Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

ഹിജ്‌റ മഹത്തായ ലക്ഷ്യത്തിലേക്ക് വഴികള്‍ തുറക്കുന്ന യാത്ര

കെ.സി സലീം കരിങ്ങനാട്

ഇസ്‌ലാമിക സമൂഹത്തിന് പുത്തന്‍ പ്രതീക്ഷകളേകി ഒരു പുതിയ ഹിജ്‌റ വര്‍ഷം കൂടി. ജീവിതത്തിന്റെ സമസ്ത തലങ്ങളെയും നവീകരിക്കാനുള്ള ആഹ്വാനമാണ് യഥാര്‍ഥത്തില്‍ ഹിജ്‌റ. അതൊരിക്കലും കേവലം ഉപേക്ഷിച്ച് പോക്കോ ഒളിച്ചോട്ടമോ അല്ല. ഭൗതിക താല്‍പര്യങ്ങളെല്ലാം വെടിഞ്ഞ് ഇസ്‌ലാമിക സംസ്‌കൃതിയെ നിലനിര്‍ത്താനും ആദര്‍ശ പ്രബോധനത്തിന് അവസരമൊരുക്കാനുമുള്ള ധീരമായ ചുവടുവെപ്പാണത്. ഒരു മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്ര. ജനങ്ങളെ പേടിച്ച് ഒരു നാട്ടില്‍നിന്ന് മറ്റൊരു നാട്ടിലേക്ക് ഓടിപ്പോകുന്നതിന്റെ പേരല്ല ഹിജ്‌റ. അതൊരു ഓടിനോക്കുന്നവന്റെ ചുവടുവെപ്പാണ്. തിരിച്ചുവരവിന് വേണ്ടിയുള്ള ചുവടുവെപ്പ്. ഒരു നാടിന്റെ സമാധാനത്തിന് വേണ്ടിയുള്ള പലായനം. വഴികളെല്ലാം അടയുന്നുവല്ലോ എന്ന നിരാശ പടരുമ്പോള്‍ വിസ്മയം പോലെ പുതിയ വഴികള്‍ തുറക്കുകയാണ് ഹിജ്‌റ.

മുഹമ്മദ് നബി (സ) ഉള്‍പ്പെടെ പ്രവാചകന്മാരുടെ ചരിത്രത്തില്‍ നിര്‍ണായക വിജയങ്ങള്‍ ഇസ്‌ലാമിന് സമ്മാനിച്ച മാസമാണ് മുഹര്‍റം. നേരത്തേ അറബികളുടെ വര്‍ഷാരംഭ മാസമായിരുന്ന മുഹര്‍റം ഇസ്‌ലാമിക കലണ്ടറിലെ ഒന്നാമത്തെ മാസമായും തീരുമാനിക്കപ്പെടുകയായിരുന്നു. ഉമറുല്‍ ഫാറൂഖി(റ)ന്റെ ഭരണകാലത്ത് ഇസ്‌ലാമിക കലണ്ടര്‍ വേണമെന്ന അഭിപ്രായം മുസ്‌ലിം ലോകത്ത് ഉയര്‍ന്നു വന്നപ്പോള്‍ അന്ന് ജീവിച്ചിരുന്ന സ്വഹാബിമാര്‍ കൂടിയാലോചിച്ചെടുത്ത തീരുമാനമാണ് ഹിജ്‌റ വര്‍ഷം. നബി (സ) മക്കയില്‍ നീണ്ട പതിമൂന്ന് വര്‍ഷക്കാലം ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചു. ആദ്യ ഘട്ടത്തില്‍ വളരെ രഹസ്യമായി, പരിമിത വൃത്തങ്ങളില്‍ മാത്രമായിരുന്നു പ്രബോധന പ്രവര്‍ത്തനങ്ങള്‍. ക്രമേണ ഈ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ടിരുന്നു. ഇസ്‌ലാമിലേക്ക് ആളുകളുടെ കടന്നുവരവ് വര്‍ധിച്ചു.

ഇബ്‌റാഹീം നബിയെപ്പോലെ ഒരൊറ്റ മുസ്‌ലിമും ഇല്ലാത്ത സമൂഹത്തില്‍ ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ച പ്രവാചകനാണ് മുഹമ്മദ് നബി (സ). ആ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് ആദര്‍ശ ധീരതയുടെ എക്കാലത്തെയും മാതൃകകളായ ബിലാലും സുമയ്യയും അമ്മാറുമെല്ലാം. 'ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഒരു മുന്നറിയിപ്പുകാരനാണ്' എന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു പ്രവാചകന്‍. അതിന്റെ ഫലമെന്നോണം രൂപംകൊണ്ട ഇസ്‌ലാമിക സമൂഹത്തിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട് ആ സമൂഹത്തിനകത്ത് ആശയക്കുഴപ്പമുാക്കാനുള്ള ശ്രമത്തിലായിരുന്നു ശത്രുക്കള്‍. അപ്പോഴാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം റസൂല്‍ മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്തത്. വിശുദ്ധ ഖുര്‍ആന്‍ ഇതേക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. ''പ്രവാചകാ, നിന്നെ കുഴപ്പത്തിലകപ്പെടുത്തി, നാം അയക്കുന്ന ദിവ്യസന്ദേശങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍നിന്ന് ഈ ജനം ഒരു വീഴ്ചയും വരുത്തിയിട്ടില്ല. നീ സ്വയംകൃത വചനങ്ങള്‍ നമ്മുടെ പേരില്‍ ആരോപിക്കാന്‍ വേണ്ടി. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും അവര്‍ നിന്നെ സുഹൃത്തായി സ്വീകരിക്കും'' (അല്‍ ഇസ്‌റാഅ്: 73). നബിക്ക് മക്കയില്‍ അഭിമുഖീകരിക്കേണ്ടി വന്ന പത്തു പന്ത്രണ്ട് വര്‍ഷക്കാലത്തെ അവസ്ഥയെപ്പറ്റിയാണ് പ്രസ്തുത സൂക്തം വിവരിക്കുന്നത്. മക്കയിലെ സത്യനിഷേധികള്‍ നബി(സ)യെ തൗഹീദ് പ്രബോധനത്തില്‍നിന്ന് തെറ്റിക്കാനും അവര്‍ അനുവര്‍ത്തിക്കുന്ന ശിര്‍ക്കു ജാഹിലിയ്യത്തുകളുമായി സന്ധി ചെയ്യിക്കാനുമുള്ള തീവ്രശ്രമമാണ് നടത്തിയിരുന്നത്. ''ഈ മണ്ണില്‍നിന്ന് നിന്റെ പാദമിളക്കാനും നിന്നെ ഇവിടെനിന്ന് പുറത്താക്കാനും അവര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതു നടക്കുകയാണെങ്കില്‍ പിന്നെ നിനക്കു ശേഷം അധികകാലമൊന്നും അവരവിടെ വാഴാന്‍ പോകുന്നില്ല'' (അല്‍ ഇസ്റാഅ്: 76). മക്കയിലെ നിഷേധികള്‍ നബി തിരുമേനിയെ സ്വദേശത്യാഗത്തിന് നിര്‍ബന്ധിതനാക്കുകയായിരുന്നു. പിന്നീട് എട്ടുവര്‍ഷത്തിലധികം വേണ്ടി വന്നില്ല, അവിടുന്ന് ജേതാവായി മക്കയില്‍ തിരികെ പ്രവേശിക്കാന്‍. തുടര്‍ന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ അറേബ്യന്‍ അര്‍ധദ്വീപ് സമ്പൂര്‍ണമായും ഇസ്‌ലാമിന്റെ വഴിയില്‍ നടന്നു.

''പ്രാര്‍ഥിക്കുക: 'നാഥാ, എന്നെ നീ എങ്ങോട്ടു കൊണ്ടുപോയാലും സത്യത്തോടൊപ്പം കൊണ്ടു പോകേണമേ, എവിടെനിന്നു പുറപ്പെടുവിക്കുകയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ, നിങ്കല്‍ നിന്നുള്ള ഒരു അധികാരശക്തിയെ എനിക്ക് തുണയാക്കി തരികയും ചെയ്യേണമേ!'' (അല്‍ ഇസ്‌റാഅ്: 80). ഈ പ്രാര്‍ഥന ദേശത്യാഗ (ഹിജ്റ)ത്തിന്റെ സമയം ആസന്നമായിരിക്കുന്നുവെന്ന സൂചനയാണ് നല്‍കിയത്. സത്യം എപ്പോഴും താങ്കളുടെ കൂടെ ഉണ്ടായിരിക്കണമെന്നും എവിടെനിന്ന് പുറത്തു പോവുകയാണെങ്കിലും സത്യത്തിനു വേണ്ടി പുറത്തു പോവണമെന്നും എവിടെ പ്രവേശിക്കുന്നതും സത്യത്തോട് കൂടിയായിരിക്കണമെന്നുമാണല്ലോ പ്രാര്‍ഥന. അങ്ങനെ തങ്ങളുടെ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ദൈവിക കല്‍പനകള്‍ക്കനുസൃതമായി എതോപ്യയിലേക്കും മദീനയിലേക്കും റസൂലും സ്വഹാബത്തും യാത്ര തിരിക്കുകയായിരുന്നു. വിശ്വാസി സമൂഹത്തിന്റെ ഉയിര്‍പ്പിന് വേിയുള്ള ഒരു യാത്ര. നാടുകളില്‍നിന്ന് നാടുകളിലേക്ക്, ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക്.  ഈ യാത്രയാണ് നമുക്കെന്നും പ്രചോദനം. ഇരുള്‍ പരക്കുന്ന കാലത്തും പ്രതീക്ഷകളൊരിക്കലും അസ്തമിക്കുന്നില്ലെന്ന് ഹിജ്റ നമ്മോട് വിളിച്ച് പറയുന്നു. 

 

ആസൂത്രണവും മുസ്ലിം സമൂഹവും

ഇസ്ലാമിനെ ഭൂമിലോകത്ത് നിന്ന് ഉന്മൂലനം ചെയ്യുകയെന്നത് പ്രതിയോഗികളുടെ എക്കാലത്തെയും വലിയ ലക്ഷ്യമായിരുന്നു. അതിനു വേണ്ടി അവര്‍ ആസൂത്രണങ്ങളും തന്ത്രങ്ങളും നിരന്തരം മെനഞ്ഞു കൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെന്നല്ല, വര്‍ത്തമാനത്തിലും അതിനൊട്ടും കുറവ് വന്നിട്ടില്ല. നബിയെയും ഇസ്‌ലാമിനെയും നിഷ്‌കാസനം ചെയ്യാന്‍ ശത്രുക്കള്‍ നടത്തിയ ആസൂത്രണങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പലയിടത്തായി വിവരിക്കുന്നുണ്ട്. ''നിന്നെ തടവിലാക്കുകയോ വധിച്ചു കളയുകയോ നാടു കടത്തുകയോ ചെയ്യുന്നതിന് വേണ്ടി സത്യവിരോധികള്‍ തന്ത്രങ്ങളാവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭവും അനുസ്മരണീയമാകുന്നു. അവര്‍ സ്വന്തം തന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്ത്രം പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സമര്‍ഥന്‍ അല്ലാഹുവത്രെ'' (അല്‍ അന്‍ഫാല്‍: 30). പക്ഷേ, നബിക്ക് മുമ്പില്‍ പ്രതിയോഗികളുടെ തന്ത്രങ്ങളൊക്കെയും പാളുകയാണ് ചെയ്തത്. ആസൂത്രണ മികവോടെ നടത്തിയ ഹിജ്‌റ എന്ന തന്ത്രം തടയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇസ്‌ലാമിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ഹിജ്‌റ. അതിന് വേണ്ടി മണ്ണും മനസ്സും ഒരുപോലെ പാകപ്പെടുത്തുകയായിരുന്നു പ്രവാചകന്‍. എത്ര വലിയ പ്രതിബന്ധങ്ങളുണ്ടായാലും വേറൊരു നാട്ടില്‍ പോയി ലക്ഷ്യം പൂര്‍ത്തീകരിക്കുകയെന്ന ചിന്തയിലാണ് പ്രവാചകന്‍ പുറപ്പെട്ടത്. കൃത്യവും വിദഗ്ധവുമായ ആസൂത്രണമുണ്ടായിരുന്നു ഹിജ്‌റക്ക് പിന്നിലെന്ന് അതിന്റെ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും.

ചരിത്രത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അത്ര ആശാവഹമല്ല. ഇന്നത്തെ മുസ്ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം ഒരു പക്ഷേ അവരുടെ മുന്നോട്ടു പോക്കിന് വലിയ തടസ്സമുണ്ടാക്കുന്നത് ആസൂത്രണമില്ലായ്മയാണ്. പല വിഭാഗങ്ങളും കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, മുസ്ലിം സമൂഹത്തിന്റെ സ്ഥിതി ഭിന്നമാണ്. ആശയ ഭിന്നതകളുടെ പേരില്‍ വിഘടിച്ച് നില്‍ക്കുന്ന മുസ്ലിം സമൂഹം, ഈ അവസ്ഥയില്‍നിന്ന് ഇനിയും മോചിതരായിട്ടില്ലെങ്കില്‍ ശത്രുക്കളുടെ തന്ത്രങ്ങള്‍ എളുപ്പത്തില്‍ വിജയം കാണുമെന്നത് സുനിശ്ചിതം. നിലനില്‍പ്പിനും പുരോഗതിക്കുമാധാരമായ ആസൂത്രണങ്ങളും നയതന്ത്രങ്ങളും കാലത്തിനനുസൃതമായി ആവിഷ്‌കരിക്കുകയാണ് മധ്യമ സമുദായമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച മുസ്‌ലിം സമൂഹത്തിന്റെ ഉത്തരവാദിത്തം. ഹിജ്‌റ മുസ്‌ലിം സമൂഹത്തെയേല്‍പ്പിക്കുന്ന വലിയ ദൗത്യവും മറ്റൊന്നല്ല. 

 

ഹിജ്‌റ നല്‍കുന്ന പാഠങ്ങള്‍

അല്ലാഹുവിനെ ഭരമേല്‍പ്പിച്ചാല്‍ അവന്‍ കാവലുണ്ടെന്ന വലിയ പാഠമാണ് ആത്യന്തികമായി ഹിജ്‌റ നല്‍കുന്നത്. നമ്മുടെ ജീവിതം പൂര്‍ണമായും അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിച്ചാല്‍ ഏത് പ്രതിബന്ധങ്ങളെയും അതിജീവിക്കാം. അതിന് ചരിത്രം സാക്ഷിയാണ്. ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് പ്രവാചകന്‍ എങ്ങനെ രക്ഷപ്പെട്ടുവെന്ന കഥ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ''നിങ്ങള്‍ പ്രവാചകനെ സഹായിക്കുന്നില്ലെങ്കില്‍ സാരമില്ല, സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടിലൊരാള്‍ മാത്രമായിരുന്നപ്പോള്‍ അവരിരുവരും ആ ഗുഹയിലിരുന്നപ്പോള്‍, അദ്ദേഹം തന്റെ സഖാവിനോട് 'വ്യസനിക്കാതിരിക്കുക, അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്നു പറഞ്ഞപ്പോള്‍ ആ സന്ദര്‍ഭത്തില്‍ അല്ലാഹു അവങ്കല്‍നിന്നുള്ള മനസ്സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുത്തു. നിങ്ങള്‍ക്കു ദൃഷ്ടിഗോചരമല്ലാത്ത ഒരു സൈന്യത്താല്‍ അദ്ദേഹത്തെ സഹായിച്ചു. നിഷേധികളുടെ വചനത്തെ അവന്‍ താഴ്ത്തിക്കളഞ്ഞു. അല്ലാഹുവിന്റെ വചനം തന്നെയാണ് അത്യുന്നതം. അല്ലാഹു അജയ്യനും യുക്തിമാനുമല്ലോ'' (അത്തൗബ: 40). മക്കയിലെ അവിശ്വാസികള്‍ നബി(സ)യെ വധിക്കാന്‍ തീരുമാനിച്ചുറച്ച സന്ദര്‍ഭത്തെക്കുറിച്ചാണിത്. കൊല നടത്താന്‍ നിശ്ചയിച്ച അതേ രാത്രി നബി മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്തു. അതിന് മുമ്പ് തന്നെ മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം രണ്ടും നാലും പേരടങ്ങുന്ന ചെറുസംഘങ്ങളായി മദീനയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. പിന്നീട് മക്കയില്‍ അവശേഷിച്ചത് കേവലം അശക്തരും ദുര്‍ബലരും, ആശ്രയിക്കാന്‍ പറ്റാത്ത കപടവിശ്വാസികളും മാത്രമായിരുന്നു.  ഈ സമ്മര്‍ദത്തിലാണ് തന്നെ വധിക്കാന്‍ ശത്രുക്കള്‍ ഗൂഢാലോചന നടത്തുന്ന വിവരം നബി അറിയുന്നത്. അതേത്തുടര്‍ന്ന് ഒരു സഹപ്രവര്‍ത്തകനെ - അബൂബക്ര്‍ സ്വിദ്ദീഖിനെ - മാത്രം കൂടെ കൂട്ടി മക്കയില്‍നിന്ന് പുറപ്പെടുകയായിരുന്നു. ശത്രുക്കള്‍ പിന്തുടരുമെന്നുറപ്പായിരുന്നു. അതിനാല്‍ പ്രവാചകന്‍ വടക്ക് ഭാഗത്തുകൂടെയുള്ള മദീനാ പാത ഉപേക്ഷിച്ച് തെക്കോട്ടാണ് യാത്ര പുറപ്പെട്ടത്. യാത്രക്കിടെ മൂന്ന് ദിവസം സൗര്‍ ഗുഹയില്‍ ഒളിച്ചിരിക്കേിവന്നു.

രക്തദാഹികളായ ശത്രുക്കള്‍ നബിയെ നാലുപാടും തിരയുകയായിരുന്നു. മക്കയുടെ പ്രാന്തപ്രദേശങ്ങളൊന്നും അവര്‍ പരതി നോക്കാതെ വിട്ടില്ല. തിരച്ചിലുകാരില്‍ ചിലര്‍ ഒളിച്ചിരുന്ന ഗുഹയുടെ കവാടത്തില്‍ പോലും എത്തി. അവര്‍ അല്‍പം കൂടി മുന്നോട്ടുവന്ന് പാളി നോക്കിയാല്‍ തങ്ങള്‍ കണ്ടുപിടിക്കപ്പെടുമല്ലോ എന്ന് അബൂബക്‌റി(റ)നു കലശലായ ഭീതി. നബിയിലാവട്ടെ ഭാവഭേദമൊന്നും കണ്ടില്ല. അവിടുന്ന് തികച്ചും സമാധാനചിത്തനായി സ്വിദ്ദീഖുല്‍ അക്ബറിനെ സമാശ്വസിപ്പിച്ചു: ''വ്യസനിക്കാതിരിക്കുക! അല്ലാഹു നമ്മോടൊപ്പമുണ്ട്.'' ഹൃദയത്തിലേക്കാണ്ടിറങ്ങിയ വര്‍ത്തമാനമായിരുന്നു ഇത്. ഏത് പ്രതിസന്ധിയിലും അല്ലാഹു കൂടെയുണ്ടെന്ന വിശ്വാസം. അവനില്‍ ഭരമേല്‍പ്പിച്ചാല്‍ ജീവിതം അവന്‍ കാക്കുമെന്ന ആശ്വാസം. അതാണ് ഹിജ്‌റ നല്‍കുന്ന ഏറ്റവും വലിയ പാഠം. മറ്റൊന്ന് നബി(സ)യുടെയും സഖാക്കളുടെയും സമര്‍പ്പണ മനസ്സാണ്. ഭൗതിക സുഖലോലുപതകള്‍ ഉപേക്ഷിച്ച് അവര്‍ നാടും വീടും വിട്ടത് ദീന്‍ സംസ്ഥാപിക്കുക (ഇഖാമത്തുദ്ദീന്‍)എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടിയായിരുന്നു. ആദര്‍ശം ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തില്‍ ഒരടി പിന്നോട്ട് വെച്ചില്ല പ്രവാചകന്‍. മറ്റൊരു പാഠം ത്യാഗസന്നദ്ധതയാണ്. ആദര്‍ശ ഗീര്‍വാണങ്ങള്‍ മുഴക്കുന്നതിന് പകരം പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയായിരുന്നു. അല്ലാഹുവിന്റെ പ്രവാചകനാണല്ലോ, അതുകൊണ്ട് ദൈവം സഹായിക്കുമല്ലോ എന്ന് കരുതി വെറുതെയിരുന്നില്ല. തനിക്ക് കഴിയുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുകയായിരുന്നു പ്രവാചകന്‍.

മനുഷ്യ സമൂഹത്തിന്റെ മാറ്റത്തിന് വേണ്ടി നിലകൊള്ളുമ്പോഴാണ് നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാകുന്നത്. കൃത്യമായ ലക്ഷ്യബോധവും അത് പൂര്‍ത്തീകരിക്കാന്‍ വ്യക്തമായ ആസൂത്രണവും ഉണ്ടായാല്‍ മാത്രമേ ഒരു സമഗ്ര മാറ്റം സാധ്യമാവൂ. സന്‍ആ മുതല്‍ ഹളറമൗത്ത് വരെ ഒരു യാത്രാ സംഘത്തിന് സ്വസ്ഥമായി, നിര്‍ഭയമായി കടന്നുപോകാന്‍ സാധ്യമാകുന്ന ഒരു നല്ല കാലത്തെ സ്വപ്‌നം കാണുന്നുണ്ട് ഹിജ്റ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍