Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

പുനരധിവാസങ്ങള്‍ക്കൊപ്പം തിരിച്ചുപിടിക്കേണ്ട മൂല്യങ്ങള്‍

ടി. ആരിഫലി

2018 ആഗസ്റ്റില്‍ കേരളത്തെ പിടിച്ചുലച്ച് കടന്നുപോയ പ്രളയം വിസ്മരിക്കാനും തമസ്‌കരിക്കാനും കഴിയാത്ത ഒരധ്യായമായി ഇന്ത്യാ ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കും. 400-ഓളം മനുഷ്യജീവനുകള്‍ അപഹരിക്കുകയും 40000 കോടി രൂപയോളം നഷ്ടം വരുത്തുകയും ചെയ്ത് കടന്നുപോയ പ്രളയത്തെ നാമെങ്ങനെ അഭിമുഖീകിച്ചു എന്നതും അത് പകര്‍ന്നുതന്ന പാഠങ്ങള്‍ നാമെങ്ങനെ ഉള്‍ക്കൊണ്ടു എന്നതുമാകും അടുത്ത തലമുറ വിലയിരുത്തുക. പ്രകൃതി ദുരന്തങ്ങളെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല. എന്നാല്‍, അവയെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്നും അവ പകര്‍ന്നുതരുന്ന പാഠങ്ങളും താക്കീതുകളും ഭാവി ജീവിതത്തിന് പ്രയോജനപ്പെടുത്തേണ്ടതെങ്ങനെയെന്നും തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. കാറ്റിന്റെ ദിശ നിയന്ത്രിക്കുന്നത് നാമല്ല. എന്നാല്‍, നാം സഞ്ചരിക്കുന്ന പായക്കപ്പലിന്റെ പായ അഴിച്ചുവിട്ടും ദിശമാറ്റിക്കെട്ടിയും നാം ഉദ്ദേശിക്കുന്ന ദിശയിലേക്ക് കപ്പലിനെ നയിക്കാനുള്ള നിപുണതയും കഴിവുമാണ് നാം ആര്‍ജിക്കേണ്ടത്. 

സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ വര്‍ധിച്ചതോടെ എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങളും വികാരങ്ങളും വിമര്‍ശനങ്ങളും പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഓരോ പ്ലാറ്റ്ഫോമിന്റെയും സാധ്യതകള്‍ ലോകത്തോളം വിശാലവുമാണ്. വിവര-വിനിമയ സാങ്കേതികവിദ്യ സൃഷ്ടിച്ച ഈ അതിരില്ലാത്ത സാധ്യതകള്‍ പ്രളയകാലത്തും തുടര്‍ന്നും എങ്ങനെയാണ് ഉപയോഗപ്പെട്ടതെന്ന് വിലയിരുത്തുകയും രേഖപ്പെടുത്തുകയും ചെയ്യേതു്.  പ്രളയ ദിനങ്ങളില്‍ രക്ഷാദൗത്യങ്ങളുടെ ചാലക ശക്തിയും പ്രളയാനന്തരം പുനരധിവാസങ്ങളുടെയും ദുരിതാശ്വാസങ്ങളുടെയും പ്രധാന വേദിയുമായി നിലകൊള്ളുന്നു സാമൂഹിക മാധ്യമങ്ങള്‍. 

ദൃശ്യ-ശ്രാവ്യ-പത്ര മാധ്യമങ്ങള്‍കൂടി സാമൂഹിക മാധ്യമങ്ങള്‍ക്കൊപ്പം ചേര്‍ന്നതോടെ പ്രളയം കേരള സമൂഹത്തിന്റെ വികാര-വിചാരങ്ങളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുകയുണ്ടായി. കേരളത്തിലെ നിരത്തുകളില്‍ ദുരിതാശ്വാസത്തിന്റെ ബാനറുകള്‍ കെട്ടി ചെറുതും വലുതുമായ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ ഒഴുകിയെത്തിയതും മലബാര്‍ മേഖലകളില്‍നിന്ന് കൊടിവെച്ച, ബാനര്‍ കെട്ടിയ വാഹനങ്ങളില്‍ ചൂലും കൈക്കോട്ടുമായി ധാരാളക്കണക്കിന് ചെറുപ്പക്കാര്‍ ആലുവ, ആലപ്പുഴ അടക്കമുള്ള ദക്ഷിണമേഖലകളിലേക്ക് ഒഴുകിവന്നതും യഥാര്‍ഥത്തില്‍ ഈ സ്വാധീനത്തിന്റെ ഫലമായിട്ടാണ്.

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഘട്ടത്തിലേക്ക് നാം പ്രവേശിച്ചുകഴിഞ്ഞു. കേരളത്തെ മുഴുവനായിതന്നെ പുനര്‍നിര്‍മിക്കേണ്ടി വരും. റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാറാപ്പീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, വീടുകള്‍, റസിഡന്‍ഷ്യല്‍ കോളനികള്‍ എല്ലാമെല്ലാം. 'ഇനി നമ്മളെല്ലാവരും ചേര്‍ന്നങ്ങ് ഇറങ്ങുകയല്ലേ' എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്, ജനാധിപത്യ മൂല്യവും കൂട്ടായ്മയുടെ ആഹ്വാനവുമുണ്ട്. ഈ ആഹ്വാനത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് വ്യക്തികളും സംഘങ്ങളും സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും ഈ ശ്രമത്തില്‍ പങ്കുചേരണം. 

എന്നാല്‍, പശ്ചാത്തല സൗകര്യങ്ങളും ഭൗതിക സന്നാഹങ്ങളും മാത്രമല്ല നാം പുനര്‍നിര്‍മിക്കേണ്ടത്. നാഗരികതകളുടെയും സംസ്‌കാരത്തിന്റെയും അടിത്തറയായി നില്‍ക്കുന്ന മൂല്യങ്ങളെയും പുനര്‍നിര്‍മിക്കേണ്ടവയുടെ ലിസ്റ്റില്‍ എഴുതിച്ചേര്‍ക്കേണ്ടതു്. പ്രളയബാധിത മേഖലകളിലൂടെ സഞ്ചരിക്കുകയും ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന കാര്യമുണ്ട്. ശ്രേഷ്ഠമായ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും അടിസ്ഥാനമാകേണ്ട ധാരാളം ഗുണങ്ങളും മൂല്യങ്ങളും കേരളസമൂഹത്തില്‍ ആണ്ടു പൂണ്ട് കിടപ്പുണ്ട് എന്നതാണത്. രക്ഷാദൗത്യത്തിനിടയിലും ദുരിതാശ്വാസ ക്യാമ്പുകളിലും അവ നല്ലപോലെ ദൃശ്യമായിട്ടു്. ആ മൂല്യങ്ങള്‍ തിരിച്ചറിയുകയും വെള്ളവും വളവും ചേര്‍ത്ത് വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. 

പശ്ചാത്തല സൗകര്യങ്ങളുടെ പുനര്‍നിര്‍മാണം ഹാര്‍ഡ്വെയറിന്റെ അറ്റകുറ്റപ്പണി മാത്രമേയാകുന്നുള്ളൂ. നിര്‍മാണാത്മകമായ ഔട്ട്പുട്ട് കിട്ടണമെങ്കില്‍ നാഗരികതകള്‍ക്ക് മൂല്യങ്ങളുടെ സോഫ്റ്റ്വെയറു കൂടി വേണം. സമാധാനപരമായ സഹവര്‍ത്തിത്വം അതില്‍ പ്രധാനമാണ്. ഒന്നുരണ്ടു പതിറ്റാണ്ടായി സാമുദായിക ധ്രുവീകരണത്തിന്റെ ആഴം വര്‍ധിച്ചു വരികയാണ് കേരളത്തില്‍. അടുത്ത കാലത്തുണ്ടായ ഒട്ടേറെ സംഭവവികാസങ്ങള്‍ അവക്ക് വേഗം വര്‍ധിപ്പിച്ചുകൊണ്ടുമിരുന്നു. പ്രളയ കാലത്തും ശേഷവും അടയാളപ്പെടുത്തപ്പെട്ട ശ്രദ്ധേയമായ കാര്യം, മത-ജാതി വിഭാഗീയതകള്‍ക്കപ്പുറത്ത് പ്രവര്‍ത്തിക്കാനും സേവനം ചെയ്യാനും തന്നെയാണ് കേരളീയ തനിമ ആവശ്യപ്പെടുന്നത് എന്നതാണ്. സ്വന്തം വിശ്വാസവും ആചാരവും മുറുകെപിടിക്കുന്നതോടൊപ്പം, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മനസ്സിലാക്കാനും അവ ആചരിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളാനും കഴിയുകയെന്നതാണ് നമുക്ക് നിലനില്‍ക്കാനും അതിജയിക്കാനുമുള്ള അവസരം നല്‍കുന്നത്. 

കേരളക്കരയെ മിതശീതോഷ്ണ കാലാവസ്ഥയില്‍ പിടിച്ചുനിര്‍ത്തുന്ന കിഴക്ക് കേരളത്തോളം നീണ്ടുകിടക്കുന്ന പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലും നമ്മുടെ അഭിമാനമായിരുന്നു. കിഴക്ക് ഉത്ഭവിച്ച് പടിഞ്ഞാറ് കടലിലെത്തുന്ന 44 നദികള്‍ നമ്മുടെ അഹങ്കാരമായിരുന്നു. കേരളത്തിലെവിടെയും കാണുന്ന വെള്ളത്തിന്റെ സുലഭ്യത കാരണം ലോകത്തിലെതന്നെ സവിശേഷമായൊരു അധിവാസ രീതിയാണ് മലയാളി തെരഞ്ഞെടുത്തത്. നമ്മുടെ അഭിമാനമായിരുന്ന പശ്ചിമഘട്ട മലനിരകളും അഹങ്കാരമായിരുന്ന 44 നദികളും നമുക്ക് ഇപ്പോള്‍ നല്‍കിയ ഒരു സന്ദേശമുണ്ട്. ഈ മലനിരകളും നദികളും മതി നിങ്ങളെ അറബിക്കടലിലേക്ക് ഒഴുക്കിവിടാന്‍ എന്ന താക്കീതാണ് യഥാര്‍ഥത്തില്‍ ഈ പ്രളയം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. 

പ്രളയാനന്തരം കേരളത്തില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശബ്ദം കേരളദേശീയതയുടേതാണ്. മുഴക്കമുള്ളൊരു ദേശീയതയായി കേരളം രൂപപ്പെടുന്നു എന്നതാണ് സോഷ്യല്‍ മീഡിയയില്‍നിന്ന് വായിച്ചെടുക്കാനാകുന്നത് എന്നത് നമ്മെ ആശങ്കപ്പെടുത്തേണ്ട കാര്യം തന്നെയാണ്. നമ്മുടേതു പോലുള്ളൊരു ദേശരാഷ്ട്രത്തില്‍, ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഇങ്ങനെ ഒരു സംസ്ഥാന ദേശീയത വളര്‍ത്തിക്കൊണ്ടുവരുന്നത് ഒരിക്കലും അഭികാമ്യമായ കാര്യമല്ല. എന്നാല്‍, ഇത്തരത്തിലുള്ളൊരു രീതി വളര്‍ന്നുവരുന്നതിന്റെ ഒന്നാമത്തെ കാരണം, കേന്ദ്ര ഗവണ്‍മെന്റ് കേരളത്തോട് സ്വീകരിച്ച നിഷേധാത്മക സമീപനം തന്നെയാണ്. അതോടൊപ്പം തന്നെ ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചില മാധ്യമങ്ങളും കേരളത്തിലും പുറത്തും സംഘ് പരിവാര്‍ സ്വഭാവത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ചില വ്യക്തികളും സൃഷ്ടിച്ച ഒരു വികാരമാണ്, കേരളം ്/ െഇന്ത്യ എന്നുള്ളത്. 

ഈയൊരവസ്ഥക്ക് മാറ്റം വരേണ്ടതായിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളുണ്ടായിട്ടില്ല എന്നത് ശരിയാണ്. ചില മാധ്യമങ്ങള്‍ കേരളത്തിന്റെ മനസ്സിനെ പ്രതിനിധീകരിച്ചിട്ടില്ല എന്നതും ശരിതന്നെ. കേരളത്തിനകത്തും പുറത്തുമുള്ള സംഘ് പരിവാര്‍ അനുകൂലികള്‍ കേരളത്തെയും ഇന്ത്യയെയും പരസ്പരം അകറ്റിക്കൊണ്ടിരിക്കുന്നുണ്ട് എന്നതും സത്യം. എന്നാല്‍, ഈ എല്ലാ ശരികള്‍ക്കുമപ്പുറമാണ് ഇന്ത്യന്‍ ജനത കേരളത്തോട് കാണിച്ചിട്ടുള്ള അനുഭാവം. അസമില്‍നിന്നും ബിഹാറില്‍നിന്നും ബംഗാളില്‍നിന്നും മാത്രമല്ല ഇന്ത്യയുടെ പല മേഖലകളിലും അഭയാര്‍ഥികളായി കഴിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന റോഹിങ്ക്യകളടക്കമുള്ളവരില്‍നിന്നുവരെ നമുക്ക് കിട്ടുന്ന അനുഭാവം അവര്‍ കേരളത്തോട് കാണിക്കുന്ന ആഭിമുഖ്യവും സ്നേഹവും തന്നെയാണ്. സാധ്യമാകുന്ന തരത്തില്‍ സഹായമെത്തിക്കുന്നുമുണ്ട്. ഈയൊരു വികാരവും കൂടി നമ്മുടെ ജനതയിലേക്ക് കൊണ്ടുവരാന്‍ നാം മനപ്പൂര്‍വം ശ്രമിക്കേണ്ടതുണ്ട്. അതുകൊണ്ട് വിനയത്തോടെയും കാര്യഗൗരവത്തോടെയും കേരളീയതയെ ഉള്‍ക്കൊള്ളുന്നതോടൊപ്പം, മലയാളിയാകുന്നതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം, നമ്മള്‍ മഹത്തായ ഒരു രാജ്യത്തിന്റെ ഭാഗമാണെന്നും, ആ രാജ്യത്തോടൊപ്പം നില്‍ക്കാന്‍ ബാധ്യസ്ഥരാണെന്നുമുള്ള വികാരംകൂടി വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. 

അഞ്ച് ദിവസം ദുരിതാശ്വാസക്യാമ്പില്‍ കഴിച്ചുകൂട്ടിയൊരു സഹോദരി തന്റെ സുഹൃത്തിനയച്ച ഒരു ശബ്ദസന്ദേശമുണ്ട്. അവര്‍ പറയുന്നു: ''പ്രളയത്തിന്റെ പാഠങ്ങള്‍ പൂര്‍ണമായും ഞാന്‍ സ്വീകരിക്കുന്നു. ഈ ദിവസങ്ങളില്‍ എനിക്ക് മനസ്സിലായി, ഒരു മനുഷ്യന് ജീവിക്കാന്‍ എത്രമാത്രം ആഹാരമാവശ്യമുണ്ട്, എത്രത്തോളം വസ്ത്രമാവശ്യമുണ്ട്, ഒരു മനുഷ്യന് അവന്റെ ജീവിതമാസ്വദിക്കാന്‍ എത്രത്തോളം വിഭവങ്ങള്‍ വേണം, ഒരാള്‍ക്ക് ഉറങ്ങാന്‍ എത്ര സൗകര്യങ്ങള്‍ ആവശ്യമുണ്ട്? ഇതെനിക്ക് നല്‍കുന്ന തിരിച്ചറിവ് മറ്റൊന്നുമല്ല, ഒരു ജീവിതത്തിനാവശ്യമായതില്‍ കൂടുതല്‍ വിഭവം ഞാന്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍, അത് മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതാണെന്നതാണത്. അത് എന്റേത് മാത്രമല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു.'' 

ഈ തിരിച്ചറിവാണ് ഇന്ന് മലയാളിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത്. ഇന്ത്യയില്‍ ജീവിക്കുന്ന ഒരു ശരാശരി ആളുടെ വിഭവങ്ങളുടെ എത്രയോ മടങ്ങാണ് ഓരോ മലയാളിയും ഇപ്പോള്‍ ഭക്ഷണമായും വസ്ത്രമായും മറ്റു ജീവിതവിഭവങ്ങളായും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഗാന്ധിജി പറഞ്ഞൊരു വാചകം ഇപ്പോള്‍ വളരെ പ്രസക്തമാണ്: ''ഈ ലോകത്തുള്ള മുഴുവന്‍ ആളുകള്‍ക്കും ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ ദൈവം ഈ ഭൂമിയില്‍ സംവിധാനിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മനുഷ്യന്റെ ആര്‍ത്തി ശമിപ്പിക്കാനുള്ള വിഭവം ഇവിടെയില്ല.'' 

തന്റെ ജീവിതത്തില്‍ ഏറ്റവും കുറഞ്ഞ വിഭവങ്ങള്‍ അനുഭവിക്കുകയും താന്‍ സമ്പാദിക്കുന്നതില്‍നിന്ന് നല്ലൊരു പങ്ക് മറ്റുള്ളവര്‍ക്കായി നീക്കിവെക്കുകയും ചെയ്യുന്ന സംസ്‌കാരം ജീവനുള്ള ഒരു സമൂഹത്തിനുണ്ടാകേണ്ട മൂല്യമാണ്. ഈ മൂല്യത്തെയും നാം വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട് എന്ന പാഠമാണ് യഥാര്‍ഥത്തില്‍ ഈ പ്രളയം നമുക്ക് നല്‍കുന്നത്. 

അടുത്തകാലത്തായി നമ്മില്‍ വര്‍ധിച്ചുവരുന്നൊരു സ്വഭാവമാണ് ഓരോ വ്യക്തിയും അവനവനിലേക്ക് ചുരുങ്ങുക എന്നുള്ളത്. ഓരോ കുടുംബവും ആ കുടുംബത്തിന്റെ കാര്യം മാത്രം ശ്രദ്ധിക്കുക. ഓരോ സമുദായവും ആ സമുദായത്തിന്റെ മാത്രം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിന്റെയൊക്കെ സ്വാഭാവിക ഫലമാണ് ഓരോ വ്യക്തിയും തന്നിലേക്ക് ചുരുങ്ങുക എന്നത്. തന്റെ യോഗ്യതകളും കഴിവുകളും മതി തനിക്ക് ജീവിക്കാന്‍, താന്‍ നേടിയെടുത്ത വിഭവങ്ങളും തന്റെ തന്റേടവും മതി തനിക്ക് എന്ന ധാരണ നമ്മള്‍ വെച്ചുപുലര്‍ത്തുന്നു. 

ഈ പ്രളയം നമുക്ക് നല്‍കിയ മറ്റൊരു വലിയ പാഠം നാം ഒന്നുമല്ലെന്നും, നമ്മുടെ ജീവിതത്തിന് വേണ്ടിയും ജീവന് വേണ്ടിയും മറ്റുള്ളവരോട് കേഴേണ്ടിവരും എന്നുള്ളതുമാണ്. ചെങ്ങന്നൂരും മറ്റും നമ്മള്‍ കേട്ടത് ജീവന് വേണ്ടിയുള്ള നിലവിളിയായിരുന്നു. ആ നിലവിളി പാവപ്പെട്ടവരില്‍നിന്ന് മാത്രമായിരുന്നില്ല. ധനികരില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും ബുദ്ധിജീവികളില്‍നിന്നും എഴുത്തുകാരില്‍നിന്നും സിനിമാ നടന്മാരില്‍നിന്നുമൊക്കെ നാമത് കേട്ടു. ആ വിളികള്‍ക്ക് ഫലപ്രദമായി ഉത്തരം നല്‍കിയതാകട്ടെ ജീവിതത്തില്‍ നാം പലപ്പോഴും അവഗണിച്ചുതള്ളുന്ന സാധാരണക്കാരായിരുന്നു. പുറമ്പോക്കില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ആളുകള്‍. മത്സ്യബന്ധനക്കാരും അതുപോലുള്ള സാധാരണക്കാരും. 

നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട ഏറ്റവും വലിയൊരു പാഠമിതാണ്: ഒരു സാമൂഹിക ജീവിയെന്ന നിലയില്‍ മറ്റുള്ളവരില്‍നിന്ന് വാങ്ങിയും ചുറ്റുമുള്ളവര്‍ക്ക് കൊടുത്തും മാത്രമേ നമുക്ക് ജീവിക്കാനാവുകയുള്ളൂ. ഏത് സാഹചര്യത്തിലാണ് നാം ദുര്‍ബലരെന്ന് മനസ്സിലാക്കുന്ന സമൂഹത്തിന്റെ സഹായം നമുക്ക് ആവശ്യമായി വരികയെന്ന് നമുക്കറിയുകയില്ല. അതുകൊണ്ട് മറ്റുള്ളവരോടുള്ള പ്രതിബദ്ധത, ആ പ്രതിബദ്ധതയെ കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ കുട്ടികള്‍ക്ക് നല്‍കുകയെന്നത് വളരെ പ്രധാനമാണ്. 

നമ്മുടെ വീടുകള്‍ക്ക് ചുറ്റും ഉയര്‍ത്തിക്കെട്ടിയ വന്‍മതിലുകളെ നോക്കുക. ആ വന്‍മതിലുകളായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സങ്ങളെന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നു. ഒരു വീട്ടില്‍നിന്ന് മറ്റൊന്നിലേക്ക് കയറിച്ചെല്ലാനും മറ്റൊരു വീട്ടില്‍നിന്നുള്ള സഹായം വിളിച്ചുവരുത്താനും ഈ വലിയ മതിലുകള്‍ നമുക്ക് തടസ്സമായി. പലപ്പോഴും തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പ്രളയാനന്തരം സംഘടിപ്പിക്കപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു എന്ന് വരുമ്പോള്‍ മലയാളികളുടെ പരമ്പരാഗതമായ അയല്‍പക്കബന്ധത്തിന് എവിടെയോ കോട്ടം തട്ടിയിട്ടുണ്ടെന്ന് വിലയിരുത്താനാകും. 

കൂട്ടുകുടുംബ വ്യവസ്ഥയില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം പല നേട്ടങ്ങളുമുാക്കിയെന്ന് വാദിക്കാം. പക്ഷേ, ഒരു കൂട്ടുകുടുംബത്തില്‍നിന്ന് ലഭിക്കുന്ന മനസ്സമാധാനവും സന്തോഷങ്ങളും അണുകുടുംബത്തില്‍നിന്ന് നേടാനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. തെക്കന്‍ മേഖലകളിലെ പല വീടുകളിലും രക്ഷാപ്രവര്‍ത്തകരെത്തിയപ്പോള്‍ കാണാന്‍ കഴിയുന്ന കാഴ്ച, തങ്ങളെ രക്ഷിക്കേണേ എന്ന് നിലവിളിക്കാന്‍ പോലും കരുത്തില്ലാത്ത വൃദ്ധര്‍ മാത്രമാണ് വീടുകളിലുണ്ടായിരുന്നത് എന്നാണ്. ഒരു സമൂഹത്തിന്റെ മൂല്യബോധത്തെ വിലയിരുത്താന്‍ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമാണ്, ആ സമൂഹത്തിലെ പ്രായമുള്ളവര്‍ക്ക് ലഭിക്കുന്ന പരിഗണനയും അവരോടുള്ള പെരുമാറ്റവും. ഓരോ വ്യക്തിയും ഓരോ തലമുറയും തങ്ങളുടെ താഴെയുള്ള തലമുറയെ കുറിച്ച് ആകാംക്ഷയോടെയും ജിജ്ഞാസയോടെയും താല്‍പര്യത്തോടെയും ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തങ്ങളെ വളര്‍ത്തിയെടുത്ത കഴിഞ്ഞ തലമുറയെ പൂര്‍ണമായി അവഗണിക്കുകയും അവരെ വൃദ്ധസദനങ്ങളിലേക്ക് തള്ളുകയും ചെയ്യുന്നു. ഇത് തിരുത്തേണ്ടത് വളരെ അനിവാര്യമാണ്. പറഞ്ഞതിനര്‍ഥം നമ്മുടെ കുടുംബ ബന്ധങ്ങളിലും പുനരാലോചനകള്‍ ആവശ്യമാണെന്നാണ്. 

പ്രളയാനന്തര കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത മറ്റൊരു കാര്യമാണ് പ്രകൃതിയോടുള്ള നമ്മുടെ നിലപാട്. വികസനത്തിന്റെയും മറ്റും പേരില്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന പ്രകൃതി ചൂഷണം വളരെ ഭീകരമാണ്. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം. എന്നാല്‍ അതിനെ ഇല്ലാതാക്കുന്ന ചൂഷണത്തിലേക്ക് നാം വഴിമാറരുത്. പാല്‍ നല്‍കുന്ന അകിടിനെ സംരക്ഷിച്ചാലേ അത് ലഭിച്ചുകൊണ്ടിരിക്കൂ. അകിട് കീറിമുറിച്ച് പാലെടുക്കാന്‍ ശ്രമിച്ചാല്‍ രക്തമാണ് കിട്ടുക. പ്രകൃതിയെ സമീപിക്കുമ്പോള്‍ ഇത് അടുത്ത തലമുറക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ഓര്‍മവേണം. 

പല ആവശ്യങ്ങള്‍ക്കായി നാം കെട്ടിയുയര്‍ത്തിയ ഡാമുകളും ജലാശയങ്ങളുടെ ഒഴുക്കു തടയുന്ന നിര്‍മാണങ്ങളും ഈ ദുരന്തത്തിന് നിമിത്തമായിട്ടുണ്ട്. പ്രകൃതിക്കെതിരായ ഏത് കൈയേറ്റം നടക്കുമ്പോഴും അവക്കെതിരെ ആപല്‍സൂചനകള്‍ നല്‍കിയ ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ടായിട്ടുണ്ട്. അവരെയെല്ലാം പ്രകൃതി മൗലികവാദികളെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുകയാണ് പൊതുസമൂഹവും രാഷ്ട്രീയക്കാരും ചെയ്തത്. അപ്പോള്‍ പ്രകൃതിയുമായും വികസനവുമായും ബന്ധപ്പെട്ടുള്ള നമ്മുടെ നിലപാടുകളെ പുനഃപരിശോധിക്കാനുള്ളൊരു പ്രേരണയായികൂടി ഈ പ്രളയ ദുരിതങ്ങള്‍ മാറേണ്ടതുണ്ട്. 

പ്രളയകാലത്തും പ്രളയാനന്തരവും നാം അനുഭവിച്ചറിഞ്ഞ കാര്യമാണ് മതസമൂഹങ്ങളുടെ സാന്നിധ്യം. രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടായ്മകളും സര്‍ക്കാര്‍ സംവിധാനങ്ങളും വരെ പകച്ചുപോയ സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങാന്‍ മതവിഭാഗങ്ങള്‍ക്കും അവരുടെ എന്‍.ജി.ഒകള്‍ക്കും കൂട്ടായ്മകള്‍ക്കും സാധിച്ചിട്ടുണ്ട്. ഭരിക്കുന്ന പാര്‍ട്ടികള്‍ക്കും മതനിരാസ സംഘങ്ങള്‍ക്കും ഈ പ്രവര്‍ത്തനങ്ങളുടെ പ്രചോദനം തിരിച്ചറിയാനാകാതെ പോകുന്നത് വലിയ തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് മതപരിവര്‍ത്തനത്തിനുള്ള ശ്രമമാണോ, തങ്ങളുടെ മതത്തിന്റെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരമായുപയോഗിക്കുകയാണോ, ഇത് അഴിമതികളുടെ വാതിലുകള്‍ തുറക്കുകയാണോ തുടങ്ങി പല ആശങ്കകളും അവര്‍ മതവിഭാഗങ്ങളുടെ ഇടപെടലുകളെ കുറിച്ച് ഉന്നയിച്ചുകൊണ്ടിരിക്കുന്നു. 

ദൈവത്തിന്റെ പ്രീതി, പുണ്യം, സ്വര്‍ഗം എന്നിവ നേടിയെടുക്കുക തുടങ്ങിയ പ്രചോദനങ്ങളാണ് യഥാര്‍ഥത്തില്‍ മതവിഭാഗങ്ങളെ ഇത്തരം രക്ഷാ-സേവന പ്രവര്‍ത്തനങ്ങളിലേക്കെത്തിക്കുന്നത്. ദൈവവിശ്വാസമില്ലാത്തവര്‍ക്ക് ഈ ആദര്‍ശ പ്രചോദകങ്ങള്‍ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയില്ല.

ദൈവവിശ്വാസികള്‍ പ്രളയം പോലുള്ള കാര്യങ്ങളെ വിവിധ തരത്തില്‍ മനസ്സിലാക്കുന്നുണ്ട്. ഒന്നാമതായി ദൈവത്തിന്റെ ശിക്ഷയെന്ന നിലയില്‍ അവര്‍ മനസ്സിലാക്കും. ദൈവത്തോടും സ്വന്തത്തോടും പ്രകൃതിയോടും മനുഷ്യന്‍ ചെയ്ത ധിക്കാരങ്ങളുടെ ഫലമാണ് ഇത്തരം സംഭവങ്ങള്‍. രണ്ടാമതായി ഇത്തരം ദുരന്തങ്ങളെ പരീക്ഷണമായും അവര്‍ കാണും. മൂന്നാമതായി ദൈവത്തിന്റെ താക്കീതായി കാണുന്നവരുമുണ്ട്. ഇതെല്ലാം ഒന്നിച്ചും മനസ്സിലാക്കാവുന്നതാണ്. ചിലര്‍ക്കിത് ശിക്ഷയാണ്, ചിലര്‍ക്ക് പരീക്ഷണമാണ്, ചിലര്‍ക്ക് താക്കീതും ഓര്‍മപ്പെടുത്തലുമാണ്. 

കേരളത്തില്‍ മതത്തെയും വിശ്വാസത്തെയും കുറിച്ചുള്ളൊരു പുതിയ ചര്‍ച്ച വികസിച്ചുവരേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമെന്താണ്, ദൈവത്തിന് മനുഷ്യന്‍ നല്‍കേണ്ടതെന്തെല്ലാമാണ്, മറ്റു മനുഷ്യരോട് എങ്ങനെ പെരുമാറിയാലാണ് ദൈവത്തിന് തൃപ്തിയാകുന്നത്, പ്രകൃതിയോട് എങ്ങനെ ഇടപഴകുന്നതാണ് ദൈവത്തിനിഷ്ടം... അങ്ങനെ ദൈവവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നുകൂടി പുനര്‍നിര്‍ണയിക്കുകയും എന്നിട്ട് അത് സമൂഹത്തെ പഠിപ്പിക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്. സാമൂഹിക ജീവിതത്തില്‍നിന്നും ഭൗതിക ജീവിതത്തില്‍നിന്നും തീര്‍ത്തും വേറിട്ടു നില്‍ക്കുന്നൊരു ദൈവസങ്കല്‍പം എങ്ങനെയാണ് മനുഷ്യരെ പരാജയത്തിലേക്ക് നയിച്ചിട്ടുള്ളത് എന്നും നാം വിശദീകരിച്ചുകൊടുക്കേണ്ടതുണ്ട്. 

ദൈവവിശ്വാസത്തെ പുതിയ രൂപത്തിലും ശൈലിയിലും സാമൂഹികതയുമായും മനുഷ്യജീവിതവുമായും ബന്ധപ്പെടുത്തി പുതുതലമുറയെ എങ്ങനെ പഠിപ്പിക്കുമെന്ന് നാം ഗൗരവത്തില്‍ ആലോചിക്കുകയും പഠിക്കുകയും ചെയ്യണം. ഇത്തരം മുന്നോട്ടുപോക്കിലൂടെ മാത്രമേ സമൂഹവുമായും അതിലെ പ്രശ്നങ്ങളുമായും യുവതലമുറയെ ഇടപെടുന്നവരാക്കാന്‍ സാധിക്കുകയുള്ളൂ. ദൈവവുമായും പ്രകൃതിയുമായുമുള്ള ബന്ധങ്ങളെ നമ്മുടെ സാമൂഹിക ജീവിതത്തിന്റെയും സേവനങ്ങളുടെയും അടിസ്ഥാനമാക്കി സന്തുലിതമായി വളര്‍ത്തിയാല്‍ മാത്രമേ നമുക്ക് പ്രളയം പോലുള്ള ദുരിതങ്ങളെ അതിജീവിക്കാനും പുനര്‍നിര്‍മാണങ്ങള്‍ നടത്താനും സാധിക്കുകയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍