Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 28

3069

1440 മുഹര്‍റം 17

ചാരുതയാര്‍ന്ന ഈ ചെറുപ്പത്തെ ചേര്‍ത്തു നിര്‍ത്തുക

ശൈഖ് മുഹമ്മദ് കാരകുന്ന്

വിശുദ്ധ ഖുര്‍ആന്‍ മൂന്ന് സംഭവങ്ങള്‍ വിശദീകരിക്കുമ്പോള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. ഇറാഖിലെ ദുഷിച്ച ഭരണത്തിനെതിരെ പോരാടിയ ഇബ്‌റാഹീം നബിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ചെറുപ്പക്കാരനായിരുന്നുവെന്ന് എടുത്തുപറയുന്നു (21:60). ഈജിപ്തില്‍ ഫറോവയുടെയും അനുയായികളുടെയും ക്രൂരകൃത്യങ്ങള്‍ക്കെതിരെ നിലകൊണ്ട മൂസാ നബിയെ പിന്‍പറ്റിയവരെപ്പറ്റി പറയുമ്പോഴും ചെറുപ്പത്തെ പരാമര്‍ശിക്കുന്നു.  അക്രമിയായ ഭരണാധികാരി ഡെസ്യൂസിന്റെ പിഴച്ച പാത കൈവെടിഞ്ഞ് സത്യമാര്‍ഗത്തില്‍ നിലകൊണ്ടതിന്റെ പേരില്‍ ഗുഹയില്‍ അഭയം തേടേണ്ടിവന്ന സംഘത്തെ പരിചയപ്പെടുത്തുന്നത് അവര്‍ ഒരുപറ്റം ചെറുപ്പക്കാരായിരുന്നു എന്നാണ് (18:10).

മുഹമ്മദ് നബി പ്രബോധനം ആരംഭിച്ചപ്പോള്‍ അതിശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച് ഇസ്‌ലാം സ്വീകരിക്കാന്‍ മുന്നോട്ടുവന്ന ചെറുസംഘം ചെറുപ്പത്തിന്റെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നു. പ്രവാചകനെ പിന്തുടര്‍ന്നവരെല്ലാം യുവാക്കളായിരുന്നു. അലിയ്യു ബ്‌നു അബീത്വാലിബ്, ജഅ്ഫറുത്ത്വയ്ര്‍, സുബൈറുബ്‌നുല്‍ അവ്വാം, ത്വല്‍ഹ, സഅ്ദു ബ്‌നു അബീവഖാസ്, മുസ്അബു ബ്‌നു ഉമൈര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ് തുടങ്ങിയവര്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ പ്രായം ഇരുപതില്‍ താഴെയായിരുന്നു. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, ബിലാല്‍, സുഹൈല്‍ എന്നിവരുടെ പ്രായം ഇരുപതിനും മുപ്പതിനുമിടയില്‍. അബു ഉബൈദ, സൈദുബ്‌നു ഹാരിസ്, ഉസ്മാനു ബ്‌നു അഫ്ഫാന്‍, ഉമറു ബ്‌നുല്‍ ഖത്ത്വാബ് തുടങ്ങിയവരുടെ പ്രായം മുപ്പതിനും മുപ്പത്തഞ്ചിനും ഇടക്ക്. അന്ത്യ പ്രവാചകനില്‍ ആദ്യമായി വിശ്വസിച്ച അബൂബക്ര്‍ സിദ്ദിഖിന്റെ പ്രായം മുപ്പത്തെട്ട് ആയിരുന്നു. പ്രവാചകന്റെ സമപ്രായക്കാരനായി ഉണ്ടായിരുന്നത് അമ്മാറുബ്‌നു യാസിര്‍. മുഹമ്മദ് നബിയേക്കാള്‍ പ്രായമുള്ള ഒരൊറ്റയാളേ ആദ്യകാല അനുയായികളില്‍ ഉണ്ടായിരുന്നുള്ളൂ, ഉബൈദത്തു ബ്‌നുല്‍ ഹാരിസ്.

 

ആധുനികകാലത്ത്

ഏതു ജനതയുടെയും കരുത്ത് യുവത്വമാണ്. പൊതുവെ ചെറുപ്പക്കാര്‍ ധീരരും സാഹസികരുമായിരിക്കും. അതുകൊണ്ടുതന്നെ വിപ്ലവ പ്രസ്ഥാനങ്ങളില്‍ അതിവേഗം അണിചേരുക അവരാണ്. പ്രതിസന്ധികളെ കരുത്തോടെ നേരിടുന്നതും അവര്‍ തന്നെയായിരിക്കും. ചരിത്രത്തെ തിരുത്തിക്കുറിച്ച മഹല്‍ സംഭവങ്ങളിലെല്ലാം യുവത്വത്തിന്റെ മുദ്ര പ്രകടമായി കാണാം. ചെറുപ്പക്കാര്‍ക്ക് പൊതുവെ  ഭൗതിക നഷ്ടങ്ങളെക്കുറിച്ച ഭീതി കുറവായിരിക്കും. ഇന്നോളമുള്ള മനുഷ്യചരിത്രം അതിനു സാക്ഷ്യം വഹിക്കുന്നു.

ആധുനിക ലോകത്തെ ഏറ്റം കരുത്തുറ്റ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനമായ അല്‍  ഇഖ്വാനുല്‍ മുസ്ലിമൂന്, ഇമാം ഹസനുല്‍ ബന്നാ രൂപം നല്‍കിയത് അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ്. അന്നത്തെ ഈജിപ്തില്‍ അത്തരമൊരു പ്രസ്ഥാനത്തിന് അടിത്തറ പാവുക എന്നത് അത്യധികം സാഹസികതയും അസാമാന്യമായ ധീരതയും അചഞ്ചലമായ ഇഛാശക്തിയും ഉള്ളവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ ഇസ്‌ലാമിക ചിന്തകനും ഗവേഷകനും പണ്ഡിതനും പ്രസ്ഥാന നായകനുമാണല്ലോ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി. അദ്ദേഹം അക്കാലത്തെ ഏറ്റവും കരുത്തുറ്റ ഇസ്‌ലാമിക പണ്ഡിത സംഘടനയായ ജംഇത്തുല്‍ ഉലമായുടെ മുഖപത്രത്തിന്റെ പത്രാധിപരായി ചുമതലയേല്‍ക്കുന്നത് പതിനേഴാമത്തെ വയസ്സിലാണ്. ജമാഅത്തെ ഇസ്‌ലാമി എന്ന മഹാപ്രസ്ഥാനത്തിന് രൂപംനല്‍കുന്നത് മുപ്പത്തി എട്ടാമത്തെ വയസ്സിലും.

കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അടിത്തറ പാകിയ വി.പി മുഹമ്മദലി സാഹിബ് ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വമെടുക്കുന്നത് ഇരുപത്തിയൊമ്പതാമത്തെ വയസ്സിലാണ്. ജമാഅത്തിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയ ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ രൂപീകരിച്ചത് മുപ്പത്തി രണ്ടാമത്തെ വയസ്സിലും.

 

തലമുറകളുട താളൈക്യം

തലമുറകള്‍ക്കിടയില്‍ അന്തരം ഉണ്ടാവുക സ്വാഭാവികമാണ്. എക്കാലത്തും അതുണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കും. മുതിര്‍ന്ന തലമുറക്ക് ദീര്‍ഘകാലത്തെ ജീവിതാനുഭവങ്ങള്‍ ഉണ്ടായിരിക്കും. അതവരെ  കുറേക്കൂടി വിവേകികളും  പക്വമതികളുമാക്കും. 

യുവതലമുറക്ക് അനുഭവ പരിചയം കുറവും സാഹസികതയും ധീരതയും സമര്‍പ്പണ സന്നദ്ധതയും ത്യാഗ ശീലവും കൂടുതലുമായിരിക്കും. മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും തങ്ങളുടെ ദൗര്‍ബല്യവും പോരായ്മയും തിരിച്ചറിയാന്‍ കഴിയുന്നിടത്താണ് തലമുറകളുടെ താളൈക്യം സാധ്യമാവുക. അപ്പോഴാണ് സമൂഹം ആരോഗ്യകരവും കരുത്തുറ്റതുമാവുക.

ഇത് സാധ്യമാകണമെങ്കില്‍ തിന്മ പരതി പരാതി പറയുന്നതിനു പകരം നന്മ കണ്ടെത്തി പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും പ്രശംസിക്കാനും ഇരു തലമുറകള്‍ക്കും സാധിക്കണം. മാലിന്യം തേടുന്ന വണ്ടിനെപ്പോലെ ആകുന്നതിനു പകരം പൂമ്പൊടി തേടുന്ന പൂമ്പാറ്റ പോലെയാകണം. ഭൗതികാസക്തിക്ക് അടിപ്പെട്ട് പതിതരാകുന്നതിന് പകരം ഉന്നതങ്ങളിലേക്ക് പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുന്നവരാകണം. ഉള്ളതില്‍ തൃപ്തിപ്പെട്ട് ആലസ്യത്തിലാണ്ട് കഴിയാതെ പുതിയ പ്രഭാതത്തെ പ്രത്യാശയോടെ പ്രതീക്ഷിക്കുന്നവരാവണം. അല്ലാമാ ഇഖ്ബാല്‍ പറഞ്ഞതുപോലെ ശവത്തിലേക്ക് കണ്ണയക്കുന്ന കഴുകനാകാതെ ഉന്നതങ്ങളിലേക്ക് പറക്കുന്ന ശാഹീന്‍ പക്ഷി ആവണം.

 

ചെറുപ്പത്തിന്റെ കരുത്ത് കണ്ട ദുരിത കാലം

കേരളീയ സമൂഹവും മറ്റു പലരെയും പോലെ യുവാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ വിഹരിച്ചു സമയം പാഴാക്കുകയാണ്. അവര്‍ക്ക് ഒന്നിലും ശ്രദ്ധയില്ല. സമൂഹത്തോട് പ്രതിബദ്ധതയില്ല.   കാരുണ്യവും സ്‌നേഹവും സേവന സന്നദ്ധതയും അന്യം നിന്നിരിക്കുന്നു. സ്വന്തത്തെപ്പറ്റിയല്ലാതെ മറ്റൊന്നിനെക്കുറിച്ചും അവര്‍ ചിന്തിക്കാറേയില്ല. ഇങ്ങനെ നീണ്ടുപോകുന്നു അവര്‍ക്കെതിരെയുള്ള കുറ്റപത്രം.

എന്നാല്‍ കേരളത്തെ കശക്കിയെറിഞ്ഞ പ്രളയവും അത് സൃഷ്ടിച്ച ദുരിതങ്ങളും ഈ ധാരണകളെ പൂര്‍ണമായും തിരുത്തുകയുണ്ടായി. കേരളീയ ചെറുപ്പം സഹജീവി സ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും സേവനസന്നദ്ധതയുടെയും സമര്‍പ്പണ ബോധത്തിന്റെയും മഹിത മാതൃകയാണ് നമുക്ക് മുന്നിലിപ്പോള്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ അസാധാരണമാംവിധം സാഹസികമായി രക്ഷാ പ്രവര്‍ത്തനത്തിന് മുന്‍പന്തിയില്‍ നിന്നു. പ്രളയാനന്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അവരുടെ സജീവ സാന്നിധ്യമുണ്ട്. വാഹനാപകടത്തില്‍പെട്ട് പരിക്കുപറ്റി മരണവുമായി മല്ലടിക്കുന്ന മനുഷ്യനെ തിരിഞ്ഞുനോക്കാതെ ചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന തലമുറയെന്ന് ഇനിയവരെയാരും കുറ്റപ്പെടുത്തുകയില്ല. സന്ദര്‍ഭത്തിനൊത്ത് ഉയരാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് യുവതലമുറ തെളിയിച്ചിരിക്കെ, അവരെ  വിശ്വാസത്തിലെടുത്ത് അവര്‍ക്കു കൂടി താല്‍പര്യമുള്ള ചുമതലകള്‍ അവരെ ഏല്‍പിക്കാന്‍ നമുക്ക് കഴിയണം. പുതുതലമുറയെ ചേര്‍ത്തുനിര്‍ത്തി അവരുടെ കര്‍മ ചൈതന്യത്തെ ക്രിയാത്മക പാതയിലേക്ക് തിരിച്ചുവിട്ട് മുന്നോട്ടുപോകാന്‍ സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. അങ്ങനെ മുതിര്‍ന്ന തലമുറയുടെ അനുഭവപരിചയവും പക്വതയും, യുവത്വത്തിന്റെ കരുത്തും സാഹസികതയും ധീരതയും ഒത്തുചേര്‍ന്നാല്‍ ഊര്‍ജസ്വലമായ ഒരു പുതിയ സമൂഹവും  പിറവിയെടുക്കും, തീര്‍ച്ച.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (36 - 40)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മഭൂമിയില്‍ തളരാതെ മുന്നോട്ട്
കെ.സി ജലീല്‍ പുളിക്കല്‍