Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 28

3069

1440 മുഹര്‍റം 17

നബിഗൃഹത്തിലെ സ്‌നേഹ പ്രഹര്‍ഷം

ഡോ. ജാസിമുല്‍ മുത്വവ്വ

നബി(സ)യുടെ വീട്ടില്‍നിന്നുള്ള എട്ട് കഥകളാണ് ഞാനിന്ന് പറയുന്നത്. ഭാര്യയുടെ വികാരങ്ങള്‍ മാനിക്കുകയും ഭാര്യയോട് ഉള്ളുതുറന്നു സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തതിന് ഉത്തമ മാതൃകയായ കഥകള്‍. സന്ദര്‍ഭങ്ങള്‍ പലതാണ്. ഭക്ഷണം കഴിക്കുമ്പോള്‍, ക്ലേശങ്ങള്‍ ലഘൂകരിക്കാന്‍, ദുഃഖവേളകളില്‍, യാത്രയില്‍, നര്‍മ നിമിഷങ്ങളില്‍, വിനോദ സമയങ്ങളില്‍, ദേഷ്യം വരുമ്പോള്‍, അണിഞ്ഞൊരുങ്ങുന്ന സന്ദര്‍ഭങ്ങളില്‍. ഇങ്ങനെ വ്യത്യസ്തമായ ഓരോ സന്ദര്‍ഭവും നബി(സ) സ്‌നേഹ പ്രഹര്‍ഷത്തിന്റെ ആനന്ദവേളകളാക്കി. ഭാര്യമാരോടുള്ള റൊമാന്റിക് ഭാവങ്ങളാല്‍ സമ്പന്നമാണ് പ്രവാചക ജീവിതം. ലോകം ഒരു പ്രത്യേക ദിനം നിശ്ചയിച്ച് 'വനിതാദിനം' ആചരിക്കുമ്പോള്‍ സ്‌നേഹവും പ്രേമവും നല്‍കിയും പ്രകടിപ്പിച്ചും സമ്പൂര്‍ണ വനിതാ വര്‍ഷമാഘോഷിച്ച് അവളെ ആദരിക്കുകയാണ് ഇസ്‌ലാം.

ഒന്ന്: പത്‌നി ആഇശ(റ): ഋതുമതിയായിരിക്കെ ഞാന്‍ കുടിച്ച വെള്ളപ്പാത്രം നബിക്ക് നല്‍കും. ഞാന്‍ വായ വെച്ചേടത്തു തന്നെ തന്റെ വായ വെച്ച് നബി(സ) വെള്ളം കുടിക്കും. ചിലപ്പോള്‍ ഞാന്‍ കഴിച്ച എല്ലിന്‍ കഷ്ണത്തില്‍ ഇറച്ചി ബാക്കിയുണ്ടെങ്കില്‍ എന്നില്‍ നിന്നത് വാങ്ങി ബാക്കി നബി(സ) കടിച്ചു തിന്നും.

രണ്ട്: അനസ്(റ) ഓര്‍ക്കുന്നു: ഞങ്ങള്‍ ഖൈബറില്‍നിന്ന് മദീനയിലേക്ക് തിരിക്കുകയാണ്. നബി(സ) തന്റെ ഒട്ടകപ്പുറത്തിരിപ്പാണ്. കാല്‍ രണ്ടും താഴ്ത്തിയിട്ടിരിക്കുന്നു. പത്‌നി സ്വഫിയ്യ നബി(സ)യുടെ മുട്ടുകാലില്‍ ചവിട്ടിക്കയറി തന്റെ രണ്ട് കാലുകളും നബി(സ)യുടെ കാലില്‍ കയറ്റിവെച്ച രംഗം കാണാന്‍ നല്ല കൗതുകമായിരുന്നു. കൂടെയുള്ള സൈനികര്‍ ഈ രംഗം വീക്ഷിക്കുന്നതില്‍ നബി(സ)ക്ക് ഒരു നാണവും അനുഭവപ്പെട്ടില്ല. തന്റെ പത്‌നിയോടുള്ള സ്‌നേഹവും കരുതലും പ്രകടിപ്പിക്കുകയായിരുന്നു ആ ഭര്‍ത്താവ്.

മൂന്ന്: നബി(സ) പത്‌നി സ്വഫിയ്യയോടൊന്നിച്ചുള്ള യാത്രയിലാണ്. അന്ന് അവരുടെ ഊഴമായിരുന്നു. അവരുടെ ഒട്ടകം പിറകിലായി. നബി(സ) ചെന്ന് നോക്കിയപ്പോള്‍ അവര്‍ സങ്കടപ്പെട്ടു കരഞ്ഞു: 'വേഗതയില്ലാത്ത ഒട്ടകത്തിന്റെ പുറത്താണ് നിങ്ങള്‍ എന്നെ കയറ്റിയത്.' നബി(സ) അവരുടെ മുഖം തടവി തന്റെ കൈകള്‍ കൊണ്ട് ആ കണ്ണീര്‍ തുടച്ചു. അവരെ സമാധാനിപ്പിച്ചു.

നാല്: അനസ് (റ) അനുസ്മരിക്കുന്നു: നബി(സ) യാത്രയിലാണ്. നബി പത്‌നിമാരെ അനുഗമിച്ച് ഒട്ടകങ്ങളെ തെളിക്കുന്നത് പരിചാരകന്‍ അന്‍ജശ. ഒട്ടകം അതിവേഗത്തില്‍ ഓടുന്നത് ശ്രദ്ധയില്‍പെട്ട നബി(സ): 'അന്‍ജശ, മെല്ലെ മെല്ലെ, പളുങ്കു പാത്രങ്ങളെയാണ് തെളിച്ചുകൊണ്ടുപോകുന്നതെന്ന് ഓര്‍മ വേണം.'

അഞ്ച്: പത്‌നി ആഇശ(റ) ഓര്‍ക്കുന്ന സംഭവം: പള്ളിയുടെ അങ്കണത്തില്‍ എത്യോപ്യന്‍ നാടോടികള്‍ കളിക്കുന്നത് കാണാന്‍ നബി(സ) അവരെ വിളിക്കുന്നു. കുട്ടികളും ആണുങ്ങളുമൊക്കെയായി ആകെ ബഹളമയം. നബി: 'ആഇശാ, വന്ന് നോക്ക്.' ആഇശ ഇറങ്ങിവന്നു തന്റെ കവിള്‍ നബിയുടെ തോളിലേക്ക് ചേര്‍ത്തുവെച്ച് അവരുടെ കളി ആവോളം ആസ്വദിച്ചു. കുറേ നേരമായപ്പോള്‍ നബി(സ): 'നിനക്ക് മതിയായോ?' ഞാന്‍: 'ഇല്ല, മതിയായില്ല.' എന്നോടുള്ള നബിയുടെ സ്‌നേഹം പരീക്ഷിച്ചറിയുകയായിരുന്നു ഞാന്‍.

ആറ്: പത്‌നി ഖദീജ(റ)യും താനും തമ്മിലെ സവിശേഷ സ്‌നേഹോഷ്മള ദാമ്പത്യബന്ധം പരാമര്‍ശിച്ച് നബി(സ): 'അവരോടുള്ള പ്രേമം എനിക്ക് വരദാനമായി കിട്ടിയതാണ്.' ഒരിക്കല്‍ അംറുബ്‌നുല്‍ ആസ്വ്(റ) നബി(സ)യോട്: റസൂലേ, അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ട ആള്‍ ആരാണ്?  റസൂല്‍: 'ആഇശ.'

ഏഴ്: നബി(സ) ഒരു ദിവസം അനുചരന്മാരില്‍ ചിലരെ ആഇശ(റ)യുടെ വീട്ടില്‍ സല്‍ക്കരിച്ചു. ആഇശ ഭക്ഷണമുണ്ടാക്കി അവര്‍ക്ക് മുമ്പിലെത്തിക്കാന്‍ അല്‍പം വൈകി. അതറിഞ്ഞ പത്‌നി ഉമ്മുസലമ ഭക്ഷണമുണ്ടാക്കി കൊടുത്തയച്ചു. ആഇശ(റ) ഭക്ഷണവുമായി വന്നപ്പോള്‍ കാണുന്നത് നബി(സ)യും സ്‌നേഹിതന്മാരും ഉമ്മുസലമ കൊടുത്തയച്ച ഭക്ഷണം കഴിക്കുന്നതാണ്. ആഇശ ക്ഷോഭിച്ചു. ദേഷ്യം കത്തിക്കാളി. അമ്മിക്കല്ലെടുത്ത് ഉമ്മുസലമയുടെ ഭക്ഷണത്തളികയുടെ നേര്‍ക്ക് ഒരേറ്, ഭക്ഷണത്തളിക പൊട്ടിപ്പിളര്‍ന്നു. ആ രണ്ട് പാളികളും കൂട്ടിച്ചേര്‍ത്ത് നബി(സ): 'നിങ്ങള്‍ ആഹരിച്ചുകൊള്ളൂ. നിങ്ങളുടെ ഉമ്മക്ക് ക്ഷോഭം വന്നതാണ്, കാര്യമാക്കേണ്ട.' നബി(സ) ചിരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ആഇശയുടെ തളിക ഉമ്മുസലമക്കും ഉമ്മുസലമയുടെ തളിക ആഇശക്കും നല്‍കി.

എട്ട്: പത്‌നി ആഇശ(റ) ഓര്‍ക്കുന്നു. എന്നോട് പലരും ചോദിക്കാറുണ്ട്. നബി(സ) യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയാല്‍ ആദ്യം ചെയ്യുകയെന്താണ്?'

ഞാന്‍ പറയും: 'ദന്തശുദ്ധി വരുത്തി, കുളിച്ചു മനോഹര വസ്ത്രങ്ങളണിഞ്ഞ് പത്‌നിമാരെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കും.' സ്ത്രീയുടെ ലോല വികാരങ്ങള്‍ അറിഞ്ഞ് പെരുമാറിയ നബി(സ)യുടെ ജീവിതത്തില്‍നിന്ന് ഇനിയുമെന്തെല്ലാം ഓര്‍ത്തെടുക്കാനുണ്ട്! 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (36 - 40)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മഭൂമിയില്‍ തളരാതെ മുന്നോട്ട്
കെ.സി ജലീല്‍ പുളിക്കല്‍