Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 4

പുനരാലോചന തേടുന്ന ജ്ഞാനപരികല്‍പനകളും ചിന്താ സരണികളും

ആര്‍. യൂസുഫ്‌

നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മുസ്‌ലിം സാംസ്‌കാരിക പരിസരത്തെക്കുറിച്ച എല്ലാ വിശകലനങ്ങളും ചരിത്രത്തില്‍ ഇസ്‌ലാമിക സംസ്‌കൃതി പ്രതിഫലിപ്പിച്ച അത്ഭുതങ്ങളെ കുറിച്ച സ്തുതികീര്‍ത്തനങ്ങള്‍ കൊണ്ട് മുഖരിതമാണ്. ആടുകളെ മേയ്ച്ചും കുടുംബ വംശീയ പോരിമയില്‍ അഭിരമിച്ചും പലപ്പോഴും പരസ്പരം പോരടിച്ചും സമയം പാഴാക്കിയ ഒരു ജനത ഒരിക്കലും മറക്കാനാവാത്ത പ്രശോഭിതമായ ഒരു സാംസ്‌കാരിക നാഗരികതക്ക് രൂപം നല്‍കിയത് ഒരത്ഭുതം തന്നെയാണ്. ഈ അത്ഭുതം ദൈവത്തിങ്കല്‍ നിന്നുള്ള വെളിപാട് കൊണ്ടവര്‍ അനുഗ്രഹിക്കപ്പെട്ടതിനാലാണ് എന്ന് എല്ലാം മുസ്‌ലിം ചിന്തകന്മാരും സമ്മതിക്കുന്നുണ്ട്. വെളിപാട് കൊണ്ടനുഗ്രഹിക്കപ്പെട്ടവര്‍ ധര്‍മം, നീതി, മൂല്യം എന്നിവയെക്കുറിച്ച് മാനവതക്ക് നല്‍കിയ മഹത്തായ സംഭവന കൊണ്ടാണ് പ്രകീര്‍ത്തിക്കപ്പെടുന്നതെങ്കില്‍ ആ പ്രകീര്‍ത്തനം ഇസ്‌ലാമിന്റെ മാത്രം പ്രത്യേകതയല്ല. ബുദ്ധന്‍, യേശു, മോസസ് തുടങ്ങിയ പ്രവാചകന്മാര്‍ ഇക്കാരണം കൊണ്ട്, അഥവാ അവര്‍ വിളംബരം ചെയ്ത സഹിഷ്ണുത, അഹിംസ, ധാര്‍മികത തുടങ്ങിയവയാല്‍ ചരിത്രത്തില്‍ പുകഴ്ത്തപ്പെടുന്നുണ്ട്. ഒരര്‍ഥത്തില്‍ ഇസ്‌ലാമും ഈ തലത്തില്‍ നിന്നുകൊണ്ട് വിശകലനം ചെയ്യപ്പെടുകയും അതേ കാരണത്താല്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ ഇസ്‌ലാമിന്റെ കാര്യത്തിലെ ഏറ്റവും വലിയ അത്ഭുതം അത് മാനവ നാഗരികതക്ക് നല്‍കിയ പ്രശോഭിതമായ നാഗരിക-സാംസ്‌കാരിക- ശാസ്ത്രീയ സംഭാവനകളാണ്. വെളിപാട് കൊണ്ടനുഗ്രഹിക്കപ്പെട്ടവര്‍ ശാസ്ത്ര, സാങ്കേതിക വിദ്യ, സംസ്‌കാരം എന്നിവയെ ഏറ്റവും പ്രശോഭിതമാക്കി എന്നത് ഒരത്ഭുതം തന്നെ. പ്രവാചകന്റെ കാലശേഷം ചുരുങ്ങിയ പതിറ്റാണ്ടുകള്‍ കൊണ്ട് അക്കാലത്തെ മറ്റെല്ലാ സമൂഹങ്ങളെയും കവച്ചുവെക്കുമാറ് മുസ്‌ലിം സമൂഹം ശാസ്ത്രീയ-നാഗരിക മേഖലകളില്‍ തലയെടുപ്പോടെ സ്ഥിരപ്രതിഷ്ഠ നേടി എന്നത് ചരിത്രം. പക്ഷേ, ഈ ഔന്നത്യം അതേ വേഗതയില്‍ തന്നെ അസ്തമിക്കുകയും ചെയ്തു എന്നത് ചരിത്രത്തിന്റെ മറുവശമാണ്. എഴുത്തും വായനയും പരിചയമില്ലാത്ത ഒരു സമൂഹം മികവാര്‍ന്ന സാംസ്‌കാരിക അഭിവൃദ്ധി കൊണ്ട് അത്ഭുതം സൃഷ്ടിക്കുക. അതേ ജനത പെട്ടെന്ന് എല്ലാ നേട്ടങ്ങളെയും അടിയറ വെച്ച് പതനത്തിന്റെ അഗാധതയിലേക്ക് തകര്‍ന്നുവീഴുക. ചരിത്രത്തിലെ ഏറ്റവും ദാരുണമായ വൈരുധ്യം എന്ന് വിശേഷിപ്പിക്കാവുന്ന ഈ അവസ്ഥയുടെ കാരണങ്ങള്‍ മുഴുക്കെ പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്ര പ്രതിഭാസമായ കൊളോണിയല്‍ വാഴ്ചയില്‍ അടിച്ചേല്‍പിക്കാനാണ് പക്ഷേ, മുസ്‌ലിം ചരിത്രകാരന്മാരില്‍ ഗണ്യമായ വിഭാഗം ശ്രമിക്കുന്നത്. ഏഴും എട്ടും നൂറ്റാണ്ടിലെ മുഴുവന്‍ സാംസ്‌കാരിക നേട്ടങ്ങളും കോളനിവാഴ്ച ആരംഭിക്കുന്നതിന്റെ നാലോ അഞ്ചോ നൂറ്റാണ്ട് മുമ്പ് തന്നെ, കൃത്യമായി പറയുകയാണെങ്കില്‍ പത്തും പതിനൊന്നും നൂറ്റാണ്ടോടെ തിരോഭവിച്ചു എന്ന വസ്തുത ഇതിനിടയില്‍ നാം വിസ്മരിക്കുന്നു. ക്രിസ്തുവര്‍ഷം 1111-ല്‍ വിടപറഞ്ഞ ഇമാം ഗസാലിക്ക് ശേഷം തലയെടുപ്പുള്ള ഒരു ചിന്തകനും, ഇബ്‌നു ഖല്‍ദൂനിനെ മാറ്റി നിര്‍ത്തിയാല്‍, ഇസ്‌ലാമിക സംസ്‌കൃതിയുടെ പ്രഭവ കേന്ദ്രങ്ങളിലൊന്നും രൂപപ്പെട്ടില്ല എന്ന വസ്തുതയും നാം മറന്നുപോവുന്നു.

അറിവിന്റെ മത- മതേതര വിഭജനം
മധ്യകാല യൂറോപ്പിലുള്ളത് പോലുള്ള മത-ശാസ്ത്ര തര്‍ക്കങ്ങള്‍, ഒരുകാലത്തും മുസ്്‌ലിം ലോകത്തുണ്ടായിരുന്നില്ല. എന്നാല്‍, പാരമ്പര്യ ചിന്തകള്‍ കടുത്തുപോയ ഉത്തര അബ്ബാസികാലമായപ്പോഴേക്കും മുഅ്തസിലയെ കുറിച്ച ഭീതിയാര്‍ന്ന സ്വപ്‌നങ്ങള്‍ കണ്ട് ഉണര്‍ന്ന മുസ്്‌ലിം നേതൃത്വം ഒട്ടനവധി വൈജ്ഞാനിക ശാഖകളെ മത നിഷേധപരം എന്ന് മുദ്രയടിക്കുകയുണ്ടായി. മതവിജ്ഞാനീയം അഥവാ ഉലൂമുശ്ശരീഅ അല്ലെങ്കില്‍ ഉലൂമുല്‍ നഖ്‌ലിയ്യ എന്നും ലൗകിക വിജ്ഞാനം അഥവാ ഉലൂമുല്‍ അഖ്‌ലിയ്യ അല്ലെങ്കില്‍ ഉലൂമു ഗൈറുശരീഅ എന്നും വിജ്ഞാനത്തെ വിഭജിക്കുന്ന ഇമാം ഗസാലിയുടെ സമീപനത്തിന് ചുവട് പിടിച്ച് മതകലാലയങ്ങളെല്ലാം, ഫസ്‌ലുര്‍റഹ്മാന്‍ ചൂണ്ടിക്കാട്ടുന്നത് പോലെ ലൗകിക ജ്ഞാനങ്ങളെ അവഗണിക്കുകയും പ്രസ്തുത മേഖലകളില്‍ അത്യസാധാരണ മികവ് പുലര്‍ത്തിയ മുസ്‌ലിം ചിന്തകന്മാരെ തള്ളിക്കളുകയും ചെയ്തു. ഇതു കാരണം ആസ്‌ട്രോണമി, മാത്ത്മറ്റിക്‌സ്, ഫിലോസഫി എന്നീ വിഷയങ്ങള്‍ക്ക് നല്‍കപ്പെട്ട പ്രാധാന്യം കുറയുകയും പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളില്‍ ഇറാന്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ തത്ത്വചിന്താപഠനം നിലച്ചുപോവുകയും ചെയ്തു. തുര്‍ക്കിയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും ഒരു പരിധിവരെ നിലനിന്നു എന്നത് മാറ്റിനിര്‍ത്തിയാല്‍ അറേബ്യന്‍ മേഖലകള്‍ ഒന്നടങ്കടം അവ കൈയൊഴിച്ചിരുന്നു.

സാമൂഹികതയുടെ തിരസ്‌കാരം
സാമൂഹിക ഉള്ളടക്കമുള്ള ഖുര്‍ആന്റെ അനുചരന്മാര്‍ എന്ന നിലയില്‍ മുസ്‌ലിം ചിന്തകര്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട വിഷയങ്ങളായിരുന്നു സാമൂഹിക നീതി, സമ്പത്തിന്റെ സമത്വപൂര്‍വകമായ വിതരണം എന്നിവ. വിശിഷ്യ, രാജവംശത്തിന്റെ ആര്‍ഭാടങ്ങള്‍ പൊതുസമ്പത്ത് കവര്‍ന്നെടുത്ത് ഹരിത കൊട്ടാരങ്ങള്‍ തീര്‍ത്ത അന്നാളുകളില്‍. എന്നാല്‍ മുഅ്തസിലീ ചിന്തകന്മാര്‍ മാത്രമല്ല അതിനെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്ന അശ്അരീ പണ്ഡിതന്മാരും ഈ രണ്ട് കൂട്ടരുടെയും സംവാദങ്ങളില്‍ നിന്നും മാറി നിന്ന് സ്വന്തമായ സരണി വികസിപ്പിച്ച സൂഫി ചിന്താ ധാരയും ഊന്നല്‍ നല്‍കിയത് ആത്യന്തിക സത്യത്തെ കുറിച്ചും ദൈവാസ്തിക്യത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചും മനുഷ്യജ്ഞാനത്തെക്കുറിച്ചുമുള്ള, പ്ലാറ്റോവിന്റെ കാലം മുതല്‍ തുടര്‍ന്ന് വന്നതും അരിസ്‌റ്റോട്ടില്‍ അടിത്തറ ഭദ്രമാക്കിയതുമായ അതിഭൗതിക യാഥാര്‍ഥ്യത്തെക്കുറിച്ച (മെറ്റാഫസിക്കല്‍് റിയാലിറ്റി) ചര്‍ച്ചകള്‍ക്കായിരുന്നു. ഗ്രീക്കുകാരുടെ തത്ത്വചിന്തകള്‍ക്കും അവര്‍ വികസിപ്പിച്ച കാഴ്ചപ്പാടുകള്‍ക്കും എതിരെ കടുത്ത സമീപനം സ്വീകരിച്ചവര്‍ വരെ ഗ്രീക്ക് മെററാഫസിക്കല്‍ മെത്തേഡ്‌സ് ഓഫ് തോട്ടിനെതിരെ ഒന്നും ചെയ്യാനാവാതെ പതറിപ്പോയി. ഈ തരം മെറ്റാഫിസിക്കല്‍ തോട്ട് മുസ്്‌ലിം സമൂഹത്തെ അമൂര്‍ത്തമായ ആശയങ്ങളില്‍ അഭിരമിക്കുന്നവരും പ്രായോഗികമായ ഒട്ടനവധി ജീവല്‍ പ്രശ്‌നങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നവരുമാക്കി മാറ്റുകയാണുണ്ടായത്. അതു കാരണം സൂഫി, അശ്അരി, മുഅ്തസിലീ തത്ത്വങ്ങളെക്കുറിച്ച് ന്യായം ചമക്കാന്‍ തത്ത്വചിന്തയുടെയും തര്‍ക്കശാസ്ത്രത്തിന്റെയും അഗാധതയില്‍ അഭിരമിക്കാന്‍ മുസ്‌ലിം പണ്ഡിതന്മാര്‍ സമയം പാഴാക്കി. ഇപ്രകാരം സമയം പാഴാക്കുന്ന വേളയില്‍ തന്നെയാണ് മുസ്‌ലിം ലോകം ബഗ്ദാദ്, കൊര്‍ദോവ, കയ്‌റോ എന്നീ മൂന്ന് തലസ്ഥാനങ്ങളുള്ള, പരസ്പരം പോരാടുന്ന മൂന്ന് രാഷ്ട്രങ്ങളായി പരിണമിച്ചത്; കുരിശ് സൈന്യം മുസ്‌ലിം ലോകത്തെ വിഴുങ്ങാന്‍ വേണ്ടിയുള്ള ആദ്യ യുദ്ധത്തിന് തുടക്കം കുറിച്ചതും. തത്ത്വചിന്തകന്മാരുടെ ഈമാനും ഇസ്‌ലാമും തീരുമാനിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നമ്മുടെ അതികായന്മാരായ പൂര്‍വ പണ്ഡിതന്മാര്‍ ഈ ഭിന്നത തീര്‍ക്കാന്‍ ഒന്നും ചെയ്തതായി അറിയില്ല; കുരിശ് സൈന്യത്തിന്റെ കുതന്ത്രങ്ങളെ കുറിച്ച് വേവലാതിപ്പെട്ടതായി കാണാനാവില്ല. കാരണം വ്യക്തം: ഗ്രീക്കുകാരുടെ തത്ത്വചിന്താ വ്യായാമവും രീതിശാസ്ത്രവും നമ്മെ അത്രമാത്രം മൂര്‍ത്തമായ ലോകത്തിന്റെ പ്രശ്‌നങ്ങളില്‍നിന്നും അകറ്റിയിരുന്നു.

മദ്ഹബുകളുടെ മൂര്‍ത്തവത്കരണവും പക്ഷപാതിത്വങ്ങളും
ഇതേ വേളയില്‍ തന്നെയാണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളെന്ന് വ്യവഹരിക്കപ്പെട്ട മേഖലകളിലും സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ചില മാറ്റങ്ങള്‍ പ്രകടമായത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മദ്ഹബുകളുടെ കാര്യത്തില്‍ സംഭവിച്ച ക്രിസ്റ്റാലിസേഷനും പക്ഷപാതിത്വങ്ങളും.
മജ്്‌ലിസുകളിലും ഹല്‍ഖകളിലും സമ്മേളിച്ച പൊതുജനങ്ങള്‍ക്ക് ആരംഭകാലത്ത് പകര്‍ന്നു കിട്ടിയ വിജ്ഞാനങ്ങള്‍ ഖുര്‍ആന്‍, ഹദീസ് എന്നിവ വിശദീകരിക്കുന്നതിലും മനസ്സിലാക്കുന്നതിലും മുസ്്‌ലിം സമൂഹം സ്വീകരിച്ച വിശാലത വൈവിധ്യവും സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്നതായിരുന്നു. ഓരേ ഹല്‍ഖയില്‍ തന്നെ വിവിധ പണ്ഡിതന്മാര്‍ വന്ന് അവരുടെ ചിന്തയുടെയും ധാരണയുടെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുക, ശേഷം മറ്റൊരു പ്രഗത്ഭ പണ്ഡിതന്‍ അധ്യാപനം നടത്തുമ്പോള്‍ ഖുര്‍ആനിക വചനങ്ങളെ അദ്ദേഹത്തിന്റേതായ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുക, അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ട് ആരും തന്റെ നിലപാടിനെ മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കാതിരിക്കുക, എല്ലായ്‌പ്പോഴും ശരിയെ കുറിച്ച ആത്യന്തിക ജ്ഞാനം ദൈവത്തിന് മാത്രമേ ഉള്ളൂ എന്ന് സമ്മതിച്ചുകൊണ്ട് വാദ-സംവാദങ്ങള്‍ അവസാനിപ്പിക്കുക ഇതൊക്കെയായിരുന്നു മുസ്്‌ലിം ചരിത്രത്തിന്റെ ശോഭനയാര്‍ന്ന വശം. ഖുര്‍ആനെ അതത് ചരിത്രഘട്ടത്തില്‍ സാന്ദര്‍ഭികവത്കരിക്കാനുള്ള അര്‍ഹത ഉപയോഗപ്പെടുത്തപ്പെട്ട ഈ കാലമാണ് നൂറ് കണക്കിന് മദ്ഹബുകള്‍ക്ക് രൂപം നല്‍കിയത്. ഈ അവസ്ഥയില്‍ വന്ന പ്രകടമായ മാറ്റമാണ് നാലോ അഞ്ചോ മദ്ഹബുകളില്‍ ഇസ്്‌ലാമിക ചിന്ത ഒതുങ്ങിപ്പോയതോടെ സംഭവിച്ചത്. വളരെ പ്രാഗത്ഭ്യം ഉള്ള പണ്ഡിതന്മാര്‍ സ്വന്തം നിലയില്‍ നടത്തിയ ഹല്‍ഖകള്‍ ഒരു പ്രത്യേക രീതിയില്‍ മാത്രം ചിന്തിക്കുന്ന ശിഷ്യന്മാരെ ഒരു പ്രദേശത്ത് സൃഷ്ടിക്കുകയും ആ ശിഷ്യന്മാര്‍ പ്രസ്തുത ചിന്താഗതി മാത്രം പ്രചരിപ്പിക്കുംവിധം സമാനമായ ഹല്‍ഖകള്‍ പ്രസ്തുത പ്രദേശത്തെ പല ഭാഗത്തായി ആരംഭിക്കുകയും ചെയ്തതോടെയാണ് മദ്ഹബുകളുടെ കാര്യത്തില്‍ ഈ മാറ്റം പ്രകടമാവുന്നത്. ഇമാമുകളോടൊപ്പം ചേര്‍ക്കപ്പെട്ട മദ്ഹബുകള്‍ പൂര്‍വകാലത്ത് കൂഫക്കാരുടെ മദ്ഹബ്, ഇറാഖികളുടെ മദ്ഹബ്, ശാമുകാരുടെ മദ്ഹബ് എന്നൊക്കെയാണ് അറിയപ്പെട്ടത്.
സത്യത്തെക്കുറിച്ച എക്‌സ്‌ക്ലൂസീവ് അവകാശവാദം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമീപനം വ്യാപകമാവുകയും പ്രസ്തുത ക്ലെയിം അംഗീകരിക്കാത്തവരെല്ലാം അസത്യവാദികളായി മുദ്രയടിക്കപ്പെടുകയും ചെയ്തു എന്നതാണ് ഈ മാറ്റം സൃഷ്ടിച്ച പ്രത്യാഘാതം. മദ്ഹബുകളുടെ ഇമാമുമാരും പ്രഗത്ഭ പണ്ഡിതരും പ്ലാറ്റോവിന്റെ ഫിലോസഫര്‍ കിംഗിനെ പോലെ പ്രതിഷ്ഠിക്കപ്പെടുകയും തുടര്‍ന്നുള്ള വൈജ്ഞാനിക വളര്‍ച്ചയെ ഡിക്‌റ്റേറ്റ് ചെയ്യുകയും ചെയ്തതോടെ മുസ്‌ലിം ധൈഷണിക പാരമ്പര്യത്തെ ഇത് നിഷ്പ്രഭമാക്കി. ഖുര്‍ആന്‍, ഹദീസ് വചനങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള തുടര്‍ന്ന് ജീവിച്ച മുസ്്‌ലിം സമുദായത്തിന്റെ അര്‍ഹതക്കും അവകാശത്തിനും മേല്‍ പൂര്‍വ നിശ്ചിതങ്ങളായ ചില വ്യാഖ്യാനങ്ങള്‍ അടിച്ചേല്‍പിച്ചു ഈ സമീപനം. ഇജ്തിഹാദിന്റെ വാതിലുകള്‍ കൊട്ടിയടച്ചു എന്നതിനേക്കാള്‍ ഭയാനകമാണ്, വൈവിധ്യങ്ങളെ ഒരേ സത്യത്തിന്റെ വ്യത്യസ്ത ആവിഷ്‌കാരങ്ങളായി മനസ്സിലാക്കി പൂര്‍വകാല മുസ്‌ലിം സമൂഹം സ്വീകരിച്ച സമീപനത്തെ അത് അന്യമാക്കി എന്നത്.

ധൈഷണിക അപചയത്തില്‍ വ്യവസ്ഥാപിത കലാലയങ്ങളുടെ പങ്ക്
ഈ പശ്ചാത്തലം മുമ്പില്‍ വെച്ചുകൊണ്ട് ഇസ്്‌ലാമിക വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായ മാറ്റങ്ങള്‍ കൂടി പരിശോധനയര്‍ഹിക്കുന്നുണ്ട്. ഇസ്‌ലാമിക സമൂഹത്തില്‍ ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ആവിര്‍ഭവിക്കുകയും അഞ്ചാം നൂറ്റാണ്ടില്‍ വ്യാപകമാവുകയും ചെയ്ത വ്യവസ്ഥാപിത ഉന്നത പഠന കേന്ദ്രങ്ങളാണ് മദ്‌റസകള്‍ എന്ന് അറബിയിലും കോളേജ് ഓഫ് ഹയര്‍ ലേണിംഗ് എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നത്. ഈ സംവിധാനം ആരംഭിക്കുന്നതിന് മുമ്പുതന്നെ നേരത്തെ പള്ളികള്‍ കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന മജ്‌ലിസുകള്‍ അല്ലെങ്കില്‍ ഹല്‍ഖകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ മുന്നോടിയായി പള്ളികളില്‍ തന്നെ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ആരംഭിച്ചിരുന്നു. താമസ സൗകര്യത്തോടെയുള്ള ഇത്തരം സംവിധാനങ്ങള്‍ ഖാന്‍ എന്ന പേരിലാണറിയപ്പെട്ടത്. ഇതിന്റെയെല്ലാം വികസിത രൂപങ്ങള്‍ എന്ന നിലയിലാണ് മദ്‌റസകള്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തെ രാഷ്ട്രത്തിന്റെ കീഴില്‍ കൂടുതല്‍ വ്യവസ്ഥാപിതമാക്കാന്‍ നടത്തിയ ഈ ശ്രമം, മുസ്‌ലിം സമൂഹത്തില്‍ വിജ്ഞാന്വേഷണത്തെ ത്വരിതപ്പെടുത്തിയ എല്ലാം മുന്‍സംവിധാനങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടാവണമായിരുന്നു ആവിഷ്‌കൃതമാവേണ്ടത്. പക്ഷേ, ശാസ്ത്രീയ വിജ്ഞാനത്തെ സംശയത്തോടെ വീക്ഷിച്ച ഇക്കാലത്ത് മദ്‌റസകളുടെ സ്വാഭാവിക വികാസത്തെ തെറ്റായി സ്വാധീനിക്കുക മാത്രമല്ല, മുസ്‌ലിം ധൈഷണിക വാതിലുകളെ ഇടുങ്ങിയ വിഭാഗീയത കൊണ്ട് കൊട്ടിയടക്കാന്‍ വരെ കാരണമായി എന്ന് ചരിത്രം. ശാസ്ത്രീയ വിജ്ഞാനങ്ങള്‍ അവഗണിച്ചു, മതവിജ്ഞാനീയങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി എന്നത് മാത്രമല്ല വ്യവസ്ഥാപിത വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഉദയത്തോടെ സംഭവിച്ചത്. മറിച്ച് ആധിപത്യ മൂല്യങ്ങളെ അഥവാ മേധാവിത്വമുള്ളവരുടെ വീക്ഷണങ്ങളും നിലപാടുകളും മാത്രം ശരിയായ നിലപാട്' എന്ന നിലയില്‍ അടിച്ചേല്‍പിക്കാന്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തി. എന്നല്ല, പല വ്യവസ്ഥാപിത മദ്‌റസകളും ആരംഭിച്ചത് തന്നെ ഒരു പ്രത്യേക തരം ചിന്തകള്‍ മാത്രം ജനങ്ങള്‍ പിന്തുടരണമെന്ന വാശിയോടു കൂടിയാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ അത്യപൂര്‍വ കലാലയങ്ങളായ അല്‍ അസ്ഹറും ബഗ്ദാദിലെ മദ്‌റസ നിസാമിയ്യയും ഉദാഹരണമായെടുക്കാം. ഈജിപ്തില്‍ ആധിപത്യം സ്ഥാപിച്ച ശീഈ ഫാത്വിമികള്‍ ക്രി. 926ല്‍ അല്‍ അസ്ഹര്‍ സ്ഥാപിച്ചപ്പോള്‍ അതിന്റെ പ്രധാന ലക്ഷ്യം സുന്നീ ആശയങ്ങള്‍ക്ക് മേല്‍ ശീഈ തത്ത്വങ്ങള്‍ പ്രചരിപ്പിക്കലും ജയിച്ചടക്കലും ആണെന്ന് വളരെ വ്യക്തമായിരുന്നു. ഫാത്വിമി കര്‍മശാസ്ത്രം വ്യാപകമായി നടപ്പാക്കുക എന്നതും അതിന്റെ ലക്ഷ്യമായിരുന്നു. ഇതിനെ തടുത്ത് നിര്‍ത്താനെന്നോണമാണ്, സുന്നീ ആശയങ്ങള്‍ക്ക് മേല്‍ക്കോയ്മ ഉറപ്പ് വരുത്തുക എന്ന ഉദ്ദേശ്യത്തോടെ സല്‍ജൂകി സുല്‍ത്താന്റെ വസീറായ നിസാമുല്‍ മുല്‍ക് ബഗ്ദാദില്‍ മദ്‌റസ നിസാമിയ്യ എ.സി 1065-ല്‍ സ്ഥാപിച്ചത്. പില്‍ക്കാലത്ത് സല്‍ജൂകികള്‍ ഈജിപ്ത് പിടിച്ചടക്കിയപ്പോള്‍, അല്‍ അസ്ഹര്‍ സുന്നീ ആശയങ്ങള്‍ക്കനുരൂപമായി പുനഃസംവിധാനിക്കപ്പെട്ടു.
ഇതുപോലെ വ്യവസ്ഥാപിത കലാലയങ്ങളെല്ലാം ഏതെങ്കിലും ഒരു നിലപാടിനെ അല്ലെങ്കില്‍ കര്‍മശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഒതുങ്ങിയത് വൈജ്ഞാനിക വികാസത്തിന്റെ ഒട്ടനവധി സാധ്യതകളാണ് ഇല്ലാതാക്കിയത്. എന്നല്ല, മദ്‌റസകള്‍ക്കായി വഖ്ഫ് സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തിയ വേളകളില്‍ പല വാഖിഫുമാരും ഒരു പ്രത്യേക മദ്ഹബിനെ പിന്തുണക്കുംവിധമായിരിക്കണം തന്റെ സ്വത്ത് ഉപയോഗിക്കുന്നത് എന്ന് നിബന്ധനകള്‍ വെച്ചതും വിവിധാശയങ്ങള്‍ തമ്മിലുള്ള തുറന്ന സംവാദത്തിന്റെ അവസരങ്ങള്‍ പല സ്ഥാപനങ്ങളിലും കൊട്ടിയടച്ചു.
വ്യവസ്ഥാപിത കലാലയങ്ങള്‍, ലൗകിക വിദ്യാഭ്യാസത്തെ അവഗണിച്ചും മേധാവിത്വമുള്ള രാഷ്ട്രീയ മത സരണികളെ മാത്രം പിന്തുണച്ചും നടത്തിയ വിദ്യാഭ്യാസ പദ്ധതി വളരെ സങ്കുചിതമായ തലത്തില്‍ മുസ്‌ലിം സമൂഹത്തെ തളച്ചിടുക മാത്രമല്ല, വൈജ്ഞാനിക വളര്‍ച്ചയെ വല്ലാതെ മുരടിപ്പിച്ചു. വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നതിന് പുറംലോകത്തെ റഫര്‍ ചെയ്യുകയും പുറംലോകത്തെ വ്യാഖ്യാനിക്കുന്നതിന് ഖുര്‍ആനെ റഫര്‍ ചെയ്യുകയും ചെയ്യുന്ന പൂര്‍വകാല സമീപനം ഇല്ലാതായി. ഖുര്‍ആന്‍ പഠിക്കാന്‍ അറബിഭാഷ, ഗ്രാമര്‍, തജ്‌വീദ്, റെടോറിക്‌സ്, പ്രോസഡി തുടങ്ങിയവ മാത്രം അഭ്യസിക്കപ്പെട്ടു. വളരെ സജീവതയുള്ള ഖുര്‍ആന്റെ ജ്വലിക്കുന്ന ആശയങ്ങള്‍ കര്‍മശാസ്ത്രത്തിന്റെ ഇടുങ്ങിയ മുറികളില്‍ ബന്ധിക്കപ്പെട്ടു. അക്ഷരങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും അഭ്യാസം കാണിക്കുന്ന ഗ്രന്ഥങ്ങള്‍ വരെ മതഗ്രന്ഥങ്ങളെന്ന നിലയില്‍ രചിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്തു. ഖുര്‍ആന്‍ നേരിട്ട് പഠിപ്പിക്കുന്നതിന് പകരം അതിനെ ഉപജീവിച്ച് രചിച്ച തഫ്‌സീറുകള്‍ മാത്രം അഭ്യസിപ്പിക്കുന്ന സമീപനം വ്യാപകമായി. ഇത് ഖുര്‍ആനിക വചനത്തിന് ചിലര്‍ നല്‍കിയ വ്യാഖ്യാനത്തെ വ്യാപകമാക്കാനും ഖുര്‍ആനിലേക്ക് വാതിലുകള്‍ തുറക്കാനുള്ള ഓരോ മുസ്‌ലിമിന്റെയും അവസരത്തെ നിഷേധിക്കാനും കാരണമായി.
ഈ മാറ്റത്തെ തുടര്‍ന്നാണ് വളരുകയും വികസിക്കുകയും ചെയ്ത ലോകത്തെ അഭിമുഖീകരിക്കാനാവാതെ മുസ്‌ലിം സമൂഹം നിഷ്‌ക്രിയ കാഴ്ചക്കാരായി മാറിയത്. മുസ്‌ലിം പ്രതിഭകളുടെ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഒന്നടങ്കം വായിക്കാനും വിവര്‍ത്തനം ചെയ്യാനും യൂറോപ്പ് തിടുക്കം കാട്ടിയ നാളുകളിലെല്ലാം, ഇസ്‌ലാമിക ലോകത്ത് അവരുടെ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ ആരും സന്മനസ്സ് കാണിച്ചിരുന്നില്ല. സമൂഹത്തെ കുറിച്ചും സാമൂഹിക പരിണാമങ്ങളെക്കുറിച്ചും ഉജ്ജ്വലമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ സിലബസില്‍ ഉള്‍ക്കൊള്ളിക്കാനുള്ള സന്മനസ്സെങ്കിലും അല്‍ അസ്ഹര്‍ കാണിക്കണമെന്ന് അഭ്യര്‍ഥിച്ച മുഹമ്മദ് അബ്ദുവിനെ അവജ്ഞയോടു കൂടിയാണ് പതിനെട്ടാം നൂറ്റാണ്ടില്‍ വരെ മുസ്‌ലിം പണ്ഡിത നേതൃത്വം വീക്ഷിച്ചത്.
ഈ അജ്ഞതയാണ് കോളനി ശക്തികള്‍ക്ക് മുസ്‌ലിം ലോകത്ത് ചുവപ്പ് പരവതാനി വിരിച്ച് കൊടുത്തത്. നാം കോളനിവത്കരണത്തിന് അനുയോജ്യമാംവിധം പാകപ്പെട്ടവരായിരുന്നു എന്ന ബിന്നബിയുടെ വിമര്‍ശനം പ്രസക്തമാക്കുന്നുണ്ട് ഈ പശ്ചാത്തലം.

മുന്നോട്ടുള്ള വഴി
ചിന്താവിപ്ലവത്തിന്റെ ശോഭനയാര്‍ന്ന പൂര്‍വകാല ചരിത്രം പുനരവതരിപ്പിക്കുന്നതിന് ആധുനിക വിജ്ഞാനീയങ്ങളുടെ ഇസ്്‌ലാമീകരണത്തെക്കുറിച്ച ചര്‍ച്ചകള്‍ ഇന്ന് വ്യാപകമാണ്. രണ്ട് വ്യത്യസ്ത തത്ത്വചിന്താ പശ്ചാത്തലങ്ങളില്‍ പിറവിയെടുക്കുന്ന വിജ്ഞാനങ്ങളെ എപ്രകാരമാണ് സമന്വയിപ്പിക്കാനാവുക എന്ന സമസ്യക്ക് ഇനിയും കൃത്യമായ ഉത്തരം നല്‍കാന്‍ ഇസ്്‌ലാമീകരണവാദികള്‍ക്ക് സാധിക്കുന്നില്ല; എന്നല്ല, ആധുനികോത്തര ലോകത്ത് ജ്ഞാനവുമായി ബന്ധപ്പെട്ട് നടക്കുന്ന അനവധി സംവാദങ്ങളെക്കുറിച്ച് തീര്‍ത്തും മൗനം പാലിക്കുകയാണ് ഇസ്‌ലാമീകരണത്തെക്കുറിച്ചുള്ള ഏതാണ്ടെല്ലാ സംവാദങ്ങളും. എണ്‍പതുകളില്‍ സജീവത കൈവരിച്ച ഇസ്‌ലാമീകരണ ചര്‍ച്ചകളെ തുടര്‍ന്ന് രൂപം കൊണ്ട സംരംഭങ്ങളില്‍ ഏറിയതും മുസ്‌ലിം ധൈഷണിക മുന്നേറ്റത്തിന് സഹായകമാവാതെ, കേവലം പടിഞ്ഞാറന്‍ ലോകത്ത് രചിക്കപ്പെട്ട ടെക്സ്റ്റ് ബുക്കുകളില്‍ പേര്‍ത്തും പേര്‍ത്തും ഖുര്‍ആന്‍ ആയത്തുകള്‍ ചേര്‍ത്തുവെക്കുന്ന വൃഥാ വ്യായാമത്തില്‍ ഒതുങ്ങിപ്പോവുകയാണ്. ഇതിന്റെ കാരണങ്ങള്‍ പലതാണ്. അതില്‍ ഏറ്റവും പ്രധാനം ജ്ഞാനം, ദൈവിക സത്യം എന്നീ രണ്ട് പരികല്‍പനകളെ ഇസ്്‌ലാമിക വിജ്ഞാനീയങ്ങളുടെ രൂപീകരണത്തില്‍ പ്രതിഷ്ഠിക്കേണ്ടത് എപ്രകാരമാണ് എന്നതിനെ കുറിച്ച ആശയ അവ്യക്തത തന്നെ. ഗ്രീക്ക് സംസ്‌കാരത്തിന്റെ തുടര്‍ച്ചയായി പടിഞ്ഞാറന്‍ ലോകത്ത് കൊണ്ടാടപ്പെട്ട ജ്ഞാനത്തെക്കുറിച്ച സ്‌പെക്ടേറ്റര്‍ തിയറി തന്നെയാണ് ഒരര്‍ഥത്തില്‍ ഇസ്്‌ലാമീകരണ വാദികളും ഉയര്‍ത്തിപ്പിടിക്കുന്നത്. പരമയാഥാര്‍ഥ്യം തേടിയുള്ള അന്വേഷണമാണ് വിദ്യാഭ്യാസമെന്നും ആശയരംഗത്തുള്ള ധ്യാനനിരതമായ അന്വേഷണമാണ് ജ്ഞാനം ഉല്‍പാദിപ്പിക്കുക എന്നും വിശ്വസിക്കുമ്പോള്‍ ജ്ഞാനോല്‍പാദന പ്രക്രിയയില്‍ ഓരോരോ കാലത്തിലെയും സാമൂഹിക രാഷ്ട്രീയ പ്രക്രിയക്കുള്ള പങ്കാളിത്തം നാം വിസ്മരിച്ചുപോവുകയാണ്. അക്കാരണം കൊണ്ടുതന്നെ ഇസ്്‌ലാമീകരണത്തെക്കുറിച്ച ധൈഷണിക ചര്‍ച്ചകളിലൊന്നും സാമൂഹിക-രാഷ്ട്രീയ ഘടനകള്‍ക്ക് ജ്ഞാനേല്‍പാദനത്തിലുള്ള പങ്കിനെക്കുറിച്ച ബോധപൂര്‍വമായ ചര്‍ച്ചകള്‍ കാണുക സാധ്യമല്ല. മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്ന ജനാധിപത്യ വിരുദ്ധമായ രാഷ്ട്രീയ ഘടനകള്‍ക്ക് ഇസ്‌ലാമിക വിജ്ഞാനോല്‍പാദനത്തെ റദ്ദ് ചെയ്യുന്നതില്‍ നിര്‍ണായക പങ്കുണ്ടെന്ന് വിളിച്ചു പറഞ്ഞും നിലവിലുള്ള രാഷ്ട്രീയ ഘടനകളെ ചോദ്യം ചെയ്തും മാത്രമേ പുതിയ അറിവുകള്‍ നമുക്ക് ഉല്‍പാദിപ്പിക്കാനാവൂ. നിലവിലുള്ള വ്യവസ്ഥക്കിടയില്‍ നിന്ന് കൊണ്ടുള്ള ഇസ്‌ലാമീകരണത്തിനായുള്ള ഏത് ശ്രമവും വ്യവസ്ഥയുടെ കാവല്‍ക്കാര്‍ മാത്രമായി ഇസ്‌ലാമീകരണത്തെ ഒതുക്കും. ഫലത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്.
ഈ കാരണം കൊണ്ട് തന്നെ സെക്യുലരിസത്തെ കുറിച്ച അറുപതുകളിലുള്ള ചര്‍ച്ചകള്‍ തന്നെയാണ് ഇസ്‌ലാമീകരണ സംവാദങ്ങളിലും മുഴച്ചു നില്‍ക്കുന്നത്. സെക്യുലറിസം ഒരുകാലത്ത് നമ്മുടെ മുമ്പിലെ ഏറ്റവും കൃത്യമായ വെല്ലുവിളിയായിരുന്നു. അതിനെതിരെ ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനങ്ങള്‍ നടത്തിയ തീക്ഷ്ണമായ പോരാട്ടം അതിന്റെ അപകടം ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ന് ആധുനികതയുടെ ഉപോല്‍പന്നങ്ങളെന്ന നിലയില്‍ ആഗോളവത്കരണം, മാര്‍ക്കറ്റ് ഇക്കണോമി എന്നിവ മുസ്‌ലിം സമൂഹത്തെ ഭീതിജനകാംവിധം വേട്ടയാടുകയും ജ്ഞാനം പോലും കമ്പോളവത്കരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. പക്ഷേ, ഇവയെ നിശിതമായി നിരൂപണം ചെയ്യുന്ന വിശകലനങ്ങളിലൊന്നും ഇസ്‌ലാമീകരണ ചര്‍ച്ചകള്‍ക്ക് താല്‍പര്യമില്ല എന്നു മാത്രമല്ല, ഇസ്‌ലാമിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ച് ഇസ്‌ലാമിക വിജ്ഞാനീയങ്ങളായി പരിഗണിക്കപ്പെടുന്ന ഇസ്‌ലാമിക് ബാങ്കിംഗ്, ഇസ്‌ലാമിക് ഫിനാന്‍സ്, ഇസ്‌ലാമിക് മാനേജ്‌മെന്റ് തുടങ്ങിയവയെ കമ്പോളവത്കരണത്തിന് ഉപയോഗപ്പെടുത്തുകയാണ് ഇസ്‌ലാമീകരണത്തിനായി പ്രതിഷ്ഠിക്കപ്പെട്ട സ്ഥാപനങ്ങളും സംവിധാനങ്ങളും. നിലവിലുള്ള സാമൂഹിക രാഷ്ട്രീയ ഘടനകള്‍ പ്രചരിപ്പിക്കുന്ന മൂല്യങ്ങളെ മറികടക്കുന്നതില്‍ ഇസ്‌ലാമീകരണ ശ്രമങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്.
രാഷ്ട്രീയ വ്യവസ്ഥയേക്കാള്‍ പ്രധാനമാണ് മേധാവിത്വമുള്ള ഗ്രൂപ്പുകള്‍ ജ്ഞാനോല്‍പാദനത്തില്‍ ചെലുത്തുന്ന സ്വാധീനം. പൂര്‍വ നിശ്ചിതങ്ങളായ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും മത ടെക്സ്റ്റുകളില്‍ അടിച്ചേല്‍പിക്കുക മാത്രമല്ല അവയെയെല്ലാം വിശുദ്ധമാണെന്ന് കുറിക്കുന്ന പദപ്രയോഗങ്ങള്‍ വരെ നാം വികസിപ്പിച്ചിട്ടുണ്ട്. മതവിജ്ഞാനീയങ്ങളായ ഫിഖ്ഹ്, ഇസ്‌ലാമിക ചരിത്രം തുടങ്ങി എല്ലാറ്റിനെയും റിവീല്‍ഡ് നോളഡ്ജ് എന്ന് വ്യവഹരിക്കുന്നത് ഉദാഹരണം. ഖുര്‍ആനെ ഉപജീവിച്ച് നൂറ്റാണ്ടുകളായി മുസ്‌ലിം പണ്ഡിതന്മാര്‍ വികസിപ്പിച്ച വിജ്ഞാനീയങ്ങളൊന്നും റിവീല്‍ഡ് അല്ല എന്നും കാലത്തിനനുസരിച്ച് അവര്‍ നല്‍കിയ വിശദീകരണമാണെന്നും പുതുതലമുറ മറന്നുപോകാന്‍ ഇത് കാരണമാവുന്നു. മാത്രമല്ല, പൂര്‍വ നിശ്ചിത വ്യാഖ്യാനങ്ങളില്‍ നിന്നും ഭിന്നമായി കാര്യങ്ങളെ സമീപിക്കുന്നവരെയെല്ലാം സത്യത്തില്‍ നിന്ന് 'വ്യതിചലിച്ചവരായി' മുദ്രയടിക്കാനും ഇത് കാരണമാവുന്നുണ്ട്. ദൈവിക സത്യത്തിന് നല്‍കപ്പെട്ട ഈ വ്യാഖ്യാനങ്ങളിലെല്ലാമുള്ള ചരിത്രപരതയെയാണ് ഈ നിലപാട് മൂടിവെക്കുന്നത്. പുതിയ കാലത്തെക്കുറിച്ചുള്ള ഏത് പഠനവും പൂര്‍വകാല പണ്ഡിതന്മാരിലേക്ക് റഫര്‍ ചെയ്ത് കൊണ്ടേ നടത്താവൂ എന്ന പിടിവാശിയും പൂര്‍വ നിശ്ചിത വ്യാഖ്യാനങ്ങളെ മറികടന്ന് ഇസ്്‌ലാമിക വിജ്ഞാനീയങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നുണ്ട്. സത്യത്തെക്കുറിച്ച് ഐ നോ ദ ട്രൂത്ത്, യു ഫോളോ മി എന്ന പ്ലാറ്റോണിയന്‍ മുന്‍വിധി ഈ രംഗത്ത് നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെടാതെ പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ നമുക്ക് സാധ്യമല്ല.
വിജ്ഞാനം എന്നത് മനുഷ്യര്‍ ഈ പ്രപഞ്ചത്തെ മനസ്സിലാക്കാനും ക്രമീകരിക്കാനും നടത്തിയ ശ്രമങ്ങളിലൂടെ ഉരുത്തിരിയുന്നതാണെന്നും ഒരുകാലത്തെ അറിവ് മറ്റൊരു കാലമാവുമ്പോഴേക്കും കാലഹരണപ്പെടും എന്നും അഥവാ വിജ്ഞാനവും അറിവും ആത്യന്തികമായി മനുഷ്യനിര്‍മിതമാണെന്നും എന്നാല്‍ ട്രൂത്ത് അഥവാ റിവീല്‍ഡ് ട്രൂത്ത് അത് കാലാതീതമാണെന്നുമുള്ള ഒരു സമീപനം ഇവിടെ പ്രസക്തമാണ്. വിജ്ഞാനം തേടുന്നവരെ ശരിയിലേക്ക് നയിക്കുക എന്നതാണ് ട്രൂത്ത് നിര്‍വഹിക്കുന്ന ധര്‍മം. മനുഷ്യന് അത് ലക്ഷ്യവും ദിശയും നിര്‍ണയിച്ച് കൊടുക്കുന്നു. പാലിക്കേണ്ട മര്യാദകള്‍ അഭ്യസിക്കുന്നു. അങ്ങനെ ദൈവിക സത്യത്തെ ഉള്‍ക്കൊണ്ട വ്യക്തി ഈ പ്രപഞ്ചത്തെ, ഭൂമിയെ ദൈവം ഇഷ്ടപെടും വിധം ക്രമീകരിക്കാന്‍ സ്വപ്‌നം കാണുമ്പോള്‍, പ്രയത്‌നിക്കുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വിജ്ഞാനീയങ്ങള്‍ സ്വാഭാവികമായും ഇസ്‌ലാമികമായിരിക്കും. ശോഭനയാര്‍ന്ന കാലഘട്ടത്തില്‍ മുസ്‌ലിം പ്രതിഭകള്‍ നിര്‍വഹിച്ചത് അതാണ്, ഇക്കാലത്തും നമുക്ക് നിര്‍വഹിക്കാനുള്ളതും അതുതന്നെ.
(അക്കാദമിക് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സംഗ്രഹം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം