുണ്ടകള്‍ സംഘടിച്ചെത്തി സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.

പോലീസ് സി.പി.എമ്മിന് ഒത്താശ ചെയ്തുകൊടുത്തു. ക്യാമ്പംഗങ്ങളും പാര്‍ട്ടി ഗുണ്ടകളും തമ്മില്‍ വാക്കേറ്റമായി.  പോലീസ് ലാത്തിവീശി. ഈ പ്രളയകാലത്ത് എന്നല്ല, രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ അന്തേവാസികളായ ദുരിതബാധിതര്‍ക്ക് നേരെയുണ്ടായ പ്രഥമ പൊലീസ് അതിക്രമമായിരിക്കും പന്തളത്ത് നടന്നത്. പക്ഷേ, ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു. പ്രളയം തങ്ങളെ മരണക്കയത്തിലേക്ക് വലിച്ചുകൊണ്ടുപോയപ്പോള്‍ ഈ പാര്‍ട്ടിക്കാര്‍ എവിടെയായിരുന്നുവെന്ന് സ്ത്രീകളടക്കം ചോദിക്കുന്നുണ്ടായിരുന്നു.

സംഘര്‍ഷം മൂര്‍ഛിച്ചപ്പോള്‍ ക്യാമ്പ് ഒഴിയണമെന്ന് സ്ഥലം തഹസില്‍ദാര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഒഴിയാമെന്ന നിലപാട് ഞങ്ങളും സ്വീകരിച്ചു. തഹസില്‍ദാര്‍ ഓണ്‍ ദ സ്‌പോട്ടില്‍ ഉത്തരവ് രേഖയാക്കി ഒപ്പിട്ടു തന്നു. ഞങ്ങള്‍ ക്യാമ്പൊഴിയുകയാണെന്നും ഇനി തുടരാന്‍ നിയമപരമായി കഴിയില്ലെന്നും അന്തേവാസികളെ തഹസില്‍ദാറുടെ ഉത്തരവ് വായിച്ചു ഞങ്ങള്‍ ബോധ്യപ്പെടുത്തി.

പിന്നെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. ജമാഅത്ത് പ്രവര്‍ത്തകര്‍ ക്യാമ്പൊഴിഞ്ഞാല്‍ ഞങ്ങളും ക്യാമ്പില്‍നിന്ന് പോകും, നിങ്ങളെ ഇവിടെനിന്ന് ആട്ടിയോടിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നു പറഞ്ഞ് യുവാക്കളും സ്ത്രീകളും ഞങ്ങളുടെ വാഹനത്തിന് കടന്നുപോകാന്‍ കഴിയാത്തവിധം വഴിയില്‍ കിടന്ന് പ്രതിഷേധിച്ചു. ഈ സമയത്ത് അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ ക്യാമ്പിലെത്തി. ജനങ്ങളും എം.എല്‍.എയും തമ്മിലായി തര്‍ക്കം. ഇന്ന് ഇവരെ പോകാന്‍ അനുവദിക്കുക, ക്യാമ്പിന്റെ ചുമതല നാളെ ഇവരെ തന്നെ ഏല്‍പിക്കും, ഇതിനായി ഞാന്‍ കലക്ടറോട് സംസാരിക്കാം എന്ന് എം.എല്‍.എ പറഞ്ഞു. ജനങ്ങള്‍ തല്‍ക്കാലം ശാന്തരായി. ഞങ്ങളെ മനസ്സില്ലാ മനസ്സോടെ പോകാന്‍ അനുവദിച്ചു.

ഞങ്ങള്‍ പ്രതീക്ഷിച്ചതും ജനങ്ങള്‍ ആശങ്കിച്ചതുമാണ് പിന്നീട് നടന്നത്. ക്യാമ്പ് സി.പി.എം പിടിച്ചെടുത്തു. എന്നാല്‍, ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒരു വാക്കു കൊടുത്തിരുന്നു. നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് ക്യാമ്പിന്റെ ആവശ്യമില്ല. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടാകും. പിറ്റേന്ന് ഞങ്ങള്‍ പ്രദേശം സന്ദര്‍ശിച്ചു. പെരുന്നാള്‍ കഴിഞ്ഞ് അടുത്ത ദിവസം തന്നെ പന്തളം ഇസ്‌ലാമിക് സെന്ററില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഓഫീസ് തുറന്നു. തുടര്‍ന്നു നടന്ന സര്‍വേയുടെ അടിസ്ഥാനത്തില്‍ കിണര്‍ വൃത്തിയാക്കല്‍, വീടു ശുചീകരണം, കുടിവെള്ളം, ഭക്ഷണം തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണം എന്നിവ നടന്നു. പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ സഹായത്തോടെ സൗജന്യ പീപ്പ്ള്‍സ് മാര്‍ക്കറ്റ്, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചു. സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക സമാപന പരിപാടി നടന്നു. ഇതിന്റെ സംഘാടനം പ്രദേശവാസികളാണ് നടത്തിയത്. മഹല്ല് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഇതിനു നേതൃത്വം നല്‍കി. വികാര നിര്‍ഭരമായ യാത്രയയപ്പാണ് ജനങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയത്. ജനങ്ങളോടൊപ്പം നിന്ന് അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന വലിയ പാഠമാണ് ക്യാമ്പ് ഞങ്ങള്‍ക്കു നല്‍കിയത്. അന്യന്റെ വേദനയെ സ്വന്തം വേദനയായി കാണാനുള്ള ഇസ്‌ലാമിക പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പേരാണ് പന്തളത്തെ ദുരിതാശ്വാസ ക്യാമ്പ്. രാഷ്ട്രീയാന്ധതയും അധികാരഹുങ്കും ഒരു സംഘത്തെ എത്രമാത്രം ജനവിരുദ്ധരാക്കും എന്നതിന്റെ കൂടി ചിത്രമാണ് പന്തളം ക്യാമ്പ്. 

തയാറാക്കിയത്: എസ്.എം സൈനുദ്ദീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (41 - 44)
എ.വൈ.ആര്‍

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി.സലീം കരിങ്ങനാട്