Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 24

3065

1439 ദുല്‍ഹജ്ജ് 12

മദീനയോട് വിടപറയുമ്പോള്‍

വി.പി അഹ്മദ് കുട്ടി ടൊറണ്ടോ

[എടയൂരില്‍നിന്ന് ടൊറണ്ടോയിലേക്ക് എന്റെ വൈജ്ഞാനിക യാത്ര - ആറ്]

ദമസ്‌കസ് സന്ദര്‍ശനവേളയില്‍ പ്രഥമ ഉമവി ഖലീഫ മുആവിയയുടെ ഖബ്‌റിടത്തില്‍ പോയിരുന്നു മദീന യൂനിവേഴ്‌സിറ്റിയില്‍ ഞങ്ങളുടെ പ്രഫസറായിരുന്ന ശൈഖ് മുഹമ്മദ് അല്‍മജ്ദൂബ്. ശേഷം നജ്ഫില്‍ പോയി നാലാം ഖലീഫ അലിയുടെ ഖബ്‌റും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് വികാരനിര്‍ഭരമായ ഒരു കവിത എഴുതി. ഈ രണ്ടു സ്വഹാബിവര്യരും ഇന്ന് മുസ്‌ലിം മനസ്സുകളില്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ചിന്തോദ്ദീപകമായി ചിത്രീകരിക്കുന്നുണ്ട് അദ്ദേഹം ആ കവിതയില്‍. മുആവിയയുടെ ഖബ്‌റും അതിന്റെ തൊട്ടുള്ള പള്ളിപോലും വിജനമായി കിടക്കുന്നു. ഖലീഫ അലിയുടെ ഖബ്ര്‍ സന്ദര്‍ശകരാല്‍ നിറയുന്നു! ഇത് മുന്നില്‍ വെച്ച്  മുആവിയയുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും ഏല്‍പിച്ച ആഘാതങ്ങളെ കുറിച്ച് വിലപിക്കുകയാണ് ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്‍ മുഹമ്മദുല്‍ മജ്ദൂബ് തന്റെ കവിതയില്‍. ഇസ്‌ലാമിക ചരിത്രത്തെ കുറിച്ച നിരീക്ഷണാത്മക വിലയിരുത്തലുണ്ട് അദ്ദേഹത്തിന്റെ വരികളില്‍. 

ഈ കവിത വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ പല ചിന്തകളും ഉടലെടുത്തു; അതിരുകവിഞ്ഞുപോയ ചില നിലപാടുകളെ കുറിച്ച പുനരാലോചനയായിരുന്നു അതിലൊന്ന്. കാരണം വിഭിന്നമാണെങ്കിലും മുആവിയയുടെ ഖബ്ര്‍ വിജനമായ പോലെ,  ഇന്ന് നമ്മുടെ പരിഷ്‌കര്‍ത്താക്കളുടെ ഖബ്‌റുകളും ആളൊഴിഞ്ഞും അറിയപ്പെടാതെയും കിടക്കുകയാണ്. ഖബ്ര്‍ പൂജയും പുണ്യവാള ഭക്തിയും തെറ്റായിരിക്കെത്തന്നെ, മഹദ് വ്യക്തികളുടെ ഖബ്‌റിടങ്ങള്‍ക്ക് ചരിത്രമൂല്യവും പ്രാധാന്യവുമുണ്ടല്ലോ! ഉദാഹരണമായി, പരിഷ്‌കര്‍ത്താവും  കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ  സ്ഥാപകനും എന്റെ എളാപ്പയുമായ വി.പി മുഹമ്മദലി ഹാജി സാഹിബിന്റെ ഖബ്ര്‍ എവിടെയാണെന്നുപോലും പലര്‍ക്കും അറിയില്ല. ബിദ്അത്തിനെ ഇല്ലായ്മ ചെയ്യാനുള്ള അതീവ ജാഗ്രതയില്‍ നാം ഖബ്ര്‍ സന്ദര്‍ശനത്തിന്റെ സുന്നത്ത് പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നതില്‍  പിന്നാക്കം പോവുകയാണുണ്ടായതെന്നാണ് എന്റെ നിരീക്ഷണം.

ശൈഖ് മുഹമ്മദ് മജ്ദൂബ് സലഫിസവും സൂഫിസവും സമന്വയിപ്പിച്ച പണ്ഡിതനായിരുന്നു. മദീന യൂനിവേഴ്‌സിറ്റിയില്‍ എന്നെ വളരെയധികം ആകര്‍ഷിച്ച പ്രഫ. മജ്ദൂബ് (1907-1999) പ്രസിദ്ധ അറബി കവിയും സാഹിത്യകാരനുമായിരുന്നു. സിറിയയിലെ തര്‍ത്തൂസ് പട്ടണത്തില്‍ ജനിച്ച അദ്ദേഹം അവിടെ തന്നെ പഠനം പൂര്‍ത്തിയാക്കി. ചെറുപ്പം മുതലേ  അറബി സാഹിത്യത്തില്‍ അവഗാഹം നേടിയ അദ്ദേഹം കവിതാരചനയിലും മറ്റ് എഴുത്തുകളിലും ബഹുമതികള്‍ സ്വന്തമാക്കിയിരുന്നു. പ്രസിദ്ധ ഇസ്‌ലാമിക മാസികയായ ഹദാറത്തുല്‍ ഇസ്‌ലാം അദ്ദേഹവും ഡോ. മുസ്ത്വഫസ്സ്വിബാഇയുമാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഡോ. മുസ്ത്വഫസ്സ്വിബാഇയുടെ അടുത്ത സുഹൃത്തും സഹ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്ദു, റശീദ് രിദ, മുഹമ്മദ് ഫരീദ് വജ്ദീ, മുഹമ്മദ് സാദിഖുല്‍ റാഫി പോലുള്ള ഉല്‍പതിഷ്ണുക്കളുടെയും മറ്റും പുസ്തകങ്ങള്‍ വായിച്ചാണ് അദ്ദേഹത്തിന്റെ ഇസ്‌ലാമിക ചിന്ത വളര്‍ന്നത്. ഇത് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ചെറുപ്പം മുതലേ നിരന്തരമായ വായനാ ശീലവും എഴുത്തും പരിശീലിച്ച അദ്ദേഹം തൂലികയും പ്രതിഭയും  ഇസ്‌ലാമിക പ്രവര്‍ത്തനത്തിനുവേണ്ടി പൂര്‍ണമായും ഉഴിഞ്ഞുവെച്ചു. യൗവനകാലത്താണ് അദ്ദേഹം  ഇഖ്വാനുല്‍ മുസ്‌ലിമൂന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്.  ആ മാര്‍ഗത്തില്‍ അദ്ദേഹത്തിന് പീഡനങ്ങളും മര്‍ദനങ്ങളും നേരിടേണ്ടിവന്നു. അവസാനമായി മറ്റു പല പ്രമുഖ പണ്ഡിതന്മാരെ പോലെ അദ്ദേഹവും സുഊദിയില്‍ അഭയം തേടി. 1963 - 1982  കാലത്ത് മദീന യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായി സേവനമനുഷ്ഠിച്ചു. 

ശൈഖ് മജ്ദൂബിന്റെ സാഹിത്യ പ്രതിഭ പ്രമുഖ അറബി സാഹിത്യകാരന്മാരും പണ്ഡിതന്മാരും അംഗീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും ഗ്രന്ഥങ്ങളും അറബി ഭാഷാ പരിജ്ഞാനത്തിനു ഏറെ പ്രയോജനപ്പെടുന്നതാണ്. ഏതു ഭാഷ പഠിക്കാനും ഏറ്റവും നല്ല മാര്‍ഗം നിരന്തര വായനയാണ്. മൗലാനാ അബുല്‍ ഹസന്‍ നദ്വി പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്, ഇന്ത്യയില്‍ പണ്ഡിതന്മാര്‍ മുഖ്യ ശ്രദ്ധ അറബി വ്യാകരണത്തില്‍ കേന്ദ്രീകരിക്കുന്നതു കാരണം പലര്‍ക്കും വര്‍ഷങ്ങള്‍ അറബി ഭാഷ പഠിച്ചിട്ടും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല എന്ന്. അറബി ഭാഷ കൈകാര്യം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു പരിശീലന കളരിയാണ് ശൈഖ് മജ്ദൂബിന്റെ രചനകള്‍. അദ്ദേഹത്തിന്റെ ക്ലാസ്സുകളും പ്രസംഗങ്ങളും ലേഖനങ്ങളും കവിതകളും വിദ്യാര്‍ഥികളുടെയും മറ്റ് അനുവാചകരുടെയും ഹൃദയത്തില്‍ ആഴത്തില്‍ സ്ഥാനം പിടിക്കുന്നവയാണ്. ഹൃദയത്തില്‍നിന്ന് വരുന്ന വാക്കുകള്‍ ഹൃദയത്തിലേക്ക് കടക്കും എന്ന ചൊല്ല് ശരിയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ബോധ്യപ്പെടും. വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ ക്ലാസ്സുകളില്‍ കണ്ണീര്‍ ഒഴുക്കുമായിരുന്നു. 

ശൈഖ് മജ്ദൂബിന്റെ കൃതികള്‍ പരിഗണിച്ച് മദീന യൂനിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കുകയും മുഴുസമയ പ്രഫസറുടെ തസ്തികയില്‍ നിയമിക്കുകയും ചെയ്തു. യൂനിവേഴ്‌സിറ്റി ബോര്‍ഡിലും ഗവേണിം ഗ് ബോര്‍ഡിലും സ്ഥിരം മെമ്പറായി അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. പ്രസിദ്ധ പണ്ഡിതന്മാരായ ഇബ്‌നു ബാസ്, ഹിലാലി, ശന്‍ഖീത്വി എന്നിവരുമായി വര്‍ഷങ്ങളോളം അടുത്തു ഇടപഴകുകയും ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ചെറുപ്പം മുതലേ വായനാ ശീലം വളര്‍ത്തിയെടുത്ത അദ്ദേഹം ധാരാളം പുസ്തകങ്ങള്‍ ശേഖരിച്ചു. അദ്ദേഹത്തിന്റെ ഒരു അയല്‍വാസി  അദ്ദേഹത്തിന്റെ  വീട്ടിലെ ലൈബ്രറിയില്‍ വന്നു പുസ്തകങ്ങള്‍ വായിക്കുക പതിവായിരുന്നു. ഒരിക്കല്‍ ലൈബ്രറിയില്‍ ചെന്നപ്പോള്‍ പുസ്തകങ്ങള്‍ കാണാതെ നിരാശനായി അയല്‍വാസി  ചോദിച്ചു: 'പുസ്തകങ്ങളെല്ലാം എവിടെ പോയി?' ഞാന്‍ അവയെല്ലാം പാക്ക് ചെയ്ത് എന്റെ അഫ്ഗാന്‍ സഹോദരന്മാര്‍ക്ക് അയച്ചുകൊടുത്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി! റഷ്യക്കെതിരില്‍ ജിഹാദ് ചെയ്തിരുന്ന അഫ്ഗാന്‍ മുജാഹിദുകള്‍ക്ക് ശൈഖ് മജ്ദൂബ് അമ്പതിനായിരം രിയാലിന്റെ ചെക്ക് എഴുതിക്കൊടുത്തത് മറ്റൊരിക്കല്‍ ഇദ്ദേഹം തന്നെ കാണുകയുണ്ടായി. 

മദീന യൂനിവേഴ്‌സിറ്റിയുടെ മാസിക (മജല്ലത്തുല്‍ ജാമിഅ)യുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു അദ്ദേഹം. മദീന യൂനിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ഓരോരുത്തരും ഒരു റിസര്‍ച്ച് പേപ്പര്‍ സമര്‍പ്പിക്കേണ്ടത് അനിവാര്യമാണ്. ഞങ്ങളുടെ സമയത്ത് ആ പേപ്പറുകള്‍ പരിശോധിച്ചിരുന്നത് ശൈഖ് മജ്ദൂബ് ആയിരുന്നു.  ഹുറൂബ് അല്‍-രിദ്ദയെ കുറിച്ചായിരുന്നു എന്റെ പ്രബന്ധം. അദ്ദേഹം എനിക്ക് മികച്ച മാര്‍ക്ക് തരികയുണ്ടായി. മദീന യൂനിവേഴ്‌സിറ്റിയില്‍നിന്ന് വിരമിച്ച ശേഷം 1996-ല്‍, അദ്ദേഹം സിറിയയിലേക്ക് മടങ്ങി, വീട്ടില്‍ ഇബാദത്തിലും ഗ്രന്ഥരചനയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകഴിഞ്ഞു. വിരമിച്ചതിനു ശേഷം നാല് ഗ്രന്ഥങ്ങള്‍ കൂടി രചന പൂര്‍ത്തിയാക്കി അദ്ദേഹം 1999-ല്‍ മരണപ്പെടുകയായിരുന്നു. 

മദീന യൂനിവേഴ്‌സിറ്റിയില്‍ എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു പണ്ഡിതന്‍ ശൈഖ് മംദൂഹ് ഫഖ്‌റി ജോല്‍ഹ (1935-1980) ആയിരുന്നു. അദ്ദേഹത്തെ കുറിച്ച് ചിലതു പറയേണ്ടതുണ്ട്. ശൈഖ് മജ്ദൂബിനെ പോലെ അദ്ദേഹവും സിറിയയില്‍നിന്ന് സുഊദിയില്‍ വന്ന വ്യക്തിയാണ്. സിറിയയിലെ ലാദികിയ്യയില്‍ ജനിച്ചു. അവിടത്തെ പണ്ഡിതന്മാരില്‍നിന്ന് പഠിച്ച ശേഷം അദ്ദേഹം അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടി. ഞങ്ങള്‍ മദീനയില്‍ ചേര്‍ന്ന വര്‍ഷമാണ് അദ്ദേഹം യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായി എത്തുന്നത്.  യൂനിവേഴ്‌സിറ്റിയുടെ മാസികയില്‍ അദ്ദേഹം സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. വലിയ ഗവേഷകനും ആധുനിക ലോകത്ത് ഇസ്‌ലാമും മുസ്‌ലിംകളും നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ആഴത്തില്‍ ചിന്തിച്ച പണ്ഡിതനുമായിരുന്നു. അദ്ദേഹം സമയത്തിന്റെ വില മനസ്സിലാക്കി. ഓരോ നിമിഷവും വായനയിലും പഠനത്തിലും സേവനങ്ങളിലും മുഴുകിയ മാതൃകാ വ്യക്തിത്വം. വിവിധ ഇസ്‌ലാമിക വിജ്ഞാന ശാഖകളെ കുറിച്ച് പഠിക്കാന്‍ സമഗ്രമായ ബിബ്ലിയോഗ്രഫി തയാറാക്കി വിദ്യാര്‍ഥികള്‍ക്കു കൊടുക്കുമായിരുന്നു മംദൂഹ്. അത് ഞാനും വളരെ ആവേശപൂര്‍വം കരസ്ഥമാക്കി.  അദ്ദേഹം തയാറാക്കിയ ആശയഹശീഴൃമുവ്യ വളരെ ശാസ്ത്രീയ രീതിയില്‍ ഒറിജിനല്‍ സോഴ്‌സസും സെക്കന്ററി സോഴ്‌സസും  പ്രത്യേകം വേര്‍തിരിച്ചു ക്രോഡീകരിച്ചതായിരുന്നു. പിന്നീട് ടോറാേ യൂനിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സിന് ചേര്‍ന്നപ്പോഴാണ് ബിബ്ലിയോഗ്രാഫിയുടെ പ്രാധാന്യവും അതെങ്ങനെ ഗവേഷണത്തിന് ഉപയോഗിക്കേണ്ടെതെന്നും ശരിക്കും മനസ്സിലാക്കാന്‍ സാധിച്ചത്.

ശൈഖ് ഇബ്‌നു ബാസിന് അദ്ദേഹത്തോട് വളരെ സ്‌നേഹവും അടുപ്പവുമായിരിന്നു. സുഊദി പരത്വം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് സ്‌നേഹപൂര്‍വം നിരസിച്ചു. സ്വന്തം നാട്ടിലാണ് തന്റെ സേവനങ്ങള്‍ കൂടുതല്‍ ആവശ്യമെന്നു പറഞ്ഞ് അദ്ദേഹം യൂനിവേഴ്‌സിറ്റിയിലെ കരാര്‍ പുതുക്കാതെ നാട്ടിലേക്കു മടങ്ങി. ആവേശം പകരുന്ന വാഗ്മിയും ജനങ്ങളുടെ സ്‌നേഹം ആര്‍ജിക്കാന്‍ കഴിഞ്ഞ മികവുറ്റ പണ്ഡിതനുമായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സുകളും ഖുത്വ്ബകളും മറ്റും ബഅസ് ഭരണകൂടത്തെ പിടിച്ചു കുലുക്കി. അദ്ദേഹം അവരുടെ അനിസ്‌ലാമിക ഭരണരീതിയെ രൂക്ഷമായി വിമര്‍ശിക്കുക പതിവായിരുന്നു. അവസാനം അവര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി കൊല്ലുകയും ചവറ്റുകോട്ടയില്‍ എറിയുകയുമാണ് ചെയ്തത്. ഒരു ശഅ്ബാന്‍ പതിനഞ്ചിനായിരുന്നു അത്. ശൈഖ് ഫഖ്റിയുടെ ലക്ചറുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമികാവേശം പകരുന്നതും  വിജ്ഞാനദാഹം വളര്‍ത്തുന്നതുമായിരുന്നു. മരിക്കുന്നതിനു മുമ്പ് അദ്ദേഹം മദീന യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച ഒരു സെമിനാറിലേക്കു തയാറാക്കിയ ഗവേഷണ  പ്രബന്ധം വലിയ സ്വീകാര്യത  നേടുകയുണ്ടായി. മയക്കുമരുന്നുകളും അവയുടെ വിനകളും എന്ന വിഷയത്തിലായിരുന്നു പ്രബന്ധം. പക്ഷേ, അത് സമര്‍പ്പിക്കുന്നതിനു മുമ്പ് അദ്ദേഹം ശഹീദാവുകയായിരുന്നു.

മറ്റൊരു അസ്ഹര്‍ പണ്ഡിതനെകൂടി നമുക്ക് പരിചയപ്പെടാം; മുഹമ്മദ് സാദിഖ് ഉര്‍ജൂന്‍ (1903-1980). അദ്ദേഹം ഈജിപ്തില്‍ ജനിച്ചു അസ്ഹറില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി അവിടെ തന്നെ ഫാക്കല്‍റ്റി ഓഫ് ദഅ്‌വയുടെ തലവനായി പ്രവര്‍ത്തിച്ചു. പിന്നീട്  കുവൈത്ത്, സുഡാന്‍, ലിബിയ എന്നിവിടങ്ങളിലും പ്രഫസറായി വര്‍ഷങ്ങളോളം സേവനം ചെയ്തു. ആദ്യം മദീന യൂനിവേഴ്‌സിറ്റിയിലും പിന്നീട് ഉമ്മുല്‍ഖുറയിലും സേവനമനുഷ്ഠിച്ചു. മുഹമ്മദ് അബ്ദുവിന്റെയും റശീദ് രിദയുടെയും ചിന്താരീതികള്‍ ഉള്‍ക്കൊണ്ടിരുന്നു അദ്ദേഹം. ഇമാം ഗസാലിയെ കുറിച്ച് ആഴത്തില്‍ പഠിച്ച്, 'അല്‍ഗസാലി അല്‍മുഫക്കിരു അസ്സാഇര്‍' എന്ന കൃതി രചിച്ചു. അതില്‍ അദ്ദേഹം തസ്വവ്വുഫിന്റെ യാഥാര്‍ഥ്യവും ഇസ്‌ലാമിലെ ചിന്താ സ്വാതന്ത്ര്യവും ആഴത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റ ഗ്രന്ഥങ്ങളില്‍ ഏറ്റവും വിലപ്പെട്ടത്  റസൂലിനെ കുറിച്ച് രചിച്ച 'മുഹമ്മദ് റസൂലുല്ലാഹ് മന്‍ഹജുന്‍ വരിസാല' എന്ന നാല് വാള്യമുള്ള കൃതിയാണ്. അതു അദ്ദേഹത്തിന്റെ പത്തു കൊല്ലത്തിന്റെ പരിശ്രമ ഫലമായിരുന്നു. ആ കൃതി പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയാവുകയായിരുന്നു. 

സഈദ് ഹവ്വയെ (1935-1989) കുറിച്ചാണ് ഇനി പറയാനുള്ളത്. ജീവിതത്തിലും ചിന്തയിലും സലഫിസവും സൂഫിസവും സമന്വയിപ്പിച്ച പണ്ഡിതനായിരുന്നു  അദ്ദേഹം. ഇക്കാര്യത്തില്‍ ശഹീദ് ഹസനുല്‍ ബന്നയായിരുന്നു അദ്ദേഹത്തിന്റെ മാതൃക. ഇമാം ഹസനുല്‍ ബന്ന സൂഫി മുര്‍ശിദിന്റെ ശിക്ഷണവും അവരില്‍നിന്ന് തര്‍ബിയത്തും നേടിയതു പോലെ തന്നെ സഈദ് ഹവ്വയും സൂഫി വര്യന്മാരില്‍ നിന്ന് ശിക്ഷണവും തര്‍ബിയതും കരസ്ഥമാക്കുകയും തസ്വവ്വുഫ് ആഴത്തില്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പക്ഷേ, ഇന്ന് സൂഫിസത്തിന്റെ പേരില്‍ നടന്നു വരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഒരിക്കലും അംഗീകരിച്ചിരുന്നില്ല. മറിച്ച്,  മറ്റു പല പരിഷ്‌കര്‍ത്താക്കളെയും പോലെ തസ്വവ്വുഫിനെ അന്ധവിശ്വാസങ്ങളില്‍നിന്ന് ശുദ്ധീകരിച്ചു യഥാര്‍ഥ രൂപത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം പല കൃതികളും എഴുതുകയുണ്ടായി. ഇഹ്യാ ഉലൂമിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവുമു് ഇക്കൂട്ടത്തില്‍.  ഇഖ്വാനുല്‍ മുസ്‌ലിമൂന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം നേതൃനിരയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ അദ്ദേഹം അഞ്ചു വര്‍ഷം  ജയില്‍വാസം അനുഭവിക്കുകയുണ്ടായി. തടവുജീവിതം ഖുര്‍ആനിനെ ആഴത്തില്‍ പഠിക്കാനുള്ള സുവര്‍ണാവസരമായി അദ്ദേഹം ഉപയോഗിച്ചു. അതിന്റെ ഫലമായിരുന്നു പതിനൊന്നു വാള്യങ്ങളുള്ള അല്‍അസാസു ഫിത്തഫ്സീര്‍.  ജയില്‍ വാസത്തെ കുറിച്ച് സഈദ് ഹവ്വയുടെ വിവരണം, ഇമാം ഇബ്‌നു തൈമിയ്യയുടെ ജയിലനുഭവത്തെ ഓര്‍മിപ്പിക്കുന്നതാണ്. ഇബ്‌നുതൈമിയ്യ തന്റെ ജയില്‍വാസത്തെ സ്വര്‍ഗാനുഭൂതിയായി വിശേഷിപ്പിക്കുകയും അതു കാരണം ഖുര്‍ആനിനെ ആഴത്തില്‍ പഠിക്കാന്‍ അവസരമുായെന്ന് ആഹ്ലാദിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അദ്ദേഹം തന്റെ പല ഗ്രന്ഥങ്ങളും എഴുതിയതു ജയിലില്‍ വെച്ചാണ്. സഈദ് ഹവ്വയുടെ വിലപ്പെട്ട ഗ്രന്ഥങ്ങളാണ്, പതിനാലു വാള്യങ്ങളുള്ള അല്‍അസാസു ഫിസുന്നത്തി വ ഫിഖ്ഹിഹാ, സില്‍സിലത്തുത്തസ്‌കിയ വത്തര്‍ബിയ എന്നിവ. അദ്ദേഹത്തിന്റെ കൃതികള്‍ ഇസ്ലാമിന്റെ വിശ്വാസപരവും കര്‍മപരവും ആത്മീയവുമായ എല്ലാ വശങ്ങളെയും പഠിക്കാന്‍ ഉപകരിക്കുന്നതാണ്.   ആധുനിക ലോകത്തെയും  പ്രശനങ്ങളെയും മുന്നില്‍ കണ്ട് പുതിയ തലമുറകള്‍ക്ക് സമഗ്രമായ ഇസ്‌ലാമിക പരിശീലന പദ്ധതി കൈമാറാനാണ് അവയിലൂടെ അദ്ദേഹം ശ്രമിച്ചത്.  

അദ്ദേഹത്തിന്റെ തഫ്‌സീര്‍ പുതിയ രീതിയില്‍ ഖുര്‍ആനിനെ ആഴത്തില്‍ ഉള്‍ക്കൊണ്ട്  രചിച്ചതാണ്. അതില്‍ ഖുര്‍ആനിന്റെയും സൂറകളുടെയും വിഷയ ഏകതയും  (ഠവലാമശേര ഡിശ്യേ) ആഴവും അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഈ തഫ്സീര്‍ അല്ലാമാ ഫറാഹിയുടെയും അമീന്‍ അഹ്‌സന്‍ ഇസ്ലാഹിയുടെയും തഫ്‌സീറുകളുടെ മാതൃകയില്‍ എഴുതിയതാണ്. തന്റെ ഗ്രന്ഥങ്ങളില്‍ അദ്ദേഹം ഇസ്‌ലാമിന്റെ വിവിധ മദ്ഹബുകളെ വളരെ ക്രിയാത്മകമായി വിലയിരുത്തുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതേ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് അദ്ദേഹം തന്റെ ബ്രഹത്തായ അല്‍അസാസ് ഫിസുന്ന വ ഫിഖ്ഹിഹാ എന്ന ഗ്രന്ഥം രചിച്ചതും. സലഫി-സൂഫി ധാരകളെ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമന്വയിപ്പിച്ചുകൊണ്ടു പുതിയ തലമുറകള്‍ക്കും ഇസ്‌ലാമിക പ്രബോധകര്‍ക്കുമായി അദ്ദേഹം എഴുതിയ മൂന്നു ഗ്രന്ഥങ്ങളുടെ പരമ്പര, സില്‍സിലത്തുന്‍ ഫിത്തര്‍ബിയത്തി വത്തസ്‌കിയ്യതി വസ്സുലുക് മൂന്നു തലക്കെട്ടുകളിലാണ് അറിയപ്പെടുന്നത്; അത്തര്‍ബിയ്യ അര്‍റൂഹിയ്യ, അല്‍-മുസ്തഖ്‌ലസ് ഫീ തസ്‌കിയതില്‍ അന്‍ഫുസ്, മുദക്കിറാത്തുന്‍ ഫീ മനാസിലി സിദ്ദീഖിയ്യീന വ റബ്ബാനിയ്യീന്‍. ഇതില്‍ രണ്ടാമത്തേത്, ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീനിന്റെ അന്തസ്സത്ത ലളിത ഭാഷയില്‍ പുനരവതരിപ്പിക്കുകയാണ്. 

ഈ ഭാഗം അവസാനിപ്പിക്കുമ്പോള്‍  രണ്ടു കാര്യങ്ങള്‍ കൂടി പറയാതെ വയ്യ;

ഞങ്ങളുടെ അവസാന വര്‍ഷത്തില്‍ മദീന യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിച്ച ഒരു പ്രമുഖ വ്യക്തിത്വമുണ്ടായിരുന്നു, മുഹമ്മദ് അശ്റഫ് മലൈബാരി. അദ്ദേഹം മദീന യൂനിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി അവിടെ നിന്ന് ഹദീസ് വിജ്ഞാനത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം അവിടെ തന്നെ ഗവേഷകനായി ജോലിചെയ്തു വരുന്നു. അദ്ദേഹം സഅദുദ്ദീന്‍ മൗലവിയുടെ ഭാര്യയില്‍ ജനിച്ച മകളെ വിവാഹം കഴിച്ചു സുഊദി പൗരത്വം നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഒരു വലിയ ഏഴുത്തുകാരിയാണ് എന്നാണ് എന്റെ ഓര്‍മ.

മദീനയില്‍നിന്ന് പലതും പഠിക്കാന്‍ കഴിഞ്ഞെങ്കിലും എനിക്കവിടത്തെ  കുടുസ്സായ ചിന്താരീതിയും തീവ്ര സമീപനങ്ങളും ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു.  മുസ്‌ലിം ചിന്തകന്മാരുടെ അറബി ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെ  വായന നന്നായി നടന്ന കാലമാണത്. ഓറിയന്റലിസത്തെ കുറിച്ച് കൂടുതല്‍ അറിയാനും ഇസ്‌ലാം അവരില്‍നിന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പഠിക്കാനും മനസ്സില്‍ ആഗ്രഹമുണര്‍ന്നു. അതിനായി പാശ്ചാത്യ നാടുകളില്‍ ഉപരിപഠനം നടത്താനും അവിടെ ഇസ്‌ലാമിക സേവനം നിര്‍വഹിക്കാനുമുള്ള ആവേശം മനസ്സില്‍ വളര്‍ന്നു. അതിനു വേണ്ടിയുള്ള ഒരുക്കങ്ങളിലായി പിന്നീട് ശ്രദ്ധ. ആദ്യം ചെയ്തത് ലണ്ടന്‍ യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ ജി.സി.ഇ പരീക്ഷ (GCE Exam)  എഴുതുകയായിരുന്നു. ഇംഗ്ലീഷ്, അറബിക്, എക്കണോമിക്‌സ്, ഇസ്‌ലാമിക് ഹിസ്റ്ററി എന്നീ വിഷയങ്ങളാണ് ഞാന്‍ തെരഞ്ഞെടുത്തത്. അതില്‍ വിജയിച്ചു. എന്റെ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ഹിലാലിയുടെ റെകമന്റേഷനും ഉള്‍പ്പെടുത്തി യൂനിവേഴ്‌സിറ്റി ഓഫ് ടോറാേയില്‍ മാസ്റ്റേഴ്‌സിന്  (Master's Degree) അപ്ലിക്കേഷന്‍ സമര്‍പ്പിച്ചു. 

പുറത്തു പോകാന്‍ കഴിയാത്ത പക്ഷം മറ്റൊരു പദ്ധതിയും മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് ടൊറണ്ടോ യൂനിവേഴ്‌സിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കെത്തന്നെ, ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനു വേണ്ടി മദീനയില്‍ നടത്തിയ ഇന്റര്‍വ്യൂവിലും ഞാന്‍ ഹാജരാവുകയുണ്ടായി. ഈ ഇന്റര്‍വ്യൂവില്‍ പാസായി,  വലിയ സ്‌കോളര്‍ഷിപ്പോടെ ഉമ്മുല്‍ഖുറായില്‍ ഉപരിപഠനം നടത്താന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാന്‍ തെരഞ്ഞടുക്കപ്പെട്ടു. പക്ഷേ, ടോറാേവില്‍നിന്ന് അപ്ലിക്കേഷന്‍ അംഗീകരിച്ചു കത്ത് കിട്ടിയതോടെ, ഉമ്മുല്‍ഖുറായില്‍ ചേരാതെ, ടോറാേയിലേക്കു പോകാനുള്ള ഒരുക്കങ്ങളില്‍ മുഴുകി.

ആ യാത്ര പക്ഷേ, അത്ര എളുപ്പമായിരുന്നില്ല. വലിയ സാമ്പത്തിക ചെലവ് തടസ്സമായി നിന്നു. സഹായത്തിനു വേണ്ടി കുവൈത്തിലെ പ്രമുഖ വ്യാപാരിയും ഉദാരമതിയുമായ അബ്ദുല്ല അല്‍മുതവ്വ (1926-2006)യെ സമീപിച്ചു. അതിനു വേണ്ട എല്ലാ മാര്‍ഗങ്ങളും എനിക്ക് തുറന്നു തന്നത് എന്റെ ബഹുമാന്യ അധ്യാപകനായിരുന്ന മാഹി പെരിങ്ങാടിയിലെ കെ.എം അബ്ദുര്‍റഹീം സാഹിബിന്റെ സഹോദരന്‍ റിയാദ് സാഹിബാണ്. അബ്ദുല്ല അല്‍മുതവ്വയോട് എനിക്ക്  വലിയ കടപ്പാടുണ്ട്. 

ഞാന്‍  ജീവിതത്തില്‍ വലിയ പല ധനാഢ്യരെയും കണ്ടിട്ടുണ്ട്; എന്നാല്‍ അല്‍മുത്വവ്വയെപ്പോലെ ഇസ്‌ലാമിന്റെ മഹത്തായ ഗുണങ്ങള്‍ ഉള്‍ക്കൊണ്ട അധികമാരെയും കണ്ടതായി ഓര്‍ക്കുന്നില്ല. അദ്ദേഹം വിനീതനും എല്ലാവരെയും പുഞ്ചിരിയോടെ സ്വീകരിക്കുകയും ചെയ്യുന്ന സ്‌നേഹനിധിയായിരുന്നു. ആവശ്യങ്ങളുമായി അദ്ദേഹത്തെ സമീപിക്കുന്ന എല്ലാവരെയും  മനസ്സറിഞ്ഞ്  സഹായിക്കുമായിരുന്നു. അദ്ദേഹം  അമ്പതിനായിരത്തില്‍പരം യതീമുകള  ഏറ്റെടുത്ത് സംരക്ഷിച്ചിരുന്നു. അതിനുപുറമെ എത്രയോ മില്യന്‍ ഡോളറുകള്‍ ചെലവഴിച്ച് നിര്‍മിച്ച ഏഴു വലിയ കെട്ടിടങ്ങള്‍ യതീമുകള്‍ക്കും സാധുക്കള്‍ക്കും വേി വഖ്ഫ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയും ഈമാനിന്റെ പ്രകാശവും നിറഞ്ഞു നില്‍ക്കുമായിരുന്നു.  

ഇമാം ഗസാലിയും ഇബ്‌നുല്‍ഖയ്യിമും സഈദ് ഹവ്വയും മറ്റും വരച്ചുവെച്ച യഥാര്‍ഥ വിശ്വാസിയെ ഓര്‍മിപ്പിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. വിനയം, ലളിത ജീവിതം, പാവങ്ങളോടും യതീമുകളോടും മര്‍ദിതരോടും കാണിച്ചിരുന്ന ദയ തുടങ്ങിയ അദ്ദേഹത്തിന്റെ ഗുണവിശേഷങ്ങളെല്ലാം പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും ധനികര്‍ക്കും ഉത്തമ മാതൃകയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് എല്ലാവരുടെയും സ്‌നേഹവും ആദരവും നേടാന്‍ കഴിഞ്ഞിരുന്നു. കുവൈത്തിലെ എണ്ണപ്പെട്ട മില്യണര്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതം വളരെ ലളിതമായിരുന്നു. ധൂര്‍ത്തിന്റേതായ ഒരു അംശം പോലും ആ സാത്വിക  ജീവിതത്തില്‍  കാണുമായിരുന്നില്ല. ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ നമസ്‌കാര സമയമായി, അദ്ദേഹം എന്നെ ഇമാമത്ത് നില്‍ക്കാന്‍ നിര്‍ബന്ധിച്ചു. അദ്ദേഹത്തിന്റെ മുന്നില്‍ അറബിയെന്നോ അനറബിയെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. മാത്രമല്ല അദ്ദേഹം പണ്ഡിതന്മാരെ  അത്യധികം ബഹുമാനിച്ചിരുന്നു. അദ്ദേഹത്തോട് ഞാന്‍ എന്റെ ആവശ്യം അവതരിപ്പിച്ചപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു.

പെട്ടെന്നു തന്നെ ടൊറാേയില്‍ എത്താന്‍ നിര്‍ബന്ധിതനായതിനാല്‍ അതു കൈയില്‍ കിട്ടും മുമ്പായി എനിക്ക് യാത്ര തിരിക്കേണ്ടി വന്നു. യൂനിവേഴ്‌സിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കാനും കോഴ്‌സിന്  രജിസ്റ്റര്‍ ചെയ്യാനും സമയനിഷ്ഠ കണിശമായി പാലിക്കേണ്ടതുണ്ടായിരുന്നു. അല്ലെങ്കില്‍  കോഴ്‌സില്‍ ചേരാന്‍ അടുത്ത  അക്കാദമിക വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. അതിനാല്‍ ഉടന്‍ തന്നെ യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വന്നു. എന്റെ  കൈയില്‍ പക്ഷേ, കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. ഇതെന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ജിദ്ദയില്‍ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് എന്റെ  വിഷമം മനസ്സിലാക്കി, അഞ്ഞൂറ് ഡോളര്‍ കടമായി നല്‍കിയത്. അന്നത് വളരെയധികം പ്രയോജനപ്പെടുകയുണ്ടായി. അദ്ദേഹം മരിച്ചുവെന്ന്  സുഹൃത്ത്  ജമാല്‍ മലപ്പുറം വഴിയാണ് ഞാനറിഞ്ഞത്. അപ്പോഴാണ് ആ സംഖ്യ അദ്ദേഹത്തിന്റെ കുടുംബത്തിന് അയച്ചുകൊടുക്കാന്‍ സന്ദര്‍ഭമുണ്ടായത്.  അല്ലാഹു അദ്ദേഹത്തിനു മഗ്ഫിറത്തും മര്‍ഹമത്തും ചൊരിഞ്ഞു കൊടുക്കട്ടെ.  

യാത്രക്കുമുമ്പായി ഞാന്‍ ഒരു വിടവാങ്ങല്‍ ഉംറ നിര്‍വഹിക്കുകയുണ്ടായി. അതില്‍  അല്ലാഹുവിനോട് കരഞ്ഞുകൊണ്ട് പ്രാര്‍ഥിച്ചത് ഓര്‍ക്കുന്നു. സുഊദി അറേബ്യ വിടുമ്പോള്‍ രണ്ടു വലിയ ആശങ്കകള്‍  എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഒന്ന്, ഞാന്‍ എന്റെ വിശാലമായ സുഹൃദ് വലയം വിട്ടുപോകുന്നു! മറ്റൊന്ന്, ഇനി  അറബി പുസ്തകങ്ങള്‍ കാണാനും വായിക്കാനും എനിക്ക് ഭാഗ്യമുണ്ടാകുമോ? 

ആദ്യത്തെ കാര്യം  ഓര്‍ത്തപ്പോള്‍ ഇമാം ശാഫിഈയുടെ വരികളാണ് ഓര്‍മ വന്നത്;

'യാത്രചെയ്യാന്‍ മടിക്കേണ്ടതില്ല. ഒരു സുഹൃദ്വലയം വിട്ടുപോയാല്‍ എത്തുന്ന സ്ഥലത്ത് മറ്റൊരു സുഹൃദ് വൃന്ദമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുക. ജീവിതത്തിന്റെ മാധുര്യം കഠിനാധ്വാനത്തിലൂടെയാണ് അനുഭവിക്കാന്‍ കഴിയുക. വെള്ളം ഒഴുകാതെ കെട്ടിനിന്നാല്‍ അത് ദുഷിച്ചു നാറും. അതു ഒഴുകിക്കൊണ്ടിരുന്നാല്‍ ശുദ്ധജലമായി മാറും.' ഇമാം ശാഫിഈയുടെ ഇത്തരം ഉപദേശങ്ങള്‍ എനിക്ക് പലപ്പോഴും വലിയ സാന്ത്വനം പകര്‍ന്നിട്ടുണ്ട്. രണ്ടാമത്തെ പ്രശ്‌നം,  മുസ്‌ലിംകള്‍ കുറവായ നോര്‍ത്ത് അമേരിക്കയില്‍ എങ്ങനെ അറബി ഗ്രന്ഥങ്ങള്‍  കാണാനും വായിക്കാനും കഴിയും എന്നതായിരുന്നു. അല്ലാഹുവേ, എനിക്ക് അതിനുള്ള മാര്‍ഗങ്ങള്‍ തുറന്നുതരണേ എന്ന്  കബയിലെ മുല്‍തസിം പിടിച്ച് കരഞ്ഞു പ്രാര്‍ഥിച്ചതോര്‍ക്കുന്നു. ടൊറാേ യൂനിവേഴ്‌സിറ്റി റിസര്‍ച്ച് ലൈബ്രറിയില്‍ കയറി ഷെല്‍ഫുകള്‍ക്കടുത്തുകൂടെ നടന്നപ്പോള്‍ ഈ ആശങ്ക പൂര്‍ണമായും  നീങ്ങിപ്പോയി. ആ കഥ അടുത്ത അധ്യായത്തില്‍ വായിക്കാം.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (12 - 15)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്‍