Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

നീതിയുടെ നിറം കെടുമ്പോള്‍ സംഭവിക്കുന്നത്‌

മൂസക്കുട്ടി വെട്ടിക്കാട്ടിരി

'എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുക' എന്ന പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ പ്രഖ്യാപനം ഏറ്റവും ചുരുങ്ങിയത് ഇസ്‌ലാമിക രാജ്യങ്ങളെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ 'അറബ് വസന്തം' ഉണ്ടാകുമായിരുന്നില്ലെന്ന് ഒരു അറബ് പത്രപ്രവര്‍ത്തകന്‍ അഭിപ്രായപ്പെടുകയുണ്ടായി.
കടുത്ത അനീതിയെയും അക്രമത്തെയും ഒരു ജനത, അതും ഇസ്‌ലാമിക സാമൂഹികനീതി മനസ്സില്‍ താലോലിക്കുന്ന സമൂഹം എക്കാലവും വെച്ചുപൊറുപ്പിക്കുമെന്നു ധരിക്കാന്‍ മാത്രം മന്ദബുദ്ധികളായിരുന്നു അറബ് നാടുകളിലെ ഏകാധിപതികള്‍ എന്ന യാഥാര്‍ഥ്യം രാഷ്ട്രീയ നിരീക്ഷകരില്‍ മാത്രമല്ല സാധാരണ പൗരസമൂഹത്തിലും ആശ്ചര്യമുളവാക്കുന്നു.
എല്ലാവര്‍ക്കും തുല്യനീതി എന്നത് ഏതാണ്ടെല്ലാ രാഷ്ട്രങ്ങളിലെയും ഭരണഘടനകള്‍ വിഭാവനം ചെയ്യുന്ന ആശയമാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എല്ലാ മത, മതനിരാസ പ്രത്യയ ശാസ്ത്രങ്ങളും രാഷ്ട്രീയ വിഭാഗങ്ങളും സാമൂഹിക നീതിക്കായി നിലകൊള്ളുന്നുവെന്നാണ് അവകാശപ്പെടാറുള്ളത്. എന്നാല്‍ ലോകത്ത് സാമൂഹികനീതി പുലരുന്നുണ്ടോയെന്നും അഥവാ ഉള്ളിടത്തുതന്നെ അതിന്റെ പൂര്‍ണത കൈവരിക്കുന്നുണ്ടോയെന്നുമൊക്കെ അന്വേഷിക്കുമ്പോഴാണ് സാമൂഹികനീതി ഭരണഘടനയിലെ കേവലം എഴുത്തുവരകള്‍ മാത്രമാണെന്നും സാധാരണ ജനവിഭാഗങ്ങളുടെ ജീവിത പരിസരത്തെ അത് സ്പര്‍ശിക്കുന്നില്ലെന്നും തിരിച്ചറി യുന്നത്. വളരെ ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണിത്. 'അറബ് വസന്തങ്ങള്‍' അതിന് കളമൊരുക്കി. ചരിത്രത്തില്‍ ഇതുപോലുള്ള അനേകം ഉയിര്‍ത്തെഴുന്നേല്‍പുകള്‍ ഉണ്ടായിട്ടുണ്ട്. 1968ല്‍ ഫ്രാന്‍സില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയ സാമൂഹിക വിദ്യഭ്യാസ രംഗങ്ങളില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ പ്രസ്തുത വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നടന്ന ഈ ജനകീയ വിപ്ലവം ലോകത്തെ തന്നെ ഇളക്കിമറിക്കുകയും വിവിധ രാജ്യങ്ങളിലെ വിമോചന വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് കരുത്ത് പകരുകയും ചെയ്തു.
ഒരു ധാര്‍മിക പ്രത്യയശാസ്ത്ര സമൂഹം എന്ന നിലയില്‍ അറബ് വസന്തം വേറിട്ടു നില്‍ക്കുന്നുവെന്നു മാത്രം. അറബ് രാജ്യങ്ങളിലെ ഉയിര്‍ത്തെഴുന്നേല്‍പിനെ ജനാധിപത്യ പോരാട്ടമെന്ന് പേരിട്ട് വിളിച്ച് ലോക സമൂഹം പുകഴ്ത്തുമ്പോഴും അവര്‍ മറച്ചുവെക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന ഘടകമാണ് ഈ സമര പോരാട്ടങ്ങളുടെ ഇസ്‌ലാമിക മാനം. അതിജീവനത്തിന്റെ കരുത്തായ ഇസ്‌ലാമിനെയും അതിന്റെ ധാര്‍മികാടിത്തറയില്‍ വാര്‍ത്തെടുത്ത സാമൂഹികനീതിയെയും കാണാതെ പോകുന്നു. എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും ഒട്ടകപ്പക്ഷി നയം പക്ഷേ അല്‍പായുസ്സുള്ളതാവും.
അറബ് ലോകത്തും ഇതര നാടുകളിലുമെല്ലാം ആഞ്ഞുവീശുന്ന സാമൂഹികനീതിക്കുവേണ്ടിയുള്ള സമര തീജ്വാലകള്‍ക്കു മുമ്പില്‍ അതതു രാജ്യങ്ങളിലെ ഏകാധിപതികള്‍ മാത്രമല്ല സാക്ഷാല്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും തരിച്ചുനില്‍ക്കുന്ന കാഴ്ച പല ചിന്തകള്‍ക്കും തിരികൊളുത്തുന്നുണ്ട്. അഥവാ ലോകത്ത് ഏകാധിപതികള്‍ മാത്രമല്ല വലതുപക്ഷ മുതലാളിത്തവും ഇടതുപക്ഷ തൊഴിലാളി വര്‍ഗവും മറ്റു ജനാധിപത്യവാദികളുമെല്ലാം സാധാരണ ജനത്തിന് നീതി നിഷേധിക്കുന്നതില്‍ ഏറിയോ കുറഞ്ഞോ പങ്കാളികളാണ്. ഇവിടെയാണ് നീതിക്ക് ഗഹനമായ ആശയം പകര്‍ന്നുനല്‍കിയ 'എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുക' എന്ന നബിവചനം പ്രസക്തമാകുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹമായ അവകാശം ജനങ്ങള്‍ക്ക് നല്‍കി അധികാരത്തില്‍ വരുന്ന ഒരു നിയമവ്യവസ്ഥ ലോക സമാധാനത്തിന് മുതല്‍ക്കൂട്ടാവുമെന്ന് തീര്‍ച്ച. എന്നാല്‍ അത് ഇസ്‌ലാമിലാണ് നിലനില്‍ക്കുന്നത് എന്ന ഒറ്റകാരണം കൊണ്ട് ഒരു വ്യവസ്ഥിതിയെ പരീക്ഷിച്ചുനോക്കാന്‍ പോലും പരിഷ്‌കൃത സമൂഹമെന്ന് അവകാശപ്പെടുന്നവര്‍ അറച്ചുനില്‍ക്കുകയാണ്. മറ്റൊരര്‍ഥത്തില്‍ നിയമ വ്യവസ്ഥയുടെ അടിത്തറ നീതിയിലധിഷ്ഠിതമാകണമെന്ന നിര്‍ബന്ധമായിരുന്നു നബി (സ) വരച്ചുകാട്ടിയത്. പ്രവാചക നഗരമായ മദീനയിലെ ബഹുസ്വര സമൂഹത്തില്‍ അത്തരം ഒരു ഭരണവ്യവസ്ഥ വിജയകരമായി സ്ഥാപിച്ചു നിലനിര്‍ത്തിയാണ് മുഹമ്മദ് (സ) വിട വാങ്ങിയത്. നിലവിലെ മിക്കവാറും എല്ലാ ഭരണകൂടങ്ങളും സാമൂഹികനീതിയുടെ തിളക്കം കെടുത്തുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും തുല്യനീതിയെന്ന ആശയം സാര്‍ഥകമാകുന്നത് ഭരണവ്യവസ്ഥ അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ്. സാധാരണ പൗരന്മാര്‍ക്ക് എല്ലാ നിലക്കുമുള്ള നീതിയുടെ തെളിനീര് അനുഭവിക്കാന്‍ കഴിയുന്ന നിയമ വ്യവസ്ഥയാണ് രാജ്യങ്ങളില്‍ നിലനില്‍ക്കേണ്ടത്. പക്ഷേ വ്യക്തിയിലധിഷ്ഠിതമായ ഭരണക്രമം അത് ജനാധിപത്യമായാലും ഏകാധിപത്യമായാലും നീതിയുടെ താല്‍പര്യങ്ങളെ ഹനിക്കും. അവിടെ അക്രമവും അനീതിയും കടന്നുവരും.
നീതി പ്രകൃതിപരവും അനീതി പ്രകൃതി വിരുദ്ധവുമാണ്. നീതിക്കുമുമ്പില്‍ എല്ലാവരും സമന്മാരാവുമ്പോള്‍ മാത്രമേ അതിന്റെ പരിശുദ്ധി (കറാമത്ത്) നിലനില്‍ക്കുകയുള്ളൂ. നീതിയുടെ താല്‍പര്യങ്ങള്‍ക്കതീതമായി രാജ്യത്ത് ഒരു പൗരനും ഉണ്ടാകരുതെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഇസ്‌ലാമിക ചരിത്രം ഇത്തരം അനേകം സംഭവങ്ങളാല്‍ സമ്പുഷ്ടമാണ്.
ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ അമാനത്തുകളാണ്. അത് ആരാണോ കൈകാര്യം ചെയ്യുന്നത് അവരത് ഉടമകള്‍ക്ക് തിരിച്ചുനല്‍കണം. ഭരണാധികാരികളെ പൊതുസമൂഹം ഏല്‍പിക്കുന്നത് അവരുടെ അമാനത്തുകളാണ്. അതുകൊണ്ടുതന്നെ അത്തരം അവകാശങ്ങള്‍ അര്‍ഹരായവര്‍ക്ക് തിരിച്ചുനല്‍കണം. സമൂഹത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നേടത്തെല്ലാം ഈ സൂക്ഷ്മത കാണിക്കേണ്ടതുണ്ട്. അല്ലാഹു അമാനത്തിനെ വിശ്വാസവുമായി (ഈമാന്‍) ബന്ധപ്പെടുത്തിയതായി കാണാം (70:32). എല്ലാ തരത്തിലുമുള്ള അവകാശ നിഷേധവും ദൈവ ധിക്കാരമായി മാറും.
വിപ്ലവാനന്തര അറബ് നാടുകളില്‍ അധികാരത്തില്‍ വന്നുകൊണ്ടിരിക്കുന്ന 'ഇസ്‌ലാമിക വസന്ത'ത്തിന് ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് ഒരു ഭരണമാതൃക രൂപപ്പെടുത്താന്‍ സാമ്രാജ്യത്വ ശക്തികള്‍ അനുവദിക്കുമോ? കാത്തിരുന്നു കാണാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം