Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

പേമാരിയുടെ കാണാപ്പുറങ്ങള്‍

ഡോ. ടി.കെ യൂസുഫ്

പ്രകൃതിചൂഷണവും പരിസ്ഥിതിക്കെതിരായ കൈയേറ്റവും ഇനിയും തുടര്‍ന്നാല്‍ ആഗോള താപനവും വരള്‍ച്ചയുമായിരിക്കും പ്രത്യാഘാതമെന്നും ജലവിചാരമില്ലെങ്കില്‍ വെള്ളത്തിനു വേണ്ടിയായിരിക്കും അടുത്ത യുദ്ധമെന്നുമുള്ള മുന്നറിയിപ്പുകളെ തകിടം മറിച്ചുകൊണ്ട് തിമിര്‍ത്തു പെയ്ത പേമാരി കേരളത്തെ പ്രളയഭൂമിയാക്കുകയുായി. മഴ കുറയുന്നതിന് അനേകം കാരണങ്ങള്‍ നിരത്താന്‍ കഴിയുമെങ്കിലും അതിവര്‍ഷത്തിന്റെ കാരണം കണ്ടെത്തണമെങ്കില്‍ വേറെയും പ്രപഞ്ച വിസ്മയങ്ങള്‍ ഇനിയും വിശകലനം ചെയ്യേണ്ടിവരും. 

സമുദ്രങ്ങളിലും പുഴകളിലും കിണറുകളിലും തടാകങ്ങളിലുമായി  ഭൂമിയുടെ 70 ശതമാനത്തിലധികം വരുന്ന വര്‍ധിച്ച അളവിലുള്ള ജലം എവിടെനിന്നാണ് ഈ ഗോളത്തിലെത്തിയത്? എന്തു കൊണ്ടാണ് മറ്റു ഗ്രഹങ്ങളില്‍ ഈ രൂപത്തില്‍ വെള്ളം കാണപ്പെടാത്തത്? നാല് ബില്യന്‍ വര്‍ഷത്തിലധികമായി ഈ ഗോളത്തിന്റെ ജീവരക്തമായി ജലം വറ്റാതെ നിലനില്‍ക്കാന്‍ കാരണമെന്താണ്? പരിമിതമായ അറിവ് മാത്രം നല്‍കപ്പെട്ട മനുഷ്യന്റെ തലപുകക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന്റെ വചനമായ ഖുര്‍ആനേക്കാള്‍ ഉത്തമമായ ഒരു അവലംബവും കാണുക സാധ്യമല്ല.  

ഭൂമിയില്‍ മനുഷ്യവാസം തുടങ്ങിയിട്ട് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മാത്രമേ പിന്നിട്ടിട്ടുള്ളൂ. ആദി മനുഷ്യന്‍ മുതലുള്ള മാനവരാശിയുടെ അറിവും അനുഭവവും രേഖപ്പെടുത്തിവെച്ചാല്‍ പോലും കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഭൂമിയിലെ ജലസാന്നിധ്യത്തെക്കുറിച്ച വ്യക്തമായ അറിവ് ലഭിക്കുകയില്ല. ദൈവവചനവും അത്ഭുതങ്ങളിലെ അത്ഭുതവുമായ ഖുര്‍ആന്‍ ഈ വിഷയത്തില്‍ വല്ലതും പറയുന്നുണ്ടോ എന്ന അന്വേഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. ആധുനിക ശാസ്ത്ര ഗവേഷണ നിരീക്ഷണങ്ങളേക്കാളും വിസ്മയകരമായ ശാസ്ത്ര സത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ ഈ വിഷയത്തിലും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. 

ഏകദേശം നാല് ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ ആവിര്‍ഭാവ കാലത്ത് ഭൂമിയുടെ രൂപം ഇതുപോലെയായിരുന്നില്ല. അന്ന് ഈ ഹരിത ഗ്രഹത്തില്‍  വെള്ളമുണ്ടായിരുന്നില്ല എന്നു മാത്രമല്ല അന്നത്തെ ഭൂമിയുടെ ഊഷ്മാവ് 5000 ഡിഗ്രി സെന്റിഗ്രേഡായിരുന്നു. അതിനു പുറമെ മണിക്കൂറില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ വേഗതയുള്ള കാറ്റും അടിച്ചുവീശിയിരുന്നു. ഒട്ടേറെ രാസവസ്തുക്കള്‍ വാതകരൂപത്തില്‍ നിലനിന്നിരുന്നുവെങ്കിലും വെള്ളത്തിന് ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ ഒരിക്കലും സാധ്യമായിരുന്നില്ല. പിന്നീട് മില്യന്‍ കണക്കിനു വര്‍ഷങ്ങള്‍ നീണ്ടുനിന്ന വര്‍ഷപാതത്തിലൂടെ ഭൂമി ക്രമേണ തണുക്കുകയും ഇന്ന് നാം കാണുന്ന രൂപത്തില്‍ അത് വാസയോഗ്യമായിത്തീരുകയും അതിന്റെ മുക്കാല്‍ ഭാഗത്തിലധികം ജലം കൊണ്ട് മൂടുകയും ചെയ്തു.

ഭൂമിയിലെ ജല സ്രോതസ്സിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഭൗമ ജലത്തിന്റെ ഉറവിടം ഉല്‍ക്കകളാണെന്നും വാല്‍നക്ഷത്രങ്ങളാണെന്നും ഊര്‍ട്ട് മേഘങ്ങളാണെന്നും അഭിപ്രായങ്ങളുണ്ട്. ഈ മൂന്ന് മാര്‍ഗത്തില്‍ ഏതിലൂടെയാണെങ്കിലും ജലവാഹിനികളായ ഇവ ഭൂമിയില്‍ പതിച്ചയുടനെ അവയിലൂള്ള ജലം ഭൂമിയുടെ താപം മൂലം നീരാവിയായി മാറുകയും അന്തരീക്ഷ പാളികള്‍ ഈ നീരാവിയെ ബഹിരാകാശത്തേക്ക് പോകാതെ സംരക്ഷിക്കുകയും ചെയ്തിരിക്കാം. സമുദ്രജലത്തിലും ഹാലി എന്ന വാല്‍ നക്ഷത്രത്തിലും കാണപ്പെടുന്ന ഉലൗലേൃശൗാ (ഡിറ്റീരിയം) എന്ന ഐസോട്ടോപ്പാണ് ഇത്തരം ഒരു നിഗമനത്തിലെത്താന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. ഭൂമിയിലെ ജലത്തെക്കുറിച്ച് ഇപ്പറഞ്ഞ നിരീക്ഷണങ്ങള്‍ക്കു പുറമെ  വേറെയും നിഗമനങ്ങളുണ്ട്.  

പല മാര്‍ഗങ്ങളിലൂടെയും ഭൂമിയില്‍ പതിച്ച വെള്ളം നീരാവിയായി മാറിയെങ്കിലും അത് അന്തരീക്ഷപാളി വിട്ടുപോകാതെ ഘനീഭവിച്ചു നില്‍ക്കുകയും പിന്നീട് മില്യന്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പേമാരിയായി അത് വര്‍ഷിക്കുകയും ചെയതതുകൊണ്ടാണ് ഭൂഗോളത്തിന്റെ മുക്കാല്‍ ഭാഗവും മൂടിയ ഈ ജലസമ്പത്ത് രൂപപ്പെട്ടതെന്നാണ് ശാസ്ത്ര ഗവേഷണ നിരീക്ഷണങ്ങളുടെ പൊതുനിഗമനം. സുദീര്‍ഘമായ കാലയളവ് നീണ്ടുനിന്ന ഒരു പേമാരിയിലൂടെ മാത്രമേ പതിനായിരക്കണക്കിന് മീറ്റര്‍ ആഴമുള്ള സമുദ്രാന്തര്‍ഭാഗം നിറക്കാന്‍ സാധിക്കുകയുള്ളൂ. പിന്നീട് ഈ ജലത്തിന്റെ ഒരംശം നീരാവിയായി മേല്‍പ്പോട്ടുയരുകയും വീണ്ടും മഴയായി വര്‍ഷിക്കുകയും ചെയ്തുകൊണ്ട് ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ ഒരു ജലചക്രം രൂപപ്പെടുകയായിരുന്നു.  ജീവഭൂമിയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഏറ്റക്കുറവിനനുസരിച്ച് ഈ ജലം ബാഷ്പീകരിച്ച് പെയ്യുന്ന വര്‍ഷപാതത്തിന്റെ അളവിലും വ്യതിയാനം സംഭവിച്ചിട്ടുണ്ട്. സമുദ്രജലം ബാഷ്പീകരിച്ച് മേലോട്ട് ഉയരുന്ന സമയത്ത് ഉപ്പിന്റെ അംശം കൂടിക്കലരാത്തതുകൊണ്ടാണ് ശുദ്ധമായ മഴവെള്ളം നമുക്ക് ലഭിക്കുന്നത്. ഇക്കാര്യം ഒരു ദൃഷ്ടാന്തമായി ഖുര്‍ആന്‍ സൂറത്ത് അല്‍വാഖിഅ 68,69,70 വചനങ്ങളില്‍ എടുത്തുപറയുന്നുണ്ട്.  

ഭൂമിയില്‍ രണ്ട് രൂപത്തിലുള്ള വര്‍ഷപാതം സംഭവിച്ചിട്ടുണ്ട് എന്നാണ് ശാസ്ത്ര നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒന്ന് മില്യന്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന അതിശക്തമായ പേമാരി. ഈ പെരുമഴയാണ് കത്തിജ്ജ്വലിക്കുന്ന ഭൂമിയെ തണുപ്പിക്കുകയും ഭൂമിയിലെ ജലാശയങ്ങളില്‍ വെള്ളം നിറയാന്‍ നിമിത്തമാവുകയും ചെയ്തത്. പിന്നീട് ആ വെള്ളം അന്തരീക്ഷ താപത്തിനനുസരിച്ച് ബാഷ്പീകരിച്ചിട്ടാണ് സാധാരണ നാം കാണുന്ന മഴ വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. ഈ രണ്ട് രൂപത്തിലുള്ള മഴയെക്കുറിച്ചും വ്യക്തമായ പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ അടങ്ങിയിട്ടുണ്ട് എന്ന വസ്തുത വേദഗ്രന്ഥത്തിന്റെ ദൈവികത വെളിപ്പെടുത്തുന്നതാണ്. 

അല്ലാഹു ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിച്ചുവെന്ന് ഖുര്‍ആന്‍ ധാരാളം വചനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇതിനായി അറബി ഭാഷയിലെ 'നസല' എന്ന ക്രിയയുടെ രണ്ട് രൂപങ്ങളാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളത്; നസ്സല, അന്‍സല. മലയാള ഭാഷയില്‍ ഇറക്കി എന്ന അര്‍ഥമാണ് രണ്ട് പ്രയോഗങ്ങള്‍ക്കുമുള്ളത്. എന്നാല്‍ നസ്സല എന്ന പദം അതിന്റെ ഭാഷാ ഘടനയനുസരിച്ച് ദീര്‍ഘ നാള്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, അന്‍സല എന്ന പദപ്രയോഗത്തില്‍ പ്രക്രിയക്ക് കാലദൈര്‍ഘ്യം ആവശ്യമായി വരുന്നില്ല. ഖുര്‍ആന്‍ ആലുഇംറാന്‍ മൂന്നാം വചനത്തില്‍  ഈ രണ്ട് പദപ്രയോഗങ്ങളും വന്നിട്ടുണ്ട്. ഇതില്‍ നസ്സല എന്ന പദം ഖുര്‍ആന്‍ ഇറക്കിയതിനെക്കുറിച്ചും അന്‍സല എന്ന പദം തൗറാത്ത്, ഇഞ്ചീല്‍ എന്നിവ ഇറക്കിയതിനെക്കുറിച്ചുമാണ് പറയുന്നത്. ഖുര്‍ആന്‍ ഇറങ്ങിയത് 23 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു ദീര്‍ഘ കാലയളവിലാണ്. അതുകൊണ്ടാണ് നസ്സല എന്ന് പ്രയോഗിച്ചത്. എന്നാല്‍ തൗറാത്തും ഇഞ്ചീലും ഇറങ്ങിയത് ദീര്‍ഘമായ കാലയളവിലല്ലാത്തതുകൊണ്ടാണ് അവ ഇറക്കിയതിനെക്കുറിച്ച് അന്‍സല എന്ന പദം  പ്രയോഗിച്ചത്. അതേ സമയം, ഖുര്‍ആന്‍ അനുഗ്രഹത്തിന്റെ രാത്രിയില്‍ അവതരിച്ചു എന്ന് പറയുന്നിടത്ത് അന്‍സല എന്ന പദം തന്നെയാണ് പ്രയോഗിച്ചിട്ടുള്ളത്. കാരണം ആ രാത്രിയില്‍ ലൗഹുല്‍ മഹ്ഫൂളില്‍നിന്ന് ഒന്നാം ആകാശത്തേക്ക് ഖുര്‍ആന്‍ ഒന്നിച്ച് ഇറക്കിയതിനെക്കുറിച്ചാണ് പറയുന്നത്. പിന്നീട് അവിടെനിന്ന് ഘട്ടംഘട്ടമായി 23 വര്‍ഷത്തെ കാലയളവില്‍ നബി(സ)ക്ക് അവതരിക്കുകയുമാണുണ്ടായത്. ഖുര്‍ആന്‍ അവതരണത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഇറക്കിയതിനെക്കുറിച്ച് അന്‍സല എന്നും രണ്ടാമത് ഇറക്കിയതിനെ കുറിച്ച് നസ്സല എന്ന പദവുമാണ് പ്രയോഗിച്ചിട്ടുള്ളത്. 

ആകാശത്തുനിന്ന് വെള്ളമിറക്കി എന്ന് പറയുന്നിടത്തും നസ്സല, അന്‍സല എന്നീ രണ്ട് പദങ്ങളും ഖുര്‍ആനില്‍ പ്രയോഗിച്ചതായി കാണാം. ഈ വചനങ്ങള്‍  സൂക്ഷ്മമായി വിശകലനം ചെയ്യുകയാണെങ്കില്‍ നസ്സല എന്ന പദം പ്രയോഗിച്ചത് മില്യന്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന മഴയെക്കുറിച്ചും അന്‍സല എന്നു പറഞ്ഞത് ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കുന്ന മഴയെക്കുറിച്ചുമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ആകാശത്തുനിന്നും വെള്ളമിറക്കി അതുമൂലം സസ്യങ്ങളും ചെടികളും കായ്കനികളും ഫലവര്‍ഗങ്ങളും ഉണ്ടാക്കി എന്ന് ഖുര്‍ആന്‍ പല വചനങ്ങളിലായി, വ്യത്യസ്ത രൂപത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വചനങ്ങളിലെല്ലാം തന്നെ അന്‍സല എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. കാരണം, ആ മഴ നമുക്ക് പരിചിതമായതാണ്. മേഘങ്ങളില്‍നിന്നും ശുദ്ധജലമിറക്കി, നിങ്ങള്‍ക്കുള്ള കുടിനീരിറക്കി, ആ വെള്ളം മൂലം ഭൂമിയെ ഹരിത ഭംഗിയുള്ളതാക്കി എന്ന് പറയുന്നിടത്തും ഖുര്‍ആന്‍ അന്‍സല എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. കാരണം അതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന മഴയാണ്. അല്‍അഅ്‌റാഫ് 57, അല്‍കഹ്ഫ് 45, യൂനുസ് 24, അല്‍ഹജ്ജ് 50, അന്നബഅ് 14, അല്‍ഹിജ്ര്‍ 22, അല്‍മുഅ്മിനൂന്‍ 18, അല്‍ഫുര്‍ഖാന്‍ 48, അല്‍ഹജ്ജ് 663 എന്നീ വചനങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാം.

മഴയിറക്കിയതിനെക്കുറിച്ച് നസ്സല എന്ന പദം പ്രയോഗിച്ചത്, അല്‍ അന്‍കബൂത്ത് 63, അസ്സുഖ്‌റുഫ് 11 എന്നീ വചനങ്ങളിലാണ്. ഈ സൂക്തങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവയോട് അനുബന്ധിച്ച് കുടിനീര്, സസ്യങ്ങള്‍, ഫലവര്‍ഗങ്ങള്‍ എന്നീ അനുഗ്രഹങ്ങള്‍ എടുത്തുപറയുന്നതായി കാണുന്നില്ല. മറിച്ച് നിര്‍ജീവമായ ഭൂമിയെ പുനരുജ്ജീവിപ്പിച്ചു എന്നു മാത്രമാണ് അവയില്‍ പറയുന്നത്. അപ്പോള്‍ ജ്വലിക്കുന്ന ഭൂമിയെ ജീവയോഗ്യമാക്കിയതും മില്യന്‍ കണക്കിന് വര്‍ഷങ്ങളോളം പെയ്തിറങ്ങിയതുമായ പേമാരിയെക്കുറിച്ചാണ് നസ്സല എന്ന പദം ഉള്‍ക്കൊള്ളുന്ന ഈ ഖുര്‍ആന്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം ഈ പെരുമഴ കാരണമായി സസ്യങ്ങള്‍ മുളക്കുകയോ ഫലവര്‍ഗങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. അതുപോലെ ആ വെള്ളം കുടിക്കാന്‍ അന്ന് ഭൂമുഖത്ത് മനുഷ്യരോ കാലികളോ ജീവിച്ചിരിക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍ അന്‍സല എന്ന പദം ഉള്‍ക്കൊള്ളുന്ന വചനങ്ങളിലെല്ലാം തന്നെ അനുബന്ധമായി ചെടികളെയും കായ്കനികളെയും കുടിവെള്ളത്തെയും കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട്. ഒരു ക്രിയയുടെ  സമാന അര്‍ഥത്തിലുള്ള രണ്ട് വകഭേദങ്ങളിലൂടെ ഖുര്‍ആന്‍ രണ്ട് ബൃഹത്തായ ആശയ തലങ്ങളാണ് സൂചിപ്പിക്കുന്നത്. ഒരു ക്രിയാ ധാതുവിനു തന്നെ അനവധി വകഭേദങ്ങള്‍ എന്നത്  അറബി ഭാഷയുടെ മാത്രം പ്രത്യേകതയാണ്. അറബി ഭാഷയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. 

ആകാശത്തുനിന്ന് രണ്ട് രൂപത്തിലുള്ള മഴയാണ് ഭൂമിയില്‍ വര്‍ഷിച്ചിട്ടുള്ളത്. ഒന്ന് ബില്യന്‍ കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് മില്യന്‍ കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന പെരുമഴക്കാലം. രണ്ടാമത്തേത് മഴക്കാല സീസണുകളില്‍ പെയ്തിറങ്ങുന്ന സാധാരണ മഴ. ഈ രണ്ട് മഴയുടെയും ഗുണവിശേഷണങ്ങള്‍ വിവരിക്കാന്‍ പേജുകള്‍ തന്നെ വേണ്ടിവരും. എന്നാല്‍ ഖുര്‍ആന്‍ നസ്സല, അന്‍സല എന്നീ രണ്ട് പദങ്ങള്‍ കൊണ്ടാണ് ഈ ഗഹനമായ ആശയങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പദപ്രയോഗത്തിലൂടെ അറബി സാഹിത്യത്തിലെ അതികായന്മാരെയും ആധുനിക ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരെയും വെല്ലുവിളിക്കുകയും അതിശയിപ്പിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

 

മഴയും മേഘങ്ങളും 

ആകാശത്തുനിന്നും  ശുദ്ധജലമിറക്കിയത് അല്ലാഹുവിന്റെ അനുഗ്രഹമായിട്ടാണെന്ന് ഖുര്‍ആന്‍ എടുത്തു പറയുന്നു: ''ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍നിന്ന് ഇറക്കിയത്, അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അത് ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തെതെന്താണ്?'' (56:68-70). മേഘത്തില്‍നിന്ന് മഴവെള്ളം ഇറക്കിയതും അതിനെ ഉപ്പുരുചിയില്‍നിന്ന് മുക്തമാക്കിയതുമാണ് ഈ വചനങ്ങളില്‍ അല്ലാഹു ഊന്നിപ്പറയുന്നത്. 

ഭൂമിയില്‍നിന്ന് നീരാവിയായിപ്പോകുന്ന വെള്ളം സമുദ്രനിരപ്പില്‍നിന്ന് 7 മുതല്‍ 16 വരെ കിലോമീറ്റര്‍ ഉയരത്തില്‍ തങ്ങിനില്‍ക്കുകയും അത് അവിടെ വെച്ച് മേഘമായി രൂപപ്പെടുകയുമാണ് ചെയ്യുന്നത്. സമുദ്രനിരപ്പില്‍നിന്ന് മേല്‍പ്പോട്ടുയരുന്നതിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞുവരുന്നു. മേഘ മണ്ഡലത്തിലെത്തുമ്പോള്‍ താപനില വളരെ താഴുകയും അവിടെ വെച്ച് മഴ മേഘം രൂപപ്പെടുകയും ചെയ്യും. 

മേഘങ്ങള്‍ സ്ഥിതിചെയ്യുന്ന ദൂരം, അവയുടെ ആകൃതി, നിറങ്ങള്‍ എന്നിവ പരിഗണിച്ച് മേഘങ്ങളെ പല ഇനങ്ങളായി തിരിച്ചിട്ടുണ്ട്. അവയെ വേണമെങ്കില്‍ നൂറിലേറെ ഇനങ്ങളായി തരംതിരിക്കാന്‍ കഴിയും. എന്നാല്‍ അവയില്‍ വളരെ കുറച്ച് ഇനങ്ങള്‍ മാത്രമേ മഴമേഘങ്ങളായി പരിഗണിക്കുന്നുള്ളൂ. അതിലൊന്ന് ഭൂമിയിലെ പര്‍വതനിരകള്‍ പോലുള്ള കൂറ്റന്‍ മേഘക്കൂട്ടങ്ങളാണ്. അവക്ക് കിലോമീറ്ററുകളോളം കട്ടിയുണ്ടാകും. ഇടിമിന്നലുകളും ആലിപ്പഴവും ഈ കനത്ത മേഘത്തില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഈ മേഘത്തെ അപേക്ഷിച്ച് താരതമ്യേന കനം കുറഞ്ഞ മറ്റൊരു മഴമേഘം കൂടിയുണ്ട്. അടുക്കുകളായി കാണപ്പെടുന്ന ഇവ കിലോമീറ്ററുകളോളം നീണ്ടുകിടക്കാറുണ്ട്. ഇടിമിന്നലുകളും ആലിപ്പഴവും ഈ മേഘങ്ങളില്‍നിന്ന് ഉാകാറില്ല. മഴമേഘങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം മേഘങ്ങളില്‍നിന്ന് എപ്പോഴും മഴ വര്‍ഷിക്കണമെന്നില്ല. അതിന് വേറെയും ചില ഘടകങ്ങള്‍ ഒത്തുവരേണ്ടതുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പവും ഊഷ്മാവും അതില്‍ പ്രധാന ഘടകങ്ങളാണ്. അല്ലാഹുവിന്റെ കല്‍പനപ്രകാരം അനുകൂല ഘടകങ്ങള്‍ ഒത്തുകൂടിയാല്‍ രണ്ടാമത് പറഞ്ഞ മേഘത്തില്‍നിന്നാണ് വ്യാപകമായ പേമാരി ലഭിക്കാറുള്ളത്. 

മേഘങ്ങളെ സൃഷ്ടിക്കാനോ അവയെ മഴ പെയ്യുന്ന പരുവത്തിലാക്കാനോ മനുഷ്യനു കഴിയുകയില്ല. ലക്ഷണമൊത്ത മേഘങ്ങളില്‍നിന്ന് വേണമെങ്കില്‍ പരിമിതമായ വിജയ സാധ്യതയോട് കൂടി കൃത്രിമ മഴ പെയ്യിക്കാന്‍ കഴിഞ്ഞെന്നു വരും. എങ്കില്‍തന്നെയും മഴയുടെ അളവും അത് ലഭിക്കുന്ന സ്ഥലവും കൃത്യമായി പ്രവചിക്കാന്‍ സാധിക്കുകയില്ല. കാലാവസ്ഥാ നിരീക്ഷകര്‍ അന്തരീക്ഷ മര്‍ദം പരിശോധിച്ച് മഴ വര്‍ഷിക്കുന്നതിനെക്കുറിച്ച് പ്രവചനം നടത്താറുണ്ടെങ്കിലും അതൊരിക്കലും കൃത്യവും കുറ്റമറ്റതുമാകാറില്ല. 

മഴവെള്ളത്തില്‍ ഉപ്പിന്റെ അംശം കലരാത്തതാണ് മറ്റൊരു അനുഗ്രഹമായി അല്ലാഹു എടുത്ത് പറയുന്നത്. ആകാശത്തിലേക്ക് നീരാവിയായി പോകുന്ന വെള്ളത്തിന്റെ നല്ലൊരു ശതമാനവും സമുദ്രത്തില്‍നിന്നാണ്. സമുദ്ര ജലത്തിലെ ഉപ്പിന്റെ അംശം കണക്കാക്കുന്നത് ആയിരത്തില്‍ 34-36 അംശം എന്ന തോതിലാണ്. ചെങ്കടലില്‍  ഉപ്പിന്റെ സാന്ദ്രത ആയിരത്തില്‍ 41 അംശം എന്ന തോതിലാണ്. സമുദ്ര ജലത്തിലെ ഉപ്പിന്റെ അളവ് ചുറ്റുപാടുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാറുണ്ട്. ആകാശത്തുനിന്ന് മഴയായും ആലിപ്പഴമായും വര്‍ഷിക്കുന്ന വെള്ളം പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ ജലമാണ്. അതില്‍ ഉപ്പിന്റെ അംശം ഒരു മില്യനില്‍ ഇരുപത് അംശം മാത്രമാണുള്ളത്. എന്നാല്‍ മഴവെള്ളം ഭൂമിയില്‍ പതിച്ച് മണ്ണിലൂടെ സഞ്ചരിക്കുന്നതോടുകൂടി പ്രകൃതിയിലെ ഉപ്പിന്റെ അംശം അതില്‍ കലരുകയും പിന്നീട് അതിലെ ഉപ്പിന്റെ തോത് ഒരു മില്യനില്‍ ആയിരം അംശം എന്ന രൂപത്തില്‍ വര്‍ധിക്കുകയും ചെയ്യും. 

സമുദ്ര ജലത്തില്‍നിന്ന് നീരാവിയായി പോകുന്ന ജലം അതിലെ ഉപ്പിന്റെ അംശത്തോടു കൂടിയാണ് മേലോട്ടുയരുന്നതെങ്കില്‍ മഴവെള്ളത്തിലും ഉപ്പുലവണങ്ങള്‍ കാണപ്പെടുമായിരുന്നു. എങ്കില്‍ അതുകൊണ്ട് ശുദ്ധജലത്തിന്റെ ആവശ്യങ്ങളൊന്നും നിര്‍വഹിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ കാരുണ്യവാനായ അല്ലാഹു ഭൂമിയിലെ സസ്യങ്ങളുടെയും മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പിന് ആധാരമായ ശുദ്ധജലം തന്നെയാണ് ആകാശത്തുനിന്ന് വര്‍ഷിപ്പിക്കുന്നത്. ഇക്കാര്യം ഖുര്‍ആനില്‍ ധാരാളം വചനങ്ങളില്‍ സൂചിപ്പിക്കുന്നു്; ''അവനാണ് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നത്, അതില്‍നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍നിന്നുതന്നെയാണ് നിങ്ങള്‍ക്ക് കാലികളെ മേയ്ക്കാനുള്ള ചെടികളുമുണ്ടാകുന്നത്. ആ വെള്ളം കൊണ്ട് ധാന്യവിളകളും ഒലീവും ഈന്തപ്പനയും മുന്തിരികളും എല്ലാതരം ഫലവര്‍ഗങ്ങളും നിങ്ങള്‍ക്ക് അവന്‍ മുളപ്പിച്ചു തരുന്നു. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്'' (16:10,11). 

മേഘങ്ങള്‍ രൂപപ്പെടുന്നതും അവയില്‍നിന്ന് മഴ വര്‍ഷിക്കുന്നതും ഇടിമിന്നലുകളുണ്ടാകുന്നതും ആലോചനാ വിഷയമാക്കാന്‍ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നുണ്ട്: ''അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ടുവരികയും എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും എന്നിട്ടവന്‍ അതിനെ അട്ടിയാക്കുകയും ചെയ്യുന്നത് നീ കണ്ടില്ലേ. അപ്പോള്‍ അതിനിടയിലൂടെ മഴ പുറത്തുവരുന്നതായി നിനക്ക് കാണാം. ആകാശത്തുനിന്ന് അവിടെയുള്ള മലകള്‍ പോലുള്ള മേഘക്കൂമ്പാരത്തില്‍നിന്ന് അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് അവന്‍ തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ റാഞ്ചിക്കളയുമാറാകുന്നു'' (അന്നൂര്‍ 43). 

സമുദ്രനിരപ്പില്‍നിന്ന് മേലോട്ടുയരുന്നതിനനുസരിച്ച് അന്തരീക്ഷ താപം കുറഞ്ഞുവരികയും ഏഴ് മുതല്‍ 20 കിലോമീറ്റര്‍ ഉയരത്തില്‍ വളരെയധികം തണുക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം അല്ലാഹു സംവിധാനിച്ചതുകൊണ്ടാണ് ഭൂമിയില്‍നിന്നുയരുന്ന നീരാവി തണുത്തുറഞ്ഞ് മേഘങ്ങളുണ്ടാകുന്നത്. മേഘങ്ങളെ സംയോജിപ്പിക്കുകയും മഴവര്‍ഷിക്കേണ്ടിടത്തേക്ക് അവയെ സഞ്ചരിപ്പിക്കുകയും ചെയ്യുന്നത്  കാറ്റുകളാണ്. ഭൂമിയിലെ അന്തരീക്ഷത്തിലെ ഏറ്റക്കുറവാണ് കാറ്റിന്റെ ചലനത്തിന്റെ ഗതി നിര്‍വഹിക്കുന്നത്. ഭൂമി സൂര്യനു ചുറ്റും 66.5 ഡിഗ്രി ചെരിവില്‍ കറങ്ങുന്നതുകൊണ്ടാണ് ഭൂമിയിലെ താപനില വ്യത്യാസപ്പെടുകയും  തണുത്തതും ചൂടുള്ളതുമായ കാറ്റുകള്‍ അടിച്ചുവീശുകയും ചെയ്യുന്നത്. ഭൂമിയിലെ നിമ്‌നോന്നതികളും ഈ രംഗത്ത് അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്. സര്‍വജ്ഞാനിയായ ഒരു രക്ഷിതാവിന്റെ ആസൂത്രണമില്ലാതെ ഇത്തരം പ്രതിഭാസങ്ങള്‍ ഒരിക്കലും നടക്കുകയില്ല. 'കാറ്റുകളുടെ ഗതിനിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്' (45:5) എന്ന ഖുര്‍ആന്‍ വചനം ഇവിടെ സ്മരണീയമാണ്. 

മേഘങ്ങള്‍ പല ഇനങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ മൂന്ന് ഇനങ്ങളില്‍നിന്നാണ് പ്രധാനമായും മഴ വര്‍ഷിക്കാറുള്ളത്. അവയുടെ വിശേഷണങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവയെല്ലാം ഖുര്‍ആനില്‍ പരാമര്‍ശിച്ച മേഘങ്ങളോട് യോജിക്കുന്നതായി കാണാം. അവയിലൊന്ന് കൂമ്പാര മേഘമാണ് (Heap Clouds). കോളിഫ്‌ളവര്‍ ആകൃതിയിലുള്ള ഇവ വളരെ പ്രകടമായി കാണുന്നതും വളരെ വ്യാപ്തിയുള്ളതുമാണ്. ഇവക്ക് ഭൂമിയില്‍നിന്ന് ഇരുപത് കിലോമീറ്റര്‍ വരെ ഉയരം കാണുന്നുണ്ട്. മറ്റൊന്ന് കുമുലസ് മേഘങ്ങളാണ് (Cumulus Clouds).   കുമുലസ് എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ഥം തന്നെ കൂമ്പാരമാകുക എന്നാണ്. പഞ്ഞിക്കെട്ടുകള്‍ പോലുള്ള ഇവയില്‍നിന്നാണ് ആലിപ്പഴവും ഇടിമിന്നലുകളുമുണ്ടാകുന്നത്. ഒന്നിനു മുകളില്‍ മറ്റൊന്നായി കാണപ്പെടുന്ന അട്ടിമേഘങ്ങളും (Layer Clouds) മഴമേഘങ്ങളില്‍ പെട്ടതു തന്നെയാണ്. 

നീരാവി മേലോട്ടുയര്‍ന്ന് മേഘങ്ങള്‍ രൂപപ്പെട്ടതുകൊണ്ടു മാത്രം മഴ വര്‍ഷിക്കുകയില്ല. അല്ലാഹുവിന്റെ കല്‍പന പ്രകാരം കാറ്റുകള്‍ അവയെ വഹിച്ചു കൊണ്ടു വന്ന്, കേന്ദ്രീകൃത മേഖലകള്‍ (Convergence Zones) എന്ന് ശാസ്ത്രം വിളിക്കുന്ന പ്രദേശത്ത് അവ ഒരുമിച്ചുകൂടേണ്ടതുണ്ട്. അതുപോലെ മേഘലയനം (Cloud Merging) എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരു പ്രക്രിയയും നടക്കേണ്ടതുണ്ട്. മേഘ സംയോജനത്തിനിടയില്‍ വിപരീത ചാര്‍ജുള്ളവ കൂട്ടിമുട്ടുമ്പോഴാണ് ഇടിമിന്നല്‍ പ്രതിഭാസങ്ങളുണ്ടാകുന്നത്. മേഘലയനം കാരണം മേലോട്ടുയരുന്ന വായുപ്രവാഹം വീണ്ടും നീരാവിയെയും മേഘങ്ങളെയും ആകര്‍ഷിക്കുകയും കാര്‍മേഘം ഭീമാകാരമായ ഒരു കൂമ്പാരമായിത്തീരുകയും ചെയ്യും. ഈ മേഘത്തിന്റെ വലിപ്പം അല്ലാഹു ഉദ്ദേശിച്ച തോതിലെത്തുമ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന അളവില്‍ അതില്‍നിന്ന് അവന്‍ മഴ വര്‍ഷിപ്പിക്കുകയും ചെയ്യും. മേഘക്കൂമ്പാരത്തിലെ താപനില  പൂജ്യത്തിനു താഴെ നാല്‍പതു വരെയെത്തുന്ന സന്ദര്‍ഭത്തിലാണ് ആലിപ്പഴവും മഞ്ഞുകട്ടകളും വര്‍ഷിക്കുന്നത്. ഇടിമിന്നലുകള്‍ പോലെ മേഘങ്ങളില്‍നിന്ന് മഞ്ഞുകട്ടകള്‍ വര്‍ഷിക്കുന്നതും ഒരു വിപത്താണ്. അത് ചിലര്‍ക്ക് ബാധിക്കുകയും മറ്റുചിലര്‍ അതില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണ്. ഖുര്‍ആന്‍ പറയുന്നതുപോലെ കാര്‍മേഘങ്ങളെ തെളിച്ചു കൊണ്ടുവന്ന് സമാഹരിച്ച് അവയെ അടുക്കുകളായി സംയോജിപ്പ് അവയില്‍നിന്ന് മഴയും ആലിപ്പഴവും ഇടിമിന്നലും ഉണ്ടാക്കുന്നത് അല്ലാഹുവാണ്. ഈ പ്രതിഭാസങ്ങളെ നിര്‍മിക്കാനും നിയന്ത്രിക്കാനും മനുഷ്യന്‍ തീര്‍ത്തും നിസ്സഹായനാണ്. ആ നിസ്സഹായത വലിയ അളവില്‍ അനുഭവിച്ചറിഞ്ഞതാണല്ലോ ഈ പ്രളയകാലത്ത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍