Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

ഇന്ത്യക്കാര്‍ക്ക് കൊള്ളവില, അന്യ രാജ്യക്കാര്‍ക്ക് മാന്യ വില!

മുഹമ്മദ് സിബ്ഗത്തുല്ല നദ്‌വി

'തേല്‍ ദേക്കോ, തേല്‍ കി ധാര്‍ ദേക്കോ' (എണ്ണ നോക്കൂ, എണ്ണയുടെ ഒഴുക്ക് നോക്കൂ) എന്ന് ഹിന്ദിയിലും ഉര്‍ദുവിലും ഒരു പ്രയോഗമുണ്ട്. ഒന്നിനെക്കുറിച്ചും എടുത്ത് ചാടി അഭിപ്രായം പറയാതെ, അനന്തരഫലങ്ങള്‍ കൂടി കണക്കിലെടുത്ത് സാവകാശം ഒരു അഭിപ്രായത്തിലെത്തൂ എന്നാണതിന്റെ പൊരുള്‍. 'ദാല്‍ മേം കാലാ ഹെ' (പരിപ്പില്‍ കല്ലുണ്ട്, സൂക്ഷിക്കുക) എന്നത് മറ്റൊരു പ്രയോഗം. പരിപ്പു മുഴുവന്‍ കല്ലുകളായി മാറിയാല്‍ പിന്നെ കല്ലും പരിപ്പും വേര്‍തിരിക്കാന്‍ സാവകാശമെടുക്കുന്നതില്‍ കാര്യമില്ലല്ലോ. രാജ്യത്ത് അനുദിനം കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. എല്ലാം പച്ചയായി നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒന്നും അവ്യക്തമല്ല. അതിനാല്‍ വളരെ സമയമെടുത്ത് ഒരു അഭിപ്രായത്തിലെത്തേണ്ട കാര്യമേയില്ല.

പെട്രോളിന് ലിറ്ററിന് 80-85 രൂപയും ഡീസലിന് 70-73 രൂപയും കടന്നുപോവുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണക്ക് വില വര്‍ധിക്കുന്നു, അതുകൊണ്ട് വില വര്‍ധിപ്പിക്കുകയല്ലാതെ നിവൃത്തിയില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണക്ക് വളരെ വില കുറഞ്ഞ ഒരു ഘട്ടമുണ്ടായിരുന്നു. ബാരലിന് മുപ്പത് ഡോളര്‍ വരെയായി വില താഴ്ന്ന സന്ദര്‍ഭം. ഒരു കുപ്പി മിനറല്‍ വാട്ടറിനേക്കാള്‍ വില താഴ്ന്നല്ലോ എന്ന് ചിലര്‍ ആശ്വസിച്ചു. അപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത്, എണ്ണ ഇവിടെ കൊണ്ടുവന്ന് സംസ്‌കരിച്ച് വിതരണം ചെയ്യുന്നതിന് വരുന്ന ചെലവുകളെ കുറിച്ചാണ്. അതിനാല്‍ എണ്ണക്ക് മേല്‍ നികുതി കൂട്ടുകയല്ലാതെ നിവൃത്തിയില്ല. കേന്ദ്ര സര്‍ക്കാര്‍ എണ്ണ നികുതി കൂട്ടി. തൊട്ടു പിന്നാലെ സംസ്ഥാന സര്‍ക്കാറുകളും നികുതി വര്‍ധിപ്പിച്ചു. അങ്ങനെ വര്‍ധിപ്പിച്ച് വര്‍ധിപ്പിച്ച് എണ്ണ വിലയുടെ ഒന്നര ഇരട്ടി വരെയായി അതിന്മേല്‍ ചുമത്തുന്ന നികുതി. ഇപ്പോള്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ നികുതി കുറക്കണമെന്ന ആവശ്യമുയരുന്നത് സര്‍ക്കാറുകളെ അങ്കലാപ്പിലാക്കുന്നുണ്ട്. തീരുവ കുറക്കൂ എന്ന് കേന്ദ്രം സംസ്ഥാനങ്ങളെ ഉപദേശിക്കുന്നു. തങ്ങള്‍ ഈടാക്കുന്ന തീരുവ കുറക്കാന്‍ കേന്ദ്രമൊട്ട് തയാറുമല്ല. നമ്മുടെ നാട്ടിലെ എണ്ണ വിലയെക്കുറിച്ച് ആഴത്തിലാലോചിച്ചാല്‍ അമ്പരപ്പിക്കുന്ന വൈചിത്ര്യങ്ങളാണ് നമ്മെ വരവേല്‍ക്കുക.

സര്‍ക്കാര്‍ ചെലവുകളുടെ മുഴുവന്‍ ഭാരവും എണ്ണക്ക് മേല്‍ കെട്ടിയേല്‍പ്പിക്കുകയാണ്. എന്നിട്ട് പച്ചക്ക് ജനത്തെ കൊള്ളയടിക്കുന്നു. ഇന്ത്യയില്‍ ഈടാക്കുന്ന വിലയുടെ പകുതി കൊടുത്താല്‍ മറ്റു രാജ്യങ്ങളില്‍ ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ ലഭിക്കുമെന്നതാണ് സത്യം. സാദാ ജനം വാപൊളിച്ചുതന്നെ നില്‍ക്കുകയാണ്, കേട്ടത് നേരോ പൊള്ളോ എന്ന് അമ്പരന്നുകൊണ്ട്. പക്ഷേ അതാണ് സത്യം. അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാനും മറ്റുമായി മൊത്തം ചെലവ് ലിറ്ററിന് 30 രൂപയില്‍ കൂടുതല്‍ വരില്ല. പക്ഷേ പെട്രോള്‍ - ഡീസല്‍ വില്‍ക്കുന്നതാകട്ടെ അതിന്റെ രണ്ടിരട്ടിയോളം വിലയ്ക്കും.

വിവരാവകാശ നിയമമനുസരിച്ച്, ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുന്ന രാജ്യങ്ങളേതൊക്കെയെന്ന് അന്വേഷിച്ചപ്പോള്‍, 15 രാജ്യങ്ങളില്‍ 34 രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുന്നുണ്ടെന്നും 29 രാജ്യങ്ങളില്‍ ഒരു ലിറ്റര്‍ ഡീസലിന് 37 രൂപയേ ആകുന്നുള്ളൂ എന്നും മറുപടി കിട്ടി. നമ്മുടെ നാട്ടില്‍ വില കൂടാനും മറ്റു നാടുകളില്‍ വില കുറയാനും എന്താണ് കാരണമെന്ന് എവിടെയും വിശദീകരിച്ചിട്ടുമില്ല. അമേരിക്ക, ബ്രിട്ടന്‍, ഇറാഖ്, ഇസ്രയേല്‍, ജോര്‍ദാന്‍, ആസ്‌ത്രേലിയ, ഹോങ്കോങ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, മലേഷ്യ, യു.എ.ഇ തുടങ്ങിയവാണ് ലിറ്ററിന് 37 രൂപക്ക് ഡീസല്‍ ലഭിക്കുന്ന രാജ്യങ്ങള്‍. ഇന്ത്യ പെട്രോളും ഡീസലും വില്‍ക്കുന്ന അയല്‍പക്ക രാജ്യങ്ങളില്‍ പോലും അവ രണ്ടിന്റെയും വില താഴ്ന്നാണ് ഇരിക്കുന്നത് എന്നതാണ് വസ്തുത. ഉദാഹരണത്തിന് നേപ്പാളില്‍ 66 രൂപക്ക് പെട്രോളും 56 രൂപക്ക് ഡീസലും ലഭിക്കുന്നു. ഭൂട്ടാനെപ്പോലുള്ള മറ്റു സമീപസ്ഥ രാജ്യങ്ങളിലും ഇതാണ് സ്ഥിതി.

വിവരാവകാശ നിയമം വഴി ലഭിച്ച രേഖയനുസരിച്ച്, 2018 ജനുവരി മുതല്‍ 2018 ഏപ്രില്‍ മുപ്പത് വരെയുള്ള കാലയളവില്‍ ഇന്ത്യ അഞ്ച് രാജ്യങ്ങള്‍ക്ക് സംസ്‌കൃത പെട്രോള്‍ 32 മുതല്‍ 34 വരെ രൂപക്കും, 25 രാജ്യങ്ങള്‍ക്ക് ഡീസല്‍ 34 മുതല്‍ 36 വരെ രൂപക്കും വില്‍പന നടത്തിയിട്ടുണ്ട്. ആ സമയത്ത് രാജ്യത്ത് പെട്രോളിന്റെ വില 69.97 മുതല്‍ 75.55 രൂപ വരെയും ഡീസലിന്റേത് 59.70 മുതല്‍ 67.38 രൂപ വരെയും ആയിരുന്നു.

ആര്‍.ടി.ഐ രേഖയില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ശുദ്ധീകരിച്ച പെട്രോളും ഡീസലും ഇന്ത്യയില്‍ മാത്രമാണ് വില കൂട്ടി വില്‍ക്കുന്നത്. ഏതൊരു രാഷ്ട്രത്തിനും പകുതി വിലയ്ക്ക് ആ രണ്ട് ഉല്‍പന്നങ്ങളും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാം. അതുകൊണ്ടാണ് ആ രാഷ്ട്രത്തിന് വില കുറച്ച് വില്‍ക്കാന്‍ സാധിക്കുന്നത്. അതേസമയം ഒരു ഇന്ത്യന്‍ പൗരന്‍ ഡീസലിനും പെട്രോളിനും 125 മുതല്‍ 150 ശതമാനം വരെയാണ് നികുതി അടക്കേണ്ടിവരുന്നത്. അതിനാല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഈ കൃത്രിമ വിലക്കയറ്റം എപ്പോഴും രാജ്യത്ത് തുടര്‍ന്നുകൊണ്ടേയിരിക്കും. അതുസംബന്ധമായ ഒച്ചപ്പാടുകള്‍ക്കും വിരാമമുണ്ടാവുകയില്ല. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ജനം ഇളകുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കും. വില കുറയുമ്പോള്‍ ഭരണകക്ഷിയായിരിക്കും രാഷ്ട്രീയ മുതലെടുപ്പ് നടത്തുക.

ഏതൊരു പാര്‍ട്ടിയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിലക്കയറ്റത്തിനെതിരെ ഘോരഘോരം പ്രക്ഷോഭങ്ങള്‍ നയിക്കും. അധികാരത്തിലെത്തിയാല്‍ അവരും ചെയ്യുന്നത് നിര്‍ബാധം വില കൂട്ടല്‍ തന്നെ. നേരത്തേ ബി.ജെ.പിയാണ് ഒച്ചപ്പാടുണ്ടാക്കിയതെങ്കില്‍, ഇപ്പോഴത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്ന് മാത്രം. ഇവരൊക്കെ ജനങ്ങളോട് ചെയ്യുന്നത് എത്ര വലിയ ചതിയാണെന്ന് നോക്കൂ. എണ്ണ കൊണ്ടുള്ള ഈ കള്ളക്കളി നമ്മുടെ സകല ഭാവനകള്‍ക്കുമപ്പുറമാണ്. നല്ല ദിനങ്ങള്‍ വരുത്തിത്തരാമെന്ന് പറഞ്ഞവര്‍ പെട്രോള്‍ വില നിരന്തരം ഉയര്‍ത്തി ജനങ്ങളുടെ കീശ കൊള്ളയടിക്കുന്നു. മറ്റു രാജ്യങ്ങളിലേക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ കയറ്റുമതി ചെയ്ത് അവിടത്തുകാര്‍ക്ക് 'നല്ല ദിനങ്ങള്‍' സമ്മാനിക്കുന്നു! ചോദ്യം ഇതാണ്: ഇന്ത്യയില്‍നിന്ന് സംസ്‌കൃത എണ്ണ അന്യ നാടുകളിലേക്ക് കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്യാമെങ്കില്‍, ആ ആനുകൂല്യം എന്തുകൊണ്ട് ഇന്ത്യക്കാര്‍ക്ക് നല്‍കിക്കൂടാ? എന്താണ് ഇവിടെ മാത്രമായി ഭീമന്‍ വിലക്കയറ്റം? പെട്രോളിയം റിഫൈനറിയിലെ സംസ്‌കരണ ചെലവുകള്‍ മൂന്നോ നാലോ രൂപ കൂടുമ്പോഴേക്ക് അത് 125 ശതമാനവും കവിഞ്ഞ് പോകുന്ന വില വര്‍ധനവായി മാറുന്ന വിചിത്ര പ്രതിഭാസം മറ്റൊരു നാട്ടിലും ഉണ്ടാവാനിടയില്ല. 

(ദഅ്‌വത്ത്, 2018 ആഗസ്റ്റ് 28)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍