Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 14

3067

1440 മുഹര്‍റം 03

സംസ്‌കരണത്തിന്റെ ഖുര്‍ആന്‍ പാഠങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ഇബ്‌റാഹീം നബി (അ) തന്റെ പിതാവിനോട് നടത്തിയ സംവാദം, ഈജിപ്തിലെ ഭരണാധികാരിയുടെ പത്‌നിയോട് യൂസുഫ് (അ) സ്വീകരിച്ച നിലപാട്, ലുഖ്മാനുല്‍ ഹകീം തന്റെ മകന് നല്‍കിയ ഉപദേശം- ഈ മൂന്ന് സംഭവങ്ങളെയും കൂട്ടിയിണക്കുന്ന തര്‍ബിയത്തിന്റെ ഒരു കണ്ണിയുണ്ടെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും. മികവുറ്റ വ്യതിരിക്തത, സര്‍ഗാത്മകത, വിശ്വാസത്തിന്റെ ശക്തി എന്നിവയാണത്. ഈ മൂന്ന് മൂല്യങ്ങളും മക്കളില്‍ വളര്‍ന്നു കാണണമെന്ന് ആഗ്രഹിക്കാത്ത രക്ഷിതാക്കളില്ല. മക്കളെ വളര്‍ത്താന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന തര്‍ബിയത്ത് പാഠങ്ങളും ഈ സംഭവങ്ങളില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

ഇബ്‌റാഹീം (അ) 'പ്രിയ പിതാവേ!' എന്ന സ്‌നേഹം തുളുമ്പുന്ന സൗമ്യതയിലാണ് പിതാവിനോട് സംസാരം തുടങ്ങിയത്. 'പ്രിയ പിതാവേ! കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, ഒരു ഉപകാരവും അങ്ങക്ക് ചെയ്തുതരാന്‍ കെല്‍പില്ലാത്തവയെ എന്തിനാണ് അങ്ങ് ആരാധിക്കുന്നത്?'

യൂസുഫ് (അ) ആവട്ടെ, അരുതാത്ത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച ഭരണാധികാരിയുടെ പത്‌നിയോട് സ്വീകരിച്ച ഉറച്ച നിലപാട് ആത്മസംയമനത്തിന്റെയും വിശ്വാസദാര്‍ഢ്യത്തിന്റെയും മികച്ച ഉദാഹരണമാണ്.

ഇബ്‌റാഹീം (അ) തന്റെ ബുദ്ധിപരമായ കഴിവുകളും ചിന്താശേഷിയും ബിംബാരാധനയുടെ നിരര്‍ഥകത പിതാവിനെ ബോധ്യപ്പെടുത്താന്‍ ഉപയോഗപ്പെടുത്തി. യൂസുഫ് (അ) വിശ്വാസത്തിന്റെ വ്യതിരിക്തതയും വികാര നിയന്ത്രണവും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ദൈവത്തോടുള്ള അനുസരണം തന്റെ മുഖ്യ പരിഗണനയാണെന്ന് ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ലുഖ്മാനുല്‍ ഹകീം മകന് നല്‍കുന്ന ഉപദേശം ബൃഹത്തായ തര്‍ബിയത്ത് പാഠങ്ങളാണ്. മനുഷ്യ ജീവിതത്തില്‍ സര്‍വ പ്രധാനമായ മൂന്ന് സിദ്ധാന്തങ്ങളില്‍ ഊന്നിയായിരുന്നു ആ ഉപദേശങ്ങളെല്ലാമെന്നു കാണാം.

സ്രഷ്ടാവായ അല്ലാഹുവിനോടുള്ള നല്ല ബന്ധം, തന്നോടും തന്റെ ഇഛകളോടുമുള്ള സമീപനം, സമസൃഷ്ടികളായ ജനങ്ങളുമായി നല്ല ബന്ധം-ഇവയാണ് ആ മൂന്ന് സിദ്ധാന്തങ്ങള്‍. അല്ലാഹുവുമായുള്ള ബന്ധത്തെ നിര്‍വചിക്കുന്നത്, ബഹുദൈവാരാധനാപരമായ സംസ്‌കാരവുമായി വിടചൊല്ലലും സ്രഷ്ടാവുമായുള്ള ബന്ധം സുദൃഢമാക്കുന്ന നമസ്‌കാരം ശീലമാക്കുന്ന സ്വഭാവം വളര്‍ത്തലുമൊക്കെയാണ്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും ജനങ്ങളുമായുള്ള ബന്ധത്തില്‍ വിനയം മുഖമുദ്രയാക്കണമെന്നും അനുശാസിക്കുന്നു. അഹങ്കാരം കൈയൊഴിക്കുക, വിനയം സംസ്‌കാരമാക്കുക, സംസാരം സ്വഭാവമഹിമയുടെ അടയാളമാക്കുക, ശബ്ദം ഉയര്‍ത്താതിരിക്കുക, നന്മ കണ്ടാല്‍ പ്രകീര്‍ത്തിക്കുക, തിന്മ നിരുത്സാഹപ്പെടുത്തുക തുടങ്ങിയ ഉദാത്ത സ്വഭാവ സവിശേഷതകള്‍ ആദര്‍ശത്തിന്റെ ബഹിര്‍സ്ഫുരണമായി കാണണമെന്നുണര്‍ത്തുന്നു. ജീവിതത്തിലെ കയ്പുറ്റ അനുഭവങ്ങളെ ക്ഷമയോടും സഹനത്തോടും നേരിടണമെന്നും ജനങ്ങളില്‍നിന്നുണ്ടാകുന്ന പീഡാനുഭവങ്ങള്‍ വിട്ടുവീഴ്ച ചെയ്ത് മാപ്പാക്കണമെന്നും ഉപദേശിക്കുന്നു.

കഥപറഞ്ഞ് തര്‍ബിയത്ത് നല്‍കുന്ന ഖുര്‍ആന്‍ ശൈലി കുടുംബത്തില്‍ പരീക്ഷിച്ച് മികവിന്റെ പാഠങ്ങള്‍ നമുക്ക് ബോധ്യപ്പെടാവുന്നതേയുള്ളൂ. കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ സ്‌നേഹം, പ്രശംസ, പ്രോത്സാഹനം, പ്രചോദനം എന്നിവ നല്‍കി വളര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് സാധിച്ചാല്‍ അതിന്റെ ഫലം അവര്‍ വളര്‍ന്നു വലുതായാല്‍ കാണാം. നേതൃപാടവത്തിന്റെയും സര്‍ഗസിദ്ധികളുടെയും മികവിന്റെയും ചലിക്കുന്ന രൂപങ്ങളായി അവര്‍ നിങ്ങള്‍ക്ക് മുന്നില്‍ വരുന്നത് എന്തു മാത്രം ആനന്ദദായകമാണ്; അഭിമാനകരമാണ്! പൗത്രന്‍ ഹസന്‍ കുഞ്ഞാവുമ്പോള്‍ തന്നെ നബി (സ) അവനെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ നബി (സ) പറഞ്ഞത് ഇങ്ങനെ: ''എന്റെ ഈ മോന്‍ നേതാവാണ്. മുസ്‌ലിംകളിലെ വലിയ രണ്ട് വിഭാഗത്തെ അനുരഞ്ജനത്തിലേക്ക് നയിക്കുന്ന ദൗത്യം അല്ലാഹു അവനെ ഏല്‍പിച്ചേക്കാം'' (ബുഖാരി). കുട്ടി പിതാവില്‍നിന്നോ മുതിര്‍ന്നവരില്‍നിന്നോ ഇത്തരം പ്രോത്സാഹനജനകമായ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അത് മനസ്സിന്റെ ചെപ്പില്‍ സൂക്ഷിച്ചുവെക്കും. അതിനോട് താദാത്മ്യപ്പെടും. അത് അവന്റെ ഭാവിജീവിത സ്വപ്‌നമായിത്തീരും. പിന്നെ അത് നടപ്പാക്കുകയെന്നത് അവന്റെ ജീവിത വ്രതമായിത്തീരും. കുഞ്ഞായ ഹസന്‍ വളര്‍ന്നുവലുതായപ്പോള്‍ അതാണല്ലോ സംഭവിച്ചത്.

ഇത്തരം അനുഭവങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ ചരിത്രം. അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു സുബൈര്‍, ഉമറുബ്‌നു അബ്ദില്‍ അസീസ്, ഖാദി അബൂയൂസുഫ്, റബീഅത്തുര്‍റഅ്‌യ്, അബ്ദുല്‍ മലിക് ബ്‌നു മര്‍വാന്റെ നാല് മക്കള്‍-വലീദ്, സുലൈമാന്‍, യസീദ്, ഹിശാം-, മുഹമ്മദുബ്‌നുല്‍ ഖാസിം, യഹ്‌യ ബ്‌നു യഹ്‌യാ അങ്ങനെ ഇസ്‌ലാമിക ചരിത്രത്തെ ധന്യമാക്കിയ എത്രയെത്ര മഹാരഥന്മാര്‍! അവരെല്ലാം മികവിന്റെയും സര്‍ഗാത്മകതയുടെയും വിശ്വാസത്തിന്റെയും വിജയം വിളംബരം ചെയ്യുന്നവരാണ്. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (24 - 27)
എ.വൈ.ആര്‍

ഹദീസ്‌

അക്രമം തടയേണ്ടതെങ്ങനെ?
കെ.സി ജലീല്‍ പുളിക്കല്‍