Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

പ്രളയാഴങ്ങളിലെ പവിഴ സൗന്ദര്യം

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

''ഇവിടെ വന്ന് വിവിധ മേഖലകളില്‍ ഇന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തും വളന്റിയര്‍മാരെ നിശ്ചയിച്ചും കഴിയുമ്പോഴേക്ക് വീട്ടില്‍ നിന്ന് ഭാര്യ വിളിക്കും, ഒന്നങ്ങോട്ട് വരാന്‍. ഞങ്ങളുടെ വീട് ഇനിയും വൃത്തിയാക്കിയിട്ടില്ല. ചെളി പിടിച്ചു കിടക്കുകയാണ്. ക്ഷമിക്കാനോ സഹിക്കാനോ കഴിയാത്തവളല്ല അവള്‍. പക്ഷേ, കുട്ടികളുമൊത്ത്, നമ്മളില്ലാതെ വീടിനു മുന്നിലുള്ള നില്‍പില്‍ ഏതൊരു സ്ത്രീയും തളര്‍ന്നുപോവും. കാരണം വീട് വീടാണല്ലോ! ഓണാവധിയായതിനാല്‍ കൂടെ ജോലി ചെയ്യുന്ന മിക്കവര്‍ക്കും അവധി നിര്‍ബന്ധം. അതിനാല്‍ നമുക്ക് ലീവെടുക്കാനുമാവില്ല.''- പ്രളയാനന്തരമുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നവരിലൊരാളുടെ വാക്കുകള്‍- ഇത്രയും പറയാനദ്ദേഹം കരുതിയതല്ല, പറഞ്ഞുപോയതാണ്.

കരയെടുത്തും ഇളകിമറിഞ്ഞും കുതിച്ചൊഴുകുന്ന പെരിയാറിനെ കീറിമുറിച്ച് ബോട്ടോടിച്ച് അവര്‍ അക്കരെയെത്തി. ജീവനുവേണ്ടി കേഴുന്ന അഞ്ചെട്ടു പേരെ കയറ്റി, തിരികെയുള്ള യാത്രയില്‍ ബോട്ട് തകര്‍ന്നു. ഓളങ്ങളെ മാടിയൊതുക്കിയ ജീവന്മരണ പോരാട്ടത്തിനൊടുവില്‍ എല്ലാവരെയും കരക്കെത്തിച്ചു. രക്തസാക്ഷ്യത്തിന്റെ മഹോന്നത പദവി കൊതിച്ച ഐഡിയല്‍ റിലീഫ് വിംഗിന്റെ പ്രവര്‍ത്തകരെ അല്ലാഹു തിരിച്ചുനല്‍കി. അതേ, മരണത്തെ കൊതിക്കുന്നവരെ ഈ നാടിനാണ് ആവശ്യമുള്ളത്.

രണ്ടാം നിലയിലാണ് നൂറ്റിഅമ്പതോളം വിദ്യാര്‍ഥിനികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. വെള്ളം പൊങ്ങുന്നതു കണ്ട് സന്ധ്യാസമയത്ത് തോണിയില്‍ ഇസ്ലാമിയാ കോളേജിന്റെ മുകളിലെ ജനല്‍ തുറന്ന് സര്‍ട്ടിഫിക്കറ്റുകളെടുത്ത് തിരികെ വന്നത് കോളജ് പ്രിന്‍സിപ്പല്‍.

ഉരുള്‍പൊട്ടലിന്റെ തീവ്രത നിലക്കാത്ത കുത്തൊഴുക്കില്‍ പാലത്തിന് കുറുകെ കിടക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നത് സാഹസിക പ്രവര്‍ത്തനമായിരുന്നില്ല, രക്തമുറച്ചുപോകുന്ന അനുഭവമായിരുന്നെന്ന്  പറഞ്ഞത് കണ്ടുനിന്നവരാണ്.

സംസ്ഥാന ദുരിതാശ്വാസ സെല്ലില്‍ കര്‍മനിരതനായിരിക്കെ പ്രളയമധ്യത്തില്‍നിന്നും വളന്റിയര്‍മാര്‍ കണ്ട കാഴ്ച ഫോണിലൂടെ അറിഞ്ഞപ്പോള്‍ അയാള്‍ വിതുമ്പിക്കരഞ്ഞു. ''ഇത് കരയാനും സങ്കടപ്പെടാനുമുള്ള സമയമല്ല, ഒരുപാടാളുകള്‍ മരിക്കുമെന്നത് തീര്‍ച്ചയാണ്, കരള്‍ പിളര്‍ക്കും കാഴ്ചകള്‍ കാണേണ്ടിവരുമെന്നതും ഉറപ്പ്. എല്ലാവരെയും രക്ഷപ്പെടുത്താന്‍ നമുക്കാവില്ലല്ലോ. നാം ശ്രമിക്കും. പരമാവധി ആളുകളെ കരക്കെത്തിക്കും'' അദ്ദേഹത്തെ ചേര്‍ത്തു പിടിച്ച് നടത്തിയ ആശ്വാസവും ആഹ്വാനവും- നേതൃത്വം അങ്ങനെയാണ്, ആയിരിക്കണം.

 

*      *      *     *

 

സഹോദരന്മാരേ, സഹോദരികളേ, കേരളം നേരിട്ട മഹാപ്രളയത്തിന്റെ ആഴങ്ങളിലെ പരശ്ശതം പവിഴക്കൂട്ടങ്ങളില്‍നിന്ന് പെറുക്കിയെടുത്ത ചില സൗന്ദര്യങ്ങളാണ് മുകളില്‍. ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകരെ സംബന്ധിച്ച് അഭിമാനം തോന്നിയ നിമിഷങ്ങള്‍. സര്‍വാധിനാഥന്‍ ഈ സദ്കര്‍മങ്ങള്‍ നമ്മില്‍നിന്നും സ്വീകരിക്കുമാറാകട്ടെ. ഇതിനേക്കാള്‍ വലിയ അനുഭവങ്ങള്‍ ആരോടും പറയാതെ, സ്വന്തം സന്തോഷമായി സൂക്ഷിച്ചുവെക്കുന്ന അനേകം പേര്‍ വേറെയുമുണ്ടാകും. പരലോകത്ത് സ്വര്‍ഗത്തിലേക്കുള്ള ഗതിവേഗം കൂട്ടാന്‍ അവര്‍ക്കത് ഉപയോഗപ്പെടുമ്പോഴേ നാമവരെ തിരിച്ചറിയൂ. 

നാം അധികമായിട്ടൊന്നും ചെയ്തിട്ടില്ല. നാഥന്‍ ഏല്‍പിച്ച, നാം ഏറ്റെടുത്ത ദൗത്യം വെടിപ്പോടെ ചെയ്യാന്‍ ശ്രമിച്ചു. അത്രമാത്രം. പിഴവുകളുണ്ടാകാം. അതവന്‍ പൊറുത്തുതരട്ടെ. ദുരിതകാലത്തും ദുരന്തത്തിലും ജനങ്ങളോടൊപ്പം നില്‍ക്കുക. തങ്ങള്‍ക്ക് അനിവാര്യതകളുണ്ടായിരിക്കെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരെ കുറിച്ച ആ വിശുദ്ധ വചനത്തിന്റെ സാക്ഷാല്‍ക്കാരം. അങ്ങകലെ യൂഫ്രട്ടീസ് നദീതീരത്തെ ആട്ടിന്‍കുട്ടിയുടെ വിശപ്പിനെ കുറിച്ചോര്‍ത്ത് മദീനയില്‍ കണ്ഠമിടറിയ ഖലീഫക്ക് നാല്‍പ്പത്തിനാല് നദികളുടെ നാട്ടില്‍ പിന്മുറക്കാരുണ്ടെന്നു കൂടി കാലം തെളിയിച്ചിരിക്കുന്നു. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും വളന്റിയര്‍മാരെ വേണം എന്നാഹ്വാനമുണ്ടായപ്പോള്‍ സന്നദ്ധരായി ആയിരങ്ങളെത്തി. തൊട്ടടുത്ത ദിവസങ്ങളില്‍ ഗള്‍ഫിലേക്ക് യാത്ര തിരിക്കേണ്ടവര്‍ വരെ അക്കൂട്ടത്തിലുണ്ട്. ഫലപ്രദമായി വളന്റിയര്‍മാരെ വിന്യസിക്കാന്‍ കഴിയാതെ പോകുമോ എന്ന ആശങ്ക വരെ ഉയര്‍ന്ന സാഹചര്യമുണ്ടായി. ഞങ്ങള്‍ എങ്ങോട്ട് പോകണമെന്നന്വേഷിച്ചവര്‍ ശല്യം ചെയ്തു. മനുഷ്യസ്നേഹം അധരവ്യായാമമല്ല, അനുഭവ യാഥാര്‍ഥ്യമാണെന്ന് ബോധ്യപ്പെട്ട നിമിഷങ്ങള്‍. അല്ലെങ്കിലും അപരന്റെ ദുഃഖം സ്വന്തം ദുഃഖമായും അപരന്റെ ആഹ്ലാദം സ്വന്തം ആഹ്ലാദമായും അനുഭവപ്പെടുന്നതിനെ ആത്മീയത എന്നു വിളിക്കാനാണല്ലോ ഇസ്‌ലാം നമ്മെ പഠിപ്പിച്ചത്. പെരുന്നാളിന്റെ പകലിരവുകളില്‍ നാം വീടു വിട്ടിറങ്ങിയതും അതുകൊണ്ടുതന്നെ. ചൊല്ലിത്തീരാത്ത തക്ബീറുകള്‍ നാം തുടര്‍ന്നത് വളന്റിയര്‍ ക്യാമ്പുകളിലെ സംഘടിത ജമാഅത്ത് നമസ്‌കാരത്തിനുശേഷമായിരുന്നല്ലോ. ഒന്നാലോചിച്ചുനോക്കൂ, എത്രമേല്‍ അനര്‍ഘ മനോഹരങ്ങളാണ് ആ ദിനങ്ങള്‍!

ജനസേവനം നമുക്ക് നയപരിപാടിയല്ല, ഒരു വികാരമാണ്. നാടിനെയും നാട്ടുകാരെയും നാമെന്നും ഹൃദയം ചേര്‍ത്തു പിടിച്ചിട്ടേയുള്ളൂ. അതൊരു അടവുനയമോ മുതലെടുപ്പോ അല്ല. ഒരു പുഞ്ചിരിയും നാം പ്രതീക്ഷിക്കുന്നില്ല, നന്ദിവാക്കും നമുക്ക് വേണ്ട. ഇസ്ലാമികാദര്‍ശത്തിന്റെ ഭാഗമാണത്. ''ഇവര്‍ ദൈവസ്നേഹത്താല്‍ അഗതികള്‍ക്കും അനാഥര്‍ക്കും ബന്ധിതര്‍ക്കും അന്നം നല്‍കുന്നു. അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ നിങ്ങളെ ഊട്ടുന്നത്. നിങ്ങളില്‍നിന്ന് പ്രതിഫലമോ നന്ദിപ്രകടനമോ ഞങ്ങള്‍ കാംക്ഷിക്കുന്നില്ല. ഞങ്ങള്‍, ഞങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഘോര വിപത്ത് പരന്ന ആ ദിനത്തെ ഭയപ്പെടുന്നു. ആകയാല്‍ അല്ലാഹു ആ ദിനത്തിലെ ഘോര വിപത്തില്‍നിന്നും അവരെ കാത്തരുളിയിരിക്കുന്നു. അവര്‍ക്ക് പ്രസന്നതയും സന്തുഷ്ടിയുമേകി.......''(അല്‍ ഇന്‍സാന്‍ 8-11). പ്രവാചകന്‍ പഠിപ്പിക്കുന്നു: ''എല്ലാം നഷ്ടപ്പെട്ടവരെ ആരെങ്കിലും സഹായിച്ചാല്‍ അവന് അല്ലാഹു എഴുപത്തിമൂന്ന് പാപമോചനം നല്‍കും. അതിലൊന്നുകൊണ്ട് അവന്റെ മുഴുവന്‍ കാര്യങ്ങളും ശരിയാക്കിക്കൊടുക്കും. എഴുപത്തി രണ്ടെണ്ണം കൊണ്ട് അവന്റെ അന്ത്യദിനത്തിലെ പദവിയും ഉയര്‍ത്തും.''

സേവന പ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ഇക്കാര്യം കൂടെക്കൂടെ സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ ചില പ്രതികരണങ്ങള്‍ മനസ്സിനെ മഥിച്ചേക്കും, മടുപ്പിച്ചേക്കും. ആരായിരിക്കട്ടെ, എല്ലാം നഷ്ടപ്പെട്ടവരുടെ മാനസികാവസ്ഥ ഉള്‍ക്കൊള്ളന്‍ നമുക്കാവണം. നാമാരാണെന്നു പോലും അവര്‍ അന്വേഷിച്ചുകൊള്ളണമെന്നില്ല. സര്‍ക്കാര്‍ ജീവനക്കാരെന്നും കൂലി മോഹിച്ച് പണിയെടുക്കുന്നവരെന്നും തെറ്റിദ്ധരിച്ചവര്‍ അക്കൂട്ടത്തിലുണ്ട്. അയല്‍വാസിയുടെ വീടിനോളം ഞങ്ങളെ വീട് വൃത്തിയാക്കിയില്ലെന്ന് പരാതി പറഞ്ഞവരുണ്ട്. ആരെന്നോ എവിടെനിന്നെന്നോ പറയാതെ വീടു വൃത്തിയാക്കി വിടപറഞ്ഞതിനു ശേഷം, തെല്ലും ചളി പുരളാതെ പിറകെ വന്ന് എല്ലാം ശരിയായില്ലേ എന്ന വീട്ടുകാരനോടുള്ള ഒറ്റ ചോദ്യത്തില്‍ മുതലെടുപ്പ് നടത്തുന്നവരുടെ നാട് കൂടിയാണ് കേരളം. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ഏത് ബാനറിനു കീഴിലായിരുന്നപ്പോഴും അവരുടെ ചടുലതയില്‍, പേരുകളില്‍, പ്രതികരണങ്ങളില്‍ ചില സമാനതകള്‍ കേരളം ദര്‍ശിച്ചിട്ടുണ്ട്. രക്ഷക്ക് കേഴുന്നവര്‍ക്കായി മുതുകു താഴ്ത്തിയപ്പോഴും, ഉടപ്പിറപ്പുകളുടെ ജീവന്‍ രക്ഷിച്ചതിന് വിലയിട്ടപ്പോള്‍ അതിനെ നിരസിച്ചപ്പോഴും, കിലോമീറ്ററുകള്‍ താണ്ടി പ്രളയത്തോട് മല്ലടിച്ചപ്പോഴും ആ ഏകത്വം കേരളം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും ഒലിച്ചുപോകാത്ത കേരളത്തിന്റെ ചില ദുഃസ്വഭാവങ്ങള്‍ കാരണം അവ അദൃശ്യമായെന്നേയുള്ളൂ. പക്ഷേ, കേരളത്തിന്റെ പുനര്‍നിര്‍മിതിയില്‍ അവരുടെ പങ്ക് അനിഷേധ്യമായിരിക്കും.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ദുരന്തമുണ്ടായപ്പോഴൊക്കെയും കേരളത്തിന്റെ സേവനം ലഭ്യമായതുകൊണ്ടായിരിക്കണം, കേരളത്തിനൊരാപത്ത് വന്നപ്പോള്‍ ഇന്ത്യയൊട്ടുക്കുമുള്ള ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ഉണര്‍ന്നെഴുന്നേറ്റത്. അക്ഷരാര്‍ഥത്തില്‍ തന്നെ നിരന്തരമായ ഇടപെടലിലൂടെ, അന്വേഷണങ്ങളിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കേന്ദ്ര നേതൃത്വം നമ്മെ നയിച്ചു. വിവിധ സംസ്ഥാന ഘടകങ്ങളിലെ സന്നദ്ധ സംഘങ്ങള്‍ സേവനത്തിന് സന്നദ്ധരായി യാത്ര തിരിച്ചു. നേതാക്കള്‍ പല ഘട്ടങ്ങളിലായി ദുരിതമേഖലകള്‍ സന്ദര്‍ശിച്ചു. ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കി.

ദുരിതബാധിതരെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത ധനസമാഹരണത്തോടും നല്ല പ്രതികരണമാണ് ലഭിച്ചത്. മറുനാട്ടിലെ പ്രസ്ഥാന പ്രവര്‍ത്തകര്‍ നമ്മെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അകലെ നിന്ന് അവര്‍ക്ക് സാധിക്കുന്നതിന്റെ പാരമ്യത്തില്‍ അവരെത്തുന്നു. ആ ഒഴുക്ക് ഇനിയും തുടരും. പ്രസ്ഥാന പ്രവര്‍ത്തകര്‍ മാത്രമല്ല, അല്ലാത്തവരും ഇതില്‍ പങ്കാളികളായി. നഗരത്തിലേക്ക് ഷോപ്പിംഗിന് വന്നവര്‍ അവശ്യസാധനങ്ങള്‍ വാങ്ങി, നമ്മുടെ സെല്ലുകളില്‍ ഏല്‍പിച്ചു. ചില്ലിക്കാശും നഷ്ടപ്പെടുത്താതെ അര്‍ഹരിലെത്തിക്കുമെന്ന വാക്കിലാണ് അവരുടെ വിശ്വാസം.

അനിവാര്യമായ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒരുപോലെ കര്‍മരംഗത്തിറങ്ങി. പ്രായം ചെന്നവര്‍, വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥിനികള്‍, യുവാക്കള്‍, സേവന സംഘങ്ങള്‍, പോഷക വിഭാഗങ്ങള്‍- ആരും സ്വന്തത്തിലേക്ക് കനം തൂങ്ങിയില്ല. സന്ദര്‍ഭത്തിന്റെ തേട്ടത്തിനനുസരിച്ച് പ്രവര്‍ത്തനസജ്ജരായി. ഭാവിയിലും കാലവും നാടും പ്രസ്ഥാനവും നമ്മെ വിളിച്ചുകൊണ്ടേയിരിക്കും. അന്നും എന്നും കൂടുതല്‍ മികവോടെ നാം ഉത്തരം നല്‍കും. എല്ലാവരെയും സര്‍വശക്തന്‍ തുണക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍