Prabodhanm Weekly

Pages

Search

2018 ഒക്‌ടോബര്‍ 05

3070

1440 മുഹര്‍റം 24

ഈ വ്യാപാര യുദ്ധം തുര്‍ക്കി മറികടക്കും

വി.വി ശരീഫ് സിംഗപ്പൂര്‍

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസാവസാനം  തുര്‍ക്കി നാണയമായ ലീറ അമേരിക്കന്‍ ഡോളറുമായുള്ള  വിനിമയനിരക്കില്‍ ഒരു ഡോളറിന് 7.24 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു.  ഇതാകട്ടെ 2018 ജനുവരിയില്‍ തുടങ്ങിയ ലീറയുടെ ക്രമാതീതമായ വിലക്കുറവിന്റെ ഏറ്റവും മോശം അവസ്ഥയായിരുന്നു. അമേരിക്കന്‍ ഡോളറിനെതിരെ ലീറയുടെ മൂല്യം നാല്‍പതു ശതമാനത്തോളം ഇടിഞ്ഞു. ഈ കാലയളവില്‍ തുര്‍ക്കിക്കു പുറമെ, പുതിയ സാമ്പത്തിക ശക്തികളായി ഉയര്‍ന്നുവരുന്ന രാജ്യങ്ങളുടെ നാണയങ്ങളും അസാധാരണമാംവിധം വീഴുകയാണ്. ഇതില്‍ അര്‍ജന്റീനയുടെ പെസോ 50 ശതമാനത്തോളമാണ് ഡോളറിനെതിരെ വിലയിടിവ് രേഖപ്പെടുത്തിയത്. റഷ്യ, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, ഇന്ത്യ പോലുള്ള തുര്‍ക്കിയേക്കാള്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ നാണയങ്ങളും 4 മുതല്‍ 12 ശതമാനത്തോളം വിലയിടിവ് രേഖപ്പെടുത്തി. ഇന്ത്യന്‍   രൂപയുടെ വിലയിടിവ് 12 ശതമാനമാണ്.

അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള രാഷ്ട്രീയ വടംവലികളാണ് ലീറക്ക് തിരിച്ചടിയായത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന  മറ്റു രാജ്യങ്ങള്‍ക്കു ഏര്‍പ്പെടുത്തിയ അധിക നികുതി തുര്‍ക്കിയുടെ മേലും അമേരിക്ക ചുമത്തുകയായിരുന്നു. ഈ വടംവലികള്‍ നടക്കുന്ന മാസങ്ങളില്‍ ലീറ ഇരുപതു ശതമാനത്തോളം വിലയിടിവ് രേഖപ്പെടുത്തി.

ഈ ഘട്ടമായപ്പോഴേക്കും തുര്‍ക്കിയുടെ സാമ്പത്തിക മേഖലയെക്കുറിച്ച് ലോക മാധ്യമങ്ങള്‍ ചര്‍ച്ച  തുടങ്ങിയിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ തുര്‍ക്കിയുടെ സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത ആക്രമണമാണിതെന്നും, അന്താരാഷ്ട്ര നാണയ മാര്‍ക്കറ്റിലെ ഭീമന്മാരുടെ ഊഹാധിഷ്ഠിത ഇടപെടലുകളാണ് തുര്‍ക്കി കറന്‍സിയെ  കൂപ്പുകുത്തിച്ചതെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ആരോപിക്കുകയുണ്ടായി. ഇങ്ങനെയൊന്നും തുര്‍ക്കിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും, തുര്‍ക്കി ശക്തമായി ഇതിനെ നേരിട്ട് തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ രാജ്യത്തിനകത്തും  പുറത്തുമുള്ള  നിക്ഷേപകരെയും പൊതുജനത്തെയും ആശ്വസിപ്പിക്കാനും അവരുടെ വിശ്വാസം നേടിയെടുക്കാനും ഏതൊരു ഭരണാധികാരിയും ഇത്തരം പ്രസ്താവനകള്‍ നടത്തുമെങ്കിലും, ഉര്‍ദുഗാന്റെ ഭരണചരിത്രം അറിയുന്ന ആര്‍ക്കും എളുപ്പം ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്; വെറുതെ വാചകമടിക്കുന്ന ഭരണാധികാരിയല്ല അദ്ദേഹം. അടിമുടി തകര്‍ന്ന ഒരു തുര്‍ക്കിയെയായിരുന്നല്ലോ 2002-ല്‍ ഭരണസാരഥ്യം ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചത്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി തുര്‍ക്കി മറികടക്കുക തന്നെ ചെയ്യും എന്നാണ്  ലോകപ്രശസ്ത കനേഡിയന്‍ പത്രമായ ഗ്ലോബിയന്‍ മെയിലിന്റെ യൂറോപ്യന്‍ ബ്യൂറോ ചീഫ് എറിക് ലോഗു വിലയിരുത്തുന്നത്. തുര്‍ക്കി നാണയ പ്രതിസന്ധിക്ക് അമിതമായ കവറേജാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും, ഇതൊരു വലിയ പ്രതിസന്ധിയിലേക്ക് നീങ്ങാതെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

2002-ല്‍ അക് പാര്‍ട്ടി ഭരണം ഏറ്റെടുത്തപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു തുര്‍ക്കി. ആ പ്രതിസന്ധി തരണം ചെയ്യുന്നതിന് ഐ.എം.എഫിനെ ആശ്രയിക്കേണ്ടിവന്നെങ്കിലും തുടര്‍ന്നങ്ങോട്ട് രാഷ്ട്രീയ സ്ഥിരത ഉറപ്പുവരുത്തി താരതമ്യേന സംശുദ്ധ ഭരണം നിലനിര്‍ത്തിയതു കാരണം നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറി തുര്‍ക്കി. ഇത് തുര്‍ക്കിയുടെ സാമ്പത്തിക രംഗത്തിന് പുതുജീവന്‍ നല്‍കുകയും വലിയ വളര്‍ച്ചക്ക് കളമൊരുക്കുകയും ചെയ്തു.

ഉര്‍ദുഗാന്‍ ഭരണത്തില്‍ തുര്‍ക്കി വലിയ സാമ്പത്തിക കുതിപ്പ് നടത്തുകയുണ്ടായി. അഴിമതിയില്‍നിന്നും കെടുകാര്യസ്ഥതയില്‍നിന്നും പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. യൂറോപ്പിലെ ശ്രദ്ധേയമായ സ്ഥാപനങ്ങളാക്കി അവയെ ഉയര്‍ത്തി. ഇന്നിപ്പോള്‍ ലോകത്തിലെ  അഞ്ചാമത്തേതും യൂറോപ്പിലെ ഒന്നാമത്തേതുമായ വിമാനക്കമ്പനി തുര്‍ക്കിയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടര്‍ക്കിഷ് എയര്‍ ആണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണ, ഓട്ടോമൊബൈല്‍ (ട്രക്കുകള്‍) ബ്രാന്റുകളില്‍ തുര്‍ക്കിയില്‍നിന്നുള്ള ബ്രാന്റുകള്‍ മുന്നില്‍ തന്നെയാണ്. തുര്‍ക്കിയുടെ VESTEL ബ്രാന്റാണ് യൂറോപ്പിലെ ഏറ്റവും വലിയ ടെലിവിഷന്‍ നിര്‍മാതാക്കള്‍. മറ്റൊരു ബ്രാന്റായ BEKO  യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ഗൃഹോപകരണ ബ്രാന്റ് ആണ്. തുര്‍ക്കിയിലെ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ TEMSA, BMC, OTOKAR  എന്നിവ വാനുകളും  ബസുകളും ട്രക്കുകളും നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളുടെ ഗണത്തില്‍ പെടുന്നു. ഈ ഓട്ടോമൊബൈല്‍ അതികായന്മാര്‍ യൂറോപ്പില്‍ അഞ്ചാം സ്ഥാനവും  ലോകത്ത് പന്ത്രണ്ടാം സ്ഥാനവും നിലനിര്‍ത്തുന്നു. പ്രതിരോധ വ്യവസായവും അതിവേഗം വികസിച്ചുവരുന്ന ഒരു മേഖലയാണ്. ഈ വ്യവസായത്തിന് ആവശ്യമായ നല്ലൊരു ശതമാനം ഉപകരണങ്ങളും സ്‌പെയര്‍ പാര്‍ട്‌സും തുര്‍ക്കിയില്‍ ആഭ്യന്തരമായി നിര്‍മിക്കുന്നവയാണ്. അവ  കയറ്റുമതിയും ചെയ്യുന്നു. ടൂറിസം വ്യവസായവും വലിയ തോതില്‍ വികസിച്ച രാജ്യമാണ് തുര്‍ക്കി. സന്ദര്‍ശകരുടെ  കണക്കെടുത്താല്‍ വിദേശ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ലോകത്തെ ആറാമത്തെ രാജ്യമാണത്. രാജ്യത്ത് വന്‍കിട വികസന പദ്ധതികള്‍ പലതും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഹൈസ്പീഡ് ട്രെയിനുകള്‍, പുതിയ അന്താരാഷ്ട്ര വിമാനത്താവളം (പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം) എന്നിവ ദ്രുതഗതിയില്‍ തുര്‍ക്കി നേടിയ വ്യാവസായിക വളര്‍ച്ചയുടെ സൂചകങ്ങളാണ്. അതുകൊണ്ടാണ് ഐ.എം.ഫ് തുര്‍ക്കിയെ പുതുതായി വ്യവസായവത്കരിക്കപ്പെട്ട രാജ്യങ്ങളുടെ ഗണത്തില്‍ പെടുത്തിയത്.

ഇങ്ങനെ സാമ്പത്തിക മേഖലയില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തുര്‍ക്കി അതിന്റെ ജൈത്ര യാത്ര തുടരുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാകട്ടെ ഏഴു ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഇതാകട്ടെ ചൈനയുടെയും ഇന്ത്യയുടെയും ഈ കാലയളവിലെ സാമ്പത്തിക വളര്‍ച്ചാ നിരക്കിനേക്കാള്‍ മെച്ചപ്പെട്ടതാണ്.

സാമ്പത്തിക മേഖല വളരുന്നു എന്ന് പറയുമ്പോള്‍ അതിന്റെ മറുവശവും പരിശോധിക്കണം. കടങ്ങളും പെരുകുന്നു എന്നതാണ് അതിന്റെ മറുവശം. ഇങ്ങനെ പെരുകിയ കടങ്ങള്‍ കുമിഞ്ഞുകൂടിയത് ഇപ്പോഴത്തെ കറന്‍സി പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണ്. ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്, തുര്‍ക്കിക്ക് സാമ്പത്തികമായി വലിയ ബാധ്യത വരുത്തിയ സിറിയന്‍ അഭയാര്‍ഥി പ്രതിസന്ധി. കുര്‍ദ് തീവ്രവാദികളുണ്ടാക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളും തുര്‍ക്കിയെ സാമ്പത്തികമായി ദുര്‍ബലമാക്കുന്നു. സിറിയന്‍ അഭയാര്‍ഥികളെ തെരുവില്‍ അലഞ്ഞുതിരിയാന്‍ വിടാതെ മുപ്പതു ലക്ഷത്തോളം വരുന്ന അവര്‍ക്ക് മാന്യമായും സുരക്ഷിതമായും താമസിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയ തുര്‍ക്കിയെ, ഏറ്റവും നന്നായി അഭയാര്‍ഥികളെ സംരക്ഷിക്കുന്ന രാജ്യമായി ഐക്യരാഷ്ട്ര സഭ പ്രശംസിച്ചിരുന്നു. പക്ഷേ, ഇതിന്റെ സാമ്പത്തിക ബാധ്യത വളരെ ഭീമമായിരുന്നു. 2016-ലെ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടെങ്കിലും തുടര്‍ന്ന് പ്രാബല്യത്തില്‍ വന്ന അടിയന്തരാവസ്ഥയും നിയമനടപടികളും സാമ്പത്തിക രംഗത്തെ പ്രശ്‌നസങ്കീര്‍ണമാക്കി.  

ഇത് മറികടക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് പല പ്രോജക്ടുകള്‍ തുടങ്ങി. വികസനത്തിന് അനിവാര്യമായ പ്രോജക്ടുകളാണെങ്കിലും ഇത് സര്‍ക്കാരിന്റെ പൊതു കടവും വിദേശ നാണ്യ കടവും ഉയരാന്‍ കാരണമായിട്ടുണ്ട്. സ്വകാര്യ മേഖലയില്‍നിന്നും വിദേശ ബാങ്കുകളില്‍നിന്നും കടമെടുക്കുന്നത്  വ്യാപകമായി. അതോടൊപ്പം തുര്‍ക്കിയുടെ ഇറക്കുമതി കയറ്റുമതിയേക്കാള്‍ ഇരട്ടിയോളം (250 ബില്യണ്‍ ഡോളര്‍) ആയി. ഇതൊക്കെ മറികടക്കുന്നതിനാവശ്യമായ വിദേശ നാണയ ശേഖരം തുര്‍ക്കിക്ക് സ്വന്തമായി ഇല്ലതാനും.

ഉര്‍ദുഗാനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന പ്രോപഗണ്ട വിദേശനിക്ഷേപകരുടെ ആത്മവിശ്വാസം കുറക്കാന്‍ കാരണമായിട്ടുണ്ട്. രാജ്യത്തിന്റെ ഭരണവ്യവസ്ഥ പ്രസിഡന്‍ഷ്യല്‍  രീതിയിലേക്ക് മാറിയത് രാജ്യത്തെ  രാഷ്ട്രീയമായി ശക്തിപ്പെടുത്തിയെങ്കിലും, ഈ മാറ്റങ്ങളെ മീഡിയ നിഷേധാത്മകമായി അവതരിപ്പിച്ചതും വിദേശ നിക്ഷേപകരില്‍ അങ്കലാപ്പുണ്ടാക്കി. മാത്രമല്ല, ട്രംപ് തുടങ്ങിയ വ്യാപാര യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചത് തുര്‍ക്കിയെ പോലെ സാമ്പത്തികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളെ ആയതുകൊണ്ട്, ഈ രാജ്യങ്ങളില്‍ നിക്ഷേപങ്ങള്‍ ഇറക്കിയ (സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി) വലിയ വിദേശ നിക്ഷേപ കമ്പനികള്‍ വന്‍തോതില്‍ തുര്‍ക്കിയില്‍നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചത് തുര്‍ക്കി ലീറയുടെ പൊടുന്നനെയുള്ള വിലയിടിവില്‍ കലാശിച്ചു.

പ്രതിസന്ധി തരണം ചെയ്യാന്‍ ഒരുങ്ങി തുര്‍ക്കി

തുര്‍ക്കി ഈ പ്രതിസന്ധി തരണം ചെയ്യുമെന്നു തന്നെ പ്രതീക്ഷിക്കാം. തുര്‍ക്കി  മറ്റൊരു ഗ്രീസോ വെനിസ്വലയോ ആകാനുള്ള സാധ്യത കുറവാണ്. ലീറയെ ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് 24 ശതമാനമായി വര്‍ധിപ്പിച്ചത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ഡോളറുമായുള്ള വിനിമയ നിരക്കില്‍ ലീറ 5 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. ലീറ വീണ്ടും  പെട്ടെന്ന് ശക്തിപ്പെടാന്‍ എളുപ്പ വഴി ഐ.എം.എഫില്‍നിന്ന് കടം ലഭ്യമാക്കുക എന്നതാണ്. ഇതാകട്ടെ തുര്‍ക്കിക്ക് ലഭ്യമാവുകയും ചെയ്യും. എന്നാല്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ അതിന് അനുകൂലമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. കടമെടുക്കാതെ തന്നെ ഈ പ്രതിസന്ധി മറികടക്കാനുള്ള ഒരുക്കത്തിലാണ് തുര്‍ക്കി. സാമ്പത്തിക രംഗത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ രാജ്യത്ത് ഇപ്പോഴും ശക്തമാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും അനിയന്ത്രിതമായ നിലയില്‍ എത്തിയിട്ടില്ല. വന്‍കിട വികസന പദ്ധതികള്‍ പലതും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാധാരണക്കാരെ വലിയ തോതില്‍ ബാധിക്കാതെ ചെലവ് ചുരുക്കല്‍ പദ്ധതികള്‍ പലതും രൂപപ്പെട്ടു വരുന്നുണ്ട്. പുതിയ നിര്‍മാണ പ്രോജക്ടുകള്‍ കുറച്ചു നാളത്തേക്ക് നീട്ടിവെക്കുക, 90 ശതമാനത്തോളം പണി കഴിഞ്ഞവക്ക് ഊന്നല്‍ നല്‍കി അവ പൂര്‍ത്തീകരിക്കുക, നാണയത്തിന്റെ വിലയിടിവ് മുതലാക്കി കയറ്റുമതി കൂടുതല്‍ മെച്ചപ്പെടുത്തുക, ടൂറിസം മേഖല കൂടുതല്‍ ഊര്‍ജിതമാക്കുക, ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണവ.

രാജ്യത്ത് വ്യാപകമായി നടക്കുന്ന, ഡോളറിലുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഇനിമുതല്‍ തുര്‍ക്കി കറന്‍സിയിലേ പാടുള്ളൂ എന്ന ഉത്തരവും ഇറക്കി.

 

ട്രംപിനെതിരെ ചേരി രൂപപ്പെടുന്നു

ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധത്തിന്റെ മറുവശത്ത് നില്‍ക്കുന്നവരില്‍ അമേരിക്കയുടെ  എക്കാലത്തെയും നല്ല സുഹൃദ്‌രാജ്യങ്ങളുണ്ട്. അയല്‍ രാജ്യമായ കാനഡയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ചൈന, റഷ്യ, തുര്‍ക്കി, ഇന്ത്യ തുടങ്ങിയവയും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വലിയ തോതില്‍ നികുതി ഏര്‍പ്പെടുത്തുകയാണ് ട്രംപ്. ഇത് ഈ രാജ്യങ്ങളെയൊക്കെ ഒരുതരത്തില്‍ ഐക്യപ്പെടുത്തിയിരിക്കുന്നു. തിരിച്ച് ഈ രാജ്യങ്ങളൊക്കെ അമേരിക്കയില്‍നിന്നുള്ള ഇറക്കുമതിക്കും നികുതി വര്‍ധിപ്പിച്ച് അതേ നാണയത്തില്‍ തിരിച്ചടിച്ചുവെങ്കിലും അമേരിക്കയെ പോലുള്ള വന്‍ സാമ്പത്തിക ശക്തിക്ക് കടിഞ്ഞാണിടാന്‍ അത്രയെളുപ്പം സാധിക്കില്ല. ലോക വിനിമയ/കരുതല്‍ നാണയമായി അമേരിക്കന്‍ ഡോളര്‍ മേധാവിത്തം പുലര്‍ത്തുന്ന സമകാലിക ലോകത്ത് പ്രത്യേകിച്ചും. ഈ ഐക്യപ്പെടല്‍ മനോഭാവം ഉള്ളതുകൊണ്ടാകാം, തുര്‍ക്കി നാണയം തകര്‍ച്ച നേരിട്ടപ്പോള്‍ സാന്ത്വനവും സഹായവും വാഗ്ദാനം ചെയ്തതോടൊപ്പം തന്നെ യൂറോപ്യന്‍ യൂനിയന്‍, റഷ്യ, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ തുര്‍ക്കിയുമായി വ്യാപാരം വര്‍ധിപ്പിക്കുന്നതിന് മുന്നോട്ടു വന്നതും.

തുര്‍ക്കിയുടെ സാമ്പത്തിക മേഖല തകര്‍ച്ച നേരിടുകയാണെങ്കില്‍ അത് യൂറോപ്പിനെയായിരിക്കും കൂടുതല്‍ ബാധിക്കുക. രാഷ്ട്രങ്ങള്‍ തമ്മില്‍ നടത്തുന്ന കച്ചവടങ്ങളും ഇടപാടുകളും ആ രാഷ്ട്രങ്ങളുടെ നാണയത്തിന്റെ അടിസ്ഥാനത്തിലാവണമെന്ന നിര്‍ദേശം ഉര്‍ദുഗാന്‍ മുന്നോട്ടു വെക്കുകയുണ്ടായി. ഇത് ചൈനയും റഷ്യയും ഇറാനും സ്വാഗതം ചെയ്യുക മാത്രമല്ല, തങ്ങളുടെ രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന ഇടപാടുകള്‍ അമേരിക്കന്‍ ഡോളറിനെ ആശ്രയിക്കാതെ നടത്തുകയാണെങ്കില്‍ അത്രയെങ്കിലും ഡോളറിന്റെ ഡിമാന്റ് കുറക്കാന്‍ കഴിയുമെന്നും അത് തങ്ങളുടെ രാജ്യങ്ങളിലെ നാണയങ്ങളെ ഡോളറിനെതിരെ ശക്തിപ്പെടുത്തുമെന്നും അവര്‍ പ്രത്യാശിക്കുകയും ചെയ്യുന്നു. ഇറാന്‍ ഇതിനകം തന്നെ ഇടപാടുകള്‍ ഡോളറില്‍ നടത്തുന്നത് തടഞ്ഞിട്ടുണ്ട്.

പടിഞ്ഞാറന്‍ രാജ്യങ്ങളെ ആശ്രയിക്കുന്നതോടൊപ്പം തന്നെ, അയല്‍ രാജ്യങ്ങളുമായും ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളുമായും ശക്തമായ രാഷ്ട്രീയ- വ്യാവസായിക ബന്ധം നിലനിര്‍ത്തുന്ന തുര്‍ക്കിയെ അത്ര പെട്ടെന്ന് മുട്ടു കുത്തിക്കാന്‍ സാധിക്കുകയില്ല; ഉര്‍ദുഗാനെപ്പോലെയുള്ള ശക്തനും തന്റേടിയുമായ നേതാവ് തുര്‍ക്കിയിലുള്ളപ്പോള്‍ പ്രത്യേകിച്ചും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (41 - 44)
എ.വൈ.ആര്‍

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി.സലീം കരിങ്ങനാട്