Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

മക്കീ സൂറകളിലെ സൂചനകള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

[മുഹമ്മദുന്‍ റസൂലുല്ലാഹ്-69]

അവതരണത്തിന്റെ കാലാനുക്രമം വെച്ച് നോക്കിയാല്‍ വിശുദ്ധ ഖുര്‍ആനില്‍ ജൂതന്മാരെക്കുറിച്ചുള്ള രണ്ടാമത്തെ വ്യംഗ്യമായ പരാമര്‍ശം വരുന്നത് ഇനിപ്പറയുന്ന സൂക്തങ്ങളിലാണ്; ''പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തെ വല്ലാതെ ഇഷ്ടപ്പെടുകയാണ്. പരലോകമാണ് ഏറ്റവും ഉത്തമവും എന്നെന്നും അവശേഷിക്കുന്നതും. ഇത് പൂര്‍വിക ഏടുകളില്‍, അബ്രഹാമിന്റെയും മോസസിന്റെയും ഏടുകളില്‍ ഉള്ളതാകുന്നു.''1 ഫറോവയുടെ ദുര്‍വിധിയിലേക്ക് വിരല്‍ചൂണ്ടുകയാവാം ഒരുപക്ഷേ, ഇവിടെ ഖുര്‍ആന്‍. അതേക്കുറിച്ച് ജൂത സമൂഹത്തിന് നല്ല അറിവുമുണ്ടല്ലോ.2 സീനായ്3 പര്‍വതത്തെക്കുറിച്ച് ഖുര്‍ആന്‍ ആനുഷംഗികമായി പരാമര്‍ശിക്കുന്നത് മോസസിന്റെ അധ്യാപനങ്ങളെ പറ്റി ഉണര്‍ത്താനാണ്; യഥാര്‍ഥ വിശ്വാസവും സല്‍ക്കര്‍മങ്ങളുമാണ് മനുഷ്യന്റെ ഉയര്‍ച്ചതാഴ്ചകള്‍ നിശ്ചയിക്കുന്നത് എന്ന് പഠിപ്പിക്കാനും. വിശുദ്ധ ഖുര്‍ആനിലെ 38-ാം അധ്യായത്തില്‍ ദാവീദ്, സോളമന്‍ തുടങ്ങിയവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് അവരെല്ലാം ദൈവപ്രവാചകന്മാരായിരുന്നുവെന്നും ആ ശൃംഖലയിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബിയെന്നും സ്ഥാപിക്കുന്നു. ഈ ചരിത്രത്തെക്കുറിച്ചെല്ലാം പ്രാഥമികമായ ചില വിവരങ്ങള്‍ മക്കക്കാര്‍ക്ക് ഉണ്ടായിരുന്നിരിക്കണം. വിശദാംശങ്ങള്‍ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല. നബിയുടെ പ്രബോധന ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില ജൂതന്മാര്‍ അതേക്കുറിച്ച് അറിയാനിടവരികയും അവര്‍ പ്രവാചകത്വത്തോടുള്ള തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടാവും. അവര്‍ ആരൊക്കെയായിരുന്നു, എവിടെയായിരുന്നു അവരുടെ വാസം എന്നൊന്നും നമുക്ക് അറിയില്ലെങ്കിലും.

ആയതിനാല്‍ വിശുദ്ധ ഖുര്‍ആനിലെ ഃഃഃശഃ/7-ാം അധ്യായം (ഇതിലെ 163 മുതല്‍ 170 വരെയുള്ള സൂക്തങ്ങള്‍ മാത്രമാണ് ഹിജ്‌റാനന്തര മദീനയില്‍ അവതരിച്ചത്, ബാക്കി സൂക്തങ്ങളെല്ലാം മക്കയിലും) ജൂത ചരിത്രത്തിന്റെ വിശദാംശങ്ങളിലേക്ക് വരെ കടന്നു ചെല്ലുന്നുണ്ട്. എങ്ങനെയാണ് ആ സമൂഹം ഫറോവയില്‍നിന്ന് രക്ഷപ്പെട്ടത്, മോസസിന് സീനായ് പര്‍വതത്തില്‍ വെച്ച് വിശുദ്ധ ഭൂമിയിലേക്കുള്ള യാത്രാമധ്യേ ഫലകങ്ങള്‍ ലഭിക്കുന്നത് തുടങ്ങിയ ഒട്ടേറെ വിശദാംശങ്ങള്‍. ഈ വിവരണങ്ങള്‍ക്കു ശേഷം മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെടുന്നതിനെക്കുറിച്ച് മോസസിന്റെയും യേശുവിന്റെയും ഏടുകളില്‍ പരാമര്‍ശമുണ്ടെന്ന് സൂചിപ്പിക്കുന്നു.

''നാം നിശ്ചയിച്ച സമയത്ത് തന്റെ കൂടെ ഹാജരാകാന്‍ മൂസാ അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് എഴുപതു പേരെ തെരഞ്ഞെടുത്തു. പെട്ടെന്ന് ഞെട്ടലുണ്ടാക്കുന്ന പ്രകമ്പനം അവരെ പിടികൂടി. അപ്പോള്‍ മൂസാ പറഞ്ഞു: 'എന്റെ നാഥാ, നീ ഇഛിച്ചിരുന്നെങ്കില്‍ നേരത്തേതന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളിലെ ഏതാനും വിഡ്ഢികള്‍ പ്രവര്‍ത്തിച്ച പാപത്തിന്റെ പേരില്‍ നീ ഞങ്ങളെയൊക്കെ നശിപ്പിക്കുകയാണോ? നിന്റെ പരീക്ഷണമല്ലാതൊന്നുമല്ലിത്. അതുവഴി നീ ഇഛിച്ചവരെ നീ വഴികേടിലാക്കുന്നു. നീ ഇഛിച്ചവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷകന്‍. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളോട് കരുണ കാണിക്കേണമേ. പൊറുക്കുന്നവരില്‍ അത്യുത്തമന്‍ നീയാണല്ലോ.

ഞങ്ങള്‍ക്കു നീ ഈ ലോകത്തും പരലോകത്തും നന്മ വിധിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു.' അല്ലാഹു അറിയിച്ചു: എന്റെ ശിക്ഷ ഞാനുദ്ദേശിക്കുന്നവരെ ബാധിക്കും. എന്നാല്‍ എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്നുനില്‍ക്കുന്നു. സൂക്ഷ്മത പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ പ്രമാണങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നാമത് രേഖപ്പെടുത്തുന്നു.

തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ4 പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍.

പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അവന്റെ ദൂതനിലും. അഥവാ നിരക്ഷരനായ പ്രവാചകനില്‍. അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. നിങ്ങള്‍ നേര്‍വഴിയിലായേക്കാം.

മൂസായുടെ ജനതയില്‍തന്നെ സത്യമനുസരിച്ച് നേര്‍വഴി കാട്ടുകയും അതിനനുസരിച്ച് നീതി നടത്തുകയും ചെയ്യുന്ന ഒരു സമുദായമുണ്ട്'' (7: 155-159).

നബിയുടെ മക്കാ ജീവിത കാലത്ത് ഏത് സന്ദര്‍ഭത്തില്‍, ഏത് പശ്ചാത്തലത്തില്‍ ആണ് മേല്‍ സൂക്തങ്ങള്‍ അവതരിച്ചത് എന്ന് വ്യക്തമല്ല. ഒരുപക്ഷേ, ത്വാഇഫ്, യമന്‍, മദീന, ഖൈബര്‍, തൈമ വാദില്‍ ഖുറാ മേഖല, ഇറാഖ്, ഈജിപ്ത്, അബ്‌സീനിയ തുടങ്ങിയ നാടുകളിലേക്ക് കച്ചവടത്തിന് പോയിരുന്ന മക്കക്കാര്‍ അവിടത്തുകാരോട്, ദൈവദൂതന്‍ എന്ന് അവകാശപ്പെട്ട് ഒരാള്‍ തങ്ങളുടെ നാട്ടില്‍ രംഗത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടാവണം. അവര്‍ കാണാനിടയായ ജൂത-ക്രൈസ്തവ വിഭാഗങ്ങള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചില വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ടാവണം. ഒരുപക്ഷേ, ഈ സൂക്തങ്ങളുടെ അവതരണം നടന്നിട്ടുണ്ടാവുക പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷം (ഹിജ്‌റക്ക് എട്ട് വര്‍ഷം മുമ്പ്) ആയിരിക്കണം. അബ്‌സീനിയയില്‍ അഭയം തേടിയെത്തിയ മുസ്‌ലിംകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മക്കയില്‍നിന്ന് ഒരു സംഘം അങ്ങോട്ട് പുറപ്പെട്ട വര്‍ഷം. അബ്‌സീനിയക്കാര്‍ മുസ്‌ലിംകള്‍ക്ക് അഭയം നിഷേധിച്ചില്ലെങ്കിലും അവരെ ക്രിസ്ത്യാനികളാക്കാന്‍ ശ്രമം നടത്തിയിരുന്നു എന്നാണ് മനസ്സിലാവുന്നത്. മുസ്‌ലിം അഭയാര്‍ഥികളില്‍ രണ്ട് പേര്‍ ക്രിസ്ത്യാനികളാവുകയും ചെയ്തു (ഇതൊക്കെ നാം നേരത്തേ പരാമര്‍ശിച്ചിട്ടുണ്ട്). ഇനി നാം ഉദ്ധരിക്കാന്‍ പോകുന്ന ജൂത ചരിത്രരേഖകള്‍ വെച്ച്, ജൂതന്മാര്‍ ഉന്നയിച്ചിരുന്ന ചില വാദമുഖങ്ങള്‍ മക്കക്കാര്‍ ഏറ്റുപിടിക്കുകയും അവ പ്രവാചകന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടാവാം എന്നും മനസ്സിലാക്കാം. ഏതായാലും നാം മേലുദ്ധരിച്ച ഖുര്‍ആനിക അധ്യായം, മുന്‍മതങ്ങളെക്കുറിച്ച് ഇസ്‌ലാമിന്റെ നിലപാടെന്ത് എന്ന് കൃത്യമായി വിവരിക്കുന്നുണ്ട്. അതായത്, മുഹമ്മദ് ദൈവത്താല്‍ നിയോഗിതനാകുന്ന ആദ്യ ദൂതനൊന്നുമല്ല. അദ്ദേഹത്തിനു മുമ്പ് നിരവധി പ്രവാചകന്മാര്‍ ഇതുപോലെ നിയോഗിതരായിട്ടുണ്ട്. ഈ പ്രവാചകന്മാരുടെ ശത്രുക്കളായിത്തീര്‍ന്ന അതത് കാലങ്ങളിലെ ജനസമൂഹങ്ങള്‍ ദൈവകോപത്തിന് പാത്രമാവുകയും അങ്ങനെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും 'വിശ്വാസികള്‍' എന്ന് പറയപ്പെടുന്ന ഇവരുടെ പിന്‍ഗാമികള്‍ ക്രമേണ സത്യമാര്‍ഗത്തില്‍നിന്ന് വഴിതെറ്റുകയും പലതരം തെറ്റായ വിശ്വാസ പ്രമാണങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഏകദൈവവിശ്വാസത്തിന്റെ അവസാന അടയാളങ്ങള്‍ വരെ മാഞ്ഞുപോയ സമൂഹത്തിലേക്കോ, പ്രവാചകന്മാരേ വന്നിട്ടില്ലാത്ത സമൂഹത്തിലേക്കോ ദൈവം തന്റെ ദൂതന്മാരെ അയക്കും. അതുകൊണ്ടാണ് മേല്‍പ്പറഞ്ഞ അധ്യായത്തില്‍ ബൈബിളില്‍ ധാരാളമായി പരാമര്‍ശിക്കപ്പെടുന്ന നോഹ, ഹൂദ്, ലോത്ത്, ശുഐബ് തുടങ്ങിയ ദൈവദൂതന്മാരൊക്കെ കടന്നുവരുന്നത്. അതു കഴിഞ്ഞ്, മോസസ് ഫറോവയോടും അന്നാട്ടിലെ ജനങ്ങളോടും നടത്തിയ ആഹ്വാനങ്ങളെക്കുറിച്ച് പറയുന്നു.

അബ്രഹാമിനെപ്പോലുള്ള പ്രവാചകന്മാരുടെ അധ്യാപനങ്ങളൊക്കെ നഷ്ടപ്പെട്ടുപോയെങ്കിലും മുഹമ്മദ് നബിയുടെ ആഗമന കാലത്ത് മോസസിന്റെ അഞ്ച് ഗ്രന്ഥങ്ങളും (ജലിമേലtuരവ) അതിന്റെ അനുയായികളായ 'മൊസേസിയനുകളാ'(ങീലെരശമി)െയ ജൂതന്മാരും നിലനില്‍ക്കുന്നുണ്ടായിരുന്നുവല്ലോ. അപ്പോള്‍ സ്വാഭാവികമായും എന്തിനാണ് ഇനിയൊരു പുതിയ വേദവും പ്രവാചകനും എന്ന ചോദ്യം ഉന്നയിക്കപ്പെടും. എല്ലാവരെയും 'മൊസേസിസ'ത്തിലേക്ക് പരിവര്‍ത്തിപ്പിച്ചാല്‍ പോരേ? എന്നു മാത്രമല്ല, അറേബ്യയിലെ ജൂതന്മാര്‍ തങ്ങളുടെ മതം തങ്ങള്‍ക്ക് മാത്രമുള്ളതാണ് എന്ന് കരുതിയിരുന്നുമില്ല. അറബികളെ ജൂതമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തിരുന്നു (യമനിലെ രാജാവായ ദുന്നുവാസിനെക്കുറിച്ച് നാം നേരത്തേ പറഞ്ഞിട്ടുണ്ട്. മദീനയുടെ പശ്ചാത്തലത്തില്‍ നാം വീണ്ടും അദ്ദേഹത്തെ പരാമര്‍ശിക്കും). ഈ വാദത്തിന് ഖുര്‍ആന്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ്:

(എ) മോസസും ജീസസുമൊക്കെ വരുമെന്ന് പ്രവചിച്ചിട്ടുള്ള വാഗ്ദത്ത പ്രവാചകനാണ് മുഹമ്മദ് നബി.

(ബി) മനുഷ്യ സമൂഹത്തിന്റെ മനോഘടനയില്‍ വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞതിനാല്‍ സാമൂഹിക ചട്ടങ്ങളും സ്വഭാവ രീതികളും പരിഷ്‌കരിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. അതേസമയം മതത്തിന്റെ സത്തയായ ഏകദൈവത്വം പോലുള്ളവക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നതുമല്ല. ഒരു ശിക്ഷയെന്ന രീതിയിലോ മറ്റോ മുന്‍ സമൂഹങ്ങള്‍ക്കു മേല്‍ ചുമത്തിയിരുന്ന ഭാരങ്ങള്‍ എടുത്തുകളയാനും അവന്‍ വിചാരിക്കുന്നു.

(സി) ദൈവം മുന്‍കാല പ്രവാചകന്മാരെ അയച്ചത് ഒന്നുകില്‍ ഒരു സമൂഹത്തിന് മാത്രമായി; അല്ലെങ്കില്‍ പ്രത്യേക കാലഘട്ടത്തിന് മാത്രമായി. ഈ ഖുര്‍ആനിക അധ്യായം ഊന്നിപ്പറയുന്ന പോലെ, സകല മനുഷ്യര്‍ക്കും സകല കാലത്തിനുമുള്ള പ്രവാചകനാണ് മുഹമ്മദ് നബി.

ഇതില്‍ ആദ്യത്തെ മറുപടിയാണ് വളരെ പ്രധാനം. നിരവധി സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ അതിലേക്ക് വരുന്നുണ്ട്. മേല്‍ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ മോസസിന്റെ അഞ്ച് പുസ്തകങ്ങളിലേക്കും സുവിശേഷങ്ങളിലേക്കുമൊക്കെ സൂചനകളുണ്ട്. ചിലയിടങ്ങളില്‍ ഖുര്‍ആന്‍ അത്ര വ്യക്തമല്ലാത്ത പരാമര്‍ശങ്ങളാണ് നടത്തുക.6 അവയുടെ പൊരുളറിയാനുള്ള യാത്രയില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ബ്രാഹ്മണന്മാരുടെയും ബുദ്ധന്മാരുടെയും പേര്‍ഷ്യക്കാരുടെയും ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയുമൊക്കെ പ്രാചീന വേദങ്ങളിലേക്ക് നിരന്തരം കടന്നുചെന്നിട്ടുമുണ്ട്. അത്തരം ഖണ്ഡന-മണ്ഡനങ്ങളിലേക്ക് നാമിവിടെ കടക്കുന്നില്ല.7

 

(തുടരും)

കുറിപ്പുകള്‍

 

1. ഖുര്‍ആന്‍ VIII/87: 1619

2. ഖുര്‍ആന്‍ ത/89:10; X/89:10; XXVII/85:18; XXXIV/50:13; XXXVII/54:41; XXXVIII/38:12

3. ഖുര്‍ആന്‍ XXVIII/95:2

4. 'ഉമ്മി' എന്നാല്‍ ജൂതനല്ലാത്തവര്‍ക്കും (gentiles) നിരക്ഷരര്‍ക്കും പ്രയോഗിക്കുന്നത്.

5. ഖുര്‍ആന്‍ LXXX/78:2

6. ഖുര്‍ആന്‍ XLVII/26:196

7. Towards Understanding Islam by H.G Dorman Jr. ; Muhammad in the Bible by David Benjamin Kaldane; Muhammad in Parsi, Hindu and Budhist Scriptures by A.H Ali and Vidyarthi; Izharul Haqq by Ramathulla (2nd Part) 131-165 etc.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍