Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 21

3068

1440 മുഹര്‍റം 10

സ്വവര്‍ഗരതിയും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും

പി.പി അര്‍ഷദ് ചെറുവാടി

സ്വവര്‍ഗരതി ജീവപര്യന്തം തടവിന് വിധിക്കാവുന്ന കുറ്റമായി വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി ഭാഗികമായി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഇത്തരത്തിലൊരു നിയമമാറ്റം വരുത്തുന്നത്. കോടതിയുടെ നിരീക്ഷണങ്ങളില്‍ എത്രത്തോളം പ്രശ്‌നങ്ങള്‍ പതിയിരിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം. 

''സ്വവര്‍ഗാനുരാഗം ഒരു മനോവൈകല്യമല്ല. പൂര്‍ണമായും സ്വാഭാവികമായ അവസ്ഥയാണ്. ലൈംഗിക താല്‍പര്യങ്ങള്‍ ജൈവപ്രതിഭാസമാണ്. അതിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് മൗലികാവകാശ ലംഘനമാണ്. സ്വവര്‍ഗാനുരാഗികള്‍ക്ക് മറ്റെല്ലാ പൗരന്മാരെയും പോലെ മൗലികാവകാശങ്ങളുണ്ട്. ലൈംഗിക താല്‍പര്യങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നത് സ്വകാര്യതക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്.'' ഇതാണ് ഒന്നാമത്തെ വാദം.

സ്വവര്‍ഗാനുരാഗം സ്വാഭാവികമായ അവസ്ഥയെങ്കില്‍  മനുഷ്യജീവിതത്തില്‍ സ്ത്രീയുടെ ആവശ്യകത എന്ത് എന്നതാണ് പ്രഥമ ചോദ്യം. സ്ത്രീക്ക് പുരുഷനോടും തിരിച്ചും പ്രണയം തോന്നുക എന്നതാണ് പ്രകൃതി നിയമം. ഇതിന് വിരുദ്ധമായി ചിന്തിക്കുന്ന മനസ്സ് വൈകല്യമുള്ളതു തന്നെ എന്നതാണ് യാഥാര്‍ഥ്യം. സ്വവര്‍ഗപ്രേമികളെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുന്നതിലൂടെ സംഭവിക്കുന്നത് സ്ത്രീക്ക് പുരുഷനുമേലും പുരുഷന് സ്ത്രീക്ക് മേലും ഉള്ള അവകാശത്തിന്റെ നിഷേധമാണ്. പുരുഷന്റെ സ്‌നേഹം സ്ത്രീക്കും സ്ത്രീയുടെ സ്‌നേഹം പുരുഷനും അവകാശപ്പെട്ടതാണ്. 

'പ്രായപൂര്‍ത്തിയായവര്‍ ലൈംഗികമായ ബന്ധം എങ്ങനെ വെച്ചുപുലര്‍ത്തണമെന്ന് നിശ്ചയിക്കാന്‍ സമൂഹത്തിന് അവകാശമില്ല. അത് വ്യക്തിസ്വാതന്ത്ര്യമാണ്. ഭരണഘടനാപരമായ ധാര്‍മികതക്ക് വഴികാട്ടേണ്ടത് ഭൂരിപക്ഷത്തിന്റെ ധാര്‍മികതയല്ല. എല്ലാവരും ഉള്‍ക്കൊള്ളുന്ന സമൂഹത്തിന് വേണ്ടിയാണ് ഭരണഘടന' എന്നതാണ് രണ്ടാമത്തെ നിരീക്ഷണം. എന്നാല്‍ ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടന ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതാവണം. ചിലരുടെ മാത്രം താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതാവരുത്. സ്വവര്‍ഗരതി പോലുള്ള തിന്മകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിലൂടെ ജനക്ഷേമമല്ല, ജനങ്ങള്‍ക്ക് ദോഷമാണ് സംഭവിക്കുന്നത്. സ്വവര്‍ഗരതിയിലൂടെ സംഭവിക്കുന്നത് കുടുംബവ്യവസ്ഥയുടെയും സാമൂഹിക വ്യവസ്ഥയുടെയും ശിഥിലീകരണമാണ്. അതുകൊണ്ടുതന്നെ സ്വവര്‍ഗരതി കേവലം ചില വ്യക്തികളെ മാത്രം ബാധിക്കുന്നതല്ല. മറിച്ച് സമൂഹത്തെയും രാഷ്ട്രത്തെയും ബാധിക്കുന്നതാണ്.

മൂന്നാമത്തെ വാദം ഇപ്രകാരമാണ്: 'സ്ത്രീ-പുരുഷ ഭേദമില്ലാത്ത തുല്യതയാണ് അനുരാഗത്തിന്റെ കാര്യത്തില്‍ വേണ്ടത്. ഇക്കാര്യത്തില്‍ സാമൂഹികമായ മനോഭാവം മാറേണ്ട സമയമായി. ചരിത്രം തിരുത്താനാവില്ല. എന്നാല്‍ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി വഴിയൊരുക്കാനാവും. സ്വകാര്യമായി പരസ്പര സമ്മതത്തോടെ, പ്രകൃതിവിരുദ്ധമെന്ന് വിശേഷിപ്പിക്കുന്ന ലൈംഗികവേഴ്ച നടത്തുന്നത് സമൂഹത്തിന് ദോഷം ചെയ്യുന്നില്ല. പകര്‍ച്ചവ്യാധിയുമല്ല. സമൂഹത്തിന്റെ അന്തസ്സിനെ ബാധിക്കുന്നില്ല.' 'മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി' എന്ന് പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. എന്ത് മെച്ചമാണ് ഇതിലൂടെ ഉണ്ടാവുന്നതെന്ന് കോടതി തന്നെ വ്യക്തമാക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന് ദോഷം ചെയ്യുന്നില്ല എന്ന കോടതിയുടെ വാദം തീര്‍ത്തും തെറ്റാണ് താനും. സമൂഹത്തിന് എന്നല്ല, സ്വവര്‍ഗരതി നടത്തുന്ന ആളുകള്‍ക്ക് വ്യഭിചാരത്തിലെന്നപോലെ തന്നെ എയിഡ്‌സ് പോലുള്ള രോഗങ്ങള്‍ പകരാന്‍ സാധ്യതയുണ്ടെന്ന് വൈദ്യശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സമൂഹത്തിന്റെ അന്തസ്സിനെ ബാധിക്കുന്നില്ല എന്ന അഭിപ്രായവും തെറ്റാണ്. കാരണം, ഇത്തരം ആളുകളെ സമൂഹം തിരിച്ചറിയുന്നുണ്ട്. അത്തരക്കാര്‍ സ്വാഭാവികമായും മ്ലേഛരെന്ന് മുദ്രകുത്തപ്പെടും. അതിലൂടെ അവരുടെ കുടുംബത്തിനും ദുഷ്‌പേര് വന്നുഭവിക്കും.

'സ്വവര്‍ഗാനുരാഗികള്‍ ഒളിജീവിതം നയിക്കാനും രണ്ടാംകിട പൗരന്മാരായി കഴിയാനും  നിര്‍ബന്ധിക്കപ്പെടുന്ന സാമൂഹിക അവസ്ഥയാണുള്ളത്. മറ്റുള്ളവര്‍ക്ക് എല്ലാ അവകാശങ്ങളും ഉള്ളപ്പോള്‍ തന്നെയാണ് പുരുഷ-പുരുഷ ബന്ധത്തിന്റെയോ സ്ത്രീ-സ്ത്രീ ബന്ധത്തിന്റെയോ പേരിലും ഭിന്നലിംഗക്കാരായത് കൊണ്ടും മറ്റും ഒറ്റപ്പെട്ട്, ഭയപ്പെട്ട് കഴിയേണ്ട സ്ഥിതി ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാവുന്നത്. പീഡിപ്പിക്കാനും വിവേചനം കാട്ടാനുമുള്ള ആയുധമായി 377-ാം വകുപ്പിനെ ദുരുപയോഗിക്കുന്നു' എന്നതാണ് മറ്റൊരു ന്യായം. 'സമൂഹം സ്വവര്‍ഗാനുരാഗികളെ ഒറ്റപ്പെടുത്തുന്നു' എന്നതാണ് ഇവിടെ പ്രശ്‌നം. ഇതിന് പരിഹാരം നിയമം അവര്‍ക്ക് അനുകൂലമാക്കുക എന്നതല്ല, അത്തരക്കാരെ കണ്ടുപിടിച്ച് മനോരോഗ ചികിത്സയിലൂടെയും മറ്റും അവരുടെ സ്വവര്‍ഗ പ്രേമത്തെ ഇല്ലാതാക്കുക എന്നതാണ്. മറ്റൊരു പ്രശ്‌നം വരുന്നത് ഭിന്നലിംഗക്കാരുടെ കാര്യത്തിലാണ്. അവര്‍ അപമാനിക്കപ്പെടുന്നത് തടയുക എന്നത് അനിവാര്യമാണ്. അവര്‍ക്ക് അവരുടെ ലിംഗത്തില്‍ പെട്ടവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നതല്ലാതെ നിര്‍വാഹവുമില്ല. അവരൊഴികെയുള്ളവരെ ഇക്കാര്യത്തില്‍ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരിക എന്നതാണ് നല്ല മാര്‍ഗം. മാത്രമല്ല അവര്‍ അപമാനിക്കപ്പെടാതിരിക്കാന്‍ അവര്‍ക്ക് വേണ്ടി പ്രത്യേക സുരക്ഷാ നിയമം ഏര്‍പ്പെടുത്തുകയുമാവാം.

 

സ്വവര്‍ഗരതി കേരളത്തില്‍

കേരളത്തില്‍ സ്വവര്‍ഗരതി ഭൂരിഭാഗവും പുരുഷന്മാര്‍ തമ്മിലാണ്. അതിന് ഇരകളാകുന്നവരില്‍ അധിക പേരും കൗമാര പ്രായക്കാരും. സ്വവര്‍ഗകാമം ഉള്ളവര്‍ പലപ്പോഴും സമൂഹത്തിലെ പണക്കാരോ മാന്യരായി അറിയപ്പെടുന്നവരോ ആയിരിക്കും. അവരിലധികവും മധ്യവയസ്‌കരായിരിക്കും. അവര്‍ ഒന്നുകില്‍ അവിവാഹിതരോ അല്ലെങ്കില്‍ ഭാര്യയുമായി നല്ല നിലയില്‍ അല്ലാത്തവരോ ഭാര്യയുമായി സ്‌നേഹം പങ്കിടാന്‍ സമയമില്ലാത്തവരോ ആയിരിക്കും. യൗവനം കഴിഞ്ഞിട്ടും ലൈംഗിക മോഹത്തെ അടക്കി നിര്‍ത്താനാവാത്തത് കൊണ്ടോ സ്ത്രീകളോടുള്ള താല്‍പര്യക്കുറവ് കൊണ്ടോ ആണ് അവര്‍ സ്വവര്‍ഗത്തില്‍പെട്ടവരെ പ്രണയിക്കുന്നത്. ഇത് ഒരുതരം മാനസിക രോഗമാണ്. ആ ലൈംഗിക മോഹം തീര്‍ക്കാനായി അവര്‍ സമീപിക്കുന്നത് കൗമാര പ്രായക്കാരെയാണ്. അതിനായി അവര്‍ വലയെറിയുന്നത് ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്ററി സ്‌കൂളുകളും പ്രവര്‍ത്തിക്കുന്ന കവലകളിലായിരിക്കും. അവരുടെ ഇരകളാവുന്നത് ലൈംഗികമായ ധാരണകളില്ലാത്ത കൗമാരപ്രായക്കാരും. സ്‌കൂളില്‍ പോവുമ്പോഴും വരുമ്പോഴും കൂട്ടുകാരുമായി സംസാരിക്കാത്ത, തന്റേതായ ലോകത്തിലൂടെ സഞ്ചരിക്കുന്നവരെയായിരിക്കും അവര്‍ ലക്ഷ്യമിടുന്നത്. 

എന്നാല്‍ പണച്ചാക്കുകളായ ബിസിനസുകാരും പ്രഫഷണലുകളും മറ്റൊരു രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അവര്‍ ചൂണ്ടയെറിയുന്നത്  സോഷ്യല്‍ മീഡിയയിലായിരിക്കും. സമൂഹമധ്യത്തില്‍ ഒരു പയ്യനുമായി സംസാരിക്കുന്നത് കണ്ടാല്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായേക്കും എന്നത് കൊണ്ടും ജോലിത്തിരക്കുകള്‍ കൊണ്ടുമാണ് അവര്‍ സോഷ്യല്‍ മീഡിയയെ അവലംബിക്കുന്നത്.  ജോലിചെയ്തുകൊണ്ടിരിക്കെ ഇടവേളകളില്‍ അവര്‍ ഏതെങ്കിലും ചെറുപ്പക്കാരുമായി സോഷ്യല്‍ മീഡിയകളിലൂടെ ബന്ധം സ്ഥാപിച്ച് തുടര്‍ച്ചയായി ചാറ്റ് ചെയത് സൗഹൃദത്തിലാവും.  ഒരുപാട് അടുത്തതിന് ശേഷം ഒരുമിച്ച് വിനോദയാത്രകള്‍ പ്ലാന്‍ ചെയ്യുന്നു. ചിലര്‍ സംഭവം നടന്ന ശേഷം കുറ്റബോധത്താല്‍ ആരോടും പറയാതിരിക്കുകയും പിന്നീട് അയാളുമായുള്ള ബന്ധം വിഛേദിക്കുകയും  ചെയ്യുന്നു. അവര്‍ അറിവില്ലായ്മ കൊണ്ട് വീണുപോകുന്നവരാണ്. ദൈവബോധവും അഭിമാനവുമുള്ളവരായിരിക്കുമവര്‍. എന്നാല്‍ ഇതൊന്നുമില്ലാത്തവര്‍ പിന്നെയും നേട്ടങ്ങള്‍ മോഹിച്ച് ഇതൊരു തൊഴിലായി സ്വീകരിക്കുകയും ഒടുവില്‍ പഠനത്തിലുള്ള താല്‍പര്യം കുറയുകയും ടടഘഇ, +2 തലത്തില്‍ വെച്ച് പഠനം നിര്‍ത്തുകയും ചെയ്യും. ഇതിന്റെ ഭവിഷ്യത്ത് അവര്‍ അനുഭവിക്കുന്നത് കൗമാര പ്രായം പിന്നിട്ട ശേഷമായിരിക്കും. സ്വന്തം ഭാവിയെ തന്നെയാണ് അവര്‍ നശിപ്പിച്ച് കളയുന്നത്. കഞ്ചാവ്, മയക്കുമരുന്ന് മാഫിയകള്‍ പോലെ തന്നെ അപകടകരമാണ് സമൂഹത്തില്‍ ഇത്തരത്തില്‍ കുട്ടികളുടെ ജീവിതം നശിപ്പിക്കുന്ന സ്വവര്‍ഗ പ്രേമികള്‍ക്ക് സ്വാതന്ത്ര്യവും നിയമപരിരക്ഷയും നല്‍കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (28 - 35)
എ.വൈ.ആര്‍

ഹദീസ്‌

വര്‍ധിക്കുന്ന കൊലപാതകങ്ങള്‍
കെ.സി സലീം കരിങ്ങനാട്