Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

എ.പി അഫീഫ് അബ്ദുര്‍റഹ്മാന്‍

എ.പി അബ്ദുല്‍ വഹാബ്

ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി അഫീഫ് ഇല്ലാത്ത ഒരു പെരുന്നാള്‍ കടന്നുപോയി. പെരുന്നാള്‍ ദിനങ്ങളെ തക്ബീറുകള്‍ കൊണ്ടും ആശംസകള്‍ കൊണ്ടും സജീവമാക്കാറുള്ള അവന്റെ അഭാവം മനസ്സിലുണ്ടാക്കിയ വേദന താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഞാന്‍ നേരം പുലരുമ്പോള്‍ തന്നെ ഉടപ്പിറപ്പുകളെയും കൂട്ടി അവന്റെ ഖബ്‌റിടത്തില്‍ ചെന്നതും കരളുരുകി പ്രാര്‍ഥിച്ചതും.

നിഷ്‌കളങ്കതയുടെ ആള്‍രൂപമായിരുന്നു അഫീഫ്. സത്യസന്ധതയും വിശ്വസ്തതയുമായിരുന്നു അവന്റെ മുഖമുദ്ര. ശരീരത്തെയെന്നപോലെ മനസ്സിനെയും കളങ്കപ്പെടുത്താതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. പുഞ്ചിരിച്ചുകൊണ്ടല്ലാതെ ഒരാളെയും അവന്‍ അഭിമുഖീകരിച്ചിരുന്നില്ല. മറ്റുള്ളവരെ ആക്ഷേപിച്ചുകൊണ്ട് അവന്‍ എപ്പോഴെങ്കിലും സംസാരിച്ചതായി എനിക്കോര്‍മയില്ല. അവന്റെ സൗമ്യമായ സംസാര രീതിയും പെരുമാറ്റവും ഞങ്ങള്‍ക്ക് മാതൃകയായിരുന്നു. അവന്റെ വിനയത്തെയും സ്വഭാവഗുണത്തെയും പ്രകീര്‍ത്തിച്ചുകൊണ്ട് മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ അവന്റെ ഉപ്പയായ ഞാന്‍ എത്രയോ തവണ അഭിമാനം കൊണ്ടിട്ടുണ്ട്.

പാണമ്പ്ര ഗവ. എല്‍.പി സ്‌കൂളിലും വെളിമുക്ക് ക്രസന്റിലും ഫറോക്ക് ഇര്‍ശാദിയയിലും ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയല്‍ കോളേജിലുമായിരുന്നു അവന്റെ വിദ്യാഭ്യാസം. പഠിക്കാന്‍ അവന് വലിയ ആവേശമായിരുന്നു. ബി.എഡ് പാസ്സായപ്പോള്‍ തന്നെ പി.ജിക്ക് ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്ന് കൊല്ലത്തോളം അത് നീണ്ടുപോയി. വിയോഗത്തിന്റെ ഒരാഴ്ച മുമ്പാണ് അതിന്റെ നിയോഗമുണ്ടായത്. ഇടക്കാലത്ത് ഡാറ്റാ എന്‍ട്രി കോഴ്‌സും കമ്പ്യൂട്ടര്‍ കോഴ്‌സുകളും സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സും ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും അവന്‍ ചെയ്തിരുന്നു. അധ്യാപകനാവണമെന്നാഗ്രഹിച്ചപ്പോള്‍ പഠിച്ച വിദ്യാലയത്തില്‍ -വെളിമുക്ക് ക്രസന്റില്‍- തന്നെ അതിനവസരവും ലഭിച്ചു. പഠിച്ചിറങ്ങിയ സ്ഥാപനങ്ങളെക്കുറിച്ചും അധ്യാപകരെക്കുറിച്ചും അവന്‍ വാചാലനാകുമ്പോള്‍, അധ്യാപകനായ ഞാന്‍ ആഗ്രഹിച്ചു പോയിട്ടുണ്ട്; എല്ലാ കുട്ടികളും ഇങ്ങനെയായിരുന്നെങ്കിലെന്ന്.

നല്ല വായനക്കാരനായിരുന്നു അഫീഫ്. മുപ്പത്തിയൊന്നു കൊല്ലത്തെ അധ്യാപക ജീവിതം കൊണ്ട് ഞാനുണ്ടാക്കിയ ഒരു ലൈബ്രറിയുണ്ട് വീട്ടില്‍. അതേറ്റവുമധികം ഉപയോഗപ്പെടുത്തിയത് അഫീഫായിരുന്നു. വായിച്ച പുസ്തകങ്ങള്‍ അവന്‍ ഓര്‍മയില്‍ സൂക്ഷിക്കും. വായനയിലെന്നപോലെ എഴുത്തിലും അവന് വലിയ താല്‍പര്യമായിരുന്നു. മനോഹരമായ ശൈലിയില്‍ കുറേ കൊച്ചു കുറിപ്പുകള്‍ അവന്‍ തയാറാക്കിയിട്ടുണ്ട്. കഥകളെഴുതാന്‍ അവന്റെ പ്രചോദനം എന്റെ മൂത്ത ജ്യേഷ്ഠനായ അവന്റെ മൂത്താപ്പ -എം.എ റഹ്മാന്‍ സാഹിബ്- ആയിരുന്നു. ബാല മാസികകളില്‍ അവന്റെ മൂത്താപ്പ ഒട്ടേറെ കഥകളെഴുതിയിട്ടുണ്ട്. കഥകളെഴുതാനും ബാല മാസികകളിലേക്ക് അയച്ചുകൊടുക്കാനും മൂത്താപ്പ അവനെ പ്രോത്സാഹിപ്പിച്ചിരുന്നു.

ഖുര്‍ആന്‍ പഠനത്തിലും പാരായണത്തിലും അഫീഫ് വലിയ ആവേശം കാണിച്ചിരുന്നു. ഖുര്‍ആന്‍ പാരായണം അവന്റെ പതിവു ശീലമായിരുന്നു. രാവിലെയും വൈകുന്നേരവും നമസ്‌കാര ശേഷം അവന്‍ ഖുര്‍ആന്‍ ഓതും. അതുകൊണ്ടുതന്നെ കുറേ അധ്യായങ്ങള്‍ അവന്‍ മനഃപാഠമാക്കിയിട്ടുണ്ട്. തറാവീഹ് നമസ്‌കാരങ്ങള്‍ വീട്ടില്‍ കുടുംബസമേതമാണ് ഞങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ഖുര്‍ആന്‍ കൂടുതല്‍ മനഃപാഠമാക്കിയ ആളെന്ന നിലയില്‍ അവനായിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്. രാത്രി സമയങ്ങളില്‍ ഞാനെത്ര വൈകി വീട്ടിലെത്തിയാലും ഇശാ നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ അവന്‍ എന്നെ കാത്തുനില്‍ക്കുമായിരുന്നു. അവന്‍ അവസാനമായി നിര്‍വഹിച്ച നമസ്‌കാരവും ജമാഅത്തായിട്ടായിരുന്നു. മരണം കീഴ്‌പ്പെടുത്തുന്നതിന്റെ അല്‍പസമയം മുമ്പ് പണി നടക്കുന്ന പറമ്പില്‍ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് നടത്തിയ അസ്വ്ര്‍ നമസ്‌കാരമായിരുന്നു അത്.

ഫുട്‌ബോളിനോട് വലിയ അഭിനിവേശമായിരുന്നു അവന്. ലോകത്തെ എല്ലാ മികച്ച കളിക്കാരുടെയും പ്രൊഫൈല്‍ അവന് മനഃപാഠമായിരുന്നു. ബ്രസീലും ലിവര്‍പൂളുമായിരുന്നു അവന്റെ ഇഷ്ട ടീമുകള്‍. മറ്റു രാജ്യങ്ങളിലെ മികച്ച താരങ്ങളോടും അവന് ബഹുമാനമായിരുന്നു. ദേശീയ ടീമില്‍ സുനില്‍ ഛേത്രിയായിരുന്നു അവന്റെ ഹീറോ. പ്രാദേശിക ഫുട്‌ബോള്‍ ടീമില്‍ ഗോള്‍ കീപ്പറായിരുന്നു അഫീഫ്. മികച്ച ഗോള്‍ കീപ്പറാവണമെന്നായിരുന്നു അവന്റെ അഭിലാഷം. അതിനു വേണ്ടി അവന്‍ പ്രത്യേക കോച്ചിംഗിനു പോയിരുന്നു. കുടുംബത്തിലെ ചെറിയ കുട്ടികള്‍ക്ക് ഫുട്‌ബോളില്‍ പ്രത്യേക പരിശീലനം കൊടുക്കാനും അവന്‍ മുന്‍കൈയെടുത്തിരുന്നു. കളിക്കളത്തില്‍ എത്ര വീറുറ്റ മത്സരമാണെങ്കിലും മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയമായാല്‍ അവന്‍ കളി മതിയാക്കി ഗ്രൗണ്ട് വിടുമായിരുന്നു. ടൂര്‍ണമെന്റുകളില്‍ പോലും ഈ പതിവ് തെറ്റിച്ചിരുന്നില്ല. പകരക്കാരനായ ഗോളിയെ ഇറക്കി അവന്റെ ക്ലബ് -കെ.എഫ്.സി- അവനോട് നൂറു ശതമാനവും സഹകരിച്ചിരുന്നു.

എന്റെ രാഷ്ട്രീയത്തോടും പൊതുപ്രവര്‍ത്തനങ്ങളോടും എന്റെ മക്കള്‍ക്ക് യോജിപ്പും വിയോജിപ്പുമുണ്ടായിട്ടുണ്ട്. എല്ലാ കാര്യങ്ങളും സുഹൃത്തുക്കളോടെന്നപോലെ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുമുണ്ട്. തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിക്കുന്നതിനോട് അവര്‍ക്ക് വ്യക്തിപരമായി യോജിപ്പുണ്ടായിരുന്നില്ല. എന്നാലും സന്ദിഗ്ധ ഘട്ടങ്ങളില്‍ അവരെന്നെ സഹായിക്കും. എനിക്ക് ആത്മധൈര്യം തരുന്നതിലും സ്‌നേഹപൂര്‍വം എന്നെ ഗുണദോഷിക്കുന്നതിലും അഫീഫ് എല്ലാവരേക്കാളും മുന്നിലായിരുന്നു.

കൊണ്ടോട്ടിക്കടുത്ത മൊറയൂരില്‍ അവന്റെ വല്യുപ്പയുടെ സ്ഥലത്ത് ഒരു ഓര്‍ഗാനിക് ഫാമും ഫിഷ് പോണ്ടും പണിയുന്ന സംരംഭത്തിലായിരുന്നു അഫീഫ്. ജൈവകൃഷിയും മത്സ്യകൃഷിയും പുറമെ ഔഷധച്ചെടികളുടെ കൃഷിയുമാണുദ്ദേശിച്ചിരുന്നത്. അവന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ഇത്. ഫാമിന്റെ പണികള്‍ പകുതിയിലേറെ മുന്നോട്ടു പോവുകയും ചെയ്തിട്ടുണ്ട്. പണികള്‍ വിലയിരുത്താനായിരുന്നു ആഗസ്റ്റ് 3-ന് വെള്ളിയാഴ്ച ജുമുഅക്കു ശേഷം അവനും ഞാനും മൊറയൂരിലേക്ക് പോയത്. പണിസ്ഥലത്ത് സഹായിയായി രാജന്‍ എന്ന എന്റെ നാട്ടുകാരനുമുണ്ടായിരുന്നു. ഞങ്ങള്‍ ഒരു ചെറിയ പണിയില്‍ മുഴുകിയിരിക്കെയാണ് മഴപെയ്ത് കുതിര്‍ന്ന മണ്ണില്‍ അടിയിളകി ഒരു പടുകൂറ്റന്‍ തെങ്ങ് കടപുഴകി വന്നു പതിച്ചത്. നിശ്ശബ്ദമായ ആ വീഴ്ചയില്‍ അവന് ഒന്നു മാറിനില്‍ക്കാന്‍ പോലും അവസരമുണ്ടായില്ല. അന്ന് വെള്ളിയാഴ്ച സ്വുബ്ഹ് മുതല്‍ക്കേ എന്നോടൊപ്പമുണ്ടായിരുന്ന എന്റെ പൊന്നുമോന്‍ എന്റെ കരവലയത്തില്‍ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്. ഓര്‍ക്കാപ്പുറത്ത് വന്നുകിട്ടിയ 'സംസം' അവന്റെ വായിലേക്കൊഴിച്ചുകൊടുക്കാനും അവന് പരിശുദ്ധ കലിമ ചൊല്ലിക്കൊടുക്കാനും എനിക്ക് സാധിച്ചു -അല്‍ഹംദു ലില്ലാഹ്. വളരെ സൗമ്യനായിട്ടാണ് എന്റെ മോന്‍ പടച്ചവനിലേക്ക് യാത്രയായത്. അവനെ അവസാന നിമിഷങ്ങളില്‍ പരിചരിക്കാനുള്ള മനസ്സാന്നിധ്യവും ക്ഷമയും തന്നുകൊണ്ട് കാരുണ്യവാനായ നാഥന്‍ എന്നെയും സഹായിച്ചു.

വലിയ ജനാവലിയാണ് അഫീഫിനെ യാത്രയയക്കാന്‍ വന്നെത്തിയത്. മന്ത്രിമാരും ഉയര്‍ന്ന നേതാക്കളും ഉന്നതരായ മതപണ്ഡിതരും അനേകം മാധ്യമപ്രവര്‍ത്തകരും സാധാരണക്കാരോടൊപ്പം അക്കൂട്ടത്തിലുണ്ടായിരുന്നു. ഒട്ടും ശ്രദ്ധേയനാകാന്‍ ആഗ്രഹിക്കാത്ത എന്റെ മകന്‍ ഏറെ ശ്രദ്ധേയനായി വിടപറഞ്ഞത് അല്ലാഹുവിന്റെ നിശ്ചയമാണ്. അവന്റെ സച്ചരിതമായ ജീവിതവും സദ്കര്‍മങ്ങളുമാണ് ഞങ്ങളുടെ ആശ്വാസം, പ്രതീക്ഷയും. കരുണാവാരിധിയായ റബ്ബ് അവന് സ്വര്‍ഗം പ്രദാനം ചെയ്യട്ടെ, അവന്റെ പോരായ്മകള്‍ പൊറുത്തുകൊടുക്കട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍